UPDATES

മുടക്കരുത് കുഞ്ഞുങ്ങള്‍ക്കുള്ള അന്നവും

സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി; കേന്ദ്രത്തിന് ‘അവിശ്വസനീയ’മാകുന്ന കേരളത്തിന്റെ കണക്കും ചരിത്രവും

                       

ഒരു ദിവസത്തിനപ്പുറം കേരളത്തില്‍ പുതിയ അദ്ധ്യായന വര്‍ഷം ആരംഭിക്കുകയാണ്. സര്‍ക്കാര്‍/എയ്ഡഡ് മേഖലകളില്‍ മാത്രമായി 13,972 സ്‌കൂളുകളിലായി(ലോവര്‍ പ്രൈമറി- അപ്പര്‍ പ്രൈമറികള്‍ ) ഏകദേശം മുപ്പത് ലക്ഷത്തിനു മുകളില്‍ കുട്ടികള്‍ പഠിക്കാനായി എത്തും. സ്‌കൂളുകള്‍ തുറക്കുന്ന ജൂണ്‍ ഒന്നാം തീയതി തന്നെ എല്‍ പി, യു പി സ്‌കൂളുകളിലെ അര്‍ഹരായ എല്ലാ കുട്ടികള്‍ക്കും ഉച്ഛഭക്ഷണവും വിളമ്പും. ഇന്ത്യയില്‍ സ്‌കൂള്‍ ഉച്ഛഭക്ഷണ പദ്ധതി ഏറ്റവും കാര്യക്ഷമതയോടെയും മാതൃകപരമായും നടപ്പിലാക്കുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിര്‍ദേശങ്ങള്‍ പാകപ്പിഴകള്‍ കൂടാതെ എല്ലാ സ്‌കൂളുകളും നടത്തിപ്പോരുന്നുണ്ട്. പോഷക സമൃദ്ധവും വൃത്തിയുള്ളതുമായ ഉച്ചഭക്ഷണം കുട്ടികള്‍ക്കു ലഭ്യമാക്കാന്‍ സ്‌കൂള്‍ അധികൃതരും അധ്യാപക-രക്ഷകര്‍ത്താ സമതികളും ഉത്തരവാദിത്തം കാണിക്കുന്നു.

മേല്‍പ്പറഞ്ഞ മാതൃകാപരമായ പ്രവര്‍ത്തികള്‍ ഈ അദ്ധ്യായന വര്‍ഷവും തടസങ്ങളിലാതെ നടത്തിക്കൊണ്ടുപോകാന്‍ സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് തയ്യാറെടുപ്പകളോടെ നില്‍ക്കുകയാണെങ്കിലും അതിന് വെല്ലുവിളിയാകുന്ന ചില നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ കണക്കുകള്‍ ‘ അവശ്വസനീയ’മായി തോന്നിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്.

പി എ ബി യോഗത്തിന്റെ മിനുട്‌സ്‌

സ്‌കൂള്‍ ഉച്ഛഭക്ഷണ പദ്ധതിയായ പി എം പോഷന്‍ പദ്ധതിയുടെ പ്രൊജക്ട് അപ്രൂവല്‍ ബോര്‍ഡിനു മുമ്പാകെ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ കണക്കുകള്‍ ‘ അസംഭവ്യം’ എന്നാണ് കേന്ദ്ര സംഘം നിരീക്ഷിച്ചിരിക്കുന്നത്. മേയ് അഞ്ചാം തീയതി ഓണ്‍ലൈന്‍ ആയി ചേര്‍ന്ന യോഗത്തില്‍ 2022-23 വര്‍ഷത്തെ കണക്കുകളും പുതിയ അദ്ധ്യായന വര്‍ഷം ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ്ജിന്റെ നേതൃത്വത്തിലുള്ള സംഘം സമര്‍പ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഉച്ചഭക്ഷണത്തിന്റെ ഗുണഭോക്താക്കളായ കുട്ടികളുടെ എണ്ണം വിശ്വസിക്കാനാവില്ലെന്ന നിലപാടാണ് യോഗത്തിന്റെ മിനുട്‌സില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. കേരളം നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണോയെന്ന് നേരിട്ട് പരിശോധിക്കാന്‍ കേന്ദ്ര-സംസ്ഥാന തലത്തിലെ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. പ്രസ്തുത ഉദ്യോഗസ്ഥര്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ കണക്കുകളുടെ ആധികാരികത പരിശോധിച്ച് ഉറപ്പുവരുത്തുമെന്നാണ് പറയുന്നത്.

