കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുണ്ടായ ലൈംഗികാരോപണങ്ങളും അതിനു പിന്നാലെയുണ്ടായ സംഭവവികാസങ്ങളും നമ്മുടെ സമൂഹത്തിൻ്റെ സാംസ്കാരികപരമായ അപചയത്തെയാണ് തുറന്നുകാട്ടുന്നതെന്ന് പ്രമുഖ എഴുത്തുകാരിയും സാമൂഹിക നിരീക്ഷകയുമായ സുജ സൂസൻ ജോർജ്ജ്. ലൈംഗികാരോപണ കേസുകളിൽ ഇന്നും വേട്ടയാടപ്പെടുന്നത് അതിജീവിതകൾ തന്നെയാണെന്നും, സാംസ്കാരികപരമായ ഈ അവസ്ഥയിൽ മാറ്റം വരുത്താതെ നിയമപരമായ മാറ്റങ്ങൾ മാത്രം മതിയാകില്ലെന്നും അവർ ‘അഴിമുഖത്തിന്’ നൽകിയ പ്രതികരണത്തിൽ വ്യക്തമാക്കി.
നമ്മൾ ഇന്ന് കാണുന്ന ‘സ്ത്രീ’ എന്ന സാമൂഹിക സ്വത്വം പിതൃമേധാവിത്വ വ്യവസ്ഥിതിയിൽ (patriarchal system) സാമൂഹികമായി നിർമ്മിക്കപ്പെട്ടതാണ്. കാലാകാലങ്ങളായി സ്ത്രീയുടെ ലൈംഗികത ലൈംഗികത പുരുഷൻ്റെ ഇച്ഛകൾക്ക് അനുസരിച്ച് നിർമ്മിക്കപ്പെടുകയും, പുരുഷന്മാർക്ക് ഉപയോഗിക്കാനുള്ള ഒരു വസ്തുവായിട്ടാണ് സാമൂഹികമായി കണ്ടുവരുന്നത്.
“പുരുഷന്മാർ ചെളിയിൽ ചവിട്ടുകയും വെള്ളം കാണുമ്പോൾ കഴുകി കളയുകയും ചെയ്യുന്ന വ്യക്തിത്വമായി” രൂപീകരിക്കപ്പെട്ടിരിക്കുന്നു എന്നും പുരുഷാധിപത്യ ചിന്താഗതിയുടെ ഉദാഹരണമായി അവർ ചൂണ്ടിക്കാട്ടി. നമ്മൾ ആധുനിക സമൂഹമാണ്, ജീവിക്കുന്നത് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ കാലത്താണ്. സ്ത്രീകളും പുരുഷന്മാരെപ്പോലെയും അതിലേറെയും വിദ്യാഭ്യാസം നേടിയിട്ടുണ്ട്. പ്രാവിണ്യമുള്ളവരാണ്, ഇങ്ങനെയൊക്കെ ആകുമ്പോഴും സമൂഹം സാംസ്കാരികമായി ഇപ്പോഴും യാഥാസ്ഥിതിക ചിന്തകളിൽ തങ്ങിനിൽക്കുന്നതായും അവർ ചൂണ്ടിക്കാട്ടി.
രാഹുൽ മാങ്കൂട്ടത്തിലിനെപ്പോലുള്ളവരുടെ കേസുകളിൽ സ്ത്രീകൾ ഇരകളാകുമ്പോൾ, സമൂഹം ചോദിക്കുന്നത് “നിങ്ങൾ എന്തിനാണ് കിടക്കയുടെ അടുത്ത് വരെ പോയത്? എന്താണ് ബ്ലോക്ക് ചെയ്യാതിരുന്നത്? എന്തിനാണ് ഫോൺ അറ്റൻഡ് ചെയ്തത്? ” എന്നൊക്കെയാണ്. ഇത് രണ്ട് വ്യക്തികൾ തമ്മിലുള്ള ഇടപെഴകലും അതിൽ നടന്ന ചൂഷണവുമെന്ന നിലയിൽ കാണാതെ, ചൂഷണത്തിന് ഇരയായവളെ കുറ്റപ്പെടുത്തുന്ന സമീപനമാണ്. ചൂഷണം ചെയ്ത വ്യക്തിക്കെതിരെ സമൂഹം നിലപാടെടുക്കുന്നില്ലെന്നും സുജ സൂസൻ വിമർശിച്ചു.
