UPDATES

ഇസ്രയേലിന്റെ ‘വംശഹത്യ’ ക്കെതിരേ തുറന്ന കത്ത് ന്യൂസ് റൂം പോളിസി ലംഘനം; ന്യൂയോര്‍ക് ടൈംസ് എഡിറ്റര്‍ രാജിവച്ചു

‘റൈറ്റേഴ്‌സ് എഗെയ്ന്‍സ്റ്റ് ദ വാര്‍ ഓണ്‍ ഗാസ’ഇസ്രയേലിനെതിരേ പ്രസിദ്ധീകരിച്ച തുറന്ന കത്തില്‍ ഒപ്പിട്ട പ്രധാന വ്യക്തിത്വങ്ങളില്‍ ഒരാള്‍ ജാസ്മിന്‍ ഹ്യൂസ് ആയിരുന്നു

                       

പലസ്തീന്‍ ജനതയെ ഇസ്രയേല്‍ വംശഹത്യ നടത്തുകയാണെന്ന് അപലപിക്കുന്ന തുറന്ന കത്തില്‍ ഒപ്പിട്ട ദ ന്യൂയോര്‍ക്ക് ടൈംസിലെ സ്റ്റാഫ് റൈറ്റര്‍ ജാസ്മിന്‍ ഹ്യൂസ് രാജിവച്ചു. പത്രത്തിന്റെ ന്യൂസ് റൂം പോളിസ്‌ക്ക് വിരുദ്ധമായ നിലപാട് സ്വീകരിച്ചുവെന്നതാണ് ടൈംസിന്റെ മാഗസിന്‍ റൈറ്ററായ ജാസ്മിന്റെ രാജിക്ക് കാരണമായത്. രാജിക്കാര്യം ടൈംസ് അധികൃതര്‍ ഔദ്യോഗികമായി തങ്ങളുടെ ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ച്ചയാണ് ‘റൈറ്റേഴ്‌സ് എഗെയ്ന്‍സ്റ്റ് ദ വാര്‍ ഓണ്‍ ഗാസ’ എന്ന കൂട്ടായ്മ ഇസ്രയേലിനെതിരേ ഒരു തുറന്ന കത്ത് പ്രസിദ്ധീകരിച്ചത്. ഈ കത്തില്‍ ഒപ്പിട്ട പ്രധാന വ്യക്തിത്വങ്ങളില്‍ ഒരാള്‍ ജാസ്മിന്‍ ഹ്യൂസ് ആയിരുന്നു.

ഒക്ടോബര്‍ ഏഴ് മുതല്‍ ആയിരക്കണക്കിന് സാധാരണക്കാരെയും മാധ്യമപ്രവര്‍ത്തകരെയും ലക്ഷ്യം വച്ച് ആക്രമണം നടത്തുകയാണ് ഇസ്രയേല്‍ എന്നാണ് കത്തില്‍ ആരോപിക്കുന്നത്. ഇതുവരെ പതിനായിരത്തിനടുത്ത് ആളുകള്‍ ഗാസയില്‍ ഇസ്രയേലിന്റെ ആക്രമണത്തില്‍ കൊലപ്പെട്ടിട്ടുണ്ട്.

ജാസ്മിന്‍ കൂടി ഒപ്പിട്ട തുറന്ന കത്ത് ന്യൂയോര്‍ക് ടൈസ് എഴുതിയ എഡിറ്റോറിയലിനെതിരേയും വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ഹമാസിന്റെ ആക്രമണത്തിന് തിരിച്ചടിയെന്ന തരത്തില്‍ ഇസ്രയേല്‍ അക്രമണത്തെ പിന്തുണയ്ക്കുന്നതായിരുന്നു ടൈംസിന്റെ എഡിറ്റോറിയല്‍.

‘ജാസ്മിന്റെ ബോധ്യങ്ങളെ ഞാന്‍ ബഹുമാനിക്കുന്നു. എന്നാല്‍ പൊതുജന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട പത്രത്തിന്റെ നയങ്ങളുടെ വ്യക്തമായ ലംഘനമാണ് ഉണ്ടായിരിക്കുന്നത്’; മാഗസിന്‍ എഡിറ്റര്‍ ജെയ്ക് സില്‍വര്‍സ്റ്റെയ്ന്‍, സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് അയച്ച ഇെമയിലില്‍ പറയുന്നു. ‘ഞാന്‍ പൂര്‍ണമായി പിന്തുണയ്ക്കുന്ന ഈ നയം, സ്വാതന്ത്ര്യത്തിനായുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ ഒരു പ്രധാന ഭാഗമാണ്’ എന്നും എഡിറ്റര്‍ വാദിക്കുന്നു.

ഇതാദ്യമായിട്ടല്ല, ജാസ്മിന്‍ ടൈംസിന്റെ നയങ്ങള്‍ ലംഘിക്കുന്നതെന്നും എഡിറ്റര്‍ ജെയ്ക് പരാതിപ്പെടുന്നുണ്ട്. ഈ വര്‍ഷമാദ്യം ട്രാന്‍സ്‌ജെന്‍ഡര്‍ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടു ടൈംസ് ചെയ്ത കവറേജിനെതിരേ ഉണ്ടായ പ്രതിഷേധത്തിന്റെ ഭാഗമായി പുറത്തു വന്ന മറ്റൊരു തുറന്ന കത്തിലും ജാസ്മിന്‍ ഒപ്പിട്ടിരുന്നതായി ജെയ്ക് ആരോപിക്കുന്നുണ്ട്.

