UPDATES

മോദി അഭിമുഖവും ഇന്ത്യന്‍ മാധ്യമങ്ങള്‍ക്കൊരു ഫ്രഞ്ച് പാഠവും

നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ നട്ടെല്ലില്ലായ്മ മൂലം വിശുദ്ധമായ ജനാധിപത്യ മൂല്യങ്ങള്‍ തകര്‍ക്കപ്പെട്ടിരിക്കുകയാണ്‌

                       

ഒരു തിങ്കളാഴ്ച വൈകുന്നേരം ആ ഒന്‍പത് പത്രക്കാരേയും 7 റേസ് കോഴ്സ് റോഡ് വസതിയിലേയ്ക്ക് വിളിപ്പിച്ചു: ഒരു ബിസിനസ്സ് ഡെയിലിയുടെ എഡിറ്ററായ മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്നു ഒരാള്‍. ഒരു ദേശീയ ദിനപത്രത്തിന്റെ പ്രതിനിധിയായ അടുത്തയാളുടെ ഗവണ്‍മെന്റ് അനുകൂല നിലപാടുകള്‍ പരക്കെ അറിയപ്പെടുന്നത്. വേറെയും കുറച്ചു പേരുണ്ട്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് പ്രവേശിച്ച അവരുടെ കൈകളിലേയ്ക്ക് ഒരു ഫയല്‍ കിട്ടി. മി. നരേന്ദ്ര മോദിയുമായുള്ള അവരുടെ അഭിമുഖമായിരുന്നു അത്.

ചായ കുടിച്ചുകൊണ്ടിരിക്കേ, വേണമെങ്കില്‍ ഓരോ ചോദ്യം വീതം അവര്‍ക്ക് പ്രധാനമന്ത്രിയോട് ചോദിക്കാന്‍ അനുവാദമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹവുമായുള്ള അഭിമുഖം വൃത്തിയായി ടൈപ്പ് ചെയ്ത്, ഫോള്‍ഡറിലാക്കി അവരുടെ കൈകളില്‍ മുന്‍കൂട്ടി എത്തിയിരുന്നു. തിരഞ്ഞെടുക്കപ്പെട്ട മാധ്യമഗ്രൂപ്പുകള്‍ക്ക് പ്രത്യേകമായി പ്രധാനമന്ത്രി അനുവദിച്ച അഭിമുഖത്തിന്റെ അവസാനം അങ്ങനെയായിരുന്നു. ഇന്ത്യയിലെ ഏറ്റവും പ്രശസ്ത ഇംഗ്ലീഷ് വാര്‍ത്താ അവതാരകനായ അര്‍ണബ് ഗോസ്വാമി പ്രധാനമന്ത്രിയുമായി അഭിമുഖം നടത്തി ഏതാനും ദിവസങ്ങള്‍ക്ക് ശേഷമായിരുന്നു ഇത്. മോദി നേരത്തേ പരിശോധിച്ച് അംഗീകരിച്ച ചോദ്യങ്ങള്‍ മാത്രമാണ് അര്‍ണബിന്റെ അഭിമുഖത്തിലുണ്ടായിരുന്നത് എന്നത് വളരെ വ്യക്തമായിരുന്നു.

ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ആരേയും, അവര്‍ ഇനി കടുത്ത ബിജെപി അനുകൂലികളാണെങ്കില്‍ പോലും ഭയക്കുന്ന മോദിയുടെ ഇന്ത്യയില്‍ ഇതൊരു അസാധാരണ കാര്യമല്ല. മറിച്ച്, അവര്‍ക്ക് ഇതാണ് വളരെ സ്വാഭാവികമായ രീതി. ലളിതമായ ഒരു അഭിമുഖത്തിനു പോലും പ്രധാനമന്ത്രി ഇരുന്നു തരാന്‍ തയ്യാറല്ല.

ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി എന്ന നിലയിലുള്ള തന്റെ അധികാരം ജനാധിപത്യത്തിന് നിരക്കാത്ത പല പതിവുകളും തുടങ്ങി വയ്ക്കാനാണ് മോദി ഉപയോഗിച്ചു വരുന്നത്. ജനാധിപത്യപരമായി ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ മാധ്യമങ്ങളെ അനുവദിക്കാതിരിക്കുക എന്നതാണ് അതിലൊന്ന്.

