July 16, 2026 |
Avatar
അമർനാഥ്‌
Share on

വേട്ടയാടപ്പെടുന്ന ബിസിനസ്സ് ഭീമന്മാർ; രാജൻ പിള്ളയുടെ വഴിയെ സി.ജെ. റോയിയും

ദുരൂഹതയുടെ നിഴലിലെ രണ്ട് മരണങ്ങൾ

ഇന്ത്യന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത രണ്ട് ബിസിനസ്സ് സാമ്രാജ്യങ്ങളുടെ അധിപന്മാരായിരുന്നു രാജന്‍ പിള്ളയും സി.ജെ. റോയിയും. വളര്‍ച്ച പോലെ തന്നെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ് ഇരുവരുടെയും അപ്രതീക്ഷിത വിയോഗവും. 1995-ല്‍ തിഹാര്‍ ജയിലിനുള്ളില്‍ രാജന്‍ പിള്ള നേരിട്ട ദാരുണാന്ത്യം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെപ്പോലും പ്രതിക്കൂട്ടിലാക്കിയ ഒന്നായിരുന്നുവെങ്കില്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ അതികായനായ സി.ജെ. റോയിയുടെ ദുബായിലെ മരണം സമാനമായ രീതിയില്‍ ദുരൂഹതകളുടെ നിഴലിലാണ്. രണ്ട് പേരും ആഗോളതലത്തില്‍ ബിസിനസ്സ് വ്യാപിപ്പിച്ചവരായിരുന്നു. ഭരണകൂടങ്ങളുടെ ഇടപെടലുകളും, ബിസിനസ്സ് വൈരാഗ്യങ്ങളും ഇരുവരുടെയും പതനത്തിന് പിന്നിലുണ്ടെന്ന ആരോപണം ശക്തമാണ്. അധികാരത്തിന്റെയും കോര്‍പ്പറേറ്റ് ശത്രുതയുടെയും നിഴലില്‍ പൊലിഞ്ഞുപോയ ഈ രണ്ട് മലയാളി പ്രതിഭകളുടെയും ജീവിതം, വലിയ വിജയങ്ങള്‍ക്കപ്പുറം ബിസിനസ്സ് ലോകത്തെ കാണാപ്പുറങ്ങളിലേക്കും ഗൂഢാലോചനകളിലേക്കും വിരല്‍ ചൂണ്ടുന്നവയാണ്. 

ബിസ്‌ക്കറ്റ് രാജാവ് എന്നറിയപ്പെട്ട രാജന്‍ പിള്ള ഓര്‍മ്മയായിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. 1988 ഒക്ടോബറില്‍ ഏഷ്യയിലെ പ്രശസ്ത സാമ്പത്തിക പത്രമായ, സിംഗപ്പൂരിലെ ബിസിനസ് ടൈംസ് എഴുതി,  44 മില്യണ്‍ അമേരിക്കന്‍ ഡോളറിന്റെ (1988 ലെ 200 കോടി ഇന്ത്യന്‍ രൂപ) ഇടപാടിലൂടെ ഒരു പ്രാദേശിക ബിസിനസ്സുകാരന്‍ ഇന്ത്യയിലേയും, പാക്കിസ്ഥാനിലേയും ബിസ്‌ക്കറ്റ് രാജാവായിരിക്കുന്നു. ആ രാജാവ് മലയാളിയായ കൊല്ലത്തുകാരന്‍ ജനാര്‍ദ്ദനന്‍ രാജന്‍ പിള്ളയായിരുന്നു. ആ പേര് അദ്ദേഹത്തിന് ചാര്‍ത്തിക്കൊടുത്തത് ബിസിനസ് ടൈംസും. പിന്നീടുള്ള പതിറ്റാണ്ട് അദ്ദേഹമറിയപ്പെട്ടത് ആ പേരിലാണ് ‘ബിസ്‌ക്കറ്റ് രാജാവ് രാജന്‍ പിള്ള !

Rajan pillai family

സഹോദരൻ രാജ് മോഹൻ പിള്ള , പിതാവ് ജനാർദ്ദനൻ പിള്ള, രാജൻ പിള്ള  

രാജന്‍ പിള്ള ബ്രിട്ടാനിയ ഇന്‍ഡ്രസ്ട്രീസിന്റെ ചെയര്‍മാനായ വിവരം ഫോണിലൂടെ അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ പിതാവ് ജനാര്‍ദ്ദനന്‍ പിള്ള തിരുവനന്തപുരത്ത കവടിയാറിലുള്ള കെ.ജെ.പി ഹൗസിലെ വിശാലമായ തന്റെ ഓഫീസ് മുറിയിലിരുന്ന് തന്റെ ഭാര്യയോട് പറഞ്ഞു. ”രാജന്‍ മെല്ലെയല്ല പോകുന്നത്, ഓടുകയാണ്.”’ ചെലവില്‍ വിശ്വസിക്കാത്ത, ഫലത്തില്‍ മാത്രം വിശ്വസിക്കുന്ന ഒരാളാണ് തന്റെ മകനെന്ന് ജനാര്‍ദ്ദനന്‍ പിള്ളക്ക് നന്നായി അറിയാമായിരുന്നു. സിംഗപ്പൂരില്‍ നിന്ന് ലിയര്‍ ജെറ്റ് വിമാനം ചാര്‍ട്ടര്‍ ചെയ്ത് തിരുവനന്തപുരത്ത് വന്നിറങ്ങി തന്റെ എഴുപതാം പിറന്നാള്‍ സദ്യ ഉണ്ണാന്‍ വന്നവനാണ്! അതായിരുന്നു ജനാര്‍ദ്ദനന്‍ രാജന്‍ പിള്ള !

രാജന്‍ പിള്ളയുടെ ജാതകം നോക്കി പ്രവചിച്ചവരെല്ലാം ഏകാഭിപ്രായക്കാരായിരുന്നു. ”തൊട്ടതെല്ലാം പൊന്നാക്കുന്ന, രാജ്യാന്തര പ്രശസ്തി നേടാന്‍ പോകുന്നവന്‍!” 42 വയസ്സില്‍ സ്വപ്നതുല്യമായ പദവി, ഏഷ്യയിലെ ഏറ്റവും വലിയ ബിസ്‌കറ്റ് ഉല്‍പാദകരായ ബ്രിട്ടാനിയയുടെ ചെയര്‍മാനായി രാജന്‍ പിള്ള സ്ഥാനമേറ്റപ്പോള്‍ പ്രവചനങ്ങളെല്ലാം സത്യമായി. ഏഷ്യന്‍ മേഖലയുടെ തലവനായ രാജന്‍ പിള്ളയുടെ കീഴില്‍ ബ്രിട്ടാനിയ ഉല്‍പ്പന്നങ്ങള്‍ വന്‍ പ്രചാരം നേടി. 5000 ലക്ഷം അമേരിക്കന്‍ ഡോളറിന്റെ വിറ്റുവരവുള്ള ബ്രിട്ടാനിയ കമ്പനിയുടെ ചെയര്‍മാനായി രാജന്‍ പിള്ള അവരോധിക്കപ്പട്ടു.

അമ്പതു വര്‍ഷം മുന്‍പ് ആന്ധ്രയില്‍ നിന്ന് കൊല്ലത്തേക്ക് വന്ന ഒരു ടെലിഗ്രാമില്‍ മേല്‍വിലാസക്കാരന്റെ പേര് വെച്ചിരുന്നത് ഇങ്ങനെയായിരുന്നു ‘Nut King,Kollam.’ കമ്പിത്തപാലുകാരന് അതാരെന്ന് ഒട്ടും സംശയമുണ്ടായിരുന്നില്ല. അയാള്‍ പള്ളിമുക്കിലെ നാഷണല്‍ നട്ട് കമ്പനി ഓഫീസിലെത്തി വിലാസക്കാരന് കമ്പി സന്ദേശം കൈമാറി. വിലാസത്തിലെ വ്യക്തി രാജന്‍ പിള്ളയുടെ പിതാവ് ജനാര്‍ദ്ദനന്‍ പിള്ളയായിരുന്നു. നാല്‍പ്പത്തിയേഴാം വയസ്സില്‍ ലോകത്തിലെ ഏറ്റവും വലിയ ഒന്നാമത്തെ കശുവണ്ടികയറ്റുമതിക്കാരനായ വ്യക്തി! നട്ട് കിങ്ങ് എന്ന പേരിന് തികച്ചും അര്‍ഹന്‍.

