UPDATES

കെ ജി ജോര്‍ജ്; ആവര്‍ത്തനങ്ങളെ പൊളിച്ചു കളഞ്ഞ ഗുരു

ഒരിക്കലും സ്വയം ആവര്‍ത്തിച്ചിട്ടില്ലാത്ത സംവിധായകനാണ് കെ ജി ജോര്‍ജ്

                       

മലയാള സിനിമയിലെ വിപ്ലവകരമായ മാറ്റങ്ങള്‍ക്കു തുടക്കം കുറിച്ച സംവിധായകരില്‍ ഏറ്റവും പ്രമുഖനാണ് കെ ജി ജോര്‍ജ്. അടൂര്‍ ഗോപാലകൃഷ്ണനും അരവിന്ദനുമൊക്കെ സമശീര്‍ഷനായൊരു സംവിധായകനായിട്ടാണ് അദ്ദേഹത്തെ ഞാന്‍ നോക്കി കാണുന്നത്. ഒരുപക്ഷേ എഴുപതുകളില്‍ പുറത്തുവന്ന മൂന്നു ശ്രദ്ധേയമായ ചിത്രങ്ങള്‍; അടൂരിന്റെ സ്വയംവരം, അരവിന്ദന്റെ ഉത്തരായണം, കെ ജി ജോര്‍ജിന്റെ സ്വപ്നാടനം (ഭരതന്റെ ആദ്യത്തെ സംവിധാനസംരഭവും പത്മരാജന്റെ ആദ്യത്തെ തിരക്കഥയുമായ പ്രയാണവും ഇതിനൊപ്പം പറയാം) മലയാള സിനിമയില്‍ വലിയ മാറ്റങ്ങള്‍ക്കു നാന്ദി കുറിച്ചവയാണ്. ഇവിടെ പറഞ്ഞ നാലു സിനിമകളില്‍ ഏറ്റവും പ്രമുഖമെന്നു പറയാം സ്വപ്നാടനം. അതുവരെ മലയാള സിനിമയില്‍ കണ്ടിട്ടില്ലാത്ത രീതിയില്‍ സ്വപ്നങ്ങളെ, ഭ്രമാത്മകമായിട്ടുള്ള ബിംബങ്ങളെയൊക്കെ വിളക്കി ചേര്‍ത്തൊരു സിനിമയായിരുന്നു അത്. സിനിമയോടും സിനിമയുടെ ഭാഷയോടും വളരെ വ്യത്യസ്തമായൊരു സമീപനം. നടീനടന്മാരുടെ സ്വാഭാവികമായ അഭിനയരീതി. സ്വപ്നാടനത്തില്‍ നായകവേഷം ചെയ്തത് ഡോ. മോഹന്‍ദാസ് എന്ന നടനാണ് (അരവിന്ദന്റെ ഉത്തരായണത്തിലും നായകനായിരുന്നു ഡോ. മോഹന്‍ദാസ്). റാണി ചന്ദ്ര, സോമന്‍, മല്ലിക സുകുമാരന്‍ എന്നിവരായിരുന്നു മറ്റു പ്രധാന അഭിനേതാക്കള്‍.

1976-ല്‍ പുറത്തു വന്ന സിനിമ ഇപ്പോള്‍ കാണുമ്പോഴും അതിലൊരു പുതുമ അനുഭവിക്കാന്‍ കഴിയുന്നുണ്ട്. അതിലെ സംഭാഷണങ്ങള്‍, സാന്ദര്‍ഭികമായി ഉരുത്തിരിഞ്ഞുവരുന്ന തമാശകള്‍ ഇപ്പോഴും പ്രേക്ഷകനെ ആകര്‍ഷിക്കുന്നു. സ്വപ്നാടത്തിന് ആ വര്‍ഷത്തെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാര്‍ഡും, മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും സോമനും മല്ലികയ്ക്കും യഥാക്രമം മികച്ച സഹനടനും സഹനടിക്കുമുള്ള സംസ്ഥാന അവാര്‍ഡുകളും കിട്ടുകയുണ്ടായി. അക്കാലത്തെ ന്യൂജനറേഷന്‍ സിനിമയായിരുന്നു സ്വപ്നാടനം.

