UPDATES

ട്രെന്‍ഡിങ്ങ്

കോടികളുടെ കണക്ക് പറഞ്ഞു പൊട്ടിത്തെറിച്ച സുഭാഷ് ഗായ്, വായടിപ്പിച്ച റഹ്‌മാന്‍

‘യുവ്‌രാജി’ലെ പാട്ടുകളുമായി ബന്ധപ്പെട്ട സംഭവം രാംഗോപാല്‍ വര്‍മയാണ് വെളിപ്പെടുത്തിയത്

                       

അനശ്വര ഗാനങ്ങള്‍ സമ്മാനിച്ച ചലച്ചിത്ര-സംഗീത സംവിധായക കൂട്ടുകെട്ടാണ് സുഭാഷ് ഗായ് – എ ആര്‍ റഹ്‌മാന്‍. എന്നാല്‍, റഹ്‌മാനോട് ഒരിക്കല്‍ സുഭാഷ് ഘായ് ഇടഞ്ഞു. സംവിധായകന്‍ രാംഗോപാല്‍ വര്‍മയാണ് ആ കഥ പുറത്തു പറഞ്ഞിരിക്കുന്നത്. കോപാകുലനായ ഗായിയെ റഹ്‌മാന്‍ എങ്ങനെയാണ് നിശബ്ദനാക്കിയതെന്നാണ് വര്‍മ പറയുന്നത്.

അന്താരാഷ്ട്ര തലത്തില്‍ തന്നെ വിലപിടിച്ച സംഗീത സംവിധായകനായ റഹ്‌മാന്‍, ഒരു ചിത്രത്തിന് സംഗീതം ചെയ്യാന്‍ എടുക്കുന്ന കാലതാമസത്തിന്റെ പേരില്‍ ‘ കുപ്രസിദ്ധനാണ്’ എന്നാണ് വര്‍മ പറയുന്നത്. റഹ്‌മാന്റെ ഈ ‘ താമസം’ തന്നെയാണ് സുഭാഷ് ഗായ്‌യുമായുള്ള പ്രശ്‌നത്തിന് കാരണവും എന്നാണ് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ വര്‍മ പറയുന്നത്.

സല്‍മാന്‍ ഖാനും കത്രീന കൈഫും ജോടികളായ യുവരാജ് എന്ന സുഭാഷ് ഗായ് ചിത്രത്തിനിടയില്‍ നടന്ന കാര്യങ്ങളാണ് ആര്‍വിജി വെളിപ്പെടുത്തുന്നത്. തരംഗം സൃഷ്ടിച്ച താലിനും, 2005 ല്‍ ഇറങ്ങിയ കിസ്‌നയ്ക്കും ശേഷം സുഭാഷ് ഗായ്-റഹ്‌മാന്‍ കൂട്ട്‌കെട്ട് ഒന്നിക്കുന്ന ചിത്രമായിരുന്നു യുവരാജ്. പറഞ്ഞ സമയം കഴിഞ്ഞിട്ടും റഹ്‌മാന്‍ ഗാനങ്ങള്‍ കമ്പോസ് ചെയ്യാത്തതില്‍ ഗായ് അസ്വസ്ഥനായിരുന്നു. ഒരു ഘട്ടത്തില്‍ ആ അസ്വസ്ഥത പൊട്ടിത്തെറിയായി. ‘ നിങ്ങള്‍ക്കെങ്ങനെയാണ് ഇത് വൈകിക്കാന്‍ കഴിയുക, എന്റെ ഡേറ്റും സല്‍മാന്റെ ഡേറ്റും എല്ലാം റെഡിയാണ്, നിങ്ങള്‍ പാട്ടുകള്‍ മാത്രം തരുന്നില്ല. എനിക്ക് പാട്ടുകള്‍ ഉടന്‍ തന്നെ കേള്‍ക്കണം, മ്യൂസിക് ചെയ്യാന്‍ കോടികളാണ് പ്രതിഫലം തന്നത്’, തന്റെ രോഷം മുഴുവന്‍ പ്രകടിപ്പിച്ച ഗായ് റഹ്‌മാന് ഒരു കത്തെഴുതി.

ഗായ്ക്ക് റഹ്‌മാന്റെ മറുപടി വന്നു. താനിപ്പോള്‍ ലണ്ടനിലാണെന്നു ചൈന്നയ്ക്ക് മടങ്ങും വഴി മുംബൈയില്‍ ഇറങ്ങാമെന്നും, അവിടെ ഗായകന്‍ സുഖ്‌വീന്ദര്‍ സിംഗിന്റെ സ്റ്റുഡിയോയില്‍ വച്ച് കാണാമെന്നും അപ്പോള്‍ പാട്ടുകള്‍ നല്‍കാമെന്നുമായിരുന്നു റഹ്‌മാന്‍ നല്‍കിയ ഉറപ്പ്.