കൊല്ലത്തെ പ്രശസ്തനായ വ്യവസായിയും പ്രമുഖനുമായിരുന്ന വെണ്ടര്‍ കൃഷ്ണ പിള്ളയുടെ അനന്തരവനായിരുന്നു ജനാര്‍ദനന്‍ പിള്ള. 1950 കളില്‍ ഇന്ത്യന്‍ കശുവണ്ടി വ്യവസായത്തിലെ കിരീടം വെക്കാത്ത രാജാവായിരുന്നു വെണ്ടര്‍ കൃഷ്ണ പിളള. കശുവണ്ടി വ്യവസായത്തിലൂടെ കൊല്ലം നഗരത്തിന്റെ മുഖച്ഛായ മാറ്റുന്നതില്‍ വലിയ പങ്ക് വഹിച്ച വ്യക്തി. ആയിരക്കണക്കിന് തൊഴിലാളികള്‍ അദ്ദേഹത്തിന്റെ കശുവണ്ടി ഫാക്ടറികളില്‍ ജോലി ചെയ്തിരുന്നു.

1951 ല്‍, തിരു കൊച്ചി സംസ്ഥാനത്ത്, അസംബ്ലി ഇലക്ഷനില്‍, പരവൂരില്‍ നിന്ന് സ്വതന്ത്രനായി വെണ്ടര്‍ കൃഷ്ണ പിള്ള മത്സരിച്ചിരുന്നു. കോണ്‍ഗ്രസിലെ പ്രമുഖ നേതാവും പിന്നീട് തിരുക്കൊച്ചി മുഖ്യമന്ത്രിയും സാമൂഹിക പരിഷ്‌ക്കര്‍ത്താവുമായിരുന്ന സി.കേശവനായിരുന്നു എതിരാളി. വെണ്ടര്‍ ജയിക്കുമെന്നുറപ്പിച്ച ആ മത്സരത്തില്‍ അവസാന ദിവസങ്ങളില്‍ എതിരാളികള്‍ നടത്തിയ രാഷ്ട്രീയക്കളിയില്‍ മത്സരഫലം മറ്റൊന്നായി. വെണ്ടര്‍ പരാജയപ്പെട്ടു. അന്ന് സി കേശവനെപ്പോലെ രാഷ്ട്രീയ അതികായനോട് വെണ്ടര്‍ കൃഷ്ണ പിള്ള തോറ്റത് വെറും 744 വോട്ടിനായിരുന്നു.

കൊല്ലത്ത് കോളേജ് സ്ഥാപിക്കാനായി എന്‍.എസ്.എസ് ഫണ്ട് പിരിവ് നടത്തിയപ്പോള്‍ വെണ്ടര്‍ വാഗ്ദാനം ചെയ്ത വലിയൊരു തുകയുടെ ആദ്യ ഗഡു പണം നല്‍കി. പക്ഷേ, കോളേജ് സ്ഥാപിച്ചത് കൊല്ലത്തല്ല ചങ്ങനാശ്ശേരിയിലായിരുന്നു. പിന്നീട് സംഭാവനയ്ക്കായ് സമീപിച്ച എന്‍.എസ്.എസ് സമുദായാചാര്യന്‍ മന്നത്ത് പത്മനാഭനോട് വാഗ്ദാനം ചെയ്ത കോളേജ് കൊല്ലത്ത് സ്ഥാപിക്കാത്തതിനാല്‍, സംഭാവന ഇനി പത്ത് പൈസ തരില്ലെന്ന് നേരിട്ട് പറഞ്ഞ ആളാണ് വെണ്ടര്‍. ഇത്തരത്തിലുള്ള ഉറച്ച നിലപാടുകളായിരുന്നു എല്ലായ്‌പ്പോഴും ആ വ്യവസായ കുടംബത്തിന്റെത്.

അക്കാലത്ത് വിദേശത്ത് നിന്ന് കശുവണ്ടി ഇറക്കുമതി ലൈന്‍സന്‍സ് ഇല്ലാതിരുന്ന വെണ്ടര്‍ക്ക് ഡല്‍ഹിയില്‍ പോയി അത് നേടിയെടുത്തതാണ് ജനാര്‍ദനന്‍ പിള്ളയുടെ കശുവണ്ടി വ്യവസായത്തിലേക്കുള്ള ആദ്യ ചുവടുവെപ്പ്. പിന്നീട് 1953 ഫെബുവരിയില്‍ വെണ്ടര്‍ കൃഷ്ണ പിള്ള തന്റെ ഒരു കശുവണ്ടി ഫാക്ടറി ജനാര്‍ദ്ദനന്‍ പിള്ളയ്ക്ക് നല്‍കി. മൂലധനമായി അരലക്ഷം രൂപയും നല്‍കി. പിന്നീട് ഇന്ത്യയിലെ ഏറ്റവും വലിയ കശുവണ്ടി കയറ്റുമതി വ്യവസായിയായി മാറി ജനാര്‍ദ്ദനന്‍ പിള്ള.

Rajan pillai

രാജന്‍ പിള്ള

ജനാര്‍ദ്ദനന്‍ പിള്ളയുടെ മൂന്ന് മക്കളില്‍ മൂത്തപുത്രനായ രാജന്‍ പിള്ള പഠിച്ചത് എഞ്ചിനീയറിംഗ് ആണെങ്കിലും, പാരമ്പര്യം കളയാതെ ബിസിനസ് രംഗത്തേക്കിറങ്ങുകയായിരുന്നു. 70 കളുടെ ആദ്യം ഗോവയില്‍ ഹോട്ടല്‍. പിന്നീട് തിരുവനന്തപുരത്ത് പെയ്ന്റ് കമ്പനി, ചെന്നെയില്‍ ഷൂ കമ്പനി. ഒടുവില്‍ കപ്പല്‍ വ്യവസായം. ഇതിലൊന്നും വിജയിക്കാതെ വന്നപ്പോള്‍ അയാള്‍ തന്റെ പ്രവര്‍ത്തനമേഖല വിദേശത്തേക്ക് മാറ്റാന്‍ തീരുമാനിച്ചു.
”ഞാന്‍ വിജയിക്കുമെന്ന് പ്രതീക്ഷിക്കാം”, 1973 ല്‍സിംഗപ്പൂര്‍ക്ക് വിമാനം കയറും മുന്‍പ് എയര്‍പോട്ടില്‍ തന്നെ, യാത്രയയ്ക്കാന്‍ വന്ന പിതാവ് ജനാര്‍ദ്ദനന്‍ പിള്ളയോട് രാജന്‍ പറഞ്ഞു.

അര നൂറ്റാണ്ട് മുന്‍പ് രാജന്‍ പിള്ള തന്റെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ സിംഗപ്പൂരില്‍ ചെന്നിറങ്ങിയപ്പോള്‍ ആ രാജ്യം അതിവേഗത്തില്‍ പുരോഗതിയിലേക്ക് കുതിക്കുകയായിരുന്നു. നിയമങ്ങള്‍ കര്‍ക്കശമാണെങ്കിലും വ്യവസായികള്‍ക്ക് അനുകൂലമായ ഒരു ഭരണകൂടമായിരുന്നു അവിടുത്തേത്. രാജന്‍ പിള്ളയുടെ ആദ്യ സംരംഭമായ 20വേ സെഞ്ച്വറി ഫുഡ്‌സ് വേഗത്തില്‍ തന്നെ, തെക്ക് കിഴക്കന്‍ ഏഷ്യയിലും പശ്ചിമേഷ്യയിലും ലഘു ഭക്ഷ്യ വിതരണ രംഗത്തെ വിജയകരമായി സ്ഥാനം ഉറപ്പിച്ചു. പ്രത്യേകിച്ചും അവരുടെ അണ്ടിപ്പരിപ്പ്.

‘ഒലെ’ എന്ന പേരിലുള്ള അണ്ടിപരിപ്പ് വന്‍ ഹിറ്റായി. ‘ഓലെ’ യെന്നത് ഒരു സ്പാനിഷ് വാക്കാണ് ‘ഹലോ’ എന്നര്‍ത്ഥം. ജപ്പാനിലും തായ്‌ലന്റിലും ഒലെ ഉല്‍പ്പന്നങ്ങളായ ഉരുളക്കിഴങ്ങ് ചിപ്‌സ്, പിസ്ത, അണ്ടിപ്പരിപ്പ് എന്നിവ വീടുകളിലും ബാറുകളിലും വന്‍തോതില്‍ വിറ്റ് പോയി. ഏറെ താമസിയാതെ ഒലെ ഉല്‍പ്പന്നങ്ങള്‍ ഏഷ്യയില്‍ പ്രശസ്തമായി. ഇന്ത്യയിലെ തുടര്‍ച്ചയായ പരാജയങ്ങളെ, പിന്‍തള്ളി ഒരു വിദേശ രാജ്യത്ത് രാജന്‍ പിള്ള ആദ്യത്തെ തന്റെ വിജയം ഉറപ്പിച്ചു. അടുത്ത പത്തു വര്‍ഷത്തിനുളളില്‍ സിംഗപ്പൂരിലെ ഏറ്റവും വിജയിച്ച ബിസിനസ്സുകാരനായി അയാള്‍ ഉയര്‍ന്നു.

