December 10, 2024 |

കുറ്റം: കെ-ഡ്രാമ കണ്ടു, പ്രതികള്‍: 16 കാരായ രണ്ട് വിദ്യാര്‍ത്ഥികള്‍, ശിക്ഷ: 12 വര്‍ഷത്തെ കഠിനാധ്വാനം

ദക്ഷിണ കൊറിയന്‍ സിനിമകളോ സംഗീതമോ ആസ്വദിച്ചാല്‍ മരണം പോലും ചെറിയ ശിക്ഷയാകും ഉത്തര കൊറിയയില്‍

കൊറിയന്‍ സിനിമകളുടെയും സീരീസുകളുടെയും ആരാധകരാണ് ലോകം. എന്നാല്‍ ഒരു രാജ്യത്തെ ജനങ്ങള്‍ക്ക് മാത്രം ആ ആരാധന പരസ്യമായി കാണിക്കാന്‍ പറ്റില്ല. അതിന് ശ്രമിച്ചാല്‍ ഒരുപക്ഷേ മരണം പോലും സാധാരണ ശിക്ഷയാകും. വേറെയൊരിടത്തുമല്ല, ഉത്തര കൊറിയയില്‍ തന്നെ.

കെ-ഡ്രാമ കണ്ടാല്‍ വെടിവച്ച് കൊല്ലുന്നത് വരെയുള്ള ശിക്ഷയാണ് ഉത്തര കൊറിയയില്‍ കാത്തിരിക്കുന്നത്. ഉത്തര കൊറിയയും അവിടുത്തെ വിചിത്രമായ നിയമങ്ങളും പലപ്പോഴും പുറം ലോകത്തിന് ഒരു ആശ്ചര്യ ചിഹ്നമാണ്. വളരെ അപൂര്‍വമായി മാത്രമാണ് ഉത്തര കൊറിയയെ സംബന്ധിച്ച എന്തെങ്കിലും വാര്‍ത്തകള്‍ പുറം ലോകത്ത് അറിയാറുള്ളു എന്നതും ഒരു വസ്തുതയാണ്. അത്തരത്തില്‍ ഒരു വിചിത്രമായ വീഡിയോ ദൃശ്യമാണ് ബി ബി സി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്.

രണ്ട് കൗമാരക്കാരായ ആണ്‍കുട്ടികളെ ഉത്തരകൊറിയ പരസ്യമായി 12 വര്‍ഷത്തെ കഠിനാധ്വാനത്തിന് ശിക്ഷിക്കുന്ന ദൃശ്യങ്ങള്‍ ബിബിസി പുറത്ത് വിട്ടു. കൊറിയന്‍ ഡ്രാമ (കെ – ഡ്രാമ) കണ്ടെന്ന കുറ്റത്തിനാണ് 16- വയസുള്ള രണ്ട് വിദ്യാര്‍ത്ഥികളെ നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ഔട്ട്‌ഡോര്‍ സ്റ്റേഡിയത്തില്‍ വച്ച് ശിക്ഷ വിധിക്കുന്നത്. 2022-ല്‍ ചിത്രീകരിച്ച ദൃശ്യങ്ങളാണ് ഇതെന്നാണ് കരുതുന്നത്.

വീഡിയോ ദൃശ്യങ്ങളില്‍ യൂണിഫോമിലുള്ള രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ വിദ്യാര്‍ത്ഥികളെ ശാസിക്കുന്നതും കുട്ടികള്‍ കൈകൂപ്പി നില്‍ക്കുന്നതായും കാണാന്‍ സാധിക്കും. ടി വി ഉള്‍പ്പെടെയുള്ള ദക്ഷിണ കൊറിയന്‍ വിനോദങ്ങള്‍ ഉത്തര കൊറിയയയില്‍ നിരോധിച്ചിട്ടുള്ളതാണ്. എന്നിരുന്നാലും ആഗോള പ്രേക്ഷകരുള്ള കൊറിയന്‍ ഡ്രാമകള്‍ക്ക് വേണ്ടി (കെ -ഡ്രാമ) കഠിനമായ ശിക്ഷകള്‍ ഏറ്റു വാങ്ങാനും ചിലര്‍ തയ്യാറാണ്.

