June 26, 2026 |
Share on

ഭരണകൂട ഭീകരതയുടെ കറുത്ത അദ്ധ്യായം: പി. രാജൻ ഓർമകൾക്ക് അമ്പത് വർഷം

രാജൻ കൊല്ലപ്പെട്ട് 50 വർഷം പിന്നിടുമ്പോഴും ആ മുറിവുകൾ ഉണങ്ങിയിട്ടില്ല

ഇന്ത്യൻ ജനാധിപത്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും കറുത്ത അദ്ധ്യായമായ അടിയന്തരാവസ്ഥയിൽ, കേരളത്തിന്റെ മനസ്സാക്ഷിയിൽ ഇന്നും മായാതെ നിൽക്കുന്ന ഒരു മുഖമുണ്ട് – പി. രാജൻ. 1976 മാർച്ച് രണ്ടിന് കക്കയം ക്യാമ്പിലെ പൈശാചികമായ മർദ്ദനമുറകൾക്കൊടുവിൽ ആ യുവാവ് കൊല്ലപ്പെട്ടിട്ട് ഇന്ന് അരനൂറ്റാണ്ട് തികയുന്നു. ഒരു ജനതയെ മുഴുവൻ നടുക്കിയ ഭരണകൂട ഭീകരതയുടെയും, നീതിക്കായി ഒരു വൃദ്ധപിതാവ് നടത്തിയ ഐതിഹാസിക പോരാട്ടത്തിന്റെയും ഓർമ്മ പുതുക്കലാണിത്.

50 വർഷം മുൻപ്, 1976 ഫെബ്രുവരി 28 ന് പോലീസ് അറസ്റ്റ് ചെയ്ത രാജൻ, മാർച്ച് 2 നാണ് മർദനമേറ്റ് കക്കയം ക്യാമ്പിൽ വെച്ച് കൊല്ലപ്പെടുന്നത്. അന്ന് രാജന് എന്ത് സംഭവിച്ചു എന്നത് ആർക്കും അറിവില്ലായിരുന്നു.

പി. രാജൻ

അറസ്റ്റും കക്കയം ക്യാമ്പിലെ നരനായാട്ടും

1975 ജൂൺ 25-ന് അർദ്ധരാത്രി പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പൗരാവകാശങ്ങളെ റദ്ദുചെയ്തപ്പോൾ പോലീസ് സംവിധാനം അഴിഞ്ഞാടുകയായിരുന്നു.
അടിയന്തരാവസ്ഥ നടപ്പിലായി ഒരു വർഷത്തിന് ശേഷം 1976 ഫെബ്രുവരി 28 ന് പുലർച്ചെ കോഴിക്കോട് നിന്ന് അറുപതു കിലോമീറ്റർ മാറിയുള്ള കായണ്ണയിലെ പോലീസ് സ്റ്റേഷൻ നക്സലൈറ്റുകൾ ആക്രമിച്ചു. ഒരു ഹെഡ് കോൺസ്റ്റബിളിനും, മൂന്ന് പോലീസുകാർക്കും സാരമായി പരിക്കേറ്റ ഈ സംഭവത്തിൽ സ്റ്റേഷനിൽ നിറച്ച തോക്കുകളും ബയണറ്റുകളും എടുത്ത് നക്സലൈറ്റുകൾ രക്ഷപ്പെട്ടു. അടിയന്തരാവസ്ഥ നിലനിൽക്കെ ഗുരുതരമായ ഈ സുരക്ഷാ വീഴ്ച ആഭ്യന്തര മന്ത്രിയായ കരുണാകരനെ ചൊടിപ്പിച്ചു. ഉടൻ തന്നെ കരുണാകരൻ അന്വേഷണത്തിന് ഉത്തരവിട്ടു. നക്സൽ ആക്രമണത്തെ ചെറുക്കാനായി ഇതിനകം കേരളാ പോലീസ് സ്പെഷ്യൽ സെൽ രൂപീകരിച്ചിരുന്നു. ഡി. ഐ. ജി. ജയറാം പടിക്കലായിരുന്നു അതിന്റെ തലവൻ. വിപുലമായ നക്സൽ വേട്ടക്കായ് ജയറാം പടിക്കൽ കോഴിക്കോട് എത്തി. കോഴിക്കോട് നിന്ന് 50 കിലോമീറ്റർ അകലെയുള്ള വിജനമായ കക്കയത്ത് അന്വേഷണ ഓഫീസ് സ്ഥാപിച്ചു.

