വൈക്കം മുഹമ്മദ് ബഷീര്‍ കല്യാണം കഴിച്ച കഥ
വൈക്കം തലയോലപ്പറമ്പിലെ കണ്ണിയത്തറ തറവാട്ടില്‍ ബഷീറുണ്ടെന്നറിഞ്ഞാണ് കോഴിക്കോട്ട് നിന്നും അബ്ദു റഹിമാന്‍ സാഹിബും കൂട്ടരും എത്തിയത്. വരവിനൊരു ഉദ്ദേശ്യമുണ്ടായിരുന്നു; ‘ന്റുപ്പൂപ്പാക്കൊരാനെണ്ടാര്‍ന്ന്’ നാടകമാക്കണം, കോഴിക്കോട്ട് കളിക്കണം. നാടകരൂപം ബഷീറ് തന്നെയെഴുതണം. ഊരുസഞ്ചാരം കഴിഞ്ഞ് ബഷീര്‍ തറവാട്ടിലെത്തിയിരിക്കുന്നത്, മോശമല്ലാത്ത കുറച്ച് അസുഖങ്ങളൊക്കെയായിട്ടാണ്. വീട്ടുകാരുടെ പരിചരണത്തില്‍ ചെറിയൊരു സുഖ ചികിത്സയിലിരിക്കുകയാണ്. അതിനിടയിലാണ് സാഹിബും കൂട്ടരും കോഴിക്കോട്ടേക്ക് കൂട്ടാന്‍ എത്തിയിരിക്കുന്നത്. സംഗതിയറിഞ്ഞപ്പോള്‍ ബഷീറിന്റെ ഉമ്മ വന്നവരുടെ മുന്നില്‍ ഒരു കാര്യം അവതരിപ്പിച്ചു. ‘കൊണ്ടു പോണത് കൊള്ളാം, പറ്റുമെങ്കില്‍ നിങ്ങടെ നാട്ടീന്ന് ഒരു പെണ്ണിനെ കണ്ടുപിടിച്ച് ഒരു നിക്കാഹ് കഴിപ്പിക്കണം’. അക്കാര്യം തങ്ങളേറ്റെന്ന് ഉമ്മായ്ക്ക് ഉറപ്പ് നല്‍കിയാണ് അബ്ദു റഹിമാന്‍ സാഹിബും കൂട്ടരും കോഴിക്കോടേയ്ക്ക് ബഷീറുമായി പോയത്.
ചന്ദ്രകാന്തത്തിലെ എഴുത്തും കല്യാണാലോചനയും
കോഴിക്കോട് എസ് കെ പൊറ്റക്കാടിന്റെ ചന്ദ്രകാന്തത്തിലായിരുന്നു ബഷീര്‍ എഴുതാനിരുന്നത്. ഉമ്മായ്ക്ക് കൊടുത്ത വാക്ക് പാലിക്കാനായി സാഹിബും സംഘവും ഓരോ ദിവസവും ഒരു കല്യാണക്കാര്യവുമായി ബഷീറിന്റെ മുന്നിലെത്തും. പക്ഷേ, ഒന്നും ബോധിക്കില്ല. അങ്ങനെയിരിക്കെ ഒരു ദിവസം കല്യാണം കഴിപ്പിക്കല്‍ സംഘം ബഷീനു മുന്നിലേക്ക് ഒരു ഫോട്ടോ നീട്ടി. രണ്ട് ടീച്ചര്‍മാര്‍ സ്ഥലം മാറി പോകുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ എടുത്ത ഫോട്ടോ. മൂന്നു പെണ്‍കുട്ടികളായിരുന്നു ഫോട്ടോയില്‍, സ്ഥലം മാറിപ്പോകുന്ന ടീച്ചര്‍മാരും മറ്റൊരു പെണ്‍കുട്ടിയും. ആ പെണ്‍കുട്ടിയെ കാണിക്കാനാണ് ഫോട്ടോ കൊണ്ടുവന്നത്. സാധാരണയുള്ള ഒഴിവുകഴിവുകളൊക്കെ ആദ്യം പറഞ്ഞെങ്കിലും ഫോട്ടോ പിടിച്ചു. അതിനൊരു കാരണം, അക്കാലത്ത് ഒരു മുസ്ലിം പെണ്‍കുട്ടിയുടെ ഫോട്ടോയെന്നത് അത്യപൂര്‍വ്വമാണ്. എന്തായാലും പെണ്ണ് കാണാന്‍ പോകാന്‍ സമ്മതിച്ചു.