എന്താണ് ‘അസംഭവ്യ’മായ കണക്കുകള്‍
കേരളം സമര്‍പ്പിച്ച കണക്കു പ്രകാരം എല്‍ പി സ്‌കൂളുകളില്‍( ഒന്നു മുതല്‍ അഞ്ചു വരെ ക്ലാസുകള്‍) എന്റോള്‍ ചെയ്ത 16,91,216 കുട്ടികളില്‍ 16,69,135 കുട്ടികള്‍ക്കും ഉച്ഛഭക്ഷണ പദ്ധതിയുടെ പ്രയോജനം ലഭ്യമാക്കി. അതായത് സംസ്ഥാനത്തെ എല്‍ പി സ്‌കൂളുകളിലെ 99 ശതമാനം കുട്ടികള്‍ക്കും പി എം പോഷന്‍ പദ്ധതി പ്രകാരമുള്ള ഉച്ചഭക്ഷണം നല്‍കി. അപ്പര്‍ പ്രൈമറി(യുപി) ക്ലാസുകളുടെ കണക്കുകളിലേക്ക് വരുമ്പോള്‍ പ്രവേശനം നേടിയ 11,45,178 കുട്ടികളില്‍ 10,85,129 കുട്ടികള്‍ക്കും ഉച്ഛഭക്ഷണം നല്‍കി. അതായത് ആകെ കുട്ടികളില്‍ 95 ശതമാനത്തിനും. സംസ്ഥാനത്തെ ബാലവാടിക(അംഗന്‍വാടികള്‍)യിലെ 14,0954 കുട്ടികളില്‍ 12,0345 കുട്ടികള്‍ക്കും ഉച്ഛഭക്ഷണം കേരളം നല്‍കി. 85 ശതമാനത്തിനും. ആകെ നോക്കിയാല്‍ ബാലവാടിക, എല്‍ പി, യു പി ക്ലാസുകളിലെ 29,77,348 കുട്ടികളില്‍ 28, 74, 609 കുട്ടികള്‍ക്കും(97 ശതമാനം) പോഷക സമൃദ്ധമായ ഭക്ഷണം കേരളത്തില്‍ ലഭിച്ചിരുന്നു.

പി എ ബി യോഗത്തിന്റെ മിനുട്‌സ്‌

കേരളം പറഞ്ഞ ഈ കണക്കുകളാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രൊജക്ട് അപ്രൂവര്‍ ബോര്‍ഡിന്(പി എ ബി) അസംഭവ്യമായി തോന്നിയിരിക്കുന്നത്. പ്രൈമറി തലത്തില്‍ 99 ശതമാനം കുട്ടികള്‍ക്കും അപ്പര്‍ പ്രൈമറി തലത്തില്‍ 95 ശതമാനം കുട്ടികള്‍ക്കും ഉച്ഛഭക്ഷണം ലഭ്യമാക്കിയെന്ന കണക്കില്‍ ആധികാരികത ഉറപ്പിക്കാന്‍ ജില്ലാതലത്തില്‍ പരിശോധനകള്‍ നടത്തി 2023 ജൂലൈയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് പി എ ബി ആവശ്യപ്പെട്ടിരിക്കുന്നത്.

ജില്ല തലത്തില്‍ കഴിഞ്ഞ അദ്ധ്യായന വര്‍ഷം ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി തലത്തില്‍ ഉച്ഛഭക്ഷണ പദ്ധതിയുടെ പ്രയോജനം ലഭിച്ച കുട്ടികളുടെ എണ്ണം കേരളം പി എ ബി യോഗത്തില്‍ സമര്‍പ്പിച്ചിരുന്നു. പ്രസ്തുത കണക്കു പ്രകാരം, എല്‍ പി വിഭാഗത്തില്‍, ഉച്ഛഭക്ഷണം ലഭ്യമാക്കിയിട്ടുണ്ട്.

