UPDATES

കാലാവസ്ഥ അടിയന്തരവസ്ഥയിലേക്കോ കേരളം !

കൊടും ചൂട് തുടരും മാനസിക പ്രശ്നങ്ങളിലേക്ക് വരെ നയിക്കാം

                       

ഏറ്റവും ചൂടേറിയ വർഷത്തിലൂടെയാണ് കേരള സംസ്ഥാനം കടന്ന് പോകുന്നത്. കേരളത്തിൽ സാധാരണ അനുഭവപ്പെടുന്നതിനേക്കാൾ താപനിലയേക്കാൾ 5.5 ഡിഗ്രി സെൽഷ്യസ് കൂടുതൽ താപനിലയാണ് നിലവിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഉയർന്ന താപ നില വളരെ ഗുരുതരമായ രീതിയിൽ തന്നെ ജന ജീവിതത്തെ ബാധിച്ചിട്ടുണ്ട്. ഉയർന്ന താപ നില ഒരു കാലാവസ്ഥാ അടിയന്തരാവസ്ഥയിലക്കാണോ കേരളത്തെ നയിക്കുന്നത് എന്ന ചോദ്യത്തെക്കാളുപരി ലോകം മുഴുവൻ ഈ പ്രതിസന്ധി നേരിടാൻ ഒരുങ്ങുകയാണെന്നാണ് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ ഹസാർഡ് അനലിസ്റ്റ് ആയ ഫഹദ് മർസൂഖ് പറയുന്നത്. ഉഷ്‌ണതരംഗത്തെയും പുതിയ കാലാവസ്ഥ മാറ്റങ്ങളെയും കുറിച്ച് അഴിമുഖത്തിനോട് പങ്കു വച്ച കാര്യങ്ങൾ.

കൊടും ചൂട് തുടരും

അടിസ്ഥാനപരമായി നോക്കുകയാണെങ്കിൽ ഇതാദ്യമായാണ് കേരളത്തിൽ ഉഷ്‌ണതരംഗം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. കേരളത്തിൽ ഇതിന് മുൻപ് ചൂട് 40 ഡിഗ്രിയിൽ കൂടുതൽ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ഉഷ്‌ണതരംഗ സ്ഥിതീകരണം ആദ്യമായാണ്. മുൻ കാലങ്ങളിൽ ഉഷ്ണ തരംഗ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നെങ്കിലും പക്ഷെ ഉണ്ടായില്ല. പരമാവധി താപനില സമതലങ്ങളിൽ 40 ഡിഗ്രി സെൽഷ്യസും മലനിരകളിൽ 30 ഡിഗ്രി സെൽഷ്യസിൽ അധികം കടന്നാൽ മാത്രമേ കാലാവസ്ഥാ ശാസ്ത്രജ്ഞർ അതിനെ ഉഷ്ണതരംഗമായി കണക്കാക്കൂ.

നിലവിൽ ഉഷ്‌ണതരംഗം സ്ഥിതീകരിച്ച ഇടങ്ങളിലെല്ലാം 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ താപനില എത്തുകയും നാലര ഡിഗ്രിക്ക് മുകളിൽ താപ വ്യതിയാനം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്. 2023 ആണ് ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ വർഷം. കഴിഞ്ഞ 10 വർഷങ്ങളായി ആഗോളതലത്തിൽ പൊതുവെ ചൂട് കൂടി വരുന്ന പ്രവണതയാണ് കാണാൻ സാധിക്കുന്നത്. ഇതെല്ലാം കേരളത്തെയും ബാധിക്കുന്ന വിഷയങ്ങളാണ്. 2016 ന് ശേഷം ഒരു പ്രത്യേക സീസണിൽ ചൂട് കൂടി വരുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത് . കണക്കുകൾ പ്രകാരം 2016, 2019 , 2023 , 2024 തുടങ്ങിയ വർഷങ്ങൾ ആയിരുന്നു ചൂട് കൂടുതൽ ആയി അനുഭവപ്പെട്ടിരുന്നത്.