പക്ഷേ ഏകപക്ഷീയമായ തന്റെ പിആര്‍ തന്ത്രം പ്രശസ്ത ഫ്രഞ്ച് ദിനപ്പത്രമായ ‘ലെ മോണ്ട്’ (Le Mont)നു നേരെ പ്രയോഗിക്കാന്‍ ശ്രമിച്ചപ്പോള്‍ അവര്‍ അദ്ദേഹത്തെ അതിനനുവദിച്ചില്ല. 2015ലെ വേനലില്‍ മോദി നടത്തിയ യൂറോപ്യന്‍ പര്യടനത്തിലായിരുന്നു ഇതു സംഭവിച്ചത്.

അവരുടെ സൗത്ത് ഏഷ്യ കറസ്പോണ്ടന്റ് ജൂലിയന്‍ ബൂഴ്സു ട്വീറ്റ് ചെയ്തത് ‘നരേന്ദ്ര മോദിയുമായി നേരിട്ടു സംവദിക്കാതെ, ഞങ്ങള്‍ക്ക് എഴുതിത്തരുന്ന ഉത്തരങ്ങള്‍ ഉപയോഗിക്കണമെന്നു പറഞ്ഞതോടെ അദ്ദേഹവുമായുള്ള അഭിമുഖം പ്രസിദ്ധീകരിക്കാന്‍ ലെ മോണ്ട് വിസമ്മതിച്ചു’ എന്നാണ്.

ബിബിസിയും ഒരിക്കല്‍ ഇതേ നിലപാട് എടുത്തു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മോദിയുടെ യുകെ സന്ദര്‍ശനത്തിനു തലേന്നായിരുന്നു ലെ മോണ്ടിന്റെതിനു സമാനമായ പ്രതികരണം ബിബിസി ലണ്ടനില്‍ നിന്നുമുണ്ടായത്. ചോദ്യങ്ങള്‍ മുന്‍കൂട്ടി എഴുതിത്തരണമെന്നു പറഞ്ഞതോടെ അവര്‍ അതിനു വിസമ്മതിച്ച് അഭിമുഖം നിരാകരിച്ചു.

അന്താരാഷ്ട്ര മാധ്യമങ്ങള്‍ കാണിക്കുന്ന നിലപാടിന് നേര്‍വിപരീതമാണ് ഇന്ത്യയില്‍ നടക്കുന്നത്. നൂറ്റാണ്ടുകള്‍ കൊണ്ട് രൂപപ്പെട്ട ജനാധിപത്യ സമ്പ്രദായങ്ങളെ മോദി ഇടിച്ചു നിരത്തുമ്പോള്‍ അധികാരകേന്ദ്രങ്ങളിലേക്കുള്ള പ്രവേശനമാര്‍ഗ്ഗം തുറന്നു കിട്ടാനുള്ള ആര്‍ത്തി കൊണ്ട് തങ്ങളുടെ വിശ്വാസ്യത വരെ നഷ്ടപ്പെടുത്തി ഇവിടത്തെ മുഖ്യധാരാ മാധ്യമങ്ങള്‍ അധ:പതിച്ചു കൊണ്ടിരിക്കുകയാണ്.

നമ്മുടെ മുഖ്യധാരാ മാധ്യമങ്ങളുടെ നട്ടെല്ലില്ലായ്മ മൂലം വിശുദ്ധമായ ജനാധിപത്യ മൂല്യങ്ങളെ തകര്‍ക്കുന്നതില്‍ മോദിയും കൂട്ടരും മുന്നേറിക്കൊണ്ടിരിക്കുകയാണ്. അധികാരത്തിലിരിക്കുന്നവരോട് സ്വതന്ത്രമായി ചോദ്യങ്ങള്‍ ഉന്നയിക്കാനുള്ള സ്വാതന്ത്ര്യമാണ് ഹനിക്കപ്പെടുന്ന അവകാശങ്ങളില്‍ പ്രധാനം.

ബിസി 500നടുപ്പിച്ച് ഏഥന്‍സില്‍ ജനാധിപത്യം ഉടലെടുത്തപ്പോള്‍ അതിന് ശ്രദ്ധേയമായ രണ്ടു പ്രത്യേകതകളുണ്ടായിരുന്നു: വിവിധ ഗവണ്‍മെന്റ്, നീതിന്യായ സ്ഥാനങ്ങളില്‍ സാധാരണക്കാരായ ജനങ്ങളെ നിയമിക്കുന്നതായിരുന്നു അതിലൊന്ന്. അര്‍ഹരായ എല്ലാ പൗരന്മാര്‍ക്കും നിയമസഭയില്‍ സംസാരിക്കാനും വോട്ട് ചെയ്യാനുമുള്ള അവകാശമായിരുന്നു രണ്ടാമത്തേത്.

