പിംപ്രി ചിഞ്ച്‌വാഡ് പൊലീസിലെ സൈബര്‍ സെല്‍ വിഭാഗത്തിന് കിട്ടിയൊരു പരാതി. പൂനെ പാഷന്‍ സസ് റോഡില്‍ താമസിക്കുന്ന 46 കാരി ഓണ്‍ലൈന്‍ ഷെയര്‍ ട്രേഡിംഗ് തട്ടിപ്പിന് ഇരയായതായിരുന്നു പരാതി. ഇരട്ടി വരുമാനം പ്രതീക്ഷിച്ചു നിക്ഷേപം ഇറക്കിയതുവഴി സ്ത്രീക്ക് നഷ്ടമായത് 36 ലക്ഷം രൂപയായിരുന്നു.
പരാതിയില്‍ അന്വേഷണം തുടങ്ങിയ സൈബര്‍ ടീമിന്റെ വലയില്‍ ഒരു 21 കാരന്‍ കുടുങ്ങി. ടിംഗാരെ നഗര്‍ സ്വദേശിയായ ജുനൈദ് ഖുറേഷി. ജുനൈദ് നിയന്ത്രിച്ചിരുന്നൊരു ബാങ്ക് അകൗണ്ട് പൊലീസ് കണ്ടെത്തി. ആ അകൗണ്ടിലേക്കായിരുന്നു പരാതിക്കാരിയില്‍ നിന്നും പണം സ്വീകരിച്ചത്.
ജുനൈദിനെ കൈയില്‍ കിട്ടിയതോടെ അന്വേഷണത്തിന് വേഗം കൂടി. വൈകാതെ മൂന്നു പേര്‍കൂടി പിടിയിലായി-സല്‍മാന്‍ ഷെയ്ഖ്, അബ്ദുള്‍ അന്‍സാരി(23), തൗഫിക് ഷെയ്ഖ്(22). മൂന്നുപേരും ലോഹെഗോണ്‍ സ്വദേശികള്‍. ഇവരും ജുനൈദിനെ പോലെ ബാങ്ക് അകൗണ്ടുകള്‍ ഓപ്പറേറ്റ് ചെയ്യുകയും തട്ടിപ്പിന് ഇരയാക്കുന്ന ആളുകളില്‍ നിന്നും പണം പ്രസ്തുത അകൗണ്ടുകള്‍ വഴി കൈക്കലാക്കുകയും ചെയ്യുകയായിരുന്നു. പ്രതികള്‍ പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്ന 120 ബാങ്ക് അകൗണ്ടുകളെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസ് ശേഖരിച്ചു. പ്രതികള്‍ക്ക് പരിചയമുള്ള ആളുകളുടെ പേരിലായിരുന്നു അകൗണ്ടുകള്‍. തട്ടിപ്പിനിരയാകുന്നവരുടെ പണം സ്വീകരിക്കുന്നതിനു വേണ്ടി, ഈ അകൗണ്ടുകളിലേക്ക്, അകൗണ്ട് ഹോള്‍ഡര്‍മാര്‍ എന്ന നിലയില്‍ ചെറിയ തുകകള്‍ നിക്ഷേപിച്ചിരുന്നതായും പൊലീസ് പറയുന്നു.
സൈബര്‍ ചതിയിലൂടെ കൈയില്‍ വരുന്ന പണം ഇവര്‍ മറ്റൊരാള്‍ക്ക് കൈമാറും. കൊന്ദ്വാ സ്വദേശിയായ 29 കാരന്‍ അകിഫ് അന്‍വര്‍ ഖാന്‍ ആയിരുന്നു അഞ്ചാമന്‍. തട്ടിച്ചെടുത്ത പണം ടെതര്‍ ക്രിപ്‌റ്റോകറന്‍സിയാക്കി(USDT) മാറ്റി, ഹോങ്കോങ്ങിലുള്ള, ഈ കൊടും തട്ടിപ്പിന് പിന്നിലെ തലച്ചോറുകളുടെ ഡിജിറ്റല്‍ വാലറ്റുകളില്‍ നിക്ഷേപിക്കുകയായിരുന്നു അകിഫിന്റെ ജോലി.
പൊലീസിന്റെ പിടിയിലായ ‘ പയ്യന്മാര്‍’ പകല്‍ വെളിച്ചത്തില്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്ന ഡെലിവറി ബോയ്‌സ് ആയിരുന്നു. ഇരുട്ടിന്റെ മറവില്‍ അവര്‍ പണം തട്ടുന്ന സൈബര്‍ ക്രിമിനലുകളും. പിടിയിലായ അഞ്ചുപേരും ചേര്‍ന്ന് 120 ബാങ്ക് അകൗണ്ടുകളായിരുന്നു അന്താരാഷ്ട്ര സൈബര്‍ ക്രിമിനലുകള്‍ക്കു വേണ്ടി പ്രവര്‍ത്തിപ്പിച്ചുകൊണ്ടിരുന്നത്. വ്യാജ അകൗണ്ടുകള്‍ നിയന്ത്രിച്ചിരുന്നതു കൂടാതെ, തങ്ങളുടെ ബോസുമാരുടെ ഡിജിറ്റല്‍ പോക്കറ്റുകളില്‍ ഇട്ടുകൊടുക്കാന്‍ ക്രിപ്‌റ്റോകറന്‍സികളും വാങ്ങിയിരുന്നുവെന്നാണ് പിംപ്രി ചിഞ്ച്‌വാഡ് പൊലീസ് പറയുന്നത്. ചെറിയ പ്രതിഫലത്തിനായിരുന്നു ഇത്തരം ക്രൈമുകള്‍ അവര്‍ ചെയ്തിരുന്നത്.
