2019 മുതല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു കശ്മീരില്‍ കോടികള്‍ വിലമതിക്കുന്ന സ്വത്തുവകകള്‍ സര്‍ക്കാര്‍ കണ്ടുകെട്ടിയതായി റിപ്പോര്‍ട്ട്. ഭീകരവാദികള്‍, അവരുടെ കുടുംബാംഗങ്ങള്‍, ജമാഅത്ത് പ്രവര്‍ത്തകര്‍, തീവ്രവാദികള്‍ക്ക് അഭയം നല്‍കിയവരെന്ന് ആരോപിക്കപ്പെടുന്നവര്‍ എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. 2019 മുതല്‍ ജമ്മു കശ്മീരില്‍ വിവിധ കേസുകളില്‍ പ്രതികളാകുന്നവരുടെ 200 ഓളം സ്വത്ത് വകകള്‍ കണ്ടുകെട്ടിയതായാണു കാശ്മീര്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂരിഭാഗവും കണ്ടുകെട്ടിയിരിക്കുന്നത് 2023 ലാണ്. ഏറ്റവും കുറവ് സ്വത്തുക്കള്‍ കണ്ടുകെട്ടിയത് 2020ലും 2021ലുമായാണ്. വീടുകളും, വ്യാപാര സ്ഥാപനങ്ങളും ഉള്‍പ്പെടെ കണ്ടുകെട്ടിയ സ്വത്തു വകകളിലുണ്ട്. ഇവയുടെ എണ്ണത്തെ കുറിച്ചുള്ള കുറിച്ച് ഔദ്യോഗിക വിവരം ലഭ്യമല്ലെങ്കിലും, വിവിധ സ്രോതസ്സുകളില്‍ നിന്നായി കാശ്മീര്‍ ടൈംസ് നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകളനുസരിച്ച് , ഏകദേശം 200 ഓളം വസ്തുവകകള്‍ കണ്ടുകെട്ടിയതായി പറയുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടയിലായി തീവ്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയതായി വിവിധ വാര്‍ത്താ റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നുണ്ട്. ഈ സ്വത്തുക്കളില്‍ ഭൂരിഭാഗവും ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ഐഎ) ജമ്മു കശ്മീര്‍ പോലീസിന്റെ പ്രത്യേക അന്വേഷണ വിഭാഗവുമാണ് (എസ്ഐയു) കണ്ടു കെട്ടിയിരിക്കുന്നത്. ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി, ദുഖ്തറാന്‍-ഇ-മില്ലത്ത് തലവന്‍, ആസിയ അന്ദ്രാബി, വ്യവസായി സഹൂര്‍ വത്താലി, തീവ്രവാദികളായ സയ്യിദ് സാലുഹുദ്ദീന്‍, മുഷ്താഖ് ലത്രം തുടങ്ങിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. തീവ്രവാദ കുറ്റം ആരോപിക്കുന്നവരുടെയും, നിരോധിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി പ്രവര്‍ത്തകരുടെയും സ്വത്തുക്കളാണ് പട്ടികയില്‍ ഭൂരിഭാഗവും. തീവ്രവാദികള്‍ക്ക് അഭയം നല്‍കിയെന്ന് ആരോപിക്കപ്പെടുന്നവരും ഭീകരപ്രവര്‍ത്തനങ്ങള്‍ക്കായി സ്വത്ത് ഉപയോഗിച്ചവരും ചില മയക്കുമരുന്ന് കടത്തുകാരും പട്ടികയിലുണ്ട്. സമാനമായി പ്രതികളുടെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കള്‍ കണ്ടുകെട്ടിയതും ഇതില്‍ ഉള്‍പ്പെടുന്നുണ്ട്. അത്തരമൊരു കേസില്‍, ഒരു ഭീകരവാദിയുടെ മുത്തച്ഛന്റെ പേരിലുള്ള സ്വത്ത് ‘തീവ്രവാദത്തിന്റെ വരുമാനം’ എന്നു തരംതിരിച്ചാണ് കണ്ടുകെട്ടിയിരിക്കുന്നത്.
