ഇടപെടല്‍ ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പിന് പിന്നാലെ
ഈ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെയാണ് രാജ്യത്തെ പ്രതിപക്ഷ രാഷ്ട്രീയ നേതാക്കളുടെയും പത്രപ്രവര്‍ത്തകരുടെയും ഫോണ്‍ ചോര്‍ത്താന്‍ നീക്കം നടക്കുന്നതായി ആപ്പിളിന്റെ മുന്നറിയിപ്പ് സന്ദേശം ലഭിക്കുന്നത്.(‘നിങ്ങള്‍ എത്ര വേണമെങ്കിലും ചോര്‍ത്തൂ, ഞങ്ങള്‍ ഭയക്കില്ല, നിശബ്ദരാകില്ല’) ഭരണകൂടം സ്‌പോണ്‍സര്‍ ചെയ്ത ചിലരാണ് സര്‍ക്കാരിന്റെ വിമര്‍ശകരായ നേതാക്കളുടെയും മാധ്യമ പ്രവര്‍ത്തകരുടെയും ഐ ഫോണ്‍ ചോര്‍ത്താന്‍ ശ്രമിക്കുന്നതെന്നായിരുന്നു നിര്‍മാതാക്കളായ ആപ്പിളില്‍ നിന്നുള്ള സന്ദേശം.
ഇങ്ങനെയൊരു മുന്നറിയിപ്പ് കമ്പനിയുടെ ഭാഗത്ത് നിന്നും ഉണ്ടായതിനു പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ കീഴിലുള്ള ഉദ്യോഗസ്ഥര്‍ ആപ്പിളിനെതിരെ നടപടിയെടുത്തുവെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ദ വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സിലിക്കണ്‍ വാലി കമ്പനിയുടെ അല്‍ഗോരിതം തെറ്റാണോ എന്ന് പരസ്യമായി ചോദ്യം ചെയ്ത ഇന്ത്യന്‍ സര്‍ക്കാര്‍ ആപ്പിള്‍ ഉപകരണങ്ങളുടെ സുരക്ഷയെക്കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചതായും പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ആപ്പിളിന്റെ ഇന്ത്യന്‍ പ്രതിനിധികളുമായി സര്‍ക്കാര്‍ ന്യൂഡല്‍ഹിയില്‍ വച്ച് നടത്തിയ സ്വകാര്യ കൂടിക്കാഴ്ച്ചയില്‍ ഹാക്കിംഗ് ശ്രമങ്ങളെക്കുറിച്ചുള്ള കമ്പനി മുന്നറിയിപ്പുകളുടെ രാഷ്ട്രീയപരമായ ആഘാതം ലഘൂകരിക്കുന്നതിനായി ആവിശ്യപെട്ടിരുന്നുവെന്നും മറഞ്ഞു നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ തങ്ങളോടു സമ്മതിച്ചതായി വാഷിംഗ് ടണ്‍ പോസ്റ്റ് പറയുന്നു. മുതിര്‍ന്ന കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ന്യൂഡല്‍ഹിയില്‍ വച്ച് വിദേശത്തുള്ള ആപ്പിള്‍ സുരക്ഷാ വിദഗ്ധനുമായി നടത്തിയ കൂടിക്കാഴ്ചയില്‍, ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് നല്‍കിയ മുന്നറിയിപ്പുകള്‍ക്ക് മറ്റെന്തെങ്കിലും വിശദീകരണങ്ങള്‍ കൂടി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. ‘ഉദ്യോഗസ്ഥര്‍ ശരിക്കും ദേഷ്യപ്പെട്ടതായി’ കൂടിക്കാഴ്ച നടത്തിയവരില്‍ ഒരാള്‍ പറയുന്നു. എന്നാല്‍ ആപ്പിള്‍ ഉദ്യോഗസ്ഥര്‍ കമ്പനി നിലപാടില്‍ ഉറച്ചുനിന്നതായും വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നു. ഹാക്കിംഗിന്റെ ഏതെങ്കിലും തെളിവുകള്‍ അന്വേഷണത്തിനായി സര്‍ക്കാരിന് സമര്‍പ്പിക്കണമെന്ന് ബിജെപിയുടെ ദേശീയ വക്താവ് ഗോപാല്‍ കൃഷ്ണ അഗര്‍വാള്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്ത്യന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ആപ്പിളിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ കാലിഫോര്‍ണിയയിലെ ആപ്പിള്‍ എക്‌സിക്യൂട്ടീവുകളില്‍ ആശങ്ക ഉയര്‍ത്തിയിരുന്നു. സിലിക്കണ്‍ വാലിയിലെ ശക്തരായ ടെക് കമ്പനികള്‍ക്ക് പോലും ഇന്ത്യയെപ്പോലെ വരും ദശകത്തിലെ ഏറ്റവും നിര്‍ണായകമായ സാങ്കേതിക വിപണികളിലൊന്നായി മാറിയേക്കാവുന്ന ഒരു രാജ്യത്തു നിന്നും സമ്മര്‍ദ്ദം നേരിടേണ്ടി വന്നതായാണ് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നത്. ഹാക്കിംഗില്‍ കേന്ദ്ര സര്‍ക്കാരിന് പങ്കുണ്ടെന്ന സംശയം ഒഴിവാക്കാന്‍ നല്‍കിയ സന്ദേശം മാറ്റാന്‍ ശ്രമിക്കുന്നത് പോലെ സര്‍ക്കാരിനെ വിമര്‍ശിക്കുന്ന ആളുകളുടെ അപകടസാധ്യതകളും ഈ സാഹചര്യം എടുത്തുകാണിക്കുന്നു.
സിലിക്കണ്‍ വാലിയിലെ കമ്പനികള്‍ക്ക് ഇതാദ്യമായല്ല കേന്ദ്ര സര്‍ക്കാരിന്റ ഭാഗത്തു നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നത്. ഫേസ്ബുക്ക്, എക്‌സ് പോലുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വര്‍ഷം ഇന്ത്യന്‍ സൈന്യത്തിന്റെ രഹസ്യ സന്ദേശങ്ങളും, അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന മറ്റു ചില പോസ്റ്റുകളും കണ്ടെത്തിയിരുന്നു. എന്നാല്‍, ഇവ ഡിലീറ്റ് ചെയ്യുന്നതിനെക്കുറിച്ച് പ്ലാറ്റ്‌ഫോമുകള്‍ ആശയക്കുഴപ്പം നേരിടുകയും യുഎസിലെ ഓഫീസില്‍ അഭിപ്രായം തേടുകയും ചെയ്തിരുന്നു. ഈ പോസ്റ്റുകള്‍ നീക്കം ചെയ്യുന്നത് സര്‍ക്കാരിനെ അസ്വസ്ഥമാക്കുമെന്നും ബിസിനസിനെ ദോഷകരമായി ബാധിക്കുമെന്നും അവര്‍ക്കു നിര്‍ദേശം ലഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട സുരക്ഷാ നിര്‍ദേശത്തില്‍ ആപ്പിള്‍ കേന്ദ്ര സര്‍ക്കാരുമായി ഏറ്റുമുട്ടല്‍ നടത്തുന്നത്.
മറ്റ് വിപണികളുമായി താരത്യമപ്പെടുത്തുമ്പോള്‍ ആപ്പിളിന്റെ വലിയൊരു വരുമാന സ്രോതസ്സ് ഇന്ത്യയാണ്. കൂടുതല്‍ ലാഭമുണ്ടാക്കാനും മൊത്തത്തിലുള്ള വില്‍പ്പന വര്‍ധിപ്പിക്കാനും കഴിയുന്ന സ്ഥലമായാണ് ആപ്പിള്‍ ഇന്ത്യയെ പരിഗണിക്കുന്നത്. വെഡ്ബുഷ് സെക്യൂരിറ്റീസ് അനലിസ്റ്റ് ഡാനിയല്‍ ഐവ്സ് പറയുന്നതനുസരിച്ച്, നിലവില്‍ നാലു ശതമാനമുള്ള ആപ്പിളിന്റെ വില്‍പ്പന 2025 ഓടെ 10 ശതമാനമായി ഉയരുമെന്നാണ് കണക്കാക്കുന്നത്. അതേസമയം,’മേക്ക് ഇന്‍ ഇന്ത്യ’ കാമ്പയ്നില്‍ സുപ്രധന പങ്കു വഹിച്ചേക്കാവുന്ന ആഗോളനിലവാരമുള്ള നിര്‍മ്മാതാവുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാര്‍ എത്രമാത്രം തയ്യാറവുമെന്നതും ചോദ്യമാണ്.