വളരെ അപൂര്‍വമായാണ് ഇത്തരം വീഡിയോ ദൃശ്യങ്ങള്‍ പുറം ലോകത്തെത്തുന്നത്. കാരണം, ഉത്തര കൊറിയയിലെ ജീവിത രീതികളും മറ്റും വെളിപ്പെടുത്തുന്ന തരത്തിലുളള ദൃശ്യങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നത് കിങ് ജോന്‍ ഉന്‍ ഭരണകൂടം കര്‍ശനമായി നിരോധിച്ചിട്ടുള്ളതാണ്.

ലോകം കണ്ട വീഡിയോ ബിബിസിക്കു നല്‍കിയത് സൗത്ത് ആന്‍ഡ് നോര്‍ത്ത് ഡെവലപ്മെന്റ് (SAND) ആണ്. ഉത്തര കൊറിയയില്‍ നിന്നുള്ള കൂറുമാറ്റക്കാര്‍ക്കെതിരായി പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണ സ്ഥാപനമാണ് എസ് എ എന്‍ ഡി (SAND). ഇത്തരം സംഭവങ്ങളില്‍ അധികാരികള്‍ കൂടുതല്‍ ശക്തമായി ഇടപെടുന്നുണ്ടെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍. ഉത്തര കൊറിയ മുന്നോട്ട് വക്കുന്ന പ്രത്യയശാസ്ത്രങ്ങള്‍ ജനങ്ങളില്‍ ഊട്ടി ഉറപ്പിക്കാനും കെ- ഡ്രാമകള്‍ പോലുളള അധഃപതിച്ച കലാസൃഷ്ടികള്‍ കാണാതിരിക്കാനും ഉത്തര കൊറിയന്‍ പൗരന്മാര്‍ക്ക് ഒരു മുന്നറിയിപ്പായാണ് വീഡിയോ ദൃശ്യങ്ങള്‍ വിതരണം ചെയ്തതെന്നും ചില റിപോര്‍ട്ടുകള്‍ പുറത്ത് വരുന്നുണ്ട്.

പ്രചരിക്കുന്ന വീഡിയോയില്‍ ഒരു വ്യക്തി ദക്ഷിണ കൊറിയയെ പരാമര്‍ശിച്ചു കൊണ്ട് ‘അധഃപതിച്ച സൃഷ്ടികള്‍’ പ്രചരിപ്പിക്കുന്ന സംസ്‌കാരം കൗമാരക്കാരിലേക്ക് വലിയ രീതിയില്‍ വ്യാപിച്ചിരിക്കുന്നതായും ഈ കുട്ടികള്‍ക്ക് 16 വയസ്സ് മാത്രമേയുള്ളുവെന്നും പക്ഷെ അവര്‍ സ്വന്തം ഭാവി മോശം പ്രവര്‍ത്തി വഴി നശിപ്പിച്ചിരിക്കുന്നു എന്ന തരത്തിലുള്ള ശബ്ദ സന്ദേശവും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിയമം ലംഘിച്ചതായി കുറ്റം ചുമത്തിയ ആണ്‍കുട്ടികളുടെ പേരുവിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുകയും ഇരുവരുടെയും വിലാസം വെളിപ്പെടുത്തുകയും ചെയ്തു. മുന്‍കാലങ്ങളില്‍, ഇതേ രീതിയില്‍ നിയമം ലംഘിക്കുന്ന പ്രായപൂര്‍ത്തിയാകാത്തവരെ ജയിലില്‍ അടയ്ക്കുന്നതിനുപകരം യൂത്ത് ലേബര്‍ ക്യാമ്പുകളിലേക്ക് അയയ്ക്കുന്നതായിരുന്നു പതിവ്. കൂടാതെ അഞ്ച് വര്‍ഷത്തില്‍ താഴെയുള്ള ശിക്ഷയാണ് സാധാരണയായി നല്‍കാറുണ്ടായിരുന്നത്.

