‘ഇറാനിയന്‍ ഭരണകൂടത്തിന്റെ കൈയിലുള്ള കൂട്ട നശീകരണ ആയുധങ്ങള്‍ ഇസ്രയേലിനും മുഴുവന്‍ ലോകത്തിനും ഒരുപോലെ ഭീഷണിയാണ്. ഇസ്രയേലിനെ നശിപ്പിക്കുക എന്ന ലക്ഷ്യമുള്ള ഒരു ഭരണകൂടത്തെ വന്‍ നശീകരണ ആയുധങ്ങള്‍ കൈവശം വയ്ക്കാന്‍ അനുവദിക്കില്ല’- ഇറാനില്‍ ആക്രമണം നടത്താന്‍ ഇസ്രയേല്‍ പറയുന്ന പ്രധാന കാരണം ഇതാണ്. എന്നാല്‍ പ്രധാനമന്ത്രി ബഞ്ചമിന്‍ നെതന്യാഹുവിന് ലക്ഷ്യം അതു മാത്രമാണോ?
ഇറാനില്‍ നിന്നുള്ള ആണവ ഭീഷണി ഒഴിവാക്കുക എന്നതിനപ്പുറം, ടെഹ്‌റാനിലെ ഭരണകൂടത്തെ മാറ്റുക എന്ന ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ആവശ്യം കൂടിയാണ് ഇപ്പോഴത്തെ ആക്രമണം എന്നാണ് അന്താരാഷ്ട്രതലത്തിലെ വിലയിരുത്തല്‍. എന്നാല്‍ അതെത്രമാത്രം അപകടരമാണ് എന്നതാണ് ഇസ്രയേലിനെതിരേ ഉണ്ടായിക്കുന്ന ഇറാന്‍ ആക്രമണം കാണിക്കുന്നത്.
അട്ടിമറിയിലൂടെ ഒരു ഭരണമാറ്റം ഇറാനില്‍ ഇസ്രയേല്‍ പ്രതീക്ഷിക്കുകയാണ്. രാജ്യത്ത് അസ്ഥിരത വളര്‍ത്തി ജനരോഷം ഉയര്‍ത്തി, പരോക്ഷമായൊരു മാര്‍ഗത്തിലൂടെ നിലനിലെ ഭരണകൂടത്തെ താഴെയിറക്കുക. നിരന്തരമായ ആക്രമണങ്ങള്‍ ഇറാനിലെ ജനങ്ങളെ ഭയപ്പെടുത്തുമെന്നാണ് ഇസ്രയേല്‍ ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഇസ്രയേലില്‍ നിന്നും തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഇറാനില്‍ വ്യാപകമായ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായേക്കുമെന്ന് ഇസ്രയേല്‍ കണക്കുകൂട്ടുന്നുണ്ട്. ജനകീയ പ്രക്ഷോഭം ശക്തിപ്രാപിച്ചാല്‍ ഇസ്ലാമിക ഭരണകൂടത്തിന്റെ ശക്തി ക്ഷയിക്കും. ആസന്നമായൊരു ഭാവിയില്‍ ഭരണകൂടം നിലംപതിക്കും; ഇതാണ് നെതന്യാഹു ഭരണകൂടത്തിന്റെ പ്രതീക്ഷ.
ഇസ്രയേല്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന, ഈ വിശകലനങ്ങള്‍ ശരിവയ്ക്കുന്നതായിരുന്നു. ‘ദുഷ്ടവും അടിച്ചമര്‍ത്തുന്നതുമായ ഭരണകൂടത്തില്‍ നിന്നുള്ള മോചനത്തിനായി നിലകൊള്ളുന്നതിലൂടെ ഇറാനിയന്‍ ജനത അവരുടെ പതാകയ്ക്കും ചരിത്രപരമായ പൈതൃകത്തിനും ചുറ്റും ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു’ എന്നായിരുന്നു വെള്ളിയാഴ്ച നെതന്യാഹു പറഞ്ഞത്.
നിലവില്‍ ഇറാനില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സജീവമാണ്. സ്ത്രീകളും ചെറുപ്പക്കാരും ഇസ്ലാമിക ഭരണക്രമങ്ങളിലെ അസ്വാതന്ത്ര്യത്തിനും അടിച്ചമര്‍ത്തലിനും എതിരേ തെരുവില്‍ നില്‍ക്കുകയാണ്. ഭരണകൂടമാകട്ടെ, മനുഷ്യത്വരഹിതമായ പ്രവര്‍ത്തികളിലൂടെ ഏറെ വിമര്‍ശനങ്ങള്‍ നേരിടുകയാണ്. ആഭ്യന്തര പോരാട്ടങ്ങള്‍ക്കൊപ്പം പുറത്തു നിന്നുള്ള ആക്രമണങ്ങളും ഉണ്ടാകുമ്പോള്‍ ഭരണസംവിധാനം ദുര്‍ബലപ്പെടുമെന്നാണ് ഇസ്രയേല്‍ പ്രതീക്ഷിക്കുന്നത്.
