UPDATES

ഫിനാന്‍സ്/ ബിസിനസ്‌

പേടിഎമ്മിന് എന്താണ് സംഭവിച്ചത്?

ആര്‍ബിഐ തീരുമാനം എങ്ങനെയെല്ലാം ബാധിക്കും?

                       

2024 ജനുവരി 31 -ലെ വൈകുന്നേരം പേടിഎം പേയ്മെന്റ് ബാങ്കിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അസാധാരണവും അന്തിമമായതുമായ ഒരു വിധി പ്രഖ്യാപിച്ചു. റിസര്‍വ് ബാങ്കിന്റെ ഉത്തരവ് പ്രകാരം ഫെബ്രുവരി 29നു ശേഷം പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ സേവിങ്‌സ്-കറന്റ് അകൗണ്ടുകള്‍, വാലറ്റുകള്‍, ഫാസ്ടാഗ് എന്നിവയില്‍ പണം നിക്ഷേപിക്കാനാകില്ല. അതായത്, ഫെബ്രുവരി 29 ന് ശേഷം – പേടിഎം പേയ്മെന്റ് ബാങ്കിന് ഇനി നിക്ഷേപങ്ങള്‍, ക്രെഡിറ്റ് ഇടപാടുകള്‍, വാലറ്റ് ടോപ്പ് അപ്പുകള്‍, ബില്‍ പേയ്മെന്റുകള്‍, തുടങ്ങിയവ ഒന്നും നടത്താനാകില്ല. പേടിഎമ്മിനെ എല്ലാ വിധ ബാങ്കിങ് പ്രവര്‍ത്തനങ്ങളില്‍ നിന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിലക്കിയിരിക്കുകയാണ്. കൂടാതെ, പേയ്‌മെന്റ്സ് ബാങ്ക് ലൈസന്‍സ് റദ്ദ് ചെയ്യുന്ന കാര്യവും ആര്‍ബിഐയുടെ പരിഗണനയിലുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. റിസര്‍വ് ബാങ്കിന്റെ കടുത്ത നടപടി കൂടി വന്നതോടെ പേടിഎം കമ്പനിയുടെ ബിസിനസ് തന്നെ പ്രതിസന്ധിയിലായി.

ആര്‍ബിഐ മുന്‍പും പലതരത്തിലുള്ള നിയന്ത്രണങ്ങളും പേടിഎമ്മിനും അതിനോട് ചേര്‍ന്ന വിവിധ ധനകാര്യ സ്ഥാപനങ്ങള്‍ക്കുമെതിരെ നടപ്പിലാക്കിയിട്ടുണ്ടെങ്കിലും, ഇത്തവണ പേടിഎമ്മിന് യാതൊരു പഴുതും നല്‍കാത്ത വിധിയാണ് ആര്‍ബിഐ പുറപ്പെടുവിച്ചിരിക്കുന്നത്. കമ്പനിക്ക് ഈ സാഹചര്യത്തെ മറികടക്കാന്‍ യാതൊരു തരത്തിലുളള പഴുതുകളും അവശേഷിക്കുന്നില്ല എന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. നിലവില്‍ ഉടലെടുത്ത സാഹചര്യം മറികടക്കണമെങ്കില്‍ ആര്‍ബിഐ നിയന്ത്രണങ്ങള്‍ ലഘൂകരിക്കേണ്ടതായിവരും എന്നാല്‍ അത്തരമൊരു സാഹചര്യം നിലവില്‍ ആര്‍ബിഐയുടെ പരിണഗണനയിലുണ്ടെന്നുളള യാതൊരു തരത്തിലുള്ള സൂചനയും ലഭിച്ചിട്ടില്ല.

ബാങ്കിംഗ് ലൈസന്‍സ് നേടിയ ശേഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതില്‍ പേടിഎം പരാജയപ്പെട്ടതായി പേയ്‌മെന്റ് ബാങ്കിന്റെ ചരിത്രത്തില്‍ കാണാന്‍ സാധിക്കുന്നതാണ്. ഈ വീഴ്ചകളുടെ തുടര്‍ നടപടിയെന്നോണമാണ് പേടിഎം പേയ്‌മെന്റ് ബാങ്കിന് മേല്‍ ഇപ്പോള്‍ ആര്‍ബിഐ ഏര്‍പ്പെടുത്തിയ നിയന്ത്രണം.

