December 09, 2024 |
Share on

തേച്ചുമിനുക്കലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഇല്ല; നോവലിന്റെ ആത്മാവ് ചോരാതെ ഒരു ബ്ലെസി മാജിക്

സ്വപ്നത്തിൽ പോലും കടന്നു വരാനാഗ്രഹിക്കാത്ത പൊള്ളുന്ന ജീവിത യാഥാർഥ്യം

മലയാള സിനിമ ലോകവും ഒരു സംവിധായകനും ഒരു സിനിമ ചെയ്യാന്‍ ഇത്രയേറെ വര്‍ഷങ്ങളുടെ കാത്തിരിപ്പ് നേരിട്ടു കാണില്ല. മലയാളി ഇതുവരെ അനുഭവിച്ചതില്‍ നിന്നും കണ്ടതില്‍ നിന്നും വളരെ വ്യത്യസ്തമായ ലോകമാണ് ആടു ജീവിതത്തിലൂടെ സംവിധായകന്‍ ബ്ലെസി പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നത്. നജീബിന്റെ കൂടെ, ഹക്കീമിന്റെ കൂടെ ഇബ്രാഹിം നയിച്ച മരുഭൂമിയിലൂടെ പ്രേക്ഷകനും അലയുകയാണ്. നജീബ് മരുഭൂമിയിലനുഭവിച്ചതെല്ലാം എ സി തിയേറ്ററിനുള്ളില്‍ കാണികളും അനുഭവിക്കുന്നു. നജീബ് കരയുമ്പോള്‍ പ്രേക്ഷക ഹൃദയവും വിങ്ങുന്നു. ഒരു നോവല്‍ സിനിമയാകുമ്പോള്‍ സ്വാഭാവികമായും സമൂഹത്തിനുണ്ടാകുന്ന ആകാംക്ഷ, എങ്ങനെയായിരിക്കും അത് ചിത്രീകരിക്കപ്പെടുക, ഏതു തരത്തിലായിരിക്കും ജനങ്ങളതിനെ സ്വീകരിക്കുക തുടങ്ങിയവയാണ്. എന്നാല്‍ അത്തരം ആശങ്കകളെ കാറ്റില്‍ പറത്തികൊണ്ടാണ് ആടുജീവിതം പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.

ദുസ്സഹമായ സാഹചര്യങ്ങളില്‍ എല്ലാ പ്രതീക്ഷകളും കൈവിട്ടുപോയ ഒരുവനില്‍ ബാക്കി നില്‍ക്കുന്ന വിശ്വാസത്തിന്റെ, ജീവിതത്തോടുള്ള അഭിലാഷം തുടങ്ങിയ മാനങ്ങളെ ആവിഷ്‌ക്കരിക്കാനാണ് ആടു ജീവിതം എന്ന നോവലില്‍ ബെന്യാമിന്‍ ശ്രമിച്ചത്. നോവലിനോട് നൂറു ശതമാനം നീതി പുലര്‍ത്തികൊണ്ടുള്ള ദൃശ്യാവിഷ്‌കാരമാണ് സംവിധായകന്‍ ബ്ലെസ്സി ഒരുക്കിയിരിക്കുന്നത്. മറ്റാര്‍ക്കോ കരുതി വെച്ചിരുന്ന വിധി നിരപരാധിയായ നജീബ് പേറേണ്ടി വന്നപ്പോള്‍ ആ നിസഹായതയും മരുഭൂവിലെ ജീവിതത്തിന്റെ തീവ്രതയും ഓരോ ഫ്രെയ്മുകളിലും മിന്നി മായുന്നത് വിറയലോടെയല്ലാതെ കണ്ടിരിക്കാനാകില്ല.

