റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ യുക്രെയ്ന്‍ മുന്നിട്ടിറങ്ങണമെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പരാമര്‍ശത്തില്‍ അതൃപ്തി അറിയിച്ച് യുക്രെയ്ന്‍. സമാധാനത്തിനുള്ള ‘വെള്ളക്കൊടി ഉയര്‍ത്താനുള്ള ധൈര്യം’ രാജ്യത്തിന് ഉണ്ടായിരിക്കണമെന്നും യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യയുമായി ചര്‍ച്ചകള്‍ നടത്തണമെന്നും മാര്‍പാപ്പ പ്രസ്താവിച്ചിരുന്നു. ഇതിനു പിന്നാലെയാണു മാര്‍പാപ്പയുടെ പരാമര്‍ശത്തോട് വിയോജിച്ചു യുക്രെയ്ന്‍ രംഗത്തെത്തിയത്. റഷ്യന്‍ സൈന്യത്തിന് കീഴടങ്ങില്ലെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യുക്രെയ്ന്‍.
മാര്‍പാപ്പ നേരിട്ട് ഇടപെടാതെ ദൂരെ നിന്ന് ‘വെര്‍ച്വല്‍ മീഡിയേഷന്‍’ നടത്തുകയാണെന്നായിരുന്നു യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമർ സെലെന്‍സ്‌കിയുടെ ആരോപണം. മാര്‍പാപ്പയുടെ പേര് പരാമര്‍ശിക്കാതെയും യുക്രെയ്‌നെ, ആ രാജ്യത്ത് നിന്നുകൊണ്ട് സഹായിക്കുന്ന മതനേതാക്കളെ പ്രശംസിച്ചുകൊണ്ടുമായിരുന്നു സെലന്‍സികയുടെ വാക്കുകള്‍. ”പ്രാര്‍ത്ഥനയിലൂടെയും ചര്‍ച്ചകളിലൂടെയും പ്രവൃത്തികളിലൂടെയും അവര്‍ ഞങ്ങളെ പിന്തുണയ്ക്കുന്നു. യഥാര്‍ത്ഥത്തില്‍ ജനപിന്തുണയുള്ള സഭ ഇതാണ്. 2,500 കിലോമീറ്റര്‍ അകലെയെവിടെയോ ഇരുന്നുകൊണ്ട് സമാധാനപരമായി ജീവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അവരെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇടയില്‍ നടത്തുന്ന വെര്‍ച്വല്‍ മധ്യസ്ഥത ഞങ്ങള്‍ക്കാവിശ്യമില്ല.” സെലെന്‍സ്‌കി പങ്കുവച്ച വീഡിയോയില്‍ പറയുന്നു.
”ഞങ്ങളുടെ പതാക മഞ്ഞയും നീലയുമാണ്. ഞങ്ങള്‍ ജീവിക്കുന്നതും മരിക്കുന്നതും ജയിക്കുന്നതുമായ പതാകയാണിത്. ഞങ്ങള്‍ ഒരിക്കലും മറ്റ് പതാകകള്‍ ഉയര്‍ത്തില്ല,” മാര്‍പാപ്പയ്ക്കുള്ള മറുപടിയായി യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ ഞായറാഴ്ച സോഷ്യല്‍ മീഡിയയില്‍ പങ്കു വച്ച കുറിപ്പില്‍ പറയുന്നു.
രണ്ടാം ലോകമഹായുദ്ധ കാലത്തും ചില കത്തോലിക്ക സഭകളും നാസി സേനയും തമ്മിലുള്ള സഹകരണത്തെയും കുലേബ കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്. ”വെള്ളക്കൊടിയുടെ കാര്യം വരുമ്പോള്‍, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതി മുതല്‍ ഈ വത്തിക്കാന്‍ തന്ത്രം നമുക്കറിയാം. ഭൂതകാലത്തിലെ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും യുക്രെയ്‌നെയും അവിടുത്തെ ജനങ്ങളെയും അവരുടെ ജീവിതത്തിനായുള്ള ന്യായമായ പോരാട്ടത്തില്‍ പിന്തുണയ്ക്കാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.”
