UPDATES

സയന്‍സ്/ടെക്നോളജി

ചാറ്റ് ജിപിടി നിയമ യുദ്ധത്തിനിറങ്ങി ന്യൂയോര്‍ക്ക് ടൈംസ്

മാധ്യമപ്രവര്‍ത്തനത്തിനും വെല്ലുവിളിയായി എ ഐ

                       

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് എന്നതിന്റെ അര്‍ഥം ഓപ്പണ്‍ എഐ എന്നായി മാറുന്നത് ചാറ്റ് ജിപിടിയുടെ കടന്നു വരവോടെയായിരുന്നു. ഇപ്പോഴിതാ സാങ്കേതിക വിദ്യയുടെ മറുവാക്ക് എന്ന് വിളിക്കാവുന്ന ഓപ്പണ്‍ എഐയുമായി ശീതകാല സമരത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് ലോക പ്രശസ്ത മാധ്യമ സ്ഥപനമായ ന്യൂയോര്‍ക് ടൈംസ്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതിക വിദ്യകളെ പരിശീലിപ്പിക്കാന്‍ അനുവാദമില്ലാതെ തങ്ങളുടെ വാര്‍ത്താ ഉള്ളടക്കങ്ങള്‍ ഉപയോഗിച്ചുവെന്നാരോപിച്ച് കഴിഞ്ഞ വര്‍ഷാവസാനമാണ് ന്യൂയോര്‍ക് ടൈംസ് രംഗത്തെത്തുന്നത്. പകര്‍പ്പാവകാശ മുന്നയിച്ച് ചാറ്റ് ജിപിടി നിര്‍മാതാക്കള്‍ക്കെതിരെയും മൈക്രോസോഫ്റ്റിനെതിരെയും ന്യൂയോര്‍ക്ക് ടൈംസ് പരാതി നല്‍കിയിരുന്നു. ഇത്തരത്തില്‍ പരാതിയുമായി എത്തുന്ന ആദ്യ മാധ്യമസ്ഥാപനമാണ് ന്യൂയോര്‍ക്ക് ടൈംസ്. ന്യൂയോര്‍ക്ക് ടൈംസിന്റെ ഈ പരാതി മെഷീന്‍ ഇന്റലിജന്‍സിന്റെ വികസനത്തിന് തന്നെ പ്രത്യാഘാതം സൃഷ്ടിക്കുമോ എന്ന ആശങ്കയിലും ചര്‍ച്ചയിലുമാണ് ശാസ്ത്ര സാങ്കേതിക ലോകം.

ചാറ്റ് ജിപിടിയുടെ നിര്‍മാണ വേളയില്‍ ഓപ്പണ്‍ എഐ തങ്ങളുടെ വലിയ പത്രപ്രവര്‍ത്തന ശേഷിയെയും, ഉള്ളടക്കങ്ങളെയും സൗജന്യമായി ഉപയോഗിച്ചുവെന്നാണ് മാധ്യമ സ്ഥാപനം ആരോപിക്കുന്നത്. ഇതിലൂടെ തങ്ങളുടെ വ്യപാരത്തിന് ഭീഷണിയായേക്കാവുന്ന ഒരു മത്സര ഉല്‍പ്പന്നം സൃഷ്ടിക്കപ്പെട്ടതായും അമേരിക്കയിലെ മാന്‍ഹട്ടണ്‍ ഫെഡറല്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ ന്യൂയോര്‍ക്ക് ടൈസ് പറയുന്നു.

എന്നാല്‍ വിഷയത്തില്‍ ആദ്യം മൗനം സ്വീകരിച്ച ഓപ്പണ്‍ എഐ പിന്നീട് നല്‍കിയ പ്രതികരണങ്ങള്‍ വലിയ ജാഗ്രതയോടെയായിരുന്നു. പകര്‍പ്പവകാശമുള്ള മെറ്റീരിയല്‍ അടങ്ങുന്ന ഓണ്‍ലൈന്‍ ഡാറ്റ കമ്പനി ഉപയോഗപ്പെടുത്തിയിട്ടുണ്ടെങ്കിലും അതിനെ ‘ഫെയര്‍ യൂസ്’ ആയി കണക്കാക്കുമെന്നാണ് ഓപ്പണ്‍ എഐയുടെ വാദം. ഈ ഉള്ളടക്കങ്ങളെ തങ്ങളുടേതായ രീതിയില്‍ പുനര്‍നിര്‍മിച്ചാണ് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതെന്നും ചാറ്റ് ജിപിടിയുടെ നിര്‍മ്മാതാക്കള്‍ പുറത്തു വിട്ട പ്രസ്താവനയില്‍ പറയുന്നു. പകര്‍പ്പവകാശത്തെ പ്രതി ന്യൂയോര്‍ക്ക് ടൈസ് നല്‍കിയ പരാതിയിലും ഓപ്പണ്‍ എഐയുടെ മറുവാദത്തിലും ഉയര്‍ന്നുവരുന്ന ഒരു ചോദ്യം ഡാറ്റ ഉപയോഗത്തെക്കുറിച്ചാണ്. ഓപ്പണ്‍ എഐ പോലുള്ള കമ്പനികള്‍ക്ക് എന്തൊക്കെ ഡാറ്റകള്‍ ഉപയോഗിക്കാനുള്ള അവകാശമാണുള്ളത്? കമ്പനി വാദിക്കും പോലെ പരിവര്‍ത്തനം ചെയ്തു എന്ന ആശയങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താണ് അര്‍ത്ഥമാക്കുന്നത്?

