ഒരു കച്ചവടക്കാരന്റെ രാഷ്ട്രീയാഭിമുഖ്യം ഏതു രീതിയിലായിരിക്കും? അതൊരിക്കലും പ്രത്യയശാസ്ത്രപരമോ, വൈകാരികമോ. തലമുറകളുടെ പിന്തുടര്‍ച്ചയോ ആയിരക്കില്ല. മറിച്ച്, കച്ചവടതാത്പര്യര്‍ത്ഥം മാത്രമായിരിക്കും. അതിനേറ്റവും വലിയ ഉദ്ദാഹരണമാണ് ‘ ലോട്ടറി രാജാവ്’ സാന്തിയാഗോ മാര്‍ട്ടിന്‍.
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്തു വന്നതോടെയാണ് മാര്‍ട്ടിന്‍ രാജ്യത്തെ വാര്‍ത്തകേന്ദ്രമായി ഒരിക്കല്‍ കൂടി മാറിയത്. മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിംഗ് ആന്‍ഡ് ഹോട്ടല്‍ സര്‍വീസ് പിആര്‍ ആണ് ഏറ്റവും ഉയര്‍ന്ന തുകയ്ക്കുള്ള ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങിയത്. 22 ഘട്ടങ്ങളായി 1,368 കോടിയുടെ ബോണ്ടുകള്‍. ഏതെങ്കിലും ഒരു പാര്‍ട്ടിക്കാണോ മുഴുവന്‍ തുകയും പോയിരിക്കുന്നത്, അതോ വീതം വച്ച് നല്‍കിയിരിക്കുകയാണോ എന്നതൊക്കെ എസ് ബി ഐ യൂണിക് നമ്പര്‍ വിവരങ്ങള്‍ പുറത്തു വിടുമ്പോള്‍ മാത്രമായിരിക്കും അറിയാന്‍ കഴിയുക. ആരെങ്കിലും ഒരാള്‍ക്കാണെങ്കിലും, എല്ലാവര്‍ക്കുമായാണെങ്കിലും എന്തിനിത്രയും തുക മുടക്കി?
ഓരോരോ രാഷ്ട്രീയ പാര്‍ട്ടികള്‍ തുടര്‍ച്ചയായി അയാളില്‍ നിന്നും പണം ആവശ്യപ്പെട്ടുകൊണ്ടേയിരിക്കുന്നത് നിര്‍ത്താന്‍ നടത്തിയിരിക്കുന്ന ഒറ്റത്തവണ തീര്‍പ്പാക്കല്‍ ആയിരിക്കാമിത്. ന്യൂസ് ലോണ്‍ട്രി, സ്‌ക്രോള്‍, ദ ന്യൂസ് മിനിട്ട് എന്നീ മാധ്യമങ്ങള്‍ സംയുക്തമായി തയ്യാറാക്കിയ ‘ പ്രൊജക്ട് ഇലക്ടറല്‍ ബോണ്ട്’ റിപ്പോര്‍ട്ടിലാണ് സാന്തിയാഗോ മാര്‍ട്ടിനും രാഷ്ട്രീയ പാര്‍ട്ടികളും തമ്മിലുള്ള ബന്ധം വിശദമായി പറയുന്നത്.
മാര്‍ട്ടിനെതിരേ പല ആരോപണങ്ങളും അന്വേഷണങ്ങളും ഉയര്‍ന്നു. എന്നിട്ടും അയാള്‍ തന്റെ ബിസിനസുമായി മുന്നോട്ടു പോകുന്നു, അതെങ്ങനെ? ആ ചോദ്യത്തിനുള്ള ഒരു ഉത്തരമാണ് അയാളിപ്പോള്‍ വാങ്ങിക്കൂട്ടിയ ഇലക്ടറല്‍ ബോണ്ട്. അതേ ചോദ്യത്തിനുള്ള മറ്റ് ഉത്തരങ്ങളിലൊന്ന് അയാള്‍ക്കുള്ള രാഷ്ട്രീയ ബന്ധങ്ങളാണ്. അതൊരു പാര്‍ട്ടിയില്‍ നില്‍ക്കുന്നതല്ല. മാര്‍ട്ടിന് നേരിട്ട് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടില്‍ അംഗത്വമില്ല. എന്നാല്‍ അയാളുടെ ഭാര്യക്കും മകനും മറ്റു കുടംബാംഗങ്ങള്‍ക്കുമുണ്ട്.