കെ ജി ജോര്‍ജിന്റെ സിനിമയിലെ പ്രമേയ വൈവിധ്യം ശ്രദ്ധിക്കേണ്ടതാണ്. ഒരിക്കലും സ്വയം ആവര്‍ത്തിച്ചിട്ടില്ലാത്ത സംവിധായകനാണ് അദ്ദേഹം. സ്വപ്നാടനം കഴിഞ്ഞ് അദ്ദേഹം ചെയ്ത ചില സിനിമകള്‍ അധികം ശ്രദ്ധിക്കപ്പെടാതെ പോയിട്ടുണ്ട്. അതിലൊന്നാണ് വ്യാമോഹം (1977). ആ ചിത്രത്തിലൂടെയാണ് ഇളയരാജ ആദ്യമായി മലയാളത്തില്‍ എത്തുന്നത്. മണ്ണ്, ഇനി അവള്‍ ഉറങ്ങട്ടെ, ഓണപ്പുടവ എന്നീ ചിത്രങ്ങളും അത്രകണ്ട് ശ്രദ്ധേയമായില്ല. പക്ഷേ പത്മരാജന്റെ തിരക്കഥയില്‍ കെജി ജോര്‍ജ് ചെയ്ത ഒരേയൊരു സിനിമയായ രാപ്പാടികളുടെ ഗാഥ എന്ന ചിത്രം പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റി. എഴുപതുകളിലെ യുവാക്കളില്‍ ഉണ്ടായിരുന്ന മയക്കുമരുന്നിന്റെ ഉപയോഗവും മാനസികപ്രശ്നങ്ങളുമൊക്കെയായിരുന്നു സോമനും വിധുബാലയും കേന്ദ്രകഥാപാത്രങ്ങളായി വന്ന രാപ്പാടികളുടെ ഗാഥയുടെ പ്രമേയം.

കെ ജി ജോര്‍ജിന്റെ ഭാവുകത്വപരിണാമം കൃത്യമായി അടയാളപ്പെടുത്തുന്ന സിനിമ ഉള്‍ക്കടല്‍ ആണ്. ജോര്‍ജ് ഓണക്കൂറിന്റെ നോവലിനെ അടിസ്ഥാനമാക്കിയ ചലച്ചിത്രം (1979). മലയാളത്തിലെ ലക്ഷണമൊത്ത ആദ്യത്തെ ക്യാമ്പസ് സിനിമയാണ് ഉള്‍ക്കടല്‍. ആ ചിത്രം യുവാക്കള്‍ക്കിടയില്‍ വലിയ ചലനം സൃഷ്ടിച്ചു. പത്മരാജന്റെ തിരക്കഥയില്‍ മോഹന്‍ സംവിധാനം ചെയ്ത ശാലിനി എന്റെ കൂട്ടുകാരി, ജോണ്‍പോളിന്റെ രചനയില്‍ ഭരതന്‍ സംവിധാനം ചെയ്ത ചാമരം എന്നിവ മലയാളത്തിലെ മികച്ച കാമ്പസ് സിനിമകളായി പറയാമെങ്കിലും അതിന്റെയെല്ലാം തുടക്കം ഉള്‍ക്കടല്‍ ആണ്.

