June 26, 2026 |
Avatar
അമർനാഥ്‌
Share on

ബി.ജി. വര്‍ഗീസ് ജെന്റില്‍മാന്‍ എഡിറ്റര്‍

പതിനൊന്ന് വര്‍ഷം മുന്‍പ് ഡിസംബര്‍ 30 നാണ് അദ്ദേഹം ഓര്‍മ്മയായത്

ദേശീയ പത്രപ്രവര്‍ത്തന രംഗത്തെ മഹാരഥന്മാരായ എഡിറ്റര്‍മാരുടെ ശ്രേണിയിലെ അവസാനത്തെ മലയാളി എഡിറ്റര്‍മാരിലൊരാളായിരുന്നു ബി.ജി. വര്‍ഗീസ്.
പതിനൊന്ന് വര്‍ഷം മുന്‍പ് ഡിസംബര്‍ 30 നാണ് അദ്ദേഹം ഓര്‍മ്മയായത്.

സൂക്ഷ്മബുദ്ധിയുള്ള ഗവേഷകനും, അസാധാരണമായ ഒഴുക്കോടെ സംസാരിക്കാന്‍ കഴിവുള്ള ഒരു സമര്‍ത്ഥനായ എഴുത്തുകാരനുമായ ബി.ജി. വര്‍ഗീസ്, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ ഒരു നിത്യ സുഹൃത്ത് കൂടിയായിരുന്നു. ആഴത്തില്‍ വിഭജിക്കപ്പെട്ട ആ മേഖലയോടുള്ള ഡല്‍ഹിയുടെ മനോഭാവം മാറ്റാന്‍ അദ്ദേഹം അക്ഷീണം പരിശ്രമിച്ചു.

ആദരണീയനായ, മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍ ബി. ജി. വര്‍ഗീസ് 2014 നവംബറില്‍, ദി ട്രിബ്യൂണ്‍ പത്രത്തില്‍ എഴുതി, ”നെഹ്റുവിന്റെ 125-ാം ജന്മവാര്‍ഷികം ഇപ്പോള്‍ ആഘോഷിക്കുന്നത് മനസ്സില്ലാമനസ്സോടെയും സര്‍ക്കാരിന്റെ കാലതാമസത്തോടെയുള്ള ഒരു തീരുമാനമെന്ന നിലയിലുമാണ്. ചില ഹിന്ദുത്വവാദികള്‍ നെഹ്റുവിനെ മോദിയുമായി താരതമ്യം ചെയ്യുന്നത് ദൗര്‍ഭാഗ്യകരമാണ്, ഒരു ഭീമന്‍ പിഗ്മിയും. നെഹ്റുവിന്റെ നിലപാടുകള്‍ക്ക് എല്ലാത്തിനും വിപരീതമാണ് മോദി, എന്നാല്‍ നെഹ്റുവിനെ ജനങ്ങളുമായി ‘ബന്ധിപ്പിക്കാന്‍’ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം പറയുന്നു! വിശ്വാസം കൈമാറ്റം ചെയ്യപ്പെടുന്ന അസംബന്ധമാണത്. -ഇപ്പോള്‍ ചര്‍ച്ചയാകുന്ന മോദി -നെഹ്‌റു താരതമ്യത്തെ പത്ത് വര്‍ഷം മുന്‍പേ അസംബന്ധമെന്ന് പറഞ്ഞ് നിരാകരിച്ച മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്നു ബി.ജി. വര്‍ഗീസ്.

ബി.ജി. വർഗീസ്

‘എന്നിരുന്നാലും, സത്യസന്ധമല്ലാത്ത ഔദ്യോഗിക ആഘോഷങ്ങളെ മറികടക്കുന്ന ആഘോഷങ്ങളുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുന്നു, ജവഹര്‍ലാല്‍ നെഹ്‌റുവിനെ സ്‌നേഹത്തോടെയും അഭിമാനത്തോടെയും ഓര്‍ക്കാന്‍ ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുണ്ട്. ഇന്ത്യയെ ഒരു ജനാധിപത്യമായി സ്ഥാപിക്കുക, മതേതര നയങ്ങളിലൂടെ അതിന്റെ വൈവിധ്യം സംരക്ഷിക്കുക, വികസനത്തിനും ആധുനികവല്‍ക്കരണത്തിനും അടിത്തറ പണിയുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനകള്‍. തീര്‍ച്ചയായും അദ്ദേഹത്തിന് പരാജയങ്ങളും നേരിടേണ്ടി വന്നു.

ആര്‍എസ്എസിന്റെയും സംഘപരിവാറിന്റെയും ഇടുങ്ങിയതും വിഭജനപരവുമായ, വര്‍ഗീയ വെല്ലുവിളികള്‍ക്കും അതിന്റെ ഹിന്ദുത്വ തത്ത്വചിന്തയ്ക്കും ഇടയിലുള്ള നെഹ്റു സ്ഥാപിച്ച അടിത്തറ കാരണം, എല്ലാ പോരായ്മകളും ഉണ്ടായിരുന്നിട്ടും ഇന്ത്യ ഒരു ജനാധിപത്യവും ബഹുസ്വരതയുള്ള സമൂഹവുമായി തുടര്‍ന്നു. ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു രാഷ്ട്രീയ വിശ്വാസപ്രമാണമുള്ള, മോദിയും മോഹന്‍ ഭാഗവതും ‘ഇന്ത്യയെ കണ്ടെത്തല്‍’ വായിക്കണം” ബി.ജി. വര്‍ഗീസ് എഴുതി.

ബൃഹത്തായ തന്റെ ആത്മകഥ ഫസ്റ്റ് ഡ്രാഫ്റ്റിനെ കുറിച്ച് ബി.ജി. വര്‍ഗീസ് എഴുതി, ‘എന്റെ ദൈനംദിന റിപ്പോര്‍ട്ടുകളും ചിന്തകളുമാണ് എന്റെ കഥ, ലോകം എന്നെ കടന്നുപോകുമ്പോള്‍ അതിനെക്കുറിച്ചുള്ള ഒരു പുഴുവിന്റെ കാഴ്ച.’ ഇന്ത്യയുടെ ചരിത്രത്തെ രൂപപ്പെടുത്തി സംഭവങ്ങള്‍ ചുരുളഴിയുമ്പോള്‍ അതിനരികില്‍ നിന്ന ഒരു വ്യക്തിയുടെ കാഴ്ചയാണിത്. ഇന്ത്യയില്‍ ഒരു പത്രപവര്‍ത്തകന്‍ എഴുതിയ ഏറ്റവും വലിയ ആത്മകഥയാണിത്. 574 പേജുകള്‍ ! (പ്രസാധകന്റെ അഭ്യര്‍ത്ഥനപ്രകാരം വര്‍ഗീസിന് 100 പേജ് ഒഴിവാക്കേണ്ടി വന്നു!).

മൂല്യാധിഷ്ഠിത പത്രപ്രവര്‍ത്തനം ഇന്ത്യയില്‍ സജീവമായിരുന്ന കാലത്തെ മഹാരഥന്മാരുടെ ശ്രേണിയിലെ ദേശീയ പത്രപ്രവര്‍ത്തന രംഗത്തെ അവസാനത്തെ മലയാളി എഡിറ്റര്‍മാരിലൊരാളായിരുന്നു ബൂബ്ലി ജോര്‍ജ് വര്‍ഗീസ് എന്ന തിരുവല്ലാക്കാരന്‍. ’50 വര്‍ഷം മുന്‍പ് പ്രശസ്തമായ പുരസ്‌കാരം – റാമോണ്‍ മാഗ്സസെ അവാര്‍ഡ് ഫൗണ്ടേഷന്‍ അദ്ദേഹത്തിന് നല്‍കിയ അംഗീകാരത്തില്‍ ഇങ്ങനെ എഴുതി. ‘അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം പത്രപ്രവര്‍ത്തനം ആവേശകരമാണ്,’ എന്നിരുന്നാലും അദ്ദേഹത്തിന്റെ പൊതു കടമബോധം ശക്തമാണ്.’

അദ്ദേഹം തന്റെ പത്രപ്രവര്‍ത്തനത്തിലും പിന്നീടുള്ള സാമൂഹ്യ പൊതു പ്രവര്‍ത്തനത്തിലും ഉയര്‍ന്ന ലക്ഷ്യങ്ങള്‍ വച്ചു, പക്ഷേ വളരെ സാവധാനമായാണ് അദ്ദേഹം സംസാരിച്ചത്, ധീരമായ ഉദാഹരണങ്ങള്‍ അദ്ദേഹം വരച്ചുകാട്ടി, പക്ഷേ ലളിതമായി വിശദീകരിച്ചു, നീതിയുക്തമായ ഇര്‍ഷ്യയോടെ അദ്ദേഹം പൊരുതി, പക്ഷേ ഒരിക്കലും ദേഷ്യത്തിലോ കര്‍ക്കശമായോ ശബ്ദം ഉയര്‍ത്തിയില്ല, തന്റെ സത്യസന്ധതയില്‍ അദ്ദേഹം ഒരിക്കലും വിട്ടുവീഴ്ച ചെയ്തില്ല.

1927 ജൂണ്‍ 21 ന് ബര്‍മ്മയില്‍ ജനിച്ച തിരുവല്ലാക്കാരനായ വര്‍ഗീസ് ഡൂണ്‍ സ്‌കൂളിലാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. അദ്ദേഹത്തിന്റെ പിതാവ് ബര്‍മ്മയിലായിരുന്നു ജോലി ചെയ്തിരുന്നത്. മാതാ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദവും കേംബ്രിഡ്ജിലെ ട്രിനിറ്റി കോളേജില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടി.

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ രണ്ട് ഇംഗ്ലീഷ് ദിനപത്രങ്ങളില്‍ എഡിറ്റായിരുന്ന ബി. ജി വര്‍ഗീസ് അവയിലൂടെ തന്റെ പത്രപ്രവര്‍ത്തനം രേഖപ്പെടുത്തിയത് ഇന്ത്യന്‍ പത്ര രംഗത്തെ വ്യത്യസ്തമായ ചരിത്രമാണ്. അതിന് മുന്‍പ് പ്രധാന മന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രസ്റ്റ് അഡൈ്വസറും ഇന്‍ഫര്‍മേഷന്‍ ഓഫീസറുമായിരുന്നു.

