UPDATES

വിദേശം

നൈജീരിയയിൽ 280 സ്കൂൾ വിദ്യാർത്ഥികളെയും 200 സ്ത്രീകളെയും തട്ടിക്കൊണ്ടു പോയി

നൈജീരിയയിൽ കാണാതാകുന്ന സ്ത്രീകളും കുട്ടികളും

                       

നൈജീരിയയിൽ, ഒരാഴ്ചക്കുള്ളിൽ, നിരവധി ആളുകളെയാണ് അജ്ഞാതരായ സംഘം തട്ടിക്കൊണ്ടു പോയത്. മാർച്ച് 13 നാണ് വടക്കുകിഴക്കൻ സംസ്ഥാനമായ ബോർണോയിലെ നഗരത്തിൽ നിന്നാണ് ആദ്യ തട്ടിക്കൊണ്ടുപോകൽ വാർത്ത ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. വിറക് ശേഖരിക്കാനായി പോയ സ്ത്രീകളെയും കുട്ടികളെയുമാണ്  അജ്ഞാത  സംഘം പിടികൂടിയത്. പ്രദേശത്തെ മൊബൈൽ ഫോൺ ടവറുകൾ  നശിപ്പിച്ചതുകൊണ്ടു തന്നെ വാർത്ത പുറത്തുവരാൻ ദിവസങ്ങളെടുത്തിരുന്നു.

തൊട്ടടുത്ത ദിവസം,വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കടുനയിലെ ഒരു സ്കൂളിൽ നിന്ന് 8 -നും 15-നും ഇടയിൽ പ്രായമുള്ള 280-ലധികം കുട്ടികളെയും അധ്യാപകരെയുമാണ് ആയുധധാരികൾ ഉൾവനത്തിലേക്ക് കടത്തികൊണ്ടുപോയി. അൽ ഖ്വയ്ദയുമായി ബന്ധമുള്ള അൻസരു ഗ്രൂപ്പിലെ തീവ്രവാദികളാണ് ആക്രമണം നടത്തിയതെന്ന് പ്രാദേശികമായി റിപ്പോർട്ടുകളുണ്ട്. 2014 ഏപ്രിൽ മാസത്തിൽ ചിബോക്കിലെ ഒരു സ്‌കൂളിൽ നിന്ന് 300 ഓളം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയ സംഭവത്തിനുശേഷം മറ്റൊന്നും  സമീപ വർഷങ്ങളിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. 2021 ൽ നടന്ന സംഭവത്തേക്കാൾ നൈജീരിയ കണ്ട ഏറ്റവും വലിയ കൂട്ട തട്ടിക്കൊണ്ടുപോകലാണ് കടുനയിലെ സ്കൂളിൽ നടന്നത്.

ഏറ്റവും ദുർബല ജനവിഭാഗമായ നൈജീരിയക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന ഈ തട്ടിക്കൊണ്ടുപോകൽ ആവർത്തിക്കുന്നത് എന്തുകൊണ്ട് ?

