December 10, 2024 |
Share on

മറ്റൊരു ‘നൂപി ലാന്‍’ അഥവ മണിപ്പൂരി സ്ത്രീകളുടെ യുദ്ധം

തന്റെയും ഉറ്റവരുടെയും ജീവനും ജീവിതത്തിനും വേണ്ടിയുള്ള പോരാട്ടമായി മാറി ഓരോ മണിപ്പൂരി സ്ത്രീയുടെയും ജീവിതം

1974 മാര്‍ച്ച് 4, ഉഖ്രാം ജില്ലയിലെ ഒരു ചെറിയ ഗ്രാമമാണ് കുമ്പ്രാം. അടുത്തമാസം ഗ്രാമത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ അവതരിപ്പിക്കാനുള്ള പാട്ട് പരിശീലിക്കുകയായിരുന്നു അവിടുത്തെ ചെറുപ്പക്കാര്‍. അതിനിടയിലേക്കാണ് 500 ഓളം വരുന്ന ബിഎസ്എഫുകാര്‍ നാഗാ കലാപകാരികളെ തേടിയെത്തുന്നത്. ബിഎസ്എഫ് സംഘം ഗ്രാമവാസികളില്‍ നിന്നും, തങ്ങള്‍ക്ക് താമസ സൗകര്യം ഒരുക്കി തരുന്നതിനായി നാല് സ്ത്രീകളെ തെരഞ്ഞെടുത്തു. ആ കൂട്ടത്തില്‍ ഒരാളായിരുന്നു 20 കാരി റോസ് നിംഗ്‌ഷെന്‍. ഖഷുങ് മങ്കുങ്ങിന്റെ വീടായിരുന്നു ജവാന്മാര്‍ താമസിക്കുന്നതിനായി കണ്ടെത്തിയത്. അവിടെയെത്തിയശേഷം മൂന്നു സ്ത്രീകളെ, തങ്ങള്‍ക്കുള്ള കിടക്കയും മറ്റ് സാമഗ്രികളും കൊണ്ടുവരാന്‍ പറഞ്ഞയച്ച ബിഎസ്എഫുകാര്‍ റോസിനോട് അവിടെ തന്നെ നിന്നു ബാക്കിയുള്ള സൗകര്യങ്ങള്‍ ഒരുക്കാന്‍ ആവശ്യപ്പെട്ടു. പോയ സ്ത്രീകള്‍ തിരിച്ചുവരുമ്പോള്‍ കേള്‍ക്കുന്നത് റോസിന്റെ കരച്ചിലാണ്. കാരണം തിരക്കിയ അവരോട് തനിക്ക് നേരിട്ട ദുര്‍ഗതിയെക്കുറിച്ച് ആ പെണ്‍കുട്ടി പറഞ്ഞു. ക്യാപ്റ്റന്‍ നിക്കിയും മേജര്‍ ബോംഡിയും ചേര്‍ന്ന് റോസിനെ ക്രൂരമായി ബലാത്സംഗം ചെയ്തു.ആ സംഭവത്തിന് രണ്ടു ദിവസം കഴിഞ്ഞ്, 1974 മാര്‍ച്ച് 6 ന്-റോസിനെ വീടിന്റെ അടുക്കളയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

രാവിലെ ഒമ്പതു മണിയോടെ കണ്ടെത്തിയ റോസിന്റെ മൃതദേഹത്തിനൊപ്പം, താങ്ഗുല്‍ ഭാഷയിലെഴുതിയ ആത്മഹത്യ കുറിപ്പ് കിട്ടി. സഹോദരന്‍ ആങ്ഗമിനുള്ളതായിരുന്നു കത്ത്. അതിലവള്‍ വേദനയോടെ പറയുന്ന കാര്യങ്ങള്‍ ഇങ്ങനെയായിരുന്നു; ഈ ലോകത്ത് പാപം നിറഞ്ഞ എന്റെ ജീവിതം നമ്മുടെ കുടുംബത്തിന് നാണക്കേടും അപമാനവുമാണ്. ഇതെന്റെ അവസാന ദിവസമാണ്. ആര്‍ക്കും എന്നെ രക്ഷിക്കാനാകില്ല. ആ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുമെന്നതിനാല്‍ എനിക്കൊരിക്കലും നീതി കിട്ടുകയില്ല’