തന്റെ പത്രത്തിന്റെ എഡിറ്ററായ ബി.ജി. വര്‍ഗീസിനെക്കുറിച്ച് ഇന്ത്യന്‍ എക്‌സ്പ്രസ് പത്രമുടമ രാംനാഥ് ഗോയങ്ക പറഞ്ഞത് ഇങ്ങനെ: ”I wanted an editor, But I got a pope.’ തന്റെ ജോലിക്കാരെക്കുറിച്ച് ഒരിക്കലും നല്ല വാക്ക് പറയാത്ത ഗോയങ്കയാണ് ഇതു പറഞ്ഞതെന്നോര്‍ക്കണം. ബി.ജി. വര്‍ഗീസ് 1982 മുതല്‍ 1986 വരെ ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റെ എഡിറ്ററായിരുന്നു. തനിക്ക് ഗോയങ്ക നല്‍കിയ പദവി – എഡിറ്റര്‍ ഇന്‍ ചീഫ് നിരസിച്ച് അദ്ദേഹം പറഞ്ഞു. I don’t want to be called editor in chief. Just editor is enough. ‘തനിക്ക് നല്‍കിയ ഔദ്യോഗിക കാറും അദ്ദേഹം നിരസിച്ചു. എനിക്കൊരു കാറുണ്ട് അത് മതി. പത്രപ്രവര്‍ത്തന രംഗത്തെ നടപ്പ് രീതികള്‍ക്കു വിരുദ്ധമായിരുന്നു ഇതൊക്കെ. ഇന്ത്യന്‍ പത്രരംഗത്തെ ‘ജെന്റില്‍ മാന്‍ എഡിറ്റര്‍’ എന്ന് ബി.ജിയെ വിശേഷിപ്പിക്കുന്നതിന്റെ ഒരു കാരണം മാത്രമായിരുന്നു അത്.

ഇംഗ്ലണ്ടിലെ പഠനത്തിന് ശേഷം യു.എന്‍ നയതന്ത്രജ്ഞനോ കോളേജ് അദ്ധ്യാപകനോ ആവാന്‍ തുനിഞ്ഞ വര്‍ഗീസിനെ പത്രപ്രവര്‍ത്തനത്തിലേക്ക് തിരിച്ച് വിട്ടത്. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു. ആ സമയത്ത് ഇന്ത്യ സ്വാതന്ത്ര്യം നേടി. അപ്പോള്‍ ബ്രിട്ടീഷുകാര്‍ ദി ടൈംസ് ഓഫ് ഇന്ത്യ ദിനപത്രം ഇന്ത്യന്‍ വ്യവസായി രാമകൃഷ്ണ ഡാല്‍മിയയുടെ ഉടമസ്ഥതയിലുള്ള ബന്നറ്റ് കോള്‍മാന്‍ കമ്പനിക്ക് കൈമാറുന്ന പ്രവര്‍ത്തനങ്ങള്‍ നടക്കുകയായിരുന്നു. പത്രത്തിന്റെ എഡിറ്ററായ സര്‍ ഫ്രാന്‍സീസ് ലോ യ്ക്ക് ഇഗ്ലണ്ടില്‍ പഠിച്ച രണ്ട് ഇന്ത്യന്‍ യുവാക്കളെ പത്രത്തിലേക്ക് നിയമിക്കാന്‍ പദ്ധതിയുണ്ടായിരുന്നു.

2000 കോപ്പി മാത്രം അച്ചടിച്ച അറസ്റ്റ് വിവരം ഉൾപ്പെടുത്തിയ ഹിന്ദുസ്ഥാൻ ടൈംസ്

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുന്ന സാഹചര്യത്തില്‍ ടൈംസിന്റെ ലിബറല്‍ പാരമ്പര്യം നിലനിറുത്താന്‍ ഇംഗ്ലണ്ടില്‍ പഠിച്ചവര്‍ക്ക് കഴിയും എന്ന വിശ്വാസമായിരുന്നു ഇതിന് പിന്നില്‍. പിന്നീട് സര്‍ ഫ്രാന്‍സീസ് ലോ കേംബ്രിഡ്ജില്‍ എത്തുകയും രണ്ടുപേരെ ടൈംസ് ഓഫ് ഇന്ത്യക്ക് വേണ്ടി തിരഞ്ഞെടുക്കുകയും ചെയ്തു. അതിലൊരാള്‍ ബി.ജി. വര്‍ഗീസായിരുന്നു. മറ്റൊരാള്‍ മഹേന്ദ്ര ദേശായി എന്നൊരാളും.

ഇന്ത്യയില്‍ ജോലിയാരംഭിക്കും മുന്‍പ് വര്‍ഗീസ് ടൈംസ് ഓഫ് ഇന്ത്യയുടെ പരിശീലനത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിലെ ‘ഗ്ലാക്‌സോ ഹെറാള്‍ഡ്, ദി ന്യൂസ് ക്രോണിക്കിള്‍’ എന്നീ പത്രങ്ങളില്‍ പത്ത് മാസം പ്രവര്‍ത്തിച്ചു. അതിനുശേഷം 1948 സെപ്റ്റംബര്‍ 1 ന് ടൈംസ് ഓഫ് ഇന്ത്യയുടെ ബോംബെ ബ്യൂറോവില്‍ റിപ്പോര്‍ട്ടറായി ബി.ജി. വര്‍ഗീസ് തന്റെ ദീര്‍ഘമായ പത്രപ്രവര്‍ത്തന ജീവിതത്തിന് തുടക്കമിട്ടു.

1949 സെപ്റ്റംബറിലെ – പേര് കേട്ട വെള്ളപ്പൊക്കം ബോംബെയെ വെള്ളത്തിനടിയിലാക്കിയ കാലം. ‘വസ്ത്രവും ഒരു ജോഡി ചെരുപ്പുകളും ഒരു ടവ്വലും കഴുത്തില്‍ തൂക്കി ടൈംസിന്റെ ബോറിബന്ധറിലെ ഓഫീസിലേക്ക് നടന്നത് വര്‍ഗീസ് ഓര്‍ക്കുന്നു. എല്ലാ തെരുവുകളിലും ബോട്ടുകള്‍ ഉണ്ടായിരുന്നു, ചെറുപ്പക്കാരെയും പ്രായമായവരെയും അവയില്‍ കയറ്റിയിരുന്നു, അവധിക്കാലം ആസ്വദിക്കുന്ന ഉല്ലാസയാത്രക്കാരെ പോലെ ബോട്ടുകള്‍ നിറഞ്ഞിരുന്നു. മിക്ക ട്രെയിനുകളും നിര്‍ത്തിവച്ചു. ടൈംസ് ഓഫ് ഇന്ത്യയില്‍ ഷിഫ്റ്റുകളിലുള്ളവര്‍ വീട്ടില്‍ പോകാതെ അവിടെ തന്നെ തുടര്‍ന്നതിനാല്‍ ആ പ്രതികൂല കാലവസ്ഥയിലും കുലുങ്ങാതെ പിറ്റേന്ന് രാവിലെ ടൈംസ് ഓഫ് ഇന്ത്യ പുറത്തിറങ്ങി.

ബോംബെയില്‍ അക്കാലത്ത് മദ്യനിരോധനമായിരുന്നു. വെറും പ്രഹസനമായ ഒരു വ്യവസ്ഥയായിരുന്നു മദ്യനിരോധനമെന്ന് വര്‍ഗീസ് രേഖപ്പെടുത്തിയിരിക്കുന്നു. ”നിയമത്തോടും ക്രിമിനല്‍ നീതിന്യായ വ്യവസ്ഥയോടുമുള്ള ബഹുമാനത്തെ നിരോധനം ദുര്‍ബലപ്പെടുത്തിയെന്നാണ് എന്റെ ഉറച്ച വിശ്വാസം. എല്ലാവരും മദ്യപിച്ചു. തിരമാലകള്‍ പോലെ, വ്യാജ മദ്യത്തിന്റെ വരവ് പണത്തിന്റെയും ബലത്തിന്റെയും സ്വാധീനം ക്രമാതീതമായി വളരാന്‍ പലരെയും സഹായിച്ചു. എംഎല്‍എമാര്‍, എംപിമാര്‍, മന്ത്രിമാര്‍ എന്നീ നിലകളില്‍ സ്വയം രാജാക്കന്മാരാകാന്‍ തീരുമാനിച്ച് അഴിമതിക്കാരായി. ‘വ്യവസ്ഥ’ക്ക് ധാര്‍മ്മികമായ അധികാരം നഷ്ടപ്പെട്ടു. മദ്യപാനവും അനുബന്ധ സാമൂഹിക തിന്മകളും തടയാന്‍ നിരോധനം കൊണ്ട് കാര്യമായൊന്നും കഴിഞ്ഞില്ല. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമായിരുന്ന മറ്റ് മാര്‍ഗങ്ങള്‍ ദൃഢനിശ്ചയത്തോടെ പിന്തുടര്‍ന്നില്ല. നിരോധനത്തിന് നേരിയ നേട്ടങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ, രാഷ്ട്രനിര്‍മ്മാണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ അത് തീര്‍ച്ചയായും ഇന്ത്യയെ ക്രൂരമായി വേദനിപ്പിച്ച, ഒരു വൃത്തികെട്ട മുറിവായി മദ്യനിരോധനം അവശേഷിച്ചു.”

ഈജിപ്റ്റിലേക്ക് പോകുന്ന ഇന്ത്യന്‍ പത്രപ്രതിനിധികളുടെ സംഘത്തില്‍ ടൈംസ് ഓഫ് ഇന്ത്യയെ പ്രതിനിധീകരിച്ചത് ബി.ജി. വര്‍ഗീസായിരുന്നു. അബ്ദുള്‍ ഗമാല്‍ നാസര്‍ ഭരിച്ച കാലം. ടിറ്റോയും നെഹ്‌റുവും നാസറും ചേര്‍ന്ന് ചേരിചേരാ പ്രസ്ഥാനം പടുത്തുയര്‍ത്തിയ കാലം. ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യന്‍ എഡിറ്ററായ ഫ്രാങ്ക് മോറൈസ് ആണ് വര്‍ഗീസിനെ ഇതിന് നിര്‍ദ്ദേശിച്ചത്.

ഇന്ത്യയില്‍ തിരിച്ചെത്തിയ വര്‍ഗീസിനെ ടൈംസിന്റെ പ്രത്യേക പ്രതിനിധിയാക്കി ഡല്‍ഹിയില്‍ നിയമിച്ചു. ആദ്യ പൊതു തെരഞ്ഞെടുപ്പ്, ചൈനീസ് ആക്രമണം, പ്രധാനമന്ത്രി ജവഹര്‍ ലാലിന്റെ ഉയര്‍ച്ച താഴ്ച്ചകള്‍ തുടങ്ങിയവയില്‍ ബി.ജി. വര്‍ഗീസ് നല്‍കിയ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധിക്കപ്പെട്ടു.