ഒരാഴ്ചക്കുള്ളിൽ നടന്ന രണ്ടു വലിയ കൂട്ട കടത്തൽ നടത്തിയത് ഒരേ ആളുകൾ തന്നെയാണെന്നതിന് ഇതുവരെയും പ്രത്യക്ഷത്തിൽ തെളിവുകൾ ലഭിച്ചിട്ടില്ല. എന്നാൽ സംഭവങ്ങൾ ഇനിയും ആവർത്തിക്കാനുള്ള സാധ്യതയും അന്താരഷ്ട്ര മാധ്യമങ്ങൾ ചൂണ്ടികാണിക്കുന്നുണ്ട്. മുൻ കാലങ്ങളിൽ സംഘങ്ങൾ വിമോചിപ്പിക്കപ്പെട്ട ആളുകൾ വനത്തിലെ ക്യാമ്പുകളിൽ കഴിയുമ്പോൾ പാചകം ചെയ്യാനും മറ്റ് നിസ്സാര ജോലികൾ ചെയ്യാനും തങ്ങളെ പ്രേരിപ്പിച്ചതായി പറഞ്ഞിട്ടുണ്ട്. പൊതുവേ, നൈജീരിയയിൽ മോചനദ്രവ്യത്തിനു വേണ്ടി നടക്കുന്ന തട്ടിക്കൊണ്ടുപോകലുകൾ അക്രമകാരികളെ സംബന്ധിച്ച് അപകടസാധ്യത കുറവുള്ളതാണ്. അതെ സമയം ഉയർന്ന പ്രതിഫലം ലഭിക്കുന്നതുമായ ബിസിനസ്സാണ്. തട്ടിക്കൊണ്ടുപോയവരെ സാധാരണയായി പണം കൈമാറിയ ശേഷം മോചിപ്പിക്കും, കുറ്റവാളികൾ അപൂർവ്വമായാണ് അറസ്റ്റുചെയ്യപ്പെടുന്നത്.

ഒരാളെ മോചിപ്പിക്കാൻ മോചനദ്രവ്യം നൽകുന്നത് നിയമവിരുദ്ധമാക്കിയ സാഹചര്യത്തിലാണ് ഈ സംഭവങ്ങൾ വർദ്ധിക്കുന്നത്. കഴിഞ്ഞ മെയ്  മാസത്തിൽ  പ്രസിഡൻ്റ് ബോലാ ടിനുബു അധികാരത്തിൽ വന്നതിനുശേഷം 4,700-ലധികം ആളുകളെ തട്ടിക്കൊണ്ടുപോയതായി റിസ്ക് കൺസൾട്ടൻ്റുമാരായ എസ്ബിഎം ഇൻ്റലിജൻസ് അറിയിച്ചു. സാമ്പത്തിക നൈരാശ്യത്താൽ നട്ടം തിരിയുന്ന ആളുകൾക്ക് ഫണ്ട് സ്വരൂപിക്കുന്നതിനുള്ള ഒരു ലാഭകരമായ സംരംഭമായി തട്ടിക്കൊണ്ടുപോകൽ മാറിയിരിക്കുകയാണ്. പണത്തിന് പുറമേ, ബന്ധികളാക്കിയവരെ മോചിപ്പിക്കുന്നതിന് പകരമായി സംഘങ്ങൾ മുമ്പ് ഭക്ഷണസാധനങ്ങളും മോട്ടോർ സൈക്കിളുകളും പെട്രോളും പോലും ആവശ്യപ്പെട്ടിട്ടുണ്ട്.

“നൈജീരിയയുടെ മോശം സമ്പദ്‌വ്യവസ്ഥയാണ് തട്ടിക്കൊണ്ടുപോകലിനുള്ള സാഹചര്യം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി, വിദേശനാണ്യ പ്രശ്നം പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞില്ല,” റിട്ടയേർഡ് സിഐഎ ഉദ്യോഗസ്ഥനും ആഫ്രിക്ക കേന്ദ്രീകരിച്ചുള്ള റിസ്ക് അഡ്വൈസറിയായ 14 നോർത്തിൻ്റെ തലവനുമായ വില്യം ലിൻഡർ ബിബിസിയോട് പറയുന്നു. നൈജീരിയയുടെ അതിർത്തികളിൽ മതിയായ സുരക്ഷയില്ലാത്തത് ഈ സംഭവങ്ങളുടെ ആക്കം കൂട്ടുന്നുണ്ട്. ഇതോടെ വിശാലമായ ഈ പ്രദേശത്തെ ഇസ്ലാമിസ്റ്റ് അക്രമം ഇവിടങ്ങളിലെ അരക്ഷിതാവസ്ഥ വർദ്ധിപ്പിച്ചു.

