ചരിത്രമെഴുതി ഫ്രാന്‍സ്
കഴിഞ്ഞ ദിവസം പതിവിലും തിളക്കത്തിലാണ് ഈഫല്‍ ടവര്‍ പ്രകാശിച്ചത്. ലോകത്തിനേകുന്ന ശുഭ പ്രതീക്ഷകളുടെ കൂടി വെളിച്ചമായിരുന്നു അത്. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഭരണഘടനയില്‍ വ്യക്തമായി ഉള്‍പ്പെടുത്തിയ ലോകത്തിലെ ആദ്യത്തെ രാജ്യമായി മാറിയിരിക്കുകയാണ് ഫ്രാന്‍സ്. ഗര്‍ഭച്ഛിദ്രം തെരഞ്ഞെടുക്കാനുള്ള കൃത്യമായ അവകാശം സ്ത്രീകള്‍ക്ക് ഉണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി 1958 മുതല്‍ ഫ്രഞ്ച് ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ലമെന്റംഗങ്ങള്‍ വോട്ട് ചെയ്തിരുന്നു.
തിങ്കളാഴ്ച്ച വേഴ്‌സായി കൊട്ടാരത്തില്‍ ചേര്‍ന്ന ചരിത്രപരമായ സംയുക്ത സമ്മേളനത്തിലായിരുന്നു ഫ്രഞ്ച് പാര്‍ലമെന്റ് ഗര്‍ഭച്ഛിദ്രം ചെയ്യാന്‍ സ്ത്രീകള്‍ക്ക് ഭരണഘടനപരമായ അവകാശം അംഗീകരിച്ചത്. ആകെയുള്ള 925 എംപിമാരിലും സെനറ്റര്‍മാരിലും നിന്ന് വോട്ടവകാശമുള്ള 780 പേര്‍ സ്ത്രീകള്‍ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ സ്വാതന്ത്ര്യം നല്‍കുന്ന ഭരണഘടന ഭേദഗതി അംഗീകരിച്ചു വോട്ട് ചെയ്തു. ഗവണ്‍മെന്റിന്റെ പ്രമേയത്തിന് അഞ്ചില്‍ മൂന്ന് ഭൂരിപക്ഷം കിട്ടി. 780-72 എന്നായിരുന്നു വോട്ട് കണക്ക്. ഫലം പ്രഖ്യാപിച്ചപ്പോള്‍ വേഴ്‌സായി കൊട്ടാരത്തില്‍ നിലയ്ക്കാത്ത കരഘോഷം ഉയര്‍ന്നു. രണ്ട് വര്‍ഷം മുമ്പ് ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ക്കുള്ള ഫെഡറല്‍ സംരക്ഷണം യുഎസ് അവസാനിപ്പിച്ചതാണ് ഈ തീരുമാനത്തെ പ്രധാനമായും സ്വാധീനിച്ചിരിക്കുന്നത്.
”ഫ്രാന്‍സിന്റെ അഭിമാനം ലോകത്തിനുള്ള സന്ദേശം” എന്നു വിശേഷിപ്പിച്ചായിരുന്നു പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ചരിത്ര നീക്കത്തിലുള്ള തന്റെ ആഹ്ലാദം പങ്കുവച്ചത്. അതേസമയം, ഗര്‍ഭച്ഛിദ്ര വിരുദ്ധ ഗ്രൂപ്പുകള്‍ ഈ മാറ്റത്തെ ശക്തമായി വിമര്‍ശിച്ചു രംഗത്തെത്തിയിട്ടുണ്ട്. 1975 മുതല്‍ ഫ്രാന്‍സില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാണ്, എന്നാല്‍ 85% പൊതുജനങ്ങളും ഗര്‍ഭ നിരോധനത്തിനുള്ള അവകാശം സംരക്ഷിക്കുന്നതിനായി ഭരണഘടന ഭേദഗതി ചെയ്യണമെന്ന് ആവശ്യമുയര്‍ത്തിക്കൊണ്ടിരിക്കുകയായിരുന്നു. മറ്റ് പല രാജ്യങ്ങളും അവരുടെ ഭരണഘടനയില്‍ പ്രത്യുല്‍പാദന അവകാശങ്ങള്‍ മാത്രം ഉള്‍പ്പെടുത്തുമ്പോള്‍, ഗര്‍ഭച്ഛിദ്രം ഉറപ്പ് വരുത്തുമെന്ന് വ്യക്തമായി പ്രസ്താവിക്കുന്നത് ഇതാദ്യമായി ഫ്രാന്‍സാണ്.
