UPDATES

‘അയ്യങ്കാളി ക്ലീഷേ ഇമേജ് ആയെങ്കില്‍, ആ ക്ലീഷേ ആവര്‍ത്തിക്കണം’; ആഷിഖ് ഐമര്‍/അഭിമുഖം

ഒരു സീറ്റ് എഡ്ജ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ അല്ല കേരള ക്രൈം ഫയല്‍സ്. ത്രില്ലര്‍ ഡ്രാമ ഗണത്തില്‍പ്പെടുന്ന സീരീസ് അതിന്റെ വിജയം നേടുന്നത് ആഷിഖ് ഐമര്‍ എന്ന തിരക്കഥാകൃത്തിന്റെ പെര്‍ഫെക്ട് സ്‌ക്രിപ്പ്റ്റിംഗ് കൊണ്ട് കൂടിയാണ്

                       

വളാഞ്ചേരിക്കാരന്‍ ആഷിഖ് ഐമറിന്റെ മനസില്‍ സിനിമ കയറിക്കൂടിയ സമയത്ത് സംവിധായകന്‍ ആകാനായിരുന്നു ആഗ്രഹം. പത്രവും ആഴ്ച്ചപ്പതിപ്പുകളുമൊക്കെ മുടങ്ങാതെ വായിച്ചും സമകാലിക സംഭവങ്ങള്‍ പിന്തുടര്‍ന്നും കണ്ടന്റുകളൊക്കെയും മനസില്‍ സൂക്ഷിച്ചു വച്ചിരുന്നു. സ്‌കൂള്‍ നാടകങ്ങളിലൂടെയാണ് സ്‌ക്രിപിറ്റ് പരിശീലിച്ച് തുടങ്ങിയത്. എഴുതാനുള്ള കോണ്‍ഫിഡന്‍സ് ഉണ്ടായപ്പോള്‍ സംവിധാന മോഹം അല്‍പ്പം പിന്നോട്ട് തള്ളിവച്ചു. അതിന് കൃത്യമായ തയ്യാറെടുപ്പ് വേണം. എഴുത്തില്‍ മാത്രമാക്കി ശ്രദ്ധ. ആദ്യം എഴുതിയതുമായി ദീപു പ്രദീപിനെ സമീപിച്ചു. ഇതിലൊരു സിനിമയുണ്ടോയെന്നായിരുന്നു അറിയേണ്ടത്. ‘കുഞ്ഞിരാമായണ’ത്തിന്റെ തിരക്കഥാകൃത്തായ ദീപു വായിച്ചശേഷം പറഞ്ഞത് ഇത് സിനിമയാക്കാം എന്നായിരുന്നു. ദീപുവാണ് സംവിധായകന്‍ അഹമ്മദ് കബീറുമായി പരിചയപ്പെടുത്തുന്നത്. സംവിധായക മോഹം തത്കാലത്തേക്ക് മാറ്റിവച്ചതിനാല്‍, അഹമ്മദ് കബീര്‍ ചോദിച്ചപ്പോള്‍ തിരക്കഥ നല്‍കാന്‍ സന്തോഷമേയുണ്ടായിരുന്നുള്ളൂ. കോവിഡ് പ്രതിസന്ധിയില്‍ ‘ ഇന്‍ഷാ അള്ള്’ എന്ന ആ പ്രോജക്ട് മുടങ്ങി. അതിനുശേഷമാണ് അഹമ്മദ് കബീറുമായി തന്നെ ചേര്‍ന്ന് ‘ മധുരം’ ചെയ്യുന്നത്. പെരിന്തല്‍മണ്ണ എംഇഎസ് കോളേജിലെ ജേര്‍ണലിസം ഗസ്റ്റ് ലക്ചര്‍ക്ക് സിനിമ പ്രൊഫഷനാക്കാനുള്ള ആത്മവിശ്വസം നല്‍കുന്ന വിജയം മധുരം നല്‍കി. ആ ആത്മവിശ്വാസം ഒന്നുകൂടി ഊട്ടിയുറപ്പിക്കുകയാണ് കേരള ക്രൈം ഫയല്‍സ് എന്ന വെബ് സീരീസ്. ഡിസ്‌നി ഹോട്‌സ്റ്റാറിന്റെ ആദ്യ മലയാളം വെബ് സീരീസായ ‘ കേരളം ക്രൈം ഫയല്‍സ്; ഷിജു, പാറയില്‍ വീട്, നീണ്ടകര’ അതിന്റെ റിലീസ് ദിവസം തന്നെ ട്രെന്‍ഡിംഗില്‍ ഒന്നാമതെത്തി. ഒരു സീറ്റ് എഡ്ജ് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ അല്ല കേരള ക്രൈം ഫയല്‍സ്. ത്രില്ലര്‍ ഡ്രാമ ഗണത്തില്‍പ്പെടുന്ന സീരീസ് അതിന്റെ വിജയം നേടുന്നത് ആഷിഖ് ഐമര്‍ എന്ന തിരക്കഥാകൃത്തിന്റെ പെര്‍ഫെക്ട് സ്‌ക്രിപ്പ്റ്റിംഗ് കൊണ്ട് കൂടിയാണ്. ഒരു ത്രില്ലറിന്റെ ആസ്വാദനത്തിനപ്പുറം, വളരെ സൂക്ഷ്മമായി പ്രതിപാദിച്ചിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക യാഥാര്‍ത്ഥ്യങ്ങളുടെ ചര്‍ച്ചയ്ക്കും കേരള ക്രൈം ഫയല്‍സ് ഇടമൊരുക്കിയിട്ടുണ്ട്. കേരള ക്രൈം ഫയല്‍സിന്റെ പ്രേക്ഷക വായനയോയുള്ള ആഷിഖ് ഐമര്‍ പ്രതികരണം കൂടിയാണ് ഈ അഭിമുഖം.