സംവിധായകന്‍ സുഭാഷ് ഗായ് കയറിപ്പിടിച്ചതായി നടി കേറ്റ് ശര്‍മ്മ; വഴങ്ങിയില്ലെങ്കില്‍ ചാന്‍സ് തരില്ലെന്ന് പറഞ്ഞു

റഹ്‌മാന്‍ പറഞ്ഞ ദിവസം സുഭാഷ് ഗായ് സുഖ്‌വീന്ദര്‍ സിംഗിന്റെ സ്റ്റുഡിയോയില്‍ എത്തി. റഹ്‌മാന്‍ എയര്‍പോര്‍ട്ടില്‍ നിന്നും സ്റ്റുഡിയോയിലേക്കുള്ള വഴിയിലും. സ്റ്റുഡിയോയില്‍ വച്ച് സുഖ്‌വീന്ദര്‍ ഏതാനും ട്യൂണുകള്‍ സുഭാഷ് ഗായ്‌യെ കേള്‍പ്പിച്ചു. സംവിധായകന് ഒന്നും മനസിലായില്ല, നിങ്ങള്‍ എന്താണ് കാണിക്കുന്നതെന്ന് അദ്ദേഹം തിരക്കി. റഹ്‌മാന്‍ തന്നെ വിളിച്ചിരുന്നുവെന്നും പാട്ടുകള്‍ ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടുവെന്നും സിംഗ് മറുപടി കൊടുത്തു. താന്‍ സമ്മര്‍ദ്ദം കൊടുത്തതോടെ റഹ്‌മാന്‍ വേറെയാളെവച്ച് പാട്ടുകള്‍ ഉണ്ടാക്കിക്കുകയാണെന്ന് ഗായ് കണക്കുകൂട്ടി. അയാള്‍ കോപാകുലനായി. സ്റ്റുഡിയോയില്‍ എത്തിയ റഹ്‌മാന്‍ സുഭാഷ് ഗായ്‌യുടെ മുന്നില്‍ വച്ച് സുഖ്‌വീന്ദറിനോട് പാട്ടുകളുടെ കാര്യം തിരിക്കുന്നു. രണ്ടു പേരും ട്യൂണുകള്‍ കേള്‍ക്കുന്നു. തനിക്ക് ഇഷ്ടപ്പെട്ടുവെന്നും, നിങ്ങള്‍ക്ക് എന്തു തോന്നുന്നുവെന്നും റഹ്‌മാന്‍ സംവിധായകനോട് തിരക്കി. സുഭാഷ് ഗായ്‌യുടെ നിയന്ത്രണമെല്ലാം നഷ്ടപ്പെട്ടു. അയാള്‍ ദേഷ്യം കൊണ്ട് അലറി: ‘ പാട്ടുകള്‍ ചെയ്യാന്‍ വേണ്ടി ഞാന്‍ നിങ്ങള്‍ക്ക് കോടികളാണ് പ്രതിഫലം നല്‍കിയത്. നിങ്ങള്‍ സുഖ്‌വീന്ദറെ കൊണ്ട് എനിക്കു വേണ്ടി ട്യൂണ്‍ ഉണ്ടാക്കിക്കുന്നു. നിങ്ങള്‍ക്കിത് എന്റെ മുന്നില്‍ വച്ച് പറയാന്‍ എങ്ങനെ ധൈര്യം വന്നു. സുഖ്‌വീന്ദറിനെ എനിക്ക് വേണമെങ്കില്‍ ഞാന്‍ അയാളുമായി കരാര്‍ ഉണ്ടാക്കും, എന്റെ പണം കൊണ്ട് സുഖ്‌വീന്ദറിനെ കൊണ്ട് എനിക്ക് മ്യൂസിക് ചെയ്യിക്കാന്‍ നിങ്ങളാരാണ്?

റഹ്‌മാന്‍ ശാന്തനായിരുന്നു. അദ്ദേഹം സുഭാഷ് ഗായ്ക്ക് നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നുവെന്നാണ് വര്‍മ പറയുന്നത്. ‘ സര്‍ നിങ്ങള്‍ പണം നല്‍കുന്നത് എന്റെ പേരിനാണ്, അല്ലാതെ എന്റെ സംഗീതത്തിനല്ല. ഇപ്പോള്‍ എന്തായാലും നിങ്ങള്‍ ഇവിടെയുണ്ട്. താലിന്റെ മ്യൂസിക് ഞാന്‍ എങ്ങനെയാണ് ചെയ്തതെന്ന് നിങ്ങള്‍ക്ക് അറിയാമോ? ഏത് സംഗീതമാണെന്ന് നിങ്ങള്‍ക്കെങ്ങനെ എറിയാം? എന്റെ ഡ്രൈവര്‍ ചെയ്തതാകാം, അല്ലെങ്കില്‍ വേറെയാരെങ്കിലും….’

എന്തായാലും അതോടെ പ്രശ്‌നങ്ങളൊക്കെ അവസാനിച്ചു. യുവ്‌രാജിലെ റഹ്‌മാന്റെ പാട്ടുകളും ഹിറ്റുകളായി. എന്നാല്‍, ഈ സിനിമയ്ക്ക് വേണ്ടി റഹ്‌മാന്‍ ചെയ്ത ഒരു പാട്ട് സുഭാഷ് ഗായ് വേണ്ടെന്നു വച്ചു. ആ പാട്ട് ഉപയോഗിക്കാനുള്ള സാഹചര്യം സിനിമയില്‍ ഇല്ലാത്തതുകൊണ്ടാണ് പാട്ട് ഉപേക്ഷിച്ചതെന്നാണ് സുഭാഷ് ഗായ് പറഞ്ഞത്. ആ ട്യൂണ്‍ റഹ്‌മാന്‍ വേറൊരു സംഗീത സംവിധായകന് കൊടുത്തു. അതായിരുന്നു സ്ലംഡോഗ് മില്യണറിലെ ‘ ജയ് ഹോ’ ; എ ആര്‍ റഹ്‌മാന് ഓസ്‌കര്‍ നേടിക്കൊടുത്ത പാട്ട്.

Related news


Share on

മറ്റുവാര്‍ത്തകള്‍