ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നും പേടിഎമ്മിന് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സാഹചര്യമാണ് നിലവില്‍. ഫെബ്രുവരി 29-ാം തീയതിയോ അതിനു മുമ്പോ തുടങ്ങിയ എല്ലാ ട്രാന്‍സാക്ഷനുകളും മാര്‍ച്ച് 15-നകം അവസാനിപ്പിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശം. ഈ നിയന്ത്രണങ്ങളില്‍ ഇളവ് ലഭിക്കുന്നതിനായി റിസര്‍വ് ബാങ്ക് അധികൃതരുമായി പേടിഎം സിഇഒ വിജയ് ശേഖര്‍ ശര്‍മ്മ നടത്തിയ ചര്‍ച്ചകളെല്ലാം വിഫലമായി എന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. പേടിഎം പേയ്‌മെന്റ് ബാങ്കിന് യാതൊരു ഇളവും നല്‍കാന്‍ ആര്‍ബിഐ തയ്യാറായില്ല. സെന്‍ട്രല്‍ ബാങ്ക് അധികൃതരുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിജയ് ശേഖര്‍ ശര്‍മ്മ ആവശ്യപ്പെട്ട ഇളവുകളൊന്നും നല്‍കാന്‍ റിസര്‍വ് ബാങ്ക് വിസമ്മതിച്ചതിനാല്‍ 2024 ഫെബ്രുവരി 29-ന് ശേഷം നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും പേയ്‌മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതും ഉള്‍പ്പെടുന്ന എല്ലാ തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങളും നല്‍കാന്‍ പേടിഎം പേയ്‌മെന്റ് ബാങ്കിന് സാധിക്കില്ല. മറ്റ് ബാങ്കുകളിലേക്ക് അക്കൗണ്ടുകള്‍ മൈഗ്രേഷന്‍ ചെയ്യുന്നതിനും സമയപരിധി നീട്ടുന്നതുള്‍പ്പടെയുള്ള കടുത്ത തീരുമാനത്തില്‍ യാതൊരു വിധത്തിലുള്ള ഇളവുകളും ആര്‍ബിഐ നല്‍കിയിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
പേടിഎം യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് (യുപിഐ) കൈകാര്യം ചെയ്യുന്ന നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുമായും (എന്‍പിസിഐ) ആര്‍ ബി ഐ യുടെ സഹായമില്ലാതെ ചര്‍ച്ചകള്‍ വരുമെന്നും പേടിഎമ്മിനെ ഏറ്റെടുക്കാന്‍ മറ്റ് ബാങ്കുകളെ പ്രോത്സാഹിപ്പിക്കിയില്ലെന്നും ആര്‍ബിഐ വ്യക്തമാക്കിയതായാണ് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
പേടിഎമ്മിന് എന്താണ് സംഭവിച്ചത്?
മൂന്ന് കോടിയിലധികം വ്യാപാരികള്‍ നിലവില്‍ പേടിഎം ഉപയോഗിച്ച് വരുന്നുണ്ട് അതില്‍ തന്നെ ഏകദേശം 20% ശതമാനം അതായത് 60 ലക്ഷം പേര്‍ തങ്ങളുടെ സെറ്റില്‍മെന്റ് അക്കൗണ്ടായി പേടിഎം പേമെന്റ് ബാങ്കിനെയാണ് ഉപയോഗിക്കുന്നത്. യുപിഐ പേയ്മെന്റുകള്‍ തടസമില്ലാതെ പ്രവര്‍ത്തിക്കുന്നതിനായി ഫെബ്രുവരി 29-ന് മുമ്പ് പേടിഎമ്മിന് ഈ അക്കൗണ്ടുകളെല്ലാം ഒരു മൂന്നാം കക്ഷി ബാങ്കുകളിലേക്ക് മാറ്റേണ്ടി വരും പേ ടിഎമ്മിലെ മൊത്തവ്യാപാര മൂല്യത്തിന്റെ(ഗ്രോസ് മെര്‍ച്ചന്‍ഡൈസ് വാല്യൂ GMV) 90 % ശതമാനത്തിലേറെയും യു പി ഐ യാണ്. പേടിഎമ്മിന്റെ അഭ്യര്‍ത്ഥനകള്‍ പരിഗണിക്കാന്‍ റിസര്‍വ് ബാങ്ക് വിസമ്മതിച്ചുവെന്ന് മാത്രമല്ല, ഭാവിയില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനും സാധ്യതയില്ലെന്നാണ് വിദഗ്ദ്ധരുടെ നിരീക്ഷണം. വീഴ്ചകള്‍ പരിഹരിക്കാനും തുടര്‍ന്ന് ആവര്‍ത്തിക്കാതിരിക്കാനും ഒന്നിലധികം മുന്നറിയിപ്പുകള്‍ ആര്‍ബിഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടും പേടിഎം വലിയ വീഴ്ചകള്‍ വരുത്തിയതിനാലാണ് റിസര്‍വ് ബാങ്കിന്റെ കടുത്ത തീരുമാനം. കഴിഞ്ഞ ഒന്നര വര്‍ഷമായി ആര്‍ബിഐ പേടിഎമ്മിനെ കുറിച്ച് അന്വേഷങ്ങള്‍ നടത്തി വരികയാണ്.