ഇതുപോലുളള കേസുകളുടെ ഏറ്റവും വലിയ പ്രത്യേകത നിയമസംവിധാനങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ പോലും ഉയര്‍ത്താന്‍ സാധിക്കുമെന്നതാണ്. അതെ സമയം അവയ്ക്ക് എ ഐ മോഡലുകളുടെ ഭാവിയെയും ചോദ്യം ചെയ്യാന്‍ കഴിയും. പത്രത്തിന്റെ ദീര്‍ഘകാല നിലനില്‍പ്പിന് ചാറ്റ്ജിപിടി ഭീഷണിയായി മാറുമെന്ന ആശങ്കയാണ് ന്യൂയോര്‍ക്ക് ടൈംസ് പ്രധാനമായും ചൂണ്ടി കാണിക്കുന്നത്. ഈ ഘട്ടത്തില്‍, പത്രപ്രവര്‍ത്തനത്തില്‍ പുതിയ അവസരങ്ങളുണ്ടാക്കാനായി വാര്‍ത്ത സ്ഥാപനങ്ങളുമായി സഹകരിക്കനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്ന്
ഓപ്പണ്‍ എഐ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആരോഗ്യകരമായ ഒരു വാര്‍ത്ത ആവാസവ്യവസ്ഥയെ പിന്തുണയ്ക്കാനും പങ്കാളിയാകാനും കമ്പനി ഉദ്ദേശിക്കുന്നതായി പ്രസ്തവന വ്യക്തമാക്കുന്നുണ്ട്.

വലിയ തോതിലുള്ള ഡാറ്റാ ശേഖരണത്തിന്റെ വക്താക്കള്‍ വാദിക്കുന്നതനുസരിച്ച് ചാറ്റ് ജിപിടി പോലെയുള്ള എഐ കേവലം ഡാറ്റ പകര്‍ത്തുക മാത്രമല്ല ചെയ്യുന്നത്. ഡാറ്റാസെറ്റുകളില്‍ ലഭിക്കുന്ന വിവരങ്ങള്‍ മനസിലാക്കി, ആ അറിവ് ഉപയോഗിച്ച് അവരുടെ തനതായ ശൈലിയില്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയാണ്. ഇതിനു വേണ്ടി എ ഐ സിസ്റ്റങ്ങളെ ഗവേഷകര്‍ പരിശീലിപ്പിക്കുന്നത് ചിലപ്പോള്‍ ആളുകള്‍ തയ്യാറാക്കിയ ഒറിജിനല്‍ ഡാറ്റ നല്‍കി കൊണ്ടായിരിക്കും. അതിനു ശേഷം ആ വാചകത്തിലെ അടുത്ത വാക്ക് ഊഹിക്കാന്‍ എഐ സിസ്റ്റത്തിനോട് ആവശ്യപ്പെടും. ഒരു യഥാര്‍ത്ഥ എഐ ഉപയോക്താവില്‍ നിന്ന് ലഭിക്കാനിടയുള്ള ചോദ്യങ്ങള്‍ മുന്‍കൂട്ടി നല്‍കി പരിശീലിപ്പിച്ചെടുക്കുന്നതിന് സമാനമാണിത്. ഈ ഉത്തരങ്ങള്‍ മറയ്ക്കുകയും പിന്നീട് വെളിപ്പെടുത്തുകയും ചെയ്യുന്നതിലൂടെ, ഗവേഷകര്‍ക്ക് ബൈനറി ‘അതെ’ അല്ലെങ്കില്‍ ‘ഇല്ല’ എന്ന ഉത്തരം നല്‍കാന്‍ കഴിയും. ഈ രീതി കൃത്യമായ പ്രവചനങ്ങളിലേക്ക് എഐ സിസ്റ്റങ്ങളെ നയിക്കും. ന്യൂയോര്‍ക്ക് ടൈംസിന്റെ വെബ്സൈറ്റില്‍ നിന്ന് ലേഖനങ്ങള്‍ പകര്‍ത്തി ആളുകളില്‍ നിന്ന് പണം ഈടാക്കി വിവരങ്ങള്‍ ലഭ്യമാക്കുകയാണെങ്കില്‍ അതിനെ വ്യവസ്ഥാപിത മോഷണം എന്ന് വിളിക്കാം. എന്നാല്‍ ഇവിടെ ഉദാഹരണം പറഞ്ഞത് പോലെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനായി മാത്രം ഡാറ്റയെ ഉപയോഗപ്പെടുത്തികൊണ്ട് എഐയുടെ കൃത്യത മെച്ചപ്പെടുത്തുകയാണ് ചെയ്തിരിക്കുന്നതെന്ന് ഓപ്പണ്‍ എഐ വാദിക്കുന്നു. ഇത്തരത്തില്‍ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിനെ പരിശീലിപ്പിക്കാനായി ഉപയോഗിക്കുന്ന ഡാറ്റ ഓപ്പണ്‍ എഐ പോലുള്ള സ്ഥാപനങ്ങള്‍ സൂക്ഷിച്ചു വക്കുകയോ, പുനരുപയോഗം നടത്തുകയോ ചെയ്യുന്നില്ല. സമാനമായി ന്യൂയോര്‍ക്ക് ടൈംസില്‍ നിന്നുള്ള ലേഖനങ്ങള്‍ വീണ്ടും ഉപയോഗിക്കുന്നില്ലെന്ന് കമ്പനി ഉറച്ചു പറയുന്നുണ്ട്.