ഒരു മുതിര്‍ന്ന പത്രപ്രവര്‍ത്തകന്റെ വാക്കുകളില്‍ ബി.ജി. വര്‍ഗീസിന്റെ സവിശേഷ ഗുണങ്ങളിലൊന്ന് ‘നിര്‍ഭയത്വം’ ആയിരുന്നു. 1962-ലെ ‘ഇന്ത്യ-ചൈന യുദ്ധ’ത്തില്‍, വടക്കുകിഴക്കന്‍ മുന്നണിയിലെ യുദ്ധ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അദ്ദേഹം പോയി. ചൈനീസ് ആക്രമണത്തില്‍, സജ്ജരല്ലാത്ത ഇന്ത്യന്‍ സേന പതറിക്കഴിഞ്ഞിരുന്നു.

1964 നവംബര്‍ 18-ന് അസമിലെ തേജ്പൂരിലായിരുന്നു വര്‍ഗീസ്. ചൈനക്കാര്‍ സേലാ ആക്രമിച്ചു എന്ന വാര്‍ത്ത വന്നപ്പോള്‍ വര്‍ഗീസ് അവിടെ ഉണ്ടായിരുന്നു. ഒരു പോരാട്ടം കൂടാതെ ചൈന, സേലാ പിടിച്ചു. ചൈനീസ് സൈന്യം കൂടുതല്‍ മുന്നേറുകയായിരുന്നു. തേജ്പൂരില്‍ നിലയുറപ്പിച്ചിരുന്ന നാലാം കോര്‍പ്‌സിന്റെ കമാന്‍ഡറായിരുന്ന ലെഫ്റ്റനന്റ് ജനറല്‍ ബി.എന്‍.കൗള്‍ അപ്രത്യക്ഷനായി. അധികാരികള്‍ ബറ്റാലിയനെ ഗുവാഹത്തിയിലേക്ക് തിരികെ വിളിച്ചു. നിലവിലുള്ള അവസ്ഥയും ആശയക്കുഴപ്പവും കണക്കിലെടുത്ത്, തേജ്പൂരും നോര്‍ത്ത് ബാങ്കും ഒഴിപ്പിക്കാന്‍ ഉത്തരവ് വന്നു. 19-ന് വൈകുന്നേരത്തോടെ, തേജ്പൂര്‍ പട്ടണം ജനങ്ങളെ ഒഴിപ്പിച്ച് ശൂന്യമാക്കി. വാര്‍ത്തകള്‍ തേടാതെ തങ്ങളുടെ സുരക്ഷ മാനിച്ച് മിക്ക ഇന്ത്യന്‍ പത്രപ്രതിനിധികളും തലേനാള്‍ പട്ടണം വിട്ടിരുന്നു. തേജ്പൂര്‍ ഒരു പ്രേതനഗരമായി മാറി. അവിടത്തെ സ്റ്റേറ്റ് ബാങ്ക് തങ്ങളുടെ ശേഖരത്തിലുള്ള കറന്‍സി നോട്ടുകള്‍ കത്തിച്ചു കളഞ്ഞു.

‘സംസ്ഥാന രഹസ്യങ്ങള്‍’ എന്ന് വിളിക്കപ്പെടുന്നവ ചൈനക്കാര്‍ക്ക് കൈവശപ്പെടുത്താന്‍ കഴിയാത്തവിധമുള്ള ഔദ്യോഗിക രേഖകള്‍ നശിപ്പിച്ചു. ഭരണകൂടം ഒരു മാനസികാരോഗ്യ കേന്ദ്രത്തിന്റെ കവാടങ്ങള്‍ തുറന്നിട്ടു. മുപ്പതോളം തടവുകാര്‍ വഴിതെറ്റിയ ആത്മാക്കളായി പട്ടണത്തില്‍ അലഞ്ഞുനടക്കുന്നത് വര്‍ഗീസിന് കാണാന്‍ കഴിഞ്ഞു. അപ്പോള്‍ ജനങ്ങള്‍ക്കുവേണ്ടി തന്റെ ‘ഹൃദയം തുടിക്കുന്നു’ എന്ന് നെഹ്റു രാജ്യത്തിന് മുന്നില്‍ പ്രക്ഷേപണം ചെയ്തു, പോരാട്ടം തുടരുമെന്ന് വാഗ്ദാനം ചെയ്യുകയായിരുന്നു.

അര്‍ദ്ധരാത്രിയില്‍ ഒരു റേഡിയോ പ്രക്ഷേപണത്തില്‍ ചൈനക്കാര്‍ ഏകപക്ഷീയമായി പിന്മാറുന്നതായി പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള റേഡിയോ സ്റ്റേഷനുകള്‍ പിന്നീട് ഈ വാര്‍ത്ത പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങി, എന്നാല്‍ ഓള്‍ ഇന്ത്യ റേഡിയോയിലെ കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. ബി.ജി. വര്‍ഗീസിന്റെ വാക്കുകളില്‍: ”എ.ഐ.ആറിന്റെ അതിരാവിലെയുള്ള ബുള്ളറ്റിനില്‍ പറഞ്ഞത് ഇന്ത്യന്‍ സൈന്യം ശത്രുവിനെതിരെ ധീരമായി പോരാടുന്നു എന്നായിരുന്നു. അതേസമയം ലോകമെമ്പാടുമുള്ള മറ്റെല്ലാ സ്റ്റേഷനുകളും പത്രങ്ങളും ചൈനീസ് വെടിനിര്‍ത്തല്‍ പ്രഖ്യാപനവും മറ്റ് വിശദാംശങ്ങളും പ്രസിദ്ധീകരിച്ചു. ഈ അപ്രതീക്ഷിത തിരിച്ചടികളില്‍ ക്ഷീണിതനായ പ്രധാനമന്ത്രിയെ ഉണര്‍ത്താനും സത്യം മറ്റൊന്നാണെന്നും രാത്രിയിലെ നാടകീയ സംഭവവികാസങ്ങളെക്കുറിച്ച് അദ്ദേഹത്തെ അറിയിക്കാനും ഡല്‍ഹിയിലെ ആരും ധൈര്യപ്പെട്ടില്ല. ദിവസങ്ങളോളം, ബിജി കൗള്‍ (ലെഫ്റ്റനന്റ് ജനറല്‍) ഉള്‍പ്പെടെ ജവാന്‍ മുതല്‍ ജനറല്‍ വരെയുള്ള എല്ലാവരും യുദ്ധമുന്നണിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയാന്‍ പീക്കിംഗ് (ഇപ്പോള്‍ ബീംജിംഗ്) റേഡിയോ ട്യൂണ്‍ ചെയ്തിരുന്നു” ബി. ജി. വര്‍ഗീസ് എഴുതി.

ഏറെ താമസിയാതെ നെഹ്‌റുവിന്റെ അന്ത്യം സംഭവിച്ചു. ലാല്‍ ബഹദൂര്‍ ശാസ്ത്രി പ്രധാനമന്ത്രിയായി. ഹ്രസ്വമായ രണ്ട് വര്‍ഷത്തിന് ശേഷം ലാല്‍ ബഹദൂര്‍ ശാസ്ത്രി താഷ്‌ക്കെന്റില്‍ വെച്ച് അപ്രതീക്ഷിതമായി അന്തരിച്ചു. ഏറെ നാടകീയമായ സംഭവപരമ്പരകള്‍ക്ക് ശേഷം ഇന്ദിരാ ഗാന്ധി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഇന്ദിരാ യുഗം ആരംഭിച്ചു.

കുറച്ച് നാളുകള്‍ക്ക് ശേഷം ‘മികച്ച ഒരു പ്രസ്സ് അഡൈ്വസറെ തേടുന്ന സൗത്ത് ബ്ലോക്കിലെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഓഫീസിന്റെ അന്വേഷണം ടൈംസ് ഓഫ് ഇന്ത്യയുടെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി ബി.ജി. വര്‍ഗീസിലെത്തി. തന്നെ അത്യാവശ്യമായി കാണമെന്ന് ഒരു സന്ദേശം ലഭിച്ച വര്‍ഗീസ് അന്നത്തെ ആസൂത്രണ മന്ത്രിയായിരുന്ന അശോക മേത്തയെ കാണാന്‍ പോയി. പ്രധാനമന്ത്രി അവരുടെ പ്രസ് സെക്രട്ടറിയായി വര്‍ഗീസിനെ വേണമെന്ന് ആഗ്രഹിക്കുന്നുവെന്നും അത് സ്വീകരിക്കണമെന്നും അശോക് മേത്ത വര്‍ഗീസിനോട് പറഞ്ഞു.

ഭക്ഷ്യ-കൃഷിമന്ത്രി സി. സുബ്രഹ്‌മണ്യത്തെ കാണാന്‍ വര്‍ഗീസിനോട് അശോക് മേത്ത ആവശ്യപ്പെട്ടു ”അദ്ദേഹം എനിക്ക് അതിന് അവസരം ഒരുക്കി. സുബ്രഹ്‌മണ്യം കൂടുതല്‍ വ്യക്തതയുള്ള ആളായിരുന്നു. അദ്ദേഹം നയരൂപീകരണത്തെക്കുറിച്ച് സംസാരിച്ചു. പുതിയ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി പുതിയ രക്തമുള്ള ഒരു ധീരമായ പുതിയ ലോകം രൂപം കൊള്ളുകയാണ്. പഴയ തലമുറയിലെ അവസാനത്തെ നേതാക്കളില്‍ ഒരാളല്ല, മറിച്ച് പുതിയ തലമുറയിലെ നേതാക്കളില്‍ ആദ്യത്തെ സ്ഥാനത്താണ് ഇന്ദിരാ ഗാന്ധിയെ രാജ്യം അന്ന് കണ്ടിരുന്നത്.

”പിറ്റേന്ന് രാവിലെ സൗത്ത് ബ്ലോക്കില്‍ വെച്ച് വര്‍ഗീസ് ഇന്ദിരാ ഗാന്ധിയെ കണ്ടു. ‘ദിനേശ്, അശോക്, സുബ്രഹ്‌മണ്യം എന്നിവരുമായുള്ള എന്റെ കൂടിക്കാഴ്ച്ചയെക്കുറിച്ച് ഞാന്‍ മിസിസ്സ് ‘ഗാന്ധിയെ ധരിപ്പിച്ചു. ‘അപ്പോള്‍ അവര്‍ നിങ്ങളുടെ ജോലിയെ കുറിച്ച് ഉചിതമായി ബോധ്യപ്പെടുത്തിയിട്ടുണ്ട്,’ അവര്‍ പറഞ്ഞു. എനിക്ക് ജോലിയില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം ഉണ്ടായിരിക്കണമെന്നും വാര്‍ത്താ ഏജന്‍സികളുടെ അതിരുകള്‍ സര്‍ക്കാര്‍ ലംഘിക്കരുതെന്നും ഞാന്‍ അവരോട് പറഞ്ഞു. അവര്‍ സമ്മതിച്ചു” കൂടിക്കാഴ്ച്ചയെ കുറിച്ച് വര്‍ഗീസ് എഴുതി.

