ആദിവാസി നേതാവ് സികെ ജാനു പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയുടെ ഭാഗമായി നിയമസഭ തെരഞ്ഞെടുപ്പിനെ നേരിടാന്‍ എടുത്ത തീരുമാനം സമ്മിശ്രിത പ്രതികരണങ്ങളാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. ചിലര്‍ ജാനുവിനെ നിശിതമായി വിമര്‍ശിക്കുമ്പോള്‍ സിവിക് ചന്ദ്രനേയും ജോയ് മാത്യുവിനേയും പോലുള്ളവര്‍ അവരെ ന്യായീകരിക്കുന്നു. മുത്തങ്ങ സമരത്തിലും 162 ദിവസം നീണ്ട നില്‍പ് സമരത്തിലുമൊക്കെ ജാനുവിനൊപ്പം നിന്നു പ്രവര്‍ത്തിച്ച ആദിവാസി ഗോത്ര മഹാസഭ കോ-ഓര്‍ഡിനേറ്റര്‍ എം ഗീതാനന്ദന്‍ അഴിമുഖം പ്രതിനിധി കെ എ ആന്റണിയുമായി തന്റെ അഭിപ്രായവും ആശങ്കകളും പങ്കുവയ്ക്കുന്നു.
കെ എ ആന്റണി: ജാനുവിന്റെ ചുവടുമാറ്റത്തെ എങ്ങനെ വിലയിരുത്തുന്നു?
എം ഗീതാനന്ദന്‍: ജാനുവിന്റേത് പൊടുന്നനേയുള്ള ഒരു മാറ്റമല്ല. കുറച്ചു കാലമായി ഒരു ചാഞ്ചാട്ടം അവരില്‍ ദൃശ്യമായിരുന്നു. അധികാര ശ്രേണിയും ധനസമ്പാദനവും ഒക്കെ ജാനുവിനെ വല്ലാതെ ബാധിച്ചിരുന്നു. കുഞ്ഞിനെ ദത്തെടുത്തതും വീടു നിര്‍മ്മാണവുമൊക്കെ ഇതിന്റെ ഭാഗമായി തന്നെ വേണം കാണാന്‍. എന്തിനേറെ അടുത്തകാലത്ത് ജാനു കവിതയെഴുത്തും ആരംഭിച്ചിരുന്നു.
കെ എ ആന്റണി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടതില്ലെന്നായിരുന്നില്ലേ ഊരുകൂട്ടത്തിന്റെ തീരുമാനം?
എം ഗീതാനന്ദന്‍: അതേ. കഴിഞ്ഞമാസം കൊച്ചിയില്‍ ചേര്‍ന്ന ഊരു വികസന സമിതിയുടെ തീരുമാനം അതായിരുന്നു.
കെ എ ആന്റണി: പിന്നെന്തു കൊണ്ടാകണം ജാനു ഇങ്ങനെയൊരു തീരുമാനത്തില്‍ എത്തിച്ചേര്‍ന്നിട്ടുണ്ടാകുക?
എം ഗീതാനന്ദന്‍: അറിയില്ല. ജാനുവിന്റേത് ഒരു സ്ത്രീകേന്ദ്രീകൃത സ്വഭാവമാണ്. അവരെ എന്നും നയിച്ചിരുന്നത് അവര്‍ തന്നെയാണ്. ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ ഏതെങ്കിലും ഒരു ദളിത് സംഘടനയ്ക്ക് ബിജെപിയുമായി ചേര്‍ന്നു പോകാന്‍ കഴിയില്ല. ജാനുവിന്റെ ഭാഗത്തു നിന്നും രാഷ്ട്രീയമായി ഇങ്ങനെയൊരു മാറ്റം പ്രതീക്ഷിച്ചതല്ല. കഴിഞ്ഞ ദിവസം കോട്ടയത്തു ചേര്‍ന്ന് ഊരുവികസന സമിതിയോഗം പ്രസിഡന്റ് ജാനുവിന്റെ രാജി ആവശ്യപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ട്.
കെ എ ആന്റണി: പക്ഷേ, എന്തുകൊണ്ട് എന്‍ഡിഎ?