സാന്തിയാഗോ മാര്‍ട്ടിന്റെ മകന്‍ ചാള്‍സ് ജോസ് മാര്‍ട്ടിന്‍ ബിജെപിയിലാണെങ്കില്‍, മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് ഇന്തിയ ജനനായഗക കച്ചി(ഐജെകെ)യ്‌ക്കൊപ്പമാണ്. ബിജെപിയുടെ സഖ്യകക്ഷിയാണ് ഐജെകെ. മാര്‍ട്ടിന്റെ മരുമകന്‍ ആദവ് അര്‍ജുന്‍ മറ്റൊരു പാര്‍ട്ടിയിലാണ്: വിടുതലൈ ചിരുതൈഗള്‍ കച്ചി(വിസികെ). തോള്‍. തിരുമാവാളന്‍ നയിക്കുന്ന, ജാതിവിവേചനത്തിനെതിരേ പോരാടുന്ന, അംബേദ്കര്‍ ആശയങ്ങള്‍ പേറുന്ന രാഷ്ട്രീയ പ്രസ്ഥാനം. ഈ പാര്‍ട്ടി കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന ‘ ഇന്ത്യ’ സംഖ്യത്തിനൊപ്പമാണ്. വിസികെയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്ന ചുമതല ആദവിനാണ്. പ്രത്യയശാസ്ത്രപരമായ സഹാനുഭൂതിക്കപ്പുറം മാര്‍ട്ടിന്റെ കുടുംബത്തിന്റെ രാഷ്ട്രീയാഭിമുഖ്യം ബുദ്ധിമാനായ ഒരു ബിസിനസുകാരന്റെ യുക്തിയാല്‍ നയിക്കപ്പെടുന്നതായി തോന്നിയേക്കാമെന്നാണ് പ്രൊജക്ട് ഇലക്ടറല്‍ ബോണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. വഞ്ചന, കൃത്രിമം, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കേസുകളില്‍ അന്വേഷണം നേരിടുന്ന 59 കാരനായ ബിസിനസുകാരനുമായി ചങ്ങാത്തം കൂടാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ താല്‍പ്പര്യപ്പെടുന്നത് എന്തുകൊണ്ടാണെന്ന് വര്‍ഷങ്ങളായി പലരും ചോദിക്കുന്നതാണ്. ഇലക്ടറല്‍ ബോണ്ട് ഡാറ്റ ഒടുവില്‍ ആ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയിരിക്കുകയാണ്: ലോട്ടറി രാജാവ് രാഷ്ട്രീയ പാര്‍ട്ടിക്കാരെ സംബന്ധിച്ച് ഒരു ജാക്ക്‌പോട്ട് ആണ്- പ്രൊജക്ട് ഇലക്ടറല്‍ ബോണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
കോയമ്പത്തൂരിലാണ് വളര്‍ന്നതെന്ന വിവരമൊഴിച്ചാല്‍ മാര്‍ട്ടിന്റെ കുട്ടിക്കാലത്തെക്കുറിച്ച് കൂടുതല്‍ ആര്‍ക്കുമൊന്നും അറിയില്ല. 1980-കളില്‍ അദ്ദേഹം മ്യാന്‍മാറില്‍ ജോലി തേടി പോയിരുന്നു. അവിടെ നിന്നും മടങ്ങിയെത്തിയശേഷം ലോട്ടറി വില്‍പ്പനയായിരുന്നു തൊഴില്‍. ഭാഗ്യം അയാളെ തുണച്ചു. വില്‍പ്പനക്കാരനില്‍ നിന്നും വിതരണക്കാരനായി. രാജ്യം ഉദാരവത്കരണത്തിലേക്ക് വാതില്‍ തുറന്ന 90 കളിലായിരുന്നു മാര്‍ട്ടിന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ലോട്ടറിയുടെ വിതരണക്കാരനാകുന്നത്. നവലിബറല്‍ നയങ്ങള്‍ ഇവിടെ പല മാറ്റങ്ങളും ഉണ്ടാക്കി, ലോട്ടറി വലിയൊരു ഭാഗ്യാന്വേഷണ കളിയായി. സംസ്ഥാനങ്ങള്‍ ലോട്ടറി നല്ലൊരു വരുമാന മാര്‍ഗമായി കണ്ടതോടെ മാര്‍ട്ടിനെ പോലുള്ളവരുടെ ശുക്രന്‍ തെളിഞ്ഞു.