അമേരിക്കയിലെ ന്യൂജേഴ്‌സി ആസ്ഥാനമാക്കി പ്രവര്‍ത്തിച്ചിരുന്ന ഭക്ഷ്യരംഗത്തെ അതികായനാണ് ‘നെബിസ്‌ക്കോ ബ്രാന്‍ഡ്‌സ്’. ‘ഒരു ഭൂഖണ്ഡം മുഴുവനായി വ്യാപിച്ച് കിടക്കുന്ന ഈ ഭക്ഷ്യ ഭീമന്റെ ചീഫ് എക്‌സിക്യൂട്ടീവായ കാനഡക്കാരന്‍ റോസ് ജോണ്‍സണ്‍ രാജന്‍ പിള്ളയേപ്പോലെ ചക്രവാളങ്ങള്‍ക്കപ്പുറം വ്യവസായ വിജയം സ്വപ്നം കാണുന്ന ഒരാളായിരുന്നു. നെബസ്‌കോയുടെ സംയുക്ത സംരംഭമായ സ്റ്റാന്‍ഡേര്‍ഡ് ബ്രാന്‍ഡുമായി രാജന്‍ പിള്ളയുടെ 20വേ സെഞ്ചറി ഫുഡ് സിന് വ്യാപാരബന്ധങ്ങളുണ്ടായിരുന്നു.സ്വഭാവികമായും അവര്‍ ഒന്നിച്ചു.

യു.കെ യിലെ രണ്ട് കമ്പനികള്‍ നിയന്ത്രിക്കുന്ന കല്‍ക്കട്ട ആസ്ഥാനമായുള്ള ഒരു കമ്പനിയായിരുന്നു ബ്രിട്ടാനിയ ബിസ്‌ക്കറ്റ്‌സ്. വെറും 80 കോടി വിറ്റുവരവുള്ള ആ കമ്പനി വില്‍ക്കാനായി യു.കെ ഉടമകള്‍ തീരുമാനിച്ചു. ബ്രിട്ടാനിയ നാബ്‌സ്‌കോയുടെ നിലവാരത്തിലുള്ള ഒരു കമ്പനിയല്ലെങ്കിലും അതിന്റെ മുപ്പതോളം ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയിലുടനീളം പ്രശസ്തവും വിറ്റുപോകുന്നതുമായിരുന്നു. നാബ്‌സ്‌കോ ബ്രിട്ടാനിയ വാങ്ങാനായി മുന്നോട്ടുവന്നു. പക്ഷേ, ഇന്ത്യയില്‍ അന്ന് ഉദാരവല്‍കരണം അല്ലെങ്കില്‍ ആഗോളവല്‍ക്കരണം ആരംഭിച്ചിട്ടില്ലാത്തതിനാല്‍ വിദേശ കമ്പനികള്‍ക്ക് ഓഹരികള്‍ വാങ്ങുക പരിമിതമായിരുന്നു.

രാജന്‍ പിള്ള ഒരു കുറുക്കുവഴിയിലൂടെ അത് മറികടന്നു. നാബസ്‌കോ ക്ക് ബ്രിട്ടാനിയയില്‍ 40% ഓഹരികള്‍ ഉണ്ട്. ഒരു ഇന്ത്യാക്കാരനായ താന്‍ 10% ഓഹരി വാങ്ങുക. ഒരാള്‍ക്കും നിയന്ത്രിക്കാനാവാത്തതും തിരിച്ചറിയാന്‍ കഴിയാത്തതുമായ സങ്കീര്‍ണമായ സാമ്പത്തിക നിയമങ്ങളുള്ള ഇന്ത്യയപ്പോലെ ഒരു രാജ്യത്ത് അത് ഫലവത്താവുക എന്നത് തികച്ചും അവിശ്വസനീയമാണ്. എങ്കിലും അത് നടന്നു. 1985 ന്‍ രാജന്‍ പിള്ള ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ ചെയര്‍മാനായി. ടൈംസ് വിശേഷിച്ച പോലെ, ശരിക്കും ബിസ്‌കറ്റ് രാജാവ്!

vender krishna pillai

വെണ്ടർ കൃഷ്ണ പിള്ള

തനിക്ക് ലഭിച്ച പേരിനെ സാധൂകരിക്കുന്ന ജീവിത ശൈലിയായിരുന്നു അദ്ദേഹത്തിന്റെത്. ഒരു വാച്ച് ആര്‍ക്കെങ്കിലും സമ്മാനിച്ചാല്‍ അത് റോളക്‌സ് ആയിരിക്കും. അദ്ദേഹത്തിനോടൊപ്പം മദ്യം കഴിക്കുകയാണെങ്കില്‍ അത് ബ്ലൂ ലേബല്‍ ആയിരിക്കും. വൈന്‍ ആണെങ്കില്‍ ഡോം പെരിഗ്‌നല്‍. മികവിനോടുള്ള അഭിനിവേശം, എല്ലാം ഒന്നാം തരം. ഈ രണ്ട് ശീലങ്ങള്‍ രാജന്‍ പിള്ളയുടെ അവസാനം വരെ അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

പിന്നീട് ഈ ജീവിതശൈലി അദ്ദേഹത്തെ ആദ്യം പ്രശസ്തനും പിന്നീട് അപകടത്തിലുമാക്കി. അതിനിടെ രാജന്‍ പിള്ള വിവാഹിതനായി. അടിയന്തരാവസ്ഥക്കാലത്ത് കേരളത്തിലെ പോലീസ് ഐ.ജി.യായിരുന്ന വി.എന്‍. രാജന്റെ സഹോദരിയുടെ മകളായ റോസിയായിരുന്നു വധു. പക്ഷേ, ആ ബന്ധം ഏതാനും മാസങ്ങളെ നിലനിന്നുള്ളൂ. പിന്നീടാ ബന്ധം വേര്‍പ്പെടുത്തി കാരണം അജ്ഞാതമായിരുന്നു.

പിന്നീട് ഒരു നേവി ഓഫീസറുടെ മകളും, മലയാളിയായ നീനാ ഗോപികാ നായരെ വിവാഹം ചെയ്തു. ബ്രിട്ടീഷ് എയര്‍വൈസില്‍ എയര്‍ ഹോസ്റ്റസ് ആവാന്‍ ശ്രമിക്കുമ്പോഴാണ് രാജന്‍ പിള്ളയുടെ ജീവിതത്തിലേക്ക് അവര്‍ കടന്നുവരുന്നത്. ബോംബയില്‍ ടാജ് ഹോട്ടലിലെ ഫ്രണ്ട് ഓഫീസിലെ റിസപ്ഷനിസ്റ്റായിരുന്ന നീനയെ രാജന്‍ പിള്ള കാണുകയും ഇഷ്ടത്തിലാകുകയും അവര്‍ വിവാഹിതരാകാന്‍ തീരുമാനിക്കുകയുമായിരുന്നു. രാജന്‍ പിള്ളയുടെ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ നീന പിള്ള മികച്ച സംഘാടകയും കാര്യപ്രാപ്തിയുള്ളവരുമായിരുന്നു. ഈ വിവാഹത്തില്‍ രാജന്‍ പിള്ളയ്ക്ക് രണ്ട് ആണ്‍ മക്കളുണ്ടായി. രാജന്‍ പിള്ളയുടെ, ആദ്യം മിത്രവും, പിന്നീട് ശത്രുവുമായി മാറിയ നുസ്ലി വാഡിയയുടെ പ്രശസ്ത തുണിത്തരമായ ബോംബെ ഡൈയിംഗിന്റെ മോഡലായായിരുന്നു ആദ്യകാലത്ത് നീന പിള്ള എന്നത് വിധി വൈപര്യമാകാം.

ന്യൂസിലാന്റിലെ രണ്ടാമത്തെ ഏറ്റവും വലിയ ഭക്ഷ്യ സംരംഭക്കാരായ ‘ഗ്രിഫിന്‍’ എന്ന കമ്പനിയെ ഒരു നിര്‍ണ്ണായക നീക്കത്തിലൂടെ അറ്റ്‌ലാന്റയിലെ കൊക്കക്കോളയെ പിന്‍തള്ളി രാജന്‍ പിള്ളയുടെ ബ്രിട്ടാനിയ വിലയ്ക്ക് വാങ്ങി. അപ്രതീക്ഷിത പരാജയം രുചിച്ച കൊക്കക്കോള തങ്ങളെ മലര്‍ത്തിയടിച്ച രാജന്‍ പിള്ളയുമായി ഇന്ത്യയില്‍ നയതന്ത്രപരമായ ഒരു സഖ്യത്തിലേര്‍പെട്ടു. 1977 ല്‍ ജനതാ ഗവണ്‍മെന്റ് കാലത്ത് മന്ത്രിയായ ജോര്‍ജ് ഫെര്‍ണാണ്ടസ് ഇന്ത്യയില്‍ നിന്ന് നാട് കടത്തിയതാണ് കൊക്കക്കോള, ആ കമ്പനിക്ക് വീണ്ടും ഇന്ത്യയിലേക്ക് പ്രവേശനം വേണം. അതായിരുന്നു അവരുടെ ലക്ഷ്യം. അത് വിജയിക്കുകയും ചെയ്തു.