പി എ ബി യോഗത്തിന്റെ മിനുട്‌സ്‌

ഈ കണക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസമാണെന്നാണ് പി എ ബി പ്രതിനിധികള്‍ പറയുന്നത്. പ്രൈമറി തലത്തില്‍ പ്രവേശനം നേടിയ എല്ലാ കുട്ടികളും തന്നെ(100 ശതമാനത്തോളം) ഉച്ചഭക്ഷണം കഴിക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടില്‍ കാണാനാകുന്നതെന്നും ഇത് അസംഭവ്യമായി തോന്നുന്നുവെന്നുമാണ് പി എ ബി പറയുന്നത്. യു പി തലത്തില്‍ ഏകദേശം 95 ശതമാനം കുട്ടികള്‍ക്കും പദ്ധതിയുടെ പ്രയോജനം കിട്ടുന്നുണ്ട്. ഈ കണക്കുകള്‍ വിശ്വസിക്കാന്‍ പ്രയാസമുള്ളതുകൊണ്ട് കേന്ദ്രത്തിന്റെയും സംസ്ഥാനത്തിന്റെയും പ്രതിനിധികളെ ഉള്‍പ്പെടുത്തിയൊരു സമിതി രൂപീകരിച്ച്, ഈ സമതി ജില്ല, ബ്ലോക്ക്, സ്‌കൂള്‍- അടിസ്ഥാനത്തില്‍ ഒരു ഗ്രൗണ്ട് തല പരിശോധന നടത്തി, കേരളം സമര്‍പ്പിച്ച കണക്കുകളുടെ ആധികാരികത ഉറപ്പു വരുത്തണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഓരോ ദിവസവും ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം അതാത് ദിവസം തന്നെ കൃത്യമായി രേഖപ്പെടുത്തണമെന്നും കേന്ദ്രം കേരളത്തോട് നിര്‍ദേശിക്കുകയാണ്. കൂടുതല്‍ കൃത്യതയും സുതാര്യതയും ഉറപ്പാക്കാന്‍ സംസ്ഥാനം പദ്ധതിയുടെ പ്രയോജനം നേടുന്ന കുട്ടികളുടെ എണ്ണം ശേഖരിക്കാന്‍ ത്രൈമാസ പുരോഗതി റിപ്പോര്‍ട്ട്(Quarterly Progress Report) തയ്യാറാക്കണമെന്നാണ് പിഎബിയുടെ മറ്റൊരു നിര്‍ദേശം. നിലവില്‍ ഇത്തരമൊരു രീതി പിന്തുടരുന്നില്ലെന്നാണ് സംസ്ഥാനം അറിയിച്ചിരിക്കുന്നതെന്നും പിഎബി മിനുട്‌സില്‍ പറയുന്നുണ്ട്. എന്നാല്‍ സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശ പ്രകാരം ഓരോ സ്‌കൂളും അതാത് ദിവസം ഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം രേഖപ്പെടുത്തുകയും സര്‍ക്കാരിന് കൈമാറുകയും ചെയ്യുന്നുണ്ട്. ഈ കണക്കുകള്‍ പ്രകാരമുള്ള റിപ്പോര്‍ട്ടുകളാണ് പൊതുവിദ്യാഭ്യാസ വകുപ്പ് പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡിന് സമര്‍പ്പിക്കുന്നത്.

പി എ ബി യോഗത്തിന്റെ മിനുട്‌സ്‌

മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍
മുന്‍വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ യാതൊരു സംശയങ്ങളോ, കേരളം പറയുന്ന കണക്കുകള്‍ അസംഭവ്യമാണെന്നോ കേന്ദ്രം പറഞ്ഞിരുന്നില്ലെന്നതും മനസിലാക്കണം. പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡിനു മുമ്പാകെ സംസ്ഥാനം സമര്‍പ്പിച്ച 2021-22 ലെ കണക്കും, 2022-23 ലെ ആനുവല്‍ വര്‍ക്ക് പ്ലാന്‍ ആന്‍ഡ് ബഡജ്റ്റും അടങ്ങിയ റിപ്പോര്‍ട്ടില്‍ പറയുന്നത്, എല്‍ പി വിഭാഗത്തില്‍ ആകെ പ്രവേശനം നേടിയ 18.56 ലക്ഷം വിദ്യാര്‍ത്ഥികൡ 18.45 ലക്ഷവും(99%), അപ്പര്‍ പ്രൈമറിയില്‍ ആകെ പ്രവേശം നേടിയ 11.33 ലക്ഷം വിദ്യാര്‍ത്ഥികളില്‍ 11.14 ലക്ഷം(98%) വിദ്യാര്‍ത്ഥികളും പി എം പോഷന്‍ പദ്ധതിയുടെ പ്രയോജനം അനുഭവിച്ചു എന്നാണ്. കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഉച്ഛഭക്ഷണത്തിന് രജിസ്റ്റര്‍ ചെയ്ത കുട്ടികളെ കൂടാതെ എല്‍ പി, യു പി ക്ലാസുകളില്‍ പ്രവേശനം നേടിയ എല്ലാ കുട്ടികള്‍ക്കും പി എം പോഷന്‍ പദ്ധതിയുടെ ഗുണം ലഭ്യമാക്കാന്‍ പി എ ബി യോട് ആവശ്യപ്പെടുകയും അംഗീകരിക്കുകയും ചെയ്തിരുന്നു. ഈ ഗണത്തില്‍ എല്‍ പി വിഭാഗത്തില്‍ 1.62 ലക്ഷം കുട്ടികള്‍ക്കും യു പി വിഭാഗത്തില്‍ 66,199 കുട്ടികള്‍ക്കും അധികമായി പദ്ധതിയുടെ പ്രയോജനം ലഭിച്ചു. ഇക്കാര്യത്തില്‍ പ്രോഗ്രാം അപ്രൂവല്‍ ബോര്‍ഡ് സംസ്ഥാനത്തെ പ്രശംസിക്കുകയും ചെയ്തു. കഴിഞ്ഞ ബഡജ്റ്റില്‍ സ്‌കൂളുകളില്‍ അടുക്കളയും സ്റ്റോര്‍ റൂം നിര്‍മിക്കാനുള്ള കേരളത്തിന്റെ ശുപാര്‍ശ പ്രകാരം 5481 അടക്കുകള്‍ക്കും സ്റ്റോര്‍ റൂമുകള്‍ക്കുമായി 15.02 കോടി രൂപ കേന്ദ്രം അനുവദിച്ചിരുന്നു. കേരളത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം 2022 ഡിസംബര്‍ 31 ന് മുമ്പാകെ പറഞ്ഞപ്രകാരമുള്ള 5481 കിച്ചന്‍ കം സ്റ്റോറുകള്‍ സ്‌കൂളുകളില്‍ നിര്‍മിക്കുകയും ചെയ്തു. സംസ്ഥാനത്ത് നിലവില്‍ 6259 കിച്ചന്‍ കം സ്‌റ്റോറുകള്‍ സ്‌കൂളുകളില്‍ നിര്‍മിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ നൂറു ശതമാനം നേട്ടം കൈവരിച്ച സംസ്ഥാനമാണ് കേരളം.