എന്തുകൊണ്ട് ആര്‍ബിഐ നടപടി

ഫെബ്രുവരി 29 മുതല്‍ നിക്ഷേപങ്ങള്‍ സ്വീകരിക്കുന്നതും പേയ്മെന്റുകള്‍ പ്രോസസ്സ് ചെയ്യുന്നതും ഉള്‍പ്പെടുന്ന എല്ലാ തരത്തിലുള്ള ബാങ്കിംഗ് സേവനങ്ങളും വാഗ്ദാനം ചെയ്യുന്നതില്‍ നിന്ന് പേടിഎം പേയ്മെന്റ് ബാങ്കിന് ആര്‍ബിഐയുടെ വിലക്കുണ്ട്. 2017 ജനുവരിയിലാണ് പേടിഎം പേയ്മെന്റിന് ബാങ്കിങ് അനുമതി ലഭിക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷത്തിനുള്ളില്‍ ആദ്യ റെഗുലേറ്ററി നടപടി നേരിടുകയുണ്ടായി. ഡേ എന്‍ഡ് ബാന്‍ലന്‍സിന്റെ കണക്കുകള്‍ കൃത്യമായി പാലിക്കാന്‍ കഴിയാത്തതും ഒപ്പം നോ-യുവര്‍-കസ്റ്റമര്‍ (കെ വൈ സി) മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കാത്തതും ഉള്‍പ്പെടെയുള്ള ലൈസന്‍സിംഗ് വ്യവസ്ഥകളുടെ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു(ഇടപാടുകാരെ തിരിച്ചറിയാനും അവരുടെ മേല്‍ല്‍വിലാസം അറിയാനുമുള്ള പ്രക്രിയ ആണ് കെവൈസി. ബാങ്കുകളടെ സേവനങ്ങള്‍ ദുരുപേയാഗം ചെയ്യുന്നില്ല എന്നുറപ്പ് വരുത്താന്‍ ഈ പ്രകിയ സഹായിക്കുന്നു. കെ വൈ സി എന്ന നിബന്ധന അക്കൗണ്ട് തുടങ്ങുന്ന സമയത്തുതന്നെ പൂര്‍ത്തിയാക്കേണ്ടതാണ്). തുടര്‍ന്ന് 2018 ജൂണില്‍ പേടിഎമ്മില്‍ പുതിയ അകൗണ്ടുകള്‍ തുറക്കുന്നത് താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആര്‍ബിഐ നിര്‍ബന്ധിതരായി. എന്നിരുന്നാലും, ഈ നിരോധനം ബാങ്ക് നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 2018 ഡിസംബറോടെ നീക്കുകയായിരുന്നു.

2021 ഒക്ടോബറില്‍ പേടിഎം തെറ്റായ വിവരങ്ങള്‍ സമര്‍പ്പിച്ചതായി ആര്‍ബിഐ കണ്ടെത്തിയതോടെ കമ്പനിക്കെതിരെ രണ്ടാമത്തെ നടപടി എടുക്കേണ്ട സാഹചര്യമുണ്ടാകുകയായിരുന്നു. ആര്‍ബിഐയുടെ നടപടിയില്‍ ഒരു കോടി രൂപ പിഴ ഈടാക്കുന്നതിലാണ് ചെന്നെത്തിയത്. ഇക്കാര്യം 2021 ഒക്ടോബര്‍ 20-ന് ആര്‍ബിഐ പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നു. പിന്നീട് ടെക്നോളജി, സൈബര്‍ സുരക്ഷ, കെവൈസി കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ പേടിഎമ്മിന് പാളിച്ചകള്‍ സംഭവിച്ചതായി ആര്‍ബിഐയുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇതേക്കുറിച്ചുള്ള ആശങ്കകള്‍ നില നിന്നിരുന്നെങ്കിലും സെര്‍വറുകളിലോ ബാങ്കോ ബാങ്കുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളിലോ ഒന്നും ക്രമക്കേട് കണ്ടെത്തിയിരുന്നില്ല. എങ്കിലും ആശങ്കകളുടെ അടിസ്ഥാനത്തില്‍ 2022 മാര്‍ച്ചില്‍ പേടിഎമ്മിനെതിരെ ആര്‍ബിഐ (സൂപ്പര്‍വൈസറി) മേല്‍നോട്ട നിയന്ത്രണം ഏര്‍പ്പെടുത്തി. കൂടാതെ പുതിയ ഉപഭോക്താക്കളെ ചേര്‍ക്കുന്നത് നിര്‍ത്താനും ഒപ്പം സമഗ്രമായ സിസ്റ്റം ഓഡിറ്റ് നടത്താനായി മറ്റൊരു ഓഡിറ്റ് സ്ഥാപനത്തെ നിയമിക്കാനും ആര്‍ബിഐ ബാങ്കിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു.