2020-ല്‍ ഉത്തര കൊറിയന്‍ തലസ്ഥാന നഗരമായ പ്യോങ്യാങില്‍ ദക്ഷിണ കൊറിയന്‍ വിനോദ സൃഷ്ടികള്‍ കാണുന്നതും വിതരണം ചെയ്യുന്നതും വധശിക്ഷക്ക് വിധേയമാക്കുന്നതിനുള്ള നിയമം പാസ്സാക്കിയിരുന്നു. ദക്ഷിണ കൊറിയന്‍ സിനിമകള്‍ കണ്ടുവെന്നതിനും സംഗീതം പങ്കു വയ്ക്കുകയും ചെയ്തു എന്ന കുറ്റത്തിന് തന്റെ 22 വയസുള്ള സുഹൃത്ത് വെടിയേറ്റ് മരിക്കുന്നത് കാണാന്‍ താന്‍ നിര്‍ബന്ധിതനായിട്ടുണ്ട് എന്ന് ഉത്തര കൊറിയയില്‍ നിന്നും കൂറുമാറിയ ഒരു വ്യക്തി ബിബിസിയോട് പറഞ്ഞിട്ടുണ്ട്.

കെ- ഡ്രാമകളും കെ-പോപ്പ് സംഗീതത്തിന്റെയും വ്യാപനം ഉത്തര കൊറിയ പിന്തുടര്‍ന്ന് വരുന്ന പ്രത്യയശാസ്ത്രത്തിന് അപകടമായാണ് പ്യോങ്യാങ് കാണുന്നതെന്നും, ദക്ഷിണ കൊറിയന്‍ സമൂഹത്തോടുള്ള ആരാധന ഉത്തര കൊറിയയുടെ നിലവിലെ വ്യവസ്ഥിതിയെ ദുര്‍ബലപ്പെടുത്തുന്നതിന് ഇടയാക്കുകയും ഇത് ഉത്തര കൊറിയ നിവാസികള്‍ കിം കുടുംബത്തെ ബഹുമാനിക്കുകയെന്ന ഏകശിലാ സിദ്ധാന്തത്തിന് എതിരാണ് എന്നും എസ് എ എന്‍ ഡി (SAND) സി ഇ ഒ ചോയ് ക്യോങ്- വെയ് പറയുന്നു.

ഉത്തര കൊറിയക്കാര്‍ക്ക് ഉപാധികളില്ലാതെ സാമ്പത്തികവും മാനുഷികവുമായ സഹായം വാഗ്ദാനം ചെയ്യുന്ന ദക്ഷിണ കൊറിയയുടെ ‘സണ്‍ ഷൈന്‍ നയം(sunshine policy)-ത്തിന്റെ ഭാഗമായി 2000-കളോടെയാണ് ദക്ഷിണ കൊറിയന്‍ വിനോദം ഉത്തര കൊറിയക്കാര്‍ ആസ്വദിക്കാന്‍ തുടങ്ങിയത്.

സാധാരണ ഉത്തര കൊറിയക്കാര്‍ക്ക് ഈ നയം വഴി സഹായം എത്തിയിട്ടില്ലെന്നും കൂടാതെ പ്യോങ്യാങ്ങിന്റെ പെരുമാറ്റത്തില്‍ നല്ല മാറ്റങ്ങളൊന്നും നയം വരുത്തിയിട്ടില്ലെന്നും ആരോപിച്ചു കൊണ്ട് സോള്‍ 2010-ല്‍ നയം അവസാനിപ്പിക്കുകയായിരുന്നു. എങ്കിലും സൗത്ത് കൊറിയന്‍ വിനോദങ്ങള്‍ ചൈന വഴി ഉത്തരകൊറിയയില്‍ നിര്‍ലോഭം എത്തിക്കൊണ്ടിരുന്നു.

അമേരിക്കന്‍ ഡ്രാമ കാണുന്നത് പിടിക്കപെട്ടാല്‍ നിങ്ങള്‍ക്ക് കൈക്കൂലി കൊടുത്ത് രക്ഷപ്പെടാന്‍ സാധിക്കും എന്നാല്‍ കെ- ഡ്രാമകള്‍ കാണുന്നത്ത് ശ്രദ്ധയില്‍ പെട്ടാല്‍ വെടിയേറ്റ് മരിക്കേണ്ടതായി വരുന്നതാണ് എന്നും ഒരു മുന്‍ ഉത്തരകൊറിയന്‍ നിവാസി വ്യക്തമാക്കുന്നു. ഉത്തര കൊറിയന്‍ ജനതയെ സംബന്ധിച്ചിടത്തോളം കഠിനമായ ജീവിതെ യാഥാര്‍ഥ്യങ്ങള്‍ മറക്കാനുള്ള മരുന്നാണ് കെ – ഡ്രാമകള്‍.

×