ഉള്‍ക്കടലിനുശേഷം അദ്ദേഹം ചെയ്തത് മേളയാണ്. അതിലെ നായകന്‍ ഒരു കുള്ളനാണ് (രഘു). മമ്മൂട്ടി ആദ്യമായി പ്രധാനവേഷത്തില്‍ എത്തുന്ന ചിത്രമാണു മേള. നായകതുല്യമായ ആ വേഷമാണ് മമ്മൂട്ടിയെ മലയാളത്തില്‍ ശ്രദ്ധേയനാക്കിയത്. മേളയ്ക്കു ശേഷം വന്നത്, പി ജെ ആന്റണിയുടെ നോവല്‍ ‘ഒരു ഗ്രാമത്തിന്റെ ആത്മാവ്’ അടിസ്ഥാനമാക്കിയെടുത്ത, നിഷ്‌കളങ്കമല്ലാത്ത ഒരു ഗ്രാമത്തിന്റെ കഥ പറഞ്ഞ കോലങ്ങള്‍, അതിനു പിന്നാലെ നാടകകലാകാരന്മാരുടെ ജീവിതകഥ ത്രില്ലര്‍ ഫോര്‍മാറ്റില്‍ പറഞ്ഞ യവനിക; അന്നും ഇന്നും എന്നും സിനിമവിദ്യാര്‍ത്ഥികള്‍ക്കുള്ളൊരു ടെക്സ്റ്റ് ആണിത്. പിന്നീട്, സിനിമയ്ക്കുള്ളിലെ സിനിമ പറയുന്ന, ഒരു സിനിമാനടിയുടെ പടിപടിയായിട്ടുള്ള തകര്‍ച്ച പറയുന്ന ലേഖയുടെ മരണം ഒരു ഫ്‌ലാഷ് ബാക്ക്, അള്‍ട്ടിമേറ്റ് പൊളിറ്റിക്കല്‍ സിനിമ എന്നു പറയാവുന്ന ഇരകള്‍, പകരം മറ്റൊന്നു പറയാനില്ലാത്ത തരത്തില്‍ കാരിക്കിച്ചേര്‍ രൂപത്തില്‍ സൃഷ്ടിച്ച പഞ്ചവാടിപ്പാലം, സിവി ബാലകൃഷ്ണന്റെ നോവല്‍ അവലംബമാക്കിയ മറ്റൊരാള്‍, മലയാള സിനിമയില്‍ ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച സ്ത്രീപക്ഷസിനിമയെന്നു പറയുന്ന ആദാമിന്റെ വാരിയെല്ല്. ഈ ചിത്രങ്ങളെല്ലാം പരിശോധിച്ചാല്‍ കെജി ജോര്‍ജ് എന്ന സംവിധായകന്‍ സ്വീകരിച്ച വിഷയവൈവിധ്യം വ്യക്തമാകും. ഒരിക്കലും സ്വയം ആവര്‍ത്തിച്ചിട്ടില്ല അദ്ദേഹം.

റിയലിസത്തോടുള്ള പ്രതിപത്തിയാണ് കെ ജി ജോര്‍ജിന്റെ മറ്റൊരു സവിശേഷത. ലോജിക്കുകള്‍ക്ക് നിര്‍ബന്ധബുദ്ധി പിടിക്കുന്ന ഒരു ഫിലിം മേക്കര്‍ കച്ചവട സിനിമയില്‍ ഒരിക്കലും വിജയിക്കാറില്ല. നമ്മുടെ പ്രഗത്ഭരായ പല സംവിധായകരുടെയും വിജയചിത്രങ്ങള്‍ എടുത്തുനോക്കായാല്‍ അവയില്‍ പലതും ലോജിക്കുകളോട് ചേര്‍ന്നു നില്‍ക്കാത്തവയാണെന്നു കാണാം, എന്നാലും നാമത് അംഗീകരിച്ചു കൊടുക്കുകയാണ്. കെജി ജോര്‍ജ് എന്ന സംവിധായകന്റെ പ്രത്യേകത അവിടെയാണ്, ഒരിക്കലും ഒത്തുതീര്‍പ്പുകള്‍ക്ക് വഴങ്ങിയിട്ടില്ല അദ്ദേഹം. ജീവിതത്തിന്റെ യഥാതഥഭാവത്തോട് ഒട്ടിച്ചേര്‍ന്നു നില്‍ക്കാന്‍ ശീലിച്ച ചലച്ചിത്രകാരനാണ് കെജി ജോര്‍ജ്. കച്ചവട വിജയമായ യവനികയില്‍പോലും യാഥാര്‍ഥ്യബോധമില്ലാത്ത ഒരു ഫ്രെയിംപോലും കാണാനാകില്ല. റിയലിസവും അതിലൂന്നിയുള്ള മാനസിക അപഗ്രഥനങ്ങളുമൊക്കെയാണ് ജോര്‍ജ് സാറിന്റെ സവിശേഷതകളായി ഞാന്‍ കാണുന്നത്.