നിയമങ്ങൾ മാറിയിട്ടുണ്ടെങ്കിലും, ലൈംഗികാതിക്രമ കേസുകളിൽ കോടതികൾ പോലും പലപ്പോഴും സാംസ്കാരിക നിലപാടുകൾക്കനുസൃതമായാണ് വിധികളെടുക്കുന്നത്. ഇത് ചൂണ്ടിക്കാണിക്കാൻ ഒരുപാട് ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. സമൂഹം പൂർണ്ണമായും ഇതേ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഒരു അതിക്രമം നടക്കുമ്പോൾ, ആദ്യം ഒരു ‘ഇമോഷണൽ ഔട്ട്ബ്രേക്ക്’ ഉണ്ടാകുമെങ്കിലും, പിന്നീട് സമൂഹം പതിയെ പതിയെ ഇരയെ കുറ്റപ്പെടുത്തുന്ന നിലപാടിലേക്ക് മാറുന്നത് കാണാം. “പുരുഷൻ അങ്ങനെ ചെയ്യുമ്പോൾ സ്ത്രീ അതിന് നിന്നു കൊടുത്തിട്ടില്ലേ, അതുകൊണ്ടല്ലേ ഇങ്ങനെ സംഭവിച്ചത്?” എന്ന തരത്തിലുള്ള ചിന്തകളിലേക്ക് സമൂഹം എത്തിച്ചേരുന്നു.
നേരത്തെ, ലൈംഗികാതിക്രമം അതിജീവിച്ച സ്ത്രീകൾ തങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്താൻ ഭയപ്പെട്ടിരുന്നു. സമൂഹം നാണക്കേടോടെ കാണുമെന്നും ജീവിതം വഴിമുട്ടുമെന്നും അവർ കരുതി. അതുകൊണ്ട്, തങ്ങൾക്കുണ്ടായ ദുരനുഭവം പലപ്പോഴും ഉള്ളിലൊതുക്കി അവർ നിശബ്ദരായി. എന്നാൽ, ഇന്ന് പല സ്ത്രീകളും ആ ഭയം അതിജീവിച്ച് സ്വന്തം പേരിൽത്തന്നെ മുന്നോട്ട് വരുന്നു. ഇത് വളരെ നല്ലൊരു മാറ്റമാണ്. എന്നാൽ സമൂഹം പിന്നീട് വേട്ടയാടുന്നു എന്നത് ഈ മാറ്റത്തിനൊപ്പമുള്ള മറ്റൊരു യാഥാർത്ഥ്യമാണ്. സൂര്യനെല്ലി വിഷയത്തെക്കുറിച്ചും സുജ സൂസൻ പരാമർശിച്ചു.
‘ആ പെൺകുട്ടിക്ക് 16 വയസ്സേ ഉണ്ടായിരുള്ളൂ. അന്നത്തെ പ്രധാന മാധ്യമങ്ങൾ പോലും പെൺകുട്ടിയെയും അവരുടെ അമ്മമ്മയെയും അധിക്ഷേപിച്ചുകൊണ്ടുള്ള കഥകൾ മെനഞ്ഞുണ്ടാക്കി. കോടതി പോലും സമാന സമീപനമാണ് പുലർത്തിയത്. “എന്തുകൊണ്ടാണ് നിങ്ങൾ കരയാതിരുന്നത്? ബഹളം വയ്ക്കാതിരുന്നത്?” എന്ന് ചോദിച്ചുകൊണ്ടാണ് കോടതി അന്ന് വിധി പറഞ്ഞത്. ഇന്ന് പെൺകുട്ടികൾ ധൈര്യമായി മുന്നോട്ടുവരുന്നുണ്ട്, കുറച്ചു വിഭാഗം ആളുകൾ അവർക്ക് പിന്തുണ നൽകുന്നു എന്നതൊഴിച്ചാൽ സൂര്യനെല്ലി കേസിൽ സംഭവിച്ച അതേ മാനസികാവസ്ഥയുടെ പ്രതിഫലനം ഇന്നും സമൂഹത്തിൽ കാണാം.
ഈ തുറന്നു പറച്ചിൽ നടത്തുന്ന സ്ത്രീകൾക്ക് ഇന്ന് ലഭിക്കുന്ന പിന്തുണ പോലും നാളെ ലഭിക്കില്ലെന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ മാറിയേക്കാം.
സാംസ്കാരികപരമായ പ്രശ്‌നങ്ങളാണ് ഈ വിഷയത്തിന്റെ പ്രധാന കാരണം. നിയമങ്ങൾ മാറുകയും ഭരണകൂടം ഇടപെടുകയും ചെയ്യുമ്പോൾ പോലും, അതിന്റെയൊക്കെ പ്രതിഫലനം മാത്രമേ സമൂഹത്തിൽ ഉണ്ടാകുന്നുള്ളൂ. നമ്മുടെ സമൂഹം സ്ത്രീയെ ഒരു ഒന്നാംതരം പൗരനായി ഇന്നും അംഗീകരിച്ചിട്ടില്ല എന്നതാണ് ഈ പ്രശ്നങ്ങളുടെയെല്ലാം മൂലകാരണം. നിയമങ്ങൾ തുല്യത പറയുന്നുണ്ടെങ്കിലും, സാമൂഹികമായി സ്ത്രീയുടെ പദവി ഇപ്പോഴും വളരെ താഴെയാണ്.