ജനാധിപത്യം പുരോഗമിച്ചിട്ടുണ്ടാവാം. ഇന്ന് തീരുമാനങ്ങള്‍ എടുക്കുന്നതിനു മുന്‍പ് എല്ലാവരെയും സംസാരിക്കാന്‍ അനുവദിക്കുക എന്നത് പ്രായോഗികമല്ല. അതുകൊണ്ട് ഈ വികസന പ്രക്രിയയില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ പൗരന്മാരെ പ്രതിനിധീകരിച്ച് ചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചു. ഭയമോ ചായ്‌വുകളോ ഇല്ലാതെ ഭരണാധികാരികളെ ചോദ്യം ചെയ്യുക എന്നത് അവരുടെ പരിശുദ്ധ ധര്‍മമായി. ആ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായി ഉത്തരം പറയുക എന്നത് അധികാര സ്ഥാനങ്ങളിലുള്ളവരുടെയും പരിശുദ്ധ ധര്‍മമായി.

എന്നാല്‍ ഇന്നത്തെ ഇന്ത്യയുടെ മാധ്യമങ്ങളും ഭരണാധികാരിയും ഈ ജനാധിപത്യ നിയമം മറന്നിരിക്കുകയാണ്. അടിയന്തിരാവസ്ഥക്കാലത്തെ മാധ്യമങ്ങളുടെ പ്രവര്‍ത്തനത്തെ പറ്റി മോദിയുടെ മാര്‍ഗ്ഗദര്‍ശിയായ എല്‍ കെ അദ്വാനി പറഞ്ഞ പ്രശസ്തമായ വാക്കുകള്‍ ഓര്‍ക്കുന്നത് ഉചിതമായിരിക്കും: ‘കുനിയാന്‍ പറഞ്ഞപ്പോള്‍ അവര്‍ ഇഴഞ്ഞു.’

ഒരിക്കല്‍ തമിഴ്നാട്ടില്‍ നിന്നുള്ള മാധ്യമ എഡിറ്റര്‍മാരുടെ ഒരു അനൗപചാരികക യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയില്‍ വിളിച്ചു ചേര്‍ത്തിരുന്നു. ദക്ഷിണേന്ത്യയില്‍ നിന്നുള്ള പ്രമുഖ ഇംഗ്ലീഷ് ദിനപത്രങ്ങളുടെ എഡിറ്റര്‍മാരും ഇക്കൂട്ടത്തിലുണ്ടായിരുന്നു. യോഗത്തില്‍ പറയുന്ന കാര്യങ്ങള്‍ പ്രധാനമായും ഓഫ് ദി റിക്കോര്‍ഡ് ആയിരിക്കും എന്നായിരുന്നു നേരത്തെ തന്നെ അറിയിച്ചിരുന്നത്. അതായത്, മോദിയുമായി നടത്തുന്ന സംഭാഷണത്തിലെ വിവരങ്ങള്‍ വാര്‍ത്തയാക്കാന്‍ പാടില്ല എന്ന്. എന്നാല്‍ യോഗത്തില്‍ സംബന്ധിച്ച ചിലരില്‍ നിന്നും അവിടെ സംഭവിച്ച ചില കാര്യങ്ങള്‍ പുറത്തുവന്നിരുന്നു.

