UPDATES

കേരളം

‘എന്റെ സഖാക്കള്‍ ഇപ്പോഴും ജയിലിലാണ്’; എകെജിയുടെ അടിയന്തരാവസ്ഥ കാലത്തെ പ്രസംഗം

1975 ജൂലൈ 21 ന് ഏകെജി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം

                       

1975 ജൂണ്‍ 25ന് അര്‍ദ്ധരാത്രിയാണ് പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ശുപാര്‍ശ പ്രകാരം രാഷ്ട്രപതി ഫ്ക്രുദ്ദീന്‍ അലി അഹമ്മദ് രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ജൂണ്‍ 26ന് രാവിലെ പ്രതിപക്ഷ നേതാക്കളുടെ അറസ്റ്റ് തുടങ്ങി. ‘പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു’ എന്നായിരുന്നു രാജ്യത്തെ പ്രധാന പ്രതിപക്ഷ കക്ഷി നേതാക്കളിലൊരാളായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവ് എകെ ഗോപാലന്റെ ആദ്യ പ്രസ്താവന. അത് ദേശാഭിമാനി പ്രസിദ്ധീകരിച്ചിരുന്നു. അതേസമയം മാധ്യമങ്ങള്‍ക്ക് സെന്‍സര്‍ഷിപ്പ് വന്നു. ഇന്ത്യന്‍ എക്സ്പ്രസ് അടക്കമുള്ള പത്രങ്ങള്‍ എഡിറ്റോറിയല്‍ കോളം ഒഴിച്ചിട്ട് പ്രതിഷേധിച്ചു. പലം പത്രങ്ങളും മുഖപ്രസംഗം ഒഴിവാക്കി പ്രതിഷേധിച്ചു. ജനാധിപത്യ അവകാശങ്ങള്‍ ചവുട്ടിയരക്കപ്പെട്ടു. രാഷ്ട്രീയ എതിരാളികള്‍ ഒന്നൊന്നായി ജയിലിലായി. സിപിഎം പൊളിറ്റ് ബ്യൂറോ അംഗങ്ങളായിരുന്ന എകെ ഗോപാലനേയും ഇഎംഎസ് നമ്പൂതിരിപ്പാടിനേയും അറസ്റ്റ് ചെയ്ത് ജയിലിലടച്ചെങ്കിലും പിന്നീട് വിട്ടയച്ചു. ഇരു നേതാക്കളും മൈക്കില്ലാതെ വിവിധ പ്രദേശങ്ങളിലെ പൊതുയോഗങ്ങളില്‍ അടിയന്തരാവസ്ഥയ്ക്കെതിരെ പ്രസംഗിച്ചു.

എന്നാല്‍ സിപിഎം അടക്കമുള്ള മിക്ക പ്രതിപക്ഷ കക്ഷികളുടേയും ഭൂരിഭാഗം നേതാക്കളും ജയിലില്‍ തന്നെയായിരുന്നു. ചിലര്‍ അടിയന്തരാവസ്ഥയുടെ 19 മാസവും ജയിലില്‍ കഴിയേണ്ടി വന്നു. 1975 ജൂലായ് 21ന് എകെജി ലോക്സഭയില്‍ നടത്തിയ പ്രസംഗം ശ്രദ്ധേയമാണ്. ദേശീയ സ്വാതന്ത്ര്യസമര പ്രസ്ഥാനമായ കോണ്‍ഗ്രസ് തന്നെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ അട്ടിമറിക്കുന്നതിനെതിരായ രൂക്ഷ വിമര്‍ശനമാണ് പ്രസംഗത്തിലുണ്ടായിരുന്നത്. താനടക്കമുള്ള ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര്യ പോരാളികളെ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ആയിരക്കണക്കിന് സഖാക്കള്‍ ജയിലുള്ളപ്പോള്‍ തന്നെയും ഇഎംഎസിനേയും മാത്രം എന്തിനാണ് വിട്ടയച്ചത് എന്ന് എകെജി പ്രധാനമന്ത്രിയോടും സര്‍ക്കാരിനോടും ചോദിച്ചു. സിപിഎമ്മിന്റെ 34 എംപിമാര്‍ ജയിലിലാണ് എന്ന് എകെജി ചൂണ്ടിക്കാട്ടി.

കടപ്പാട്; ദേശാഭിമാനി

1975 ജൂലായ് 21 ന് ലോക്സഭയില്‍ എകെജി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം;

‘സിപിഐഎമ്മിന് വേണ്ടി ഞാന്‍ പറയുന്നു. അടിയന്തരാവസ്ഥയെ ഞാന്‍ ശക്തമായി എതിര്‍ക്കുന്നു.’

