June 26, 2026 |
Share on

മുത്തങ്ങ സമരം: ഭരണകൂട ഭീകരതയുടെ രാഷ്ട്രീയ ഹിംസ

തീവ്രവാദികളാക്കി പ്രഖ്യാപിച്ചുകൊണ്ടാണ് ആ വെടിവെപ്പ് നടത്തിയത്

വെടിവെപ്പില്‍ അവസാനിച്ച നിരവധി സമരങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. പുന്നപ്ര വയലാര്‍ അടക്കമുള്ള അത്തരം സമരങ്ങള്‍ പിന്നീട് അധികാരം സ്ഥാപിക്കാനുള്ള ശേഷി സമരംചെയ്ത പ്രസ്ഥാനങ്ങള്‍ക്ക് നല്‍കിയതും ചരിത്രത്തിലുണ്ട്. എന്നാല്‍ മുത്തങ്ങയില്‍ നടന്നത് സമരക്കാര്‍ക്ക് നേരെയുള്ള ശാരീരികഹിംസയെക്കാള്‍ രാഷ്ട്രീയഹിംസയായിരുന്നു. സവര്‍ണാധികാരത്തിന്റെ രാഷ്ട്രീയ തുടര്‍ച്ച ആദിവാസികളെയും സമരാനുകൂലികളെയും തീവ്രവാദികളാക്കി പ്രഖ്യാപിച്ചുകൊണ്ടാണ് ആ വെടിവെപ്പ് നടത്തിയത്.

വെടിവെപ്പിന് ശേഷം കേരളത്തില്‍ സര്‍ക്കാര്‍ നടപടിയോട് പ്രതികരിച്ച മുഴുവന്‍ മനുഷ്യരെയും പോലീസ് അറസ്റ്റ് ചെയ്തു. ലോകത്തുള്ള മുഴുവന്‍ തീവ്രവാദ സംഘടനകളുടെയും പേര് ഈ സമരത്തോട് കൂട്ടിച്ചേര്‍ക്കുന്നതില്‍ അന്നത്തെ ഭരണാധികാരികളും പോലീസും മാധ്യമങ്ങളും വിജയിച്ചു. സമരക്കാര്‍ പോലീസിനെ ആക്രമിച്ചതിനാലാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന പെരുംനുണ അന്ന് കേരളത്തില്‍ മാധ്യമങ്ങളിലൂടെ ആധിപത്യം നേടി. മാധ്യമങ്ങള്‍ക്ക് സമരം റിപ്പോര്‍ട്ട് ചെയ്യുന്നതിന് വിലക്കുണ്ടായിരുന്നു.

രാഷ്ട്രീയാധികാരത്തിന്റെ വേട്ട

ഇപ്പോള്‍ പ്രചരിക്കുന്ന വീഡിയോദൃശ്യങ്ങള്‍ അതിസാഹസികനായ ഒരു പത്രപ്രവര്‍ത്തകന്‍ ആരും അറിയാതെ എടുത്തതാണ്. റെക്കോര്‍ഡ് ചെയ്ത ടേപ്പ് അതിസാഹസികമായി ഒളിപ്പിക്കുന്നതില്‍ ആ മാധ്യമപ്രവര്‍ത്തകന്‍ വിജയിച്ചു. അല്ലായിരുന്നെങ്കില്‍ പോലീസ് നടത്തിയ നരനായാട്ടിന്റെ നേര്‍ദൃശ്യങ്ങള്‍ ഒരിക്കലും പുറത്തു വരില്ലായിരുന്നു. ആ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനില്‍ക്കുന്നത്. പല സിനിമകളും ഏറ്റെടുത്ത ആദൃശ്യങ്ങള്‍ എ കെ ആന്റണിയെ പോലുള്ള വലിയ രാഷ്ട്രീയനേതാവിന്റ ക്രെഡിബിലിറ്റിയെ എക്കാലത്തും വിചാരണ ചെയ്യുന്നുണ്ട്. മുത്തങ്ങ വെടിവെപ്പില്‍ എ കെ ആന്റണി ഖേദം പ്രകടിപ്പിക്കേണ്ടി വരുന്നത് മേല്‍ സൂചിപ്പിച്ച രാഷ്ട്രീയ സാഹചര്യങ്ങളിലാണ്.