റോസിന്റെ മൃതദേഹം കുടുംബം അവരുടെ പൂന്തോട്ടത്തില്‍ സംസ്‌കാരിച്ചു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ പൊലീസുകാര്‍ മൃതദേഹം കുഴിച്ചെടുത്തു കൊണ്ടു പോയി. പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനെന്നാണ് പറഞ്ഞത്. എന്നാല്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ഒരിക്കലും കുടുംബത്തിന് ലഭിച്ചില്ല. റോസിന്റെ സഹോദരന്‍ ആങ്ഗമും ഒരു ബിഎസ്എഫ് ജവാനായിരുന്നു. അന്വേഷണത്തിനെന്ന പേരില്‍ ആങ്ഗമിനെ ചുരാചന്ദ്പൂരിലും പല്ലേലിലുമുള്ള ബിഎസ്എഫ് ആസ്ഥാനങ്ങളിലേക്ക് വിളിപ്പിച്ചു. അനുകൂലമായ യാതൊന്നും സംഭവിച്ചില്ല. ആകെ കിട്ടിയത് ആങ്ഗമിന് യാത്ര ചെലവായി കൊടുത്ത 15 രൂപ! പ്രതിഷേധങ്ങള്‍ വിഫലമായി. കൂടുതല്‍ ശബ്ദത്തില്‍ സുരക്ഷ സൈന്യത്തിനെതിരേ പ്രതിഷേധിക്കാന്‍ പാവം ഗ്രാമവാസികള്‍ക്ക് ഭയമായിരുന്നു.

സംരക്ഷിക്കപ്പെടേണ്ടവരുടെ കൈകളാല്‍ പിച്ചിച്ചീന്തപ്പെട്ട ഒരു പെണ്‍കുട്ടി, അപമാനഭാരത്താല്‍ ജീവനൊടുക്കിയിട്ട് 49 വര്‍ഷം കഴിഞ്ഞു. ഇന്നും മണിപ്പൂരിലെ സ്ത്രീകളുടെ അവസ്ഥ മാറ്റമില്ലാതെ തുടരുന്നു.

കലാപ നിയന്ത്രണത്തിനെന്ന പേരില്‍ ഇടയ്‌ക്കെപ്പോഴെങ്കിലും മലമ്പ്രദേശങ്ങളില്‍ മാത്രമായി നടപ്പാക്കിയിരുന്ന അഫ്‌സ്പ 1980 കളോടെ സംസ്ഥാനത്ത് മുഴുവന്‍ ചുമത്തിയതോടെ, വംശീയ ശത്രുത തുടര്‍ ഏറ്റുമുട്ടലുകളായി മാറിയതോടെ, ഭരണതാത്പര്യത്തില്‍ മാത്രം ഊന്നിയുള്ള രാഷ്ട്രീയ ഇടപെടലുകളുണ്ടായതോടെ; തന്റെയും ഉറ്റവരുടെയും ജീവനും ജീവിതത്തിനും വേണ്ടിയുള്ള പോരാട്ടമായി മാറി ഓരോ മണിപ്പൂരി സ്ത്രീയുടെയും ജീവിതം.

റോസ് നിംഗ്‌ഷെന്നിനു ശേഷം മണിപ്പൂരി സ്ത്രീകളുടെ ജീവിതം കൂടുതല്‍ ദുസ്സഹമായി. ആ നാട്ടിലെ അമ്മമാരുടെ, സഹോദരിമാരുടെ, ഭാര്യമാരുടെ, കൂട്ടുകാരികളുടെ കണ്ണീരും ഹൃദയ വേദനയും പിന്നീടങ്ങോട്ട് മാറിയിട്ടില്ല. ആ വേദന ഇരട്ടിപ്പിച്ച രക്തസാക്ഷിയായിരുന്നു മനോരമ!