A book written by K. Govindan Kutty about Rajan Pillai

രാജൻ പിള്ളയെ കുറിച്ച് കെ. ഗോവിന്ദൻ കുട്ടിയെഴുതിയ പുസ്തകം

രാജന്‍ പിള്ള അവരുമായി പങ്കാളിത്തത്തില്‍ ഇന്ത്യയില്‍ ആരംഭിച്ച ബ്രിറ്റ്‌സ്‌കോ കമ്പനിയാണ് പതിനഞ്ച് വര്‍ഷത്തെ നിരോധനത്തിന് ശേഷം കൊക്കക്കോളയെ ഇന്ത്യയില്‍ വീണ്ടും തിരിച്ചെത്തിച്ചത്. ഇന്ത്യയില്‍ നേരത്തെ അവതരിച്ച പെപ്‌സിയുമായുള്ള യുദ്ധത്തിന് പട നയിക്കാന്‍ കൊക്കൊക്കോളയ്ക്ക് രാജന്‍ പിള്ളയേപ്പോലെ ഒരാളെ അതിന് വേണമായിരുന്നു. പിന്നീട്, ആവശ്യം കഴിഞ്ഞപ്പോള്‍ അവര്‍ രാജന്‍ പിള്ളയുമായുള്ള കൂട്ട് വിച്ഛേദിച്ചു. കാരണം അപ്പോഴേക്കും ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ നിയമങ്ങള്‍ ഉദാരമാക്കിയിരുന്നു. കോര്‍പ്പറേറ്റ് ലോകം അങ്ങനെയാണ്. അവിടെ അവസരങ്ങളാണ് പ്രധാനം! കടപ്പാടോ വ്യക്തികളോ അല്ല.!

ബിസ്‌ക്കറ്റ് രാജാവ് എന്ന പദവിയില്‍ വിരാജിച്ച് പ്രശസ്തിയുടെ ഉയരങ്ങളില്‍ രാജന്‍ പിള്ള പറക്കുമ്പോള്‍, ഏറെയൊന്നും അകലയല്ലാതെ പിറകെ ശത്രുക്കളും ഉണ്ടായിരുന്നു. വാങ്ങിക്കൂട്ടലുകളില്‍ അദ്ദേഹം വിജയിച്ചെങ്കിലും മത്സരത്തിലെ പരാജിതര്‍ കരുക്കള്‍ നീക്കുന്നത് വിജയലഹരിയില്‍ അദ്ദേഹം അറിഞ്ഞില്ല. നക്ഷത്രങ്ങളുടെ അനുഗ്രഹങ്ങള്‍ അകലാന്‍ തുടങ്ങിയിരുന്നു.

പങ്കാളിയും, സ്‌നേഹിതനും പിന്നീട് ശത്രുവുമായ് മാറിയ റോസ് ജോണ്‍സണനായിരുന്നു ആദ്യം രാജന്‍ പിള്ളയ്‌ക്കെതിരെ തിരിഞ്ഞത്. രാജന്‍ പിള്ള ബ്രിട്ടാനിയയുടെ ചെയര്‍മാനായതോടെ റോസ് ജോണ്‍സന് ചീഫ് എക്‌സിക്യൂട്ടിവ് സ്ഥാനം നഷ്ടമായിരുന്നു. ബ്രിട്ടാനിയയില്‍ നേരത്തെ കണ്ണുവെച്ചിരുന്ന, ഇന്ത്യന്‍ വ്യവസായിയും ബോംബ ഡൈയിങ്ങ് ഉടമ പാക്കിസ്ഥാന്റെ സ്ഥാപകനായ മുഹമ്മദലി ജിന്നയുടെ കൊച്ചു മകനുമായ നുസ്ലി വാഡിയ തക്കസമയത്ത് രാജന്‍ പിള്ളയ്‌ക്കെതിരെ കരുക്കള്‍ നീക്കിയെന്ന് പറയപ്പെടുന്നു. 1993 ല്‍ രാജന്‍ പിള്ളയെ ബ്രിട്ടാനിയയുടെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ ശത്രുക്കള്‍ക്ക് കഴിഞ്ഞു.

അതിന്റെ തുടക്കം ഇങ്ങനെയാരംഭിച്ചു. 1992 നവംബറില്‍ സിങ്കപ്പൂരിലെ കൊമേഴ്‌സ്യല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്‌മെന്റ് രാജന്‍ പിള്ളയ്‌ക്കെതിരെ ക്രിമിനല്‍ കുറ്റമാരോപിച്ചു നോട്ടീസ് നല്‍കി. റോസ് ജോണ്‍സന്റെ പരാതിയായിരുന്നു കാരണം. സ്വന്തം കമ്പനിയുടെ നഷ്ടം തീര്‍ക്കാന്‍ ബ്രിട്ടാനിയയുടെ 75 ലക്ഷം ഡോളര്‍ എടുത്തു എന്നായിരുന്നു കുറ്റം. 26 കുറ്റങ്ങളടങ്ങിയ കേസ്. ബ്രിട്ടീഷ് രാജ്ഞിയുടെ ഉപദേശകനായ അല്ലന്‍ ജോണ്‍സണ്‍ സിംഗപ്പൂര്‍ കോടതിയില്‍ രാജന്‍ പിള്ളക്ക് വേണ്ടി വാദിച്ചെങ്കിലും വിധി എതിരായിരുന്നു. 14 കൊല്ലത്തെ ജയില്‍ശിക്ഷ, ഏകപക്ഷീയമായ വിധി. ഇന്ത്യയിലാണെങ്കില്‍ പരമാവധി 2000 രൂപ പിഴ വരുന്ന ശിക്ഷ!.

rajan pillai and neena pillai marriage

നീനാ പിള്ളയും രാജൻ പിള്ളയും വിവാഹിതരായപ്പോൾ

സിംഗപ്പൂരില്‍ തനിക്ക് നീതിയില്ല എന്ന് തിരിച്ചറിഞ്ഞ രാജന്‍ പിള്ള, അറസ്റ്റ് ചെയ്യും മുന്‍പ് 1995 ഏപ്രില്‍ 10 ന് ഇന്ത്യയിലേക്ക് രഹസ്യമായി വിമാനം കേറി. ജന്മനാട്ടില്‍ തനിക്ക് നീതി കിട്ടും എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതീക്ഷ. സിംഗപ്പൂര്‍ ഗവണ്‍മെന്റ് രാജന്‍ പിള്ളയെ അറസ്റ്റ് ചെയ്യാന്‍ വലിയ തിടുക്കമൊന്നും കാട്ടിയില്ലെങ്കിലും ഇന്ത്യയിലെ, അദ്ദേഹത്തിന്റെ ശത്രുക്കളും, മാദ്ധ്യമങ്ങളും, ഈ കാര്യത്തില്‍ വളരെ ശ്രദ്ധാലുക്കളായിരുന്നു. ബിസ്‌ക്കറ്റ് രാജാവിന്റെ അപ്പോഴത്തെ അവസ്ഥയെ കുറിച്ച് എഴുതിയ ഇക്കണോമിക്ക് ടൈംസ്, അദ്ദേഹത്തിന് പുതിയൊരു വിശേഷണം നല്‍കി ‘രാജന്‍ പിള്ള: ഓടാനായി ജനിച്ച, ഒറ്റയാനായ വ്യവസായി!’

ബോംബെ ഹൈക്കോടതി, ജാമ്യാപേക്ഷ നിരസിച്ചതോടെ, അറസ്റ്റിലേക്ക് നീങ്ങി. ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ മാറി മറഞ്ഞ, ആ കളിയില്‍ ഒടുവില്‍, തിരുവനന്തപുരത്ത്, മജിസ്റ്റേറ്റ് കോടതിയില്‍ ചീഫ് ജുഡീഷ്യല്‍ മജിസ്റ്റേറ്റ് സി.ഡി. അനില്‍ രാജന്‍ പിള്ളക്ക് ജാമ്യം അനുവദിച്ചു. കേരള ഹൈക്കോടതി സുവോ മോട്ടോവായി ഈ കേസ് പരിഗണനയ്‌ക്കെടുത്തു, സാധാരണ, ഭരണഘടന പ്രാധാന്യമുള്ളതോ, അതീവപ്രധാന്യമുള്ള വിഷയമോ ആണ് സുവോ മോട്ടോവായി പരിഗണിക്കുക. കേരള ഹൈക്കോടതി ജാമ്യം റദ്ദാക്കുകയും കേസ് ഡല്‍ഹിയിലേക്ക് മാറ്റുകയും ചെയ്തു.