ആഷിഖ് ഐമര്‍

‘പൊലീസ് സ്റ്റേഷനില്‍’ നിന്ന് കിട്ടിയ കഥ
ഒരു പൊലീസ് കഥ മനസില്‍ ഇട്ടായിരുന്നു ഞാനും അഹമ്മദ് കബീറും എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ ചെല്ലുന്നത്. സി ഐ വിജയശങ്കര്‍ സാറുമായുള്ള സംസാരത്തിനിടയില്‍, അദ്ദേഹം പറഞ്ഞ ഒട്ടും ഇംപോര്‍ട്ടന്‍സ് ഇല്ലാത്തൊരു കേസ് ഞങ്ങള്‍ക്ക് പുതിയൊരു കഥ സമ്മാനിച്ചു. ചെറിയൊരു കേസ് എന്ന് പൊലീസുകാര്‍ കരുതിയ കേസ്. പ്രതിയെ പിടിക്കാന്‍ കഴിയാതെ വന്നതോടെ അവരുടെ ഈഗോ ഹര്‍ട്ട് ആകുന്നു. പിന്നീടതവര്‍ തെളിയിക്കുന്നു. ആ ‘ ഇംപോര്‍ട്ടന്‍സ്’ അല്ലാത്തൊരു കേസായിരുന്നു സ്റ്റേഷനില്‍ നിന്നിറങ്ങുമ്പോള്‍ ഞങ്ങളുടെ മനസില്‍. അവിടെ നിന്നാണ് കേരള ക്രൈം ഫയല്‍സ് രൂപപ്പെടുന്നത്.

സിനിമയാക്കിയാല്‍ തിയേറ്ററില്‍ വര്‍ക്ക് ഔട്ട് ആകുമോയെന്ന ഭയമുണ്ടായിരുന്നു. എപ്പോഴെങ്കിലും ഒ.ടി.ടി ആയി ചെയ്യാമെന്ന് കരുതി. അങ്ങനെയിരിക്കെയാണ് ഡിസ്‌നി ഹോട്ട്‌സ്റ്റാറില്‍ നിന്നും വെബ്‌സീരീസ് ചെയ്യാനുള്ള ഓഫര്‍ വരുന്നത്. സീരീസ് ചെയ്യാന്‍ ഈ കഥ ഫിറ്റ് ആയിരുന്നു. മലയാളം വെബ്‌സീരീസുകളുടെ വിജയമാതൃകകളൊന്നും മുന്നില്‍ ഇല്ലായിരുന്നുവെങ്കിലും ടെന്‍ഷന്‍ ഇല്ലായിരുന്നു. എക്‌സൈറ്റ്‌മെന്റ് ആയിരുന്നു. നമ്മുടെ വര്‍ക്ക് കൂടുതല്‍ പേരിലേക്ക് റീച്ച് ആവുകയാണ്. വിവിധ ഭാഷകളില്‍ പോവുകയാണ്. ഇത്തരം കാര്യങ്ങളാണ് എക്‌സൈറ്റ് ചെയ്യിച്ചത്. വെബ് സീരീസുകള്‍ സിനിമയെക്കാള്‍ ഫ്രീഡം തരും. കഥാപാത്രങ്ങളെ വിശദമാക്കാനും കാര്യങ്ങള്‍ വിശദീകരിക്കാനുമുള്ള ഫ്രീഡം. ത്രില്ലര്‍ സബ്ജക്ട് എഴുതുമ്പോള്‍, സിനിമയായാലും സീരീസായാലും അതിന്റെതായ വെല്ലുവിളിയുണ്ട്.

