UPDATES

ജാമ്യമോ വിചാരണയോ ഇല്ല; ഇപ്പോഴും ജയിലിലാണ് ഉമർ ഖാലിദ്

ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് 2020 ൽ ഖാലിദ് അറസ്റ്റിലാവുന്നത്.

                       

മുപ്പത്തിരണ്ട് വയസുള്ള തൊഴിൽരഹിതനായ ഒരു ഇന്ത്യക്കാരൻ വൈസ് ഏഷ്യക്കു നൽകിയ അഭിമുഖത്തിൽ ഉമർ ഖാലിദ് സ്വയം പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്. എന്നാൽ മറ്റേത് ഇന്ത്യക്കാരനും കടന്നു പോകാത്ത സമാനതകളില്ലാത്ത സാഹചര്യങ്ങളിലൂടെയായിരിക്കും ഈ ജനാധിപത്യ വിശ്വാസി ജീവിക്കുന്നുണ്ടാവുക. ജവാഹർലാൽ നെഹ്റു സർവകലാശാലയിലെ മുൻ ഗവേഷക വിദ്യാർത്ഥിയായിരുന്ന ഖാലിദിന്റെ പേരിൽ ആരോപിക്കപ്പെട്ട കേസുകളിൽ ഇതുവരെയും കോടതിയിൽ വിചാരണ ആരംഭിച്ചിട്ടില്ല. ഡൽഹി കലാപത്തിൽ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് 2020 ൽ ഖാലിദ് അറസ്റ്റിലാവുന്നത്. കേസിൽ വിചാരണയോ,ജാമ്യമോ ഇല്ലാതെ ഖാലിദ് ജയിലിൽ കഴിയാൻ തുടങ്ങിയിട്ട് ആയിരത്തിലധികം ദിവസമാണ് പിന്നിടുന്നത്. എട്ടു തവണ തുടർച്ചയായി ഉമർ ഖാലിദിന് ജാമ്യം ലഭിക്കാതെ പോകുമ്പോൾ, നീതി ന്യായ വ്യവസ്ഥയും ജനതിപത്യവും കൂടിയാണ് തടവിലാക്കപ്പെടുന്നത്.

2013 ൽ കാശ്മീർ സ്വദേശിയെ തൂക്കിലേറ്റിയ സംഭവത്തിൽ ജെഎൻയുവിൽ സംഘടിപ്പിച്ച പ്രതിഷേധത്തിന്റെ പേരിലാണ് ഖാലിദ് ആദ്യമായി അറസ്റ്റിലാവുന്നത്. ഖാലിദ് ഉൾപ്പെടെ 5 വിദ്യാർത്ഥികൾക്ക് നേരെ രാജ്യദ്രോഹം ചുമത്തിയാണ് അന്ന് അറസ്റ് ചെയ്യുന്നത്. മറ്റൊരു വിദ്യാർത്ഥിക്കൊപ്പം പോലീസിൽ കീഴടങ്ങിയ ഖാലിദിന് മാസങ്ങൾക്ക് ശേഷം ജാമ്യം ലഭിച്ചിരുന്നു. അന്ന് രാജ്യദ്രോഹ കുറ്റമായിരുന്നുവെങ്കിൽ 2020 2020 സെപ്റ്റംബർ 13 നു അറസ്റ്റിലാവുന്നത് ഡൽഹി കലാപത്തിന്റെ ഗൂഢാലോചന കേസിലാണ്. ഫെബ്രുവരി 23-25 വരെ ഡൽഹിയിൽ നടന്ന വർഗീയ കലാപവുമായി ബന്ധപ്പെട്ട് ഫയൽ ചെയ്ത 751 എഫ്ഐആറുകളിൽ ഒന്നായിരുന്നു ഡൽഹി കലാപ ഗൂഢാലോചന കേസ്. പൗരത്വ ഭേദഗതിക്കെതിരെ രാജ്യം മുഴുവൻ തെരുവിലിറങ്ങിയ കാലയളവിലാണ് വടക്കുകിഴക്കൻ ഡൽഹിയിൽ കലാപം നടന്നത്. അന്ന് കലാപത്തിൽ കൊല്ലപ്പെട്ട 53 പേരിൽ ഭൂരിഭാഗവും മുസ്ലിം സമുദായത്തിൽ നിന്നുള്ളവരായിരുന്നു.