1966 ജനുവരി 25 ന് ബി.ജി. വര്‍ഗീസ് പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പ്രസ്സ് അഡൈ്വസറായി നിയമിതനായി. സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും മികച്ച ബ്യൂറോ ക്രാറ്റുകളിലൊരാളായ പി.എന്‍. ഹക്‌സറായിരുന്നു ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ സെക്രട്ടറി. PMO വില്‍ ഗിരിജാ ശങ്കര്‍, വാജ്‌പേയി തുടങ്ങിയ പ്രഗല്‍ഭരുടെ നിരയുണ്ടായിരുന്നു. ഇന്ദിരാഗാന്ധിയുടെ ആദ്യകാല ഭരണ നേട്ടങ്ങള്‍ക്ക് കാരണം ഹക്‌സറിന്റെ നേതൃത്വത്തിലുള്ള ഈ ഉന്നത ശ്രേണി ഉദ്യോഗസ്ഥസംഘമായിരുന്നു. മൂന്ന് വര്‍ഷം ബി.ജി. വര്‍ഗീസ് പ്രധാനമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തു. മിസോറാം കലാപം, ഇന്ദിരാ ഗാന്ധിയുടെ അമേരിക്കന്‍ സന്ദര്‍ശനം. 1967 ലെ പൊതുതിരഞ്ഞെടുപ്പ് തുടങ്ങിയ സംഭവങ്ങള്‍ക്ക് സാക്ഷിയായി ബി.ജി. വര്‍ഗീസ് തന്റെ ജോലി സുത്യര്‍ഹമായി ചെയ്തു.

മാഗ്‌സസേ അവാർഡ് ജേതാക്കളോടൊപ്പം ബി.ജി. വർഗീസ്

”അവര്‍ക്ക് മികച്ച സഹജാവബോധവും സാമാന്യബുദ്ധിയുമുണ്ടായിരുന്നു. തന്റെ പിതാവിനേക്കാള്‍ നിര്‍ണ്ണയ ബുദ്ധിയുണ്ടായിരുന്ന അവര്‍, സ്വന്തം ഇഷ്ടം നേടിയെടുക്കുന്നതില്‍ ക്രൂരത കാണിച്ചു. ഗണ്യമായ രാഷ്ട്രീയ പശ്ചാത്തലവും പൊതുവിജ്ഞാനവും ഉണ്ടായിരുന്നിട്ടും, ഭരണപരമായ പരിചയമോ സാമ്പത്തിക, സാങ്കേതിക കാര്യങ്ങളില്‍ പരിചയമോ ഇല്ലാതെയാണ് അവര്‍ ഓഫീസില്‍ പ്രവേശിച്ചത്. വിദേശകാര്യങ്ങളെക്കുറിച്ചുള്ള അവരുടെ ധാരണ അത്ര മികച്ചതായിരുന്നില്ല. അതിനാല്‍ അവര്‍ തന്റെ ഉപദേശകരെ കൂടുതലായി ആശ്രയിച്ചു. ചിലപ്പോള്‍ ക്രൂരമായ തുറന്നുപറച്ചിലോടെ അവര്‍ സംസാരിച്ചു.”
പ്രധാനമന്ത്രിയായിരിക്കെ ഇന്ദിരാഗാന്ധിയും മകന്‍ രാജീവ് ഗാന്ധിയും, തങ്ങളുടെ ഇടുങ്ങിയ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ നേടിയെടുക്കുന്നതിനായി ജനാധിപത്യ സ്ഥാപനങ്ങളെ എങ്ങനെ ദുര്‍ബലപ്പെടുത്തി എന്നും ഇന്ത്യന്‍ സമൂഹത്തിന്റെ ഘടനയെ അത് എങ്ങനെ കീറിമുറിച്ചു എന്നും ബി.ജി. വര്‍ഗീസ് തന്റെ ആത്മകഥയില്‍ ക്രമാനുഗതമായി രേഖപ്പെടുത്തിയിട്ടുണ്ട്. 1966-ല്‍ രൂപയുടെ മൂല്യത്തകര്‍ച്ചയെ ഇന്ദിരാഗാന്ധി തെറ്റായി കൈകാര്യം ചെയ്തതായി അദ്ദേഹം വിവരിക്കുന്നു. രാഷ്ട്രീയ പ്രത്യാഘാതങ്ങള്‍ കൃത്യമായി പ്രവചിക്കാന്‍ കഴിയാത്ത തന്റെ സാങ്കേതിക വിദഗ്ധരില്‍ അവര്‍ നിരാശരായി. ഈ പ്രക്രിയയില്‍, മൂല്യത്തകര്‍ച്ചയ്ക്കെതിരായ എതിര്‍പ്പ് കുറയ്ക്കുന്നതിനായി അവര്‍ ലോക്സഭാ തിരഞ്ഞെടുപ്പും സംസ്ഥാന നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പും വേര്‍തിരിച്ചു. ആ വേര്‍പിരിയല്‍ രാജ്യത്തെ സാമ്പത്തിക ആസൂത്രണത്തെ മാത്രം ബാധിച്ചുവെന്ന് പിന്നീട് തെളിയിച്ചിട്ടുണ്ട്.

മൂന്നു വര്‍ഷത്തിന് ശേഷം ബി.ജി. വര്‍ഗീസ് പത്രപ്രവര്‍ത്തനത്തിലേക്ക് മടങ്ങി. പ്രധാനമന്ത്രിയെ കണ്ട് യാത്ര പറയാന്‍ ചെന്നപ്പോള്‍ അവര്‍ അത്ഭുതപ്പെട്ടു ഇന്ദിരാഗാന്ധി പറഞ്ഞു.”you have my goodwill wherever you go, she replied graciously. Then, I suppose it’s good to have a change. And finally, Let me think about it. She seemed sorry and surprised’ ആ കൂടിക്കാഴ്ച ശുഭകരമായി അവസാനിച്ചെങ്കിലും പിന്നീട് നടന്ന കാര്യങ്ങള്‍ കടകവിരുദ്ധമായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് തന്നെ തങ്ങളുടെ പഴയ പ്രസ്സ് അഡൈ്വസറെ അയാളുടെ പുതിയ കസേരയില്‍ നിന്ന് തെറിപ്പിച്ചു എന്നതായിരുന്നു വിരോധാഭാസം.

ടൈംസ് ഓഫ് ഇന്ത്യയും സ്റ്റേറ്റ്‌സ്മാനും വര്‍ഗീസിനെ തങ്ങളുടെ പത്രത്തിലേക്ക് ക്ഷണിച്ചെങ്കിലും ഹിന്ദുസ്ഥാന്‍ ടൈംസിലേക്കാണ് അദേഹം പോയത്. സ്വാതന്ത്ര്യസമര കാലത്ത് ദേശീയപ്രസ്ഥാനത്തെ പിന്‍തുണച്ച പത്രമാണ് ഹിന്ദുസ്ഥാന്‍ ടൈംസ്. എന്നാല്‍ സ്വാതന്ത്രാനന്തരം ഉടമസ്ഥരായ ബിര്‍ളമാര്‍ വാണിജ്യതാല്‍പര്യങ്ങള്‍ക്കനുസൃതമായി ആ പത്രത്തെ മാറ്റിയെടുക്കുന്നതില്‍ വിജയിച്ചു. തന്റെ പിതാവായ ജി.ഡി. ബിര്‍ളയില്‍ നിന്ന് അധികാരമേറ്റെടുത്ത കെ.കെ. ബിര്‍ള ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പത്രാധിപന്മാരെ കൈകാര്യം ചെയ്യുന്നതില്‍ പ്രത്യേക വൈഭവം കാണിച്ച പത്രമുടമയായിരുന്നു. തന്റെ കാലഘട്ടത്തില്‍ കെ.കെ. ബിര്‍ള, ഇന്ത്യയിലെ പത്രലോകത്തെ പ്രശസ്തരായ പത്തോളം പത്രാധിപന്മാരെ ഹിന്ദുസ്ഥാന്‍ ടൈംസില്‍ നിയമിക്കുകയും മാറ്റുകയും ചെയ്തു. പത്രാധിപന്മാരെ ഇളക്കി പ്രതിഷ്ഠിക്കുന്നത് അദ്ദേഹത്തിന്റെ നയവും ശൈലിയുമായതിനാല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പത്രാധിപസ്ഥാനം ഒരിക്കലും പൂമെത്തയല്ല. ദുര്‍ഗാദാസ്, എസ്. മുള്‍ഗോക്കര്‍, കിഷന്‍ ഭാട്ടിയ, ഹിരണ്‍മയി കേല്‍ക്കര്‍, എന്‍.സി. മേനോന്‍, ഖുശ്വന്ത് സിങ്ങ് തുടങ്ങിയവരെയെല്ലാം കെ.കെ.ബിര്‍ളയുടെ കാലത്ത് പത്രത്തിന്റെ എഡിറ്റര്‍ ആവുകയും, പുറത്താക്കപ്പെടുകയും ചെയ്തവരാണ്.

എഡിറ്റർ ബി.ജി. വർഗീസിനെ പുറത്താക്കിയതിൽ പ്രതിഷേധിച്ച് ഹിന്ദുസ്ഥാൻ ടൈംസ് പ്രവർത്തകർ പ്രകടനം നടത്തുന്നു.(1975)

ഇന്ദിരാഗാന്ധിയോട് ആലോചിക്കാതെ കെ.കെ. ബിര്‍ള തന്റെ പത്രത്തില്‍ എഡിറ്റര്‍ നിയമനങ്ങള്‍ നടത്താറില്ലെന്ന ഒരാരോപണം ഡല്‍ഹിയിലെ പത്രലോകത്ത് അക്കാലത്തു പ്രചരിച്ചിരുന്നു. 1966 ജനുവരി 1 ന് നവവത്സര ദിനത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ അനുഗ്രഹാശംസകളോടെ കെ.കെ. ബിര്‍ളയുടെ ക്ഷണിക്കപ്പെട്ട പത്രപ്രവര്‍ത്തകന്‍ ബി.ജി. വര്‍ഗീസ് ഇന്ത്യയിലെ ഏറ്റവും വലിയ പത്രങ്ങളിലൊന്നായ ദി. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്ററായി ജോലി ആരംഭിച്ചു.
ആ സമയത്ത് സിക്കിമിലെ സംഭവവികാസങ്ങള്‍ കൂടുതല്‍ അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു. അന്ന് അത് ഇന്ത്യയുടെ ഭാഗമല്ലായിരുന്നു, 1947-ല്‍ ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അതിന് പരമാധികാരം നഷ്ടപ്പെട്ടു. സിക്കിം ഒരു ഇന്ത്യന്‍ സംരക്ഷിത പ്രദേശമായി മാറി. എങ്കിലും പിന്നീട് പാകിസ്ഥാനും ടിബറ്റും അതിന്മേല്‍ ചില അവകാശവാദങ്ങള്‍ ഉന്നയിച്ചു.