കേരള സര്‍ക്കാര്‍ ഉത്തരവിന്റെ കോപ്പി

സ്‌കൂളുകളില്‍ ഉച്ചഭക്ഷണം പാകം ചെയ്യുന്നവരുടെ കാര്യത്തിലും കേരളം മാതൃകാപരമായ ഇടപെടലുകളാണ് നടത്തുന്നതെന്ന് പിഎബി സമ്മതിക്കുന്നു. കേന്ദ്ര വിഹിതവും സംസ്ഥാന വിഹിതവും ഉള്‍പ്പെടെയാണ് സ്‌കൂളുകളില്‍ കുക്ക് കം ഹെല്‍പ്പര്‍ തസ്തികയില്‍(സ്ഥിര നിയമനം അല്ല) ജോലി ചെയ്യുന്നവര്‍ക്ക് ഓണറേറിയം നല്‍കുന്നത്. സാധാരണ ഗതിയില്‍ ഓരോ അദ്ധ്യായന വര്‍ഷവും ആരംഭിക്കുമ്പോള്‍ മൂന്നു മാസത്തെ വിഹിതം(ജൂണ്‍, ജൂലൈ, ഓഗസ്റ്റ്) മുന്‍കൂറായി സംസ്ഥാന സര്‍ക്കാരിന് നല്‍കാറുള്ളതാണ്. ഇപ്പോള്‍ കേന്ദ്ര വിഹിതം വൈകിപ്പിക്കുകയാണ്. അതുകൊണ്ട് കേരളത്തിലെ സ്‌കൂള്‍ പാചക തൊഴിലാളികള്‍ക്ക് മാസങ്ങളുടെ കുടിശ്ശികയാണ് കൂലിയിനത്തില്‍ ബാക്കി കിടക്കുന്നത്. ഇതിനെതിരേ പ്രതിഷേധങ്ങളും സമരങ്ങളും തൊഴിലാളികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ടെങ്കിലും ഒരു ദിവസം പോലും കുട്ടികള്‍ക്ക് ഉച്ചഭക്ഷണം മുടക്കിയിട്ടുള്ള ഒരു സമരത്തിനും തൊഴിലാളികള്‍ തയ്യാറായിട്ടില്ല. ശക്തമായ യൂണിയന്‍ പ്രവര്‍ത്തനം ഈ മേഖലയിലെ തൊഴിലാളികളെ ഉള്‍പ്പെടുത്തി നടത്തുമ്പോഴും കുട്ടികളുടെ ഭക്ഷണം മുടക്കിക്കൊണ്ടുള്ള സമരത്തിന് മനസ് വരില്ലെന്നാണ് തൊഴിലാളികളും യൂണിയന്‍ ഭാരവാഹികളും പറയുന്നത്.