വരും വർഷങ്ങളിൽ ചൂടിന്റെ കാഠിന്യം ഇനിയും വർദ്ധിക്കുമെന്നാണ് ഫഹദ് പറയുന്നത്

ആഗോള താപനത്തിന്റെ ഫലം കൊണ്ട് കൂടിയാണ് ഇത്തരത്തിൽ ചൂട് കൂടുതലാകുന്നത്. കേരളത്തിൽ മാത്രമല്ല തെലങ്കാന,ആന്ധ്രാ പോലെ ഇന്ത്യയുടെ പല ഭാഗത്തും ഈ താപം കൂടുന്ന തരത്തിലുള്ള പ്രശ്നങ്ങൾ നിലനിൽക്കുന്നുണ്ട്. ഓരോ വർഷവും കാലാവസ്ഥ നിലവിലെ റെക്കോർഡുകൾ കടത്തി വെട്ടിയാണ് മുന്നോട്ട് പോകുന്നത്. ഇനി വരും വർഷങ്ങളിൽ ഇത് കൂടാനുള്ള സാധ്യതയാണ് കാണുന്നത്.

എൽ നിനോ ഇമ്പാക്ട്

എൽ നിനോ പ്രതിഭാസത്തിനും ഈ കാലാവസ്ഥ വ്യതിയാനത്തിൽ നല്ലൊരു പങ്കുണ്ട്. പസഫിക് സമുദ്രത്തിലെ വെള്ളം ചൂടാകുന്നതുമായി ബന്ധപ്പെട്ടാണ് ഈ പ്രതിഭാസമുണ്ടാകുന്നത്. അതോടൊപ്പം, മൺസൂൺ ഗണ്യമായി കുറക്കുന്നതിലും വേനൽ കടുപ്പിക്കുന്നതിലും എൽ നിനോക്ക് പങ്കുണ്ട്. ജനുവരിമുതലുള്ള കണക്കുകൾ പരിശോധിച്ചാൽ പകൽ താപനിലയിലും രാത്രി താപനിലയിലും കാര്യമായ വ്യത്യാസം വന്നിട്ടുണ്ട്. ജനുവരി മുതലുള്ള എല്ലാദിവസവും രണ്ട് മുതൽ മൂന്ന് ഡിഗ്രിയിൽ അധികം താപനിലയിൽ വ്യത്യാസം രേഖപ്പെടുത്തിയിട്ടുണ്ട്. ഇനി വരും വർഷങ്ങളിലും ചൂട് കൂടിയ വേനൽ കാലം തന്നെയാണ് നാം പ്രതീക്ഷിക്കേണ്ടത് എന്നാണ് ഫഹദ് മർസൂഖ് വ്യക്തമാക്കുന്നത്.

കേരള ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയ വർഷമായി കണക്കാക്കിയിരുന്നത് 2016ലേത് ആയിരുന്നു. പാലക്കാട് ആണ് റെക്കോർഡ് ചെയ്തത്, 41.9 ഡിഗ്രി. അതിനുശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപ നില കഴിഞ്ഞ ദിവസം റെക്കോർഡ് ചെയ്ത 41.8 ഡിഗ്രി സെൽഷ്യസ് ആണ്.