2003-ല്‍ തമിഴ്‌നാട്ടില്‍ ലോട്ടറി നിരോധനം വന്നു. അതോടെ മാര്‍ട്ടിന്‍ തന്റെ കളികള്‍ പുറത്തേക്ക് വ്യാപിപ്പിച്ചു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളായ സിക്കിം, മണിപ്പുര്‍, മേഘാലയ എന്നിവിടങ്ങളില്‍ ബിസിനസ് ആരംഭിച്ചു. ദിവസം ഒരു കോടിയിലേറെ ലോട്ടറികളായിരുന്നു മാര്‍ട്ടിന്‍ വിറ്റിരുന്നത്. സംസ്ഥാനങ്ങള്‍ക്ക നല്ലൊരു തുക നികുതിയായും കൊടുത്തതോടെ സര്‍ക്കാരുകള്‍ക്ക് മാര്‍ട്ടിന്‍ പ്രിയപ്പെട്ടവനായി. 2000 കാലഘട്ടം മാര്‍ട്ടിന്റെ കൊയ്ത്തായിരുന്നു. ജനങ്ങളുടെ ലോട്ടറി ഭ്രമം അയാള്‍ ശരിക്കും മുതലെടുത്തു. മലയാളികള്‍ മാര്‍ട്ടിന്റെ പ്രധാന ഇരകളായിരുന്നു. നാലരവര്‍ഷം കൊണ്ട് ഏകദേശം 50,000 കോടി കേരളത്തില്‍ നിന്നും മാര്‍ട്ടിന്‍ ഉണ്ടാക്കിയിട്ടുണ്ടെന്നാണ് കണക്ക്. കേരളത്തില്‍ മാര്‍ട്ടിന്‍ ശരിക്കും ലോട്ടറി കൊള്ള നടത്തുകയായിരുന്നുവെന്നാണ് പിന്നീട് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. സിബിഐയുടെ 2014-ലെ കുറ്റപത്രത്തില്‍ പറഞ്ഞിരുന്നത് 2008-2010 കാലത്ത് സിക്കിം ലോട്ടറി വില്‍പ്പനയിലൂടെ മാര്‍ട്ടിന്‍ കേരളത്തില്‍ നിന്നും 4,752 കോടി രൂപ നേടിയെന്നാണ്. എന്നാല്‍, സിക്കിം സര്‍ക്കാരിന് നികുതിയായി അടച്ചതാകട്ടെ വെറും 142.93 കോടി. 4500 കോടിയുടെ തട്ടിപ്പിന്റെ പേരിലുള്ള കേസ് ഇപ്പോഴും നിലവില്‍ ഉണ്ടെന്നാണ് പറയുന്നത്.
പേപ്പര്‍ ലോട്ടറിയിലെ സര്‍വ്വാധിപത്യം നേടിയ മാര്‍ട്ടിന്‍ തന്റെ വളര്‍ച്ചയ്ക്ക് ഭരണകൂടങ്ങളെ കൈയിലെടുത്തു. ചെയ്യുന്നത് കള്ളത്തരമാണെന്ന് സ്വയം അറിയാവുന്നതുകൊണ്ട് തന്റെ പിന്നാലെ അന്വേഷണ ഏജന്‍സികളാരും വരരുതെന്ന് ഉറപ്പാക്കേണ്ടതും മാര്‍ട്ടിന്റെ ആവശ്യമായിരുന്നു. അതിനായിരുന്നു കോടികള്‍ നല്‍കി രാഷ്ട്രീയ പാര്‍ട്ടികളെ സന്തോഷിപ്പിച്ചിത്.