അറബിയില്‍, ഒരു പഴമൊഴിയുണ്ട്. ആരോഗ്യമുള്ളവന് പ്രതീക്ഷയുണ്ട്! പ്രതീക്ഷയുള്ളവന് എല്ലാമുണ്ട്. രാജന്‍ പിള്ളയുടെ കാര്യത്തില്‍ പഴമൊഴി പകുതി മാത്രമേ ശരിയായായിട്ടുള്ളൂ. പണ്ട് അലട്ടിയ രോഗം വീണ്ടും വില്ലനായി കടന്നുവന്നു. അദ്ദേഹം, കരള്‍വീക്കത്തിന് മുമ്പൊരിക്കല്‍ ചികിത്സ തേടിയതാണ്. ആ രോഗം വീണ്ടും അദ്ദേഹത്തെ തേടി വന്നു. ആ രോഗാവസ്ഥയിലും, അദ്ദേഹത്തിന് ആകെ പ്രതീക്ഷയുണ്ടായിരുന്നത് സിംഗപ്പൂരില്‍ തനിക്ക് നിഷേധിച്ച നീതി ഇന്ത്യയില്‍ കിട്ടുമെന്നായിരുന്നു.

Rajan pillai arrested

ഇന്ത്യാ ടുഡെ കവർ സ്‌റ്റോറി

ഡല്‍ഹിയിലെ തീസ് ഹസാരി കോടതിയില്‍ കീഴടങ്ങാനുള്ള അവസരം നിഷേധിക്കപ്പെട്ട് ഡല്‍ഹിയില്‍ ഹോട്ടല്‍ മുറിയില്‍ നിന്ന് രാജന്‍ പിള്ള അറസ്റ്റിലായി. രാജന്‍ പിള്ള, ഗേറ്റ്‌നമ്പര്‍ 4, തീഹാര്‍ ജയില്‍, ന്യൂഡല്‍ഹി. അറസ്‌റ് ചെയ്യപ്പെട്ട രാജന്‍ പിള്ളയുടെ, എന്‍ട്രി ജയില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി. 55 ദശലക്ഷം അമേരിക്കന്‍ ഡോളര്‍ വിറ്റുവരവുള്ള കമ്പനിയുടെ ഉടമയായായിരുന്ന ബിസ്‌ക്കറ്റ് രാജാവിനെ തിഹാറിലെ സെല്ലിലെത്തിച്ചത് അദ്ദേഹത്തിന്റെ വിശ്വാസം ശരിയാണെങ്കില്‍, നീചഗ്രഹമായ ശനിയുടെ പ്രഭാവമായിരുന്നു. ഗ്രഹങ്ങള്‍ അദേഹത്തിന് നേരെ മുഖം തിരിക്കാന്‍ ആരംഭിച്ചിരുന്നു.

1995ലെ ഏപ്രിലിലായിരുന്നു അത്. ടി.എസ് ഏലിയറ്റിന്റെ വരികള്‍ പോലെ, ‘ആ ഏപ്രില്‍ മാസം ക്രൂരമായിരുന്നു’ രാജന്‍ പിള്ളയെ സംബന്ധിച്ചിടത്തോളമെങ്കിലും!
രാജന്‍ പിള്ളയില്‍ നിന്ന് ധാരാളം സഹായം പറ്റിയിട്ടുള്ള രാഷ്ട്രീയക്കാരും, ബ്യൂറോക്രാറ്റുകളും ഡല്‍ഹിയിലുണ്ടായിരുന്നു. ആ സ്വാധീനമുപയോഗിച്ച്, രാജന്‍ പിള്ളയെ രക്ഷപ്പെടുത്താന്‍ ഭാര്യ നീനപിള്ളയും, സഹോദരന്‍ രാജ്‌മോഹന്‍ പിള്ളയും കിണഞ്ഞു ശ്രമിച്ചു. ജാമ്യം കിട്ടിയാല്‍, കേസ് കോടതിയില്‍ നേരിടാമെന്ന ധൈര്യം അവര്‍ക്കുണ്ടായിരുന്നു. പക്ഷേ, ആരും സഹായിക്കാനെത്തിയില്ല. അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞ പോലെ, രാജന്‍ പിള്ള ഡല്‍ഹിയില്‍ അപരിചിതനായിക്കഴിഞ്ഞിരുന്നു!

കൊല്ലത്തെ കോണ്‍ഗ്രസ് നേതാവായ മുന്‍ മന്ത്രി എസ്.കൃഷ്ണകുമാറിന് രാജന്‍ പിള്ളയുമായി നല്ല അടുപ്പമായതിനാല്‍ ഡല്‍ഹിയില്‍ സ്വാധീനമുപയോഗിച്ച് രാജന്‍ പിള്ളയെ വിദഗ്ധ ചികിത്സക്കായി നല്ല ആശുപത്രിയിലേക്ക് മാറ്റാന്‍ സഹോദരന്‍ രാജ് മോഹന്‍ പിള്ളയും നീന പിള്ളയും കൃഷ്ണകുമാറിനെ ഫോണിലൂടെ ബന്ധപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. ”ഇപ്പോള്‍ സംസാരിക്കാന്‍ സമയമില്ല. അത്യാവശ്യമായി ഒരു ഡാന്‍സ് പ്രോഗ്രാമിനെത്തേണ്ടതുണ്ട്”എന്ന് പറഞ്ഞു കൃഷ്ണകുമാര്‍ ഫോണ്‍ വെച്ചു.

C krishnakumar

എസ്. കൃഷ്ണകുമാർ

80 കളില്‍ ജനാര്‍ദനന്‍ പിള്ള തിരുവനന്തപുരത്ത് നിന്ന് ‘കേരള പത്രിക’ എന്നൊരു ദിനപത്രം പ്രസിദ്ധീകരിച്ചിരുന്നു. ഐ.എസ്.സില്‍ നിന്ന് രാജിവെച്ച ശേഷം തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ മുന്നോടിയായി പത്രപ്രവര്‍ത്തനത്തില്‍ പ്രവേശിച്ച കൃഷ്ണകുമാര്‍ അതിന്റെ ചീഫ് എഡിറ്റായി. പിന്നീട് ജനാര്‍ദ്ദനന്‍ പിള്ളയും കെ.കരുണാകരനുമായി ബന്ധം ഉപയോഗിച്ച് കൊല്ലത്തെ, ലോക്‌സഭ സീറ്റ് നേടിയ കൃഷ്ണകുമാര്‍ വന്‍ ഭൂരിപക്ഷത്തില്‍ ജയിക്കുകയും കേന്ദ്ര മന്ത്രിയാവുകയും ചെയ്തു. ആ തിരഞ്ഞടുപ്പില്‍ പണം മുടക്കിയതും പ്രചാരണ പദ്ധതികള്‍ ആസൂത്രണം ചെയ്തതും ജനാര്‍ദനന്‍ പിള്ളയായിരുന്നു. പക്ഷേ, രാജന്‍ പിള്ള ഒരു പ്രതിസന്ധി നേരിട്ടപ്പോള്‍ അയാള്‍ തിരിഞ്ഞ് നോക്കാതെ ഒഴിഞ്ഞു മാറി.

പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ കുറഞ്ഞതൊന്നും ഉപയോഗിക്കാത്ത രാജന്‍ പിള്ള ഡല്‍ഹിയിലെ പൊള്ളുന്ന ചൂടില്‍ കരള്‍രോഗം മൂര്‍ച്ഛിച്ച് രോഗിയായി തിഹാറിലെ സെല്ലിലെ തിണ്ണയില്‍ അവശനായി കിടന്നു, ഒരു തടവുകാരന് കിട്ടേണ്ട മിനിമം വൈദ്യസഹായം പോലും ലഭിക്കാതെ! ജയിലിലെ ഡോക്ടറും, അധികാരികളും അദ്ദേഹത്തിന്റെ അപകടകരമായ നിലയെ അവഗണിച്ചു.

തീസ് ഹസാരി കോടതിയില്‍ രാജന്‍ പിള്ളക്ക് അടിയന്തചികിത്സ ആവശ്യമാണെന്ന അഭിഭാഷകന്റെ വാദവും ന്യായാധിപനായ എം. എല്‍ മേത്ത പുച്ഛിച്ചു തള്ളി. പിളളക്ക് മാരകമായ രോഗമില്ലെന്നായിരുന്നു ജയിലിനകത്തെ ഡോക്ടര്‍മാരുടെ കണ്ടുപിടുത്തം. കൂടാതെ മദ്യപാനിയാണെന്ന് വരുത്തിത്തീര്‍ക്കാനും തെളിവുകള്‍ ഹാജരാക്കി. ഏതൊക്കെയോ അദൃശ്യകരങ്ങള്‍ രാജന്‍ പിള്ളയുടെ മോചനത്തിന് പ്രതിബന്ധങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒടുവില്‍ രക്തം ഛര്‍ദിച്ച നിലയില്‍ അബോധാവസ്ഥയില്‍ ദീന ദയാല്‍ ഉപാധ്യായ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രോഗത്തിന്റെ ഗുരുതരാവസ്ഥയെ കുറിച്ചോ, വൈദ്യസഹായത്തെ കുറിച്ചോ ജയിലധികൃതര്‍ ഒരു റിപ്പോര്‍ട്ടും നല്‍കപ്പെട്ടില്ല. ക്രൂരമായ അവഗണനയുടെ ബലിയാടാവുകയായിരുന്നു രാജന്‍ പിള്ള.