ഇതിനെ തുടർന്ന് ഫയൽ ചെയ്യപ്പെട്ട കേസുകളിൽ ഭൂരിഭാഗവും വരുന്ന പ്രതികളാകട്ടെ ഖാലിദിനെ പോലെ മുസ്ലിം സമുദായത്തിൽ നിന്നുള്ളവരും. അതീവ സുരക്ഷാ ജയിലിൽ കഴിയുന്ന ഖാലിദ് തന്റെമേൽ ആരോപിക്കപ്പെട്ട ഈ ആരോപണങ്ങൾ എതിർക്കുന്നു. സമാധാനപരമായ ഒരു പ്രതിഷേധത്തിൽ പങ്കെടുക്കക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറയുന്നു. എന്നാൽ ഖാലിദിന് നേരെ ചുമത്തിയിരിക്കുന്നത് ആയുധം കൈവശംവയ്ക്കൽ വകുപ്പ്, യുഎപിഎ, കലാപശ്രമം, കൊലപാതകം (സെക്ഷൻ. 302 ഐപിസി), വധശ്രമം (സെക്ഷൻ. 307 ഐപിസി), രാജ്യദ്രോഹം (സെക്ഷൻ 124 എ ഐപിസി), വ്യത്യസ്ത സമുദായങ്ങൾക്കിടയിൽ ശത്രുത വളർത്തുക, തീവ്രാദ പ്രവർത്തനങ്ങൾ, രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കായി ഫണ്ട് ശേഖരിക്കൽ എന്നിങ്ങനെ നിരവധി വകുപ്പുകളാണ്. ഖാലിദിന് എതിരെ ചുമത്തിയിരുന്ന രണ്ട് കേസുകളിൽ ഒരെണ്ണം ഒഴുവാക്കപ്പെട്ടെങ്കിലും മറ്റൊന്നിൽ, ഇതുവരെയും വിചാരണ പോലും ആരംഭിച്ചിട്ടില്ല. ഖാലിദിനെതിരെ വിചാരണകോടതിയിലും ഡൽഹി ഹൈ കോടതിയിലും ഹാജരാക്കിയ തെളിവുകൾ ദുർബലമാണെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. 2022 ഒക്ടോബറിൽ, മുൻ സുപ്രീം കോടതി ജഡ്ജി, മൂന്ന് വിരമിച്ച ഹൈക്കോടതി ജഡ്ജിമാർ, മുൻ ഫെഡറൽ ആഭ്യന്തര സെക്രട്ടറി എന്നിവർ കലാപത്തെക്കുറിച്ചുള്ള ഒരു വലിയ റിപ്പോർട്ടിന്റെ ഭാഗമായി ഖാലിദിനെതിരായ യുഎപിഎ കേസ് പരിശോധിച്ചിരുന്നു. തീവ്രവാദ കുറ്റം ചുമത്താൻ തക്ക തെളിവുകളൊന്നും ലഭിച്ചില്ലെന്ന് ഇവരുടെ റിപ്പോർട്ടിലും വ്യക്തമാക്കുന്നുണ്ട്. ഖാലിദിന് ജാമ്യം നിഷേധിക്കുന്നത് “രാജ്യത്തെ സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനും സമാധാനപരമായ ഒത്തുചേരലിനും കനത്ത പ്രഹരമാണ്” നൽകുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ പറയുന്നു.
അതിനിടെ, ജയിലിൽ, ഖാലിദ് ആർത്തിയോടെ വായിക്കുകയും സഹതടവുകാർക്ക് അപേക്ഷകൾ എഴുതി നൽകുകയും ചെയ്തുകൊണ്ട് നീതിരഹിതമായ തന്റെ തടവറ കലാം തള്ളി നീക്കുകയാണ്. പ്രസാധകരുടെ താൽപ്പര്യം പ്രകാരം തന്റെ ജയിൽ അനുഭവങ്ങളെ മുൻനിർത്തി
ജയിൽ ഡയറി തയ്യാറാക്കികൊണ്ടിരിക്കയാണ് ഖാലിദ്.

ഖാലിദിന്റെ കുടുംബത്തിന് ഓരോ ആഴ്ചയും 20 മിനിറ്റ് വീഡിയോ കോൾ അനുവദിച്ചുനൽകിയിട്ടുണ്ട്. സുഹൃത്തുക്കൾക്ക് ജയിലിൽ അര മണിക്കൂർ സന്ദർശനം നടത്താനും അനുമതിയുണ്ട്. വർഷങ്ങളായി ഒരു ഉറുദു പത്രം എഡിറ്റ് ചെയ്തിരുന്ന ഉമർ ഖാലിദിന്റെ പിതാവ് ഒരു ചെറിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചിട്ടുണ്ട്. ഡോക്ടറായി ജോലി ചെയ്തുവരുകയായിരുന്നു മാതാവ് . സഹോദരിയുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഖാലിദിന് 2022 ജൂലൈയിൽ, ഒരാഴ്ചത്തേക്ക് താൽക്കാലിക ജാമ്യം ലഭിച്ചിരുന്നു.

Share on

മറ്റുവാര്‍ത്തകള്‍