ഇസ്രയേല്‍ ഇറാന്റെ പ്രധാന നേതാക്കളെയും സൈനിക ഉദ്യോഗസ്ഥരെയും ലക്ഷ്യം വയ്ക്കുന്നുണ്ട്. വെള്ളിയാഴ്ച്ചത്തെ ആക്രമണത്തില്‍ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ(ഐആര്‍ജിസി) തലവന്‍ ഹൊസ്സൈന്‍ സലാമി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെ വധിച്ചിരുന്നു. ഇനിയും കൂടുതല്‍ വരാനിരിക്കുന്നു എന്നാണ് നെതന്യാഹുവിന്റെ ഭീഷണി. കൂടുതല്‍ ഇറാന്‍ നേതാക്കളെ ലക്ഷ്യം വയ്ക്കുമെന്നു തന്നെയാണ് മുന്നറിയിപ്പ്.
ആക്രമണങ്ങളും കൊലപാതകങ്ങളും ഭരണകൂടത്തെ അസ്വസ്ഥമാക്കുമെന്നും, ഒരു ജനകീയ പ്രക്ഷോഭത്തിന് വഴിയൊരുങ്ങുമെന്നൊക്കെയാണ് ഇസ്രയേല്‍ കണക്കുകൂട്ടുന്നത്.
പക്ഷേ, ഇതിനെല്ലാം ഒരു മറുവശമുണ്ട്. അത് കൂടുതല്‍ അപകടകരമാണ്. അതായത്, ഇസ്രയേലും നെതന്യാഹുവും ഇപ്പോള്‍ കളിക്കുന്നത് ഒരു ചൂതാട്ടമാണ്.
ഇസ്രയേല്‍ പ്രതീക്ഷിക്കുകയോ പ്രവചിക്കുകയോ പോലെ കാര്യങ്ങള്‍ സംഭവിക്കുമെന്നതിന് യാതൊരു ഉറപ്പുമില്ല. തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഇറാനില്‍ അസ്ഥിരത സൃഷ്ടിക്കുമെന്നത് ഇസ്രയേലിന്റെ കണക്കുകൂട്ടല്‍ മാത്രമാണ്. ശത്രുരാജ്യത്ത് ആഭ്യന്തര കലഹം ഉണ്ടാക്കുമോ അതോ തങ്ങള്‍ക്ക് തന്നെ തിരിച്ചടിയായി മാറുമോ എന്നതില്‍ നെതന്യാഹുവിന് ഉറപ്പ് പറയാനാകില്ല. വെള്ളിയാഴ്ച്ച നടത്തിയ ആക്രമണത്തിന് അതേ ദിവസം തന്നെ ഇറാന്‍ പ്രത്യാക്രമണം നടത്തി. ടെല്‍ അവിവിലും ജറുസലേമിലും അവര്‍ക്ക് നാശനഷ്ടങ്ങള്‍ നേരിടേണ്ടിയും വന്നു.
ഇറാനിലെ അധികാരവ്യവസ്ഥ വ്യത്യസ്തമാണ്. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിലെയും ജൂഡീഷ്യറിലിയിലെയും സുരക്ഷ ഏജന്‍സികളിലെയും മറ്റ് ഭരണകൂട ഉപദേശക സംഘങ്ങളിലെയും ആളുകള്‍ തീവ്രനിലപാടുകരാണ്. അരാണ് ഇറാനില്‍ ഗണ്യമായ അധികാരം കൈവശം വച്ചിരിക്കുന്നത്. അവര്‍ സായുധ സേനയെയും സമ്പദ്വ്യവസ്ഥയെയും നിയന്ത്രിക്കുന്നവരാണ്. അവര്‍ നിലവില്‍ അധികാരം കൈയാളുന്നതുകൊണ്ട് തന്നെ ഒരു അട്ടിമറിക്ക് ശ്രമിക്കേണ്ടതിന്റെ ആവശ്യം വരുന്നില്ല. അവര്‍ കര്‍ക്കശക്കാരായ ആളുകളാണ്. അവര്‍ ആഗ്രഹിക്കുന്ന ഏറ്റുമുട്ടലിന്റെ പാതയിലൂടെ സഞ്ചരിക്കാനാകും. ഈ പ്രതികാരവാഞ്ച ആഭ്യന്തരമായും അന്തര്‍ദേശീയവുമായ പിരിമുറുക്കങ്ങള്‍ ഉണ്ടാക്കുമെന്നത് തീര്‍ച്ച.