അതനുസരിച്ച്, മാധ്യമ മേഖലയിലുള്ള ആര്‍ജവത്തിന്റെ പേരില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു ഇംഗ്ലീഷ് ദിനപത്രത്തിന്റെ ചെയര്‍മാന്‍ യോഗത്തില്‍ മോദിയോട് ചില കാര്യങ്ങള്‍ പറഞ്ഞു. അതിങ്ങനെയായിരുന്നു: ഒന്ന്, ഇത്ര കാലമായിട്ടും മോദി ഒരു വിധത്തിലും മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ തയാറാവുകയോ അല്ലെങ്കില്‍ വാര്‍ത്താ സമ്മേളനം വിളിക്കുകയോ ചെയ്തിട്ടില്ല. മറ്റൊന്ന്, രാജ്യത്ത് നടക്കുന്ന ആള്‍ക്കൂട്ട കൊലകളെ അപലപിക്കാന്‍ അദ്ദേഹം തയാറായിട്ടില്ല. ഇതിനോട് മോദി പ്രതികരിച്ചത് രോഷാകുലനായാണ് എന്നാണ് വിവരം. നിങ്ങളുടെ സ്ഥാപനം 2002 മുതല്‍ എന്നോട് മൂന്‍വിധികളോടെയാണ് പെരുമാറുന്നത്. എന്നെ കുടുക്കാന്‍ ഏതെല്ലാം വഴികളുണ്ടോ അതൊക്കെ നോക്കി. ഞാന്‍ പ്രധാനമന്ത്രിയാവാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്തു, അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയായതിനു ശേഷം തനിക്കെതിരെ വളരെ മോശപ്പെട്ട പ്രചരണങ്ങള്‍ അഴിച്ചു വിട്ടെന്നും മോദി കുറ്റപ്പെടുത്തി.

ഈ ഘട്ടത്തില്‍ ഇന്ത്യന്‍ മുഖ്യധാരാ മാധ്യമങ്ങള്‍ നേരിടുന്ന ഓര്‍വെലിയന്‍ പ്രതിസന്ധി തന്നെയാണ് അവിടെയുണ്ടായത് എന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ നല്‍കിയ വിവരം. മോദി ഇതു പറഞ്ഞതോടെ ഒരു ദിനപത്രത്തിന്റെ എഡിറ്റര്‍ പെട്ടെന്ന് ഇടപെട്ട് ഇങ്ങനെ പറഞ്ഞു: മോദിജി, അത് ശരിയല്ല അങ്ങനെ പറയുന്നത്. കഴിഞ്ഞ മൂന്നു വര്‍ഷമായുള്ള പത്രം നോക്കൂ. ഞങ്ങള്‍ വളരെ ബാലന്‍സ്ഡ് ആയിട്ടാണ് വാര്‍ത്തകള്‍ നല്‍കുന്നത്. പൊടുന്നനെ മാധ്യമ ഗ്രൂപ്പിന്റെ ചെയര്‍മാന്‍ വീണ്ടും ഇടപെട്ട് എഡിറ്ററോട് പറഞ്ഞത് ഇങ്ങനെ: മോദിജി ഇക്കാര്യത്തില്‍ പറഞ്ഞത് യഥാര്‍ത്ഥത്തില്‍ ശരിയാണ്. നമ്മുടെ പത്രം ഉള്ളത് ഉള്ളതുപോലെ പറയുന്ന കൂട്ടത്തിലാണ്.

സ്വാതന്ത്ര്യസമര കാലഘട്ടത്തിന്റെ ശേഷിപ്പുകള്‍ ഉള്ളില്‍ പേറുന്ന, അടിയന്തരാവസ്ഥയ്ക്കെതിരെ പൊരുതിയ ഒരു തലമുറയിലെ ജേര്‍ണലിസ്റ്റുകള്‍ ഇന്നു നേരിടുന്ന വെല്ലുവിളികളും അവരുടെ നിരാശയും പ്രധാനമാണ്. ഇന്ന് നമ്മുടെ കാലഘട്ടത്തിലുള്ള, യുവത്വത്തിലുള്ള പ്രൊഫഷണലുകളായ എഡിറ്റര്‍മാര്‍, തങ്ങളെ ആ പേരില്‍ അറിയപ്പെടുന്നത് പോലും താത്പര്യമില്ലായ്മ കാണിക്കുന്നവര്‍. ഇതിന്റെയൊക്കെ നടുക്ക് നരേന്ദ്ര മോദിയുണ്ട്. അധികാരത്തിനു വേണ്ടി ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഏതു നടപ്പു മാതൃകകളേയും പൊളിച്ചു കളയാന്‍ മടി കാണിക്കാത്ത ഒരാള്‍. ഒപ്പം, മാധ്യമങ്ങള്‍ അടക്കം നിരവധി ഇന്‍സ്റ്റിറ്റിയൂഷനുകളുടെ ശവക്കുഴി തോണ്ടുന്നയാള്‍- ഇതാണ് ആ കാലഘട്ടം.