ഒക്ടോബര്‍ അവസാനത്തോടെയാണ് ആപ്പിള്‍ ഫോണ്‍ ചോര്‍ത്തല്‍ മുന്നറിയിപ്പ് നല്‍കുന്നത്, നവംബറില്‍ ഇന്ത്യന്‍ അധികൃതരുമായി കൂടിക്കാഴ്ച്ച നടത്തി. ആ കൂടിക്കാഴ്ചയ്ക്ക് ശേഷം ചോര്‍ത്തല്‍ വിഷയത്തില്‍ പുതിയ പ്രസ്താവനകളൊന്നും ആപ്പിള്‍ നടത്തിയിട്ടില്ല എന്നതും ശ്രദ്ധേയമാണ്. ‘ആപ്പിള്‍ വളരെ സൂക്ഷ്മതോടെയാണ് കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നത്. ഡിജിറ്റല്‍ അവകാശങ്ങള്‍ക്കും സ്വകാര്യത സംരക്ഷിക്കുമെന്ന വാഗ്ദനത്തിനും വേണ്ടി അവര്‍ക്ക് നിലകൊള്ളേണ്ടതുണ്ട്, എന്നാല്‍ വളരെ പ്രധാനപ്പെട്ട ഒരു വിപണിയില്‍ തങ്ങളുടെ സാന്നിധ്യം അപകടത്തിലാക്കാനും അവരാഗ്രഹിക്കുന്നില്ല”-സ്പൈവെയര്‍ വ്യവസായത്തെക്കുറിച്ച് പഠിക്കുന്ന വാഷിംഗ്ടണിലെ കാര്‍നെഗീ എന്‍ഡോവ്മെന്റ് ഫോര്‍ ഇന്റര്‍നാഷണല്‍ പീസ് അംഗമായ സ്റ്റീവന്‍ ഫെല്‍ഡ്സ്‌റ്റൈന്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം, ആപ്പിള്‍ അവതരിപ്പിച്ച ലോക്ക്ഡൗണ്‍ മോഡ്, ഫോണ്‍ ഡാറ്റകള്‍ കഴിയുന്നത്ര സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ടായിരുന്നു. ഒരു പ്രത്യേക ഹാക്കിംഗ് ശ്രമത്തിന് പിന്നില്‍ സര്‍ക്കാരുകള്‍ തന്നെയാണെന്ന് ആപ്പിള്‍ ഉറപ്പിച്ചു പറയുന്നതിന് പിന്നില്‍ നിരവധി ഘടകങ്ങളുണ്ട്. സമീപ വര്‍ഷങ്ങളില്‍ ആപ്പിള്‍ അതിന്റെ സുരക്ഷ ഭീഷണിയെ സംന്ധിച്ചുള്ള ഗവേഷണത്തിനായി സംഘങ്ങളെ നിയോഗിക്കുകയും, മനുഷ്യാവകാശ പശ്ചാത്തലമുള്ള സാങ്കേതിക വിദഗ്ധരെയും ഇന്റലിജന്‍സ് ഏജന്‍സികളില്‍ നിന്നു വിരമിച്ചവരെയും നിയമിക്കുകയും ചെയ്തിരുന്നു, കൂടാതെ ആപ്പിള്‍ ചെറിയ രഹസ്യാന്വേഷണ ഏജന്‍സിക്കു സമാനമായി അന്വേഷണങ്ങള്‍ നടത്തുന്നുമുണ്ട്. സ്റ്റേറ്റ് സ്‌പോണ്‍സര്‍ ചെയ്ത ഹാക്കിംഗിനെക്കുറിച്ചുള്ള ആപ്പിളിന്റെ മുന്നറിയിപ്പുകള്‍ യഥാര്‍ത്ഥമാണെന്ന് ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ കരുതുന്നതായും, എന്നാല്‍ ഉത്തരവാദിത്തം ബീജിംഗിനായിരിക്കാമെന്നുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയുടെ നയതന്ത്ര എതിരാളിയാണ് ചൈനയെങ്കിലും പെഗാസസ് വിവാദത്തില്‍ ചൈനക്ക് ഏതെങ്കിലും തരത്തില്‍ പങ്കുള്ളതായി തെളിഞ്ഞിട്ടില്ല.