പൊതു പ്രതിഷേധങ്ങളില്‍ പങ്കുചേരാനുള്ള അവളുടെ ആഗ്രഹവും െൈടംസിലെ മാധ്യപ്രവ്രര്‍ത്തനവും പൊരുത്തപ്പെട്ടു പോകില്ലെന്ന കാര്യം ജാസ്മിനുമായി നടത്തിയ ചര്‍ച്ചയില്‍ ഞാന്‍ വ്യക്തമാക്കിയിരുന്നു. ജാസ്മിന്‍ രാജിവയ്ക്കാം എന്ന തീരുമാനത്തില്‍ ഒടുവില്‍ തങ്ങളുടെ ചര്‍ച്ച എത്തുകയായിരുന്നുവെന്നും ജെയ്ക് മറ്റ് സ്റ്റാഫുകളെ അഭിസംബോധന ചെയ്യുന്ന ഇമെയ്‌ലില്‍ പറയുന്നുണ്ട്.

2015-ലാണ് ടൈംസില്‍ അവര്‍ ജോലയില്‍ പ്രവേശിക്കുന്നത്. നിരവധി ദേശീയ പുരസ്‌കാരങ്ങള്‍ നേടിയ ഒരു പ്രമുഖ എഴുത്തുകാരിയാണിന്നവര്‍. എഴുത്തുകാരി, എഡിറ്റര്‍ എന്നീ സ്ഥാനങ്ങള്‍ ടൈംസില്‍ വഹിച്ചിരുന്ന ജാസ്മിന്‍, വിയോള ഡേവിസ്, വൂപി ഗോള്‍ഡ്ബര്‍ഗ് എന്നിവരെ കുറിച്ചെഴുതിയ ലേഖനങ്ങള്‍ക്ക് നാഷണല്‍ മാഗസിന്‍ അവാര്‍ഡ് അടക്കമുള്ള പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. ന്യൂസ് റൂമുകളെ വൈവിധ്യവത്കരിക്കുന്നതില്‍ തന്റെ ഇടപെടല്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നതിന്റെ പേരില്‍ ഫോബ്‌സ് തയ്യാറാക്കിയ ‘ 30 വയസില്‍ താഴെയുള്ള 30 മാധ്യമപ്രവര്‍ത്തകരുടെ’ പട്ടികയില്‍ ജാസ്മിനും ഉള്‍പ്പെട്ടിരുന്നു.

ടൈംസിന്റെ ഉത്തരവാദിത്വപ്പെട്ട സ്ഥാനം വഹിക്കുമ്പോഴും പത്രത്തിന്റെ എല്ലാ നിലപാടുകളോടും അവര്‍ യോജിച്ചിരുന്നില്ല. പത്രത്തിന്റെ ഒപ്പീനിയന്‍-എഡിറ്റോറിയല്‍ ഡെസ്‌കിനെതിരേ അവര്‍ക്ക് വിമര്‍ശനങ്ങളുണ്ടായിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ സെനറ്റര്‍ ടോം കോട്ടണ്‍ അമേരിക്കന്‍ നഗരങ്ങളിലേക്ക് സൈന്യം പ്രവേശിക്കുന്നതിനെ അനുകൂലിച്ച് എഴുതിയ കോളം പ്രസിദ്ധീകരിച്ചതിനെതിരെ ജാസ്മിന്‍ പ്രതിഷേധിച്ചിരുന്നു. ഈ കോളം തങ്ങളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരുന്നില്ലെന്ന് പത്രം തന്നെ സമ്മതിച്ചിരുന്നു. അതിന്റെ ഭാഗമായി എഡിറ്റോറിയല്‍ പേജിന്റെ ചുമതലയുണ്ടായിരുന്ന എഡിറ്റര്‍ ജെയിംസ് ബെന്നറ്റിനെ പുറത്താക്കുകയും ചെയ്തു.

ഇസ്രയേല്‍-പലസ്തീന്‍ സംഘര്‍ഷം ന്യുയോര്‍ക് ടൈംസിനെ പോലെ മറ്റു പല സ്ഥാപനങ്ങള്‍ക്കും തങ്ങളുടെ ജീവനക്കാരുമായി ആശയവൈരുദ്ധ്യത്തിന്റെ പേരില്‍ ഏറ്റുമുട്ടല്‍ നടത്തേണ്ടതായി വരുന്നുണ്ട്. ഇസ്രയേല്‍ അധിനവേശത്തിന്റെയും ഗാസയില്‍ തുടരുന്ന സൈനിക പ്രതികാര നടപടികളും നീണ്ടകാലത്തെ ചരിത്രത്തെ കുറിച്ച് ശക്തമായി ചിന്തിക്കുന്ന മാധ്യമപ്രവര്‍ത്തകരോടാണ് മാധ്യമസ്ഥാപനങ്ങള്‍ക്ക് ഏറ്റുമുട്ടേണ്ടതായി വരുന്നത്.

Share on

മറ്റുവാര്‍ത്തകള്‍