ഉത്തരവാദിത്വം ബാധ്യതയാക്കരുത്‌
ഇന്ത്യയിലെ എല്ലാ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെയും അര്‍ഹരായ കുട്ടികള്‍ക്ക് ഉച്ചഭക്ഷണം ലഭ്യമാക്കാനുള്ള പദ്ധതികള്‍ കേന്ദ്രസര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്നുണ്ടെങ്കിലും ഈ പദ്ധതികളൊക്കെ ആലോചിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും മുമ്പേ കേരളം അതിന്റെ വിദ്യാഭ്യാസ പുരോഗതിയുടെ ഭാഗമായി കുട്ടികള്‍ക്ക് ഭക്ഷണം നല്‍കുക എന്ന ആശയം നടപ്പിലാക്കിയിരുന്നു. പ്രധാന്‍ മന്ത്രി പോഷന്‍ ശക്തി നിര്‍മാന്‍(Pradhan Mantri Poshan Shakti Nirman-PM POSHAN) പി എം പോഷന്‍ എന്ന് 2021 മുതല്‍ പേരുമാറ്റിയിരിക്കുന്ന മിഡ് ഡേ മീല്‍ സ്‌കീം പദ്ധതി നടത്തിപ്പില്‍ ഭക്ഷ്യസാധനങ്ങള്‍, ട്രാന്‍സ്‌പോട്ടേഷന്‍, പാചക തൊഴിലാളികള്‍ക്കുള്ള കൂലി, അടുക്കള, സ്റ്റോര്‍ റൂം നിര്‍മാണം, അറ്റകുറ്റ പണികള്‍, മറ്റ് ചിലവുകള്‍ ഇവയ്‌ക്കെല്ലാം കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും അതാത് വിഹിതം ചെലവഴിക്കുന്നുണ്ട്. നിലവില്‍ ഇത് 60ഃ40 എന്ന രീതിയിലാണു പദ്ധതിയിലെ കേന്ദ്ര-സംസ്ഥാന വിഹിതം). കഴിഞ്ഞ അദ്ധ്യായന വര്‍ഷം(2022-23) സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പിന് അനുവദിച്ചത് മൊത്തം 567.64 കോടി രൂപയാണ്. കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നടപ്പിലാക്കി വരുന്ന ഉച്ചഭക്ഷണ പദ്ധതിയില്‍ കേന്ദ്ര-സംസ്ഥാനങ്ങളുടെ വിഹിതം അനുസരിച്ച് കേന്ദ്രം 225 കോടി നല്‍കി. സംസ്ഥാനം അതിന്റെ വിഹിതമായി 150 കോടിയും കൂടാതെ സംസ്ഥാനത്തിന്റെ അഡീഷണല്‍ അസിസ്റ്റന്‍സായി 192.64 കോടിയും പദ്ധതിക്കായി നല്‍കിയിട്ടുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട കാര്യങ്ങള്‍ കുട്ടികള്‍ക്കായി ചെയ്യാന്‍ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് തയ്യാറാവുകയും സംസ്ഥാന സര്‍ക്കാര്‍ അതിനുള്ള പിന്തുണ നല്‍കുകയും ചെയ്യുന്നതിന്റെ കൂടെ കണക്കാണ് ഇവിടെ വ്യക്തമാകുന്നത്. ഇത്തരം മാതൃകാപരവും വിദ്യാര്‍ത്ഥി സൗഹാര്‍ദ്ദവുമായ പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ കേന്ദ്ര വിഹിതം ലഭിക്കുന്നതിന് കാലതാമസം നേരിടുകയോ, തടഞ്ഞു വയ്ക്കപ്പെടുകയോ, കുറവ് വരുത്തുകയോ ചെയ്താല്‍ സംസ്ഥാനങ്ങള്‍ക്കത് വലിയ ബാധ്യതയും വെല്ലുവിളിയുമാകും.

കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് മുടക്കാനോ, കൊടുക്കുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ കുറയ്ക്കാനോ സംസ്ഥാനം തയ്യാറാകില്ല. അതു മൂലം അമിതഭാരം സംസ്ഥാന സര്‍ക്കാര്‍ വഹിക്കേണ്ടി വരുന്നു. ഏറ്റവും സമൃദ്ധമായ ഭക്ഷണം കുട്ടികള്‍ക്ക് കൊടുക്കുന്നതില്‍ കേരളത്തോട് കിടപിടിക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍ ഇന്ത്യയിലില്ല. മിഡ് ഡേ മീല്‍ സ്‌കീം സ്‌കൂളുകളില്‍ നടപ്പിലാക്കുന്നതിനു പിന്നില്‍ കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുക എന്ന ലക്ഷ്യം മാത്രമല്ലുള്ളത്. ആരോഗ്യമുള്ള ശരീരത്തോടെയും മനസോടെയും കുട്ടികള്‍ പഠിക്കണമെന്നതാണ് പ്രധാന ലക്ഷ്യം. കുട്ടികളെ വിദ്യാഭ്യാസത്തിലേക്ക് അടുപ്പിക്കാനും പദ്ധതി ലക്ഷ്യം വയ്ക്കുന്നു. കൃത്യമായ ആഹാരം ലഭിക്കാത്ത വിഭാഗങ്ങള്‍ ഇന്നും നമ്മുടെ രാജ്യത്തുണ്ട്. ആ വിഭാഗങ്ങളിലെ കുട്ടികളെ സ്‌കൂളുകളിലേക്ക് എത്തിക്കാനും അവര്‍ക്ക് പോഷകപ്രദമായ ഭക്ഷണം കൃത്യമായി നല്‍കാനും ഈ പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നു. കുട്ടികളില്‍ ഐക്യം രൂപപ്പെടുത്തുകയെന്നതും പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. ജാതി-മത-വര്‍ഗ്ഗ-വര്‍ണ്ണ-സാമ്പത്തിക അസമത്വങ്ങളൊന്നുമില്ലാതെ എല്ലാ കുട്ടികളും പരസ്പരം ഇടകലര്‍ന്നിരുന്ന് ഒരേ ഭക്ഷണം കഴിക്കുന്നതിലൂടെ മാനവ ഐക്യം മനസിലാക്കുന്നൊരു തലമുറയെ സൃഷ്ടിക്കുകയെന്ന മഹത്തായ ആശയവും മിഡ് ഡേ മീല്‍സ് സ്‌കീമിനു പിന്നിലുണ്ട്.