കക്കയത്തെ മർദ്ദന ക്യാമ്പുകളിൽ ഒന്ന്

കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിന് ശേഷം സ്റ്റേഷൻ പരിസരം അരിച്ച് പരിശോധിച്ച പോലീസിന് നിർണായകമായ ചില തെളിവുകൾ കിട്ടി. കോഴിക്കോട്ടെ റീജിയണൽ എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥികളുടെ നോട്ടുബുക്കിന്റെ ഏതാനും പേജുകളായിരുന്നു ഒന്ന്. അതോടെ ആക്രമണത്തിന്റെ പ്രഭവകേന്ദ്രം എഞ്ചിനിയറിംഗ് കോളേജാണെന്ന നിഗമനത്തിൽ പോലീസ് എത്തി. കായണ്ണ സ്റ്റേഷനിൽ നിന്ന് തട്ടിയെടുത്ത തോക്കുമായി അക്രമികൾ ഓടുമ്പോൾ ഒരാൾ ‘രാജാ’ എന്ന് വിളിച്ച് കൂവിയത്. അന്ന് അവിടെയുണ്ടായിരുന്ന പോലീസുകാർക്ക് ഓർമ്മ വന്നു. അതോടെ പോലീസിന്റെ അന്വേഷണം കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജിലേക്ക് തിരിഞ്ഞു. നിർഭാഗ്യവശാൽ രാജൻ എന്ന പേര് പോലീസിന്റെ അന്വേഷണത്തിലെ ഒരു പിടിവള്ളിയായി മാറി. ആ പോലീസിന്റെ അന്വേഷവലയിൽ പിന്നീട് കുടുങ്ങിയത് അതേ പേര് കാരണം അര ഡസൻ രാജന്മാരും.

തൃശൂർ പൂങ്കുഴി വാര്യത്തെ, പി. രാജൻ കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു. കലാവാസനയുള്ള, കോളേജിൽ നാടകങ്ങളിൽ അഭിനയിക്കുന്ന, നടനും, പാട്ടു പാടുന്ന സാമാന്യം നല്ല ഗായകനുമായിരുന്നു. ആ സമയത്ത് രാജന്റെ പിതാവ് ടി.വി. ഈച്ചര വാര്യർ എറണാകുളം മഹാരാജാസ് കോളേജിൽ ഹിന്ദി വകുപ്പദ്ധ്യക്ഷനായിരുന്നു.

കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണം നടന്ന സമയത്ത് രാജൻ കോഴിക്കോട് ഫറോഖ് കോളേജിൽ നടക്കുന്ന ഡിസോൺ കലോത്സവത്തിൽ പങ്കെടുക്കുകയായിരുന്നു. സമ്മാനം നേടിയ ഇനങ്ങൾ അവസാനം ഒന്നു കൂടി വേദിയിൽ അവതരിപ്പിക്കുന്ന രീതിയുണ്ട്. രാജൻ പങ്കെടുത്ത സമ്മാനമാനാർഹമായ ഇനം അവതരിപ്പിക്കവേ ‘കനകസിംഹാസത്തിലിരിക്കുന്നവൻ ശുനകനോ വെറും ശുംഭനോ’ എന്ന സിനിമാ ഗാനം രാജൻ പാടി. സദസിന്റെ മുന്നിൽ ഇരിക്കുന്ന അന്നത്തെ ഒരു മന്ത്രിയെ പരിഹസിച്ചതാണെന്ന് ഒരു വ്യാഖാനം ഇതിന് കിട്ടി. പാട്ട് പാടിയത് രാജനാണെന്ന് കോളേജിന് പുറത്ത് എല്ലാവരും അറിയുകയും ചെയ്തു. ഈ സംഭവം പോലീസിനെ പ്രകോപിപ്പിച്ചുയെന്നൊരു സംസാരം പിന്നീട് പ്രചരിച്ചിരുന്നു

