UPDATES

പേടിഎമ്മിന് ആശ്വാസം; സേവനം അവസാനിപ്പിക്കാന്‍ സമയപരിധി നീട്ടി നല്‍കി ആർ ബി ഐ

ബാങ്ക് നിയന്ത്രണങ്ങൾക്കുള്ള സമയപരിധി മാർച്ച് 15 വരെ നീട്ടി

                       

ദിവസങ്ങളുടെ പരീക്ഷണങ്ങൾക്ക് ശേഷം പേടിഎം പേയ്‌മെന്റ് ബാങ്കിന് നേരിയ ആശ്വാസം ലഭിച്ചിരിക്കുകയാണ്. പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ സേവനങ്ങൾ അവസാനിപ്പിക്കാൻ ആർബിഐ നേരത്തേ ഫെബ്രുവരി 29 ആയിരുന്നു അവസാന സമയപരിധിയായി നിശ്ചയിച്ചിരുന്നത്. ബാങ്ക് നിയന്ത്രണങ്ങൾക്കുള്ള സമയപരിധി മാർച്ച് 15 വരെ നീട്ടി നൽകിയിരിക്കുകയാണിപ്പോൾ . അതേസമയം പേടിഎമ്മിന്റെ ചില ജനപ്രിയ സേവങ്ങൾ തടസമില്ലാതെ പ്രവർത്തിപ്പിക്കാനും നിലവിലെ പ്രതിസന്ധികളെ അതിജീവിക്കാനും ശ്രമിക്കുന്നതിനായി  മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് പുതിയ ബാങ്കിംഗ് പങ്കാളിയുമായി കരാറിൽ ഒപ്പുവക്കുകയും ചെയ്തു.

“പേടിഎം അതിൻ്റെ നോഡൽ അക്കൗണ്ട് ആക്‌സിസ് ബാങ്കിലേക്ക് (എസ്‌ക്രോ അക്കൗണ്ട് തുറന്ന്) മാറ്റിയിട്ടുണ്ട്. പഴയതു പോലെ പേടിഎമ്മിലൂടെയുള്ള വ്യാപാര സേവനങ്ങൾ സുഗമമായി നടക്കുന്നതിനായാണ് കമ്പനിയുടെ ഈ നീക്കംമെന്ന് പേടിഎം പുറത്ത് വിട്ട പ്രസ്താവനയിൽ പറയുന്നു. പേടിഎം ക്യുആർ കോഡുകൾ, സൗണ്ട്ബോക്സ്, കാർഡ് മെഷീനുകൾ എന്നിവ മാർച്ച് 15 ന് ശേഷവും പഴയതുപോലെ തന്നെ പ്രവർത്തിക്കുമെന്നും പേ ടി എം പ്രസ്താവനയിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയുന്ന ഏജൻസി പേടിഎമ്മിലെ വിദേശ ഇടപാടുകളുടെ വിശദാംശങ്ങൾ അന്വേഷിച്ച് വരികയാണ്. വ്യാപാരികൾ ഉൾപ്പെടെയുള്ള ഉപഭോക്താക്കൾക്ക് ആവശ്യമായ ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നതിനു വേണ്ടിയാണു സമയപരിധി നീട്ടിയതെന്ന് ആർബിഐ അറിയിച്ചു.