അകിഫ് ആയിരുന്നു ഹോങ്കോങ്ങിലുള്ള തലവന്മാര്‍ക്ക് ബാങ്ക് അകൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ കൈമായിരുന്നത്. ജുനൈദ്, സല്‍മാന്‍, അബ്ദുള്‍, തൗഫീക് എന്നിവര്‍ അകൗണ്ടുകളില്‍ നിന്നും പണം പിന്‍വലിച്ച് അകിഫിന് കൈമാറും. ഈ പണം അകിഫ് ടെതര്‍ ക്രിപ്‌റ്റോകറന്‍സികളാക്കി ഹോങ്കോങ്ങിലെ പ്രധാനികള്‍ക്ക് അയക്കും. കഴിഞ്ഞ ഏതാനും മാസങ്ങളില്‍ 120 അകൗണ്ടുകളില്‍ നിന്നായി ഏകദേശം 15 കോടി രൂപ ഇവര്‍ തട്ടിയെടുത്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് 75 വ്യത്യസ്ത സൈബര്‍ ക്രൈം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പിംപ്രി ചിഞ്ച്‌വാഡ് സൈബര്‍ സെല്‍ ഉദ്യോഗസ്ഥന്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.
പിടിയിലായവര്‍ ദരിദ്രമായ ചുറ്റുപാടുകളില്‍ നിന്നു വരുന്ന, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണെന്നാണ് പൊലീസ് പറയുന്നത്. വിവിധ കൊറിയര്‍ സ്ഥാപനങ്ങളിലും ഫുഡ് ഡെലിവറി സര്‍വീസുകളിലും ഡെലിവറി എക്‌സിക്യൂട്ടീവുകളായി ജോലി നോക്കുന്നവരാണ്. സ്‌കൂളുകളില്‍ നിന്നും കോളേജുകളില്‍ നിന്നും പഠനം പാതിവഴിയില്‍ അവസാനിപ്പിച്ച പ്രതികള്‍ താത്കാലിക ജോലിയെന്ന നിലയിലായിരുന്നു ഡെലിവറി ബോയ്മാര്‍ ആയത്. ഇവര്‍ എങ്ങനെയാണ് വിദേശത്ത് നിന്നും നിയന്ത്രിക്കുന്ന സൈബര്‍ ക്രൈമുകളുടെ ഭാഗമായതെന്ന് അന്വേഷിക്കുകയാണ് പൊലീസ് ഇപ്പോള്‍. ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, വിദേശത്ത് നിന്നു നിയന്ത്രിക്കുന്ന സൈബര്‍ ക്രൈമുകളില്‍ ഇരകളെ വിളിക്കുന്നതടക്കമുള്ള ജോലികള്‍ ഏല്‍പ്പിക്കുന്നത് ഇന്ത്യക്കാരെ ആയിരിക്കും.
പിടിയിലായവരില്‍ നിന്നും നിരവധി ഡെബിറ്റ് കാര്‍ഡുകളും, 12 വ്യത്യസ്ത ബാങ്കുകളുടെ ചെക്ക് ബുക്കുകള്‍, ഒന്നിലധികം മൊബൈല്‍ ഫോണുകള്‍, നോട്ടെണ്ണല്‍ യന്ത്രം, ഏഴ് ലക്ഷത്തോളം രൂപ എന്നിവ കണ്ടെത്തിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ പ്രവീണ്‍ സ്വാമി ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.
അന്താരാഷ്ട്ര സൈബര്‍ ക്രിമിനലുകള്‍ക്ക് വേണ്ടി ഫസ്റ്റ്, സെക്കന്‍ഡ് ലെവല്‍ ഓപ്പറേഷനുകള്‍ നടത്തി വന്നിരുന്നവരെയാണ് തങ്ങള്‍ക്ക് പിടികൂടാന്‍ കഴിഞ്ഞിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. അകൗണ്ടുകള്‍ വഴി തട്ടുന്ന പണത്തിന്റെ അഞ്ചു ശതമാനമായിരുന്നു പിടിയിലായവര്‍ക്ക് കിട്ടിയിരുന്ന കമ്മീഷന്‍. ഇവര്‍ക്ക് മുകളിലുള്ളവരിലേക്കുള്ള അന്വേഷണത്തിലാണ് തങ്ങളെന്നും അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സാഗര്‍ പോമന്‍ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറയുന്നു.
സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) ഓണ്‍ലൈന്‍ ട്രേഡിംഗ് തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി മുന്‍കരുതലുകള്‍ നല്‍കിയിട്ടും ആളുകള്‍ കൂടുതലായി ഇത്തരം തട്ടിപ്പുകളുടെ ഇരകളാവുകയാണ്. അമിതലാഭം വാഗ്ദാനം ചെയ്യുന്ന ഫോണ്‍ കോളുകള്‍ തട്ടിപ്പാണെന്ന് തിരിച്ചറിയുക. സെബിയുടെ നിര്‍ദേശങ്ങള്‍ അവഗണിക്കാതിരിക്കുക.