സിനിമയും നോവലും രണ്ടും രണ്ടാണ്. നോവലും അതിലെ കഥാപത്രങ്ങളും കൃത്യമായി പാകപ്പെടുത്തിയെടുത്ത മത്സരത്തില്‍ ബ്ലെസിയെന്ന സംവിധയകനും പൃഥ്വിരാജെന്ന നടനും ഒരു പോലെവിജയിച്ചു. ഒരുപക്ഷെ അതുകൊണ്ടായിരിക്കാം പൃഥ്വിയിലെ നടന് നജീബിലേക്ക് പരകായ പ്രവേശനം നടത്താന്‍ അത്രമേല്‍ പീഡ അനുഭവിക്കേണ്ടി വന്നത്. തന്റെ ഓരോ ചിത്രങ്ങളിലും വ്യത്യസ്തമായതെന്തോ ഒന്ന് കരുതി വയ്ക്കുന്ന സംവിധായകനാണ് ബ്ലെസി അദ്ദേഹം ആടുജീവിതത്തിലും പ്രേക്ഷകരെ നിരാശപ്പെടുത്തിയിട്ടില്ല. വൈകാരികതയുടെ, ഭയത്തിന്റെ പ്രതീക്ഷയുടെ വ്യത്യസ്ത തലങ്ങളിലേക്ക് പ്രേക്ഷകനെ അദ്ദേഹം കൂട്ടികൊണ്ടു പോകുന്നു. നോവല്‍ വായിച്ചപ്പോള്‍ മനസിലുണ്ടായ നോവിനെക്കാള്‍ ആയിരം മടങ്ങ് ആകുലതയാണ് സിനിമ കണ്ടിറങ്ങുമ്പോള്‍ ഉടലെടുക്കുന്നത്.

‘നജീബിന്റെ ജീവചരിത്രം തേച്ചുമിനുക്കുകയോ മധുരമുള്ളതാക്കുകയോ ചെയ്യേണ്ടതുണ്ടെന്ന് എനിക്ക് തോന്നിയില്ല’ എന്നൊരിക്കല്‍ ബെന്യാമിന്‍ പറഞ്ഞിട്ടുണ്ട്. അത്രമാത്രമേ സ്‌ക്രീനിലും കാണാന്‍ സാധിക്കു. യാതൊരു തേച്ചു മിനുക്കലുകളും കൂട്ടിച്ചേര്‍ക്കലുകളുമില്ലാത്ത പച്ചയായ ജീവിതം. ‘ആഗ്രഹിക്കുമ്പോള്‍ നിര്‍ഭാഗ്യങ്ങള്‍ പോലും നമ്മെ തേടി വരാന്‍ മടിക്കുന്നു’ എന്ന ബെന്യാമിന്റെ വാക്കുകളുടെ നേര്‍ചിത്രമാണ് ആടു ജീവിതം.

ഒരു പാട് പ്രതീക്ഷകളും കിനാവുകളുമായി നജീബും ഹക്കീമും വിമാനമിറങ്ങുന്നിടത്താണ് ആടുജീവിതം ആരംഭിക്കുന്നത്. ഗള്‍ഫില്‍ കാലുകുത്തുമ്പോള്‍ നജീബിന്റെ കണക്കുകൂട്ടല്‍ ഒന്നോ രണ്ടോ വര്‍ഷം നിന്ന ശേഷം നാട്ടിലേക്ക് മടങ്ങാം എന്നായിരുന്നു. പക്ഷെ കാലം നജീബിനായി കാത്തു വച്ചത് മറ്റൊന്നായിരുന്നു. പിടിച്ചുകൊണ്ടു പോയ അറബിയുടെ മസറയില്‍ കുടുങ്ങി പോയത് നജീബ് കണ്ട കിനാക്കള്‍ കൂടിയായിരുന്നു. ദിവസമേതെന്നോ മാസമേതെന്നോ വന്നിട്ട് എത്ര നാളുകളായെന്നോ, ഒന്നുമറിയാതെ… എത്ര നാളായി? എത്ര ദിവസമായി ? എന്ന ചോദ്യങ്ങള്‍ മസറയിലെ ജീവിതത്തിനിടയില്‍ നജീബ് സ്വയം ചോദിക്കുന്നതാണ്.

