June 26, 2026 |

‘മുത്തങ്ങസമരത്തിന്റെ തീവ്രത ഇന്നും പുതിയ തലമുറയിലേക്ക് എത്തിയിട്ടില്ല നരിവേട്ടയിലൂടെ സമരത്തെ ച‌‌‍ർച്ചയ്ക്ക് കൊണ്ടുവരാനുള്ള തീരുമാനം ഉചിതം’

വളരെ വ്യാപ്തിയുള്ള ഒരു ചരിത്രം സംഭവമാണ് മുത്തങ്ങ സമരം

കേരളത്തിലെ ആദിവാസി സമരചരിത്രത്തിൽ അരിവുവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ചോര കൊണ്ടെഴുതി ​ദിനമാണ് 2003 ഫെബ്രുവരി 19. പിറന്ന മണ്ണിൽ ജീവിക്കാനായി ഭൂമി ചോദിച്ച ആദിവാസികൾക്ക് നേരെ അവർ തോക്കുകൾ കൊണ്ട് പാഞ്ഞടുത്തു. പുൽക്കുടിലുകൾ കത്തിച്ചു, ഒരാൾ വെടിയേറ്റ് മരിച്ചു. മുത്തങ്ങ സമരത്തിന്റെ 23 ആണ്ട് പിന്നിടുമ്പോൾ സമരചരിത്രം വീണ്ടും ഓർമ്മിപ്പിക്കുകയാണ് അനുരാജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട. ഭൂരഹിതരായ ആദിവാസികൾക്ക് സ്വന്തമായി ഭൂമി വേണമെന്ന ആവശ്യമുയർത്തി നടന്ന ഈ സമരം വീണ്ടും ഓർമ്മിപ്പിക്കപ്പെടുമ്പോൾ ചെറുത്ത് നിൽപ്പിന്റെ നാളുകളെക്കുറിച്ചാണ് എം ​ഗീതാനന്ദൻ ഓർമ്മിക്കുന്നത്.

കേരളത്തിന്റെ ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ് മുത്തങ്ങ സമരം. ആ ചരിത്രം പുതിയ തലമുറയെ പരിചയപ്പെടുത്താനും അവരുടെ ചിന്തയിൽ വിത്തു പാകാനും നരിവേട്ട എന്ന ചിത്രത്തിന് സാധിച്ചേക്കുമെന്നാണ് കരുതുന്നതെന്ന് ​മനുഷ്യാവകാശ പ്രവർത്തകനും മുത്തങ്ങ സമരത്തിന് നേതൃത്വം നൽകിയവരിൽ ഒരാളുമായ എം ​ഗീതാനന്ദൻ അഴിമുഖത്തോട് പറഞ്ഞു.