കേരള ക്രൈം ഫയല്‍സ് ഒരു പക്കാ ത്രില്ലര്‍ അല്ല. ഇതിലൊരു ഡ്രാമയുണ്ട്. രണ്ടും ചേര്‍ന്നതാണ്. കംപ്ലീറ്റ് ത്രില്ലര്‍ ആയിട്ടില്ല പരിചരിച്ചിരിക്കുന്നത്. പൊലീസുകാരുടെ അന്വേഷണവും അവരുടെ ജീവിതവും പറയുന്നുണ്ട്. അതുപോലെ മറ്റുള്ള കഥാപാത്രങ്ങളുടെയും. സെക്‌സ് വര്‍ക്കേഴ്‌സ് ആയ സ്ത്രീകളുടെയുമെല്ലാം.

വിശദമായ സാമൂഹിക നിരീക്ഷണം ഈ സ്‌ക്രിപ്റ്റിനുവേണ്ടി മാത്രമായിട്ട് ചെയ്തിട്ടില്ല. അത്തരമൊരു നിരീക്ഷണവും ഇടപെടലും സമൂഹത്തില്‍ മുന്നേ നടത്തി പോന്നിരുന്നു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തില്‍ സജീവമായിരുന്നു. സമൂഹവുമായി ഇടകലര്‍ന്നാണ് ജീവിച്ചുവരുന്നത്. എഴുത്ത് ഒരു മുറിക്കുള്ളിലായാലും, അതിനുവേണ്ടിയുള്ള പഠനങ്ങള്‍ ജീവിതത്തില്‍ മുമ്പേ ആരംഭിച്ചിരുന്നു. ഓരോ കഥാപാത്രത്തിന്റെയും സംഭാഷണത്തില്‍ പോലും വ്യത്യാസങ്ങള്‍ വരുത്താന്‍ സഹായിച്ചത് സാമൂഹ്യ ഇടപെടലാണ്. സംഘടന സംവിധാനത്തില്‍ പ്രവര്‍ത്തിച്ചിരുന്നൊരാള്‍ എന്ന നിലയില്‍ പൊലീസുമായും നിരന്തരം ഇടപെട്ടുകൊണ്ടിരുന്നു. പലതും അക്കാലത്തെ ശ്രദ്ധിച്ചിരുന്നു.

എല്ലാ പൊലീസുകാരും ഒരുപോലെയല്ല
ഈ സീരീസിലെ ഓരോ പൊലീസ് കഥാപാത്രവും ഒരാളില്‍ നിന്നും വ്യത്യസ്തനാണ്. ഒരേ ജോലി ചെയ്യുന്നവരായാലും അവര്‍ പരസ്പരം വിഭിന്നരായിരിക്കും. ജീവിത സാഹചര്യം, ഐഡിയോളജി; അങ്ങനെ പലതും അവരെ വ്യത്യസ്തരാക്കും. സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ പ്രദീപ് ഒരു ടിപ്പിക്കല്‍ പൊലീസുകാരനായി തോന്നിയെന്നു പറഞ്ഞല്ലോ, അയാള്‍ അങ്ങനെയുള്ള പൊലീസുകാരനാണ്. വളരെ എക്‌സ്പീരീയന്‍സ്ഡ് ആയൊരു പൊലീസുകാരന്‍. ആ പൊലീസുകാരന്‍ അത്തരത്തില്‍ ഫോട്ടോ കീറും. അയാളെ സംബന്ധിച്ച് അയാള്‍ ചെയ്യുന്നത് ശരിയാണ്. വേറെ ഇമോഷന്‍സൊന്നും വരില്ല. പ്രതിയാണെന്ന് അയാള്‍ വിശ്വസിക്കുന്നൊരാളുടെ വീട്ടില്‍ ചെല്ലുമ്പോള്‍ അയാള്‍ തന്റെ ജോലി മാത്രമെ ചെയ്യൂ. പല കാരണങ്ങളും അയാള്‍ക്കതിന് ഉണ്ടാകാം, ചിലപ്പോള്‍ ഉള്ളിലെ ജാതിബോധം ഒരു കാരണമാകാം. പൊലീസുകാരുടെ എല്ലാ പ്രശ്‌നങ്ങളും ഉള്ളൊരു മനുഷ്യനാണ് എസ് സി പി ഒ പ്രദീപ്.