ഒരു വശത്ത് രാഷ്ട്രീയ പാര്‍ട്ടികളെ സന്തോഷിപ്പിച്ചുകൊണ്ട് മറുവശത്ത് ലോട്ടറി തട്ടിപ്പുകള്‍ നടത്തുകയായിരുന്നു മാര്‍ട്ടിന്‍. വില്‍ക്കാത്ത ടിക്കറ്റുകള്‍ക്കായിരുന്നു മാര്‍ട്ടിന്റെ നറുക്കെടുപ്പില്‍ ഭാഗ്യം കടാക്ഷിച്ചുകൊണ്ടിരുന്നത്. 2001-ല്‍ ആദായ നികുതി വകുപ്പ് ഇതുസംബന്ധിച്ച് തെളിവുകള്‍ ശേഖരിച്ചിരുന്നു. 1997-ല്‍ നാഗാലാന്‍ഡ് സര്‍ക്കാരിന്റെ ആസാദ് ഹിന്ദ് ബംപര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 50 ലക്ഷം അടിച്ചത് മാര്‍ട്ടിന്റെ മകന്‍ ചാള്‍സിനായിരുന്നു! കേരളത്തില്‍ മാര്‍ട്ടിന്റെ ലോട്ടറി നറുക്കെടുപ്പിലെ 202 വിജയികളില്‍ മലയാളികളായുണ്ടായിരുന്നത് വെറും മൂന്നുപേര്‍. ബാക്കി വിജയികള്‍ മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍, ഒഡീഷ ജാര്‍ഖണ്ഡ്, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ് ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഉള്ളവരും. 2007 ല്‍ കര്‍ണാടകയിലും 2010 ല്‍ കേരളത്തിലും മാര്‍ട്ടിന്റെ കച്ചവടം പൂട്ടിക്കെട്ടി. 2011 ല്‍ സിബിഐ 30 ഓളം കേസുകളാണ് മാര്‍ട്ടിനെതിരേ ചുമത്തിയത്. 4500 കോടിയാണ് സിക്കിം സര്‍ക്കാരിനെ പറ്റിച്ച് നേടിയത്. ഇതിനെതിരേയും സിബിഐ മാര്‍ട്ടിനെതിരേ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. വിചാരണ ഇപ്പോഴും തുടരുകയാണ്. സംസ്ഥാന പൊലീസ് മുതല്‍ കേന്ദ്ര ഏജന്‍സികള്‍ വരെ കേസുകളുമായി പിന്നാലെ കൂടിയിട്ടും മാര്‍ട്ടിന്റെ ബിസിനസ് മുന്നോട്ടു തന്നെ പോകുന്നു. അതെന്തുകൊണ്ടാണ്? ഇത്തരം ലളിതം; രാഷ്ട്രീയ ബന്ധം.
സാന്തിയാഗോ മാര്‍ട്ടിന്റെ ആദ്യത്തെ രാഷ്ട്രീയക്കൂട്ട് തമിഴ്‌നാട്ടിലെ ഡിഎംകെയുമായിട്ടായിരുന്നു എന്നാണ് വിവരം. മാര്‍ട്ടിന്റെ മ്യൂസിക കമ്പനിയായിരുന്ന എസ് എസ് മ്യൂസിക് ആണ് കലൈഞ്ജര്‍ കരുണാനിധിയുടെ 75മത് തിരക്കഥയില്‍ പുറത്തുവന്ന ഇളൈഞ്ജന്‍ എന്ന സിനിമയുടെ നിര്‍മാണം ഏറ്റെടുത്തത്. കരുണാനിധിയുടെ ഫലപ്രാപ്തിയിലെത്താതെ പോയ പൊന്നാര്‍ ശങ്കര്‍ എന്ന സിനിമയ്ക്കു വേണ്ടിയും മാര്‍ട്ടിന്‍ ഫണ്ട് ഇറക്കിയിരുന്നു. 2012ല്‍ അന്ന് കേന്ദ്രം ഭരിച്ചിരുന്ന യുപിഎ സര്‍ക്കാരിലെ മന്ത്രിയും കരുണാനിധിയുടെ മകനുമായ അഴഗിരിയുടെ ഭാര്യ കാന്തി അഴഗിരിക്കെതിരേ ഭൂമിവാങ്ങല്‍ ആരോപണം ഉയര്‍ന്നിരുന്നു. മാര്‍ട്ടിന്‍ കൈയേറിയെടുത്ത ക്ഷേത്ര ഭൂമിയായിരുന്നു കാന്തി വാങ്ങിയത്.