വോട്ടെടുപ്പ് ഭരണഘടന ഭേദഗതിക്ക് അനുകൂലമായതോടെ ഈഫല്‍ ടവറില്‍ ”എന്റെ ശരീരം എന്റെ സ്വാതന്ത്ര്യം(മൈ ബോഡി മൈ ചോയ്‌സ്) എന്ന സന്ദേശം പ്രകാശ പൂരിതമായി തെളിഞ്ഞിരുന്നു. ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം ഇപ്പോഴും അപകടത്തിലാണെന്നും അധികാരത്തിലുള്ള ചില ആളുകള്‍ക്ക് അത് എടുത്തുകളയാമെന്നും വോട്ടെടുപ്പിന് മുമ്പ് പ്രധാനമന്ത്രി ഗബ്രിയേല്‍ അട്ടല്‍ പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു. ‘ഞങ്ങള്‍ എല്ലാ സ്ത്രീകളോടും പറയുന്നു: നിങ്ങളുടെ ശരീരം നിങ്ങളുടേതാണ്, മറ്റാരും നിങ്ങള്‍ക്കായി തീരുമാനിക്കില്ല’: ഫ്രഞ്ച് പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ ആഹ്വാനം ഇതായിരുന്നു.
മറ്റൊരു ഭാഗത്ത് പാര്‍ലമെന്റില്‍ കൂടുതല്‍ യാഥാസ്ഥിതികരായ ചിലര്‍ ഈ മാറ്റത്തെ എതിര്‍ത്തില്ലെങ്കില്‍ കൂടിയും, തെരഞ്ഞെടുപ്പില്‍ കൂടുതല്‍ വോട്ട് നേടുന്നതിനും പ്രതിച്ഛായ മെച്ചപ്പെടുത്താനും വേണ്ടി മാത്രമാണ് പ്രസിഡന്റ് മാക്രോണ്‍ ഈ നീക്കം നടത്തുന്നതെന്ന് ആക്ഷേപം ഉന്നയിക്കുന്നുണ്ട്.
1975 മുതല്‍, ഫ്രാന്‍സില്‍ ഗര്‍ഭച്ഛിദ്രത്തെക്കുറിച്ചുള്ള നിയമം ഒമ്പത് തവണ മാറ്റിയിരുന്നു. ഓരോ തവണയും ആളുകള്‍ക്ക് ഗര്‍ഭച്ഛിദ്ര സേവനങ്ങള്‍ ലഭ്യമാക്കുന്നത് എളുപ്പമാക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. ഫ്രാന്‍സില്‍ നിയമങ്ങള്‍ ഭരണഘടനയ്ക്ക് അനുസൃതമാണോ എന്ന് പരിശോധിക്കുന്ന കോണ്‍സ്റ്റിറ്റിയൂഷണല്‍ കൗണ്‍സില്‍ ഗ്രൂപ്പ് 2001-ല്‍, ഗര്‍ഭച്ഛിദ്ര നിയമം അനിവാര്യമെന്ന് പ്രഖ്യാപിച്ചിരുന്നു. 1789-ല്‍ മനുഷ്യാവകാശ പ്രഖ്യാപനം എന്ന പേരില്‍ എഴുതിയ ഒരു രേഖയില്‍ സ്വാതന്ത്ര്യം എന്ന ആശയവുമായി ഇത് യോജിക്കുന്നുവെന്നായിരുന്നു കൗണ്‍സില്‍ ചൂണ്ടിക്കാണിച്ചത്. അതിനാല്‍, പല വിദഗ്ധരും പറയുന്നത് ഗര്‍ഭച്ഛിദ്രം ഭരണഘടനയനുസരിച്ച് ഇതിനകം തന്നെ അവകാശമായി കണക്കാക്കപ്പെട്ടിരുന്നു എന്നാണ്.
ഗര്‍ഭച്ഛിദ്രം ഫ്രഞ്ച് ഭരണഘടനയുടെ ഭാഗമാക്കാനുള്ള തീരുമാനത്തെ സ്വാധീനിച്ചത് അടുത്തിടെ അമേരിക്കയില്‍ നടന്ന സംഭവങ്ങളാണ്. 2022-ല്‍, ഗര്‍ഭച്ഛിദ്രത്തിനുള്ള അവകാശം സുപ്രിം കോടതി എടുത്തുകളഞ്ഞിരുന്നു, ഇത് നിരോധിക്കണോ എന്ന് തീരുമാനിക്കാന്‍ ഓരോ സംസ്ഥാനങ്ങളെയും അനുവദിച്ചു. ഫലത്തില്‍ യുഎസിലെ സ്ത്രീകള്‍ക്കും ഗര്‍ഭച്ഛിദ്രം തെരഞ്ഞെടുക്കാനുള്ള അവരുടെ അവകാശം ഭരണകൂട താത്പര്യത്തിന് വിധേയമായി മാറി. യുഎസില്‍ ഗര്‍ഭച്ഛിദ്രാവകാശങ്ങള്‍ വെല്ലുവിളിക്കപ്പെടുന്നതിനാല്‍, ആ അവകാശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഫ്രാന്‍സ് മനസ്സിലാക്കിയാതായി സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന സംഘത്തിലുള്ള ലോറ സ്ലിമാനി പറയുന്നു.