യുഎപിഎയും പ്രതിരോധത്തിന്റെ യുക്തിയും
വിവിധ കേസുകളിലെ പ്രതികളുടേതാണെങ്കിലും, ഈ വസ്തുവകകള്‍ അറ്റാച്ച് ചെയ്യുന്നതിന് ബാധകമായ കേസുകളും നിയമങ്ങളും വ്യക്തമല്ല. ദി അണ്‍ ലോ ഫുള്‍ ആക്ടിവിറ്റീസ് (പ്രെവെന്‍ഷന്‍)അമെന്‍ഡ്‌മെന്റ് ആക്ട് (യുഎപിഎ), പ്രകാരം എന്‍ഐഎ ഡയറക്ടര്‍ ജനറലിന്(ഡിജി) തീവ്രവാദത്തിന്റെ വരുമാനത്തെ പ്രതിനിധീകരിക്കുന്ന സ്വത്ത് പിടിച്ചെടുക്കുന്നതിനോ കണ്ടുകെട്ടുന്നതിനോ അനുവദമുണ്ട്. 2019-ന് മുമ്പ്, പിടിച്ചെടുക്കലിനോ അറ്റാച്ച്‌മെന്റിനോ വസ്തു സ്ഥിതി ചെയ്യുന്ന സംസ്ഥാനത്തിന്റെ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസിന്റെ(ഡിജിപി) അനുമതി ആവശ്യമായിരുന്നു. യുഎപിഎ പ്രകാരം സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ സര്‍ക്കാരിന് അധികാരമുണ്ടെങ്കിലും ഒരാളെ തീവ്രവാദിയായി പ്രഖ്യാപിക്കാന്‍ ജുഡീഷ്യറിയ്ക്കു മാത്രമാണ് അധികാരം. സ്വത്തുവകകള്‍ കണ്ടുകെട്ടുന്നത് കോടതി ഉത്തരവുകള്‍ക്കു പിന്നാലെയാണോ എന്നതില്‍ വ്യക്തയില്ല. ചില കേസുകള്‍ മാത്രമാണ് അത്തരത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏറ്റവും ഒടുവില്‍, 2023 ഒക്ടോബര്‍ 20 ന്, പുല്‍വാമയിലെ അവന്തിപ്പോര പട്ടണത്തില്‍, ഒളിവില്‍പ്പോയ പാകിസ്ഥാന്‍ ആസ്ഥാനമായുള്ള ഫിറോസ് ഗാനി എന്ന തീവ്രവാദിയുടെ സ്വത്ത് പോലീസ് കണ്ടുകെട്ടിയിരുന്നു. എന്‍ഐഎ കോടതിയുടെ പുല്‍വാമയിലെ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയുടെ ഉത്തരവുകള്‍ പ്രകാരം ഒരു തോട്ടഭൂമി ചെയ്തു.
ചില കേസുകളില്‍ പ്രതികളുടെ കുടുംബാംഗങ്ങളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയിട്ടുണ്ട്. ഉദാഹരണത്തിന്, 2023 ഓഗസ്റ്റ് 24-ന്,ബന്ദിപ്പൂര്‍ ജില്ലയിലെ നാദിഹാല്‍ പ്രദേശത്ത് ‘ഹൈബ്രിഡ് തീവ്രവാദി'(ഭീകരവാദി പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെങ്കിലും ഒരു ഭീകരാക്രമണം നടത്താനും പിന്നീട് പതിവ് ജീവിതത്തിലേക്ക് മടങ്ങാനും കഴിയുന്നവരെയാണ് കശ്മീരിലെ സുരക്ഷാ സേനയും രഹസ്യാന്വേഷണ ഏജന്‍സികളും ഹൈബ്രിഡ് ഭീകരരെ നിര്‍വചിക്കുന്നത്)യെന്ന് ആരോപിക്കപ്പെടുന്ന വ്യക്തിയുടെ മുത്തച്ഛന്റെ സ്വത്ത് പൊലീസ് കണ്ടുകെട്ടുകയും ‘ഭീകരവാദത്തിന്റെ വരുമാനം’ എന്ന് തരംതിരിക്കുകയും ചെയ്തിരുന്നു. കേസില്‍ പ്രതിയായ മെഹബൂബ് ഉള്‍ ഇനാം ഷായുടെ മുത്തച്ഛന്‍ സലാം ഷായുടെ പേരില്‍ മുമ്പ് രജിസ്റ്റര്‍ ചെയ്ത നാദിഹാല്‍ ബന്ദിപ്പോര എസ്റ്റേറ്റിലെ ഭൂമിയെ തീവ്രവാദത്തിന്റെ വരുമാനമായി തരംതിരിച്ചിട്ടുണ്ടെന്ന് പോലീസ് ട്വീറ്റിലൂടെ അറിയിച്ചിരുന്നു. 2020 ലെ സമാനമായ മറ്റൊരു കേസില്‍ പ്രതിയായ ഇര്‍ഷാദ് അഹമ്മദ് റെഷിയുടെ പിതാവ് നസീര്‍ അഹമ്മദ് റെഷിയുടെ സ്വത്ത് എന്‍ഐഎ കണ്ടുകെട്ടിയിരുന്നു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് സേനയുടെ ഗ്രൂപ്പ് സെന്ററില്‍ നടന്ന ലെത്പുര ആക്രമണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് എന്‍ഐഎ അറസ്റ്റ് ചെയ്ത പ്രതിയുടെ സ്വത്ത് കണ്ടെത്താന്‍ 2020 സെപ്റ്റംബര്‍ 19 നാണ് എന്‍ഐഎ ഉത്തരവിട്ടത്. 2017 ഡിസംബര്‍ 31-ന് നടന്ന ആക്രണമത്തില്‍ അഞ്ച് സിആര്‍പിഎഫ് ഉദ്യോഗസ്ഥരും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിരുന്നു.