മാർച്ച് 1 ന് രാവിലെ ഫറോഖ് കോളേജിലെ പരിപാടി കഴിഞ്ഞ് ബസ്സ് ഇറങ്ങി ഹോസ്റ്റലിലേക്ക് വരികയായിരുന്ന കോഴിക്കോട് എഞ്ചിനിയറിംഗ് കോളേജിലെ ഫൈനൽ ഇയർ വിദ്യാർത്ഥിയായ പി.രാജനെ റോഡിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്ത് ജീപ്പിൽ കയറ്റി കൊണ്ടുപോയി. കേരളം കണ്ട ഏറ്റവും വലിയ ഒരു ദുരന്ത കഥ അവിടെ ആരംഭിക്കുകയായിരുന്നു. തലശ്ശേരിക്കാരനായ ശ്രീജൻ എന്നൊരാൾ ‘യെനാനാൻ’ എന്നൊരു വിപ്ലവ പ്രസിദ്ധീകരണം കോഴിക്കോട്ടു നിന്ന് ഇറക്കിയിരുന്നു. അതിന്റെ വരിക്കാരുടെ ലിസ്റ്റ് പരിശോധിച്ച പോലീസ് അതിലെ കോളേജിലെ വിദ്യാർത്ഥികളുടെ പേരുകൾ കണ്ടതോടെ അവരെല്ലാം നക്‌സൽ പ്രവർത്തകരാണെന്ന് ഉറപ്പിച്ചാണ് പോലീസ് വേട്ട തുടങ്ങിയതും കോളേജ് ഹോസ്റ്റലിൽ എത്തിയതും.

രാജനെയും കൊണ്ട് പോലീസ് ജീപ്പ് പോയത് ആർ.സി.സി. ഹോസ്റ്റലിലേക്കായിരുന്നു. അവിടെ നിന്ന് ജോസഫ് ചാലിയെന്ന വിദ്യാർത്ഥിയെ പിടിക്കാനായി മുകളിലെ രണ്ടാം നിലയിൽ പോലീസ് സംഘം എത്തി. ചാലി മുറിയിൽ ഇല്ലായിരുന്നു. രാജനെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ് എത്തിയ ചാലി, തന്നെ കിട്ടിയില്ലെങ്കിൽ പോലീസ് രാജനോട് കൂടുതൽ ക്രൂരമായി പെരുമാറും എന്ന് കരുതി പിടികൊടുക്കുകയായിരുന്നു.

1976 മാർച്ച് 01. സമയം രാവിലെ 6 മണി. നേരം പുലരുകയാണ്. രണ്ട് വിദ്യാർത്ഥികളേയും കയറ്റിയ നീല പോലീസ് വാൻ ആർ.സി.സി. ഹോസ്റ്റലിൽ നിന്ന് പുറപ്പെട്ടു. പോലീസിന്റെ കുപ്രസിദ്ധമായ ഇടി വണ്ടിയെന്നറിയപ്പെട്ട പോലീസ് വാൻ മുന്നോട്ട് നീങ്ങിയപ്പോൾ പി.രാജൻ എന്ന ഫൈനൽ ഇയർ വിദ്യാർത്ഥിയെ അവിടെയുള്ളവർ അവസാനമായി കാണുകയായിരുന്നു. പിന്നീട് അവരാരും തന്നെ രാജനെ ജീവനോടെ കണ്ടിട്ടില്ല.