വൈറ്റും ആക്കിയിട്ടില്ല, ബ്ലാക്കും ആക്കിയിട്ടില്ല
പൊലീസിനെ മഹത്വവത്കരിക്കുകയോ, നല്ല മനുഷ്യരാക്കുകയോ ചെയ്‌തെന്ന അഭിപ്രായത്തോട് യോജിക്കുന്നില്ല. വ്യക്തിപരമായി പൊലീസിനോട് വലിയ മതിപ്പ് ഇല്ല. ആ കാരണങ്ങള്‍കൊണ്ട് എല്ലാവരും മോശമാണെന്ന് ജനറലൈസ് ചെയ്തു പറയുന്നുമില്ല. നല്ല പൊലീസുകാരെയും കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് പ്രളയകാലത്തൊക്കെ. എന്റെ അനുഭവത്തില്‍ പൊലീസ് മോശമാകാം, മറ്റൊരാളുടെ അനുഭവത്തില്‍ നല്ലവരുമാകാം. ഈ സീരീസില്‍, അവര്‍ക്ക് രക്ഷപ്പെടാനായി ഒരാളെ കുടുക്കാന്‍ എല്ലാവരും ഒന്നിക്കുന്നൊരു രംഗമുണ്ട്. എസ് ഐ മനോജ് പോലും അതിന് മൗനാനുവാദം നല്‍കുകയാണ്. പൊലീസിനെ വൈറ്റും ആക്കിയിട്ടില്ല, ബ്ലാക്കും ആക്കിയിട്ടില്ല, അവരെ ഒരു ഗ്രേ ഷെയ്ഡില്‍ ആണ് നിര്‍ത്തിയിരിക്കുന്നത്. അതായത്, അടച്ചാക്ഷേപിക്കുന്നമില്ല, എന്നാല്‍ എടുത്ത് തലയില്‍ വയ്ക്കുന്നുമില്ല.

ആ ക്ലീഷേ ഞാന്‍ ആവര്‍ത്തിക്കുന്നു
സിപിഒ സുനില്‍ ഒരു ബോധപൂര്‍വ സൃഷ്ടിയാണ്. അല്ലെങ്കില്‍ അയാളുടെ വീട്ടു ചുമരില്‍ അയ്യങ്കാളി വരേണ്ടതില്ല. അയ്യങ്കാളിയുടെ ഫോട്ടോ ആവര്‍ത്തനമായിട്ടുണ്ടെന്നും ക്ലീഷേ ആയിത്തീര്‍ന്നെന്നൊക്കെ കമന്റുകള്‍ കണ്ടു. ആ ക്ലീഷേ ആവര്‍ത്തിക്കപ്പെടേണ്ടതാണെന്ന് തന്നെയാണ് വിശ്വാസം. അങ്ങനെയൊരു സൊസൈറ്റിയില്‍ തന്നെയാണ് നമ്മള്‍ ഇപ്പോഴും ജീവിക്കുന്നത്. സിനിമയിലെങ്കിലും ആ ബിംബങ്ങള്‍ ആവര്‍ത്തിക്കപ്പെടേണ്ടതുണ്ട്.