ഈ സാമൂഹിക നിർമ്മിതി (social construction) സ്ത്രീയെ ഒരു സ്വതന്ത്ര വ്യക്തിയായി കാണുന്നില്ല, പകരം പുരുഷന് ഉപയോഗിക്കാവുന്ന ഒരു വസ്തുവായിട്ടാണ് കണക്കാക്കുന്നത്. ഇത് ലൈംഗികമായി മാത്രമല്ല, അവളുടെ അധ്വാനത്തെയും, സ്വത്തിനെയും, ഭൗതികമായ കാര്യങ്ങളെയും ഉപയോഗിക്കാനുള്ള ഒരു അവകാശം പുരുഷനുണ്ടെന്ന് സമൂഹം കരുതുന്നു. അടുത്തിടെ നടന്ന പല പീഡനക്കേസുകളും ഈ ചിന്താഗതിയുടെ പ്രതിഫലനമാണ്. സ്ത്രീയുടെ സ്വത്ത് ഉപയോഗിക്കാനും, അവളെ പുരുഷന്റെ പണ്ടമായി ഉപയോഗിക്കാവുന്ന ഒരു ‘ഉടമസ്ഥാവകാശമുള്ള’ വസ്തുവായി കാണാനും, സ്വന്തം ഇഷ്ടപ്രകാരം കൈകാര്യം ചെയ്യാനും കഴിയുമെന്ന ധാരണയിൽ നിന്നാണ് ഇത്തരം അതിക്രമങ്ങൾ ഉണ്ടാകുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ ഗർഭിണിയായ പെൺകുട്ടിയോട് “എന്നാൽ ശരി ഞാൻ ക്വിറ്റ് ചെയ്യുന്നു” എന്ന് എളുപ്പത്തിൽ പറയുന്നത്, പുരുഷന് എളുപ്പത്തിൽ കൈകഴുകി പോകാനുള്ള അധികാരം സമൂഹം നൽകുന്നുണ്ട് എന്നതിൻ്റെ തെളിവാണെന്നും സുജ സൂസൻ കുറ്റപ്പെടുത്തി.
‘എത്ര എളുപ്പം! അങ്ങനെ പുരുഷന് ക്വിറ്റ് ചെയ്ത് പോകാം എന്നുള്ള ഒരു ധാരണ രാഹുലിന്റെ മനസ്സിൽ പെട്ടന്ന് ഉണ്ടായതല്ല അത് സമൂഹം കൊടുക്കുന്നതാണ്. ഇത്തരം പ്രശ്നങ്ങൾ ഇരയായ പെൺകുട്ടികളുടെ മാത്രം ഉത്തരവാദിത്തമല്ല. ധാർമ്മികതയുള്ള ഒരു സമൂഹം ഈ വിഷയങ്ങളെ സ്വന്തം പ്രശ്‌നമായി ഏറ്റെടുക്കുകയാണ് വേണ്ടത്.
അധികാരം എന്ന് പറയുന്നത് അപ്പോഴും ഇത്തരം ചൂഷണങ്ങൾക്ക് വലിയൊരു സാധ്യതയാകാറുണ്ട്. അധികാരമുള്ള ഒരു പുരുഷൻ എന്ന പദവി. അധികാരമുള്ള ഒരു പുരുഷൻ ഇത്തരത്തിലുള്ള ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ അവർ അധികാരത്തിലേക്ക് തിരിച്ചു വരാതിരിക്കാനുള്ള ഒരു ജാഗ്രത സമൂഹവും കൂടി കാട്ടേണ്ടതുണ്ട്. പലപ്പോഴും അതുണ്ടാകുന്നില്ല. കൂടാതെ, അധികാരം എന്നത് ഇത്തരം ചൂഷണങ്ങൾക്ക് എപ്പോഴും വലിയൊരു സാധ്യതയാണ്. ശശി തരൂരിനെതിരായ ആരോപണങ്ങളെക്കുറിച്ചും അവർ പരാമർശിച്ചു.
പല ആരോപണങ്ങൾ ഉയർന്നിട്ടും, അദ്ദേഹം സുഗമമായി തിരഞ്ഞെടുപ്പിൽ വിജയിച്ചുവന്നു. മാത്രമല്ല, രാഷ്ട്രീയരംഗത്തെ ഏറ്റവും പ്രിയങ്കരനായ വ്യക്തിയായി തരൂർ മാറിയെന്നും അവർ പറഞ്ഞു. അധികാരമുള്ള ഒരു പുരുഷൻ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടാലും, ആ അധികാരം ഉപയോഗിച്ച് അവർ വീണ്ടും സമൂഹത്തിൽ ഉന്നത സ്ഥാനങ്ങളിൽ എത്താൻ സാധ്യതയുണ്ട്. അവർ അധികാരത്തിലേക്ക് തിരിച്ച് വരാതിരിക്കാനുള്ള ജാഗ്രത സമൂഹവും കാണിക്കണമെന്നും സുജ സൂസൻ ഓർമിപ്പിച്ചു.
content summary: Suja Susan George on the Societal Decay Exposed by Sexual Harassment Cases
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.