ദലിത് ആദിവാസി ഭൂസമരങ്ങള്‍ കേരളത്തില്‍ വിജയിക്കരുത്, അത്തരം രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തുടര്‍ച്ചയുണ്ടാവരുത് എന്നത് ഭരണകക്ഷിയുടെ മാത്രമല്ല അന്നത്തെ പ്രതിപക്ഷ കക്ഷികളുടെയും അജണ്ടയായിരുന്നു. ആദിവാസികളുടെ ഭൂമി കൈയേറിയവര്‍ ഇടതുപക്ഷത്തും വലതുപക്ഷത്തും അധികാര സ്വഭാവത്തില്‍ അന്നും ഇന്നും നിലയുറപ്പിച്ചിട്ടുണ്ട്. അഭിജാതരായ ഭൂസ്വാമിമാരെ സംരക്ഷിക്കുകയെന്നത് ഐക്യമുന്നണിയുടെ ലക്ഷ്യമായിരുന്നു. ഞങ്ങളല്ലാതെ മറ്റൊരു ദൈവവും ദളിതര്‍ക്കും ആദിവാസികള്‍ക്കും ഉണ്ടായിവരരുത് എന്ന അധീശത്വരാഷ്ട്രീയമാണ് ഇടതുപക്ഷത്തിന്റെ സ്ഥാപിത താല്പര്യം.

Also Read: ‘മുത്തങ്ങസമരത്തിന്റെ തീവ്രത ഇന്നും പുതിയ തലമുറയിലേക്ക് എത്തിയിട്ടില്ല നരിവേട്ടയിലൂടെ സമരത്തെ ച‌‌‍ർച്ചയ്ക്ക് കൊണ്ടുവരാനുള്ള തീരുമാനം ഉചിതം’

ആദിവാസികളെയും ആദിവാസി ഭൂസമരത്തില്‍ ഒപ്പം നിന്ന ഇതരസമരക്കാരെയും ജനാധിപത്യപരമായി മനസ്സിലാക്കാതെ ഡിമോറലൈസ് ചെയ്തു എന്ന കുറ്റത്തില്‍ നിന്നും എ കെ ആന്റണിക്കും പരിവാരങ്ങള്‍ക്കും വിമുക്തരാവാനാവില്ല. മാപ്പര്‍ഹിക്കാത്ത രാഷ്ട്രീയ ഹിംസയാണ് അദ്ദേഹവും മന്ത്രിസഭയും അന്ന് നടപ്പിലാക്കിയത്.

മുത്തങ്ങ സമരത്തെ അവതരിപ്പിച്ചുകൊണ്ടുണ്ടായ നരിവേട്ട എന്ന സിനിമ അധികാരത്തിന്റെയൊരു പ്രൊപ്പഗാണ്ടയാണ്. നിലവിലുള്ള പോലീസിനെ നല്ല പോലീസ് എന്നും ചീത്ത പോലീസ് എന്നും രണ്ടായി വിഭജിച്ച് കുറ്റം മുഴുവന്‍ ചീത്ത പോലീസില്‍ ആരോപിച്ച്, ഭരണകൂടഭീകരതയെ രക്ഷപ്പെടുത്തുകയാണ് ആ സിനിമ ചെയ്തത്. ആ സിനിമ കണ്ടിട്ട് പാവം പാവം പോലീസ് ജീവികളെന്ന് ആളുകള്‍ നൊന്തുനീറി. അതല്ലാതെ ആദിവാസി ഭൂമി പ്രശ്‌നത്തെക്കുറിച്ചോ, ആദിവാസി ഭൂസമരത്തെക്കുറിച്ചോ ചെറിയൊരു ബോധ്യം പോലും പ്രേക്ഷകരിലെത്തിയില്ല. ‘സാമൂഹിക വിപ്ലവത്തിനെതിരായ ക്യാമറാസൂക്ഷ്മത’ എന്ന് വിളിക്കാവുന്ന ഒരുതരം അരാഷ്ട്രീയത ആ സിനിമ ഒളിച്ചുകടത്തിയിട്ടുണ്ട്.