പക്ഷേ, ഇത്രയൊക്കെ രാഷ്ട്രീയ സ്വാധീനം ഉണ്ടായിട്ടും തമിഴ്‌നാട്ടില്‍ ലോട്ടറി നിരോധനം ഏര്‍പ്പെടുത്തിയത് പിന്‍വലിപ്പിക്കാന്‍ മാര്‍ട്ടിന്റെ സ്വാധീനത്തില്‍ സാധിച്ചില്ല. ഡിഎംകെയുടെ എതിരാളി ജയലളിതയായിരുന്നു ലോട്ടറി നിരോധനം ഏര്‍പ്പെടുത്തിയത്. ജയയ്ക്ക് പിന്നാലെ കരുണാനിധി അധികാരത്തില്‍ വന്നെങ്കിലും മാര്‍ട്ടിന്റെ സ്വാധീനത്തിന് വഴങ്ങി നിരോധനം നീക്കാന്‍ കരുണാനിധി തയ്യാറായില്ല.
മാര്‍ട്ടിന് ഡിഎംകെയുടെ പിന്തുണയുണ്ടെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തെ പ്രതിരോധിക്കാന്‍ ലോട്ടറി നിരോധനം നീക്കാത്ത കലൈഞ്ജറുടെ നടപടിയെ ലോട്ടറി രാജാവിന്റെ അനുയായികള്‍ ഉപയോഗപ്പെടുത്തിയിരുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യം അതല്ലെന്നാണ് പ്രൊജക്ട് ഇലക്ടറല്‍ ബോണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള അന്വേഷണത്തില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഡിഎംകെ ഭരണകാലയളവില്‍ മാര്‍ട്ടിന്‍ ശക്തനായിരുന്നുവെന്നാണ്. പൊലീസ് സ്റ്റേഷന്‍ മുതല്‍ സെക്രട്ടേറിയേറ്റില്‍ വരെ മാര്‍ട്ടിന്‍ കാശ് വാരിയെറിഞ്ഞിരുന്നു. അതുകൊണ്ട് ആരും അയാളെ ശല്യപ്പെടുത്തിയിരുന്നില്ല.
2010-ലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിപ്പോര്‍ട്ട് പ്രകാരം തമിഴ്‌നാട് പൊതുഖജനാവിന് മാര്‍ട്ടിന്റെ നിയമവിരുദ്ധ കച്ചവടം മൂലം 7,500 കോടിയുടെ നഷ്ടമാണ് ഉണ്ടായത്. ഇഡിയുടെ രേഖകളില്‍ പറയുന്നത്, തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, കര്‍ണാടക, ജാര്‍ഖണ്ഡ്, ജമ്മു എന്നിവിടങ്ങളിലായി ദിവസേന 10 കോടിയുടെ ലോട്ടറി ടിക്കറ്റുകള്‍ വിറ്റിരുന്നുവെന്നാണ്. ഒരു രൂപ വിലയുള്ള ലോട്ടറി ടിക്കറ്റ് അയാള്‍ കരിഞ്ചന്തയില്‍ 500 രൂപയ്ക്ക് വിറ്റു, സമ്മാനത്തുകയുടെ 50 ശതമാനം മാത്രം വിജയികള്‍ക്ക് നല്‍കി: മാര്‍ട്ടിനെതിരായ ആരോപണങ്ങളാണ്. രാജ്യത്തുടനീളം അയാള്‍ തന്റെതായൊരു ശൃംഖല ഉണ്ടാക്കിയെടുത്തിരുന്നു. നിയമവിരുദ്ധമായി സമ്പാദിക്കുന്ന പണം, റിയല്‍ എസ്റ്റേറ്റ് ബിസിനസുകളില്‍ നിക്ഷേപിച്ചോ ഹവാല വഴിയോ അയാള്‍ വെളുപ്പിച്ചുകൊണ്ടിരുന്നുവെന്നു പറയുന്നു.