ആരോഗ്യദൃഢഗാത്രനായ നജീബില്‍ നിന്ന് ആടുകളില്‍ ഒരാളായുളള നജീബിലേക്കുള്ള യാത്ര അവിടെ തുടങ്ങുകയായിരുന്നു. നാടിന്റെ കുളിര്‍മയില്‍ നിന്ന് ചുട്ടുപഴുത്ത മണലാരണ്യത്തില്‍ പുറത്തെ ചൂടിനാല്‍ ശരീരവും ഓര്‍മകളാല്‍ മനസും വെന്തുരുകി. ഒരു നിമിഷം പിറന്ന നാടിന്റെയും സൈനുവിന്റെ കരലാളനങ്ങളിലും ആശ്വാസം കണ്ടെത്തുന്ന നജീബ് അടുത്ത നിമിഷം ചുടുമണല്‍ കുഴിയിലേക്ക് ചവിട്ടി താഴ്ത്തപ്പെടുന്നു. സൈനുവിന്റെയും നാടിന്റെയും ഓര്‍മകളായിരുന്നിരിക്കണം നജീബിന്റെ മരുഭൂമിയിലെ മരുപ്പച്ച. പ്രാണന്‍ പോലെ കൊണ്ടുനടന്ന ബാഗില്‍ ഉമ്മ കൊടുത്ത് വിട്ട കണ്ണിമാങ്ങ അച്ചാറിലെ അവസാന കഷ്ണം നിധി പോലാണ് നജീബ് സൂക്ഷിച്ചിരുന്നത്.

സന്തോഷത്തിന്റെയും സ്‌നേഹത്തിന്റെയും ദിവസങ്ങളില്‍ നിന്ന് മരു ഭൂമിയുടെ ആഴങ്ങളുടെ കാഴ്ച എന്തെന്നില്ലാത്ത ഭീതിയുണര്‍ത്താന്‍ പോന്നതാണ്. തൊട്ടരികിലുള്ളപ്പോള്‍ ഒട്ടും വില തോന്നാത്ത വസ്തുക്കളുടെ മൂല്യം, അവയുടെ അഭാവത്തിലായിരിക്കും പൂര്‍ണമായും ഒരു വ്യക്തിക്ക് ബോധ്യമാകുക. ഒരിക്കലെങ്കിലും സിനിമ കണ്ട് തൊണ്ട വരളാത്തവരും പരവേശമെടുക്കാത്തവരും വിരളമായിരിക്കും.

നിരാശ ബാധിച്ച ജീവിത്തത്തിലെ പ്രതീക്ഷയായാണ് ഹക്കീമിനെ നജീബ് കണ്ടു മുട്ടുന്നത്. ബോംബെയിലേക്ക് ട്രെയിന്‍ കയറുമ്പോള്‍ ഹക്കീമിന്റെ ഉമ്മ നജീബിന്റെ കൈ പിടിച്ച് ‘എന്റെ മോനെ നോക്കണേ എന്ന് പറഞ്ഞതായിരിക്കുമോ നജീബ് അന്നേരം ഓര്‍ത്തത്, അതോ കളഞ്ഞ് പോയതെന്തോ അല്പ നേരത്തേക്കെങ്കിലും കയ്യില്‍ കിട്ടിയതിന്റെ സന്തോഷമുണ്ടാകുമോ. ഹക്കീം ഇവിടെ നിന്ന് രക്ഷപ്പെടാന്‍ ഒരു വഴിയുണ്ടെന്ന് പറഞ്ഞപ്പോള്‍ തിളങ്ങിയത് നജീബിന്റെ മനസ്സും കൂടിയാണ്. ഹക്കീമും അവന്റെ കൂട്ടാളിയായ ഇബ്രാഹിം ഖാദരിയും നജീബും ചേര്‍ന്ന് മരുഭൂമി കടക്കാന്‍ തീരുമാനിക്കുന്നു. കടലു പോലെ പരന്ന് കിടക്കുന്ന മരുഭൂമിയും അതിലെ പരീക്ഷണങ്ങളുമാണ് പിന്നീട് അങ്ങോട്ട്.