മുത്തങ്ങ സമരത്തിന്റെ കാൽനൂറ്റാണ്ട് പിന്നിട്ടെങ്കിലും അതിന് വ്യക്തമായ ഒരു റീഡബിളിറ്റി ഇതുവരെ കിട്ടിയിട്ടില്ല. ദൃശ്യ മാധ്യമങ്ങളിലൊന്നും തന്നെ അത് വായിക്കപ്പെടുകയോ പുനഃസൃഷ്ടിക്കപ്പെടുകയോ ചെയ്തിട്ടില്ല. വളരെ വ്യാപ്തിയുള്ള ഒരു ചരിത്രം സംഭവമാണ് മുത്തങ്ങ സമരം. ആ വ്യാപ്തി ചിത്രത്തിന് നൽകാൻ കഴിയുമോ എന്നെനിക്കറിയില്ല, എന്നാൽ കാലിക രാഷ്ട്രീയത്തിൽ ഈ വിഷയം ചർച്ചയ്ക്ക് കൊണ്ടുവരാനുള്ള ആ തീരുമാനം ഉചിതമായി തോന്നുന്നു. മുത്തങ്ങ സംഭവം ശേഷം പുതിയൊരു തലമുറ തന്നെ വന്നുകഴിഞ്ഞു. അന്ന് രണ്ടും മുന്നൂം വയസുണ്ടായിരുന്ന കുഞ്ഞുങ്ങളായിരിക്കും ഇന്നീ ചിത്രത്തെ വിലയിരുത്തുക. അവർക്ക് ഈ സംഭവങ്ങൾ കൃത്യമായി വിലയിരുത്താൻ സാധിക്കുന്ന തരത്തിലുള്ള ആവിഷ്കാരങ്ങൾ കേരളത്തിൽ കുറവാണ്. മുത്തങ്ങ സംഭവം നടക്കുന്ന കാലഘട്ടത്തിലെ ആളുകളേക്കാൾ വേ​ഗത്തിലാണ് ഇന്നത്തെ കുട്ടികൾ ഓരോ സംഭവങ്ങളെ വിലയിരുത്തുകയും മനസിലാക്കുകയും ചെയ്യുന്നത്. അത് വേടന്റെ വിഷയത്തോടുള്ള അവരുടെ സമീപനങ്ങളിൽ നിന്ന് വ്യക്തമാണ്. ആ ഒരു നിലയ്ക്ക് മുത്തങ്ങ സംഭവം ചിത്രത്തിൽ ചെറുതായി പോലും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിനെ പുതിയ തലമുറ ക്രിട്ടിക്കലായി തന്നെ സ്വീകരിക്കാനാണ് സാധ്യത. സംഭവത്തിന്റെ സാങ്കൽപ്പിക പുനരാവിഷ്കരണമായിരിക്കുമല്ലോ ചിത്രം. സാങ്കൽപ്പികമാകുമ്പോഴും യഥാർത്ഥ സംഭവങ്ങളോട് നീതിപുലർത്താൻ ചിത്രത്തിന്റെ നിർമ്മാതാക്കൾക്ക് കഴിയുമെന്നാണ് തന്റെ പ്രതീക്ഷയെന്ന് ​ഗീതാനന്ദൻ വ്യക്തമാക്കി.