എന്നാല്‍ ഇത്തരമൊരു മഹനീയ ആശയം ഇന്ത്യയിലെ എല്ലാ സ്‌കൂളുകളിലും നടപ്പാകാതെ വരുന്ന സാഹചര്യവുമുണ്ട്. പ്രധാനമായും ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ നിന്നൊക്കെ അയിത്തത്തിന്റെയും തൊട്ടുകൂടായ്മയുടെയും പേരില്‍ മാറ്റി നിര്‍ത്തപ്പെടുന്ന കുട്ടികളുടെയും പാചക തൊഴിലാളികളുടെയും കഥകള്‍ പലതവണ വാര്‍ത്തകളായിട്ടുണ്ട്. എന്നാല്‍, കേരളത്തിലെ സ്‌കൂളുകളില്‍ നിന്നും ഇത്തരം വാര്‍ത്തകള്‍ ഇതുവരെ കേള്‍ക്കാന്‍ ഇടവന്നിട്ടില്ലെന്നതും പ്രത്യേകം ശ്രദ്ധിക്കണം.

മുന്നില്‍ നടന്ന നാട്
സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ ചരിത്രം പരിശോധിക്കുമ്പോള്‍, 1995 ഓഗസ്റ്റ് 15 നാണ് മിഡ് ഡേ മീല്‍ സ്‌കീം കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിക്കുന്നത്. ഈ പദ്ധതിയില്‍ ആദ്യം ഉള്‍പ്പെടുത്തിയിരുന്നത്, സര്‍ക്കാര്‍ സ്‌കൂളുകള്‍, സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകള്‍, ത്രിതല പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള സ്‌കൂളുകള്‍ എന്നിവിടങ്ങളിലെ ഒന്നു മുതല്‍ അഞ്ചാം ക്ലാസ് വരെയുള്ള പ്രൈമറി വിഭാഗത്തില്‍പ്പെട്ട കുട്ടികളെ മാത്രമായിരുന്നു. പിന്നീട് കാലാനുസൃമായ മാറ്റങ്ങള്‍ ഓരോരോ സര്‍ക്കാരുകള്‍ വരുത്തിയാണ് നിലവില്‍ പി എം പോഷന്‍ പദ്ധതിയില്‍ വരെ വന്നു നില്‍ക്കുന്നത്. ഓരോ കുട്ടികള്‍ക്കും കൃത്യമായ അളവിലുള്ള കലോറികളും പ്രോട്ടീനുകളും അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വേണം നല്‍കാനെന്ന് വ്യക്തമായ നിര്‍ദേശം സ്‌കൂളുകള്‍ക്ക് നല്‍കിയിട്ടുണ്ട്.

28 വര്‍ഷത്തെ ചരിത്രമാണ് ഉച്ചഭക്ഷണ പദ്ധതിയുടെ കാര്യത്തില്‍ രാജ്യത്തിന് പറയാനുള്ളതെങ്കില്‍ കേരളത്തിലേക്ക് വരുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനും മുമ്പെ, പഠിക്കുന്ന കുട്ടികള്‍ക്ക് വയര്‍ വിശക്കാതിരിക്കാനുള്ള കരുതല്‍ ഇവിടെ സ്വീകരിച്ചിരുന്നുവെന്നു കാണാം. 1941 ല്‍ ശ്രീ ചിത്തിര തിരുന്നാള്‍ ബാലരാമവര്‍മ്മയുടെ ഭരണകാലത്ത് തിരുവിതാംകൂറില്‍ അന്നത്തെ ദിവാനായിരുന്ന സര്‍. സി പി രാമസ്വാമി അയ്യരുടെ ഉത്തരവ് പ്രകാരം ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. ഇതിനായി മഹാരാജാവിന്റെ കീഴില്‍ ഒരു പ്രത്യേക ഫണ്ടും രൂപീകരിച്ചിരുന്നു(vanchi poor fund). ഇത്തരമൊരു പദ്ധതി ആവിഷ്‌കരിക്കുന്നതിന് പിന്നില്‍ ദുര്‍ബല വിഭാഗത്തില്‍ നിന്നുള്ള കുട്ടികളെ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കുകയെന്നതായിരുന്നു. ആ ലക്ഷ്യം വലിയ വിജയം നേടുകയും ചെയ്തു.