‘ഈ മനുഷ്യന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ?’
പെണ്‍കുട്ടി ആ സമയം കോഴിക്കോട് പുതിയകാവ് ഗേള്‍സ് സ്‌കൂളില്‍ ക്വയര്‍ ട്രെയിനിംഗിന് പഠിച്ചുകൊണ്ടിരിക്കുകയാണ്. വൈകിട്ട് സ്‌കൂള്‍ വിട്ടുവന്ന് ചോറുണ്ടുകൊണ്ടിരിക്കുമ്പോഴാണ് അബ്ദു റഹിമാന്‍ സാഹിബ് വരുന്നത്. വന്നപാടെ മോളെയൊന്ന് കാണണമെന്ന് ഉമ്മായോട് പറഞ്ഞു. വാതില്‍ പാളിയുടെ പിന്നില്‍ നിന്നും മുഖം മാത്രം പുറത്തു കാണിച്ചു നിന്ന പെണ്‍കുട്ടിയോട് സാഹിബ് പറഞ്ഞു; ‘ ഫാബിക്കൊരു നിക്കാഹ് കാര്യവുമായിട്ടാണ് ഞാന്‍ വന്നത്, ചെക്കന്റെ പേര് വൈക്കം മുഹമ്മദ് ബഷീര്‍. ഇതാണ് ഫോട്ടോ’ .
സാഹിബ് കാണിച്ച ഫോട്ടോ, ബഷീര്‍ ജയിലില്‍ കിടന്ന സമയത്തേതായിരുന്നു. തോക്കിന്റെ പാത്തികൊണ്ട് അടിയേറ്റ് മുറിഞ്ഞ കൈ കെട്ടിവച്ച് ചോരയുമായി നില്‍ക്കുന്ന ബഷീര്‍. ഫോട്ടോ കണ്ടപാടെ ഫാബി ചോദിച്ചത്, ‘ഈ മനുഷ്യന്‍ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ’ എന്നായിരുന്നു. ആ ചോദ്യത്തിനു കാരണമെന്നത്; എനിക്കേതാണ്ട് മൂന്നു വയസുള്ളപ്പോള്‍ മുതല്‍ ഈ മനുഷ്യന്‍ എഴുതി തുടങ്ങിയതാണല്ലോ’ എന്ന ഫാബിയുടെ ചിന്തയായിരുന്നു.
‘നിനക്ക് പ്രയാസമില്ലെങ്കില്‍ നമുക്ക് കല്യാണം കഴിക്കാം’
1958 നവംബര്‍ 17 നായിരുന്നു വൈക്കം മുഹമ്മദ് ബഷീറിന്റെയും ഫാത്തിമ ബീവിയെന്ന ഫാബിയുടെയും പെണ്ണ് കാണല്‍ ചടങ്ങ്. അബ്ദുറഹിമാന്‍ സാഹിബിന്റെ വീട്ടിലായിരുന്നു ചടങ്ങ്. പെണ്ണ് കാണാനെത്തിയ സംഘത്തില്‍ ബഷീറിനെക്കൂടാതെ എം അബ്ദുറഹിമാന്‍, എം വി ദേവന്‍, കെ എ കൊടുങ്ങല്ലൂര്‍ എന്നിവരുമുണ്ടായിരുന്നു.