2024 മാർച്ച് 15നു ശേഷം ഉപയോക്താക്കൾക്ക് അവരുടെ പേടിഎം പേയ്‌മെന്‌റ് ബാങ്ക് അക്കൗണ്ടുകളിലേക്ക് സബ്‌സിഡികളോ നേരിട്ടുള്ള ആനുകൂല്യ കൈമാറ്റങ്ങളോ അനുവദിക്കുന്നതല്ല. കൂടാതെ, പുതിയ നിക്ഷേപങ്ങളോ ക്രെഡിറ്റോ അനുവദിക്കില്ല. വാലറ്റുകൾ, ഫാസ്ടാഗുകൾ, നാഷണൽ കോമൺ മൊബിലിറ്റി കാർഡുകൾ മുതലായവയിൽ കൂടുതൽ നിക്ഷേപങ്ങളോ ക്രെഡിറ്റ് ഇടപാടുകളോ ടോപ്പ് അപ്പുകളോ ഇനിമുതൽ ലഭ്യമാകില്ല. നിലവിൽ, ലഭ്യമായ ബാലൻസ് വരെ ഉപയോക്താക്കാൾക്ക് വാലറ്റിൽ നിന്ന് ഫണ്ട് ഉപയോഗിക്കുകയും പിൻവലിക്കുകയും കൈമാറ്റം ചെയ്യുകയും ചെയ്യാം. മാർച്ച് 15നു ശേഷം വാലറ്റ് ടോപ് അപ്പുകളോ കൈമാറ്റം ചെയ്യാനോ സാധിക്കുന്നതല്ല.

സമയ പരിധിക്ക് ശേഷവും ഉപഭോക്താക്കൾക്ക് അവരുടെ പേടിഎം പേയ്‌മെൻ്റ് ബാങ്ക് അക്കൗണ്ടുകളിൽ നിന്നും വാലറ്റുകളിൽ നിന്നും പണം പിൻവലിക്കാനോ ഉപയോഗിക്കാനോ കഴിയുമെന്ന് ആർബിഐ റെഗുലേറ്റർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, മാർച്ച് 15 ന് ശേഷം പുതിയ ഫണ്ടുകളൊന്നും ചേർക്കാൻ കഴിയില്ല. സമയപരിധിക്കു ശേഷം അക്കൗണ്ടുകളിലേക്ക് ശമ്പളക്രെഡിറ്റുകളോ സബ്‌സിഡികളോ സ്വീകരിക്കുന്നതല്ല. നിലവിൽ പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ഇത്തരം സേവനങ്ങൾ ഉപയോഗിക്കുന്നവരോട് മാർച്ച് പകുതിയോടെ മറ്റ് ബാങ്കുകളുമായി ബദൽ ക്രമീകരണങ്ങൾ ഏർപ്പെടുത്താന്നാണ് ആർബിഐ നിർദേശം നൽകിയിരിക്കുന്നത്. പേയ്‌മെൻ്റുകൾ സ്വീകരിക്കുന്നതിന് പേടിഎം -ൻ്റെ ക്യൂ ആർ കോഡുകൾ ഉപയോഗിക്കുന്ന വ്യാപാരികൾക്ക് പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ കൈവശമുള്ള അക്കൗണ്ടുകളല്ലാത്ത മറ്റ് അക്കൗണ്ടുകളുമായി ലിങ്ക് ചെയ്‌തിട്ടുണ്ടെങ്കിൽ സേവനങ്ങൾ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. പേടിഎം പേയ്‌മെൻ്റ് ബാങ്കിൻ്റെ നോൺ എക്‌സിക്യുട്ടീവ് ചെയർമാൻ വിജയ് ശേഖർ ശർമ്മ ആർബിഐ ഉദ്യോഗസ്ഥരുമായും ധനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയെങ്കിലും നടപടികളിൽ തീരുമാനം പുനഃപരിശോധിക്കില്ലെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് ഫെബ്രുവരി 12 തിങ്കളാഴ്ച പറഞ്ഞിരുന്നു.