മുത്തങ്ങയില്‍ വെടിവെപ്പ് നടന്ന കാലം ഞാന്‍ M.phil പഠനത്തിനായി തിരുവനന്തപുരം റിസര്‍ച്ച് ഹോസ്റ്റലില്‍ അന്തേവാസിയായിരുന്നു. ദലിത് സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ (DSM) സംസ്ഥാന പ്രസിഡന്റായിരുന്നു. വെടിവെപ്പ് അറിയുന്ന സമയത്ത് കൊച്ചേട്ടന്‍ (കെ കെ കൊച്ച്) എന്റെ മുറിയില്‍ താമസമുണ്ടായിരുന്നു. കൊച്ചേട്ടന്റെ കൂടി നിര്‍ദ്ദേശപ്രകാരം ഞങ്ങള്‍ അന്ന് കാര്യവട്ടം ക്യാമ്പസില്‍ ഒരു വിദ്യാര്‍ത്ഥി സമരം നടത്തുകയുണ്ടായി. ക്യാമ്പസിന് പുറത്ത് സമരം നടത്തിയ ദളിത് പ്രവര്‍ത്തകരെ മുഴുവന്‍ അറസ്റ്റ് ചെയ്യുന്ന അവസ്ഥയുണ്ടായിരുന്നു. ഞങ്ങള്‍ ഏതായാലും അന്ന് അറസ്റ്റ് ചെയ്യപ്പെട്ടില്ല. ഒന്നുരണ്ടാഴ്ചക്കാലം അടിയന്തരാവസ്ഥയ്ക്ക് സമമായ നിശ്ചലത അനുഭവപ്പെട്ടു. ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന ദളിതരെപോലും ഭീകരവാദികളായി ചിത്രീകരിക്കുന്ന അവസ്ഥ അന്നുണ്ടായിരുന്നു.

ഇന്ന് റിപ്പോര്‍ട്ടര്‍ ചാനലിലുള്ള ഡോ. അരുണ്‍ കുമാര്‍ മുത്തങ്ങ സമരകാലത്ത് കാര്യവട്ടത്തെ ഗവേഷക വിദ്യാര്‍ഥിയായിരുന്നു. ദൂരദര്‍ശന്‍ ചാനലില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ നയിച്ചിരുന്ന അരുണ്‍ മുത്തങ്ങ സമരം സംബന്ധിച്ച ഒരു ചര്‍ച്ച സംഘടിപ്പിക്കുകയുണ്ടായി. സമരക്കാരുടെ പക്ഷത്തുനിന്നും ആ ചര്‍ച്ചയില്‍ മുഖ്യമായും പങ്കെടുത്തത് അഡ്വ. സ്‌പെന്‍സര്‍ മാര്‍ക്കസ് ആയിരുന്നു. ആ ചര്‍ച്ചയില്‍ കുടപ്പനക്കുന്നില്‍ പോയി തിരികെ വരുംവഴി ഞങ്ങളോട് ഇന്റലിജന്‍സിലെ പോലീസുകാര്‍ നിങ്ങള്‍ക്ക് സമരവുമായി ഉള്ള ബന്ധം എന്താണെന്ന് തിരിച്ചും മറിച്ചും ചോദിച്ചത് ഓര്‍ക്കുന്നു. ആദിവാസി സമര ഇടപെടലുകളെ എത്രമാത്രം ഭീകര പ്രവര്‍ത്തനമായാണ് അന്നത്തെ പോലീസ് കണ്ടിരുന്നന്നത് എന്നത് അവരുടെ ചോദ്യംചെയ്യലിന്റെ ഭാഷയില്‍ വ്യക്തമായിരുന്നു. ദളിത്/ആദിവാസി വിഭാഗങ്ങളെ, അവരുടെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളെ സമരാനന്തരമുള്ള ഭരണകൂട ഇടപെടലുകള്‍ വന്‍തോതില്‍ ഡിമോറലൈസ് ചെയ്തത് സമരത്തില്‍ ഉണ്ടായിരുന്ന നിരവധി പേര്‍ മാനസിക സംഘര്‍ഷം അനുഭവിച്ചു. നിരവധിപേര്‍ മരണപ്പെട്ടു. കാഞ്ഞിരംകുളത്തെ അശോകനെ അങ്ങനെയാണ് ഞാന്‍ ഓര്‍ത്തെടുക്കുന്നത്.