1961 മുതല്‍ 1986 വരെ CARE Noon Feeding Programme പ്രകാരം സ്‌കൂളുകളില്‍ ഉച്ചഭക്ഷണ വിതരണം നടന്നു. സ്വകാര്യ ഏജന്‍സിയായ CARE(Corporate Assistance of Kerala) ആയിരുന്നു പദ്ധതിക്കുള്ള പണം ചെലവഴിച്ചിരുന്നത്. എന്നാല്‍ ചില ജില്ലകളില്‍ ഉച്ചഭക്ഷണ പദ്ധതി കെയര്‍ അവസാനിപ്പിച്ചതോടെ കേരള സര്‍ക്കാര്‍ ഉച്ഛഭക്ഷണ പദ്ധതി ഏറ്റെടുത്തു. 1984 നവംബര്‍ 14 ന് ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കുകയും 1984 ഡിസംബര്‍ ഒന്നിന് പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുകയും ചെയ്തു(ഇന്ത്യ സര്‍ക്കാര്‍ ഇങ്ങനെയൊരു പദ്ധതി കൊണ്ടിവരുന്നതിനും ഒരു പതിറ്റാണ്ടിനു മുന്നേ കേരളം ആ പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കാന്‍ തുടങ്ങി). അന്നു മുതലാണ് നമ്മുടെ സ്‌കൂളുകളില്‍ ഉച്ചക്കഞ്ഞിയും വേവിച്ച ചെറു പയറും കുട്ടികള്‍ക്ക് ഉച്ചയ്ക്ക് വിതരണം ചെയ്യാന്‍ തുടങ്ങിയത്. തീരദേശത്തെയും ട്രൈബല്‍ മേഖലകളിലെയും 222 വില്ലേജുകളില്‍പ്പെട്ട ഒന്നു മുതല്‍ നാല് വരെ ക്ലാസുകളിലുള്ള കുട്ടികള്‍ക്കായിരുന്നു തുടക്കത്തില്‍ ഉച്ചഭക്ഷണം വിളമ്പിയിരുന്നത്. ഇതോടെ രാജ്യത്ത് തമിഴ്‌നാടിനു ശേഷം സംസഥാന സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന രണ്ടാമത്തെ സംസ്ഥാനമായി കേരളം മാറി. 1985 ല്‍ ആദ്യം സംസ്ഥാനത്തെ ഓരോ വിദ്യാഭ്യാസ ജില്ലയിലെയും പിന്നാക്ക ഗ്രാമങ്ങളിലെ ഒരു എല്‍ പി സ്‌കൂളിലെന്ന പ്രകാരവും പിന്നീട് കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ എട്ടു ജില്ലകളിലെ എല്ലാ പ്രൈമറി സ്‌കൂളുകളിലും ഉച്ചഭക്ഷണ വിതരണം സര്‍ക്കാര്‍ ആരംഭിച്ചു. 1987 ഫെബ്രുവരി രണ്ടിലെ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും പ്രൈമറി സ്‌കൂളുകളില്‍ ഉച്ചഭക്ഷണം വിളമ്പാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.

1987-88 കാലയളവില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് മേഖലയിലെ എല്ലാ അപ്പര്‍ പ്രൈമറി(യു പി ) ക്ലാസുകളിലെ കുട്ടികള്‍ക്കും കൂടി ഉച്ചഭക്ഷണം ലഭ്യമാക്കി. ജനകീയ പങ്കാളിത്തത്തോടെയാണ് സര്‍ക്കാര്‍ ഈ പദ്ധതി പ്രവര്‍ത്തിപഥത്തിലെത്തിച്ചത്. അധ്യാപകരും രക്ഷകര്‍ത്താക്കളും പൊതുജനവും സഹായിച്ചു. ഉച്ചഭക്ഷണ പദ്ധതിയ്ക്കായി ബഡ്ജറ്റില്‍ നിന്നും അനുവദിച്ച ഒരു കോടി രൂപയുമായി മുഖ്യമന്ത്രിക്കു കീഴില്‍ ഒരു ഉച്ചഭക്ഷണ ഫണ്ട് രൂപീകരിച്ചു. 1987-88 പുറത്തിറക്കിയ രണ്ട് ഓണം ബംബര്‍ ലോട്ടറികളുടെ വില്‍പ്പനയിലൂടെയും മുഖ്യമന്ത്രിയുടെ ഉച്ചഭക്ഷണ ഫണ്ടിലേക്ക് പണം സ്വരൂപിച്ചു. 1989 ല്‍ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി മോണിറ്റര്‍ ചെയ്യാന്‍ ഒരു ഉച്ചഭക്ഷണ സമിതിയും സര്‍ക്കാര്‍ രൂപീകരിച്ചു. ഈ സമിതിയുടെ നിര്‍ദേശ പ്രകാരം 2007-08 അദ്ധ്യായന വര്‍ഷം മുതല്‍ എട്ടാം ക്ലാസിലെ കുട്ടികളെയും പദ്ധതിയുടെ പ്രയോജനത്തിന് അര്‍ഹരാക്കി.