1950-ലെ ഇന്ത്യ-സിക്കിം ഉടമ്പടി ഇന്ത്യയ്ക്ക് അതിന്റെ പ്രതിരോധം, ബാഹ്യ ബന്ധങ്ങള്‍, ആശയവിനിമയം, ആചാരങ്ങള്‍ എന്നിവയുടെ നേരിട്ടുള്ള ഉത്തരവാദിത്തം നല്‍കി. ബാക്കിയുള്ളവയ്ക്ക്, ഭരണവും ക്രമസമാധാന പരിപാലനവും ഇന്ത്യാ സര്‍ക്കാരിന്റെ ഉത്തരവാദിത്തത്തിന് വിധേയമായി. സംസ്ഥാനത്ത് അധികാരങ്ങള്‍ ഒരു ഇന്ത്യന്‍ രാഷ്ട്രീയ ഉദ്യോഗസ്ഥനില്‍ നിക്ഷിപ്തമാക്കി നിയമിച്ചു. ബി.ജി. വര്‍ഗീസ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ പറ്റി ഗഹനമായി പഠിച്ചിരുന്ന ഒരാളായിരുന്നു. ആഴത്തില്‍ വിഭജിക്കപ്പെട്ട ആ മേഖലയോടുള്ള ഡല്‍ഹി ഭരണകൂടത്തിന്റെ മനോഭാവം മാറ്റാന്‍ അദ്ദേഹം തന്റെ പത്രത്തിലൂടെ ശ്രമിച്ചു. എന്നാല്‍ ഇതിന്റെ ഭാഗമായി ഇന്ദിരാഗാന്ധിയുടെ നയങ്ങളെ വിമര്‍ശിക്കാനാരംഭിച്ചതോടെ കോണ്‍ഗ്രസ്സുകാര്‍ ക്ഷുഭിതരായി.

1975 ഏപ്രിലില്‍ ഇന്ത്യന്‍ സൈന്യം ഗാംഗ്ടോക്കിന്റെ നിയന്ത്രണം ഏറ്റെടുത്തതിനെത്തുടര്‍ന്ന് തദ്ദേശീയരുടെ ശക്തമായ പിന്തുണയോടെ നടന്ന ഒരു റഫറണ്ടത്തിന് ശേഷം, ഇന്ത്യയുടെ 22-ാമത്തെ സംസ്ഥാനമെന്ന നിലയില്‍ സിക്കിമിനെ ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ഭാഗമാക്കി മാറ്റി. 36-ാം ഭരണഘടനാ ഭേദഗതി വഴി സാധ്യമായ ഈ പ്രക്രിയ, സിക്കിം എന്ന സംരക്ഷിത പ്രദേശത്തെ ഇന്ത്യയുടെ ഒരു പൂര്‍ണ്ണ സംസ്ഥാനമാക്കി മാറ്റി.

ഹിന്ദുസ്ഥാൻ ടൈംസിലെ വിവാദ എഡിറ്റോറിയൽ
‘ കാഞ്ചൻ ഗംഗാ ഞങ്ങൾ വരുന്നു’

ഇന്ദിരാഗാന്ധി സിക്കിമിനെ ഇന്ത്യന്‍ യൂണിയനില്‍ കൂട്ടിച്ചേര്‍ത്ത നടപടിയെ വിമര്‍ശിച്ചുകൊണ്ട് ബി.ജി വര്‍ഗീസ്, ഹിന്ദുസ്ഥാന്‍ ടൈംസിലെഴുതിയ ‘കാഞ്ചന്‍ഗംഗാ ഞങ്ങള്‍ വരുന്നു’ എന്ന എഡിറ്റോറിയല്‍ ഇന്ദിരാ ഗാന്ധിയെയും കോണ്‍ഗ്രസ്സുകാരെയും ഒരേ പോലെ ക്ഷുഭിതരാക്കി. അതോടെ പത്രമുടമയായ കെ.കെ. ബിര്‍ള, ബി.ജി. വര്‍ഗീസിനെ എഡിറ്റര്‍ പദവിയില്‍ നിന്നു നീക്കംചെയ്തു. ബി.ജി. വര്‍ഗീസിനെ എഡിറ്റര്‍ സ്ഥാനത്തുനിന്നു പുറത്താക്കിയത് പത്രലോകത്തു വന്‍കോളിളക്കം സൃഷ്ടിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ ഒരു പത്രമുടമ തന്റെ എഡിറ്ററെ പുറത്താക്കുന്ന ആദ്യത്തെ സംഭവം. മാധ്യമങ്ങളില്‍ ഇതു പരക്കെ ചര്‍ച്ചയായി. ഇതിനെ പരിഹസിച്ചു വന്ന ഒരു കാര്‍ട്ടൂണിന്റെ തലവാചകം ശ്രദ്ധേയമായിരുന്നു.’Mrs Gandhi Admired; Verghese hired. Mrs Gandhi tired; Verghese Fired!’

ബി.ജി. വര്‍ഗീസ് എന്ന എഡിറ്ററുടെ അഭിമാനം സംരക്ഷിക്കാന്‍ ഹിന്ദുസ്ഥാന്‍ ടൈംസ് എംപ്ലോയീസിനുവേണ്ടി പ്രശസ്ത പത്രപ്രവര്‍ത്തകനും മലയാളിയുമായ ഹിന്ദുസ്ഥാന്‍ ടൈംസിലെ അസിസ്റ്റന്റ് എഡിറ്ററായിരുന്ന സി.പി. രാമചന്ദ്രന്‍ രംഗത്തിറങ്ങി. ഇതിനെ ചോദ്യംചെയ്ത് ആദ്യം പ്രസ് കൗണ്‍സിലിനും പിന്നീട് കോടതിയിലും പോയി. വര്‍ഗീസിനെതിരെയുള്ള നടപടികള്‍ സ്റ്റേ ചെയ്യപ്പെട്ടു. ഹിന്ദുസ്ഥാന്‍ ടൈംസ് യൂണിയന്‍ ഇതിനെതിരെ ഹൈക്കോടതിയില്‍ പോയി. 19-ാം വകുപ്പ് എഡിറ്റര്‍ക്ക് പ്രത്യേക സ്വാതന്ത്ര്യമൊന്നും നല്‍കുന്നില്ലെന്നും, അഭിപ്രായ സ്വാതന്ത്ര്യം എഡിറ്ററെ മാറ്റാനുള്ള മാനേജ്‌മെന്റ് സ്വാതന്ത്ര്യം കൂടിയാണെന്നും ബിര്‍ള വാദിച്ചു. കോടതി അതംഗീകരിച്ചില്ല. പത്രത്തിന്റെ നയം നിശ്ചയിക്കാനും എഡിറ്ററെ നിയമിക്കാനും ഉടമയ്ക്കു സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഉള്ളടക്കം നിശ്ചയിക്കാനുള്ള അവകാശം എഡിറ്റര്‍ക്കാണെന്ന് കോടതി വിധിച്ചു. ബിര്‍ളയുടെ ഹര്‍ജി തള്ളിയെന്ന് മാത്രമല്ല, സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള അനുമതിയും നിഷേധിച്ചു. കോടതി അങ്ങനെ പ്രസ് കൗണ്‍സില്‍ തീരുമാനം അംഗീകരിച്ചു. എഡിറ്ററുടെ അഭിമാനം സംരക്ഷിച്ച ചരിത്രപ്രധാനമായ വിധി അന്നു സി.പി. രാമചന്ദ്രന്‍ നേടി. ബി.ജി. വര്‍ഗീസ് എഡിറ്റര്‍ സ്ഥാനത്ത് തുടര്‍ന്നു. പക്ഷേ, വിജയം അല്‍പ്പായുസ്സായിരുന്നു. ‘അടിയന്തരാവസ്ഥ’ പ്രഖ്യാപിച്ചപ്പോള്‍ പ്രസ് കൗണ്‍സില്‍ ഇല്ലാതെയായി.

ബി.ജി. വർഗീസും ഭാര്യ ജമീലയും ഈജിപ്റ്റിൻ്റെ പ്രസിഡൻ്റായ അബ്ദുൾ ഗമാൽ നാസറിനോടൊപ്പം

പിറ്റേന്നാള്‍ ബി.ജി. വര്‍ഗീസ് ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഓഫീസിലെ കോറിഡോര്‍ ഇറങ്ങിവരുമ്പോള്‍ ഒരു പ്യൂണ്‍ ഒരു പേപ്പര്‍ വര്‍ഗീസിനു കൊടുത്തു. ‘ഡിസ്മിസല്‍ ഓഡര്‍’. അങ്ങനെ ബി.ജി. വര്‍ഗീസ് പുറത്തായി. ‘കോറിഡോര്‍ ഡിസ്മിസല്‍’ എന്നാണ് ഒരു പത്രം ഇതിനെ വിശേഷിപ്പിച്ചത്. ‘ബിര്‍ള വര്‍ഗീസിനെ പുറത്താക്കിയപ്പോള്‍ ബിര്‍ളയ്‌ക്കെതിരെ ഹിന്ദുസ്ഥാന്‍ ടൈംസ് എംപ്ലോയീസിനുവേണ്ടി ഞാനാണ് കേസ് കൊടുത്തത്. പ്രസ്സ് കൗണ്‍സിലിലും കോടതിയിലും ഞാന്‍ അയാള്‍ക്കു വേണ്ടി പോരാടി. അത് എഡിറ്ററുടെ അഭിമാനം സംരക്ഷിക്കാന്‍ വേണ്ടിയുള്ള പോരാട്ടമായിരുന്നു. ബിര്‍ള അന്ന് കോടതിയില്‍ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു, ‘I am a Vyapari, why do you brought me to a Kacheri.’ ദീര്‍ഘമായ ഒരു കേസായിരുന്നു അത്. A sensational case. പത്രമുതലാളിയുടെ കൈയില്‍ നിന്നും പത്രപ്രവര്‍ത്തകന്റെ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി നടത്തിയ കേസ്. 1976-ല്‍ വിധി വരുന്നു. ബിര്‍ള തോറ്റു. സി.പിയും ഹിന്ദുസ്ഥാന്‍ ടൈംസ് എംപ്ലോയീസ് യൂണിയനും വര്‍ഗീസും വിജയിച്ചു. ‘ഞങ്ങളന്ന് കുടിച്ചു. പുലരുവോളം കുടിച്ചു പിറ്റേ ദിവസം, രാവിലെ റേഡിയോ ഓണ്‍ ചെയ്തപ്പോള്‍, ‘,An important announcement in coming’ കുറച്ച് കഴിഞ്ഞ് മിസിസ്സ് ഗാന്ധിയുടെ ശബ്ദദം അടിയന്തരാവസ്ഥ പ്രഖ്യാപനം. അതോടെ പ്രസ് കൗണ്‍സില്‍ ഉള്‍പ്പെടെ എല്ലാം ഇല്ലാതായി പിറ്റേ ദിവസം ഞാന്‍ ഓഫീസില്‍ ചെന്നു. വര്‍ഗീസ് കോറിഡോര്‍ ഇറങ്ങിവരികയാണ്. എന്റെ മുന്നിലൂടെ ഒരു പ്യൂണ്‍ കോറിഡോര്‍ കയറുന്നു. വര്‍ഗീസിന്റെ കൈയിലോട്ട് അയാള്‍ ഒരു പേപ്പര്‍ കൊടുക്കുന്നു, ബി.ജി. വര്‍ഗീസിന്റെ ഡിസ്മിസ്സല്‍ ഓര്‍ഡര്‍’ സി.പി. രാമചന്ദ്രന്‍ ആ പ്രമാദമായ കേസിനെ പറ്റി ഒരു അഭിമുഖത്തില്‍ ഓര്‍ക്കുന്നു.