നീതിക്കായുള്ള ഒറ്റയാൾ പോരാട്ടം

സമരാനന്തരമുള്ള കാലങ്ങളിലെ ഗീതാനന്ദന്‍ മാഷിന്റെ ഒറ്റപ്പെടലും സംഘര്‍ഷവും അടുത്തുനിന്ന് കാണേണ്ടി വന്നിട്ടുണ്ട്. മുത്തങ്ങ കേസുകളുടെ ഫയലുകള്‍ സൂക്ഷിക്കാന്‍ ഗീതന്‍ മാഷിന്റെ നിര്‍ദ്ദേശപ്രകാരം എന്റെ നാടായ കാക്കനാട്ടില്‍ ഒരു മുറിയെടുത്തു. കേസിന്റെ ഫയലുകള്‍ അടുക്കിവെച്ചപ്പോള്‍ ആ കേസ്‌കെട്ട് പേപ്പറുകള്‍ക്ക് ഒരു കട്ടിലിനേക്കാള്‍ വലിപ്പമുണ്ടായിരുന്നു. ആ ഫയലുകളോട് ചേര്‍ന്നിരുന്ന് സിഗരറ്റുകള്‍ വലിച്ച് തള്ളി ചിന്തയില്‍ മുഴുകിയിരിക്കുന്ന ഗീതന്‍ മാഷിന്റ ദൃശ്യത്തെ ഒരിക്കലും മറക്കാനാവില്ല. വെടിവെക്കാന്‍ ഓര്‍ഡറിട്ട എ കെ ആന്റണി പിന്നീട് കേന്ദ്രമന്ത്രിയായി. അപ്പോഴും മുത്തങ്ങ കേസുകളുടെ പിന്നാലെ കാലുവെന്തുപായുന്ന ഗീതാനന്ദന്‍ മാഷിന്റെ ആരാലും കാണപ്പെടാത്ത മറ്റൊരു ലോകം മറുവശത്തുണ്ട്.

ഉന്നതി എന്നാണ് പേരെങ്കിലും യാതൊരു ഉന്നതിയും അവകാശപ്പെടാന്‍ കഴിയാത്ത വിധം നാല്‍പതിനായിരത്തോളം വരുന്ന ‘ദലിത് ആദിവാസി ഉന്നതികള്‍’ നിലനില്‍ക്കുന്ന കേരളത്തില്‍, മഹാഭാരത കഥയിലെ ശരശയ്യയിലെത്തിയ ഭീഷ്മ പിതാമഹന്റെ പ്രായശ്ചിത്തത്തിന് സമമായ എ.കെ ആന്റണിയുടെ ഏറ്റുപറച്ചിലുകള്‍ കൊണ്ട് ആര്‍ക്കെന്തുഫലം? വെടിയേറ്റ ജോഗി മരണപ്പെട്ടു. മരണപ്പെട്ടില്ലായെങ്കിലും ആ സമരത്തില്‍ ചിതറിപ്പോയ മനുഷ്യരെല്ലാം ഇപ്പോഴും കേരളത്തില്‍ ചിതറിയവരായിത്തന്നെ തുടരുകയാണ്. അവര്‍ അധികാരത്തില്‍ നിന്ന് മാത്രമല്ല സാമൂഹിക ജീവിതത്തില്‍ നിന്നു പോലും നിരന്തരം പുറത്താക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.

Also Read: ജാനുവിന് അധികാര മോഹം: എം ഗീതാനന്ദന്‍/അഭിമുഖം

Content summary:  Muthanga struggle: the political violence of state terrorism

ഡോ. എ കെ വാസു

ഡോ. എ കെ വാസു

ഡോക്ടര്‍ എ കെ വാസു, എഴുത്തുകാരന്‍ അധ്യാപകന്‍. ദലിത് ഫോക്ലോര്‍ എന്ന വിഷയത്തില്‍ കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഗവേഷണം പൂര്‍ത്തിയാക്കി. 'കറുപ്പ് അഴകാണെന്നു നീ വെറുതെ പറയരുത്' എന്ന പുസ്തകത്തിന്റെ രചയിതാവ്. ദളിത് സ്റ്റുഡന്‍സ് മൂവ്‌മെന്റിന്റെ സംസ്ഥാന പ്രസിഡണ്ട് ആയിരുന്നു. എയ്ഡഡ് മേഖല റിസര്‍വേഷന്‍ സംബന്ധിച്ച കേസുകള്‍ നടത്തുന്നുണ്ട്. എറണാകുളം മഹാരാജാസ് കോളേജില്‍ ബി എ മലയാളം, മൂവാറ്റുപുഴ നിര്‍മ്മലാ കോളേജില്‍ എം എ, കാര്യവട്ടം ക്യാമ്പസില്‍ എംഫില്‍, കേരള യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ പിഎച്ച്ഡി. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ അധ്യാപകന്‍.

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×