ചെക്കനും പെണ്ണിനും തനിച്ച് സംസാരിക്കാനിടം കിട്ടിയപ്പോള്‍ ബഷീര്‍ പറഞ്ഞു, ‘ എനിക്ക് കുറെ പ്രായമുണ്ട്. കൂട്ടിനൊരാളെ വേണമെന്ന് ആഗ്രഹമുണ്ട്. നിനക്ക് പ്രയാസമില്ലെങ്കില്‍ നമുക്ക് കല്യാണം കഴിക്കാം’.
അതു കഴിഞ്ഞ അബ്ദുറഹിമാന്‍ സാഹിബിനോടായൊരു കമന്റ്; എടോ ഇത് ഫോട്ടോയില്‍ കണ്ടപോലത്തെ പെണ്ണല്ലല്ലോ, ഇതൊരു ഗോള്‍ഡന്‍ ഗേള്‍ ആണല്ലോ…’
പിന്നെ എം വി ദേവനോടായി; ഞങ്ങടെയൊരു സ്‌റ്റൈലന്‍ പടം വേണം. പടത്തില് ഇവള്‍ക്ക് കഴുത്തിലും കാതിലും കൈയിലുമൊക്കെ നിറച്ചു പൊന്നുവേണം…
അങ്ങനെ 1958 ഡിസംബര്‍ 18 ന് ബഷീര്‍ ഫാബിയെ നിക്കാഹ് കഴിച്ചു.
‘നീയെന്നെ വിട്ടിട്ട് പോയെന്ന് ഉമ്മ കരുതും’
അടുത്ത വര്‍ഷമാണ് പെണ്ണിനെയും കൊണ്ട് ബഷീര്‍ വൈക്കത്തെ തറവാട്ടിലേക്ക് പോകുന്നത്. കുറച്ചു നാള്‍ക്കൂടി ചുറ്റിയിടിച്ചിട്ട് പോയാല്‍ പോരെ എന്ന് വൈക്കത്തേക്ക് പോകും മുന്നേ ഫാബി ചോദിച്ചു. ഇനിയും താമസിച്ചാല്‍ ഉമ്മ കരുതും നീയെന്നെ വിട്ടിട്ട് പോയെന്ന്’ എന്നായിരുന്നു മറുപടി. 59 ല്‍ രണ്ടുപേരും തലയോലപ്പറമ്പില്‍ താമസം തുടങ്ങി. പിറ്റേവര്‍ഷമാണ് രണ്ടുപേര്‍ക്കും ആദ്യത്തെ കുഞ്ഞ് പിറക്കുന്നത്; ഷാഹിന. മോളെ തലയിലേറ്റ് നടക്കലായിരുന്നു പ്രധാന ജോലി. കാണാന്‍ വരുന്നവരൊക്കെ തിരിച്ചു പോകുമ്പോള്‍ അവരെ യാത്രയാക്കാന്‍ പോകുന്നതും മോളെ തലയിലേറ്റിക്കൊണ്ടായിരിക്കും. പോകുന്നവര്‍ക്കൊക്കെ റ്റാറ്റാ പറയാന്‍ പറഞ്ഞു, പറഞ്ഞു, മോളൊടുവില്‍ ബഷീറിനെ റ്റാറ്റാ എന്നു വിളിക്കാന്‍ തുടങ്ങി. പിന്നെ മക്കള്‍ക്കും ഫാബിക്കും ബഷീര്‍ റ്റാറ്റ ആയി.