സ്വേച്ഛാധിപത്യ ഭരണകൂടങ്ങള്‍ ദുരുപയോഗം ചെയ്യുന്ന കമ്പനികളില്‍ നിന്ന് ഉപകരണങ്ങള്‍ വാങ്ങില്ലെന്ന് സഖ്യകക്ഷി രാജ്യങ്ങള്‍ ഈ വര്‍ഷം പ്രതിജ്ഞയെടുത്തിരുന്നു. ഈ പ്രതിജ്ഞയില്‍ ഇന്ത്യ പങ്കുചേര്‍ന്നിട്ടില്ല. കേന്ദ്ര സര്‍ക്കാര്‍ തങ്ങള്‍ക്ക് ഭീഷണിയായി കരുതുന്നവര്‍ക്കെതിരേ ഹാക്കിംഗ് നടത്തിയതിന്റെ മറ്റു സൂചനകളും ലഭിച്ചതായി വാഷിംഗ്ടണ്‍ പോസ്റ്റ് പറയുന്നുണ്ട്. സിഖ് വിഘടനവാദി ഗുര്‍പത്വന്ത് സിംഗ് പന്നൂന്റെ ഫോണ്‍ ചോര്‍ന്നതായി ആശങ്കള്‍ നിലനിന്നിരുന്നു. പന്നൂന്റെ ഫോണ്‍ iVerify എഞ്ചിനീയര്‍മാര്‍ പരിശോധിച്ചിരുന്നു. എന്‍ക്രിപ്റ്റ് സന്ദേശമയയ്ക്കുന്ന ആപ്പുകളില്‍ ഗുരുതരമായ ക്രാഷുകള്‍ കണ്ടെത്തിയെന്നാണ് പറയുന്നത്. ഹാക്കിംഗ് ശ്രമങ്ങളുടെ ഭാഗമായി വരുന്ന ക്രാഷുകളാണ് ഇതെന്ന് സ്ഥിരീകരിക്കപ്പെട്ടിരുന്നു.’എട്ട് സിഗ്‌നല്‍ ക്രാഷുകള്‍ തുടര്‍ച്ചയായി വരുന്നത് ഫോണ്‍ ഹാക്ക് ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിന്റെ സൂചനയാണെന്ന് ചീഫ് എക്സിക്യൂട്ടീവ് ഡാനി റോജേഴ്സ് പറയുന്നു. എന്നാല്‍ ഈ ക്രാഷുകള്‍ ഹാക്കിംഗിന്റെ മതിയായ തെളിവായി പരിഗണിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. എന്നാല്‍ ഈ വര്‍ഷം മേയ് മാസത്തില്‍ കാനഡ ആസ്ഥാനമായുള്ള മറ്റൊരു സിഖ് വിഘടനവാദിയായ ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ അക്കൗണ്ടുമായി പന്നൂന്‍ ടെലിഗ്രാമില്‍ ചാറ്റ് ചെയ്തിരുന്നു. എന്നാല്‍ ഫോണില്‍ നിജ്ജറിനെ ബന്ധപ്പെട്ടപ്പോള്‍ കുറച്ചുകാലമായി ടെലിഗ്രാം ഉപയോഗിക്കുന്നില്ലെന്നാണ് അറിയാന്‍ കഴിഞ്ഞെതെന്ന് പന്നൂന്‍ ദ പോസ്റ്റിനോട് പറയുന്നു. മുമ്പ് രണ്ട് തവണ ഫോണുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായും പന്നൂന്‍ വെളിപ്പെടുത്തിയിട്ടുണ്ട്.
സ്പൈവെയറുകള്‍ ജനാധിപത്യ മൂല്യങ്ങളെ നശിപ്പിക്കാനും മനുഷ്യാവകാശ ലംഘനങ്ങള്‍ സാധ്യമാക്കാനും ലോകമെമ്പാടും ഉപയോഗിക്കുന്നുണ്ടെന്ന് പറഞ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇന്ത്യയുടെ സ്പൈവെയര്‍ ഉപയോഗത്തെ നേരിട്ട് അഭിസംബോധന ചെയ്യാന്‍ വിസമ്മതിക്കുകയാണുണ്ടായത്.