എം ഗീതാനന്ദന്‍: അതാണ് മനസ്സിലാകാത്തത്. രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച ദളിത് വിരുദ്ധ നിലപാടുകള്‍ ബിജെപിയില്‍ ശക്തി പ്രാപിച്ചു വരുന്ന ഇക്കാലത്ത് ജാനുവിന്റെ നടപടിയെ ആത്മഹത്യാപരമായി കാണുന്നവരെ കുറ്റം പറയാനാകില്ല. ഒരുകാര്യം ഉറപ്പാണ്. അധികാരത്തിനുവേണ്ടിയുള്ള ഒരു ത്വര ജാനുവിനെ പിടികൂടിയിട്ടുണ്ട്. കിട്ടിയ അവസരം ഉപയോഗപ്പെടുത്തിയെന്നു വേണം കരുതാന്‍. ബിജെപിക്കും ഇത് നേട്ടം ചെയ്യും. തങ്ങളുടെ ദളിത് വിരുദ്ധ മുഖം മറയ്ക്കാന്‍ ജാനുവിനെ പോലെ ഒരാളെ അവര്‍ക്ക് ആവശ്യമായിരുന്നു.
കെ എ ആന്റണി: കമ്മ്യൂണിസ്റ്റു പാര്‍ട്ടികളും കോണ്‍ഗ്രസും ഒക്കെ അവഗണിച്ചതു കൊണ്ടാണോ ഈ എന്‍ഡിഎ ചങ്ങാത്തം?
എം ഗീതാനന്ദന്‍: സത്യത്തില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് ജാനുവിനെ ഉപയോഗപ്പെടുത്താമായിരുന്നു. അവരത് ചെയ്തില്ല. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫില്‍ നിന്നും ക്ഷണമുണ്ടായിരുന്നു. അന്നത് സ്വീകരിക്കാന്‍ കഴിയാതെ പോയതില്‍ ജാനുവിന് അതിയായ ഖേദവുമുണ്ടായിരുന്നു. ജയലക്ഷ്മിക്കു പകരം താനായിരുന്നു മന്ത്രിയാകേണ്ടിയിരുന്നതെന്ന് ജാനു പിന്നീട് ചിന്തിച്ചിട്ടുണ്ടാകണം.
കെ എ ആന്റണി: ജാനുവിന്റെ സ്വഭാവ രൂപീകരണത്തില്‍ എന്‍ജിഒകള്‍ എന്തെങ്കിലും സ്വാധീനം ചെലുത്തിയിട്ടുണ്ടോ. ഉണ്ടെങ്കില്‍ ഈ നിലപാട് മാറ്റത്തിന് പിന്നില്‍ അതും ഒരു ഘടകമായിട്ടുണ്ടാകില്ലേ.
എം ഗീതാനന്ദന്‍: എന്‍ജിഒകള്‍ക്ക് മാത്രമല്ല പള്ളിക്കും ജാനുവില്‍ നല്ല സ്വാധീനമുണ്ട്. മേരി ടീച്ചറുടെ വീട്ടിലാണ് ജാനു വളര്‍ന്നത്. ഇപ്പോഴും ടീച്ചറെ കുറിച്ച് പറയുമ്പോള്‍ ജാനുവിന് നൂറുനാവാണ്.
കെ എ ആന്റണി: ജാനുവിന്റെ വിജയ സാധ്യതയെ കുറിച്ച്?
എം ഗീതാനന്ദന്‍: അറിയില്ല. വലിയ സാധ്യത കാണുന്നില്ല. ഗോത്ര മഹാസഭയ്ക്ക് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ അയ്യായിരം മുതല്‍ ആറായിരം വരെ വോട്ടുണ്ട്. ആ വോട്ടില്‍ ജാനു പ്രതീക്ഷ വയ്ക്കുന്നുണ്ട്. 40 ശതമാനത്തിലേറെ വരുന്ന കുറുമ സമുദായമാണ് സുല്‍ത്താന്‍ ബത്തേരിയില്‍ കാര്യങ്ങള്‍ നിര്‍ണയിക്കുക. നിലവിലെ എംഎല്‍എ ഐ.സി ബാലകൃഷ്ണന്‍ കുറിച്യ വിഭാഗത്തില്‍പ്പെട്ടയാളാണ്. പികെ ജയലക്ഷ്മിയും കുറിച്യ വിഭാഗത്തില്‍പ്പെടുന്നു. ജാനു താരതമ്യേന ഈ മണ്ഡലത്തില്‍ എണ്ണത്തില്‍ കുറവുള്ള അടിയ വിഭാഗത്തിലാണ് പെടുന്നത്. കുറുമരെ സംബന്ധിച്ചിടത്തോളം ഇത്തവണ എല്‍ഡിഎഫില്‍ നിന്നും അവര്‍ പടവെട്ടി വാങ്ങിച്ചെടുത്ത സീറ്റാണ് ബത്തേരിയിലേത്. ജാനുവിന് മാനന്തവാടിയില്‍ കുറച്ചു കൂടി സാധ്യതയുണ്ടാകുമായിരുന്നു.