‘കുറച്ചുകൂടുതല്‍ പുസ്തകങ്ങള്‍ ചെലവായി’
ബഷീറിന്റെ കടുത്ത ആരാധിക കൂടിയായിരുന്നു ഫാബി. ബഷീറിനെ ചിലര്‍ വിവാദങ്ങളില്‍ നിര്‍ത്തിയപ്പോഴെല്ലാം ഭാര്യ എന്ന നിലയിലല്ല, ബഷീര്‍ കൃതികളുടെ വായനക്കാരിയെന്ന നിലയിലായിരുന്നു ഫാബി നിന്നത്. ബഷീറിനെ വിമര്‍ശിച്ചെഴുതിയിരുന്ന എം കൃഷ്ണന്‍ നായര്‍ ഒരു ദിവസം അക്ബര്‍ കക്കട്ടിലിനെയും കൂട്ടി ബഷീറിനെ കാണാന്‍ വീട്ടില്‍ ചെന്നു. അടുക്കളയിലായിരുന്ന ഫാബിയെ വിളിച്ച് കൃഷ്ണന്‍ നായരെ ചൂണ്ടി അറിയുമോയെന്ന് ചോദിച്ചു ബഷീര്‍. അറിയില്ലെന്ന് പറഞ്ഞപ്പോള്‍, ഇതാണ് കൃഷ്ണന്‍ നായര്‍ എന്നു പരിചയപ്പെടുത്തു. വാരികയിലെഴുതുന്ന കൃഷ്ണന്‍ നായര്‍ അല്ലേ എന്നു മാത്രം ചോദിച്ചിട്ട് ഫാബി തിരികെ അടുക്കളിയിലേക്ക് പോയി. ബഷീര്‍ എഴുത്തും തുടര്‍ന്നു. കുറച്ചു നേരം കഴിഞ്ഞ് കൃഷ്ണന്‍ നായര്‍ ഫാബിയുടെ അടുക്കല്‍ ചെന്നു പറഞ്ഞു; ഞാന്‍ നിങ്ങളുടെ ഭര്‍ത്താവിനെക്കുറിച്ച് ഒരുപാട് മോശമായി എഴുതിയിട്ടുണ്ട്. അതിനു നേരില്‍ കണ്ട് മാപ്പ് പറയാനാണ് വന്നത്’
ഫാബിയുടെ മറുപടി ഇങ്ങനെയായിരുന്നു; ‘ നിങ്ങളെഴുതിയതുകൊണ്ട് അദ്ദേഹത്തിന് ഒരു കുഴപ്പവുമുണ്ടായിട്ടില്ല. അതുകൊണ്ട് ഞങ്ങള്‍ക്ക് കുറച്ചു കൂടുതല്‍ പുസ്തകങ്ങള്‍ ചെലവായിട്ടേയുള്ളൂ…’
മുലപ്പാല്‍ ബന്ധവും മുടങ്ങിയ കല്യാണാലോചനയും
ബന്ധത്തിലൊരാളുടെ മകളെ ബഷീനുവേണ്ടി പെണ്ണാലോചിച്ചിരുന്നു അദ്ദേഹത്തിന്റെ ഉമ്മ. അന്നത്ര പ്രശസ്തനൊന്നുമല്ല. പെണ്ണിന്റെ വീട്ടുകാര്‍ക്ക് ബന്ധത്തിന് താത്പര്യമില്ലായിരുന്നു. കല്യാണം വേണ്ടെന്ന് വയ്ക്കാന്‍ അവര്‍ കണ്ടു പിടിച്ച കാരണം; പെണ്ണിന്റെ ഉമ്മയുടെ മുലപ്പാല്‍ ബഷീറും കുടിച്ചിട്ടുണ്ടെന്നതായിരുന്നു. മുലകുടി ബന്ധ പ്രകാരം ബഷീര്‍ പെണ്ണിന്റെ സഹോദരനായി വരുമെന്ന്! ആ പെണ്‍കുട്ടിയെ വേറെ കെട്ടിച്ചു. എന്നാല്‍ ആ ബന്ധം അധികം നീണ്ടില്ല. ഭര്‍ത്താവുമായി പിരിഞ്ഞ് പെണ്ണ് സ്വന്തം വീട്ടിലേക്ക് പോന്നു. ഈ സമയം ബഷീര്‍ രാജ്യ സഞ്ചാരമൊക്കെ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയിരുന്നു. അറിയപ്പെടുന്ന എഴുത്തുകാരനുമായി. കൈയില്‍ കാശുമുണ്ട്. ബന്ധം പിരിഞ്ഞ മകളെ ബഷീറിനെക്കൊണ്ട് കെട്ടിക്കാന്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ സമീപിച്ചു. പഴയ മുലപ്പാലിന്റെ ബന്ധം ഇപ്പോഴുമുണ്ടെന്ന് പറഞ്ഞ് അവരെ മടക്കി അയച്ചു ബഷീര്‍.