1949-ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ടിന്റെ സെക്ഷന്‍ 35 എ പ്രകാരമാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പേടിഎമ്മിനെതിരെ ഇത്തരം ഒരു നടപടിക്ക് മുതിര്‍ന്നതെന്ന് 2022 മാര്‍ച്ച് 11 ലെ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ വിജ്ഞാപനത്തില്‍ പറഞ്ഞിരുന്നു. ഓഡിറ്റിംഗ് നടത്തിയ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ബാങ്കിന്റെ ഭാഗത്ത് ഗുരുതരമായ വീഴ്ചകളിലൊന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ കണ്ടെത്തുകയും ചെയ്തു. എങ്കിലും 2023 ഒക്ടോബറോടെ, കെവൈസി മാനദണ്ഡങ്ങള്‍ തുടര്‍ച്ചയായി പാലിക്കാത്തതിന് ആര്‍ബിഐ 5.39 കോടി രൂപ പിഴ ചുമത്തുകയും ചെയ്തു. സൈബര്‍ സുരക്ഷ കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള കാലതാമസം, വീഡിയോ അടിസ്ഥാനമാക്കിയുള്ള ഉപഭോക്തൃ ഐഡന്റിഫിക്കേഷന്‍ പ്രക്രിയയിലെ (V-CIP) വീഴ്ചകള്‍ എന്നിവയുമാണ് പിഴക്ക് കാരണമായി ആര്‍ ബി ഐ പറഞ്ഞിരുന്നത്.

മ്യൂള്‍ (കള്ളപ്പണം വെളുപ്പിക്കാനോ കള്ളപ്പണം നീക്കാനോ കുറ്റവാളികള്‍ ഉപയോഗിക്കുന്ന അക്കൗണ്ടുകളാണ് മ്യൂള്‍ അക്കൗണ്ടുകള്‍) അകൗണ്ടുകളായി ഉപയോഗിക്കപ്പെടാന്‍ സാധ്യതയുള്ള പ്രവര്‍ത്തനരഹിതമായ അനവധി അകൗണ്ടുകളും ആര്‍ബിഐ കണ്ടെത്തിയിരുന്നു. അതായത് ”പേടിഎമ്മിന്റെ സേവനങ്ങള്‍ ഉപയോഗിക്കുന്ന ഏകദേശം 35 കോടി വാലറ്റ് അകൗണ്ടുകളില്‍ 31 കോടിയും പ്രവര്‍ത്തനരഹിതമാണെന്ന് ആര്‍ബിഐ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഡിസംബറില്‍ ഉപഭോക്തൃ വായ്പകളുടെ വിതരണത്തില്‍ നിയന്ത്രണം കൊണ്ടുവരുന്നതിന് റിസര്‍വ് ബാങ്ക് ചട്ടങ്ങള്‍ കര്‍ശനമാക്കിയതിനെ തുടര്‍ന്ന് പേടിഎമ്മിന് 50,000 രൂപയില്‍ താഴെയുള്ള വായ്പകളുടെ വിതരണം കുറയ്ക്കുന്ന തരത്തില്‍ നടപടി സ്വീകരിക്കേണ്ടതായി വന്നിരുന്നു.

നിലവില്‍ ആയിരക്കണക്കിന് പേടിഎം ബാങ്ക് അകൗണ്ടുകള്‍ ഒരു പാന്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ചുകൊണ്ട് നടത്തുന്നതും ആര്‍ബിഐയുടെ ശ്രദ്ധയില്‍പ്പെട്ടതായി മാധ്യമ റിപ്പോര്‍ട്ടുകള്‍ വന്നിട്ടുണ്ട്. സുതാര്യമല്ലാത്ത സാമ്പത്തിക ഇടപാടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റിന്റെ അന്വേഷണം ഉണ്ടാകണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.

സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്തുകൊണ്ട്, ആര്‍ബിഐ പേടിഎം ഗ്രൂപ്പ് അവരുടെ സാമ്പത്തിക, സാമ്പത്തികേതര ബിസിനസുകളുടെ സഹവര്‍ത്തിത്വവും ലൈസന്‍സിംഗ് വ്യവസ്ഥകളോടൊപ്പം ആര്‍ബിഐ നിര്‍ദ്ദേശങ്ങളും ലംഘിച്ചതായി കണ്ടെത്തി. പേടിഎം അതിന്റെ മാതൃ സ്ഥാപനമായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ (OCL) ഐടി ഇന്‍ഫ്രാസ്ട്രക്ചറിനെ ആശ്രയിക്കുന്നത് ഡാറ്റാ സ്വകാര്യതയെയും വിതരണത്തെയും കുറിച്ചുള്ള ആശങ്കകള്‍ ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. പേടിഎം പേയ്മെന്റ് ബാങ്കില്‍ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സിന് 49% ഓഹരിയുണ്ട്, ബാക്കി 51 % ശതമാനം പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ്മയുടെ കൈവശമാണുള്ളത്.

ആര്‍ ബി ഐയുടെ നടപടി മൂലം ഓഹരി വിപണിയില്‍ പേടിഎമ്മിന് കനത്ത വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് പേടിഎം മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് ഓഹരി ഏറ്റവും താഴെയെത്തുന്നത്. രണ്ട് ദിവസമായി 40 % ശതമാനം താഴേക്ക് എത്തിയ ഓഹരി 487.20 രൂപയിലാണ് ഫെബ്രുവരി രണ്ട് വെള്ളിയാഴ്ച ക്ലോസ് ചെയ്തത്. ഫെബ്രുവരി ഒന്ന് മുതല്‍ പേടിഎം ഓഹരികളില്‍ വലിയ വില്‍പ്പന സമ്മര്‍ദ്ദവും കാണാന്‍ സാധിക്കും. ഓഹരി 20 % ശതമാനം ഇടിഞ്ഞ് 608.80 രൂപയിലാണ് വ്യാപാരം ആരംഭിച്ചത്. പേടിഎമ്മിന്റെ ഓഹരികള്‍ തുടര്‍ച്ചയായി 20 % ശതമാനം എന്ന നിലയില്‍ എത്തിയതിനെത്തുടര്‍ന്ന് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പേടിഎം ഓഹരികളുടെ പ്രതിദിന പരിധി 20 % ശതമാനത്തില്‍ നിന്ന് താഴ്ത്തി 10 % ശതമാനമാക്കി മാറ്റി.

പേടിഎം ഇനി എന്ത് ചെയ്യും

പേടിഎം നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളില്‍ ആദ്യത്തേത് കാലങ്ങളായി അവര്‍ നേടിയെടുത്ത അസ്തിത്വം നഷ്ടമാകുന്നു എന്നതാണ്. പേയ്മെന്റ് ബാങ്കിംഗ് ഇല്ലാതെ പേടിഎമ്മിന് നിലവിലെ ബിസിനസുകള്‍ തുടരാന്‍ സാധിക്കില്ല. ഈ ഘട്ടത്തില്‍ ഫോണ്‍പേ, ഗൂഗിള്‍ പേ പോലുള്ള പേയ്‌മെന്റ് ആപ്പ് മാത്രമായി പേടിഎം ചുരുങ്ങും. പേടിഎം വാലറ്റ് വാഗ്ദാനം ചെയ്തിരുന്ന നേട്ടം ഇല്ലാതാകുമെന്ന് ചുരുക്കം. വര്‍ഷത്തില്‍ പേടിഎമ്മിന് പ്രവര്‍ത്തന ലാഭത്തില്‍ 300- 500 കോടി രൂപ കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് നഷ്ടമാകുന്നതിനൊപ്പം ഉപഭോക്തൃ അടിത്തറയെയും ആര്‍ബിഐയുടെ നിയന്ത്രണം ബാധിക്കും.