2004 ജൂലൈ 11 ന് പുലര്‍ച്ചെയാണ് മനോരമ തങ്ജം എന്ന 32 കാരിയെ 17 അംഗ അസം റൈഫിള്‍സ് സംഘം വീട്ടില്‍ നിന്നും തട്ടിക്കൊണ്ടു പോകുന്നത്. പിന്നീട് മനോരമയെ കണ്ടെത്തുന്നത് മണിക്കൂറുകള്‍ക്കുശേഷം അവളുടെ വീടിന് സമീപത്തുള്ള ഒരു നിലത്തിലാണ്. നിശ്ചലമായിരുന്ന ആ ശരീരത്തില്‍ നിരവധി ബുള്ളറ്റുകള്‍ തുളഞ്ഞു കയറിയിരുന്നു. മനോരമയുടെ സ്വകാര്യഭാഗത്ത് മാത്രം കണ്ടെത്തിയത് 16 വെടിയുണ്ടകളാണ്. അവളുടെ തുടയില്‍ കത്തി ഉപയോഗിച്ചുള്ള ആഴത്തിലുള്ള മുറിവുണ്ടായിരുന്നു. സമീപത്തു നിന്നു കിട്ടിയ വസ്ത്രങ്ങളില്‍ പുരുഷശുക്ലമുണ്ടായിരുന്നു. ക്രൂരമായ ലൈംഗിക പീഡനത്തിനിരയാക്കിയശേഷമായിരുന്നു ഏറ്റവും ദാരുണമായ അന്ത്യം മനോരമയ്ക്ക് അവരേകിയത്. സുരക്ഷ സൈന്യത്തിന്റെ ഭാഷയില്‍ മനോരമ ഒരു തീവ്രവാദിയായിരുന്നു. വിഘടനവാദി സംഘമായ പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയുടെ സജീവാംഗം. അവള്‍ സൈനകരെ അടക്കം വധിച്ച പല ബോംബാക്രമണങ്ങളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നായിരുന്നു ആരോപണം. കസ്റ്റഡിയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോഴാണ് വെടിവയ്‌ക്കേണ്ടി വന്നതെന്ന ന്യായവും സൈന്യത്തിനുണ്ടായിരുന്നു.

മനോരമയ്ക്കു വേണ്ടി മണിപ്പൂരിലെ അമ്മമാര്‍ തെരുവിലിറങ്ങി. കടിച്ചുകീറപ്പെടുന്ന പെണ്‍ ശരീരങ്ങളും ഒഴുകുന്ന ചോരയും കണ്ടവര്‍ തളര്‍ന്നിരുന്നു. ഓരോ കൊലപാതകങ്ങളും, ബലാത്സംഗങ്ങളും തട്ടിക്കൊണ്ടുപോകലുകളും അവരുടെ ഹൃദയങ്ങള്‍ ആഴത്തില്‍ തകര്‍ത്തു. സഹനത്തിന്റെ അതിരുകള്‍ അവര്‍ക്ക് താണ്ടേണ്ടി വന്നു. അവരുടെ കൂട്ടത്തിലെ 12 അമ്മമാര്‍(ഇമാസ്) 2004 ജൂലൈ 15 ന് ഇംഫാലിന്റെ അടയാളമായ കംഗ്ല ഫോര്‍ട്ടിനു മുന്നില്‍ ഒത്തുകൂടി. അസം റൈഫിള്‍സിന്റെ ആസ്ഥാനമതായിരുന്നു. 60 ഉം 70 ഉം വയസ് പ്രായമുള്ള അമ്മമായിരുന്നു അവര്‍. എന്തു ചെയ്യുമവരെന്ന് ആര്‍ക്കും ഊഹമുണ്ടായിരുന്നില്ല. പെട്ടെന്നവര്‍ തങ്ങളുടെ ഇനാഫിയും ഫങ്കേയും(പരമ്പരാഗത മണിപ്പൂരി മേല്‍വസ്ത്രവും കീഴ്‌വസ്ത്രവും) ഊരി മാറ്റി. പൂര്‍ണ നഗ്നതയില്‍ നിന്നവര്‍ കോട്ടയ്ക്ക് നേരേ നിന്ന് ഉച്ചത്തില്‍ വിളിച്ചു’ ഇന്ത്യന്‍ സൈന്യമേ വന്നു ഞങ്ങളെ ബലാത്സംഗം ചെയ്യൂ, ഞങ്ങളുടെ മാംസം തിന്നൂ. ആ പ്രതിഷേധം ശ്രദ്ധിച്ച് ജനം തടിച്ചു കൂടിയപ്പോഴും ആ അമ്മമാര്‍ തങ്ങളുടെ നഗ്നമായ ശരീരത്തോടെ തന്നെ ഒരു നാടിനു വേണ്ടി പ്രതിഷേധസ്വരങ്ങള്‍ മുഴക്കിക്കൊണ്ടിരുന്നു.

