July 13, 2025 |
Share on

പലസ്തീനും കശ്മീരും കുഞ്ഞുങ്ങളുടെ കണ്ണീരും

ജൂണ്‍ 17ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം ആചരിക്കുന്നു

ജൂണില്‍ നമ്മളാരും അധികമൊന്നും പ്രാധാന്യം കൊടുക്കാതെ കടന്നുപോകുന്ന ഒരു ദിവസമുണ്ട്. The International Day of Innocent Children Victims of Aggression ആയി ആചരിക്കപ്പെടുന്ന ആ ദിവസം ജൂണ്‍ നാലാണ്. 42 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 1982 ഓഗസ്റ്റ് 19 ന്, പലസ്തീന്‍ പ്രശ്‌നത്തെക്കുറിച്ചുള്ള അടിയന്തര പ്രത്യേക സമ്മേളനത്തില്‍, ഇസ്രയേലിന്റെ ആക്രമണത്തിന് ഇരയായ നിരപരാധികളായ പലസ്തീന്‍, ലെബനീസ് കുട്ടികളുടെ എണ്ണം സംബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ പൊതുസഭ, ജൂണ്‍ 4 ആക്രമണത്തിന് ഇരയായ നിരപരാധികളായ കുട്ടികളുടെ അന്താരാഷ്ട്ര ദിനമായി ആചരിക്കുന്നതിനുള്ള ഒരു പ്രമേയം പാസ്സാക്കി.

കുട്ടികളെ കൊല്ലുകയും അംഗഭംഗം വരുത്തുകയും ചെയ്യുക, കുട്ടികളെ സൈനികരായി റിക്രൂട്ട് ചെയ്യുകയോ ഉപയോഗിക്കുകയോ ചെയ്യുക, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം, കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, സ്‌കൂളുകള്‍ക്കോ ആശുപത്രികള്‍ക്കോ നേരെയുള്ള ആക്രമണങ്ങള്‍, കുട്ടികള്‍ക്ക് ഹ്യുമാനിറ്റേറിയന്‍ ആക്‌സസ് നിഷേധിക്കുക എന്നിങ്ങനെ യുദ്ധസമയത്ത് കുട്ടികളെ ബാധിക്കുന്ന ഗുരുതരമായ ലംഘനങ്ങള്‍ ഇന്നും തുടരുന്നുവെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു.

israel-gaza war

ലോകമെമ്പാടുമുള്ള ശാരീരിക, മാനസിക, വൈകാരിക പീഡനങ്ങള്‍ക്ക് ഇരയാകുന്ന കുട്ടികള്‍ അനുഭവിക്കുന്ന വേദനയെ അംഗീകരിക്കുക എന്നതാണ് ഈ ദിനത്തിന്റെ ലക്ഷ്യമായി പറയുന്നത്. എല്ലാ ദിവസവും, എല്ലാ രാജ്യങ്ങളിലും, പെണ്‍കുട്ടികളും ആണ്‍കുട്ടികളും അക്രമത്തിന് ഇരയാകുന്നുണ്ട്. യുദ്ധത്തിലെ കെടുത്തികളെ മാറ്റി നിറുത്തിയാലും കുട്ടികള്‍ അനുഭവിക്കുന്ന അക്രമങ്ങളെക്കുറിച്ച് യുഎന്‍ പറയുന്നതാണ്. കോഫീ അന്നന്‍ ജനറല്‍ സെക്രട്ടറി ആയിരുന്നപ്പോള്‍ യുഎന്‍ പ്രസിദ്ധീകരിച്ച വേള്‍ഡ് റിപ്പോര്‍ട്ട് ഓണ്‍ വയലന്‍സ് എഗൈന്‍സ്റ്റ് ചില്‍ഡ്രന്‍ അനുസരിച്ച് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്ക് സര്‍വത്രികമായ സ്വഭാവമുണ്ട്. വീടുകളിലും സ്‌കൂളുകളിലും തെരുവുകളിലും, ജോലിസ്ഥലങ്ങളിലും വിനോദ സ്ഥലങ്ങളിലും, പരിചരണ കേന്ദ്രങ്ങളിലും, തടങ്കല്‍ കേന്ദ്രങ്ങളിലും കുട്ടികള്‍ അക്രമത്തിനിരയാകുന്നുണ്ട്. കുറ്റവാളികളില്‍ മാതാപിതാക്കള്‍, കുടുംബാംഗങ്ങള്‍, അധ്യാപകര്‍, പരിചാരകര്‍, നിയമപാലകര്‍, മറ്റ് കുട്ടികള്‍ എന്നിവരും ഉള്‍പ്പെടുന്നു.