അന്നുവരെ കേരളം കണ്ടിട്ടില്ലാത്ത പ്രാകൃതവും പൈശാചികവുമായ മർദ്ദന മുറ ‘ഉരുട്ടൽ’ ആദ്യമായി കക്കയം ക്യാമ്പിൽ നടപ്പിലാക്കി. വിദേശ രാജ്യങ്ങിൽ പോലും കേട്ടുകേൾവിയില്ലാത്ത ഈ അതിഭീകരമായ മർദ്ദന മുറയിൽ ചോദ്യം ചേയ്യേണ്ട ആളിനെ ഒരു മരബഞ്ചിൽ നഗ്‌നനായി മലർത്തി കിടത്തുന്നു. ഈ ബഞ്ചിനെ ‘സത്യ ബെഞ്ച്’ എന്നായിരുന്നു പോലീസുകാർ വിളിച്ചിരുന്നത്. കിടന്നു കഴിഞ്ഞാൽ പിന്നെ ഏവനും സത്യമേ പറയൂയെന്ന, കേരള പോലീസിലെ ഏതോ കൊടും ക്രൂരനായ പോലീസ് ഉന്നതന്റെ കണ്ടുപിടുത്തമാണ് ഈ മർദ്ദനമുറ. തല കീഴ്‌പ്പോട്ട് തൂങ്ങിക്കിടക്കുന്ന രീതിയിലാണ് ഇരയെ കിടത്തുന്നത്. ഉരുട്ടൽ നടത്തുമ്പോൾ ശരീരം ബലം പിടിക്കരുത് എന്നതിനാലാണ് ഇങ്ങനെ ചെയ്യുന്നത്. കൈകൾ ബഞ്ചിന്റെ അടിയിൽ കൂട്ടിക്കെട്ടും. കാലുകൾ മുട്ടിന് താഴെയും ബെഞ്ചിൽ കൂട്ടിക്കെട്ടും. കാലിന്റെ തള്ളവിരൽ രണ്ടും ചരടു കൊണ്ട് ബന്ധിച്ചിരിക്കും. വായയിൽ തുണി കുത്തിത്തിരുകിയതിനാൽ ഒരു ശബ്ദം പോലും പുറത്ത് വരില്ല. പരുക്കൻ ഇരിമ്പുലക്ക കൊണ്ട് ഇരുവശത്ത് നിന്നുകൊണ്ട് രണ്ടു പോലീസുകാർ ശക്തിയായി ഇരയുടെ തുടയിൽ ഇരുമ്പുലക്ക വെച്ച് താഴോട്ടും മേലോട്ടും ഉരുട്ടും. പ്രാണവേദനയനുഭവിക്കുന്ന ഇരയുടെ മാംസവും അസ്ഥിയും ഞെരിഞ്ഞുടയും.

പുലിക്കോടൻ നാരായണന്റെ നേതൃത്വത്തിൽ അഞ്ച് പോലീസുകാർ ചേർന്ന് വിദ്യാർത്ഥിയായ പി രാജനെ ബെഞ്ചിൽ കിടത്തി ഉരുട്ടുകയാണ്. ശബ്ദം പുറത്ത് വരാതിരിക്കാനായി വായയിൽ തുണി തിരുകിയിരുന്നു. അടിവസ്ത്രം മാത്രം ധരിച്ച രാജൻ വേദന തിന്നുകയായിരുന്നു. വായയിൽ തുണി തിരുകിയതിനാൽ കരച്ചിൽ പുറത്ത് വന്നില്ല എങ്കിലും ഭയാനകമായ ഒരു നിലവിളിയുടെ മാറ്റൊലി ആ മുറിയിൽ തങ്ങിയിരുന്നു എന്ന് ദൃക്സാക്ഷിയും പോലീസ് മർദനത്തിന് ഇരയുമായ കെ രാജൻ‍ പിന്നീട് വെളിപ്പെടുത്തി.