അധിനിവേശത്തിലെ ആക്രമണകാരിയെന്ന നിലയില്‍ റഷ്യയുടെ കുറ്റകൃത്യങ്ങളെക്കുറിച്ച് മൗനം പാലിച്ച മാര്‍പാപ്പ സമാധാനം സ്ഥാപിക്കാനുള്ള ഉത്തരവാദിത്തം യുക്രെയ്നിന് ചുമത്തുകയാണെന്ന ആരോപണമാണ് യൂറോപ്പിലെ രാഷ്ട്രീയക്കാരും സാമൂഹിക നിരീക്ഷകരും ഉയര്‍ത്തുന്നത്.
ലാത്വിയന്‍ പ്രസിഡന്റ് എഡ്ഗാര്‍സ് റിങ്കെവിക്സ് എക്സില്‍ സംഭവത്തെ പരാമര്‍ശിച്ചു കുറിപ്പിട്ടിരുന്നു. ”തിന്മയെ അഭിമുഖീകരിക്കുമ്പോള്‍ നാം തളരരുത്. അതിനെ പൊരുതി പരാജയപ്പെടുത്തണം, അങ്ങനെ തിന്മ വെള്ളക്കൊടി ഉയര്‍ത്തി കീഴടങ്ങുന്നു. ജര്‍മന്‍ ക്രിസ്ത്യന്‍ ഡെമോക്രാറ്റ് എംഇപിയായ ഡെന്നിസ് റാഡ്കെയും പോപ്പിനെ എക്സിലൂടെ വിമര്‍ശിച്ചു. പോപ്പിന്റെ ഭാഷ്യം ലജ്ജാകരമെന്നാണ് അദ്ദേഹം കുറിച്ചത്. ”യുക്രെയ്‌നിനെക്കുറിച്ചുള്ള പോപ്പിന്റെ നിലപാട് അദ്ദേഹത്തിന്റെ പദവിയെ മോശമാക്കുകയാണ്’. റാഡ്‌കെ എക്സില്‍ പോസ്റ്റ് ചെയ്തു. യുക്രെയ്‌ന്റെ ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്‍ ഉപദേഷ്ടാവും ബ്ലോഗറുമായ ആന്റണ്‍ ഗെരാഷ്‌ചെങ്കോ എക്സില്‍ എഴുതിയത് ഇങ്ങനെയായിരുന്നു: ‘യുക്രെയ്‌നെ പ്രതിരോധിക്കാന്‍ പോപ്പ് ആവശ്യപ്പെടാത്തത് വിചിത്രമായി തോന്നുന്നു, പതിനായിരക്കണക്കിന് ആളുകളെ കൊന്നൊടുക്കിയ ആക്രമണകാരിയായി റഷ്യയെ അപലപിക്കുന്നില്ല. യുദ്ധം നിര്‍ത്താന്‍ പുടിനെ പ്രേരിപ്പിക്കുന്നില്ല, പകരം വെള്ള പതാക ഉയര്‍ത്താന്‍ യുക്രെയ്‌നിനോട് ആവശ്യപ്പെടുന്നു. അദ്ദേഹത്തിന്റെ എല്ലാ കര്‍ദിനാള്‍മാരും ഈ നിലപാട് പങ്കിടുന്നുണ്ടോ?”