അടിയന്തരാവസ്ഥയെ പ്രത്യേകിച്ച്, ഇന്ദിരാഗാന്ധിയെ എതിര്‍ക്കാന്‍ പത്രത്തെ ഒരു ആയുധമാക്കി മാറ്റാന്‍ കെ.കെ. ബിര്‍ള അനുവദിക്കുമെന്ന് എഡിറ്ററായ ബി.ജി.വര്‍ഗീസ് ഒരിക്കലും വിശ്വസിച്ചില്ല. എങ്കിലും അറസ്റ്റുകളെയും അടിയന്തരാവസ്ഥ പ്രഖ്യാപനത്തെയും കുറിച്ചുള്ള വാര്‍ത്തകളുമായി 1975 ജൂണ്‍ 26 ലെ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ അവസാന സിറ്റി പതിപ്പ് പുറത്തിറക്കാന്‍ അര്‍ദ്ധരാത്രിക്ക് ശേഷം ബി.ജി. വര്‍ഗീസ് ഓഫീസില്‍ തിരിച്ചെത്തി. രണ്ടായിരം കോപ്പികള്‍ മാത്രമേ ആ പതിപ്പ് അച്ചടിച്ചുള്ളൂ. അപ്പോഴേക്കും പത്ര സെന്‍സര്‍ഷിപ്പ് ശക്തമായി. പിന്നീട് 2010 ല്‍ പ്രസിദ്ധീകരിച്ച തന്റെ ഓര്‍മ്മക്കുറിപ്പില്‍ വര്‍ഗീസ്ആ അപൂര്‍വ്വമായ അന്നത്തെ ദിനപത്രം വായനക്കാര്‍ക്ക് വേണ്ടി അച്ചടിച്ചു.

തൊഴില്‍രഹിതനായ, ബിര്‍ളയെന്ന പത്ര മുതലാളി നിരാകരിച്ചു. ബി.ജി വര്‍ഗീസിന്റെ അടുത്ത രണ്ട് വര്‍ഷം അസാധാരണ സംഭവങ്ങളാല്‍ ശ്രദ്ധേയമായി. ഒരു നിയോഗം പോലെ. ഏഷ്യയിലെ ഏറ്റവും മികച്ച അംഗീകാരം അദ്ദേഹത്തിനെ തേടി വന്നു. ‘1975ല്‍ പത്രപ്രവര്‍ത്തനത്തിന് നല്‍കിയ മികച്ച സംഭാവനകള്‍ക്ക്, പ്രത്യേകിച്ച് പത്രസ്വാതന്ത്ര്യം, വികസന റിപ്പോര്‍ട്ടിംഗ്, ധാര്‍മ്മികത എന്നിവയോടുള്ള പ്രതിബദ്ധതയ്ക്ക്, അഭിമാനകരമായ ‘റാമോണ്‍ മാഗ്‌സസെ’ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. നിരാലംബരായവര്‍ക്ക് വേണ്ടിയുള്ള നിര്‍ഭയ ശബ്ദമായും ഇന്ത്യന്‍ മാധ്യമ രംഗത്തെ ഒരു പ്രധാന വ്യക്തിയായും ബി.ജി. വര്‍ഗീസ് എന്ന പത്രപ്രവര്‍ത്തകന്‍ അതോടെ അംഗീകരിക്കപ്പെട്ടു.

1977 ലെ പൊതുതെരഞ്ഞെടുപ്പ് ഇന്ത്യന്‍ ജനാധിപത്യത്തിലെ ഒരു നാഴികക്കല്ലായിരുന്നു. ഇന്ദിരാഗാന്ധിയുടെ നയങ്ങളോടുള്ള എതിര്‍പ്പിന്റെ പേരില്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റര്‍ സ്ഥാനത്ത് നിന്ന് പുറത്താക്കപ്പെട്ടതിനെത്തുടര്‍ന്ന് തൊഴില്‍രഹിതനായിരുന്ന ബി.ജി. വര്‍ഗീസ്, ആ വര്‍ഷം കേരളത്തില്‍ നിന്ന് പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു എന്നതായിരുന്നു വര്‍ഗീസിന്റെ പൊതു പ്രവര്‍ത്തനത്തിലെ മറ്റൊരു നാഴികക്കല്ല്.

ജനതാ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി എല്‍.കെ. അദ്വാനി സംയുക്ത പ്രതിപക്ഷത്തെ നയിക്കുന്ന കേരളത്തില്‍, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് മൂന്ന് സീറ്റ് നല്‍കാന്‍ സ്റ്റിയറിംഗ് കൗണ്‍സില്‍ തീരുമാനിച്ചു. ഒരു സീറ്റ് നല്‍കിയത് ബി.ജി. വര്‍ഗീസ് എന്ന മുന്‍ എഡിറ്റര്‍ക്കായിരുന്നു.

വര്‍ഗീസ് പറഞ്ഞു, ഞാന്‍ രാഷ്ട്രീയക്കാരനല്ല; ‘താങ്കള്‍ കൊച്ചിയിലേക്ക് പോകുക, ഇ.എം.എസ്. നമ്പൂതിരിപ്പാടിനെ കാണുക, തുടര്‍ന്ന് തീരുമാനിക്കുക’ എന്ന് അദ്വാനി പറഞ്ഞു. അങ്ങനെ അദ്ദേഹം ഇ.എം.എസിനെ കണ്ടു. ഇ.എം.എസിനെ കാണാന്‍ അദ്വാനി ആവശ്യപ്പെടുന്ന രാഷ്ട്രീയ കാലാവസ്ഥയായിരുന്നു അന്ന്.

അടിയന്തരാവസ്ഥ പിൻവലിച്ചു

ഇ.എം.എസ് പറഞ്ഞു ”മാവേലിക്കരയാണ് നിങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ സീറ്റ്, കാരണം വര്‍ഗീസിന്റെ ജന്മദേശമായ തിരുവല്ല ആ മണ്ഡലത്തിലാണ്,”
വര്‍ഗീസ് പറഞ്ഞു. ”എന്റെ കുടുംബം അവിടെ പ്രശസ്തരാണ്. എനിക്ക് പാര്‍ട്ടിയില്ല; എന്റെ പക്കല്‍ പണവുമില്ല” ഇ.എം.എസ് പറഞ്ഞു.

”നമ്മുടെ കയ്യിലും പണമില്ല, പക്ഷേ നിങ്ങള്‍ മത്സരരംഗത്തേക്ക് വന്നാല്‍ പണം വരും” ഇ. എം. എസ് പിന്നെ പറഞ്ഞു. ഇത് ഒരു സാധാരണ തിരഞ്ഞെടുപ്പല്ല – സ്വാതന്ത്ര്യത്തിനും സ്വേച്ഛാധിപത്യ സര്‍ക്കാരിനും ഇടയിലുള്ള ഒരു ഹിതപരിശോധനയാണെന്ന് അദ്ദേഹം പറഞ്ഞു. ആ സ്വേച്ഛാധിപത്യ ചട്ടക്കൂട് വിജയിച്ചാല്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളതുപോലെ പത്രപ്രവര്‍ത്തനം നടത്താനുള്ള സ്വാതന്ത്ര്യം ലഭിക്കുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? സ്വതന്ത്രമായ ഒരു ചട്ടക്കൂടില്‍ ഒരു പത്രപ്രവര്‍ത്തകനാകാന്‍ നിങ്ങള്‍ പോരാടണമെന്ന് ഇ. എം. എസ് പറഞ്ഞു. അതോടെ ബി.ജി. വര്‍ഗീസ് മാവേലിക്കരയില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി.

ആ അനുഭവം അദ്ദേഹം ഒരിക്കല്‍ ഒരു അഭിമുഖത്തില്‍ പങ്കുവെച്ചു. ഞാന്‍ ഒരിക്കലും കേരളത്തില്‍ താമസിച്ചിട്ടില്ല, മലയാളം സംസാരിക്കാന്‍ കാര്യമായി കഴിഞ്ഞിരുന്നില്ല, എന്നെ സഹായിക്കാന്‍ ഒരാള്‍ ഉണ്ടായിരുന്നു. ലക്ഷ്മി ജെയിനും മറ്റുള്ളവരും എന്റെ പ്രചാരണത്തിനായി ഫണ്ട് സ്വരൂപിച്ചു. ആ സമയത്ത്, ഒരു പാര്‍ലമെന്റ് മണ്ഡലത്തിന് പരിധി 35,000 രൂപയായിരുന്നു. കേരളത്തില്‍, സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ എനിക്ക് അനുവദിച്ചതിന്റെ പകുതി – 17,000 രൂപ – ഞാന്‍ അതിലേക്ക് സംഭാവന ചെയ്തു.