‘ ബാല്യകാല സഖി’ ബഷീറിന്റെയും ആ പെണ്‍കുട്ടിയുടെയും കഥയാണെന്ന് പലരും പറയുന്നുണ്ട്. അതങ്ങനെയല്ല, ബഷീര്‍ അല്ല മജീദ്…
‘ഉണ്ണാന്‍ ആളു കാണും, കഞ്ഞിക്കലത്തിലേക്ക് ഒരു ബക്കറ്റ് വെള്ളമൊഴിച്ചേര്’
നല്ല രുചിയുള്ള ഭക്ഷണം ഉണ്ടാക്കാനറിയാമായിരുന്നു ബഷീറിന്. വീട്ടിലുള്ളപ്പോഴൊക്കെ അടുക്കളയില്‍ കയറി ഓരോന്നും ഉണ്ടാക്കുമായിരുന്നു. ബഷീറായിരുന്നു ഫാബിയെ പാചകം പഠിപ്പിച്ചതും. ബഷീറുണ്ടെങ്കില്‍ വീട്ടിലെപ്പോഴും സന്ദര്‍ശകരായിരുന്നു. വരുന്നവരിലധികവും ഭക്ഷണം കഴിച്ചിട്ടേ പോകൂ. ആരെങ്കിലും വരുന്നുണ്ടെന്നറിഞ്ഞാല്‍ അവര് കഴിക്കാനുണ്ടാകുമോയെന്ന് ബഷീര്‍ മുന്‍കൂട്ടി മനസിലാക്കുമായിരുന്നു. അതറിഞ്ഞ് ഫാബിയോട് വിളിച്ചു പറയും; ഇന്ന് ഉണ്ണാന്‍ ആളു കാണും നീയാ കഞ്ഞിക്കലത്തിലേക്ക് ഒരു ബക്കറ്റ് വെള്ളം കൂടിയൊഴിച്ചേര്…
ഒരു പാവം ബഷീര്‍
ഊരുചുറ്റി നടന്നിരുന്ന കാലത്തെയാളായിരുന്നില്ല പിതാവും കുടുംബനാഥനുമായശേഷമുള്ള ബഷീര്‍. വീട്ടില്‍ നിന്നും മാറി നില്‍ക്കാന്‍ മടിയായിരുന്നു. മദ്രാസിലൊക്കെ പോകുന്നത് വലിയ വിഷമമുള്ള കാര്യമായിരുന്നു. തിരിച്ച് വീട്ടിലെത്താനായിരുന്നു വെപ്രാളം. മക്കള്‍ ജീവനായിരുന്നു. അവര്‍ സങ്കടപ്പെടുന്നത് സഹിക്കാന്‍ പറ്റില്ലായിരുന്നു. അവസാന കാലത്ത് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നേരം മകളോട് കൂടെ വരേണ്ടന്നാണ് പറഞ്ഞത്. മകള് സങ്കടപ്പെടുന്നത് കാണാന്‍ പറ്റാത്തതുകൊണ്ട് പറഞ്ഞതായിരുന്നു. പുറമെ കാണിക്കില്ലായിരുന്നുവെങ്കിലും മനസിന് വലിയ കട്ടിയൊന്നുമില്ലാതിരുന്ന പാവമായിരുന്നു വൈക്കം മുഹമ്മദ് ബഷീര്‍….
(2008 ല്‍ ബഷീര്‍-ഫാബി അമ്പതാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ലേഖകന്‍ ഫാബി ബഷീറുമായി നടത്തിയ അഭിമുഖത്തില്‍ നിന്നുള്ള വിവരങ്ങള്‍ ചേര്‍ത്താണ് ഈ കുറിപ്പ് തയ്യാറാക്കിയത്)