90 ദശലക്ഷം വാലറ്റ് ഉപയോക്താക്കളും 58 ദശലക്ഷം ഫാസ്ടാഗ് ഉപയോക്താക്കളുമുള്ള പേടിഎം വാലറ്റ് ബിസിനസിലെ നിലവിലെ മാര്‍ക്കറ്റ് ലീഡറാണ്. ഫാസ്ടാഗ് വിഭാഗത്തില്‍ 17 % ശതമാനം വിപണി വിഹിതം കമ്പനിക്കുണ്ട്. ഈ ബിസിനസുകളുടെ മാര്‍ജിന്‍ സംഭാവന വലിയ അളവിലില്ലെങ്കിലും മറ്റ് ആപ്പുകളില്‍ നിന്ന് പേടിഎമ്മിനെ വ്യത്യസ്തമാക്കുന്നത് ഉപഭോക്താക്കളുടെ പ്രത്യേകതയാണ്. പേടിഎം പേയ്മെന്റ് ബാങ്ക് വഴിയാണ് പേടിഎം ഈ ബിസിനസുകള്‍ കൈകാര്യം ചെയ്തത്. നിരോധനത്തിന് ശേഷം, നിലവിലുള്ള ഉപയോക്താക്കളുടെ നിലനിര്‍ത്താന്‍ പേടിഎമ്മിന് ഇവരെ മറ്റു ബാങ്കുകളിലേക്ക് മാറ്റേണ്ടി വരും. അതായത് ഉത്പ്പന്നം വിറ്റിരുന്ന അവസ്ഥയില്‍ നിന്ന് വെറും വിതരണക്കാരനായി മാത്രം പേടിഎം ചുരുങ്ങേണ്ടി വരും എന്നര്‍ഥം. ഇതു പേടിഎമ്മിന്റെ നിലവിലെ സാമ്പത്തിക ഭദ്രതയോടൊപ്പം ഉപഭോക്തൃ അടിത്തറയെയും ബാധിക്കുന്നതാണ്.

2000 ത്തില്‍ അന്നത്തെ എട്ടു ലക്ഷം രൂപയ്ക്കാണ് വിജയ് ശേഖര്‍ ശര്‍മ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് സ്ഥാപിക്കുന്നത്. ഡിജിറ്റല്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന ഒരു കമ്പനി എന്ന നിലയില്‍ നിന്ന് 2010ലാണ് പേടിഎം എന്ന ബ്രാന്‍ഡായി പരിണമിക്കുന്നത്. ഏകദേശം രണ്ടു മില്യണ്‍ ഡോളറിന്റെ പ്രാരംഭ നിക്ഷേപത്തോടെയാണ് പേടിഎം ആരംഭിക്കുന്നത്. ഉത്തര്‍പ്രേദേശിലെ നോയിഡയിലാണ് പേടിഎമ്മിന്റെ ആസ്ഥാനം. പേടിഎം നിലവില്‍ 11 ഇന്ത്യന്‍ ഭാഷകളില്‍ ലഭ്യമാണ്, കൂടാതെ മൊബൈല്‍ റീചാര്‍ജുകള്‍, യൂട്ടിലിറ്റി ബില്‍ പേയ്മെന്റുകള്‍, യാത്ര, സിനിമകള്‍, ഇവന്റ് ബുക്കിംഗ് എന്നിവ പോലുള്ള ഓണ്‍ലൈന്‍ ഉപയോഗ സേവനങ്ങളും, പലചരക്ക് കടകള്‍, പച്ചക്കറി ഷോപ്പുകള്‍, റെസ്റ്റോറന്റുകള്‍, പാര്‍ക്കിംഗ്, ടോളുകള്‍ തുടങ്ങി അനവധി നിരവധി ആവശ്യങ്ങള്‍ക്ക് പേടിഎം ഉപയോഗിച്ച് വരുന്നുണ്ട്. ഒരു പ്രീപെയ്ഡ് മൊബൈല്‍, ഡിടിഎച്ച് റീചാര്‍ജ് പ്ലാറ്റ്ഫോമായായിരുന്നു കമ്പനിയുടെ തുടക്കം. 2014 ജനുവരി ആയപ്പോഴേക്കും കമ്പനി പേടിഎം വാലറ്റ് പുറത്തിറക്കുന്നത്.