കൃത്യമായ തിരിച്ചറിയൽ രേഖ ഇല്ലാതെ സൃഷ്ടിച്ച നൂറുകണക്കിന് അക്കൗണ്ടുകൾ അധികൃതർ കണ്ടെത്തിയതിനെത്തുടർന്നാണ് പേടിഎം പേയ്‌മെന്‌റ് ബാങ്കിന് നിയന്ത്രണം ഏർപ്പെടുത്തിയത്. ആവശ്യമായ നോ -യുവർ -കസ്റ്റമർ (KYC) വിവരങ്ങൾ ഇല്ലാത്ത ഈ അക്കൗണ്ടുകൾ വഴി കോടിക്കണക്കിന് രൂപയുടെ ഇടപാടുകളും കള്ളപ്പണം വെളുപ്പിക്കലും നടന്നുവെന്നാണ് ആരോപണം. മൂന്ന് കോടിയിലധികം വ്യാപാരികൾ നിലവിൽ പേടിഎം ഉപയോഗിച്ച് വരുന്നുണ്ട് അതിൽ തന്നെ ഏകദേശം 20% ശതമാനം അതായത് 60 ലക്ഷം പേർ തങ്ങളുടെ സെറ്റിൽമെന്റ് അക്കൗണ്ടായി പേടിഎം പേമെന്റ് ബാങ്കിനെയാണ് ഉപയോഗിക്കുന്നത്. പേ ടിഎമ്മിലെ മൊത്തവ്യാപാര മൂല്യത്തിന്റെ (ഗ്രോസ് മെർച്ചൻഡൈസ് വാല്യൂ GMV) 90 % ശതമാനത്തിലേറെയും യു പി ഐ യാണ്. വീഴ്ചകൾ പരിഹരിക്കാനും തുടർന്ന് ആവർത്തിക്കാതിരിക്കാനും ഒന്നിലധികം മുന്നറിയിപ്പുകൾ ആർബിഐയുടെ ഭാഗത്ത് നിന്നുണ്ടായിട്ടും പേടിഎം വലിയ വീഴ്ചകൾ വരുത്തിയതിനാലാണ് റിസർവ് ബാങ്കിന്റെ കടുത്ത തീരുമാനം. കഴിഞ്ഞ ഒന്നര വർഷമായി ആർബിഐ പേടിഎമ്മിനെ കുറിച്ച് അന്വേഷങ്ങൾ നടത്തി വരികയാണ്.

2017 ജനുവരിയിലാണ് പേടിഎം പേയ്‌മെന്റിന് ബാങ്കിങ് അനുമതി ലഭിക്കുന്നത്. പ്രവർത്തനമാരംഭിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ ആദ്യ റെഗുലേറ്ററി നടപടി പേടിഎം നേരിട്ടു. ഡേ എൻഡ് ബാൻലൻസിന്റെ കണക്കുകൾ കൃത്യമായി പാലിക്കാൻ കഴിയാത്തതും ഒപ്പം നോ-യുവർ-കസ്റ്റമർ (കെ വൈ സി) മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാത്തതും ഉൾപ്പെടെയുള്ള ലൈസൻസിംഗ് വ്യവസ്ഥകളുടെ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു ഇടപാടുകാരെ തിരിച്ചറിയാനും അവരുടെ മേൽൽവിലാസം അറിയാനുമുള്ള പ്രക്രിയ ആണ് കെവൈസി. ബാങ്കുകളടെ സേവനങ്ങൾ ദുരുപേയാഗം ചെയ്യുന്നില്ല എന്നുറപ്പ് വരുത്താൻ ഈ പ്രകിയ സഹായിക്കുന്നു. കെ വൈ സി എന്ന നിബന്ധന അക്കൗണ്ട് തുടങ്ങുന്ന സമയത്തുതന്നെ പൂർത്തിയാക്കേണ്ടതാണ് ). കൂടാതെ, ടെക്‌നോളജി, സൈബർ സുരക്ഷ, കെവൈസി കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കാര്യങ്ങളിൽ പേടിഎമ്മിന് പാളിച്ചകൾ സംഭവിച്ചതായി ആർബിഐയുടെ അന്വേഷണത്തിൽ കണ്ടെ ത്തുകയും ചെയ്തു.

Share on

മറ്റുവാര്‍ത്തകള്‍