സുനിലിന്റെ ജീവിതം ഫ്‌ളാഷ് ബാക്ക് ആയി കാണിക്കുന്നില്ല. അയാളും ഭാര്യയുമായുള്ള സംസാരത്തിലാണത് പറയുന്നത്. ‘ നമ്മുടെ വിവാഹം അസാധാരണമായിരുന്നല്ലോ’ എന്ന് ഭാര്യ പറയുന്നിടത്താണ് അയാള്‍ ആരാണെന്ന് വ്യക്തമാക്കുന്നത്. അത്തരം വിവാഹങ്ങള്‍ നമുക്കിടയില്‍ ഇപ്പോഴും സാധാരണമായിട്ടില്ല. ആ രാഷ്ട്രീയം എനിക്ക് പറയണമെന്ന് തോന്നി. അത്തരം രാഷ്ട്രീയം എന്തെങ്കിലുമൊക്കെ നമ്മള്‍ പറയേണ്ടേ?

സിനിമ എന്റെ രാഷ്ട്രീയ മാധ്യമമല്ല
കേരള ക്രൈം ഫയല്‍സില്‍ നിന്നും നിങ്ങള്‍ വായിക്കുന്ന രാഷ്ട്രീയം പലതും, കഥയില്‍ സ്വാഭാവികമായി ഉണ്ടായവയാണ്. പലതരം വായനകള്‍ നടക്കുന്നുണ്ട്. അതെല്ലാം സ്വാഗതം ചെയ്യുന്നു. പ്രേക്ഷകന്‍ അവന്റെതായ കാഴ്ച്ചയില്‍ പറയുന്നവയുമുണ്ട്. സുനിലിന്റെ വീട്ടില്‍ വരുന്ന പ്രദീപും വിനുവും, സുനില്‍ നല്‍കുന്ന പഴം കഴിക്കാന്‍ തയ്യാറാകാത്ത രംഗം മനഃപൂര്‍വം എഴുതി ചേര്‍ത്തതൊന്നുമല്ല. അതങ്ങനെ സ്വാഭാവികമായി സംഭവിച്ചതാണ്. ആ സീനിന് പലരീതിയിലുള്ള പ്രേക്ഷക വായനയുണ്ടാകുന്നു.

എനിക്ക് സിനിമ രാഷ്ട്രീയം പറയാനുള്ള മാധ്യമമല്ല. സിനിമയെ അങ്ങനെ കാണുന്നുമില്ല. എന്റെ രാഷ്ട്രീയം പറയാന്‍ എനിക്ക് വേദികള്‍ വേറെയുണ്ട്. അവിടെയത് പറയാന്‍ ധൈര്യവുമുണ്ട്. എന്നിരുന്നാലും ഒരു സിനിമ ചെയ്യുമ്പോള്‍ അതില്‍ നമ്മുടെ രാഷ്ട്രീയം കടന്നു വരാം, അത് എഴുത്തുകാരന്റെയാകാം, സംവിധായകന്റെയാകാം. ഈ സീരിസിലും പലതും അത്തരത്തില്‍ സ്വാഭാവികമായി കടന്നു വന്നതാണ്.

ആ സ്ത്രീകള്‍ പലരാണ്
ഓരോ സ്ത്രീ കഥാപാത്രങ്ങളും അവരുടെതായ മാനസികാവസ്ഥയുള്ളവരാണ്. ‘ ഞാന്‍ ചെയ്യുന്ന പണി തന്നെയല്ലേ അവളും ചെയ്യുന്നത്’ എന്ന് സ്വപ്ന ചോദിക്കുന്നുണ്ട്. അങ്ങനെ ചോദിക്കുന്ന ലൈംഗിക തൊഴിലാളികളുണ്ട്. മറ്റൊരു സെക്‌സ് വര്‍ക്കര്‍ ആയ ബിന്‍സി പറയുന്നത്, ഞാന്‍ ജീവിതം മടുത്തയാളല്ലെന്നാണ്, എനിക്കും സ്വപ്‌നങ്ങളും പ്രതീക്ഷകളുമുണ്ടെന്നാണ്. ഏതൊരു പെണ്‍കുട്ടിയെപ്പോലെയും ജീവിതത്തില്‍ സ്വപ്‌നം കാണുന്നയാളാണ് ബിന്‍സി. സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരിയാണ് ലതിക, അവര്‍ക്കൊരു കുട്ടിയുണ്ട്. ഒരു തൊഴില്‍ ചെയ്യുന്നതിന്റെ കൂടെ മറ്റൊരു തൊഴില്‍ കൂടി ചെയ്യുന്നതുപോലെയാണ് അവര്‍ ലൈംഗിക തൊഴിലാളിയാകുന്നത്. ആരെയും ആശ്രയിക്കാതെ ജീവിക്കാമെന്ന് ഭര്‍ത്താവിനെക്കൂടി ധൈര്യപ്പെടുത്തുന്ന ബോള്‍ഡ് ആയ പെണ്‍കുട്ടിയാണ് സുനിലിന്റെ ഭാര്യ. ജീവിതത്തില്‍ കണക്കുകൂട്ടലുകളൊക്കെയുള്ള, കുലസ്ത്രീ ഇമേജ് പേറുന്ന പെണ്‍കുട്ടിയാണ് മനോജിന്റെ ഭാര്യ…അങ്ങനെ ഓരോരുത്തരും അവരുടെതായ മാനസികാവസ്ഥയില്‍ ജീവിക്കുന്നവരാണ്.