ഈ ചരിത്രം പറയുന്നത്, രാജ്യത്തെ സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ നേതൃത്വം കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്ത് നടപ്പാക്കാന്‍ തുടങ്ങുന്നതിനും മുമ്പ് തന്നെ ജനകീയ പങ്കാളിത്തത്തോടെ കേരളം അത് വിജയകരമായി നടത്തിയിരുന്നുവെന്നാണ്. കമ്പം ചോളം പൊടിയുടെ ഉപ്പുമാവും അമേരിക്കന്‍ പാലപ്പൊടി കലക്കിയ പാലും, പിന്നീട് ഗോതമ്പ് കുറുക്കും പാല്‍പ്പൊടിയും, അതിനുശേഷം കഞ്ഞിയും പയറും വിളമ്പിയിടത്തു നിന്നും ഇപ്പോള്‍ ചോറും മൂന്നു തരം കറികളുമാണ് കേരളത്തിലെ സ്‌കൂളുകളില്‍ കുട്ടികള്‍ക്ക് വിളമ്പുന്നത്. ആഴ്ച്ചയില്‍ ഒരിക്കല്‍ മുട്ടയും രണ്ട് തവണ പാലും.

കേന്ദ്ര വിഹിതം ലഭിക്കുന്നുണ്ടെങ്കില്‍ പോലും സംസ്ഥാനം അധിക ഫണ്ട് ചെലവാക്കിയാണ് നിലവില്‍ പിന്തുടരുന്ന ഉച്ചഭക്ഷണ പദ്ധതി മുന്നോട്ടു കൊണ്ടു പോകുന്നത്. ആഴ്ച്ചയില്‍ രണ്ടു തവണ 150 മില്ലി ലിറ്റര്‍ പാലും ഒരു തവണ പുഴുങ്ങിയ മുട്ടയും(മുട്ടയില്ലാത്ത സമയത്ത് പഴം) സംസ്ഥാനം അതിന്റെ സ്വന്തം ചെലവിലാണ് കുട്ടികള്‍ക്ക് നല്‍കുന്നത്. സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ്, ത്രിതല പഞ്ചായത്ത് അധീനതയിലുള്ള സ്‌കൂളുകള്‍, സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എന്നിവിടങ്ങളിലെല്ലാം പഠിക്കുന്ന ഒന്നു മുതല്‍ എട്ട് വരെ ക്ലാസുകളിലെ കുട്ടികള്‍ക്ക് പദ്ധതിയുടെ എല്ലാ പ്രയോജനങ്ങളും ലഭിക്കുന്നുണ്ട്. കൂടാതെ സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയില്‍ പ്രീ-പ്രൈമറി കുട്ടികള്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്നുണ്ട്. പാചക തൊഴിലാളികളുടെ കാര്യത്തിലാണെങ്കിലും തങ്ങളുടെ വിഹിതത്തിലും കൂടുതല്‍ സംസ്ഥാനം ചെലവാക്കുന്നുണ്ട്. ഇത്തരത്തിലെല്ലാം വലിയ സാമ്പത്തിക ബാധ്യത സംസ്ഥാനം വഹിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ചെറിയ തടസം പോലും ഇവിടുത്തെ കുഞ്ഞുങ്ങളെയാണ് ബാധിക്കുന്നത്. ഏതു തരം അന്വേഷണം നടത്തിയാലും കേരളം സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്ന പ്രകാരം തന്നെ കുട്ടികള്‍ പി എം പോഷന്‍ പദ്ധതിയുടെ ഗുണഭോക്തക്കളായി ഇവിടെയുണ്ടെന്ന് തന്നെയാണ് സംസ്ഥാനത്തെ സ്‌കൂള്‍ അധികൃതരും പറയുന്നത്. ശരിക്കും ഈ കണക്കിലും കൂടുതല്‍ പേര്‍ സ്‌കൂളില്‍ വിളമ്പുന്ന ഭക്ഷണം കഴിക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. പല സ്‌കൂളുകളിലും `ഒമ്പതിലും പത്തിലും പഠിക്കുന്ന കുട്ടികളും ഉച്ചയ്ക്ക് സ്‌കൂളില്‍ വിളമ്പുന്ന ഭക്ഷണം കഴിക്കുന്നുണ്ട്. കൂടാതെ അധ്യാപകരും അനധ്യാപകരും. സ്വന്തം കൈയില്‍ നിന്നും കാശു മുടക്കാന്‍ എതിര്‍പ്പില്ലാത്ത സ്‌കൂള്‍ അധികൃതരും പിടിഎ അംഗങ്ങളും സ്വന്തം മക്കളെപ്പോലെ എല്ലാ വിദ്യാര്‍ത്ഥികളെയും കരുതുന്ന പാചക തൊഴിലാളികളും ചേര്‍ന്നാണ് കേരളത്തില്‍ ഈ പദ്ധതി വിജയകരമായി മുന്നോട്ടു കൊണ്ടു പോകുന്നത്. ആ യാഥാര്‍ത്ഥ്യങ്ങള്‍ കൂടി കേന്ദ്രസര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് മനസിലാകട്ടെയെന്നാണ് അഴിമുഖവുമായി സംസാരിച്ച ഏതാനും അധ്യാപകരും മാതാപിതാക്കളും പറഞ്ഞത്.

രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

More Posts

Follow Author:
Facebook

Share on

മറ്റുവാര്‍ത്തകള്‍