രാഷ്ട്രീയ ഇടവഴി; പരമ്പര, ഭാഗം-105
രാഷ്ട്രീയം മാത്രമല്ല സാമൂഹ്യ സാംസ്‌കാരിക ഗാര്‍ഹിക രംഗത്തും ശ്രദ്ധേയമായ കാര്‍ട്ടൂണ്‍ മലയാളത്തില്‍ എത്രയോ വന്നിരിക്കുന്നു. കാര്‍ട്ടൂണുകളെ പല രീതിയില്‍ തരം തിരിക്കാം. കുടുംബത്തില്‍ നടക്കുന്ന സംഭവങ്ങള്‍ തന്നെ എത്രയോ തരം. ഭാര്യയും ഭര്‍ത്താവും, ഭാര്യയും ഭര്‍ത്താവും മക്കളും, വേലക്കാരി, അയല്‍ക്കാര്‍, വിരുന്നുകാര്‍… അങ്ങിനെ കുടുംബ കാര്‍ട്ടൂണില്‍ തന്നെ പല വകഭേതങ്ങള്‍. നിയമ, ആരോഗ്യ, സ്‌പോര്‍ട്ട്‌സ്, ബിസിനസ്, സാഹിത്യം, എന്നു വേണ്ട നമുക്ക് ചുറ്റിലും കാണുന്ന എല്ലാ വിഷയത്തില്‍ നിന്നും കാര്‍ട്ടൂണുകള്‍ രചിക്കപ്പെടുന്നുണ്ട്.
മാണിയും ബജറ്റ് കാര്‍ട്ടൂണുകളും
അത്തരത്തില്‍ സാഹിത്യ രംഗത്തെ പരാമര്‍ശിക്കുന്ന കാര്‍ട്ടൂണുകളും കുടുംബ കാര്യങ്ങളെ പരാമര്‍ശിക്കുന്ന കാര്‍ട്ടൂണുകളും സിനിമാ സെറ്റുകളുടെ കാര്‍ട്ടൂണുകളും വരച്ച് പ്രശസ്തനാണ് കാര്‍ട്ടൂണിസ്റ്റ് തോമസ്. കാര്‍ട്ടൂണിസ്റ്റ് തോമസ് മലയാളം കണ്ട ഏറ്റവും മികച്ച ഒരു കാര്‍ട്ടൂണിസ്റ്റ് ആയിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. പരസ്യ രംഗത്ത് കാര്‍ട്ടൂണുകള്‍ ആദ്യമായി ഇന്ത്യയില്‍ ഉപയോഗിച്ചത് തോമസാണ്. ഒരിക്കല്‍ പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ ടി വി ആര്‍ ഷേണായി ലേഖകനോട് പറയുകയുണ്ടായി കാര്‍ട്ടൂണിസ്റ്റ് തോമസിന് ഇംഗ്ലീഷ് ഭാഷ വശമായിരുന്നെങ്കില്‍ ഇന്ത്യ കണ്ട ഏറ്റവും മികച്ച കാര്‍ട്ടൂണിസ്റ്റ് ആകുമായിരുന്നു എന്ന്. തോമസ് തന്റെ രചനകള്‍ ബ്രഷുകള്‍ കൊണ്ടു മാത്രമാണ് രചിച്ചിരുന്നത്. കാര്‍ട്ടൂണിലെ കമന്റുകള്‍ പോലും ബ്രഷുപയോഗിച്ചാണ് അദ്ദേഹം എഴുതിയിരുന്നത്. തോമസിന്റെ വരകള്‍ക്ക് സൗന്ദര്യം കൂടുന്നത് ബ്രഷുകളില്‍ നിന്ന് വരയ്ക്കപ്പെടുന്നത് കൊണ്ടാണ്. സിനിമ സെറ്റുകളിലെ എന്നല്ല ഏത് തോമസ് കാര്‍ട്ടൂണുകളിലും പരിസര വിശേഷണങ്ങള്‍ വളരെ വിശദമായി അദ്ദേഹം വരച്ചിരിക്കുന്നത് ഏറെ ശ്രദ്ധേയമാണ്. മറ്റു കാര്‍ട്ടൂണിസ്റ്റുകളില്‍ നിന്ന് വ്യത്യസ്തമായി തോമസിന്റെ കാര്‍ട്ടൂണുകള്‍ അതുകൊണ്ട് തന്നെ വേറിട്ട് നില്‍ക്കുന്നു.
കാര്‍ട്ടൂണിസ്റ്റ് തോമസിന്റെ വളരെ ലളിതമായ ഒരു കാര്‍ട്ടൂണാണ് ഇവിടെ പരാമര്‍ശിക്കുന്നത്. ഒരു ബാലസാഹിത്യകാരന്റെ മുറിയാണ് കാര്‍ട്ടൂണിസ്റ്റ് തോമസ് വരച്ചിരിക്കുന്നത്. എത്ര മനോഹരമായിട്ടാണ് ബാലസാഹിത്യകാരന്റെ ഭാവം ചിത്രീകരിച്ചിരിക്കുന്നത്. തന്റെ ഭര്‍ത്താവ് ബാലസാഹിത്യകാരന്‍ ആണെന്ന് പറയുന്ന ഭാര്യയുടെ ഭാവവും അത് കേള്‍ക്കുന്ന ഭാര്യയുടെ സുഹൃത്തിന്റെ ഭാവവും അദ്ദേഹം മനോഹരമായി ചിത്രീകരിച്ചിരിക്കുന്നു. ബാലസാഹിത്യകാരന്റെ രചന മുറി വളരെ വിശദമായിത്തന്നെ കാര്‍ട്ടൂണിസ്റ്റ് തോമസ് തന്റെ കാര്‍ട്ടൂണില്‍ വരച്ചിരിക്കുന്നു. ഒരു ബാലസാഹിത്യകാരന്‍ ഇങ്ങനെയൊക്കെയാണോ എന്ന് കാഴ്ചക്കാരന്‍ തോന്നിപ്പോകുന്ന രീതിയിലാണ് തോമസിനെ നിര്‍ദോഷമായ കമന്റ്.