UPDATES

ചരിത്രം

കെന്നഡി കുടുംബ ചരിത്രം

കുടിയേറിയെത്തിയ ഒരു ദരിദ്ര ഐറിഷ് കുടുംബം അമേരിക്കയുടെ ചരിത്രമായ കഥ

                       

രാഷ്ട്രീയം, പൊതു സേവനം, വിനോദം, ബിസിനസ് തുടങ്ങിയ മേഖലകളിലൂടെ മുന്നേറി അമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ ഭൂപടത്തില്‍ സ്വാധീനം ചെലുത്തിയവര്‍ വിരളമാണ്. അതുകൊണ്ടു തന്നെ അമേരിക്കന്‍ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട അധ്യയമാണ് കെന്നഡി കുടുംബത്തിന്റേത്. അമേരിക്കയുടെ രാഷ്ട്രീയ പാരമ്പര്യവും, ചുരുളഴിയാത്ത ഒട്ടനവധി മരണങ്ങളുടെ ദൂരൂഹതയും പേറുന്ന കെന്നഡി കുടുംബം വീണ്ടും ചര്‍ച്ച വിഷയമാവുകയാണ്.

1960-കളുടെ തുടക്കത്തില്‍ അമേരിക്കയുടെ മുപ്പത്തിയഞ്ചാമത് പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി മുതല്‍ നീണ്ടു കിടക്കുന്നതാണ് ഡെമോക്രാറ്റിക് പാര്‍ട്ടിയുമായുള്ള കെന്നഡി കുടുംബത്തിന്റെ ഇഴയടുപ്പം. നൂറ്റാണ്ടുകള്‍ പഴക്കുമുള്ള ഈ ബന്ധം കെന്നഡി കുടുംബം അവസാനിപ്പിക്കുകയാണോ? ജെ എഫ് കെന്നഡിയുടെ സഹോദര പുത്രന്‍ റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ 2024 ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ സ്വത്യന്ത്ര സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചിരിക്കുകയാണ്. രണ്ടു കക്ഷികള്‍ മാത്രമേര്‍പ്പെട്ടിരിക്കുന്ന രാഷ്ട്രീയ സമ്പ്രദായം ഇരുതല രാക്ഷസനെ പോലെയാണെന്നു വിമര്‍ശിച്ച അദ്ദേഹം, വരുന്ന തെരെഞ്ഞെടുപ്പിലുള്‍പ്പെടെ ഡെമോക്രറ്റിക് അടക്കമുള്ള പാര്‍ട്ടികളുമായി സഹകരിക്കില്ലെന്നും പ്രഖ്യാപിച്ചു.

ആറു മാസം മുന്‍പ് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറിന്റെ തീരുമാനത്തില്‍ അനുകൂലമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അനുഭാവികള്‍ രംഗത്തെത്തിയിരുന്നു. കെന്നഡിയുടെ സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം ജോ ബൈഡന്റെ സ്ഥാനാര്‍ഥിത്വത്തെ സങ്കീര്‍ണമാക്കുമെന്ന പ്രതീക്ഷയിലായിരുന്നു റിപ്പബ്ലിക്കന്‍ പാര്‍ട്ടി അനുകൂലികള്‍. ഈ പ്രതീക്ഷ തകിടം മറിച്ചാണ് കെന്നഡി ജൂനിയറിന്റെ സ്വത്യന്ത്ര സ്ഥാനാര്‍ഥിത്വ പ്രഖ്യാപനം.

കെന്നഡി വധത്തിന്റെ ‘അന്തിമ സാക്ഷി’

കെന്നഡിയും ബൈഡനും ട്രംപും ഉള്‍പ്പെടുന്ന ത്രികോണ മത്സരത്തില്‍ ആരു ജയിക്കുമെന്ന അഭിപ്രായ സര്‍വ്വേ വാര്‍ത്ത ഏജന്‍സിയായ റോയിട്ടേഴ്സ് നടത്തിയിരുന്നു. വോട്ടെടുപ്പില്‍ 14% പേര്‍ കെന്നഡിക്കും 40% പേര്‍ ട്രംപിനും 38% പേര്‍ ബൈഡനുമാണ് വോട്ട് ചെയ്തത്. 2024 നവംബറില്‍ നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിലും ഈ അഭിപ്രായ സര്‍വ്വേ ഫലങ്ങള്‍ പ്രതിഫലിക്കുമോയെന്ന് സംശയമാണ്.

അമേരിക്കന്‍ രാഷ്ട്രീയത്തിന്റെ ആണിക്കല്ലെന്നറിയപെടുന്ന കെന്നഡി കുടുംബം യഥാര്‍ത്ഥത്തില്‍ ആരാണ? എന്താണ് ആ കുടുംബ ചരിത്രം?