നൈജീരിയൻ പ്രസിഡൻ്റ് ബോലാ  ടിനുബു വെള്ളിയാഴ്ച തട്ടിക്കൊണ്ടുപോകലുകളെ അപലപിക്കുകയും ഇരകളെ ഉടൻ രക്ഷപ്പെടുത്താൻ സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികൾക്ക് നിർദ്ദേശം നൽകുകയും ചെയ്തു. യുഎൻ, താമസക്കാർ  പ്രാദേശിക ഉദ്യോഗസ്ഥർ എന്നിവർ പറയുന്നതനുസരിച്ചു ബോർണോ സ്റ്റേറ്റിൽ നിന്ന് 200 ഓളം ആളുകളെ, തട്ടിക്കൊണ്ടു പോയിട്ടുണ്ട്. പ്രദേശത്തെ താമസക്കാരെ വളരെക്കാലമായി ഇസ്ലാമിസ്റ്റ് തീവ്രവാദ പ്രസ്ഥാനമായ ബോക്കോ ഹറാം ഭയപ്പെടുത്തി കൊണ്ടിരിക്കുന്നുമുണ്ട്. ടെലിഫോൺ ബന്ധം വിച്ഛേദിക്കപ്പെട്ടതു കൊണ്ട് തന്നെ പിടിച്ചുകൊണ്ടുപോയ ആളുകളുടെ എണ്ണത്തെക്കുറിച്ചും കൃത്യമായി തട്ടിക്കൊണ്ടുപോകൽ നടത്തിയത് ആരെന്നതിനെക്കുറിച്ചും റിപ്പോർട്ടുകൾ കൃത്യമല്ല. ചില റിപ്പോർട്ടുകൾ പറയുന്നത് സംഭവത്തിനു പിന്നിൽ ബോക്കോ ഹറാം ആണെന്നും, മറ്റൊരു വിഭാഗം പറയുന്നത് നൈജീരിയയുടെ എതിരാളികളായ ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രൊവിൻസ് (ISWAP) ആയിരിക്കാം എന്നാണ്.

വിറക് ശേഖരിക്കാൻ പോയ സ്ത്രീകളെ താമസക്കാർ അന്വേഷിച്ചപ്പോൾ, തടി ശേഖരിക്കാൻ ഉപയോഗിച്ച വണ്ടികൾ മാത്രമാണ് കണ്ടതെന്ന് പ്രദേശവാസികൾ പറയുന്നു. കുടുംബങ്ങൾക്ക് ഇതുവരെ അവരെക്കുറിച്ചുള്ള വാർത്തകൾ ലഭിച്ചിട്ടില്ലെന്നും അവർ പറഞ്ഞു. വിറക് ശേഖരിക്കുന്ന 180 സ്ത്രീകളെ  പ്രദേശത്ത് നിന്ന് കൊണ്ടുപോയതായി ഗംബരോ ങ്കാലയിലെ താമസക്കാരനായ മൊഡു ഗോണി പറയുന്നതായി വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ബോർണോയിൽ നിന്ന് 500 മൈലിലധികം മാറി സ്ഥിതി ചെയ്യുന്ന കടുനയിലെ സർക്കാർ ഉടമസ്ഥതയിലുള്ള സ്കൂളിൽ അക്രമികൾ വളഞ്ഞതായി നാട്ടുകാർ സാക്ഷ്യപ്പെടുത്തിയതായി, അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. “നൈജീരിയയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങൾ ആശങ്കാജനകമായ പ്രവണതയാണ്, പ്രത്യേകിച്ച് വടക്കുപടിഞ്ഞാറൻ, സായുധ സംഘങ്ങൾ അക്രമത്തിൻ്റെയും തട്ടിക്കൊണ്ടുപോകലുകളുടെയും പ്രചാരണം ശക്തമാക്കിയിരിക്കുന്നിടത്ത്”, UNICEF ൻ്റെ നൈജീരിയ പ്രതിനിധി ക്രിസ്റ്റ്യൻ മുണ്ടുവേറ്റ് ഒരു പ്രസ്താവനയിൽ പറയുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