വളരെയധികം അസ്വസ്ഥതയുണ്ടാക്കുന്ന അസാധാരണ സാഹചര്യത്തിലാണ് ഞാന്‍ ഇന്ന് ഇവിടെ സംസാരിക്കുന്നത്. ഞങ്ങളുടെ 34 എംപിമാര്‍ ഇവിടെയില്ല. അവരുടെ കുഴപ്പം കൊണ്ടല്ല, അവരെ വിചാരണയില്ലാതെ തടവില്‍ വച്ചിരിക്കുകയാണ്. പാര്‍ലമെന്റ് തന്നെ വെറും പ്രഹസനമായി മാറിയിരിക്കുന്നു. പ്രധാനമന്ത്രി ഇന്ദിര ഗാന്ധിക്കും അവരുടെ പാര്‍ട്ടിക്കും നിന്ദ്യമായി ഉപയോഗിക്കാനുള്ള ഒരു വസ്തുവായിരിക്കുന്നു ഇത്. എന്നെ അറസ്റ്റ് ചെയ്ത് ഒരാഴ്ച ജയിലിലടച്ചു. ജ്യോതിര്‍മൊയ് ബസുവിനെയും നൂറുല്‍ ഹുദയേയും ജയിലിലടച്ചു. എനിക്ക് വയസായിരിക്കുന്നു. എനിക്കിപ്പോള്‍ അത്ര ഉച്ചത്തില്‍ സംസാരിക്കാന്‍ കഴിയുന്നില്ല. എന്നെ ജയിലില്‍ നിന്ന് വിട്ടപ്പോള്‍, ജ്യോതിര്‍മൊയ് ബസുവിനേയും നൂറുല്‍ ഹുദയേയും ജയിലില്‍ തന്നെ ഇട്ടിരിക്കുകയാണ്. കാരണം വളരെ വ്യക്തമാണ്.

ഞാന്‍ ജയിലുകളെ ഭയപ്പെടുന്നില്ല. കഴിഞ്ഞ 45 വര്‍ഷത്തിനിടെ 17 വര്‍ഷവും ഞാന്‍ ജയിലിലായിരുന്നു. അതേസമയം രണ്ട് ദിവസം ഞാന്‍ ജയിലില്‍ നേരിട്ടത് മനുഷ്യത്വരഹിതമായ പെരുമാറ്റമായിരുന്നു. എനിക്ക് നിരാഹാരം കിടക്കേണ്ടി വന്നു. സ്പീക്കര്‍ക്ക് ടെലിഗ്രാം അയച്ച ശേഷമാണ് സ്ഥിതി അല്‍പ്പം മെച്ചപ്പെട്ടത്. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പോരാടി ജയിലില്‍ കിടന്നിട്ടുള്ള ഒരു പഴയ കോണ്‍ഗ്രസുകാരന്‍ എന്ന നിലയില്‍ ഞാന്‍ ഇന്ന് ഇത്തരം പെരുമാറ്റങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ അത് വിഷമമുണ്ടാക്കുന്നു. രണ്ട് ദിവസം മുമ്പ് മാത്രമാണ് എന്നെ ജയിലില്‍ നിന്ന് വിട്ടത്. കാരണം എനിക്കറിയാം. പക്ഷെ രണ്ടായിരമോ മൂവായിരമോ വരുന്ന എന്റെ സഖാക്കള്‍ ഇപ്പോളും ജയിലിലാണ്. അതിനേക്കുറിച്ച് നിങ്ങള്‍ക്ക് എന്താണ് പറയാനുള്ളത്. എന്തുകൊണ്ട് നിങ്ങള്‍ എന്നെയും ഇഎംഎസിനേയും മാത്രം മോചിപ്പിച്ചു. മാര്‍ക്സിസ്റ്റുകാരേയും ഇടതുപക്ഷക്കാരേയും പ്രതിപക്ഷ പാര്‍ട്ടിക്കാരേയും അറസ്റ്റ് ചെയ്തിട്ടില എന്ന് ലോകത്തിന് മുന്നില്‍ കാണിക്കാനല്ലേ. അറസ്റ്റ് ചെയ്യപ്പെട്ടവരെല്ലാം പ്രതിലോമകാരികള്‍ മാത്രമാണെന്ന് കാണിക്കാന്‍.