ദാരിദ്ര്യത്തിന്റെ കൊടുമുടിയില്‍ നിന്ന ഒരു ഐറിഷ് കുടുംബം ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായ രാജ്യത്തിലേക്ക് കുടിയേറി പാര്‍ക്കുന്നതും ആ രാജ്യത്തെ തന്നെ നയിക്കുന്ന നിലയിലേക്ക് വളരുകയും ചെയ്ത കഥയാണ് കെന്നഡി കുടുംബത്തിന് പറയാനുള്ളത്. കെന്നഡി കുടുംബത്തിന്റെ കുടിയേറ്റ വേരുകള്‍ അയര്‍ലണ്ടില്‍ നിന്നാണ് ആരംഭിക്കുന്നത്. ജോണ്‍ എഫ് കെന്നഡിയുടെയും റോബര്‍ട്ട് എഫ് കെന്നഡിയുടെയും മുതുമുത്തച്ഛനായ പാട്രിക് കെന്നഡിയാണ് അമേരിക്കയിലേക്ക് കുടിയേറിയ കെന്നഡി കുടുംബത്തിലെ ആദ്യത്തെ അംഗം. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ മധ്യത്തില്‍ അയര്‍ലണ്ടിലുണ്ടായ ഐറിഷ് ഉരുളക്കിഴങ്ങ് ക്ഷാമം എന്നറിയപ്പെടുന്ന ഗ്രേറ്റ് ഹങ്കര്‍ കാലത്താണ് അദ്ദേഹം അയര്‍ലന്‍ഡ് വിട്ട് മസാച്യുസെറ്റ്‌സിലെ ബോസ്റ്റണില്‍ സ്ഥിരതാമസമാക്കുന്നത്. പാട്രിക് കെന്നഡിയുടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം പിന്നീടുള്ള അമേരിക്കയുടെ തന്നെ ചരിത്രമായി മാറുകയായിരിന്നു. ബോസ്റ്റണില്‍ സലൂണ്‍ ബിസിനസ്സിലൂടെ തന്റെ അമേരിക്കന്‍ ജീവിതം ആരംഭിച്ച പാട്രിക് എന്ന തന്ത്രശാലിയായ ബിസിനസുകാരന്റെ വളര്‍ച്ചക്ക് കൂടിയാണ് ബോസ്റ്റണ്‍ പിന്നീട് സാക്ഷ്യം വഹിച്ചത്.

1930 കളുടെ അവസാനത്തിലും 1940 കളുടെ തുടക്കത്തിലും യുണൈറ്റഡ് കിംഗ്ഡത്തിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച ചെറുമകന്‍ ജോസഫ് പി കെന്നഡി സീനിയറിലൂടെയാണ് പാട്രിക് പണിതുയര്‍ത്ത വ്യവസായ പ്രമുഖരായ കെന്നഡി കുടുംബം രാഷ്ട്രീയ കുപ്പായത്തില്‍ സജീവമാകുന്നത്. ജോസഫ് പി കെന്നഡി സീനിയറിന്റെ മക്കളായ ജോണ്‍ എഫ്. കെന്നഡിയും റോബര്‍ട്ട് എഫ്. കെന്നഡിയും പിതാവിന്റെ പാത തന്നെ പിന്തുടരുകയും ഇരുപതാം നൂറ്റാണ്ടോടെ അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രബലരാവുകയും ചെയ്തു.

ജെഎഫ് കെ എന്ന പേരില്‍ ലോക പ്രശസ്തനായ ജോണ്‍ എഫ് കെന്നഡി, യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 35-ാമത് പ്രസിഡന്റായും, ആര്‍എഫ്‌കെ എന്നറിയപ്പെടുന്ന സഹോദരന്‍ റോബര്‍ട്ട് അമേരിക്കയുടെ അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിക്കുകയും പിന്നീട് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുകയും ചെയ്തു. നാല്പത്തി മൂന്നാം വയസില്‍ ഏറ്റവും പ്രായം കുറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് എന്ന ഖ്യാതിയോടെയാണ് ജെഎഫ്‌കെ അധികാരത്തിലേറിയത്. അധികാരത്തിലേറി മൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം ടെക്‌സസ്സില്‍ വച്ചു കനത്ത സുരക്ഷാവലയം ഭേദിച്ചെത്തിയ മൂന്നു വെടിയുണ്ടകള്‍ അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നു. അധികാരത്തിലിരിക്കെ കൊല്ലപ്പെടുന്ന നാല് അമേരിക്കന്‍ ഭരണാധികാരികളില്‍ ഒരാളായിരുന്നു അദ്ദേഹം. ഏബ്രഹാം ലിങ്കണ്‍, ജെയിംസ് എ. ഗാര്‍ഫീല്‍ഡ്, വില്യം മക്കന്‍ലി എന്നിവരായിരുന്നു കൊല്ലപ്പെട്ട മറ്റു മൂന്നുപേര്‍. വ്യവസായത്തിലും രാഷ്ട്രീയത്തിലും ഉള്‍പ്പെടെ എതിരാളികളില്ലാതെ രാജകുടുംബം പോലെ കീര്‍ത്തി ലഭിച്ച കെന്നഡി കുടുംബത്തിനെ പ്രശസ്തിയോളം പോന്ന ദുരൂഹതകളും അധികം വൈകാതെ തേടി എത്തി തുടങ്ങിയിരുന്നു.