മോദി ടൈംസ് ഓഫ് ഇന്ത്യയ്ക്കും ഹിന്ദുസ്ഥാന്‍ ടൈംസിനും അഭിമുഖം നല്‍കിയിട്ടുണ്ട്. എന്നാല്‍ ആ സ്ഥാപനങ്ങളിലെ ഒരു മാധ്യമ പ്രവര്‍ത്തകന്‍ പോലും ആ അഭിമുഖത്തിന് ബൈ ലൈന്‍ നല്‍കുകയുണ്ടായില്ല. പ്രധാനമന്ത്രിയുമായുള്ള അഭിമുഖത്തിന് ഒരു ജേര്‍ണലിസ്റ്റോ എഡിറ്ററോ തങ്ങളുടെ ബൈ ലൈന്‍ വെയ്ക്കാന്‍ താത്പര്യപ്പെടാത്തത് ഒരു അപൂര്‍വ്വ സാഹചര്യമാണ്. അതിനുള്ള കാരണങ്ങള്‍ തിരഞ്ഞു ഒരു പാട് ആഴത്തില്‍ പോകേണ്ടതില്ല. കാരണം ടൈംസ് ഓഫ് ഇന്ത്യക്കും ഹിന്ദുസ്ഥാന്‍ ടൈംസിനും നല്‍കിയ രണ്ടു അഭിമുഖങ്ങളും പ്രധാനമന്ത്രിക്ക് വേണ്ടി ചില ‘ബാബുമാര്‍’ എഴുതി തയാറാക്കിയ ഉത്തരങ്ങളായിരുന്നു. മറുചോദ്യങ്ങള്‍ ഒന്നും തന്നെയില്ലാത്ത അഭിമുഖങ്ങള്‍. എന്നാല്‍ അത്തരം അഭിമുഖങ്ങള്‍ ഒന്നാം പേജില്‍ അടിച്ചു വരും. അതാണ് മോദിയുടെ ശക്തി. വലിയ കവറേജ് നല്‍കാന്‍ മാധ്യമങ്ങളെ അയാള്‍ക്ക് ചൊല്‍പ്പടിയില്‍ കിട്ടും. ഏറ്റവും ജനാധിപത്യ വിരുദ്ധമായ രീതിയില്‍ തന്നെ.

എല്ലാ ദിനപത്രങ്ങളും അവ പ്രസിദ്ധീകരിക്കും. എല്ലാ ടിവി ചാനലുകളും അതിലെ അവതാരകരും മോദി ഇന്ത്യയോട് നടത്തുന്ന ഗീര്‍വാണങ്ങളിലെ തൊങ്ങലുകളായി സ്വയം നാണംകെടും.

ഇന്ത്യക്കാര്‍, പ്രത്യേകിച്ചും ഈ പത്രങ്ങളുടെയും ടിവി ചാനലുകളുടെയും വരിക്കാര്‍, കാത്തിരുന്ന് കണ്ടുകൊള്ളുക; മുഖ്യധാരയിലെ ഏത് മാധ്യമ സ്ഥാപനം ഇത് പോലൊരു അഭിമുഖത്തിന് ‘പറ്റില്ല’ എന്നു പറയുന്നു വെന്ന്. മോദിയോട് തങ്ങളുടെ എഡിറ്ററോടൊപ്പം ഇരിക്കാനും മോദി ഓതിക്കൊടുക്കുന്നതല്ലാതെ, സൂര്യന് താഴെയുള്ള ഏത് കാര്യവും ചോദിക്കാനും ഉള്ള അവസരത്തിന് വേണ്ടി ഏതൊക്കെ മാധ്യമ സ്ഥാപനങ്ങള്‍ ആവശ്യപ്പെടുമെന്ന് നിങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുകൊള്ളുക. അത്തരമൊരു ധൈര്യം ആരെങ്കിലും കാണിച്ചാല്‍, അവരായിരിക്കും ഇന്ത്യന്‍ ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരാള്‍ കാണാന്‍ അല്ലെങ്കില്‍ വായിക്കാന്‍ ആഗ്രഹിക്കുന്ന ചാനല്‍ അല്ലെങ്കില്‍ ദിനപത്രം.

English Summary:  Indian media’s loyalty to pm narendra modi

Related news


Share on

മറ്റുവാര്‍ത്തകള്‍