ഈ വാദങ്ങളെ എതിര്‍ത്തു നിരവധി ആളുകളും രംഗത്തെത്തിയിട്ടുണ്ട്. ചാറ്റ് ജിപിടിപോലുള്ള സിസ്റ്റങ്ങള്‍ക്ക് പരിശീലന ഡാറ്റയില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ കൃത്യമായി ആവര്‍ത്തിക്കുന്നതിന് തെളിവുണ്ടെന്ന് അവര്‍ പറയുന്നു. ആകസ്മികമായി സംഭവിക്കുന്ന ഈ പിശകിനെ ”റെയര്‍ ബഗ്ഗ് ‘ എന്ന് വിശേഷിപ്പിച്ചാണ് കമ്പനി വിമര്‍ശനത്തിനെ നേരിട്ടത്. എന്നിരുന്നാലും, ഈ സിസ്റ്റങ്ങള്‍ അവര്‍ പരിശീലിച്ചുവന്ന ചില ഡാറ്റകള്‍ സംഭരിച്ചു വക്കുകയും അതെ പോലെ അവര്‍ത്തിക്കുകയും ചെയ്യുന്നുണ്ട്. നിര്‍ദ്ദിഷ്ട വഴികളിലൂടെ ആവശ്യപ്പെടുമ്പോഴാണ് ഈ ഡാറ്റയെ പുതുക്കി നല്‍കുന്നത്. തങ്ങളുടെ ഉള്ളടക്കം മറ്റിടങ്ങളില്‍ ഉപയോഗിക്കപ്പെടാതിരിക്കാന്‍ പണം ഈടാക്കുന്ന ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന പ്രസിദ്ധീകരണങ്ങളെയാണ് ഈ പിഴവ് ബാധിക്കുക. അതായത് ഈ പേയ്വാളില്‍ നിന്ന് എഐ പരിശീലനത്തിനായി ശേഖരിച്ച വിവരം അതേപടി അതിന്റെ ഉപയോക്തക്കള്‍ക്ക് പണ ചെലവില്ലാതെ ലഭ്യമാക്കും.

1950-കളില്‍ കമ്പ്യൂട്ടറുകളെ കുറിച്ച് മനസ്സിലാക്കാന്‍ പുതിയ വാക്കുകളും സാങ്കേതികവിദ്യയെക്കുറിച്ചുള്ള ഒരു പുതിയ പൊതുധാരണയും വികസിപ്പിക്കേണ്ടി വന്നതുപോലെ, 2020-കളില്‍ സമൂഹത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന പുതിയ ഭാഷയും പുതിയ നിയമങ്ങളും വികസിപ്പിക്കേണ്ടതായി വന്നേക്കാമെന്ന് കോണ്‍വെര്‍സേഷന്‍ അടിവരയിടുന്നു.

Share on

മറ്റുവാര്‍ത്തകള്‍