വാഷിംഗ്ടണ്‍ പോസ്റ്റില്‍ കൂട്ട പിരിച്ചു വിടല്‍. നൂറുകണക്കിന് ജീവനക്കാരെയാണ് സ്ഥാപനത്തില്‍ നിന്നും പുറത്താക്കിയത്. സ്ഥാപനത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും കറുത്ത ദിനങ്ങളില്‍ ഒന്നാണിതെന്നാണ് മുന്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മാര്‍ട്ടിന്‍ ബാരണ്‍ കുറ്റപ്പെടുത്തിയത്. ഏകദേശം മൂന്നിലൊന്ന് ജീവനക്കാരെയാണ് ഈ വെട്ടിക്കുറയ്ക്കല്‍ ബാധിച്ചത്.
ബുധനാഴ്ച രാവിലെ നടന്ന മീറ്റിംഗില്‍ എഡിറ്റര്‍ ഇന്‍ ചീഫ് മാറ്റ് മുറെയാണ് പിരിച്ചുവിടല്‍ പ്രഖ്യാപിച്ചത്. ഇതിനെ ഒരു ‘തന്ത്രപരമായ പുനക്രമീകരണം’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കടുത്ത മത്സരമുള്ള മാധ്യമ വിപണിയില്‍ നിലനില്‍പ്പിനും ഭാവി സുരക്ഷിതമാക്കാനുമാണ് ഈ നടപടിയെന്ന് അദ്ദേഹം വിശദീകരിച്ചു.
സ്ഥാപനത്തില്‍ നിര്‍ണായകമായ പല മാറ്റങ്ങളും കൊണ്ടു വന്നിട്ടുണ്ട്. നിലവില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ജനപ്രിയ സ്‌പോര്‍ട്‌സ് ഡെസ്‌ക് നിര്‍ത്തലാക്കി, പകരം ചെറിയൊരു ടീമിനെ നിയോഗിക്കും. പ്രാദേശിക വാര്‍ത്താവിഭാഗം പുനസംഘടിപ്പിക്കും. അന്താരാഷ്ട്ര ബ്യൂറോകളുടെ എണ്ണം 12 ആയി കുറയ്ക്കും (ദേശീയ സുരക്ഷാ വിഷയങ്ങളില്‍ മാത്രമാകും ഇനി ഇവരുടെ ശ്രദ്ധ). പുസ്തകവിഭാഗം നിര്‍ത്തലാക്കി. സ്ഥാപനത്തിന്റെ പ്രധാന പോഡ്കാസ്റ്റായ ‘പോസ്റ്റ് റിപ്പോര്‍ട്ട്‌സ്’ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.
പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് ഏപ്രില്‍ 10 വരെ ശമ്പളത്തോടു കൂടി അവധി നല്‍കും. കൂടാതെ ആറു മാസത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയും ഉറപ്പാക്കിയിട്ടുണ്ട്. ആമസോണ്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്ന കരോലിന്‍ ഒഡൊനോവന്‍ ഉള്‍പ്പെടെയുള്ള പ്രമുഖരും പുറത്തായവരില്‍ ഉള്‍പ്പെടുന്നു.
കൂട്ട പിരിച്ചുവിടലില്‍ സ്ഥാപന ഉടമയായ ജെഫ് ബെസോസ് പുലര്‍ത്തുന്ന നിശബ്ദത ജീവനക്കാര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കഴിഞ്ഞ ആഴ്ചകളില്‍ പിരിച്ചുവിടല്‍ ഒഴിവാക്കാന്‍ ജീവനക്കാര്‍ നേരിട്ട് സന്ദേശങ്ങള്‍ അയച്ചെങ്കിലും ബെസോസ് പ്രതികരിച്ചില്ല.
വാഷിംഗ്ടണ്‍ പോസ്റ്റില്‍ പ്രതിസന്ധി തുടരുമ്പോള്‍, ഫ്‌ലോറിഡയില്‍ തന്റെ മറ്റൊരു സ്ഥാപനമായ ‘ബ്ലൂ ഒറിജിന്‍’ സന്ദര്‍ശിക്കാന്‍ എത്തിയ യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തിനെ സ്വീകരിക്കുന്ന തിരക്കിലായിരുന്നു ബെസോസ് എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
പബ്ലിഷര്‍ വില്‍ ലൂയിസിനെതിരെയും ജീവനക്കാര്‍ രംഗത്തെത്തി. ജീവനക്കാരെ നേരിട്ട് അഭിമുഖീകരിക്കാന്‍ പോലും ലൂയിസ് തയ്യാറായില്ലെന്ന് ഒരു എഡിറ്റര്‍ ആരോപിച്ചു.
മുന്‍ എഡിറ്റര്‍ മാര്‍ട്ടിന്‍ ബാരണ്‍ ബെസോസിനെതിരെ കടുത്ത വിമര്‍ശനമാണ് ഉന്നയിച്ചത്. ‘വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ലക്ഷ്യങ്ങള്‍ ഇതോടെ പരിമിതപ്പെടും. വസ്തുതാപരമായ റിപ്പോര്‍ട്ടിംഗുകള്‍ ഇല്ലാതാകും. ഡൊണാള്‍ഡ് ട്രംപിനെ പ്രീണിപ്പിക്കാനുള്ള ബെസോസിന്റെ ശ്രമങ്ങള്‍ പോസ്റ്റിന്റെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി. ഇതൊരു ബ്രാന്‍ഡ് നശിപ്പിക്കല്‍ തന്നെയാണ്.’ – ബാരണ്‍ പറഞ്ഞു.
2024-ല്‍ കമലാ ഹാരിസിനെ പിന്തുണയ്‌ക്കേണ്ടെന്ന് ബെസോസ് എടുത്ത തീരുമാനവും തുടര്‍ന്നുണ്ടായ വരിക്കാരുടെ കൊഴിഞ്ഞുപോക്കും അദ്ദേഹം ചൂണ്ടിക്കാട്ടി.
പിരിച്ചുവിടല്‍ അനിവാര്യമായിരുന്നില്ലെന്ന് ജീവനക്കാരുടെ യൂണിയന്‍ പ്രതികരിച്ചു. വാര്‍ത്താമുറികള്‍ ശൂന്യമാക്കുന്നത് സ്ഥാപനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നും അധികാരികളെ ഭയമില്ലാതെ ചോദ്യം ചെയ്യുക എന്ന പോസ്റ്റിന്റെ ലക്ഷ്യം ഇല്ലാതാകുമെന്നും അവര്‍ പറഞ്ഞു. ‘ജെഫ് ബെസോസിന് ഈ ദൗത്യം മുന്നോട്ട് കൊണ്ടുപോകാന്‍ താല്‍പ്പര്യമില്ലെങ്കില്‍, അതിന് തയ്യാറുള്ള മറ്റാരെയെങ്കിലും ഏല്‍പ്പിക്കണം’ എന്നും യൂണിയന്‍ ആവശ്യപ്പെട്ടു.
വ്യാഴാഴ്ച വാഷിംഗ്ടണ്‍ ഡി.സിയിലെ ആസ്ഥാനത്തിന് മുന്നില്‍ യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടക്കും.
Content Summary; The Washington Post laid off hundreds of employees. protest against jeff bezos, he did not respond to a series of letters sent by staffers
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.