സിനിമ താരാധിപത്യത്തിനു വഴിമാറി തുടങ്ങിയ, തൊണ്ണൂറുകളുടെ അവസാനത്തിലാണ് കെജി ജോര്‍ജ് തന്റെ സജീവമായ സിനിമാജീവിതം അവസാനിപ്പിക്കുന്നത്. താരങ്ങളുടെ അടുത്തു ചെന്നു ഡേറ്റിനുവേണ്ടി അപേക്ഷിക്കേണ്ട അവസ്ഥ വന്നു തുടങ്ങിയിരുന്നു. ആ ആര്‍ത്ഥത്തില്‍ സിനിമ സംവിധായകന്റെ കലയല്ലാതെ മാറിയ കാലത്ത് ഇനി സിനിമ ചെയ്യേണ്ട എന്നു തീരുമാനിക്കുകയായിരുന്നു അദ്ദേഹം. ആ തീരുമാനം കൊണ്ടു തന്നെയാണ് കെജി ജോര്‍ജ് എന്ന സംവിധായകനെ നമ്മള്‍ ഇപ്പോഴും ബഹുമാനിക്കുന്നത്. അദ്ദേഹത്തിന്റെ ക്രാഫ്റ്റ്മാന്‍ഷിപ്പില്‍ നിന്ന് അകന്നു നില്‍ക്കുന്നൊരു സിനിമ ഉണ്ടാവാതിരുന്നതും അതുകൊണ്ടാണ് (അങ്ങനെയൊന്നെന്നു പറയേണ്ടി വരുന്നത് ഇലവങ്കോടുദേശം എന്ന ചിത്രമാണ്, ഒത്തുതീര്‍പ്പ് ചെയ്യേണ്ടിവന്നെന്ന് അദ്ദേഹം തന്നെ സമ്മതിക്കുന്ന സിനിമ). അത്തരമൊരു തീരുമാനത്തിനുള്ള അംഗീകരമാണ് അദ്ദേഹത്തെ തേടിയെത്തിയ ജെ.സി ഡാനിയേല്‍ പുരസ്‌കാരം എന്നു ഞാന്‍ കരുതുന്നു.

സിബി മലയില്‍, ലാല്‍, അമല്‍ നീരദ് തുടങ്ങി അദ്ദേഹത്തിനുശേഷമുള്ള തലമുറയിലെ പല സംവിധായകരും കെജി ജോര്‍ജ് എന്ന ഫിലിം മേക്കറെ തങ്ങളുടെ മാസ്റ്റര്‍ എന്ന നിലയിലാണ് സ്വീകരിച്ചിരിക്കുന്നത്. മലയാളത്തിലെ എല്ലാ ഫിലിം മേക്കേഴ്സും ബഹുമാനിക്കുന്ന ഒരു സിനിമഗുരുവാണ് കെ ജി ജോര്‍ജ്.

സിനിമ രചയിതാവ് എന്ന നിലയിലും കെജി ജോര്‍ജിനെ പ്രത്യേകമായി പരാമര്‍ശിക്കേണ്ടതുണ്ട്. ഇരകളുടെയും കോലങ്ങളുടെയും സ്‌ക്രിപ്റ്റുകള്‍ അദ്ദേഹത്തിന് ആ മേഖലയിലുണ്ടായിരുന്ന മികവ് അടയാളപ്പെടുത്തുന്നു.