ആ തിരഞ്ഞെടുപ്പില്‍ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ബി.കെ. നായര്‍ക്ക് ഏകദേശം 2,30,000 വോട്ടുകള്‍ ലഭിച്ചു – അദ്ദേഹം മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ചു. പക്ഷേ എനിക്ക് ഏകദേശം 1,80,000 വോട്ടുകള്‍ ലഭിച്ചു. എന്റെ മണ്ഡലത്തില്‍ ഇന്ദിരാഗാന്ധിയോ സഞ്ജയ് ഗാന്ധിയോ നേടിയതിനേക്കാള്‍ കൂടുതല്‍ വോട്ടുകള്‍ എനിക്ക് ലഭിച്ചു. അടിയന്തരാവസ്ഥ ദക്ഷിണേന്ത്യയെ വളരെ കുറച്ച് മാത്രമേ ബാധിച്ചിരുന്നുള്ളൂ. സെന്‍സര്‍ഷിപ്പ് കാരണം, ഒരു വാര്‍ത്തയും ഇവിടെ എത്തിയില്ല. എന്താണ് യഥാര്‍ത്ഥത്തില്‍ വടക്കേ ഇന്ത്യയില്‍ സംഭവിച്ചതെന്ന് ഇവിടത്തെ ആളുകള്‍ക്ക് അറിയില്ലായിരുന്നു. വടക്ക്, കിഴക്ക്, പടിഞ്ഞാറ് എന്നിവിടങ്ങളില്‍ ജനതാ പാര്‍ട്ടി വോട്ടെടുപ്പില്‍ തൂത്തുവാരി, പക്ഷേ കേരളത്തില്‍ അത് പൂജ്യം ആയി.

അതിന്റെ പിറ്റേന്ന്, ഞാന്‍ എന്റെ കണക്കുകള്‍ സമര്‍പ്പിക്കാന്‍ ആലപ്പുഴയിലെ കളക്ട്രേറ്റില്‍ പോയി. ഞാന്‍ 17,000 ല്‍ താഴെ രൂപ മാത്രമേ ഇലക്ഷന് ചെലവഴിച്ചിട്ടുള്ളൂ; ഞാന്‍ എന്റെ സ്വന്തം കാര്‍ ഉപയോഗിച്ചിരുന്നു, അതിനാല്‍ പെട്രോളിന്റെയും കുറച്ച് ഭക്ഷണത്തിന്റെയും ചെലവുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. കളക്ട്രേറ്റിലെ ഉദ്യോഗസ്ഥര്‍ അത്ഭുതപ്പെട്ടു. ആരാണ് തിരഞ്ഞെടുപ്പ് ചെലവുകള്‍ സമര്‍പ്പിക്കാറ്? അവര്‍ അത് കേട്ടിട്ടുപോലുമില്ലായിരുന്നു – അതൊരു ദുരന്തമാണ്, ഇപ്പോഴും അങ്ങനെ തന്നെ.” വര്‍ഗീസ് ഓര്‍മ്മിച്ചു.

1969-ല്‍ ദി ഹിന്ദുസ്ഥാന്‍ ടൈംസില്‍ ബി.ജി. വര്‍ഗീസ് ‘ഛതേര എന്ന ഗ്രാമത്തെക്കുറിച്ച് എഴുതി. നഗരവികസനത്തില്‍, ഏറ്റവും നിസ്സാരമായ കാര്യങ്ങളില്‍ പോലും, വാര്‍ത്തകളും പൊതുജനശ്രദ്ധയും പത്രങ്ങളില്‍ കേന്ദ്രീകരിച്ചിരുന്ന ഒരു കാലഘട്ടമായിരുന്നു അത്. ഹരിയാനയിലെ സോണെപത് (അന്ന് റോഹ്തക്) ജില്ലയിലാണ് ഈ ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏകദേശം 1500 പേര്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ ജാട്ടുകളും ബ്രാഹ്‌മണരും ഭൂരഹിതരായ ഹരിജനങ്ങളുമുണ്ട്. ഏറ്റവും അവഗണിക്കപ്പെട്ട ഗ്രാമമായിരുന്നു അത്. അതിനാല്‍, രണ്ടാഴ്ചയിലൊരിക്കല്‍ വിവിധതരം വിദഗ്ധരോടൊപ്പം ഗ്രാമവാസികളുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും പരിഹാരങ്ങള്‍ ഹിന്ദുസ്ഥാന്‍ ടൈംസില്‍ എഴുതി.

വിദ്യാഭ്യാസം, ആരോഗ്യം, ആശയവിനിമയം, ശുചിത്വം, വളത്തിന്റെ ലഭ്യത തുടങ്ങിയ നിരവധി വിഷയങ്ങളില്‍ അദ്ദേഹം പത്രത്തിലൂടെ ചര്‍ച്ച നടത്തി. 1969 ഫെബ്രുവരി 22 മുതല്‍ ഹിന്ദുസ്ഥാന്‍ ടൈംസിന്റെ ഞായറാഴ്ചപ്പതിപ്പില്‍ ‘നമ്മുടെ ഗ്രാമം ഛതേര’ എന്ന രണ്ടാഴ്ചയിലൊരിക്കല്‍ വരുന്ന കോളം ഈ ഗ്രാമത്തിന്റെ പ്രശ്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് 1975 വരെ പ്രസിദ്ധീകരിച്ചു.

സര്‍ക്കാര്‍ തലത്തില്‍ ഇത് ശ്രദ്ധിക്കപ്പെട്ടു. ഗ്രാമത്തിന് അത്യാവശ്യം വേണ്ടിയിരുന്ന ഒരു പാലം നിര്‍മ്മിക്കപ്പെട്ടു. സിന്‍ഡിക്കേറ്റ് ബാങ്കിന്റെ ഒരു ശാഖ ഗ്രാമത്തില്‍ തുറന്നു, എയിംസിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഈ ഗ്രാമം സന്ദര്‍ശിക്കാന്‍ തുടങ്ങി. ഇന്ത്യന്‍ അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ശാസ്ത്രജ്ഞര്‍ മണ്ണ് സര്‍വേയും ജലവിശകലനവും നടത്തി. നാല് വര്‍ഷത്തിനുള്ളില്‍ കുഴല്‍ക്കിണറുകളുടെ എണ്ണം ഇരട്ടിയായി. കുട്ടികളെ വയലില്‍ പോകുന്നതിനുപകരം കക്കൂസ് ഉപയോഗിക്കാന്‍ ശീലിപ്പിക്കുന്നതിനായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടോയ്ലറ്റ് ബ്ലോക്കുകള്‍ സ്‌കൂളിന് സമീപം നിര്‍മ്മിച്ചു. ജാതിയോ ലിംഗമോ നോക്കാതെ വൈകുന്നേരം 6 നും 7 നും ഇടയില്‍ പരിപാടികള്‍ കാണാന്‍ എല്ലാവരും ഒരുമിച്ച് ഇരിക്കുന്ന ഒരു ടിവി സെറ്റ് പഞ്ചായത്തില്‍ സ്ഥാപിച്ചു. നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടന്നു. ഇന്ത്യയിലെ ഏറ്റവും പൂര്‍ണ്ണമായി രേഖപ്പെടുത്തപ്പെട്ട ഗ്രാമമായി ഛതേര മാറി, ‘വികസന പത്രപ്രവര്‍ത്തനം’ എങ്ങനെ മാറ്റത്തിന്റെ ശബ്ദമായി മാറുമെന്ന് പഠിപ്പിക്കുന്നത് ഛതേരയിലൂടെ ബി.ജി. വര്‍ഗീസിന്റെ പത്രപ്രവര്‍ത്തനം നമ്മെ കാണിച്ചു തരുന്നു.

ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ക്കായി വര്‍ഗീസ് നിലകൊള്ളുകയും പത്രസ്വാതന്ത്ര്യത്തിനായി പോരാടുകയും ചെയ്തു. ഒരു ജനാധിപത്യത്തില്‍ ഭീകരര്‍ക്ക് എന്താണ് പറയാനുള്ളതെന്ന് ജനങ്ങള്‍ക്ക് അറിയാനുള്ള അവകാശമുണ്ടെന്ന് അദ്ദേഹം ആവര്‍ത്തിച്ച് പറഞ്ഞു. മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്താനും എന്ത് പ്രസിദ്ധീകരിക്കണമെന്നും എന്ത് പ്രസിദ്ധീകരിക്കരുതെന്നും അവരോട് ആജ്ഞാപിക്കാനും ഭീകരര്‍ നടത്തുന്ന ശ്രമങ്ങളെയും അദ്ദേഹം ഒരുപോലെ വിമര്‍ശിച്ചു. മതേതര മൂല്യങ്ങള്‍ക്കും സാമുദായിക ഐക്യത്തിനും വേണ്ടി അദ്ദേഹം നിലകൊണ്ടു. സംഘ പരിവാര്‍ നടത്തുന്ന വര്‍ഗീയ പ്രചാരണത്തെ അദ്ദേഹം നിരന്തരം വിമര്‍ശിച്ചു.

1990-ല്‍ കശ്മീരില്‍ തീവ്രവാദത്തിന്റെ തുടക്കത്തില്‍, ബാബറി മസ്ജിദ് നശിപ്പിക്കാനുള്ള പ്രചാരണത്തെ ന്യായീകരിക്കുന്നതിനായി, കശ്മീരിലെ നൂറുകണക്കിന് ഹിന്ദു ക്ഷേത്രങ്ങള്‍ കശ്മീരി മുസ്ലീങ്ങള്‍ നശിപ്പിച്ചതായി ആരോപിച്ച് സംഘ് പരിവാര്‍ ഒരു പ്രചാരണ പരിപാടി ആരംഭിച്ചിരുന്നു. അത്തരം ആരോപണങ്ങള്‍ അന്വേഷിക്കുകയും അവ തെറ്റാണെന്ന് കണ്ടെത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ റിപ്പോര്‍ട്ട് സംഘ് പരിവാറിന്റെ ദുഷ്ട പ്രചാരണത്തെ ദുര്‍ബലപ്പെടുത്തി.

1977 ലെ ഇന്ദിരാ ഗാന്ധിയുടെ തോൽവി

1977 മാര്‍ച്ചില്‍ ‘അടിയന്തരാവസ്ഥ’ അവസാനിച്ചതിനുശേഷം, ഗാന്ധി പീസ് ഫൗണ്ടേഷനില്‍ അന്ന് പ്രവര്‍ത്തിച്ചിരുന്ന വര്‍ഗീസ്, സി.എഫ്.ഡിയുടെ ( Center for Democracy) ഡല്‍ഹി ചാപ്റ്ററിന്റെ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. 1982 ല്‍ ഇന്ത്യന്‍ എക്‌സ്പ്രസില്‍ ചേരുന്നതുവരെ അദ്ദേഹം സി.എഫ്.ഡിയെ ആ സ്ഥാനത്ത് ഏകദേശം നാല് വര്‍ഷത്തോളം നയിച്ചു.