ഇസ്രയേല്‍ ആഗ്രഹിക്കുന്നതുപോലെ നിലവിലെ ഭരണകൂടം തകര്‍ന്നാല്‍ ഫലം ഇറാന്‍ അരാജകത്വത്തിലേക്ക് വീഴുന്നതായാരിക്കും. ഏകദേശം 90 ദശലക്ഷം ജനങ്ങളെ അത് ബാധിക്കും. അതിന്റെ പ്രത്യാഘാതം മിഡില്‍ ഈസ്റ്റില്‍ മുഴുവന്‍ വ്യാപിക്കും.
ബിബിസിയുടെ വിശകലനത്തില്‍ അവര്‍ ചോദിക്കുന്നൊരു ചോദ്യമുണ്ട്; ഇസ്രയേല്‍ ആഗ്രഹിക്കുക, തങ്ങളോട് സൗഹൃദം പുലര്‍ത്തുന്നൊരു സൈനിക നേതൃത്വം ഇറാന്റെ അധികാരം പിടിച്ചെടുക്കുകയെന്നതാണ്. എന്നാല്‍ എന്താണ് അങ്ങനെയൊരു ബദല്‍ ആയി അവിടെയുള്ളത്?
ഇറാനില്‍ ഇപ്പോള്‍ കരുത്തുള്ളൊരു പ്രതിപക്ഷമില്ല. പ്രതിപക്ഷ പാര്‍ട്ടികളൊക്കെ സമീപകാലങ്ങളായി ചിതറിത്തെറിച്ച് ദുര്‍ബലമായി.
ബിബിസി പറയുന്നു; 2022ല്‍ ഇറാനെ ഒരു കൊടുങ്കാറ്റ് പോലെ പിടിച്ചുലച്ചതാണ് ‘സ്ത്രീ ജീവിത സ്വാതന്ത്ര്യം’ എന്ന പ്രസ്ഥാനത്തിന്റെ പ്രതിഷേധം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ ചലനം ഉണ്ടാക്കി. ഈ അസ്വസ്ഥത മുതലെടുത്തു ചില പ്രതിപക്ഷ ഗ്രൂപ്പുകള്‍ വിവിധ ഇസ്ലാമിക് റിപ്പബ്ലിക് വിരുദ്ധ ഗ്രൂപ്പുകളെയും പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി ഒരു സഖ്യം രൂപീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ സഖ്യത്തെ ആര് നയിക്കും, നിലവിലുള്ള ഭരണകൂടത്തെ അട്ടിമറിച്ചതിന് ശേഷം അധികാരത്തില്‍ കയറുന്നത് ഏത് സ്വഭാവമുള്ള ഭരണകൂടമായിരിക്കും തുടങ്ങിയ കാര്യങ്ങളിലെ യോജിപ്പില്ലായ്മ മൂലം ആ സഖ്യം തകര്‍ന്നു പോവുകയാണുണ്ടായത്. ഇവരില്‍ നിന്നാരെയെങ്കിലും തങ്ങളുടെ താത്പര്യത്തിന് അനുസൃതമായി കണ്ടെത്താനാണോ നെതന്യാഹു സര്‍ക്കാര്‍ ശ്രമിക്കുകയെന്നറിയണം.
അത്തരത്തിലൊരാളായി പരിഗണക്കപ്പെടാന്‍ സാധ്യത ഇറാനിലെ മുന്‍ കിരീടാവകാശി റെസ പഹ്ലവിയാണ്. 1979 ലെ ഇസ്ലാമിക വിപ്ലവത്തില്‍ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട ഇറാന്റെ മുന്‍ ഷായുടെ മകന്‍. പഹ്‌ലവി ഇപ്പോള്‍ പ്രവാസത്തിലാണ്. എങ്കിലും ഇറാനിലുള്ള തന്റെ താതപര്യം അയാള്‍ ഉപേക്ഷിച്ചിട്ടില്ല. തനിക്കുള്ള പിന്തുണയ്ക്കായി അയാള്‍ സജീവമായി ശ്രമിക്കുന്നുണ്ട്. സമീപ കാലത്തായി പഹ്‌ലവി ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. പക്ഷേ ഇറാനില്‍ പഹ് ലവിക്ക് പറയത്തക്ക സ്വാധീനമൊന്നും ഇല്ല. അതുകൊണ്ട് തന്നെ അട്ടിമറി നടത്തി ഭരണത്തിലേറുകയെന്നത് ഏറെ ബുദ്ധിമുട്ടായിരിക്കും.