അത്ഭുതകരമായ ഒരു കാര്യം ഇവിടെ പറയേണ്ടത്, ഇന്ത്യ കണ്ട ഏറ്റവും മികച്ച സംവിധായകരില്‍ ഒരാളായ കെജി ജോര്‍ജിന് തന്റെ പ്രവര്‍ത്തനകാലത്ത് ഒരിക്കല്‍ പോലും മികച്ച സംവിധായകനുള്ള സര്‍ക്കാര്‍ പുരസ്‌കാരങ്ങളൊന്നും കിട്ടിയിട്ടില്ല. ഒരു ഫിലിം ക്രിട്ടിക്സ് അവാര്‍ഡുപോലും അദ്ദേഹത്തിനു കിട്ടിയിട്ടില്ല. തിരക്കഥയ്ക്കും കഥയ്ക്കുമുള്ള അവാര്‍ഡുകള്‍ മാത്രമാണ് അദ്ദേഹത്തിനു ലഭിച്ചത്. കൃതഹസ്തനായ തിരക്കഥ രചയിതാവു തന്നെയാണ് അദ്ദേഹം. സ്വയമെഴുതിയവയിലും മറ്റുള്ളവരുമായി സഹകരിച്ചെഴുതിയവയിലും അവസാനത്തെ കൈയൊപ്പ് തന്റേതായിരുന്നുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടുണ്ട്.

സിനിമ എന്ന മാധ്യമത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും ബോധ്യമുള്ള ഒരാള്‍ കൂടിയാണ് അദ്ദേഹം. നെടുമുടി വേണു ചേട്ടനുമായുള്ള സംസാരത്തില്‍ അദ്ദേഹം പറഞ്ഞൊരു കാര്യമുണ്ട്, കോലങ്ങളുടെ ചിത്രീകരണ സമയത്ത് ഛായാഗ്രാഹകനായിരുന്ന രാമചന്ദ്രബാബുവിന് രണ്ടു ദിവസത്തേക്ക് എവിടേക്കോ മാറിനില്‍ക്കേണ്ടി വന്നു. ആ രണ്ടു ദിവസവും കാമറ ചലിപ്പിച്ചത് ജോര്‍ജ് സാറായിരുന്നു. അദ്ദേഹം തന്നെ ആക്ഷന്‍ പറയും, കാമറ ചലിപ്പിക്കും, അദ്ദേഹം തന്നെ കട്ട് പറയും; അങ്ങനെയായിരുന്നു. സിനിമയുടെ എല്ലാ മേഖലയിലും ആഴത്തില്‍ പരിജ്ഞാനമുള്ള തികഞ്ഞ ഒരു ടെക്നീഷ്യന്‍ തന്നെയാണു കെജി ജോര്‍ജ്. ആ പരിജ്ഞാനം തന്നെയാണ് അദ്ദേഹത്തെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും.

ഒരു സിനിമ ചെയ്യാന്‍ പോകുമ്പോള്‍ തന്റെ മനസില്‍ നിറയെ സ്വപ്നങ്ങളാണ്, അതിന്റെ ഇമേജുകളാണ്. ലൊക്കേഷനുകളില്‍ പോയി അവ ഷൂട്ട് ചെയ്യ്താല്‍ മാത്രം മതി എന്നാണ് അദ്ദേഹം പറയാറുള്ളത്.

