UPDATES

വിദേശം

അമേരിക്കയിലെ കറുത്തവർഗക്കാരെ കൊല്ലുന്ന മെന്തോൾ സിഗരറ്റുകൾ

യു എസ് സർക്കാരിനെതിരെ നിയമ നടപടിയുമായി അഭിഭാഷകർ

                       

ഏപ്രിൽ ഒൻപത് ചൊവ്വാഴ്ച, മെന്തോൾ സിഗരറ്റിൻ്റെ നിർദ്ദിഷ്ട നിരോധനം പാസാക്കുന്നതിൽ കാലതാമസം വരുത്തിയതിന് പുകവലി വിരുദ്ധ ഗ്രൂപ്പുകൾ യുഎസ് സർക്കാരിനെതിരെ നിയമ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) ഏകദേശം 15 വർഷത്തേക്ക് മെന്തോൾ സിഗരറ്റുകൾ നിരോധിക്കാനാണ് ശ്രമിക്കുന്നത്. ഇത് വഴി വരും ദശാബ്ദങ്ങളിൽ 300,000 മുതൽ 650,000 വരെ പുകവലി മരണങ്ങൾ തടയാൻ കഴിയുമെന്നാണ് കണക്കാക്കുന്നത്. എന്നാൽ, പുകയില വ്യവസായ ലോബി നിയമനിർമ്മാതാക്കളുടെയും അഭിഭാഷകരുടെയും ശ്രമങ്ങളെ തടയിടാൻ ശ്രമിക്കുകയാണ്.

പുകയില വ്യവസായം 1960-കളിൽ ആരംഭിച്ച് കറുത്തവർഗ്ഗക്കാർക്കിടയിൽ മെന്തോൾ സിഗരറ്റുകളെ ആക്രമണാത്മകമായി പ്രോത്സാഹിപ്പിച്ചു. ഈ പരസ്യ കാമ്പെയ്ൻ കറുത്തവർഗ്ഗക്കാരെ വിവിധ മാർഗങ്ങളിലൂടെ ലക്ഷ്യം വച്ചിരുന്നു, അവരുടെ പ്രസിദ്ധീകരണങ്ങളിൽ പരസ്യം ചെയ്തും. ബാർബർമാരെപ്പോലുള്ള വ്യക്തികൾക്ക് സൗജന്യ സാമ്പിളുകൾ നൽകുന്നതും ഇതിൽ ഉൾപ്പെട്ടിരുന്നു. ഈ തന്ത്രങ്ങൾ എല്ലാം കറുത്തവർഗ്ഗക്കാർക്കിടയിൽ മെന്തോൾ സിഗരറ്റിന് ഒരു പുതിയ വിപണി സൃഷ്ടിക്കാൻ സഹായിക്കുകയും അവയുടെ വ്യാപകമായ ഉപയോഗത്തിന് പ്രോത്സാഹനം നൽകുകയും ചെയ്തു.

പുറത്തിറക്കിയ പരസ്യ ക്യാമ്പെയ്‌നുകൾ എല്ലാം തന്നെ വൻ വിജയമായിരുന്നു. ഇത് 1980 നും 2018 നും ഇടയിൽ, 1.5 ദശലക്ഷം കറുത്ത അമേരിക്കക്കാർ മെന്തോൾ സിഗരറ്റ് വലിക്കാൻ തുടങ്ങി, കൂടാതെ 157,000 കറുത്ത അമേരിക്കക്കാർ പുകവലി സംബന്ധമായ മരണങ്ങളിൽ കലാശിക്കുകയും ചെയ്തു. 2020 ൽ, കറുത്ത പുകവലിക്കാരിൽ ഏകദേശം 81% മെന്തോൾ സിഗരറ്റ് വലിക്കുന്നു എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 34% ആയിരുന്നു മറ്റ് പുകവലിക്കാർ.

എന്നാൽ, നിരോധനം പ്രാബല്യത്തിൽ വന്നാൽ ഉപഭോക്താക്കളുടെ വിപണി സൃഷ്ടിക്കുന്നതിൽ പുകയില ലോബികളുടെയും പരസ്യദാതാക്കളുടെയും ശ്രമങ്ങൾക്ക് അറുതി വരാൻ പോവുകയാണ്.

‘ആഫ്രിക്കൻ അമേരിക്കൻ ഡോക്ടർമാർ എന്ന നിലയിൽ, മെന്തോൾ സിഗരറ്റുകളുടെ നിരോധനത്തിൽ എഫ്‌ഡിഎ അന്തിമ തീരുമാനം എടുക്കുന്നതിൽ തുടരുന്ന കാലതാമസത്തിൽ ഞങ്ങൾ അഗാധമായി അസ്വസ്ഥരാണ്, ഈ സിഗരറ്റുകളുടെ തുടർച്ചയായ ഉപയോഗം കാരണം മറ്റേതൊരു വിഭാഗത്തേക്കാളും അമേരിക്കയിലെ കറുത്ത വർഗ്ഗക്കാർ വികലാംഗരാകുകയും അകാലത്തിൽ മരിക്കുകയും ചെയ്യുന്നു’, എന്ന് നാഷണൽ മെഡിക്കൽ അസോസിയേഷൻ പ്രസിഡൻ്റ് ഡോ യോലാൻഡ ലോസൺ തന്റെ പ്രസ്താവനയിൽ പറഞ്ഞു.

