അമേരിക്കയും ഇസ്രയേലും ഇറാനിലെ ഭരണകൂടത്തെ ലക്ഷ്യം വച്ച് നടത്തുന്ന ആക്രമണങ്ങളില്‍ ജീവന്‍ നഷ്ടപ്പെടുന്നത് ആ രാജ്യത്തെ സാധാരണക്കാര്‍ക്കാണ്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം അവിടെ കൊല്ലപ്പെടുകയാണ്. സിവിലിയന്‍ കൊലപാതകങ്ങളില്‍ ഏറ്റവും ദാരുണമായത് ദക്ഷിണ ഇറാനിലെ മിനാബ് പട്ടണത്തിലെ പ്രൈമറി സ്‌കൂളിന് നേരെ ഫെബ്രുവരി 28-ന് നടന്ന ആക്രമണമായിരുന്നു. 175 പേര്‍ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. കുഞ്ഞുങ്ങളുടെ കൂട്ടക്കുരുതി നടന്ന ആ ക്രൂരതയുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിരുന്നില്ല. ഞങ്ങളല്ല എന്നായിരുന്നു അമേരിക്കയും ഇസ്രയേലും പറഞ്ഞു കൊണ്ടിരുന്നത്.
ഈ സംഭവത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും, ന്യൂയോര്‍ക്ക് ടൈംസ് ശേഖരിച്ച ഉപഗ്രഹ ചിത്രങ്ങള്‍, സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍, സ്ഥിരീകരിച്ച വീഡിയോകള്‍ എന്നിവയടക്കമുള്ള തെളിവുകള്‍ വിരല്‍ചൂണ്ടുന്നത് അമേരിക്കന്‍ സേനയിലേക്കാണ്. സ്‌കൂളിന് തൊട്ടടുത്തുള്ള ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ (ഐആര്‍ജിസി) നേവല്‍ ബേസിന് നേരെ നടന്ന അതേ സമയത്താണ് സ്‌കൂള്‍ കെട്ടിടത്തിന് നേരെയും കൃത്യതയാര്‍ന്ന മിസൈല്‍ ആക്രമണം ഉണ്ടായതെന്ന് ഈ തെളിവുകള്‍ വ്യക്തമാക്കുന്നതായി ന്യൂയോര്‍ക്ക് ടൈംസ് എഴുതുന്നു.
ഹോര്‍മുസ് കടലിടുക്കിന് സമീപമുള്ള ഐ.ആര്‍.ജി.സി കേന്ദ്രങ്ങളെ അമേരിക്കന്‍ സേന ലക്ഷ്യം വെച്ചിരുന്നുവെന്ന ഔദ്യോഗിക പ്രസ്താവനകള്‍ ഈ ആക്രമണം നടത്തിയത് യുഎസ് തന്നെയാകാനാണ് സാധ്യതയെന്ന് ഉറപ്പിക്കുന്നു. എന്നാല്‍, ഇതേക്കുറിച്ച് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനോട് ചോദിച്ചപ്പോള്‍, ‘ഞങ്ങള്‍ അറിഞ്ഞടത്തോളം ഇല്ല’ എന്നായിരുന്നു മറുപടി. യുദ്ധകാര്യ വകുപ്പ് ഇതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അവശിഷ്ടങ്ങളില്‍ നിന്ന് ആയുധങ്ങളുടെ ഭാഗങ്ങള്‍ കണ്ടെത്താത്തതും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ക്ക് പ്രദേശം സന്ദര്‍ശിക്കാന്‍ സാധിക്കാത്തതും കൃത്യമായ വിവരങ്ങള്‍ ലഭ്യമാകുന്നതിന് തടസ്സമാകുന്നുണ്ട്. എങ്കിലും, സ്‌കൂളിലുണ്ടായിരുന്ന കുട്ടികളടക്കം 175-ഓളം പേര്‍ കൊല്ലപ്പെട്ടതായി ഇറാനിയന്‍ ആരോഗ്യ മന്ത്രാലയവും ഔദ്യോഗിക മാധ്യമങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്.
സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന്റെ ഉത്തരവാദിത്തം ഏല്‍ക്കാനോ നിഷേധിക്കാനോ യുഎസ് തയ്യാറായിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ബുധനാഴ്ച പറഞ്ഞു. അതേസമയം, ആ സമയത്ത് ആ പ്രദേശത്ത് സൈനിക നീക്കങ്ങള്‍ നടത്തിയതിനെക്കുറിച്ച് അറിവില്ലെന്നാണ് ഇസ്രയേല്‍ സൈനിക വക്താവ് നദവ് ശോഷാനി പ്രതികരിച്ചത്. എന്നാല്‍, ആക്രമണം നടന്ന ദിവസം ആ മേഖലയില്‍ അമേരിക്കന്‍ വിമാനങ്ങള്‍ ദൗത്യത്തിലായിരുന്നുവെന്ന് യുഎസ് ഉദ്യോഗസ്ഥരുടെ തന്നെ പ്രസ്താവനകളില്‍ നിന്ന് വ്യക്തമാണ്.