1995 ജൂലൈ, 7. രാത്രി എട്ട് മണിയോടെ ഡല്‍ഹിയിലെ ദീന്‍ ദയാല്‍ ആശുപത്രിക്കടുത്തുള്ള ഒരു ടെലിഫോണ്‍ ബൂത്തില്‍ നിന്ന്, കവടിയാറിലെ കെ.ജെ.പി ഹൗസിലേക്ക് ഒരു ടെലിഫോണ്‍ വിളി വന്നു. ഡല്‍ഹിയില്‍ നിന്ന് രാജ് മോഹന്‍ പിള്ളയായിരുന്നു ഫോണില്‍.
”എല്ലാം അവസാനിച്ചു” ആ രണ്ട് വാചകത്തിലെല്ലാമുണ്ടായിരുന്നു.
ബിസ്‌ക്കറ്റ് രാജാവ് രാജന്‍ പിള്ള ചരിത്രമായി.

ശത്രുക്കള്‍ ബോധപൂര്‍വ്വമൊരുക്കിയ കെണിയില്‍ വീണ രാജന്‍ പിള്ളക്ക് ബോധപൂര്‍വമൊരുക്കിയ അവഗണനയും നീതി നിഷേധവുമാണ് ലഭിച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ വ്യവ്യസായിയായി മാറേണ്ട രാജന്‍ പിള്ളയുടെ ശവശരീരം ദീന്‍ ദയാല്‍ ആശുപത്രിയില്‍ ഒരു സ്‌ട്രെച്ചറില്‍ മലര്‍ന്നു കിടക്കുന്ന കാഴ്ച അതിദയനീയമായിരുന്നു. മുഖത്ത് നിന്നും മൂക്കില്‍ നിന്നും വായയില്‍ നിന്നും രക്തം ഒഴുകിയിറങ്ങിയിരുന്നു. 400 മില്യണ്‍ ഡോളര്‍ ആസ്തിയുള്ള ഒരു വ്യവസായ സാമ്രാജ്യത്തിന്റെ അധിപനായിരുന്ന ആ മനുഷ്യന്റെ മൃതശരീരം മൂടാന്‍ ഒരു ശവക്കച്ച പോലും ആശുപത്രി അധികൃതര്‍ നല്‍കിയില്ല. വ്യവസായത്തില്‍ ഉന്നതിയിലേക്ക് വേഗത്തില്‍ കുതിച്ച രാജന്‍ പിള്ള നിര്‍ഭാഗ്യവശാല്‍ ആ അതിവേഗത മരണത്തിലും കാണിച്ചു. അമ്പത് വയസു പോലും പൂര്‍ത്തിയാകും മുന്‍പേയാണ് രാജന്‍ പിള്ളയെന്ന ബിസ്‌ക്കറ്റ് രാജാവ് ആ ദുരന്തത്തിലവസാനിച്ചത്.

പിന്നീട് മൃതശരീരം ഡല്‍ഹിയില്‍ നിന്ന് വിമാനത്തില്‍ കൊല്ലത്തെത്തിച്ചു. കൊല്ലം പള്ളിമുക്കിലെ ജനാര്‍ദ്ദനന്‍ പിള്ളയുടെ എന്‍.എന്‍.സി എസ്റ്റേറ്റില്‍ കണ്ണീരണിഞ്ഞ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ രാജന്‍ പിള്ളക്ക് ചിതയൊരുങ്ങി. 2020-ഓടെ ലോകത്തിലെ ഏറ്റവും വലിയ ഭക്ഷ്യ സ്ഥാപനത്തിന്റെ തലപ്പത്തെത്തുമെന്ന് സ്വപ്നം കണ്ട വ്യവസായിയായിരുന്നു രാജന്‍ പിള്ള. അതിന് അദ്ദേഹം പ്രാപ്തനുമായിരുന്നു.

ബിസിനസ്സില്‍ പിഴച്ച ചില കണക്കുകൂട്ടലുകളാണ് അദ്ദേഹത്തിനെ വീഴ്ത്തിയത്. നുസ്ലി വാഡിയയേ പോലെ ഒരു പ്രബല ശത്രുവിന്റെ ചരടുവലികളില്‍, നടന്ന പല കളികളും കൂടിയായപ്പോള്‍ പതനം അനിവാര്യമായിരുന്നു… ഒരു കുറ്റവാളിയെപ്പോലെയാണ് അദ്ദേഹത്തെ, ഇന്ത്യയിലെ ഉദോഗസ്ഥ വൃന്ദവും നീതി പീഠവും കണ്ടത്. കേസിന്റെ ആദ്യ നാളുകളില്‍ തന്നെ വിധി തീരുമാനിച്ച പോലെയാണ് രാജന്‍ പിള്ളയുടെ കേസ് കൈകാര്യം ചെയ്യപ്പെട്ടത്. പ്രതിസന്ധി ഘട്ടത്തില്‍, രാജന്‍ പിള്ളയുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ആരും സഹായത്തിനെത്തിയില്ല. ആറു രാജ്യങ്ങളിലായി 1300 കോടി (400 മില്യണ്‍ ഡോളര്‍) ബിസിനസ് സാമ്രാജ്യത്തിന് നേതൃത്വം നല്‍കിയ രാജന്‍ പിള്ള അപമൃത്യുവിനിരയായപ്പോള്‍ പ്രായം വെറും 48 വയസ് മാത്രമായിരുന്നു.

സോഷ്യല്‍ മീഡിയ അന്നില്ല. മലയാളത്തിലാകട്ടെ ഏഷ്യാനെറ്റ് ഒഴികെ സ്വകാര്യ ടി.വി.ചാനലുകള്‍ അധികമൊന്നും ആരംഭിച്ചിട്ടില്ല. അതിനാല്‍ പ്രതിസന്ധിയില്‍ വേണ്ട അതിപ്രധാനമായ മാധ്യമ പിന്തുണ അദ്ദേഹത്തിന് കിട്ടാതെ പോയി. ദേശീയ ഇംഗ്ലീഷ് പത്രങ്ങളാകട്ടെ അദ്ദേഹത്തിന് യാതൊരു പിന്തുണയും നല്‍കിയില്ല. അല്ലെങ്കില്‍ കാര്യങ്ങള്‍ ഇങ്ങനെ ദുരന്തത്തിലവസാനിക്കുകയില്ലായിരുന്നു.

Rose Johnson

റോസ് ജോൺസൺ

ഹിന്ദുസ്ഥാന്‍ ടൈംസ് ഇംഗ്ലീഷ് ദിനപത്രം മരണത്തിലും രാജന്‍ പിള്ളയെ വെറുതെ വിട്ടില്ല. ചരമ വാര്‍ത്ത പത്രത്തില്‍ നല്‍കിയതിന് ശേഷം ബിസ്‌ക്കറ്റ് രാജാവിന്റെ ജീവിത കഥ മറ്റൊരു ദീര്‍ഘസ്റ്റോറിയായി നല്‍കിയതില്‍ അവര്‍ എഴുതി.
”രാജന്‍ പിള്ള എല്ലായ്‌പ്പോഴും കടം വാങ്ങിയ പണം കൊണ്ടാണ് ജീവിച്ചത്. രണ്ട് ദശാബ്ദം നീണ്ടു നിന്ന വന്‍കിട ബിസിനസ്സ് സ്രാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ജീവിതത്തിനിടയില്‍ രാജന്‍ പിള്ള ഒരിക്കലും അയാളുടെ ബില്ലുകള്‍ സ്വന്തം പണം കൊണ്ട് അടച്ച് തീര്‍ത്തിരുന്നില്ല. മറ്റുള്ളവര്‍ക്ക് അയാള്‍ നല്‍കിയ വിലപിടിച്ച സമ്മാനങ്ങളുടെ വില ഒരിക്കലും നല്‍കിയിരുന്നില്ല. മൂന്നു മാസത്തോളം ഇന്ത്യയില്‍ ഒളിച്ച് താമസിച്ചിരുന്നപ്പോള്‍ കുടിച്ച മദ്യത്തിന്റെ ബില്ലുകളും അയാളുടെ പോക്കറ്റില്‍ നിന്ന് കൊടുത്തിട്ടില്ല”