മരുഭൂമിയില്‍ നേരിട്ട പ്രതിസന്ധികളും അപകടങ്ങളെയും തരണം ചെയ്ത് ഒടുവില്‍ നാട്ടിലേക്ക് വിമാനം കയറാനെത്തുമ്പോള്‍ നജീബ് പറയുന്നുണ്ട്, മരുഭൂമിയിലെ മൂന്ന് വര്‍ഷത്തെക്കാളും നീണ്ടത് നാട്ടിലേക്കുള്ള കാത്തിരിപ്പില്‍ ജയില്‍ കഴിഞ്ഞ മൂന്ന് മാസങ്ങളാണെന്ന്. മധുര പ്രതീക്ഷകളുമായി പ്രവാസത്തിലേക്ക് കാലെടുത്ത് വച്ച ഓരോ പ്രവാസിയുടെയും കഥയായി മാത്രമേ ആടുജീവിതം കാണാന്‍ സാധിക്കു. ചുട്ടു പൊള്ളുന്ന മണലാരണ്യങ്ങളിലൂടെ ഉള്ളിലെ ജീവനും കയ്യിലേന്തി നജീബ് നടന്നു കയറിയത് കാണികളുടെ മനസിലേക്കാണ്. ചവിട്ടി നില്‍ക്കുന്ന മണ്ണ് ഊര്‍ന്നുപോകുമ്പോഴും ജീവിക്കണം എന്ന വാശിയാണ് അയാളെ മരുഭൂമി കടക്കാന്‍ പ്രേരിപ്പിച്ചത്.

ചിത്രീകരണം പോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് ചിത്രത്തിലെ സംഗീതം. മരുഭൂമിയുടെ നേര്‍ക്കാഴ്ചയും, ഭീകരതയും, പ്രതീക്ഷയുടെ കിരണവും എല്ലാം അനുഭവഭേദ്യമാകുന്നത് സംഗീതത്തിലൂടെയാണ്. മണല്‍ പാമ്പ് ഇഴയുന്ന ശബ്ദം വരെ ഇങ്ങു തിയേറ്ററില്‍ ഇരിക്കുന്ന പ്രേക്ഷകരില്‍ ഭയപ്പാട് ഉളവാക്കുന്നു. മരുഭൂമിയിലെ ചുഴലിക്കാറ്റിലെ മണല്‍ തരികള്‍ നമ്മുടെ കണ്ണിലും വീണോ എന്ന് ഒരു നിമിഷം പരതി നോക്കും. ചൂടുകാറ്റില്‍ നമ്മുടെ തൊണ്ടയും നാവും വറ്റി വരളും. ഇതിനെല്ലാം പുറമെ പ്രതീക്ഷയുടെ അജബുകളായി ‘പെരിയോനെ… റഹ്‌മാനെ’ എന്ന പ്രാത്ഥന ആ മരുഭൂമിയില്‍ അലയടിക്കുന്നത് കേള്‍ക്കാം. എ.ആര്‍.റഹ്‌മാന്‍, റസൂല്‍ പൂക്കുട്ടി സുനില്‍ കെ എസ് തുടങ്ങിയ കഴിവുറ്റ കരങ്ങള്‍ സിനിമ ഗംഭീരമാക്കി എന്നതില്‍ കവിഞ്ഞ് ഒന്നും പറയാനില്ല .

നജീബിന്റെ പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും എല്ലാത്തിനും സാക്ഷിയായ മരുഭൂമിയുടെ ഭംഗിയും ഒളിഞ്ഞിരിക്കുന്ന അപകടങ്ങളും കൃത്യമായി ഒരു ക്യാന്‍വാസിലെന്ന പോലെ പകര്‍ത്തിയിരിക്കുന്നു. നജീബിന്റെ പകലില്‍ തുടങ്ങി ഒരു കഷ്ണം റൊട്ടിയിലും വെള്ളത്തിലും ഇടക്ക് ആടുകള്‍ക്കും ഒട്ടകങ്ങള്‍ക്കും നല്‍കുന്ന തീറ്റയിലും വരെ പിടിച്ച് നില്‍കുന്ന ജീവിതം വളരെ കൃത്യമായി വരച്ചിടാന്‍ സംവിധായകന് ചിത്രത്തിലൂടെ സാധിച്ചിട്ടുണ്ട്. ഒട്ടക കണ്ണിലൂടെ കാണുന്ന നജീബിന്റെ മുഖം വരെ കാണുന്ന തരത്തില്‍ ഒപ്പിയെടുത്തിരിക്കുന്ന അതിശയിപ്പിക്കുന്ന ദൃശ്യാനുഭവം ചിത്രത്തില്‍ അത്ഭുതവും പേരറിയാത്ത ഒരു വികാരവു ഉണര്‍ത്തുന്നു. മരുഭൂമിയുടെ കാണാക്കാഴ്ചകളോടൊപ്പം കേരളത്തിന്റെ സൗന്ദര്യവും കൃത്യമായി ഒപ്പിയെടുക്കാന്‍ ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. 16 വര്‍ഷങ്ങളായി മലയാളിയുടെ വായനാനുഭവങ്ങളിലൂടെ കടന്ന് പോയ ആടുജീവിതത്തിന്റെ നേര്‍ക്കാഴ്ച്ച പ്രേക്ഷകരിലേക്ക് പകര്‍ന്നു നല്‍കാനുള്ള ബ്ലസിയുടെ നീണ്ട പരിശ്രമങ്ങള്‍ അസ്ഥാനത്തായില്ല. ഇതിലും മികച്ച ഒരു ആടു ജീവിതം ഇനി സ്വപനങ്ങളില്‍ മാത്രം എന്നെ പറയാനാകൂ.