ഇര്‍ഷാദ്, ജെയ്ഷെ മൊഹമ്മദിന്റെ (ജെഎം) സജീവ പ്രവര്‍ത്തകനാണെന്നാണ് എന്‍ഐഎ പറയുന്നത്. ‘കൊല്ലപ്പെട്ട ജെയ്ഷെ കമാന്‍ഡര്‍ മുഹമ്മദ് തന്ത്രേ എന്ന നൂര്‍ ത്രാലിയുമായി അടുത്ത ബന്ധമുള്ളയാളായിരുന്നു ഇര്‍ഷാദ്. 2017 ഡിസംബറില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നൂര്‍ ത്രാലിയുടെ മരണത്തിന് പ്രതികാരം ചെയ്യാനുള്ള ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് പുല്‍വാമ ജില്ലയിലെ ലെത്പോറയിലെ സിആര്‍പിഎഫ് ഗ്രൂപ്പ് സെന്റര്‍ ഇവര്‍ ആക്രമിച്ചത്’ എന്നാണ് എന്‍ഐഎ പറയുന്നത്.
റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അറ്റാച്ച്മെന്റുകളില്‍ ഭൂരിഭാഗവും ജമാഅത്തെ ഇസ്ലാമി (ജെഐ)യുടേതാണ്. 2023 മെയ് 29 ന് ജമ്മു-കശ്മീര്‍ പോലീസിന്റെ സ്റ്റേറ്റ് ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി കുപ്വാര ജില്ലയില്‍ ജെഐയുടെ 30 മില്യണ്‍ രൂപ വിലമതിക്കുന്ന 20 കടകള്‍ സീല്‍ ചെയ്തു. എസ്ഐഎയുടെ ശുപാര്‍ശ പ്രകാരം ജില്ലാ മജിസ്ട്രേറ്റ് (ഡിഎം) കുപ്വാര പുറപ്പെടുവിച്ച വിജ്ഞാപനത്തിലൂടെ വസ്തുവിന്റെ ഉപയോഗത്തിനും പ്രവേശനത്തിനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നു. 2023 ജൂണ്‍ 9-ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കിയെന്ന് ആരോപിക്കപ്പെടുന്ന 124 സ്വത്തുക്കള്‍ സംസ്ഥാന അന്വേഷണ ഏജന്‍സിയും ജമ്മു കശ്മീര്‍ പോലീസും കണ്ടുകെട്ടിയിട്ടുണ്ട്. ഇതില്‍ 77 എണ്ണം ജമാത്ത്-ഇ-ഇസ്ലാമി(ജെ.ഇ.ഐ)യുടേതാണ്. ഈ സ്വത്തുക്കള്‍ ഒന്നുകില്‍ ഭീകരവാദത്തിന്റെ വരുമാനമായോ ഭീകരവാദവും വിഘടനവാദവും ഉന്നമിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്നതാണെന്നും ഔദ്യോഗിക പ്രസ്താവനയെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പറയുന്നു.
2022 നവംബര്‍ 10 ന്, ഷോപ്പിയാന്‍ ജില്ലയിലെ നിരോധിത ജമാഅത്തെ ഇസ്ലാമിയുടെ (ജെഐ) സ്‌കൂള്‍ കെട്ടിടം ഉള്‍പ്പെടെ കോടികള്‍ വിലമതിക്കുന്ന ഒമ്പത് വസ്തുവകള്‍ കശ്മീരിലെ അധികൃതര്‍ സീല്‍ ചെയ്തിരുന്നു.