മരിച്ചിട്ടും രാജന്‍ പിള്ളയെ വെറുതെ വിടാന്‍ മാധ്യമങ്ങള്‍ തയ്യാറായില്ല എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ് ‘സിംഗപ്പൂരിലെ’ സ്‌ട്രൈറ്റ് ടൈംസ് കൊടുത്ത വിചിത്രമായ ഒരു വാര്‍ത്ത ‘ഓസ്‌ട്രേലിയയിലെ ഡൈര്‍വിനില്‍ രാജന്‍ പിള്ളയെ കണ്ടെത്തി’ എന്ന് ആ പത്രം റിപ്പോര്‍ട്ട് നല്‍കി. ഒരു സിനിമാക്കഥ പോലെ എഴുതപ്പെട്ട ആ സ്റ്റോറിയില്‍ ഇങ്ങനെ എഴുതി
‘രാജന്‍ പിള്ള യഥാര്‍ത്ഥത്തില്‍ മരിച്ചിട്ടില്ല. അയാളുടെ ജന്മനാട്ടില്‍ ധാരാളം ആളുകളുടെ സാന്നിധ്യത്തില്‍ ഒരു ശവസംസ്‌കാരം നടന്നതെന്നും എന്നാല്‍ കൊല്ലത്ത് അടക്കപ്പെട്ടത് രാജന്‍ പിള്ളയുടെ ശവശരീരമല്ലെന്നും അത് മറ്റാരുടെതാണെന്നും പത്രം വാദിച്ചു. ഇന്ത്യയില്‍ ശവശരീരങ്ങള്‍ വിലയ്ക്ക് വാങ്ങാന്‍ കിട്ടും’ പത്രം എഴുതി.

രാഷ്ട്രീയക്കാരുമായി ചേര്‍ന്ന് നടത്തുന്ന കോര്‍പ്പറേറ്റ് കമ്പനികളുടെ വഴിവിട്ട കളികള്‍ അറിയാവുന്ന പ്രശസ്ത പത്രപവര്‍ത്തകനും ‘ഏഷ്യന്‍ ഏജ്’ ന്റെ എഡിറ്ററുമായ എം.ജെ. അക്ബര്‍ ല്‍ എഴുതി’ രാജന്‍ പിള്ളയ്ക്ക് സഹായം ആവശ്യമായിരുന്നു. എന്നാല്‍ അവസാന നാളുകളില്‍ എല്ലാവരും അദ്ദേഹത്തെ വിട്ടുപോയി. അവരെയെല്ലാം അദ്ദേഹം വിശ്വസിച്ചു. അദ്ദേഹം സല്‍ക്കരിച്ചവരെല്ലാം നിഷ്‌ക്രിയരായിരുന്നു. അദ്ദേഹത്തിന്റെ അതിഥി മര്യാദ സ്വീകരിച്ചവരെല്ലാം രാജന്‍ പിള്ള ധൂര്‍ത്തനാണെന്ന് കുറ്റപ്പെടുത്തുകയായിരുന്നു. സുഹൃത്തുക്കളെ സമ്പാദിക്കാനും ആളുകളുടെ മതിപ്പ് സമ്പാദിക്കാനും പരിശ്രമിച്ച ആ മനുഷ്യന്റെ വര്‍ഷങ്ങളായി താന്‍ നേടിയ, അനുഭവിച്ച പ്രശസ്തിയും ആരാധനയുമൊക്കെ അന്തരീക്ഷത്തില്‍ ആകുന്നതാണ് കണ്ടത്.’

ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ പഴുതുകളിലെ പരിഗണന തന്നെ രക്ഷപ്പെടുത്തുമെന്ന് ഉറച്ച വിശ്വാസമുള്ളതിനാലാണ് രാജന്‍ പിള്ള സിംഗപ്പൂരില്‍ പിടികൊടുക്കാതെ ഇന്ത്യയിലേക്ക് ഒളിച്ച് കടന്നത്. അത് അദ്ദേഹത്തിന്റെ വിധി നിര്‍ണ്ണയിക്കുകയും ചെയ്തു. രാജ്യാന്തര വ്യവസായത്തില്‍ മികവുകാട്ടിയ ഒരു ഇന്ത്യന്‍ വ്യവസായി എന്ന നിലയ്ക്ക് സംരക്ഷിക്കേണ്ട ഒരു വ്യക്തിയെ തികച്ചും അവഗണിച്ച്, രക്തസാക്ഷിയാക്കുകയായിരുന്നു ഭരണകൂടവും ഉദ്യോഗസ്ഥരും. അന്നത്തെ ആഭ്യന്തര കോര്‍പ്പറേറ്റ് മത്സരങ്ങളുടെ രക്തംപുരണ്ട ഉപോല്‍പ്പന്നമായിരുന്നു. അദ്ദേഹത്തിന്റെ ദാരുണമായ അന്ത്യം.

ചരിത്രത്തിലാദ്യമായി കേരള നിയമസഭ ഒരു വ്യാവസായിക പ്രമുഖന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. അഭിഭാഷകനും, കേരള നിയമസഭയുടെ മുന്‍സ്പീക്കറും എം.എല്‍ എ യുമായിരുന്ന വര്‍ക്കല രാധാകൃഷ്ണന്‍ നിയമസഭയില്‍ രാജന്‍ പിള്ളയുടെ മരണത്തെ വിശേഷിപ്പിച്ചത് ‘നിയമ വ്യവസ്ഥയുടെ കൊലപാതകം’ എന്നാണ്.

ഇന്ത്യന്‍ ഭരണഘടനയിലെ 21-ാം അനുച്ഛേദമനുസരിച്ച് ജീവിക്കാനുള്ള ഏതൊരു മനുഷ്യന്റെയും അവകാശം ആര്‍ക്കും നിഷേധിക്കാനാവാത്ത മൗലികാവകാശമാണ്. കുറ്റപത്രം നല്‍കി വിചാരണ നടത്തി നിരപരാധിത്വം സ്ഥാപിക്കാനുള്ള എല്ലാ അവസരവും പ്രതിക്ക് നല്‍കിയതിന് ശേഷമേ ഒരാളിന്റെ ജീവന്‍ നിയമപ്രകാരം ഇല്ലാതാക്കാനാവൂ. സുപ്രീംകോടതി വൈദ്യസഹായത്തിനുള്ള അവകാശം മൗലികാവകാശത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചിട്ടുണ്ട്. രാജന്‍ പിള്ള കൊല്ലപ്പെട്ട് കാല്‍ നൂറ്റാണ്ടിന് ശേഷം മലയാളി പത്രപ്രവര്‍ത്തകനായ സിദ്ധിക്ക് കാപ്പന്റെ കേസില്‍ 2021 ഏപ്രില്‍ 28 ന് സുപ്രീം കോടതി ഇപ്രകാരം വിധിച്ചു. ‘We state that the most precious fundamental ‘rights to live’ unconditionally embraces even undertrials’. ഈ വിധി വന്നതോടെ സിദ്ധിക്ക് കാപ്പനെ വിദഗ്ദ്ധ ചികില്‍സക്കായ് മഥുരാ ജയിലില്‍ നിന്ന് ഡല്‍ഹിയിലെ ആശുപത്രിക്ക് മാറ്റാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ഇതേ അവകാശങ്ങളുടെ നഗ്‌നമായ ലംഘനമാണ് രാജന്‍ പിള്ളയുടെ കേസില്‍ നടന്നത്.
തന്റെ ഭാര്യയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിലെ സുശീല്‍ ശര്‍മ എന്ന പ്രതിക്ക് ഡല്‍ഹി മജിസ്ട്രേറ്റ് കോടതി ജാമ്യം നല്‍കിയ അതേ ദിവസമാണ് വിദേശത്തെ സാമ്പത്തിക കുറ്റകൃത്യ കേസിലെ, ഇന്ത്യയില്‍ യാതൊരു കേസും നിലനില്‍ക്കാത്ത രാജന്‍ പിള്ള തീഹാര്‍ ജയിലില്‍ അടിയന്തര ചികിത്സ നിഷേധിക്കപ്പെട്ട് മരണപ്പെട്ടത്. സുശീല്‍ ശര്‍മയ്ക്ക് കോടതിയില്‍നിന്ന് നിരവധി ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് പിന്നീട് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. സുശീല്‍ ശര്‍മയ്ക്ക് ഇടയ്ക്കിടയ്ക്ക് വൈദ്യപരിശോധന നടത്താന്‍ നിര്‍ദേശിച്ച കോടതി അയാള്‍ക്ക് ശാരീരകമായി എന്തെങ്കിലും കുഴപ്പം അനുഭവപ്പെട്ടാല്‍ ഉടനെ ചികിത്സ നല്‍കാനും, ശര്‍മയ്ക്ക് നല്‍കുന്ന ഭക്ഷണം അയാളുടെ വക്കീലീന്റെ പരിശോധനയ്ക്കു വിധേയമാക്കണമെന്നും, ചോദ്യം ചെയ്യുമ്പോള്‍ വക്കീലിന്റെ സാന്നിധ്യം അനുവദിക്കണമെന്നും കോടതി നിര്‍ദേശിച്ചിരുന്നു. നിഷ്ഠൂരമായ ഒരു കൊലപാതകം നടത്തിയ ഒരാളോടായിരുന്നു കോടതി അനുഭാവപൂര്‍വം ഈ നിലപാടെടുത്തത്. അതേസമയം, രാജന്‍പിള്ളയ്ക്ക് ഇതെല്ലാം കോടതി ഒറ്റയടിക്ക് നിഷേധിച്ചു.