ജനങ്ങളെ ദ്രോഹിക്കുന്ന പ്രത്യേക സൈനികാധികാരങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു യുവതി തന്റെ അനിശ്ചിതകാല നിരാഹാര സമരം തുടങ്ങിയിട്ട് അപ്പോഴേക്കും നാല് വര്‍ഷങ്ങള്‍ പിന്നിട്ടിരുന്നു. അവള്‍ തന്റെയാ സമരം പിന്നെയും ഒരു വ്യാഴവട്ടക്കാലം തുടര്‍ന്നു. ലോകം ശ്രദ്ധിച്ച ആ സമരം ഇറോം ശര്‍മിള 2016 ല്‍ അവസാനിപ്പിച്ചപ്പോള്‍ മണിപ്പൂര്‍ ശാന്തി കൈവരിച്ചിരുന്നില്ല, ഇപ്പോഴുമങ്ങനെ തന്നെ. എന്നാല്‍, 16 വര്‍ഷത്തോളം തന്റെ ജനതയ്ക്കു വേണ്ടി പോരാടിയ ആ സ്ത്രീയോട് മണിപ്പൂര്‍ യാതൊരു കടപ്പാടും കാണിച്ചില്ല. 2017 ലെ തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഇറോമിന് ആകെ കിട്ടിയത് 90 വോട്ടുകളായിരുന്നു. തന്നെ വേണ്ടാത്തൊരു നാടായി മണിപ്പൂര്‍ ഇറേമിന്.

ഇന്നും സ്ത്രീകളുടെ പോരാട്ടങ്ങള്‍ മണിപ്പൂരില്‍ തുടരുകയാണ്. ആധിപത്യങ്ങള്‍ക്കായി ആയുധമെടുത്തല്ല, സമാധാനത്തിനുവേണ്ടി നിരായുധരായി. അരനൂറ്റാണ്ടാകുന്ന പോരാട്ടങ്ങളൊന്നും അവര്‍ക്ക് ശാശ്വതമായ ലക്ഷ്യം നേടിക്കൊടുത്തിട്ടില്ല. റോസിനെ പോലെ, മനോരമയെ പോലെ ഏകദേശം 1600 ഓളം സ്ത്രീകള്‍ സമാന സാഹചര്യത്തില്‍ കൊല്ലപ്പെടുകയോ കാണാതാവുകയോ ചെയ്തിട്ടുണ്ട് മണിപ്പൂരില്‍.