ചൂട് സൃഷ്ടിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ

ചൂട് മനുഷ്യനെ പല തരത്തിലും ബാധിക്കും അതിൽ പ്രധാനമായത് ആരോഗ്യ പ്രശ്നങ്ങൾ തന്നെനയാണ്. സൂര്യ താപം, സൂര്യഘാതം തുടങ്ങിയ പല പ്രശ്നങ്ങളിലേക്കും അത് മനുഷ്യനെ നയിക്കും. പെട്ടന്ന് ഉയർന്ന താപനിലയിലേക്ക് അന്തരീക്ഷം മാറുമ്പോൾ നമ്മുടെ ശരീരം അതിനോട് എളുപ്പം പൊരുത്തപെട്ട കൊള്ളണമെന്നില്ല. നിർജ്ജലീകരണം മുതൽ മാനസിക പ്രശ്നങ്ങളിലേക്ക് വരെ ചൂടിന് മനുഷ്യനെ കൊണ്ടെത്തിക്കാൻ സാധിക്കും എന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. മറ്റൊരു പ്രശ്‍നം ചൂട് ജലക്ഷാമത്തിലേക്ക് നയിക്കും എന്നതാണ്, അനുബന്ധമായി പകർച്ച വ്യാധികളും പിടിപെടാനുള്ള സാധ്യതയുമുണ്ട്.

ഇതിനെയെല്ലാം എതിരിടുന്നതിനുള്ള തയ്യാറെടുപ്പുകൾ ആവശ്യമാണ്. പുറത്തിറങ്ങാതിരിക്കുക എന്നാണ് ഏറ്റവും നല്ല ഉപാധി. അത് പക്ഷെ സാധ്യമായ കാര്യമല്ല. പക്ഷെ പരമാവധി പകൽ ചൂട് കൂടുതൽ ഉള്ള സമയങ്ങളിൽ പുറത്ത് ഇറങ്ങാതിരിക്കാൻ ശ്രദ്ധിക്കുക. പരമാവധി നേരിട്ട് ശരീരത്തിൽ സൂര്യ താപം ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. എന്ത് തൊഴിലിൽ ഏർപ്പെടുമ്പോഴും ധാരാളം വെള്ളം കുടിക്കേണ്ടത് അത്യാവശ്യമാണ്. ശരീരത്തിന് പുറത്തും അകത്തും ഒരേ താപനില ആയിരിക്കാൻ ശ്രദ്ധിക്കണം. പുറത്തിറങ്ങുമ്പോൾ വെള്ളവും കുടയും മറക്കാതെ കരുതേണ്ടത് അത്യവശ്യമാണ്. പുറം ജോലികളിൽ ഏർപ്പെടുന്നവർ കൃത്യമായ ഇടവേളകൾ എടുത്തതിന് ശേഷം വേണം ജോലി തുടരാൻ. വെയിലത്ത് ഇറങ്ങുന്നവർക്ക് മാത്രമല്ല വീടുകളിൽ ഉള്ളവർക്കും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും തള്ളിക്കളയരുത്.

കേരളം ഒരു കാലാവസ്ഥാ അടിയന്തരാവസ്ഥയിലാണ് എന്ന് പറയാൻ സാധിക്കില്ല പക്ഷെ ലോകമൊന്നാകെ അത്തരം ഒരു പ്രതിസന്ധിയിലേക്കാണ് നടന്നടുക്കുന്നത്. അതിന്റെ ഭാഗമായുള്ള കാലാവസ്ഥാ പ്രശ്നങ്ങളും വ്യതിയാനങ്ങളും കേരളത്തിലും അനുഭപ്പെടുന്നുണ്ട്. ചൂട് കൂടുന്ന കാലം സത്യത്തിൽ അവസാനിച്ചു ഇനി ലോകം തിളയ്ക്കുന്ന കാലത്തിലേക്കാണ് പോകുന്നത് എന്ന മുന്നറിയിപ്പാണ് യു എൻ നൽകിയിരുന്നത്. കാരണം, അടുത്ത 30 വർഷങ്ങൾക്കുള്ളിൽ നടക്കും എന്ന് പറഞ്ഞ കാര്യങ്ങളാണ് കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കുള്ളിൽ നടന്നിരിക്കുന്നത്. കൂടാതെ ഇത്രയധികം ചൂട് ഇതുവരെ അനുഭവിച്ചിട്ടില്ലാത്തനിനാൽ അതിന്റെതായ എല്ലാ ബുദ്ധിമുട്ടുകളും നമുക്ക് മുൻപിലുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