Neena pillai in election campaign

1996 കൊല്ലം പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയായ നീനാ പിള്ള തിരഞ്ഞെടുപ്പ് യോഗത്തിൽ

രാജന്‍പിള്ളയുടെ മരണം രാജ്യത്തെയൊന്നാകെ ഞെട്ടിച്ചു. വിവാദങ്ങളുയര്‍ന്നതോടെ മരണവും അതിലേക്ക് വഴിവെച്ച സംഭവങ്ങളും അന്വേഷിക്കാന്‍ ഹിമാചല്‍ പ്രദേശ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ലീലാ സേഠ് അധ്യക്ഷയായുള്ള ജുഡീഷ്യല്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. മതിയായ വൈദ്യസഹായം തിഹാറില്‍നിന്ന് ലഭിക്കാതെയാണ് രാജന്‍ പിള്ളയുടെ മരണം സംഭവിച്ചതെന്ന് കണ്ടെത്തി. തുടര്‍നടപടികളുടെ ഭാഗമായി തിഹാര്‍ ജയില്‍ മെഡിക്കല്‍ ഓഫീസറെ സസ്പെന്റ് ചെയ്തു. കൂടാതെ രാജന്‍ പിള്ളയുടെ ഭാര്യ നീന പിള്ള തിഹാര്‍ ജയിലിനെതിരേ നഷ്ടപരിഹാരത്തിന് കേസ് കൊടുത്തു. ഒരു കോടി രൂപയായിരുന്നു അവര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. തിഹാറില്‍ നിന്ന് ആറ് ലക്ഷം രൂപ നഷ്ടപരിഹാരമായി പ്രഖ്യാപിച്ചതിന് പുറമേയായിരുന്നു ഈ ആവശ്യം. പിന്നീട് നഷ്ടപരിഹാരമായി ലഭിച്ച പത്ത് ലക്ഷത്തിഇരുപതിനായിരം രൂപ ഡല്‍ഹിയിലെ ലീഗല്‍ എയ്ഡ് ഡിപ്പാര്‍ട്ട്‌മെന്റിലും കേരളത്തിലെ ഏതാനും പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും ചെലവഴിച്ചു.

ടെക്നോക്രാറ്റ് ഐഎഎസ് ഉദ്യോഗസ്ഥനായ എസ്. കൃഷ്ണ കുമാറിനെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവന്നത് കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരനാണ്. 1984-ല്‍ കൊല്ലം നിയോജകമണ്ഡലത്തില്‍ നിന്ന് അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ്സ് അദ്ദേഹത്തെ മത്സരിപ്പിച്ചു. തിരഞ്ഞെടുപ്പില്‍ അദ്ദേഹം വിജയിക്കുകയും രാജീവ് ഗാന്ധിയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രിസഭയില്‍ ഇടംനേടുകയും ചെയ്തു. 1989 ലും 1991 ലും ഈ സീറ്റിനെ പ്രതിനിധീകരിച്ചുകൊണ്ട് കൃഷ്ണ കുമാര്‍ തന്റെ വിജയ പരമ്പര തുടര്‍ന്നു.

രാജന്‍ പിള്ളയില്‍ നിന്നും അദ്ദേഹത്തിന്റെ കുടുംബത്തില്‍ നിന്നും സഹായം വേണ്ടുവോളം നേടിയ കൂഷ്ണകുമാര്‍ തന്റെ ഭര്‍ത്താവിനോട് കാണിച്ച നീതികേടിന് തിരിച്ചടി നല്‍കാനായി രാജന്‍ പിള്ളയുടെ വിധവ നീന പിള്ള ബിജെപി പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി 1996 ല്‍ കൊല്ലം പാര്‍ലമെന്റ് ഇലക്ഷനില്‍ മത്സരിക്കാനെത്തി. രാജന്‍ പിള്ളയുടെ ഭാര്യ എന്ന തൊഴിച്ചാല്‍ കൊല്ലത്ത് യാതൊരു വേരുകളും ഇല്ലാഞ്ഞിട്ടും നീനാ പിള്ള 57,917 ല്‍ പരം വോട്ട് നേടി കൃഷ്ണകുമാറിന്റെ പരാജയത്തിന് വഴിയൊരുക്കി. വാശിയേറിയ ആ മത്സരത്തില്‍ ആര്‍.എസ്.പി.യിലെ എന്‍.കെ. പ്രേമചന്ദ്രന്‍ 3,59,786 വോട്ട് നേടി വിജയം വരിച്ചു. 2,81,416 വോട്ട് നേടി പരാജയപ്പെട്ട കൃഷ്ണകുമാറിന്റെ രാഷ്ട്രീയ പതനം അതോടെ ആരംഭിച്ചു.

Neena pillai

നീന പിള്ള

ബ്രിട്ടാനിയയില്‍ നിന്ന് താന്‍ നിഷ്‌കാസിതനാകുന്നതിന് തൊട്ടുമുന്‍പ് പുറത്തിറക്കിയ തന്റെ പ്രിയപ്പെട്ട ‘ലിറ്റില്‍ ഹാര്‍ട്‌സ് ‘ബിസ്‌ക്കറ്റ് പാക്കറ്റിനോളം പോലും ഭാഗ്യം അവസാനകാലത്ത് രാജന്‍ പിള്ളയെന്ന ആ മനുഷ്യനുണ്ടായിരുന്നില്ല! ശരിക്ക് പറഞ്ഞാല്‍ നിയമ വ്യവസ്ഥയുടെ കണ്‍മുന്നില്‍ നടന്ന ഒരു കൊലപാതമായിരുന്നു, രാജന്‍ പിള്ളയുടെ മരണം.

ഇന്‍കം ടാക്‌സ് റെയ്ഡിന് പിന്നാലെയായിരുന്നു കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സിജെ റോയ് സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തത്. കോണ്‍ഫിഡന്റ് ഗ്രൂപ്പുകളുടെ വിവിധ ഓഫീസുകളില്‍ കഴിഞ്ഞ മൂന്ന് ദിവസമായി ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി വരികയായിരുന്നു.

കേരളത്തില്‍ ജനിച്ച സി ജെ റോയ് വളര്‍ന്നത് ബെംഗളൂരുവിലായിരുന്നു. ഫ്രാന്‍സിലും സ്വിറ്റ്സര്‍ലന്‍ഡിലും പഠനം പൂര്‍ത്തിയാക്കി പി എച്ച് ഡി നേടിയ അദ്ദേഹം, ഹ്യൂലറ്റ് പക്കാര്‍ഡ് (HP) പോലുള്ള ആഗോള കമ്പനികളില്‍ ജോലി ചെയ്ത ശേഷമാണ് സംരംഭകത്വത്തിലേക്ക് തിരിഞ്ഞത്. 2006-ല്‍ കോണ്‍ഫിഡന്റ് ഗ്രൂപ്പിന് തുടക്കമിട്ട റോയ്, ചുരുങ്ങിയ കാലം കൊണ്ട് ബെംഗളൂരുവിലും കൊച്ചിയിലും ദുബായിലുമായി 165-ലധികം പദ്ധതികള്‍ പൂര്‍ത്തിയാക്കി തന്റെ സാമ്രാജ്യം കെട്ടിപ്പടുത്തു. കടബാധ്യതകളില്ലാത്ത കമ്പനിയെന്ന നിലയിലാണ് അദ്ദേഹം തന്റെ ഗ്രൂപ്പിനെ പലപ്പോഴും അടയാളപ്പെടുത്തിയത്.

റിയല്‍ എസ്‌റ്റേറ്റിന് പുറമെ വിനോദരംഗത്തും സജീവമായിരുന്നു സിജെ റോയ്. 19 വര്‍ഷത്തിലധികമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ തുടരുന്ന കോണ്‍ഫിഡന്റ് ഗ്രൂപ്പ് കേരളത്തില്‍ മാത്രം സമ്പാദിച്ചത് 6500ലധികം കസ്റ്റമേഴ്‌സിനെയാണ്.


(ബിസ്‌ക്കറ്റ് രാജാവ് എന്നറിയപ്പെട്ട രാജന്‍ പിള്ള ഓര്‍മയായി മൂന്ന് പതിറ്റാണ്ട് പൂര്‍ത്തിയായ വേളയില്‍ അഴിമുഖം പ്രസിദ്ധീകരിച്ച ലേഖനം പുനഃപ്രസിദ്ധീകരിക്കുന്നു)

Content Summary: biscuit baron rajan pillai

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×