ജയില്‍ പരിഷ്‌കാരങ്ങള്‍, തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങള്‍, റേഡിയോയ്ക്കുള്ള സ്വയംഭരണത്തിനായുള്ള പ്രചാരണം, വോട്ടര്‍മാരുടെ വിദ്യാഭ്യാസം തുടങ്ങിയ നിരവധി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ സി.എഫ്.ഡി അദ്ദേഹത്തിന്റെ നേതൃത്വത്തിലും മാര്‍ഗനിര്‍ദേശത്തിലും ഏറ്റെടുത്തു. ജയില്‍ പരിഷ്‌കാരങ്ങള്‍ക്കായി അദ്ദേഹം ഒരു കമ്മിറ്റി രൂപീകരിച്ചു, അതില്‍ വി.എം.തര്‍കുണ്ഡെ, ബി.ജി.വര്‍ഗീസ്, ശ്രീമതി. അമിയ റാവു, ലീല ഫെര്‍ണാണ്ടസ്, അരുണ്‍ ഷൂരി എന്നിവരും ഉള്‍പ്പെടുന്നു. ജയില്‍ നിയമങ്ങള്‍ പ്രകാരം തിഹാര്‍ ജയിലിലെ ‘ജയില്‍ സന്ദര്‍ശകരായി’ ഡല്‍ഹി ഭരണകൂടം കമ്മിറ്റിയിലെ എല്ലാ അംഗങ്ങളെയും നിയമിച്ചു, പ്രസ്തുത അംഗങ്ങള്‍ തിഹാര്‍ പതിവായി സന്ദര്‍ശിച്ചിരുന്നു.

1977-ല്‍ ആന്ധ്രാപ്രദേശില്‍ നക്‌സലൈറ്റുകള്‍ പോലീസ് ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെട്ടുവെന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ സി.എഫ്.ഡിക്കുവേണ്ടി രൂപീകരിച്ച അന്വേഷണ സംഘത്തില്‍ ബി. ജി. വര്‍ഗീസ് സജീവ പങ്കാളിത്തം വഹിച്ചു. ആ റിപ്പോര്‍ട്ട് വെളിപ്പെടുത്തിയത് ഇത്തരം മരണങ്ങളില്‍ പലതും ക്രൂരമായ കൊലപാതകങ്ങളുടെ ഫലമാണെന്ന് പോലീസ് നടത്തിയ വ്യാജ ഏറ്റുമുട്ടലുകള്‍ ആദ്യമായി തുറന്നുകാട്ടിയ റിപ്പോര്‍ട്ടായിരുന്നു ഇത്. ഈ റിപ്പോര്‍ട്ട് വ്യാപകമായി ചര്‍ച്ച ചെയ്യപ്പെടുകയും പോലീസ് ഭരണകൂടത്തില്‍ പരിഷ്‌കാരങ്ങള്‍ വേണമെന്ന ആവശ്യം ശക്തിപ്പെടുത്തുകയും ചെയ്തു.

ഹിന്ദുസ്ഥാന്‍ ടൈംസിന്റെ എഡിറ്റോറിയല്‍ പ്രതിഷേധ സൂചകമായി ഒഴിച്ചിട്ടിരിക്കുന്നു

1978-ല്‍ ന്യൂഡല്‍ഹിയില്‍ വെച്ച് ബില്ല രംഗ എന്ന രണ്ട് കുപ്രസിദ്ധ കുറ്റവാളികള്‍ സഹോദരന്‍, സഹോദരി എന്നീ രണ്ട് യുവാക്കളെ തട്ടിക്കൊണ്ടുപോയി, സഞ്ജയ്, ഗീത ചോപ്ര എന്നീ സഹോദരിയെ ബലാത്സംഗം ചെയ്യുകയും ബുദ്ധ ഗാര്‍ഡന് സമീപം വെച്ച് ഇരുവരെയും കൊലപ്പെടുത്തുകയും ചെയ്തു. പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നെങ്കിലും അവരുടെ വികാരങ്ങള്‍ എങ്ങനെ പ്രകടിപ്പിക്കണമെന്ന് ജനങ്ങള്‍ക്ക് അറിയില്ലായിരുന്നു. ഇപ്പോഴത്തെ സംഘടിത പ്രകടനങ്ങള്‍ അക്കാലത്ത് അജ്ഞാതമായിരുന്നു. എന്നാല്‍ പ്രതിഷേധത്തിന്റെ ഭാഗമായി ബിജി വര്‍ഗീസ് ഒരു വലിയ പൊതുയോഗം സംഘടിപ്പിച്ചു. ‘ബലാത്സംഗ’ത്തിനെതിരെ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ നടന്ന ആദ്യത്തെ സംഘടിത പ്രകടനമായിരുന്നു ഇത്.

അടിയന്തരാവസ്ഥയുടെ പേരില്‍ അദ്ദേഹം ഇന്ദിരാഗാന്ധിയെ എതിര്‍ത്തെങ്കിലും, ഒരിക്കല്‍ പ്രസ്സ് അഡൈ്വസറായിരുന്നിട്ട് പോലും അക്കാലത്തെ സൗത്ത് ബ്ലോക്കിലെ അണിയറ കഥകള്‍ ആയുധമാക്കാനോ അദ്ദേഹം തുനിഞ്ഞില്ല. അടിയന്തരാവസ്ഥ വിരുദ്ധ ക്യാമ്പിലെ മറ്റു പലരെയും പോലെ അദ്ദേഹം അവരെ പൈശാചികമായി ചിത്രീകരിക്കാനും ഒരിക്കലും ശ്രമിച്ചില്ല.

ജമ്മു കശ്മീരിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിലപാടുകള്‍ പലരെയും അതൃപ്തിപ്പെടുത്തിയിട്ടുണ്ട്. കുനന്‍ പോഷ്പുര സംഭവം തന്നെ ഉദാഹരണം. 1991 ഫെബ്രുവരിയില്‍ ഗ്രാമത്തില്‍ ഒരു സൈനിക സംഘം ഏകദേശം 23 സ്ത്രീകളെ ബലാത്സംഗം ചെയ്തുവെന്ന ആരോപണത്തില്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ വസ്തുതാന്വേഷണ സംഘത്തെ നയിച്ച വര്‍ഗീസ്, ഇരകളുടെ വിവരണങ്ങളിലെ വൈരുദ്ധ്യങ്ങളും പൊരുത്തക്കേടുകളും കാണാന്‍ മടിച്ചില്ല. അദ്ദേഹം ആരോപണങ്ങളെ പിന്തുണയ്ക്കാന്‍ വിശ്വസനീയമായ തെളിവുകള്‍ ഇല്ലെന്ന നിഗമനത്തിലെത്തി.

ഇത് ഡല്‍ഹിയിലെയും മറ്റിടങ്ങളിലെയും ലിബറലുകളെ ചൊടിപ്പിച്ചു. അദ്ദേഹത്തിന്റെ സത്യസന്ധതയെ അവര്‍ സംശയിച്ചില്ല, പക്ഷേ അദ്ദേഹം വളരെ ദയാലുവാണെന്നും ആരെയും കുറ്റപ്പെടുത്താന്‍ കഴിയാത്തത്ര നിഷ്‌കളങ്കനാണെന്നും അവര്‍ വിധിച്ചു.

പ്രധാന മന്ത്രി രാജീവ് ഗാന്ധിയുടെ പത്രമാരണ ബില്ലിനെതിരെ പ്രകടനം നടത്തുന്ന പ്രമുഖഎഡിറ്റർമാർ – എച്ച്. കെ. ദുവ, നിഖിൽ ചക്രവർത്തി , ബി.ജി. വർഗീസ്

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് വേണ്ടി അദ്ദേഹം നടത്തിയ റിപ്പോര്‍ട്ടിംഗിനെ അടിസ്ഥാനമാക്കിയുള്ള അദ്ദേഹത്തിന്റെ ആദ്യ പുസ്തകം, ‘ഡിസൈന്‍ ഫോര്‍ ടുമാറോ’, രാജ്യത്തെ സ്വയംപര്യാപ്തമാക്കാന്‍ ഉദ്ദേശിച്ചുള്ള വ്യാവസായിക പദ്ധതികളെ കേന്ദ്രീകരിച്ചായിരുന്നു. വികസനോമുഖ പത്രപ്രവര്‍ത്തനത്തെ കുറിച്ച് എഴുതിയ പുസ്തകങ്ങള്‍ കൂടാതെ ഡോം മോറൈസ് ഉള്‍പ്പെടെ പലരും ശ്രമിച്ച് പൂര്‍ത്തിയാകാതെ പോയ ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രയുടമ രാംനാഥ് ഗോയങ്കയുടെ ആത്മകഥ Warrior of The Fourth Estate: Ramnath Goenka of The Express’ (2005) എഴുതി പൂര്‍ത്തിയാക്കി പുറത്ത് കൊണ്ടുവന്നത് ബി.ജി. വര്‍ഗീസായിരുന്നു. 1982 മുതല്‍ 1986 വരെ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്ററായിരുന്നു അദ്ദേഹം.

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളെക്കുറിച്ചുള്ള പണ്ഡിതോചിതമായ വിവരണമായ ഇന്ത്യാസ് നോര്‍ത്ത്-ഈസ്റ്റ് റീസര്‍ജന്റ്; ഗംഗ, ബ്രഹ്‌മപുത്ര തടത്തിലെ ഉപയോഗിക്കപ്പെടാത്ത ജലസ്രോതസ്സുകളെക്കുറിച്ചുള്ള വാട്ടര്‍സ് ഓഫ് ഹോപ്പ്; ഇന്ത്യയുടെ വൈവിധ്യങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള റീഓറിയന്റിംഗ് ഇന്ത്യ: റേജ്, റീകണ്‍സിലിയേഷന്‍ ആന്‍ഡ് സെക്യൂരിറ്റി എന്നിവ അദ്ദേഹത്തിന്റെ നിരവധി പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്നു. 2010 ല്‍ പുറത്തിറങ്ങിയ ഫസ്റ്റ് ഡ്രാഫ്റ്റ്: വിറ്റ്നസ് ടു ദി മേക്കിംഗ് ഓഫ് മോഡേണ്‍ ഇന്ത്യ എന്ന ആത്മകഥയാണ് അദ്ദേഹത്തിന്റെ അവസാനത്തെ കൃതി. 11 വര്‍ഷം മുന്‍പ്, ഡല്‍ഹിയിലെ ഗുഡ്ഗാവില്‍ വെച്ച് തന്റെ 87-ാം വയസ്സില്‍ ഡിസംബര്‍ 30 ന് ബി.ജി. വര്‍ഗീസ് അന്തരിച്ചു.

Content Summary: Today the death anniversary of the prominent Malayali journalist and editor B. G. Verghese

Leave a Reply

Your email address will not be published. Required fields are marked *

×