തനിക്കൊപ്പം സഹകരിക്കുന്ന നടീനടന്മാരുടെ കഴിവുകള്‍ പരമാവധി ഉപയോഗിച്ചിരുന്ന സംവിധായകന്‍ കൂടിയായണു കെജി ജോര്‍ജ്. താന്‍ ഉദ്ദേശിക്കുന്ന രീതിയില്‍ അഭിനേതാക്കളെ കൊണ്ട് പെരുമാറിക്കുന്ന രീതിയാണ് അടൂര്‍ ഗോപാലകൃഷ്ണന്റെത്. പേശികളുടെ ചലനത്തില്‍ പോലും അതിസൂക്ഷ്മമായ നിരീക്ഷണം അദ്ദേഹം നടത്താറുണ്ട്. എന്നാല്‍ കെജി ജോര്‍ജിന്റെ രീതി അതല്ല. തന്റെ മുന്നിലുള്ള അഭിനേതാക്കളുടെ പെര്‍ഫോമന്‍സ് സ്വീകരിക്കുകയായണ് അദ്ദേഹം ചെയ്യുക. കയറൂരിവിടാന്‍ പാകത്തിലുള്ളവരെയൊക്കെ അദ്ദേഹം കയറൂരിവിടും. അല്ലാത്ത ആള്‍ക്കാരെ നിയന്ത്രിക്കും. അദ്ദേഹത്തിന്റെ സിനിമകളില്‍ നിന്നും അതു മനസിലാക്കാം. അഭിനേതാക്കളോടും സാങ്കേതികപ്രവര്‍ത്തകരോടും തന്റെതായൊരു സമീപനം കെജി ജോര്‍ജിന് ഉണ്ടായിരുന്നു.

സിനിമയെ സംബന്ധിച്ച് ഒരു എന്‍സൈക്ലോപീഡിയ തന്നെയാണു ജോര്‍ജ് സാര്‍. ഏകദേശം എല്ലാ ലോകക്ലാസിക്കുകളെ കുറിച്ചും കമ്പോടുകമ്പ് അറിയാവുന്നൊരാള്‍. വര്‍ഷങ്ങളോളം അദ്ദേഹവുമായി ബന്ധം പുലര്‍ത്തുകയും മിക്കവാറുമെന്നപോലെ അദ്ദേഹത്തെ കാണുകയും ചെയ്‌തൊരാളാണ് ഞാന്‍. ആ സമ്പര്‍ക്കത്തിലൂടെയാണ് പല സിനിമകളെക്കുറിച്ചും ഞാന്‍ മനസിലാക്കുന്നത്. വളരെ വിലപിടിപ്പുള്ള, സിനിമയെക്കുറിച്ചുള്ള ഒരു പുസ്തകത്തിന്റെ രണ്ടു വോള്യങ്ങള്‍ എനിക്കദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഒരു നിധിപോലെ ഞാനത് സൂക്ഷിക്കുകയാണ്. എല്ലാ രീതിയിലും ഒരു അധ്യാപകന്‍ എന്ന നിലയ്ക്ക് സിനിമാക്കാര്‍ക്കെല്ലാം അംഗീകരിക്കാവുന്ന ഒരാള്‍ തന്നെയാണു ജോര്‍ജ് സാര്‍.

(ചലച്ചിത്ര സംവിധായകനും മാധ്യമപ്രവര്‍ത്തകനും ‘കെ ജി ജോര്‍ജിന്റെ ചലച്ചിത്രയാത്രകള്‍’ എന്ന പുസ്തകത്തിന്റെ രചയിതാവുമായ കെ ബി വേണുവുമായി അഴിമുഖം പ്രതിനിധി സംസാരിച്ചു തയ്യാറാക്കിയ ഈ കുറിപ്പ് ആദ്യം പ്രസിദ്ധീകരിക്കുന്നത് 2016 സെപ്തംബര്‍ 8-ന് ആയിരുന്നു. കെ ജി ജോര്‍ജിന്റെ നിര്യാണത്തെ തുടര്‍ന്ന് പുനഃപ്രസിദ്ധീകരിക്കുകയാണ്).

Share on

മറ്റുവാര്‍ത്തകള്‍