പോപ്പ് നല്‍കിയ ഒരു അഭിമുഖത്തിലാണ് വിവാദ പ്രസ്താവന നടത്തിയിരിക്കുന്നത്. മാര്‍ച്ച് 10-ന് സ്വിസ് ടെലിവിഷന്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിലെ കക്ഷികളോട് ‘ചര്‍ച്ചകള്‍ നടത്താന്‍ ധൈര്യം കാണിക്കാനും ‘മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിരുന്നു. ‘കാര്യങ്ങള്‍ കൂടുതല്‍ വഷളാകുന്നതിന് മുമ്പ് ചര്‍ച്ച നടത്താനും പോപ്പ് ആവശ്യപ്പെടുന്നുണ്ട്. റഷ്യയുടെ അധിനിവേശം ഉപേക്ഷിക്കണോ എന്ന് 87 കാരനായ പോപ്പിനോട് ചോദിച്ചപ്പോള്‍ മറുപടി, ”സാഹചര്യങ്ങള്‍ മനസിലാക്കുകയും ജനങ്ങളെ കുറിച്ച് ചിന്തിക്കുകയും ചര്‍ച്ചകള്‍ നടത്താനും വെള്ളക്കൊടി ഉയര്‍ത്താനും ധൈര്യം കാണിക്കുന്നവരാണ് ഏറ്റവും ശക്തരെന്ന് ഞാന്‍ വിശ്വസിക്കുന്നു’ എന്നായിരുന്നു. ”ചര്‍ച്ച എന്നത് ധീരമായ വാക്കാണ്. കാര്യങ്ങള്‍ പരാജയപ്പെട്ടുവെന്നു കാണുമ്പോള്‍ ചര്‍ച്ച ചെയ്യാനുള്ള ധൈര്യം ഉണ്ടാകണം’ എന്നും പോപ്പ് കൂട്ടിച്ചേര്‍ക്കുന്നു.
സ്ഥിതി കൂടുതല്‍ വഷളാകുന്നതിന് മുമ്പ് യുക്രെയ്ന്‍ ചര്‍ച്ച നടത്തണമെന്നും സമാധാന ഉടമ്പടി ഉണ്ടാക്കാന്‍ തയ്യാറാകണമെന്നും മാര്‍പാപ്പ പറഞ്ഞു. തുര്‍ക്കി പോലുള്ള രാജ്യങ്ങള്‍ മധ്യസ്ഥത വഹിക്കാന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചര്‍ച്ചകളില്‍ യുക്രെയ്ന്‍കാര്‍ക്ക് നാണക്കേടും മടിയും തോന്നേണ്ടതില്ല, സാഹചര്യം കൂടുതല്‍ വഷളാകുന്നതുവരെ കാത്തിരിക്കുന്നതിനു പകരം ഇപ്പോള്‍ ചെയ്യുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ഇസ്രയേല്‍-ഗാസ യുദ്ധം ഉള്‍പ്പെടെ പൊതുവിലുള്ള സംഘര്‍ഷത്തെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ പറഞ്ഞത്, ”ചര്‍ച്ചകള്‍ ഒരിക്കലും കീഴടങ്ങലല്ല. ഒരു രാജ്യത്തെ ആത്മഹത്യയിലേക്ക് കൊണ്ടുപോകാതിരിക്കാനുള്ള ധൈര്യമാണിത്’ എന്നായിരുന്നു.
വത്തിക്കാനിലെ കമ്മ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ മാറ്റിയോ ബ്രൂണി മാര്‍പാപ്പയുടെ വാക്കുകളില്‍ വ്യക്തത വരുത്തി പ്രസ്താവനയിറക്കിയിട്ടുണ്ട്. മാര്‍പാപ്പ വെള്ളക്കൊടി എന്ന പദം ഉപയോഗിച്ചത് ശത്രുതയുടെ വിരാമത്തെ സൂചിപ്പിക്കാനാണെന്നും, ചര്‍ച്ച ചെയ്ത് ധൈര്യത്തോടെ സന്ധിയില്‍ എത്തിച്ചേരണമെന്നാണ് അഭ്യര്‍ത്ഥിച്ചതെന്നും പ്രസ്താവനയില്‍ പറയുന്നു. നീതിയുക്തവും ശ്വാശതവുമായ നയതന്ത്ര പരിഹാരത്തിനായാണ് പാപ്പ ആഹ്വാനം ചെയ്തതെന്നും വത്തിക്കാന്‍ വിശദീകരിക്കുന്നുണ്ട്.