സ്വാതന്ത്രത്തിന്റെ 75 വർഷത്തിലൂടെ കടന്ന് പോകുമ്പോഴും അരികുവൽക്കരിക്കപ്പെട്ട ഒരു സമൂഹം ഇപ്പോഴും ഈ രാജ്യത്തുണ്ടെന്ന ഓർമ്മപ്പെടുത്തലുകളാണ് ഓരോ സമരങ്ങളും. അരികുവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ ആശയങ്ങളെ തച്ചുടച്ച് കളയുന്ന രീതിയാണ് സമകാലിക രാഷ്ട്രീയത്തിലെ ഡോമിനന്റ് സെഷന്റേത്. മുത്തങ്ങ സമരം ഉയർത്തിയിരുന്നത് ഇത്തരമൊരു ചെറുത്ത് നിൽപ്പായിരുന്നു. മുമ്പ് നടന്ന ആദിവാസി സമരങ്ങളുടെ തുടർച്ചായിരുന്നു മുത്തങ്ങ സമരം. തൊണ്ണൂറുകളുടെ ആദ്യ ദശകത്തിൽ തുടങ്ങി വൈകാതെ ഒരു രാഷ്ട്രീയ മാനം കൈവരിക്കുകയും ചെയ്തു. ആദിവാസി സമൂഹത്തിലെ ഒരു 80 ശതമാനവും പ്രകൃതിയിൽ നിന്നും മണ്ണിൽ നിന്നും നിഷ്കാസനം ചെയ്യപ്പെട്ടിട്ടുള്ളവരാണ്. അവർക്ക് സ്വന്തമായി ഭൂമി വേണമെന്ന ആവശ്യമുന്നയിച്ചു ഇതാണ് മുത്തങ്ങ സമരത്തിന്റെ ആരംഭമെന്ന് ​ഗീതാനന്ദൻ പറഞ്ഞു. ആദിവാസികൾക്ക് വീടും സ്ഥലവും നൽകാത്തതിൽ പ്രതിഷേധിച്ച് കുടിൽ കെട്ടിയായിരുന്നു സമരം. 48 ദിവസങ്ങൾ നീണ്ട് നിന്ന സമരത്തിന്റെ സ്വഭാവം കൾച്ചറൽ ആയിരുന്നു. അതിന് പര്യവസാനമായത് സർക്കാർ സമരക്കാരുമായി ചില കരാറുകൾ ഉണ്ടാക്കിയതോടെയാണ്. കേരളത്തിലെ ഭൂരഹിതരായ മുഴുവൻ ആളുകൾക്കും സർക്കാർ അഞ്ച് ഏക്കർ ഭൂമി വീതം നൽകാമെന്നായിരുന്നു കരാർ. ഇതിന് പുറമേ മറ്റു എട്ട് ആവശ്യങ്ങൾ കൂടി മുൻനിർത്തിയായിരുന്നു സമരം. എന്നാൽ ഈ ആവശ്യങ്ങൾക്ക് അം​ഗീകാരം ലഭിച്ച് ഇത് പ്രാബല്യത്തിൽ വരുമെന്നായതോടെ ഭരണപക്ഷത്തിന്റെ ഭാ​ഗത്ത് നിന്നും പ്രതിപക്ഷത്തിന്റെ ഭാ​ഗത്ത് നിന്നും എതിർപ്പുകളുണ്ടായി. സ്വതന്ത്ര രാഷ്ട്രീയ ശക്തികളായി പ്രവർത്തിക്കുന്നത് ഇവർക്ക് അം​ഗീകരിക്കാനായില്ല. എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും അവരുടെ കീഴിൽ അരികുവൽക്കരിക്കപ്പെട്ട സമൂഹത്തെ പ്രതിഷ്ഠിക്കാനാണ് താത്പര്യം. അതിൽ നിന്ന് ഇവർ വിട്ടുപോയതാവാം ഇവരെ അലോരസപ്പെടുത്തിയതെന്ന് ​ഗീതാനന്ദൻ കൂട്ടിച്ചേർത്തു.

