UPDATES

സിനിമ ആരുടെയും കുടുംബ സ്വത്തല്ല; വിദ്യാ ബാലൻ

മോഹൻ ലാലിനൊപ്പമുള്ള ആദ്യ സിനിമ മുടങ്ങിപ്പോയപ്പോൾ തകർന്നു

                       

ബോളിവുഡിന്റെ പതിവ് നായിക സങ്കൽപ്പങ്ങളെ പൊളിച്ചെഴുതി ദേശീയ പുരസ്കാരം വരെ കരസ്ഥമാക്കിയ താരമാണ് വിദ്യാ ബാലൻ. തന്റെ അദ്ധ്വാനം കഴിവ് കൊണ്ടും പല തടസ്സങ്ങളെയും അതിജീവിച്ചാണ് വിദ്യാ ബാലൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയത്. എന്നാൽ ഒരു അഭിനേത്രി എന്ന നിലയിലേക്കുള്ള യാത്ര അത്ര എളുപ്പമായിരുന്നില്ല എന്ന് പറയുകയാണ് താരം.

ഹിന്ദി ചലച്ചിത്ര വ്യവസായത്തിൽ സ്വന്തമായി ഒരു ഇടം സൃഷ്ടിക്കാൻ ധൈര്യവും നിശ്ചയദാർഢ്യവും അത്യാവശ്യമാണെന്നും. ഒരു അഭിനേത്രി എന്ന നിലയിൽ വിജയിക്കുന്നതിനു മുൻപ് ഒരു പാട് തിരസ്‌കാരങ്ങൾ നേരിട്ടിട്ടുണ്ട് എന്നും പറയുകയാണ് വിദ്യ. സിനിമ മേഖലയിൽ വിജയം നേടുന്നതിന് മുൻപ് ‘നിർഭാഗ്യവതി’ എന്ന് മുദ്രകുത്തപ്പെടുന്നതിനെക്കുറിച്ചും താൻ നേരിട്ട വേട്ടയാടലുകളെ അതിജീവിച്ചതിനെ കുറിച്ചും ഇന്ത്യൻ എക്സ്പ്രസ്സിനോട് സംസാരിക്കുകയായിരുന്നു വിദ്യാ ബാലൻ.

‘നെപോട്ടിസം ഉണ്ടെകിലും ഇല്ലെങ്കിലും , ഞാൻ ഇവിടെ തന്നെയുണ്ട്. സിനിമ ഇൻഡസ്ട്രി ആരുടേയും പിതാവിന്റെ വക ഒന്നുമല്ല അങ്ങനെ ആണെങ്കിൽ എല്ലാ അഭിനേതാക്കളുടെ മക്കളും വിജയിച്ചേനെ’. എന്നായിരുന്നു സിനിമ മേഖലയിൽ പക്ഷപാതം നേരിട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് വിദ്യയുടെ മറുപടി. തൻ്റെ കരിയറിൻ്റെ തുടക്കത്തിൽ താൻ നേരിട്ട വേട്ടയാടലിനെക്കുറിച്ചും ബാലൻ സംസാരിച്ചു. ‘മൂന്ന് വർഷത്തോളം ഞാൻ കഠിനമായ ഹൃദയവേദനയിലൂടെയാണ് കടന്നുപോയത്. തുടർച്ചയായുള്ള തിരസ്കാരങ്ങളുടെയും പരാജയത്തിന്റെയും ആഘാതം എന്നെ സംബന്ധിച്ച് വളരെ ശക്തവും വിനാശകരവുമായിരുന്നു. ഒരു പാട് തവണ ആത്മവിശ്വാസം തകർന്ന് ഈ മേഖലയിൽ തുടരാനുള്ള ആഗ്രഹം ഉലഞ്ഞു പോയിട്ടുണ്ട്. എന്നാൽ എന്റെ മനസിലെ തീ മറ്റെല്ലാത്തിനേയും കടത്തി വെട്ടി എന്ന് പറയുന്നതെക്കും ശരി. ‘ വിദ്യാ ബാലൻ പറയുന്നു.

‘മോഹൻ ലാലിനൊപ്പമാണ് ഞാൻ ആദ്യ മലയാള സിനിമ അഭിനയിച്ചത്, പക്ഷെ സിനിമ നടന്നില്ല . അതെനിക്ക് വലിയ ഷോക്കായിരുന്നു. രണ്ടാമത്തെ സിനിമയും പരാജയമായതോടെ സിനിമാ ഇൻഡസ്ട്രിയിൽ ഞാൻ ഭാഗ്യമില്ലാത്തവളായി മുദ്രകുത്തപ്പെട്ടു, ഞാൻ ശരിക്കും മാനസികമായി തകർന്നുപോയി. നിരവധി അവസരങ്ങൾ എനിക്ക് കൺമുന്നിൽ നിന്ന് നഷ്ടമായി. ഒരിക്കൽ ചെന്നൈയിൽ ഒരു സിനിമയിൽ അഭിനയിച്ച് തുടങ്ങിയ ശേഷം നിർമ്മാതാവ് എന്നെ വിളിപ്പിച്ച് ഞാൻ ഭാഗ്യമില്ലാത്തവളാണെന്നും സിനിമയിൽ നിന്ന് ഒഴിവാക്കുകയാണെന്നും പറഞ്ഞു. അതെല്ലാം കേട്ട് ഞാൻ തകർന്നുപോയി. എന്റെ അവസ്ഥ കണ്ട് എന്റെ മാതാപിതാക്കളും ഒരു പാട് വിഷമിച്ചു. പക്ഷെ ഞാൻ തളർന്നില്ല 2006 – ൽ പുറത്തിറങ്ങിയ ‘ലഗേ രഹോ മുന്നാഭായി’ ലൂടെയാണ് ഞാൻ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയത്. പിന്നീട് 2011ൽ പുറത്തിറങ്ങിയ ഡേർട്ടി പിക്ച്ചറിലെ അഭിനയത്തിന് ദേശീയ പുരസ്കാരം എന്നെ തേടി വന്നു’, എന്നും വിദ്യാ ബാലൻ പറഞ്ഞു.

ഇന്ത്യൻ എക്സ്പ്രസിന്റെ എക്സ്പ്രസ്സോ സംവാദ ചടങ്ങിൽ സംസാരിക്കവെയാണ് വിദ്യ തന്റെ മനസ് തുറന്നത്. വിദ്യാ ബാലനും പ്രതീക് ഗാന്ധിയും ഒന്നിക്കുന്ന ‘ഡു ഔർ ഡു പ്യാർ’ ആണ് റിലീസിനൊരുങ്ങുന്ന ചിത്രം. സെന്തിൽ രാമമൂർത്തി, ഇലിയാന ഡിക്രൂസ്, എന്നിവരും ചത്രത്തിൽ വേഷമിടുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