ജയറാം പടിക്കൽ

പി രാജനോടൊപ്പം അറസ്റ്റ് ചെയ്യപ്പെട്ട ജോസഫ് ചാലി കണ്ട ആ ക്രൂരതയുടെ അവസാനം ഇങ്ങനെ: ”ഞാൻ നോക്കുമ്പോൾ തൊട്ടപ്പുറത്തെ ഞരക്കം നിലച്ചു. രാജന്റെ വായ പൊത്തിപ്പിടിച്ച പോലീസുകാരൻ കൈയെടുത്ത് പിൻവാങ്ങിയപ്പോൾ രാജന് എന്തോ സംഭവിച്ചതായി പോലീസുകാർക്ക് മനസിലായി. അവർ ഉരുട്ടൽ നിറുത്തി മാറി നിന്നു. ‘അവന്റെ തട്ടിപ്പാണ്’ ഒരു പോലീസുകാരൻ പറഞ്ഞു. ഉടനെ പുലിക്കോടൻ നാരായണൻ ബൂട്‌സിട്ട കാല് കൊണ്ടു രാജനെ ചവിട്ടി. അനക്കമില്ല. എല്ലാം കഴിഞ്ഞിരുന്നു” കോഴിക്കോട് ആർ.സി.സി എഞ്ചിനീയറിംഗ് കോളേജിലെ ഫൈനൽ സെമസ്റ്റർ വിദ്യാർത്ഥിയായ പി.രാജൻ ആ മർദ്ദകരുടെ കൊല്ലാക്കൊലയിൽ അവസാനിച്ചിരുന്നു.

തെളിവ് നശിപ്പിക്കലും നിഗൂഢതകളും

രാജൻ കൊല്ലപ്പെടുന്ന ദിവസം കക്കയം ക്യാമ്പിൽ ഉണ്ടായിരുന്ന അറസ്റ്റ് ചെയ്യപ്പെട്ട അബ്രഹാം ബെൻഹർ രാജന് എന്താണ് സംഭവിച്ചതെന്ന് പറയുന്നത് മറ്റൊരു വിധത്തിലാണ്. കക്കയം ക്യാമ്പിൽ കൊടും പീഢനത്തിന് വിധേയനായ അടിയന്തരാവസ്ഥയിലെ മറ്റൊരു ഇരയാണ് ബെൻഹർ. ബെൻഹർ പറയുന്നതനുസരിച്ച് മാർച്ച് 1 ന് മർദ്ദനത്തിൽ കൊല്ലപ്പെട്ട രാജന്റെ മൃതദേഹം അന്ന് രാത്രിയും പിറ്റേന്ന് പകലും ഒരു ചാക്കിൽ സൂക്ഷിച്ചു. രണ്ടാം നാൾ രാത്രി പത്ത് മണിക്ക് ജീപ്പിൽ എസ്.പി. ലക്ഷ്മണയും ഡ്രൈവർ അരവിന്ദാക്ഷനുമാണ് അതിലുണ്ടായിരുന്നത്. കോഴിക്കോട് കോരപ്പുഴ ഭാഗത്തേക്ക് കൊണ്ടുപോയി. പാലത്തിൽ വണ്ടി നിറുത്തി. ജഡത്തിന്റെ വയറ് കുത്തിക്കീറി പാലത്തിൽ നിന്ന് പുഴയിലേക്ക് എറിഞ്ഞു. നല്ല അടിയൊഴുക്ക് കാരണം ശവശരീരം കടലിലേക്ക് ഒഴുകി പോയിരിക്കും. വയറ് കുത്തിക്കീറിയതിനാൽ നല്ല ആഴത്തിൽ മുങ്ങും. കടൽ മത്സ്യങ്ങൾക്ക് ആഹാരമാകാൻ പിന്നെ താമസമില്ല.

അന്ന് രാജന്റെ മൃതദേഹം വാഹനത്തിൽ ഓടിച്ചുകൊണ്ടുപോയ ഡ്രൈവർ എന്ന് അവകാശപ്പെട്ട ഒരാൾ ഒരു വെളിപ്പെടുത്തൽ നടത്തി. പീഡിപ്പിക്കപ്പെടുകയും വികൃതമാക്കപ്പെടുകയും ചെയ്ത ശേഷം രാജന്റെ മൃതദേഹം ആദ്യം ഒരു ഐസ് ചേമ്പറിൽ തള്ളിയ ശേഷം പൊടിച്ച് കൂത്താട്ടുകുളത്തെ ‘മീറ്റ് പ്രോഡക്റ്റ്‌സ് ഓഫ് ഇന്ത്യ’ എന്ന സർക്കാർ ഫാക്ടറിയിൽ പന്നികൾക്ക് തീറ്റയായി കൊടുക്കുകയായിരുന്നുവെന്നാണ് അയാൾ ഒരു ചാനലിനോട് പറഞ്ഞത്. എന്നാൽ യഥാർത്ഥ സത്യമറിയാവുന്ന ഒരാൾ കെ. ലക്ഷ്മണയാണ് അയാൾ അത് ഇനിയും വെളിപ്പെടുത്താൻ തയ്യാറായിട്ടില്ല.