രാഷ്ട്രീയ ആരോപണങ്ങളും വിശദീകരണവും

പേടിഎം പേയ്‌മെന്റ്‌ ബാങ്കിനെതിരായ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നടപടികളിൽ കേന്ദ്രത്തിന്റെ നിലപാട് ചോദ്യം ചെയ്ത് കോൺ​ഗ്രസ് രംഗത്തെത്തിയിരുന്നു. വിഷയത്തിൽ എന്തുകൊണ്ടാണ് ഇ.ഡി. മൗനം പാലിക്കുന്നതെന്ന് കോൺ​ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് ചോദി സി ച്ചിരുന്നു. കൂടാതെ കഴിഞ്ഞ ഏഴ് വർഷങ്ങളായി ഗുരുതര വീഴ്ചകളുണ്ടായിട്ടും പേടിഎമ്മിനെതിരെ നടപടിയെടുക്കാത്തത് ബാങ്കിന്റെ സ്ഥാപകൻ പ്രധാനമന്ത്രി മോദിയുടെ ഭക്തൻ ആയതുകൊണ്ടാണെന്നും പ്രധാനമന്ത്രിക്ക് അനുകൂലമായി പരസ്യങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ടന്നും കോൺ​ഗ്രസ് നേതാവ് സുപ്രിയ ശ്രീനേത് ചോദിച്ചു. പ്രധാനമന്ത്രിയുടെ കൂട്ടാളികൾക്കെതിരെ ആരോപണങ്ങൾ ഉയരുമ്പോൾ കേന്ദ്ര ഏജൻസികൾ മൗനം പാലിക്കുകയാണ് എന്നും സുപ്രിയ ആരോപിച്ചു.

ആരോപണങ്ങൾക്ക് പിന്നാലെ വിശദീകരണവുമായി പേടിഎഎമ്മും രംഗത്തെത്തിയിരുന്നു ‘കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കമ്പനിക്കെതിരെയും സ്ഥാപകനോ ഇഡിയുടെ യാതൊരുവിധത്തിലുള്ള അന്വേഷണങ്ങളും നടക്കുന്നില്ലെന്നും. മുൻകാലങ്ങളിൽ സമാനമായ രീതിയിലുള്ള അന്വേഷണങ്ങളുണ്ടായിട്ടുണ്ടെങ്കിലും അത്തരം സന്ദർഭങ്ങളിൽ തങ്ങൾ അധികാരികളുമായി കൃത്യമായി സഹകരിച്ചിട്ടുണ്ടെന്നും പേടിഎം വ്യക്തമാക്കി.

ഫെബ്രുവരി 29 മുതല്‍ പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ വാലറ്റുകള്‍ ടോപ്പ് അപ്പ് ചെയ്യാനോ പാടില്ലെന്നും പുതിയ ഉപഭോക്താക്കളെ ചേര്‍ക്കരുതെന്നും പേടിഎമ്മിന് ആര്‍ബിഐ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഫെബ്രുവരി 29-ാം തീയതിയോ അതിനുമുമ്പോ തുടങ്ങിയ എല്ലാ ട്രാന്‍സാക്ഷനുകളും മാര്‍ച്ച് 15-നകം അവസാനിപ്പിക്കണമെന്നാണ് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദ്ദേശിച്ചിരിക്കുന്നത്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ പേടിഎം ഉപയോക്താക്കളായ വ്യാപാരികള്‍ മറ്റു പേയ്മെന്റ് ഓപ്ഷനുകളിലേക്ക് ഉടനടി മാറാന്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (CAIT) ദേശീയ പ്രസിഡന്റ് ബി.സി. ഭാര്‍ട്ടിയ, സെക്രട്ടറി ജനറല്‍ പ്രവീണ്‍ ഖണ്ടേല്‍വാള്‍, സെക്രട്ടറി എസ്.എസ്. മനോജ്, പ്രവര്‍ത്തകസമിതി അംഗം പി. വെങ്കിട്ടരാമ അയ്യര്‍ എന്നിവര്‍ അഭ്യര്‍ഥിച്ചു. രാജ്യത്തെ നല്ലൊരു ശതമാനം വ്യാപാരികളും ഉപഭോക്താക്കളും പേടിഎം ആപ്പ് വഴി സാമ്പത്തിക ഇടപാടുകള്‍ നടത്തിവരുന്നത്. ആര്‍ബിഐ നിയന്ത്രണങ്ങള്‍ മൂലം ആപ്പ് വഴിയുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് നിരന്തരം തടസം നേരിടുന്നുണ്ട്.

Share on

മറ്റുവാര്‍ത്തകള്‍