ഈ പാര്‍ലമെന്റ് സെഷന്‍ സര്‍ക്കാരിന്റെ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് സാധുത നല്‍കാനുള്ളതാണ്. ആഭ്യന്തര സുരക്ഷയുടെ പേരില്‍ ജൂണ്‍ 26ന് രാഷ്ട്രപതി നടത്തിയ അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് സാധുത നല്‍കാന്‍. പ്രതിപക്ഷത്തെ അതിന്റെ കടമ നിര്‍വഹിക്കുന്നതില്‍ നിന്ന് തടയുന്നു. എന്തുകൊണ്ട്.

പെട്ടെന്നുള്ള ഈ പ്രഖ്യാപനം രാജ്യം നേരിടുന്ന ഏതെങ്കിലും ആഭ്യന്തര സുരക്ഷാ ഭീഷണി കാരണമുള്ളതല്ല. മറിച്ച് അലഹബാദ് ഹൈക്കോടതി വിധിയും ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനുണ്ടായ തിരിച്ചടിയും മൂലമുണ്ടായതാണ്. ഇന്ദിര ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകര്‍ന്നിരിക്കുകയാണ്. മുതലാളിത്ത വികസനമാണ് സമ്പദ് വ്യവസ്ഥയെ പാപ്പരാക്കുന്നത്. അത് പണക്കാരനെ കൂടുതല്‍ പണക്കാരനും പാവപ്പെട്ടവനെ കൂടുതല്‍ പാവപ്പെട്ടവനുമാക്കുന്നു. ജനങ്ങളുടെ ഈ അവിശ്വാസം തിരിച്ചറിഞ്ഞുകൊണ്ടാണ് സുപ്രീം കോടതിയുടെ അന്തിമവിധി വരുന്നത് വരെ പ്രധാനമന്ത്രി രാജി വയ്ക്കാന്‍ വിസമ്മതിച്ചത്.

സിപിഐഎമ്മിന് വേണ്ടി ഞാന്‍ പറയുന്നു, ഞാന്‍ ഈ അടിയന്തരാവസ്ഥ പ്രഖ്യാപനത്തേയും സഭ അതിന് സാധുത നല്‍കുന്നതിനേയും പൂര്‍ണമായും എതിര്‍ക്കുന്നു. 39 എംപിമാരടക്കം നിരവധി പ്രതിപക്ഷ നേതാക്കള്‍ അറസ്റ്റിലാണ്. ഈ രാജ്യത്തെ ജനങ്ങളുടെ താല്‍പര്യത്തെ ഞങ്ങള്‍ക്ക് വഞ്ചിക്കാനാവില്ല. ഇന്ത്യന്‍ ജനാധിപത്യത്തെ തുടച്ചുനീക്കുന്നത് ഞങ്ങള്‍ക്ക് അനുവദിക്കാന്‍ കഴിയില്ല.

ഈ ജനാധിപത്യ കശാപ്പിനെ എങ്ങനെ നീതികരിക്കാനാകും. ഇന്ദിര ഗാന്ധി അവകാശപ്പെടുന്നത് ഇത് വലതുപക്ഷത്തേയും ഇടതുപക്ഷ തീവ്രവാദികളേയും പരാജയപ്പെടുത്താനാണ് എന്നാണ്. ഈ കപട പ്രചാരണം രാജ്യത്തെ പൊതുജനാഭിപ്രായം അനുകൂലമാക്കാനും വിദേശരാജ്യങ്ങളുടെ പിന്തുണ നേടാനുമുള്ളതാണ്. ഇതിന്റെ ഭാഗമായാണ് ഗൂഢാലോചന സംബന്ധിച്ച, അട്ടിമറി ശ്രമങ്ങള്‍ സംബന്ധിച്ച, ആര്‍മിയോടും പൊലീസിനോടും സര്‍ക്കാരിന്റെ നിയമവിരുദ്ധ ഉത്തരവുകള്‍ അനുസരിക്കരുത് എന്ന് പറയുന്നത് സംബന്ധിച്ച് എല്ലാം ശക്തമായ പ്രൊപ്പഗാണ്ടകള്‍ വരുന്നത്. ഈ ശക്തമായ പ്രചാരണം മാറ്റിവച്ച് നോക്കിയാല്‍ എന്താണ് യാഥാര്‍ത്ഥ്യം. യാതൊരു ബഹുജന പിന്തുണയുമില്ലാത്ത, സര്‍ക്കാര്‍ ഈ പറയുന്ന സംഘടനകളെല്ലാം പെട്ടെന്ന് രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണിയാണെന്നും ഇവയെ നേരിടാനുള്ള വഴി അടിയന്തരാവസ്ഥ കൊണ്ടുവരുകയാണ് എന്നെല്ലാം പറഞ്ഞാല്‍ അത് ജനങ്ങള്‍ വിശ്വസിക്കുമെന്ന് കരുതരുത്. ഇത്തരം രാഷ്ട്രീയത്തേയും പ്രത്യയശാസ്ത്രങ്ങളേയും രാഷ്ട്രീയമായും പ്രത്യയശാസ്ത്രപരമായും ചെറുത്ത് തോല്‍പ്പിക്കണം. അവര്‍ ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ് എങ്കില്‍ സാധാരണ ക്രിമിനല്‍ നിയമങ്ങള്‍ കൊണ്ട് അവരെ നേരിടണം.