മാര്‍ട്ടിനുമേല്‍ ആദ്യമായി നിയമത്തിന്റെ പിടി വീഴുന്നത് 2011ലാണ്. തമിഴ്‌നാട്ടില്‍ അധികാരത്തില്‍ തിരിച്ചെത്തിയ ജയലളിത, സേലത്ത് നടത്തിയ ഒരു ഭൂമി തട്ടിപ്പില്‍ മാര്‍ട്ടിനെ ജയിലില്‍ അടച്ചു. ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട് 40 ന് മുകളില്‍ പരാതികളാണ് മാര്‍ട്ടിനെതിരേ തമിഴ്‌നാട് പൊലീസിന് ലഭിച്ചത്. ആരോപണങ്ങളെല്ലാം മാര്‍ട്ടിന്‍ നിഷേധിച്ചു.
2014-ല്‍ മാര്‍ട്ടിന്‍ വലിയൊരു രാഷ്ട്രീയ ചൂതാട്ടത്തിന് തയ്യാറെടുത്തു. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയുമായിട്ടായിരുന്നു മാര്‍ട്ടിന്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങിയത്. 2014-ല്‍ പുതുതായി രൂപം കൊണ്ട ഇന്തിയ ജനനായഗ കച്ചിയില്‍ മാര്‍ട്ടിന്റെ ഭാര്യ ലീമ റോസ് മാര്‍ട്ടിന്‍ ചേര്‍ന്നു. ബിജെപി സഖ്യകക്ഷിയായ ഐജെകെയുടെ പ്രതിനിധിയായ ലീമ ലോക്‌സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ നരേന്ദ്ര മോദിയുടെ കൂടെ വേദി പങ്കിട്ടിരുന്നു. ഭാര്യ ബിജെപിയുടെ സഖ്യകക്ഷിയില്‍ ചേര്‍ന്നെങ്കില്‍, മാര്‍ട്ടിന്റെ മകന്‍ ചാള്‍സ് നേരിട്ട് ബിജെപിയില്‍ എത്തി. 2015ല്‍ സംഘടനകാര്യ ജനറല്‍ സെക്രട്ടറി രാം മാധവ് ആയിരുന്നു ചാള്‍സിന് പാര്‍ട്ടി അംഗത്വം നല്‍കിയത്. ചാള്‍സ് നിലവില്‍ തന്റെ പിതാവിന്റെ ബിസിനസ് സാമ്രാജ്യത്തിലെ 20 സ്ഥാപനങ്ങളില്‍ ഡയറക്ടറും, മറ്റ് 17 സ്ഥാപനങ്ങളിലെ നിയുക്ത പങ്കാളിയുമാണ്.
ചാള്‍സിന്റെ ബിജെപി പ്രവേശനത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ചവര്‍ സംസ്ഥാനത്തെ ബിജെപിക്കാര്‍ തന്നെയായിരുന്നു. ഡിഎംകെയുമായി ചേര്‍ന്ന് നില്‍ക്കുന്നൊരാളുടെ മകനെ എന്തുകൊണ്ട് പാര്‍ട്ടി സ്വീകരിച്ചെന്നായിരുന്നു അവരുടെ ചോദ്യം. അതിന് അന്നത്തെ തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് തമിളിസൈ സൗന്ദരാജന്‍ നല്‍കിയ മറുപടി, ചാള്‍സിനെതിരേ കേസുകളൊന്നും ഇല്ലല്ലോ എന്നായിരുന്നു. സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന ഒരു ചെറുപ്പക്കാരന്‍ ബിജെപിയില്‍ ചേരുന്നതില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും തമിളിസൈ വ്യക്തമാക്കി.