ഇന്ത്യയുടെ ചേര്‍ത്തു പിടിക്കല്‍ അത്യാവശ്യമായ ഈ സംസ്ഥാനത്ത് ഇപ്പോഴും സ്ത്രീകള്‍ ഇരകളാകുന്നു. അവര്‍ക്ക് നീതി കിട്ടുന്നില്ല. അവര്‍ക്ക് ഇന്നും തെരുവിലിറങ്ങി സമരം ചെയ്യേണ്ടി വരുന്നു, ആയുധധാരികളായ സൈനിക സംഘങ്ങളെ വളഞ്ഞ് പ്രതിഷേധിക്കേണ്ടി വരുന്നു. കലാപകാരികള്‍ അവരുടെ കുഞ്ഞുങ്ങളെയടക്കം തീകൊളുത്തി കൊല്ലുന്നു.

സാഹചര്യങ്ങള്‍ മണിപ്പൂരി സ്ത്രീകളെ ശക്തരാക്കിയിട്ടുണ്ട്. ഇപ്പോള്‍ നടക്കുന്ന വംശീയ കലാപത്തെ ചെറുക്കാന്‍ തെരുവില്‍ നില്‍ക്കുന്ന സ്ത്രീകളെ ശ്രദ്ധിച്ചാല്‍ മനസിലാകുമത്. കൗമാരക്കാര്‍ തൊട്ട് വൃദ്ധകള്‍ വരെ അവരിലുണ്ട്.

ഇന്ത്യയുടെ സ്വാതന്ത്രസമര ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ് ‘സ്ത്രീകളുടെ യുദ്ധം’ അഥവ ‘നൂപി ലാന്‍’. മണിപ്പൂരി സ്ത്രീകള്‍ ബ്രിട്ടീഷുകാര്‍ക്കെതിരേ നടത്തിയ രണ്ട് ഐതിഹാസിക പോരാട്ടങ്ങള്‍. 1904 ല്‍ പൊലീസ് ഏജന്റിന്റെ ബംഗ്ലാവ് പുനര്‍നിര്‍മിക്കുന്നതിന് തടി കൊണ്ടുവരാന്‍ മണിപ്പൂരിലെ യുവക്കാളെ കാബോ താഴ്വരയിലേക്ക് അയക്കാനുള്ള ബ്രിട്ടീഷ് അധികാരികളുടെ തീരുമാനത്തിനെതിരെയായിരുന്നു മണിപ്പൂരി സ്ത്രീകളുടെ ആദ്യത്തെ യുദ്ധം. 1939 ല്‍ രണ്ടാം ലോക മഹായുദ്ധ കാലത്ത് മണിപ്പൂരില്‍ നിന്നും കൊളോണിയല്‍ അധികാരികളുടെ ആശിര്‍വാദത്തോടെ മാര്‍വാഡികള്‍ അരി കടത്തിക്കൊണ്ടു പോകുന്നത് തടഞ്ഞായിരുന്നു വീണ്ടും മണിപ്പൂരി സ്ത്രീകള്‍ പോരാട്ടത്തിനിറങ്ങിയത്. മണിപ്പൂരി സ്ത്രീകളുടെ പോരാട്ട പാരമ്പര്യം അറിയാന്‍ നൂപി ലാന്റെ വായന സഹായിക്കും. ഒപ്പം മണിപ്പൂരി സ്ത്രീകളുടെ ചരിത്രം അറിയാനും. സൈന്യവും രാഷ്ട്രീയക്കാരും ഈ സ്ത്രീകളെ തീവ്രവാദികളെന്നും തീവ്രവാദികളെ സംരക്ഷിക്കുന്നവരെന്നും ആക്ഷേപിക്കും. എന്നിട്ടും, എല്ലാം സഹിച്ചും കൊളോണിയല്‍ കാലം തൊട്ട് തുടങ്ങിയ ആ പോരാട്ടം ഇന്നുമവര്‍ തുടരുകയാണ്; എല്ലാ മനുഷ്യാവകാശങ്ങളോടും കൂടി ജീവിക്കാന്‍…

 

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

×