അയാളൊരു സാധാരണക്കാരനാണ്
ഗംഭീരമായാണ് അജു വര്‍ഗീസ് എസ് ഐ മനോജിനെ അവതരിപ്പിച്ചിരിക്കുന്നത്. അജു ആ കഥാപാത്രമാകുന്നതിന്റെ ക്രെഡിറ്റ് സംവിധായകന്‍ അഹമ്മദ് കബീറിനാണ്. മനോജ് സാധാരണക്കാരനായ പൊലീസുകാരനാണ്. സ്റ്റാര്‍ഡം ഉള്ളൊരു അഭിനേതാവ് മനോജിനെ അവതരിപ്പിച്ചാല്‍ ശരിയാകില്ല. കണ്ടന്റ് ചെറുതായിപ്പോകും. ഇതൊരു സാധാരണ കേസാണ്, സാധാരണക്കാരായ പൊലീസുകാരാണ് അന്വേഷിക്കുന്നത്. പ്രതിയും സാധാരണക്കാരന്‍. അതുപോലെയാണ് ഈ സീരീസിലെ ഓരോ കഥാപാത്രങ്ങളെയും അവതരിപ്പിച്ചവരുടെ കാര്യവും. സംവിധായകന്റെ കോണ്‍ഫിഡന്‍സാണ് വിജയിച്ചത്.

ആഷിഖ് ഐമറും സംവിധായകന്‍ അഹമ്മദ് കബീറും

സംവിധായകനില്‍ വിശ്വാസം
ഈ സീരീസിന്റെ സ്‌ക്രിപ്റ്റ് നന്നായെങ്കില്‍ അതെന്റെ സംവിധായകനില്‍ എനിക്കുണ്ടായിരുന്ന വിശ്വാസമാണ്. എന്തെഴുതിയാലും, ക്യാരക്ടര്‍ ഉണ്ടാക്കിയാലും, ഡയലോഗ് എഴുതിയാലും, അപ്പോഴെല്ലാം ഞാനെന്റെ സംവിധായകനുമേല്‍ വിശ്വസിച്ചു. അദ്ദേഹം ആരെയും നിരാശരാക്കിയില്ല. അതുപോലെ മറ്റ് സാങ്കേതിക പ്രവര്‍ത്തകരും.

എല്ലാത്തരം സിനിമകളും
സംവിധായകനാകണം, അതിന് ഇനിയും തയ്യാറെടുപ്പുകള്‍ വേണം. അതുവരെ നല്ല സംവിധായകര്‍ക്കുവേണ്ടി എഴുതണം. പേര് ഉറപ്പിക്കണം. എല്ലാത്തരം സിനിമകളും എഴുതണം, നാളെ എന്റെ വിക്കീപീഡിയ പേജ് നോക്കുമ്പോള്‍, ഒരു സൂപ്പര്‍മാര്‍ക്കറ്റ് പോലെ തോന്നണം. ഇവിടെ എല്ലാത്തരം സിനിമകളും ഉണ്ടെന്ന് മനസിലാകണം. പഥേര്‍ പഞ്ചലിയും സി ഐ ഡി മൂസയും ഒരുപോലെ ആസ്വദിക്കുന്നൊരാളാണ്. ഒരു കഥ എങ്ങനെ പറഞ്ഞാലാണോ നന്നാവുക, അങ്ങനെ പറയണമെന്ന് വിചാരിക്കുന്ന എഴുത്തുകാരന്‍…

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