ഭാര്യയും മകനും ബിജെപിക്കൊപ്പം പോയപ്പോള്‍ മരുമകന്‍ ഡിഎംകെയ്‌ക്കൊപ്പമായിരുന്നു. 2021 ല്‍ ഡിഎംകെയ്ക്കു വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രമൊരുക്കിയ പ്രശാന്ത് കിഷോറിന്റെ ഐ-പാകിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുകയായിരുന്നു ആദവ് അര്‍ജുന. ദേശീയ ബാസ്‌കറ്റ് ബോള്‍ താരമായിരുന്ന ആദര്‍വ് കളിക്കളത്തില്‍ നിന്നാണ് രാഷ്ട്രീയ തന്ത്രജ്ഞനിലേക്ക് ചുവടു മാറുന്നത്. തെരഞ്ഞെടുപ്പില്‍ ഡിഎംകെ വിജയം നേടിയതിനു പിന്നാലെ ആദവ് മുഖ്യമന്ത്രി സ്റ്റാലിന്റെ മരുമകന്‍ ശബരീശന്‍ ആരംഭിച്ച പെന്‍(PEN) എന്ന പൊളിറ്റിക്കല്‍ സ്ട്രാറ്റജി കമ്പനിയുടെ തലവനായി നിയോഗിക്കപ്പെട്ടു. അതിനുശേഷമായിരുന്നു അയാള്‍ വിസികെ പാര്‍ട്ടിയില്‍ ചേരുന്നത്.
തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും മാര്‍ട്ടിന്‍ രാഷ്ട്രീയ ബന്ധം ഉണ്ടാക്കാന്‍ ശ്രമം നടത്തി. ഭരണത്തിലുണ്ടായിരുന്ന സിപിഎമ്മുമായി കൂട്ടുകൂടാനായിരുന്നു ശ്രമം. പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിക്ക് രണ്ടു കോടി സംഭാവന കൊടുത്ത് ആ ബന്ധം ഉറപ്പിക്കാന്‍ മാര്‍ട്ടിന്‍ കരുക്കള്‍ നീക്കി. ദേശാഭിമാനി ജനറല്‍ മാനേജറും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവുമായ ഇപി ജയരാജനുമായിട്ടായിരുന്നു മാര്‍ട്ടിന്റെ ഡീല്‍. എന്നാല്‍ മാര്‍ട്ടിന്റെ ആഗ്രഹത്തിന് അനുസരിച്ച് കാര്യങ്ങള്‍ നടന്നില്ല. മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദന്റെ ഇടപെടലിന്റെ ഫലമായി മാര്‍ട്ടിനോട് വാങ്ങിയ രണ്ടു കോടി തിരിച്ചു കൊടുത്തു. ജയരാജനെ ദേശാഭിമാനി ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കുകയും ചെയ്തു.
മാര്‍ട്ടിന്‍ കേരളത്തില്‍ ലോട്ടറി കൊള്ള നടത്തുന്നത് തിരിച്ചറിഞ്ഞ സര്‍ക്കാര്‍ സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ നിരോധിച്ചുകൊണ്ട് മാര്‍ട്ടിനെ പൂട്ടി. ധനമന്ത്രിയായിരുന്ന തോമസ് ഐസക്കായിരുന്നു മാര്‍ട്ടിനെതിരായ പോരാട്ടത്തിന് നേതൃത്വം നല്‍കിയത്.
കേരളത്തില്‍ മാര്‍ട്ടിന്‍ എല്‍ഡിഎഫിനും യുഡിഎഫിനും ഇടയില്‍ രാഷ്ട്രീയ ആരോപണങ്ങള്‍ക്കുള്ള ആയുധമായി. ലോട്ടറി രാജാവുമായി എല്‍ഡിഎഫിന് ബന്ധമെന്നായിരുന്നു കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള യുഡിഎഫിന്റെ ആരോപണം. എന്നാല്‍ മാര്‍ട്ടിനെതിരായ കേരള സര്‍ക്കാരിന്റെ കേസില്‍ സുപ്രിം കോടതിയില്‍ ലോട്ടറി രാജാവിനു വേണ്ടി വാദിക്കാന്‍ എത്തിയത് മുതിര്‍ന്ന അഭിഭാഷകനും കോണ്‍ഗ്രസും നേതാവുമായിരുന്ന അഭിഷേക് മനു സിംഗ്വിയായിരുന്നു. സിപിഎമ്മിന് സന്തോഷിക്കാനും വകയുണ്ടായിരുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേശകനായിരുന്ന അഡ്വ. എം കെ ദാമോദരനും മാര്‍ട്ടിനു വേണ്ടി കോടതിയിലെത്തിയിരുന്നു.
