UPDATES

ഇപ്പോഴും ബാക്കി നില്‍ക്കുകയാണ്, നിസ്സഹായരായ മനുഷ്യരുടെ കണ്ണീരും വിലാപവും

വെടിമരുന്നിന്റെ മണത്തിനൊപ്പം വേദനയുടെയും ഭയത്തിന്റെയും അരക്ഷിതാവസ്ഥയും ഈ പ്രദേശത്ത് ബാക്കി നില്‍ക്കുന്നതുപോലെ

                       

കളമശേരിയില്‍ യഹോവ സാക്ഷികളുടെ പ്രാര്‍ത്ഥന ചടങ്ങുകള്‍ നടന്ന കണ്‍വെന്‍ഷന്‍ സെന്ററില്‍ പൊട്ടിത്തെറി ഉണ്ടായി ഒരു പകല്‍ പിന്നിടുന്നു. അന്വേഷണ സംഘങ്ങളുടെ കനത്ത സംരക്ഷണത്തിലാണ് ഇപ്പോഴിവിടം. വെടിമരുന്നിന്റെ മണത്തിനൊപ്പം വേദനയുടെയും ഭയത്തിന്റെയും അരക്ഷിതാവസ്ഥയും ഈ പ്രദേശത്ത് ബാക്കി നില്‍ക്കുന്നതുപോലെ. സ്‌ഫോടനം നടന്ന സമ്ര ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററിനു ഒന്നര കിലേമീറ്ററിന് അപ്പുറമാണ് കളമശ്ശേരി മെഡിക്കല്‍ കോളേജ്. കേരളം മറക്കാനിടയില്ലത്ത വേദനയുടെ പ്രതിഫലനമവിടെ കാണാം.

കളമശേരി മെഡിക്കല്‍ കോളേജിലെ ആംബുലന്‍സ് ഡ്രൈവറായ ജെറിനെ തേടി ഞായറാഴച്ച രാവിലെ 9.45 നോടടുത്താണ് അടിയന്തര സഹായം ആവിശ്യപ്പെട്ടുള്ള ഫോണ്‍ വരുന്നത്. ഒക്ടോബര്‍ 27 മുതല്‍ നടന്നുവരുന്ന യഹോവ സാക്ഷികളുടെ മേഖലാ സമ്മേളനത്തിന്റെ അവസാന ദിനമായിരുന്നു ഞായറാഴ്ച്ച. ധാരാളം ആളുകള്‍ എത്തുന്നതുകൊണ്ട് തന്നെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് മുന്‍കരുതലിന്റെ ഭാഗമായി വൈദ്യസഹായത്തിനായി ആംബുലന്‍സിന്റെ സേവനം നേരത്തെ തന്നെ ആവിശ്യപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കണ്‍വെന്‍ഷന്‍ സെന്ററില്‍ നിന്ന് ഫോണ്‍ കോള്‍ എത്തുമ്പോള്‍ വിഷയത്തിന്റെ തീവ്രത ജെറിന്‍ അറിഞ്ഞിരുന്നില്ല. എന്നാല്‍ സ്‌ഫോടനമാണ് നടന്നതെന്നറിഞ്ഞപ്പോള്‍ കിട്ടാവുന്ന ആംബുലന്‍സുകളെല്ലാം കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് എത്തിക്കുകയായിരുന്നുവെന്ന് ജെറിന്‍ പറയുന്നു.

സ്‌ഫോടനത്തില്‍ ആദ്യം കൊല്ലപ്പെട്ട സ്ത്രീയെയായിരുന്നു ആദ്യം ആബുലന്‍സില്‍ കയറ്റിയത്. ആംബുലന്‍സ് ഡ്രൈവറായി കഴിഞ്ഞ നാലര വര്‍ഷമായി ജോലി നോക്കുന്ന ജെറിന്‍ ഇങ്ങനെയൊരു അനുഭവം തനിക്ക് ആദ്യമായാണെന്ന് പറയുന്നു. ഭീതിയേക്കാള്‍ ജെറിന്റ കണ്ണുകളില്‍ നിറഞ്ഞു നിന്നത് നിസാഹായരായ കുറേയധികം മനുഷ്യരുടെ കണ്ണുനീരും വിലാപവുമാണ്.