സിനിമയിലെ ഒരൊറ്റ സീനില്‍ പോലും പൃഥ്വിരാജ് എന്ന നടനെ കണ്ടെത്താനാകില്ല അവിടെ നജീബും അവന്റെ അതിജീവനവും മാത്രമേ അവശേഷിക്കുന്നുള്ളു. ആടുകള്‍ക്കൊപ്പമുള്ള വാസം നജീബിനെ ആടുകളെ പോലെ ചിന്തിക്കാനും പറയാനും പ്രേരിപ്പിച്ചിരുന്നു. എന്തിനേറെ അയാളുടെ സംസാര രീതിപോലും ആടുകളുടേത് പോലായി തീര്‍ന്നിരുന്നു. നജീബിലേക്കുളള പ്രയാണത്തില്‍ ആടുജീവിതം എന്ന ക്ലാസ്സിക് സിനിമയുടെ പിറവിക്കായി അദ്ദേഹം സംവിധായകന് ഒരു അസംസ്‌കൃത വസ്തു പോലെ തന്നെ വിട്ട് നല്‍കി എന്ന് വേണം പറയാന്‍. കുറുമ്പും കുസൃതിയും നിഷ്‌ക്കളങ്ക സ്‌നേഹവും നിറഞ്ഞ അമല പോളിന്റെ സൈനുവും സ്‌ക്രീനില്‍ നിറഞ്ഞാടി.

മരുഭൂമിയിലെ ഇബ്രാഹിമായെത്തിയ ജിമ്മി ജീന്‍ ലൂയിസും പ്രേക്ഷക മനസുകളില്‍ അവശേഷിക്കും. ഇബ്രാഹിം ഖാദരി എന്ന ആ രക്ഷകന്‍ ആരായിരുന്നു എന്ന ചോദ്യം അവശേഷിപ്പിച്ചുകൊണ്ടാണ് ജിമ്മി ജീന്‍ ലൂയിസ് സ്‌ക്രീനില്‍ നിന്ന് അപ്രത്യക്ഷനാകുന്നത്. നജീബിന്റെ സമാനമായ അവസ്ഥയിലൂടെ കടന്ന് പോയ ഹക്കിം ആയെത്തിയ ഗോകുലും മികച്ച പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.

‘അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ചും അകലെ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഒരിക്കലും നാം വെറുതെ പോലും സ്വപ്നങ്ങള്‍ കാണാന്‍ പാടില്ല എന്നാണ് ഞാന്‍ പറയുന്നത്. അവ എന്നെങ്കിലും ഒരിക്കല്‍ നിങ്ങളുടെ ജീവിതത്തില്‍ യാഥാര്‍ത്ഥ്യമായാല്‍ നേര്‍ക്കുനേരെ നിന്ന് നോക്കാന്‍പോലും ആകാനാവാത്ത വിധം ഭീകരമായിരിക്കും അതെന്നു ഞാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പുതരുന്നു’. നജീബ് ആടു ജീവിതത്തിലൂടെ നല്‍കിയ ഈ മുന്നറിയിപ്പ് സ്വപനങ്ങളുടെ ഭാരവും പേറി പ്രവാസത്തിലേക്ക് പോയി മടങ്ങി വരാന്‍ കഴിയാതെ പോയ അനേകം നജീബുമാരുടേത് കൂടിയാണ്.

×