പിന്നെ ലൈനില്‍ ഉള്ളത് മുജാഹിദീന്‍-ഇ ഖല്‍ഖ് (MEK) ആണ്. അവരും നാടുകടത്തപ്പെട്ടവരാണ്. ഇസ്ലാമിക് റിപ്പബ്ലിക്കിനെ അട്ടിമറിക്കാന്‍ എംഇകെ ആഗ്രഹിക്കുന്നുണ്ടെങ്കിലും രാജവാഴ്ചയിലേക്ക് മടങ്ങുന്നതിനെ എതിര്‍ക്കുന്നവരാണ്. ഇടതുപക്ഷ സഖ്യമായ എംഇകെ, മുന്‍പ് ഷാ ഭരണകാലത്തെ പ്രതിപക്ഷമായിരുന്നു.
ഇസ്ലാമിക വിപ്ലവത്തെ തുടര്‍ന്ന് എംഇകെ ഇറാഖിലേക്ക് കുടിയേറി. 1980 കളില്‍ സദാം ഹുസൈന്‍ ഇറാനെ ആക്രമിച്ചപ്പോള്‍ ഇറാഖിനൊപ്പം നിന്നതിന്റെ പേരില്‍ എംഇകെ ഇറാനില്‍ അനഭിമതരായി മാറിയിരുന്നു.
ഈ ഗ്രൂപ്പ് ഇപ്പോഴും സജീവമാണ്. പോരാത്തതിന് അവര്‍ അമേരിക്കയില്‍ ട്രംപ് ക്യാമ്പിനൊപ്പം നില്‍ക്കുന്നവരുമാണ്. എന്നാല്‍ ഒന്നാം ട്രംപ് ഭരണകൂടകാലത്ത് വൈറ്റ് ഹൗസില്‍ ഉണ്ടായിരുന്ന സ്വാധീനമൊന്നും ഇപ്പോഴത്തെ ട്രംപ് സര്‍ക്കാര്‍ കാലത്ത് അവര്‍ക്കില്ല.
ഇത്തരത്തില്‍ പലതരത്തില്‍ ഇറാനില്‍ അധികാരമാറ്റം ആഗ്രഹിക്കുന്നവരുണ്ട്. അവരില്‍ ചിലര്‍ മതേതര ജനാധിപത്യം സ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നു, ചിലര്‍ രാജവാഴ്ച്ചയും. ഇവര്‍ക്ക് തങ്ങളുടെ ആഗ്രഹം പോലെ, അല്ലെങ്കില്‍ ഇസ്രയേല്‍ ആഗ്രഹിക്കുന്നതുപോലെ കാര്യങ്ങള്‍ നടത്താനാകുമോ എന്നതില്‍ ഉറപ്പില്ല.
ഇറാനിലെ ഇസ്ലാമിക ഭരണകൂടം ആഭ്യന്തരമായി തങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ കൂടി എന്തായാലും വിശകലനം ചെയ്യുന്നുണ്ടാകും. തിരിച്ചടിക്കുമെന്ന് പറയുന്നുണ്ടെങ്കിലും ഇസ്രയേലിനോടും അവരുടെ സഖ്യകക്ഷികളോടും പോരടിച്ച് വിജയിക്കുകയെന്നത് എളുപ്പമാകില്ലെന്നറിയാം. അതിനാല്‍ ഒരു വീട്ടുവീഴ്ച്ചയ്ക്ക് തയ്യാറായേക്കുമോയെന്ന് നോക്കേണ്ടതുണ്ട്. അങ്ങനെയാണെങ്കില്‍ യുഎസിന്റെ മധ്യസ്ഥത സ്വീകരിക്കണം. ട്രംപ് പറയുന്നത് ചര്‍ച്ചയ്ക്ക് വഴങ്ങി ആണവ കരാര്‍ പദ്ധതികളില്‍ സന്ധി ചെയ്യണമെന്നാണ്. അതിന് തയ്യാറായാല്‍ ഇറാന്റെ പരാജയം തന്നെയാണത്. അതിന് ഇറാന്‍ നേതാക്കള്‍ തയ്യാറാകുമോ? ചര്‍ച്ച വേണ്ട യുദ്ധം മതിയെന്ന് ചിന്തിക്കുന്നവരാണ് അധികവും.
തിരിച്ചടിയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ മിഡില്‍ ഈസ്റ്റ് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും. അമേരിക്കയുടെ നിലപാടുകളും നിര്‍ണായകമാകും.
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.