കുട്ടികളും സായുധ സംഘര്‍ഷവും സംബന്ധിച്ച യുഎന്‍ സെക്രട്ടറി ജനറലിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് അനുസരിച്ച് 2023 ല്‍ മാത്രം 11,649 കുട്ടികള്‍ കൊല്ലപ്പെടുകയോ അംഗഭംഗം വരികയോ ചെയ്തു. മിക്ക കേസുകളിലും, ജനവാസ മേഖലകളിലുള്‍പ്പെടെ സ്‌ഫോടകവസ്തുക്കള്‍, യുദ്ധാവശിഷ്ടങ്ങള്‍, മെച്ചപ്പെട്ട സ്‌ഫോടകവസ്തുക്കള്‍, ലാന്‍ഡ്മൈനുകള്‍ എന്നിവയുള്‍പ്പെടെയുള്ള സ്‌ഫോടകവസ്തുക്കളുടെ ഉപയോഗം കുട്ടികളുടെ കൊലപാതകത്തിനും അംഗഭംഗത്തിനും കാരണമായി. 8,655 കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെട്ടു, 4,356 പേരെ തട്ടിക്കൊണ്ടുപോയി, ഏറ്റവും കൂടുതല്‍ സംഭവങ്ങളുണ്ടായത് ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, സൊമാലിയ, നൈജീരിയ എന്നിവിടങ്ങളിലാണ്. ഇരകളില്‍ ഏകദേശം 30% പെണ്‍കുട്ടികളായിരുന്നു. 1,470 കുട്ടികള്‍ ലൈംഗിക അതിക്രമത്തിന് ഇരയായി, എന്നാല്‍ ഇത് കൃത്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലെന്ന് പറയുന്നു. 2022 മുതല്‍ 2023 വരെ, മാനുഷിക സഹായം നിഷേധിക്കല്‍ 32 ശതമാനത്തിലധികം വര്‍ദ്ധിച്ചു.

യുദ്ധത്തില്‍ ഏറ്റവുമധികം ബാധിക്കപ്പെടുന്നത് കുട്ടികളാണ്. 1.6 മില്യണ്‍ കുട്ടികളാണ് ഒന്നാം ലോകമഹായുദ്ധത്തില്‍ കൊല്ലപ്പെട്ടത്. രണ്ടാം ലോകമഹായുദ്ധത്തിലെ സംഖ്യ അതിന്റെ ഇരട്ടിയിലധികമാണ്. 1.5 മില്യണ്‍ കുട്ടികളെ നാസികള്‍ മാത്രം കൊലപ്പെടുത്തിയിരുന്നു. കൊറിയന്‍ യുദ്ധത്തിലും, വിയറ്റ്‌നാം യുദ്ധത്തിലും പതിനായിരക്കണക്കിന് കുഞ്ഞുങ്ങള്‍ കൊല്ലപ്പെട്ടു. ഇന്നും നമ്മുടെ രാജ്യത്ത് ഇത് തുടരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ 15 വയസ്സില്‍ താഴെയുള്ള നാല് കുഞ്ഞുങ്ങളാണ് മരിച്ചത്. പൂഞ്ച് ജില്ലയില്‍ ഇപ്പോള്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ 10 മുതല്‍ 16 ശതമാനം വരെയാണ് ഹാജര്‍ നില. ഷെല്ലാക്രമണത്തെ തുടര്‍ന്ന് വീട് വിട്ട് പോയവര്‍ പലരും തിരികെയെത്തിയിട്ടില്ല. ഒരു ഓപ്പണ്‍ വാര്‍ അല്ലാഞ്ഞിട്ട് പോലും ഇങ്ങനെയൊക്കെയാണത് കുട്ടികളെ ബാധിക്കുന്നത്.

‘കുഞ്ഞുങ്ങളുടെ ശവപ്പറമ്പായി ഗാസ മാറുന്നു’ എന്നാണ് നവംബറില്‍ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്. 50,000-ത്തിലധികം കുട്ടികള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തിട്ടുണ്ട്. മാര്‍ച്ച് 18-ന് വെടിനിര്‍ത്തല്‍ അവസാനിച്ചതിനുശേഷവും, 1,309 കുട്ടികള്‍ കൊല്ലപ്പെടുകയും 3,738 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗാസയിലെ പത്ത് ലക്ഷത്തിലധികം കുട്ടികള്‍ക്കും ജല പ്രതിസന്ധി നേരിടുന്നു. ഗാസയുടെ ജല ഉല്‍പ്പാദന ശേഷി അതിന്റെ സാധാരണ ദൈനംദിന ഉല്‍പാദനത്തിന്റെ വെറും 5 ശതമാനം മാത്രമാണ്. നിര്‍ജ്ജലീകരണം മൂലമുള്ള ശിശുമരണങ്ങള്‍ ഉണ്ടാകുന്നു. ഈ ഏറ്റവും പുതിയ സംഘര്‍ഷം രൂക്ഷമാകുന്നതിന് മുമ്പ് തന്നെ ഗാസയിലെ 800,000 ത്തിലധികം കുട്ടികള്‍ക്ക്, അതിലെ മൊത്തം കുട്ടികളുടെ ജനസംഖ്യയുടെ മുക്കാല്‍ ഭാഗത്തിനും മാനസിക സാമൂഹിക പിന്തുണ ആവശ്യമാണെന്ന് തിരിച്ചറിഞ്ഞിരുന്നതായി യൂണിസെഫ് പറയുന്നു. ഈ യുദ്ധത്തില്‍ ഇസ്രയേല്‍ കൊന്നൊടുക്കിയവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമായിരുന്നുവെന്ന് ഐക്യരാഷ്ട്ര സഭയും പറയുന്നു.