മാര്‍ട്ടിന്റെ രാഷ്ട്രീയ ബന്ധം ഇത്തരത്തില്‍ ഒരു പാര്‍ട്ടിയില്‍ ഒതുങ്ങാതെ വിശാലമായി നീണ്ടു കിടക്കുകയാണ്. കേസുകള്‍ക്കു മേല്‍ കേസുകള്‍ വരുമ്പോഴും അയാള്‍ നിയമത്തിന് അപ്രാപ്യനായി നില്‍ക്കുന്നതും അതുകൊണ്ടാണ്. പണമെറിഞ്ഞ് അയാള്‍ എല്ലാവരെയും സന്തോഷിപ്പിച്ചിരുന്നു. 2020 ല്‍ മാര്‍ട്ടിന്റെ ഫ്യൂച്ചര്‍ ഗെയിമിംഗ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത് 150 കോടിയായിരുന്നു. ആ വര്‍ഷം കമ്പനി പ്രഖ്യാപിച്ച ലാഭത്തിന്റെ 2.6 മടങ്ങായിരുന്നു ഈ രാഷ്ട്രീയ വിഹിതം. ആ വര്‍ഷം കമ്പനി പ്രഖ്യാപിച്ച വാര്‍ഷിക ലാഭവിഹിതം 56.97 കോടിയായിരുന്നു. എന്നാല്‍ അതേവര്‍ഷം മാര്‍ട്ടിന്‍ വാങ്ങിയത് ഒരു കോടിയുടെ 150 ഇലക്ടറല്‍ ബോണ്ടുകളും! തൊട്ടടുത്ത വര്‍ഷത്തിലും സമാനമായ കാര്യങ്ങള്‍ സംഭവിച്ചു. 2021 ല്‍ കമ്പനിയുടെ വാര്‍ഷികാദായം 49.43 കോടി. ഇതിന്റെ ഏഴു മടങ്ങാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവനയായി നല്‍കിയത്. നാല് ഘട്ടങ്ങളായി 334 കോടിയുടെ ബോണ്ടുകളാണ് ഫ്യൂച്ചര്‍ ഗെയിമിംഗ് വാങ്ങിയത്. ബിജെപിക്കു സിംഹഭാഗ ഓഹരിയുള്ള പ്രുഡന്റ് ഇലക്ടറല്‍ ട്രസ്റ്റിന് 2021 മാര്‍ച്ചിന് കമ്പനി 100 കോടി സംഭവനയായും നല്‍കിയിരുന്നു. 2022 ലാണ് കമ്പനി ഏറ്റവും ഉയര്‍ന്ന തുകയുടെ ബോണ്ടുകള്‍ വാങ്ങിയത്: 500 കോടിയുടെ. 2023 ല്‍ 321 കോടിയുടെ ബോണ്ടുകളും വാങ്ങി. 2024 ജനുവരിയില്‍ 63 കോടിയും മുടക്കി. അതായത്, സുപ്രിം കോടതി തെരഞ്ഞെടുപ്പ് ബോണ്ടുകള്‍ ഭരണഘടന വിരുദ്ധമാണെന്ന് വിധിക്കുന്നതിനു മുമ്പായി. ഫ്യൂച്ചര്‍ ഗെയിമിംഗില്‍ 2019 മെയ് മാസത്തില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡുകള്‍ നടന്നിരുന്നു. അതിനു പിന്നാലെയാണോ മാര്‍ട്ടിന്‍ ഇലക്ടറല്‍ ബോണ്ടുകള്‍ വാങ്ങാന്‍ തുടങ്ങിയതെന്ന് സംശയിക്കാം. 2018 മാര്‍ച്ചിനും 2019 ഏപ്രിലിനും ഇടയില്‍ വാങ്ങിയ ഇലക്ടറല്‍ ബോണ്ടുകളുടെ വിവരങ്ങള്‍ ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ലഭ്യമാക്കിയിട്ടില്ല. അതിനാല്‍ ഫ്യൂച്ചര്‍ ഗെയിമിംഗ് ആ സമയത്ത് കൂടുതല്‍ ബോണ്ടുകള്‍ വാങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല.
കടപ്പാട്: ന്യൂസ് ലോണ്‍ട്രി, ദ സ്‌ക്രോള്‍, ദ ന്യൂസ് മിനിട്ട്