സമ്ര കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രാര്‍ത്ഥനക്കായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഏകദേശം 2,500 യഹോവ സാക്ഷി വിശ്വാസികള്‍ എത്തിയിരുന്നു. സ്‌ഫോടനം ഉണ്ടായത്. കണ്‍വെന്‍ഷന്‍ സെന്ററിന്റെ മധ്യഭാഗത്തായാണ് സ്ഫോടനം നടന്നതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഇരുപത്തി മൂന്നുപേര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ അടിയന്തര വൈദ്യ സഹായത്തിനായി എറണാകുളം മെഡിക്കല്‍ കോളേജിലേക്കാണ് എത്തിച്ചത്. അവിടെ നിന്നു രാജഗിരി ആശുപത്രിയിലേക്കു മാറ്റി. ജെറിന്‍ തന്നെയാണ് രാജഗിരിയിലേക്കും ഗുരുതരാവസ്ഥയിലായിരുന്ന രോഗികളെ എത്തിച്ചത്. സംഭവസ്ഥലത്ത് ആളുകളെ തിരിച്ചറിയാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നുവെന്ന് ജെറിന്‍ സാക്ഷ്യപ്പെടുത്തുന്നു. സംഭവത്തില്‍ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. നാലു പേരുടെ നില അതീവ ഗുരുതരമായി തന്നെ തുടരുകയാണ്. 12 പേരാണ് ഐ സി യു വില്‍ തുടരുന്നത്. മലയാറ്റൂര്‍ സ്വദേശിനിയും 12 വയസ്സുകാരിയുമായ ലിബിനയുടെ മരണം ഒക്ടോബര്‍ 30 നു പുലര്‍ച്ചെയാണ് സ്ഥീരീകരിച്ചത്. 50 ശതമാനത്തോളം പൊള്ളലേറ്റ ലിബിനയുടെ മാതാവും, സഹോദരനും ആസ്റ്റര്‍ മെഡിസിറ്റിയില്‍ ഗുരുതര വിഭാഗത്തില്‍ ചികിത്സയിലാണ്. അതുകൊണ്ട് തന്നെ ലിബിനയുടെ മൃതദേഹം ആശുപത്രയില്‍ നിന്ന് മാറ്റിയിട്ടില്ല. ലിബിനയുടെ മരണത്തിന്റെ വേദനയിലാണ് ജെറിന്‍ ഇപ്പോഴും. വലിയ രീതിയില്‍ പുകശ്വസിച്ചതു മൂലം ജെറിനും ദേഹാസ്വാസ്ഥ്യം അനുഭവപെട്ടിരുന്നു.

ദേഹം മുഴുവന്‍ പൊള്ളലേറ്റ ലിബിനയെ ആശുപത്രിയിലെത്തിക്കുമ്പോള്‍ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷ തങ്ങള്‍ക്കുണ്ടയിരുന്നതായി ദൃക്സാക്ഷികളായ ആശുപത്രി പാര്‍ക്കിങ്ങില്‍ ജോലി തേടുന്ന കുടുംബശ്രീ പ്രവര്‍ത്തകര്‍ പറയുന്നു. സനൂജയും സുമയും രാവിലത്തെ പ്രാതലിനു ശേഷം ആശുപത്രിയിലെത്തുമ്പോഴായിരുന്നു ആംബുലന്‍സുകള്‍ എത്തുന്നത്. ആളുകളെ ആശുപത്രയിലെത്തിച്ച മറ്റുള്ളവര്‍ക്കും സ്‌ഫോടനമാണ് നടന്നത് എന്നതില്‍ ധാരണ ഉണ്ടായിരുന്നില്ലെന്ന് ഇവര്‍ പറയുന്നു. വലിയ ശബ്ദത്തോടെ മുകളിലേക്ക് തെറിച്ചു പൊങ്ങിയ വസ്തു നാലു തവണയോളം പൊട്ടിത്തെറിച്ചതായി ദൃക്സാക്ഷികള്‍ രേഖപ്പെടുത്തുന്നു. കാരണമെന്തയാലും ഇത്തരം ക്രൂരതകള്‍ നടത്താന്‍ തുനിയരുതെന്നും സനൂജ പറയുന്നു. നിലവില്‍ ഭയപ്പാടോടെയാണ് കഴിയുന്നതെന്ന് സമീപവാസി കൂടിയായ സുമ പറയുന്നു. സ്‌ഫോടനം നടന്ന സ്ഥലത്തിന് സമീപത്തായി നിരവധി കെമിക്കല്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അത് അപകടത്തെ മറ്റൊരു തലത്തിലേക്ക് നയിച്ചേക്കുമായിരുന്നുവെന്നും ഇവര്‍ പറയുന്നു. സ്‌ഫോടനം നടന്നതായി അറിയുന്നത് ആംബുലന്‍സും പോലീസ് വാഹനവും തുടര്‍ച്ചയയായി കടന്നു പോയതുകൊണ്ടാണെന്ന് സമീപവാസികളും പറയുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് കൊച്ചി സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ (48) കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