വൈറ്റ് ഹൗസ് അധികൃതർ ഇക്കാര്യം അവലോകനം ചെയ്യുമെന്ന് അറിയിപ്പ് നൽകിയിരുന്നു. മാർച്ച് മാസത്തോടെ നിർദ്ദേശം പുനഃപരിശോധിക്കുമെന്ന് വൈറ്റ് ഹൗസ് അധികൃതർ പറഞ്ഞിരുന്നുവെങ്കിലും നടപടിയൊന്നും കൂടാതെ സമയപരിധി കഴിയുകയായിരുന്നു . ബൈഡൻ ഭരണകൂടം 2024 മാർച്ചിലെ സമയപരിധി നിശ്ചയിച്ചപ്പോൾ, തെരെഞ്ഞെടുപ്പിനിടയിൽ നിരോധനം ബൈഡന്റെ പ്രകടനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയിലാണ് എന്ന് വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരമൊരു നിരോധനം കറുത്ത വർഗക്കാരായ വോട്ടർമാരുമായുള്ള ജോ ബൈഡന്റെ വിജയ സാധ്യതകളെ അപകടത്തിലാക്കുമെന്നായിരുന്നു പുകയില ലോബികളുടെ വാദം. എന്നാൽ, നിരോധനം കാലതാമസം നേരിടുന്നതിനാൽ അതിൻ്റെ അനന്തരഫലങ്ങൾ ജനങ്ങൾ അവരുടെ ജീവിതം കൊണ്ട് നൽകേണ്ടിവരുമെന്നാണ് അഭിഭാഷകർ വാദിക്കുന്നത്.

സെൻ്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ പഠനങ്ങൾ അനുസരിച്ച്, സിഗരറ്റ് വലിക്കുന്ന മിക്കവാറും എല്ലാ ആളുകളും കൗമാരത്തിലോ ചെറുപ്പ കാലഘട്ടത്തിലോ ആണ് പുകവലിക്കാൻ തുടങ്ങുന്നത്. പക്ഷെ, മെന്തോൾ സിഗരറ്റ് ഉപയോഗിച്ച് പുകവലി ആരംഭിക്കുന്നവർ പ്രായപൂർത്തിയാകുമ്പോൾ പുകവലി തുടരാനുള്ള സാധ്യത വളരെ കൂടുതലാണ്. മെന്തോൾ സിഗരറ്റുകളെ സാധാരണ സിഗരറ്റിനേക്കാൾ കൂടുതൽ ആസക്തിയുള്ളതായാണ് കണക്കാക്കുന്നത്. കാരണം അവ തലച്ചോറിലെ നിക്കോട്ടിൻ്റെ പ്രഭാവം വർദ്ധിപ്പിക്കുന്നു (അടുത്ത വർഷങ്ങളിൽ, ചില കമ്പനികൾ മെന്തോൾ സിഗരറ്റിലെ നിക്കോട്ടിൻ്റെ അളവ് വർദ്ധിപ്പിച്ചിട്ടുണ്ട്). 2009 ലെ നിയമപ്രകാരം നിരോധിക്കാത്ത ഒരേയൊരു സിഗരറ്റ് ഫ്ലേവറാണ് മെന്തോൾ.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി സിഗരറ്റ് വലിക്കുന്നവരുടെ എണ്ണത്തിൽ കുറവുണ്ടെങ്കിലും, മെന്തോൾ സിഗരറ്റ് വലിക്കുന്നവരിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇതിൽ കൂടുതലും യുവാക്കൾ, വംശീയ ന്യൂനപക്ഷങ്ങൾ, സ്ത്രീകൾ, മാനസികാരോഗ്യ പ്രശ്‌നം നേരിടുന്നവരാണ്. 2020-ലാണ് മെന്തോൾ സിഗരറ്റ് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ആൻറി മെന്തോൾ അഭിഭാഷകർ അവരുടെ ആദ്യത്തെ കേസ് ഫയൽ ചെയ്യുന്നത് എന്നാൽ, അതിനുശേഷം ഏകദേശം 40,000 അമേരിക്കക്കാർ മെന്തോൾ സിഗരറ്റ് ഉപയോഗം മൂലം മരിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നത്.

“മെന്തോൾ നിരോധനം ജീവൻ രക്ഷിക്കുമെന്ന് എഫ്ഡിഎയുടെ ഗവേഷണം സ്ഥിരീകരിച്ചിട്ടുണ്ട്. മെന്തോൾ സിഗരറ്റ് നിരോധന നിയമം വൈകുന്നതിന് ശാസ്ത്രീയ കാരണങ്ങളൊന്നുമില്ല എന്നാണ് ആക്ഷൻ ഓൺ സ്മോക്കിംഗ് ആൻഡ് ഹെൽത്ത് എക്സിക്യൂട്ടീവ് ഡയറക്ടർ ലോറൻ്റ് ഹ്യൂബർ തന്റെ പ്രസ്താവനയിൽ പറഞ്ഞിരിക്കുന്നത്.

Share on

മറ്റുവാര്‍ത്തകള്‍