ഇതിനെതിരെയൊക്കെ പ്രഹരമായിരുന്നു ഈ സമരം. വനഭൂമി കൊടുക്കാൻ പറ്റില്ലെന്ന് മന്ത്രി സുധാകരനും റവന്യൂ ഭൂമി കൊടുക്കാൻ പറ്റില്ലെന്ന് മന്ത്രി മാണിയും ശഠിച്ചു. ഇതിനെതിരെ പ്രതീകാത്മാ‌കമായാണ് മുത്തങ്ങയിലെ തകരപ്പാടി മുതൽ അമ്പുകുത്തിവരെയുള്ള താഴ്‌വരകളിൽ അവർ കുടിലുകൾ കെട്ടി ഊര് സ്ഥാപിച്ചത്. കുറ്റിക്കാടുകൾ വെട്ടി ഭൂമി കൃഷി യോഗ്യമാക്കി കൃഷിയാരംഭിച്ചു. സ്വാഭാവികമായ ഒരു ഗ്രാമമായിരുന്നു അവർ സൃഷ്ടിച്ചെടുത്തത്. എട്ട് ഊരുകൂട്ടങ്ങൾ പകൽ കൃഷിപ്പണിയും വൈകുന്നേരങ്ങളിൽ കൂടിയിരുപ്പും പാട്ടും നൃത്തവുമായി സന്തോഷവും സമാധാനവുമുള്ള ജീവിതം. എന്നാൽ അത് പലരേയും അസ്വസ്ഥപ്പെടുത്തി. ആദ്യ ഘട്ടത്തിൽ പൊലീസ് നിഷ്ക്രയമായിരുന്നു. ഒരുവിധത്തിലും ആദിവാസികൾ ആ സ്ഥലത്ത് നിന്ന് ഇറങ്ങി പോകില്ലെന്ന് പറഞ്ഞപ്പോൾ അവർ കാടിന് തീവച്ചു. 5000ത്തിലധികം ഏക്കർ കത്തിനശിക്കുമ്പോൾ അവർ അവിടെ നിന്ന് സ്വയമേവ ഇറങ്ങി പോകുമെന്നോ എരിഞ്ഞടങ്ങി പോകുമെന്നോ ആയിരുന്നിരിക്കാം പൊലീസ് ധരിച്ചത്. ഭൂമിയ്ക്ക് തീവച്ച ആളുകളെ ആദിവാസികൾ പിടികൂടിയതോടെ കേസിന്റെ ​ഗതി മാറ്റി. പിടികൂടിയവരെ വിട്ടയക്കണമെന്നും ആദിവാസികളെ ഭൂമിയിൽ നിന്ന് കുടിയിറക്കണമെന്നും ആരോപിച്ച് കൊണ്ട് പ്രതിഷേധങ്ങൾ ആരംഭിച്ചു. അതിന്റെ ഫലമായാണ് 2000ത്തോളം വനപാലകരും പോലീസും ആദിവാസി ഊരിലേക്കെത്തി അവരെ നിർബന്ധിതമായി കുടിയിറക്കുന്നത്. ആയുധപ്രയോ​ഗത്തിലൂടെയും ബലപ്രയോ​ഗത്തിലൂടെയുമാണ് പൊലീസ് സേന കുടിയിറക്കൽ നടപടി പൂർത്തിയാക്കുന്നത്. കാ‌ർ​ഗിൽ മോചനം പോലെയായിരുന്നു മുത്തങ്ങയുടേയുമെന്നാണ് പിറ്റേന്ന് മന്ത്രി ഇതിനെക്കുറിച്ച് പ്രതിപാദിച്ചത്. അന്നുണ്ടായ വെടിവയ്പ്പിൽ ആദിവാസി യുവാവ് മരിച്ചു. പോലീസ് ഉദ്യോഗസ്ഥൻ വിനോദും സംഘർഷങ്ങൾക്കിടെ കൊല്ലപ്പെട്ടു. മുത്തങ്ങയിൽ കൊല്ലപ്പെട്ട പൊലീസ് ഉദ്യോ​ഗസ്ഥനെ കുരുതിക്കൊടുത്തത് തലപ്പത്തിരിക്കുന്നവരാണെന്നാണ് എനിക്കിപ്പോഴും പറയാൻ സാധിക്കുമെന്ന് എം ​ഗീതാനന്ദൻ പറഞ്ഞു

ആദിവാസികൾ അക്രമാസക്തരാണെന്ന വിധത്തിലായിരുന്നു അന്ന് മാധ്യമങ്ങൾ ഈ വാർത്ത കൊടുത്തത്. എന്നാൽ ഒരാഴ്ച്ചക്കുള്ളിൽ ഈ ട്രെന്റ് മാറുകയും ചെയ്തു. അറസ്റ്റിനും പിന്നീടുണ്ടായ പ്രക്ഷോഭങ്ങൾക്കും ശേഷം ആദിവാസി ഗോത്ര മഹാസഭയുമായി സർക്കാർ നടത്തിയ തുടർചർച്ചകൾ മുത്തങ്ങ പാക്കേജിന് വഴിമാറി. സർക്കാർ മുത്തങ്ങ പാക്കേജ് പ്രഖ്യാപിച്ചു. ഗോത്രമഹാസഭ തയ്യാറാക്കിയ കണക്കുകൾ പ്രകാരം വയനാട്ടിൽ ഏകദേശം ഇരുപതിനായിരത്തിനടുത്ത് കുടുംബങ്ങളായിരുന്നു എന്നാൽ ആ മുത്തങ്ങ പാക്കേജ് ഇപ്പോഴും പൂർത്തിയായിട്ടില്ലെന്നും ​ഗീതാനന്ദൻ വ്യക്തമാക്കി.

content summary: Human rights activist Geethanandan M speaks about his experience during the Muthanga Samaram and how the film Narivetta reflects it

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×