2017 ജനുവരിയിലാണ് പേടിഎം പേയ്‌മെന്റിന് ബാങ്കിങ് അനുമതി ലഭിക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആദ്യ റെഗുലേറ്ററി നടപടി പേടിഎം നേരിട്ടു. ഡേ എന്‍ഡ് ബാന്‍ലന്‍സിന്റെ കണക്കുകള്‍ കൃത്യമായി പാലിക്കാന്‍ കഴിയാത്തതും ഒപ്പം നോ-യുവര്‍-കസ്റ്റമര്‍ (കെ വൈ സി) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും ഉള്‍പ്പെടെയുള്ള ലൈസന്‍സിംഗ് വ്യവസ്ഥകളുടെ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു ( ഇടപാടുകാരെ തിരിച്ചറിയാനും അവരുടെ മേല്‍ല്‍വിലാസം അറിയാനുമുള്ള പ്രക്രിയ ആണ് കെവൈസി. ബാങ്കുകളടെ സേവനങ്ങള്‍ ദുരുപേയാഗം ചെയ്യുന്നില്ല എന്നുറപ്പ് വരുത്താന്‍ ഈ പ്രകിയ സഹായിക്കുന്നു. കെ വൈ സി എന്ന നിബന്ധന അക്കൗണ്ട് തുടങ്ങുന്ന സമയത്തുതന്നെ പൂര്‍ത്തിയാക്കേണ്ടതാണ് ). തുടര്‍ന്ന് 2018 ജൂണില്‍ പേടിഎമ്മില്‍ പുതിയ അകൗണ്ടുകള്‍ തുറക്കുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ നിര്‍ബന്ധിതരായി. എന്നിരുന്നാലും, ഈ നിരോധനം ബാങ്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 2018 ഡിസംബറോടെ നീക്കുകയായിരുന്നു.
2021 ഒക്ടോബറില്‍ പേടിഎം തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതായി ആര്‍ബിഐ കണ്ടെത്തിയതോടെ കമ്പനിക്കെതിരെ രണ്ടാമത്തെ നടപടി എടുക്കേണ്ട സാഹചര്യമുണ്ടാകുകയായിരുന്നു. ആര്‍ബിഐയുടെ നടപടിയില്‍ ഒരു കോടി രൂപ പിഴ ഈടാക്കുന്നതിലാണ് ചെന്നെത്തിയത്. ഇക്കാര്യം 2021 ഒക്ടോബര്‍ 20-ന് ആര്‍ബിഐ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. പിന്നീട് ടെക്‌നോളജി, സൈബര്‍ സുരക്ഷ, കെവൈസി കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പേടിഎമ്മിന് പാളിച്ചകള്‍ സംഭവിച്ചതായി ആര്‍ബിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇതേക്കുറിച്ചുള്ള ആശങ്കകള്‍ നില നിന്നിരുന്നെങ്കിലും സെര്‍വറുകളിലോ ബാങ്കോ ബാങ്കുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലോ ഒന്നും ക്രമക്കേട് കണ്ടെത്തിയിരുന്നില്ല. എങ്കിലും ആശങ്കകളുടെ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ചില്‍ പേടിഎമ്മിനെതിരെ ആര്‍ബിഐ (സൂപ്പര്‍വൈസറി) മേല്‍നോട്ട നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടാതെ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്താനും ഒപ്പം സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്താനായി മറ്റൊരു ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും ആര്‍ബിഐ ബാങ്കിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.
1949-ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 35 എ പ്രകാരമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎമ്മിനെതിരെ ഇത്തരം ഒരു നടപടിക്ക് മുതിര്‍ന്നതെന്ന് 2022 മാര്‍ച്ച് 11 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. ഓഡിറ്റിംഗ് നടത്തിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകളിലൊന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കണ്ടെത്തുകയും ചെയ്തു. എങ്കിലും 2023 ഒക്ടോബറോടെ, കെവൈസി മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി പാലിക്കാത്തതിന് ആര്‍ബിഐ 5.39 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. സൈബര്‍ സുരക്ഷ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാലതാമസം, വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ ഐഡന്റിഫിക്കേഷന്‍ പ്രക്രിയയിലെ (ഢഇകജ) വീഴ്ചകള്‍ എന്നിവയുമാണ് പിഴക്ക് കാരണമായി ആര്‍ ബി ഐ പറഞ്ഞിരുന്നത്.
പേയ്‌മെന്റ് ബാങ്കിംഗ് ഇല്ലാതെ പേടിഎമ്മിന് നിലവിലെ ബിസിനസുകള്‍ തുടരാന്‍ സാധിക്കില്ല. ഈ ഘട്ടത്തില്‍ ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള പേയ്മെന്റ് ആപ്പ് മാത്രമായി പേടിഎം ചുരുങ്ങും. പേടിഎം വാലറ്റ് വാഗ്ദാനം ചെയ്തിരുന്ന നേട്ടം ഇല്ലാതാകുമെന്ന് ചുരുക്കം. വര്‍ഷത്തില്‍ പേടിഎമ്മിന് പ്രവര്‍ത്തന ലാഭത്തില്‍ 300- 500 കോടി രൂപ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നഷ്ടമാകുന്നതിനൊപ്പം ഉപഭോക്തൃ അടിത്തറയെയും ആര്‍ബിഐയുടെ നിയന്ത്രണം ബാധിക്കും. 90 ദശലക്ഷം വാലറ്റ് ഉപയോക്താക്കളും 58 ദശലക്ഷം ഫാസ്ടാഗ് ഉപയോക്താക്കളുമുള്ള പേടിഎം വാലറ്റ് ബിസിനസിലെ നിലവിലെ മാര്‍ക്കറ്റ് ലീഡറാണ്.