ജെഎഫ്കെയുടെ അധികാരകാലത്താണ് ഇളയ സഹോദരനായിരുന്ന ആര്‍എഫ്കെ യു.എസ് അറ്റോര്‍ണി ജനറലായി സേവനമനുഷ്ഠിച്ചത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള യുഎസ് സെനറ്റര്‍ കൂടിയായിരുന്നു ആര്‍എഫ്കെ. 1968 ജൂണ്‍ 5-ന്, പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് നാമനിര്‍ദ്ദേശത്തിനായി പ്രചാരണം നടത്തുന്നതിനിടയിലാണ് കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സില്‍ വെച്ച് അദ്ദേഹം വധിക്കപ്പെടുന്നത്. അഞ്ച് വര്‍ഷത്തിനിടയില്‍ നടന്ന കെന്നഡി സഹോദരന്മാരുടെ ഈ അപ്രതീക്ഷിത കൊലപാതകങ്ങള്‍ കെന്നഡി കുടുംബത്തില്‍ മാത്രമല്ല അമേരിക്കയിലാകെ കോളിളക്കം സൃഷ്ടിച്ചിരുന്നു.

വിമാനാപകടം, ലഹരിമരുന്ന് അമിത ഉപയോഗം, വാഹനാപകടങ്ങള്‍, ആത്മഹത്യ തുടങ്ങിയവ മൂലം 14 പേരാണ് ഇതു വരെ കെന്നഡി കുടുംബത്തില്‍ ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടിട്ടുള്ളത്.

ഈ കൊലപാതകങ്ങള്‍ വര്‍ഷങ്ങളായി നിരവധി ഗൂഢാലോചന സിദ്ധാന്തങ്ങള്‍ ഉരുത്തിരിയുന്നതിന് വഴിവച്ചിട്ടുണ്ട്. ഈ സിദ്ധാന്തങ്ങള്‍ എല്ലാം തന്നെ സൂചിപ്പിക്കുന്നത് കൊലപാതകങ്ങളില്‍ ഔദ്യോഗിക കൊലയാളികള്‍ ഒഴികെയുള്ള വ്യക്തികളോ ഗ്രൂപ്പുകളോ ഉള്‍പ്പെട്ടിരിക്കാമെന്നാണ്. ഒന്നിലധികം പേര്‍ ചേര്‍ന്ന് കൊലപെടുത്തിയിരിക്കാം എന്ന സിദ്ധന്തത്തിനാണ് ഏറ്റവും പ്രചാരമുള്ളത്.

ജെഎഫ്കെയുടെ നയങ്ങളും ദേശീയ സുരക്ഷയ്ക്കെതിരായ ഭീഷണികളും കാരണം സെന്‍ട്രല്‍ ഇന്റലിജന്‍സ് ഏജന്‍സി(സിഐഎ) അദ്ദേഹത്തിന്റെ കൊലപാതകത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ചില സിദ്ധാന്തങ്ങള്‍ ആരോപിക്കുന്നത്. സംഘടിത കുറ്റകൃത്യങ്ങള്‍ക്കെതിരെയുള്ള ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍
മാഫിയ സഘങ്ങളെ കൊലപാതകത്തിലേക്ക് നയിച്ചതായും ചില സിദ്ധാന്തങ്ങള്‍ പറയുന്നുണ്ട്.

ആര്‍എഫ്കെയുടെ മരണവുമായി ബന്ധപ്പെട്ട സിദ്ധാന്തങ്ങളില്‍ ചില സൈദ്ധാന്തികര്‍ വിശ്വസിക്കുന്നത് അദ്ദേഹത്തിന്റെ കൊലപാതകം രാഷ്ട്രീയ പ്രേരിതമായിരുന്നുവെന്നാണ്. അദ്ദേഹത്തിന്റെ നിലപാടുകളില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നവര്‍ കൊലപാതകത്തില്‍ ഉള്‍പ്പെട്ടതായും പറയപ്പെടുന്നുണ്ട്.

ഇവരുടേതുള്‍പ്പെടെയുള്ള ദുരൂഹ മരണങ്ങളില്‍ എന്നെങ്കിലും ചുരുളഴഞ്ഞു പുറത്തു വരുമെന്ന പ്രത്യാശയിലാണ് കെന്നഡി കുടുംബം.

Share on

മറ്റുവാര്‍ത്തകള്‍