അടിയന്തരാവസ്ഥ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ എടുത്തിട്ടുള്ള നടപടികള്‍ വ്യക്തമാക്കുന്നത് ഇത് ജനവിരുദ്ധമാണ് എന്നാണ്. ജനങ്ങള്‍ക്ക് എന്തെല്ലാം ജനാധിപത്യ അവകാശങ്ങളാണോ ഉള്ളത് അതെല്ലാം പൂര്‍ണമായും നിഷേധിക്കപ്പെടുന്നു. മൗലികാവകാശങ്ങളെക്കുറിച്ച് പറയുന്ന ഭരണഘടനയുടെ മൂന്നാം അധ്യായം ഒരു അപ്രസക്തമാക്കപ്പെട്ടിരിക്കുന്നു. ഭരണഘടനയുടെ 14, 22 അനുച്ഛേദങ്ങള്‍ മരവിപ്പിക്കപ്പെട്ടിരിക്കുന്നു. സര്‍ക്കാരിനേയോ കോണ്‍ഗ്രസിനേയോ വിമര്‍ശിക്കുന്നതൊന്നും തന്നെ പ്രസിദ്ധീകരിക്കാന്‍ അനുവദിക്കുന്നില്ല. ജനങ്ങളെ സ്ഥാപിത താല്‍പര്യക്കാര്‍ ചൂഷണം ചെയ്യുന്നത്, തൊഴിലാളികളെ മുതലാളിമാര്‍ ചൂഷണം ചെയ്യുന്നത്, കര്‍ഷകത്തൊഴിലാളികളും ചെറുകിട കൃഷിക്കാരും ചൂഷണം ചെയ്യപ്പെടുന്നത് – ഇതിന്റെയൊന്നും വാര്‍ത്തകള്‍ അനുവദിക്കപ്പെടുന്നില്ല. സര്‍ക്കാരിനെതിരായ ചെറിയ വിമര്‍ശനങ്ങള്‍ പോലും അനുവദിക്കപ്പെടുന്നില്ല. ഉല്‍പ്പാദനത്തെ തടസപ്പെടുത്തുന്നു എന്ന പേരില്‍ തൊഴിലാളികളുടേയും കൃഷിക്കാരുടേയും കര്‍ഷകത്തൊഴിലാളികളുടേയും പ്രക്ഷോഭങ്ങള്‍ അടിച്ചമര്‍ത്തുന്നു.

ജനാധിപത്യശക്തികളെ അടിച്ചമര്‍ത്തുകയാണ് അടിയന്തരാവസ്ഥ. കുത്തകകള്‍ക്കും ജന്മിമാര്‍ക്കുമെതിരെ പോരാടുന്ന ജനകീയ ശക്തികളെ അടിച്ചമര്‍ത്തിക്കൊണ്ട് ഇന്ദിര ഗാന്ധി വലതുപക്ഷത്തിനെതിരെ പോരാടുകയാണ് എന്ന് പറഞ്ഞാല്‍ അത് ആരെങ്കിലും വിശ്വസിക്കുമോ. സോവിയറ്റ് യൂണിയനിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയടക്കം ലോകത്തെ ചില കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ വലതുപക്ഷത്തിനെതിരായ ആക്രമണം എന്ന് തെറ്റിദ്ധരിച്ച്, അതിജീവനത്തിനായി പോരാടുന്നവരെ അടിച്ചമര്‍ത്തുന്ന ഈ ജനാധിപത്യ കശാപ്പിനെ പിന്തുണക്കുന്നത് ദൗര്‍ഭാഗ്യകരമാണ്.

Share on

മറ്റുവാര്‍ത്തകള്‍