ഇറാനിലെ പ്രവൃത്തിദിവസം ആരംഭിക്കുന്ന ശനിയാഴ്ച പ്രാദേശിക സമയം രാവിലെ 11:30-ഓടെയാണ് ആക്രമണം നടന്നത്. അതിനാല്‍ തന്നെ സ്‌കൂളില്‍ അധ്യാപകരും കുട്ടികളും സജീവമായിരുന്നു. പ്ലാനറ്റ് ലാബ്‌സില്‍ നിന്നുള്ള പുതിയ ഉപഗ്രഹ ചിത്രങ്ങള്‍ പരിശോധിച്ചപ്പോള്‍, സ്‌കൂളിനൊപ്പം ഐ.ആര്‍.ജി.സി ബേസിലെ ആറ് കെട്ടിടങ്ങളും കൃത്യതയോടെ ആക്രമിക്കപ്പെട്ടതായി കാണാം. കെട്ടിടങ്ങളുടെ മേല്‍ക്കൂരയുടെ മധ്യഭാഗത്ത് തന്നെ കൃത്യമായി മിസൈലുകള്‍ പതിച്ചതിന്റെ അടയാളങ്ങള്‍ ഇതിന് തെളിവാണ്. മുന്‍പ് പെന്റഗണില്‍ ഉപദേശകനായിരുന്ന വെസ് ജെ. ബ്രയന്റ് ഈ ദൃശ്യങ്ങള്‍ വിശേഷിപ്പിച്ചത് ‘പിക്ചര്‍ പെര്‍ഫെക്റ്റ്’ ടാര്‍ഗെറ്റ് എന്നാണ്. ലക്ഷ്യം തിരിച്ചറിയുന്നതില്‍ വന്ന പിഴവാകാം ദുരന്തത്തിന് കാരണമായതെന്ന് അദ്ദേഹം കരുതുന്നു.
യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍ അവതരിപ്പിച്ച ഭൂപടത്തിലും മിനാബ് ഉള്‍പ്പെടുന്ന മേഖല അമേരിക്കന്‍ ലക്ഷ്യസ്ഥാനങ്ങളില്‍ ഉള്‍പ്പെട്ടതായി സൂചിപ്പിച്ചിരുന്നു. കൂടാതെ, യുഎസ്എസ് എബ്രഹാം ലിങ്കണ്‍ സ്‌ട്രൈക്ക് ഗ്രൂപ്പ് ഈ തീരമേഖലയില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2013-ലെ ഉപഗ്രഹ ചിത്രങ്ങള്‍ പ്രകാരം സ്‌കൂള്‍ കെട്ടിടം മുന്‍പ് നേവല്‍ ബേസിന്റെ ഭാഗമായിരുന്നുവെങ്കിലും, 2016-ഓടെ ഇത് വേര്‍തിരിക്കപ്പെടുകയും ഒരു സ്വതന്ത്ര വിദ്യാലയമായി മാറുകയും ചെയ്തിരുന്നു. അമേരിക്കയുടെ അത്യാധുനിക ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ഉപയോഗിച്ച് ഇതൊരു സ്‌കൂളാണെന്ന് തിരിച്ചറിയാന്‍ സാധിക്കേണ്ടതായിരുന്നുവെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഇറാന്‍ തൊടുത്ത മിസൈല്‍ ലക്ഷ്യം തെറ്റി സ്‌കൂളില്‍ പതിച്ചതാണെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നിരുന്നുവെങ്കിലും ന്യൂയോര്‍ക്ക് ടൈംസ് ഇത് തള്ളിക്കളയുകയാണ്. ഒരു മിസൈല്‍ വഴി ഇത്രയും കൃത്യതയോടെ പല കെട്ടിടങ്ങളെ ഒരേസമയം തകര്‍ക്കാന്‍ കഴിയില്ല എന്നതാണ് ഇതിന് കാരണമായി പറയുന്നത്. നിലവില്‍ അന്വേഷണം തുടരുന്ന സാഹചര്യത്തില്‍, ഈ ആക്രമണം അറിവില്ലായ്മ കൊണ്ട് സംഭവിച്ചതാണോ അതോ പഴയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ മനഃപൂര്‍വ്വം നടത്തിയതാണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ഏതായാലും, സിവിലിയന്മാരെ ബാധിക്കില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം ആക്രമണം നടത്തുന്നവര്‍ക്കുണ്ടെന്നും അതില്‍ വീഴ്ച വരുത്തുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ നിയമവിദഗ്ധ ജാനിന ഡില്‍ ഓര്‍മ്മിപ്പിക്കുന്നു.
Content Summary: Satellite imagery and verified videos provide evidence that an Iranian school was hit during U.S. strikes on an IRGC naval base,
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.