രാജൻ കേസിന്റെ അവസാന വിചാരണ കഴിഞ്ഞപ്പോൾ ജയറാം പടിക്കൽ, മുരളി കൃഷ്ണദാസ്, കുഞ്ഞിരാമൻ നമ്പ്യാർ എന്നിവരെ മാത്രമാണ് കോടതി ശിക്ഷിച്ചത്. രാജനെ മർദ്ദിച്ച് വധിച്ചു എന്നതിന് സംശയാതീതമായി തെളിവില്ല എന്ന് വിധിച്ചു, മൂവരെയും കൊലക്കുറ്റത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. അവർ മൂന്നു പേരും മദ്രാസ് ഹൈക്കോടതിയിൽ പോയി അപ്പീൽ നൽകി കുറ്റവിമുക്തരായി. കുറ്റവാളികളെ ശിക്ഷിക്കുവാൻ അപര്യാപ്തമായ അന്വേഷണ രീതിയും പ്രോസിക്യൂഷന്റെ ദുർബലമായ വാദവും, കോടതിയുടെ മനോഭാവവും കൊലയാളികൾക്ക് തുണയായി. ഈച്ചര വാര്യർ എന്ന വൃദ്ധനായ പിതാവിന്റെ ഒറ്റയാൾ പോരാട്ടം അങ്ങനെ നീതി നിഷേധമായി തന്നെ അവസാനിച്ചു.

ഈച്ചര വാര്യര്‍ രാജന്റെ ചിത്രത്തിന് മുന്നില്‍

രാജൻ കൊല്ലപ്പെട്ട് 50 വർഷം പിന്നിടുമ്പോഴും ആ മുറിവുകൾ ഉണങ്ങിയിട്ടില്ല. അച്യുതമേനോനും കരുണാകരനും ജയറാം പടിക്കലും ഈച്ചരവാര്യരും കാലയവനികയ്ക്കുള്ളിൽ മറഞ്ഞു. എങ്കിലും, “എന്റെ നിഷ്‌ക്കളങ്കനായ കുഞ്ഞിനെ മരിച്ചിട്ടും നിങ്ങളെന്തിനാണ് മഴയിൽ നിർത്തിയിരിക്കുന്നത്?” എന്ന ഈച്ചരവാര്യരുടെ ചോദ്യം ഇന്നും അന്തരീക്ഷത്തിൽ മുഴങ്ങുന്നു. കക്കയം ക്യാമ്പിലെ ചോരമണക്കുന്ന ഓർമ്മകൾക്ക് അമ്പതാണ്ട് തികയുമ്പോൾ, ജനാധിപത്യവും വ്യക്തിസ്വാതന്ത്ര്യവും എത്രമാത്രം വിലപ്പെട്ടതാണെന്ന് രാജന്റെ ജീവിതം നമ്മെ നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നു. ആ നിസ്സഹായനായ അച്ഛൻ തുറന്നിട്ട വാതിലുകൾ ഇന്നും അടഞ്ഞിട്ടില്ല; നീതിക്കായി കാത്തിരിക്കുന്ന ഓരോ മനുഷ്യനും വേണ്ടിയുള്ള പ്രത്യാശയുടെ പ്രതീകമായി അത് നിലകൊള്ളുന്നു.

Content Summary: P. Rajan: 50 Years of a haunted conscience

Leave a Reply

Your email address will not be published. Required fields are marked *

×