‘കുട്ടികള്‍ക്കെതിരായ പെല്ലറ്റുകളുടെ ഉപയോഗം അവസാനിപ്പിക്കുക, സുരക്ഷാ സേനയുമായി കുട്ടികളെ ഒരു തരത്തിലും ബന്ധപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കുക, സുരക്ഷിത സ്‌കൂളുകളുടെ പ്രഖ്യാപനവും വാന്‍കൂവര്‍ തത്വങ്ങളും അംഗീകരിക്കുക എന്നിവയുള്‍പ്പെടെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ ഞാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു.’ ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് 2021 ജൂണില്‍ പറഞ്ഞതാണ്, പറഞ്ഞത് ഇന്ത്യന്‍ സര്‍ക്കാറിനോടാണ്. കശ്മീരിലെ പെല്ലറ്റ് ഗണ്‍ ഇരകളില്‍ 14% പേര്‍ 15 വയസ്സിന് താഴെയുള്ള കുട്ടികളാണ്. ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ സംഘപരിവാര്‍ നിയന്ത്രിത സര്‍ക്കാര്‍ മനുഷ്യാവകാശങ്ങള്‍ കശാപ്പ് ചെയ്തപ്പോഴാണ് യുഎന്‍ ഇത് പറഞ്ഞത്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പെല്ലറ്റ് ഗണ്‍ ഇര മോഡിഫൈഡ് ഇന്ത്യയിലാണ്. പേര് ഹിബാ നിസാര്‍; 2018 ല്‍ പെല്ലറ്റ് തോക്കിനിരയാകുമ്പോള്‍ പ്രായം ഒന്നര വയസ്സ്. കുഞ്ഞുങ്ങള്‍ക്കെതിരായ അതിക്രമങ്ങളെ അഡ്രസ്സ് ചെയ്യാനായി ദിനം മാറ്റി വച്ചിരിക്കുന്ന, ഈയൊരു മാസമെങ്കിലും ഒരു ജനാധിപത്യ വിശ്വാസി ചോദിക്കേണ്ടതുണ്ട്, നരേന്ദ്ര മോദിക്കറിയുമോ കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ ഹിബാ നിസാറിനെ എന്ന്…

israel-gaza war

രാജ്യത്ത് ഇടതുപാര്‍ട്ടികള്‍ സംയുക്തമായി, ജൂണ്‍ 17ന് പലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനം ആചരിക്കുന്നു. ഐക്യപ്പെടുന്നത് അവിടെയുള്ള മനുഷ്യര്‍ക്ക് വേണ്ടിയാണ്. മറ്റൊരു രാജ്യത്തെ കുഞ്ഞുങ്ങളുടെ കണ്ണീരും, ചിന്തിയ രക്തവുമാണ് ഇടതുപക്ഷ പ്രസ്ഥാനങ്ങളെക്കൊണ്ട് ഇത് ചെയ്യിക്കുന്നത്. സ്വന്തം രാജ്യത്ത്, പൂഞ്ചില്‍ നാല് കുഞ്ഞുങ്ങള്‍ മരിച്ചിടത്തേയ്ക്ക് നരേന്ദ്രമോഡിയോ, ഹിന്ദുത്വ പാര്‍ട്ടിയോ തിരിഞ്ഞു നോക്കിയില്ലെന്നും ഓര്‍ക്കുക. പലസ്തീനോടുള്ള ഐക്യപ്പെടല്‍ ലോകത്ത് അധിനിവേശത്താല്‍ പീഡിപ്പിക്കപ്പെടുന്ന ഓരോ മനുഷ്യനോടുമുള്ള ഐക്യപ്പെടലാകുന്നു. ഗാസയിലെ ഒരു പതിനഞ്ച് വയസ്സുകാരി എഴുതിയ കവിതയുണ്ട്. അതിങ്ങനെയാണ്.

ഞാന്‍ ഓര്‍മിക്കുന്നു, മുതിര്‍ന്നവര്‍ ഞങ്ങളോട് പറഞ്ഞിരുന്നത്.
ആരും വിശപ്പോട് കൂടി ഉറങ്ങാനായി പോകുന്നില്ല.
ആരും അവരുടെ ജന്മനാട്ടില്‍ പട്ടിണി കൊണ്ട് മരിക്കുന്നില്ല
പക്ഷെ, ഞങ്ങളെല്ലാ ദിവസവും വിശപ്പോട് കൂടി ഉറങ്ങുന്നു.
ഞങ്ങള്‍ ബോംബുകളാല്‍ കൊല്ലപ്പെട്ടില്ലെങ്കില്‍,
വിശന്നായിരിക്കും മരിക്കുക.Palestine, Kashmir and the tears of children 

Content Summary: Palestine, Kashmir and the tears of children

അരുൺ എയ്ഞ്ചല

അരുൺ എയ്ഞ്ചല

മുന്‍ ഫോട്ടോ ജേര്‍ണലിസ്റ്റ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ്‌

More Posts

Leave a Reply

Your email address will not be published. Required fields are marked *

×