UPDATES

‘ജീവിതം അവസാനിപ്പിക്കാന്‍ അനുവാദം തരൂ”

സുപ്രിം കോടതി ചീഫ് ജസ്റ്റീസിന് തുറന്ന കത്തെഴുതി ലൈംഗികാതിക്രമം നേരിട്ട വനിത ജഡ്ജി

                       

നീതി നടപ്പാക്കപ്പെടുന്നില്ലെന്ന് ഒരു ന്യായാധിപ തന്നെ വിലപിക്കേണ്ടി വരുന്ന അവസ്ഥയിലാണ് ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യം. ജീവിതം അവസാനിപ്പിക്കാന്‍ അനുവാദം തരണമെന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതി ചീഫ് ജസ്റ്റീസിന് തുറന്ന കത്തെഴുതിയത് ലൈംഗികാതിക്രമം നേരിട്ടെന്നു പരാതിപ്പെടുന്ന ഒരു വനിത ജഡ്ജിയാണ്. വിഷയത്തില്‍ അലഹബാദ് ഹൈക്കോടതിയോട് വിശദീകരണം ആവശ്യപ്പെട്ടിരിക്കുകയാണ് സുപ്രീം കോടതി.

ഉത്തര്‍ പ്രദേശ് സ്വദേശിയായ യുവതിയായ വനിത ജുഡീഷ്യല്‍ ഓഫിസറാണ്, തന്റെ സീനിയറില്‍ നിന്നും ലൈംഗികാതിക്രമം നേരിട്ടതായി പരാതിപ്പെട്ടത്. ആറു മാസം മുമ്പ് നടന്നതാണ് പരാതിയില്‍ ആരോപിക്കുന്ന അതിക്രമം. തന്റെ പരാതിയില്‍ കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നോ, തനിക്ക് നീതി കിട്ടുമെന്നോ പ്രതീക്ഷയില്ലാതായിരിക്കുന്നുവെന്നാണ് ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന് അയച്ച കത്തില്‍ യുവ ജഡ്ജി നിരാശയോടെ കുറിച്ചിരിക്കുന്നത്.

‘സാധാരണക്കാര്‍ക്ക് നീതി ലഭ്യമാക്കുമെന്ന വിശ്വാസത്തോടെയും ആവേശത്തോടെയുമാണ് ഞാന്‍ ജുഡീഷ്യല്‍ സര്‍വീസില്‍ ചേര്‍ന്നത്. പക്ഷേ ഞാനറിഞ്ഞിരുന്നില്ല, നീതിക്കു വേണ്ടി മുട്ടുന്ന എല്ലാ വാതിലുകള്‍ക്കു മുന്നിലും ഞാനൊരു യാചകനായി മാറുമെന്ന്. തുറന്ന കോടതിയില്‍ വെച്ച് അധിക്ഷേപിക്കപ്പെടുക എന്ന അപൂര്‍വ ബഹുമതിയും ചുരുങ്ങിയ കാലത്തെ ജോലിക്കിടയില്‍ എനിക്ക് ലഭിച്ചു’- രണ്ടു പേജുകളുള്ള കത്തില്‍ ആ ന്യായാധിപ എഴുതിയിരിക്കുന്ന കാര്യങ്ങളാണ്.

‘ ഞാന്‍ ലൈംഗികമായി അപമാനിക്കപ്പെട്ടു. വെറും മാലിന്യമായി കണക്കാക്കിയാണ് എന്നോട് പെരുമാറിയത്. മറ്റുള്ളവര്‍ക്ക് നീതി ഉറപ്പാക്കാന്‍ എനിക്കു കഴിയുമെന്നായിരുന്നു പ്രതീക്ഷ. ഒട്ടും പ്രസക്തയില്ലാത്ത ഒരു നിസ്സാരവസ്തുവായിട്ടാണ് സ്വയം എനിക്കിപ്പോള്‍ തോന്നുന്നത്’ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയ കത്തില്‍ ആ വനിത ജഡ്ജി നിരാശയോടെ തന്റെ മാനസികാവസ്ഥ പങ്കുവയ്ക്കുന്നു.

തന്റെ പരാതി പരമ സത്യമായി പരിഗണിക്കപ്പെടണമെന്നല്ല, പരാതിയിന്മേല്‍ നീതിയുക്തമായ അന്വേഷണം നടക്കണമെന്നു മാത്രമായിരുന്നു ആഗ്രഹിച്ചതെന്നാണ് വനിത ന്യായാധിപ കത്തില്‍ പറയുന്നത്.

മേലധികാരി രാത്രിയില്‍ വന്ന് കാണാന്‍ തന്നോട് ആവശ്യപ്പെട്ടെന്നാണ് കത്തില്‍ പറയുന്നത്. താന്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നുവെന്നും, എന്നാല്‍ പരാജയപ്പെട്ടുവെന്നും അവര്‍ കത്തില്‍ പറയുന്നുണ്ട്.

ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഒന്നൊരക്കൊല്ലമായി ജീവന്‍ മാത്രമുള്ള മൃതശരീരമാണ് ഞാന്‍. ആത്മാവ് നഷ്ടപ്പെട്ട ഈ നിര്‍ജ്ജീവ ശരീരം പേറി നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. എന്റെ ജീവിതത്തില്‍ ഇനിയൊരു ലക്ഷ്യവും അവശേഷിക്കുന്നില്ല, എന്റെ ജീവിതം നിരാകരിക്കപ്പെടട്ടെ, ഈ ജീവിതം മാന്യമായ രീതിയില്‍ അവസാനിപ്പിക്കാനെങ്കിലും എന്നെ അനുവദിക്കൂ’- പരമോന്നത നീതി പീഠത്തിലെ പ്രധാന ന്യായാധിപനോടുള്ള അപേക്ഷയായി ആ സ്ത്രീ എഴുതുന്നു.

എന്തായാലും വനിത ജഡ്ജിയുടെ കത്ത് സുപ്രിം കോടതി ഗൗരവത്തില്‍ തന്നെയെടുത്തിട്ടുണ്ട്. ചീഫ് ജസ്റ്റീസ് ഡി വൈ ചന്ദ്രചൂഡിന്റെ നിര്‍ദേശപ്രകാരം അലഹബാദ് ഹൈക്കോടതിയോട് സുപ്രിം കോടതി വിശദീകരണം ചോദിച്ചിരിക്കുകയാണ്. വനിത ജഡ്ജിയുടെ പരാതിയുടെ നിലവിലെ സ്ഥിതിയാണ് സുപ്രിം കോടതി ആരാഞ്ഞിരിക്കുന്നത്. വെള്ളിയാഴ്ച്ച റിപ്പോര്‍ട്ട് കൊടുക്കാനായിരുന്നു വ്യാഴാഴ്ച്ച വൈകിട്ടോടെ സുപ്രിം കോടതി രജിസ്ട്രറിയില്‍ നിന്നും നിര്‍ദേശം ചെന്നത്. ഡിസംബര്‍ 13 ന് പ്രസ്തുത ജഡ്ജിയുടെ ഹര്‍ജി സുപ്രിം കോടതി പരിഗണിക്കാന്‍ വിസമ്മതിച്ചിരുന്നു. ബന്ധപ്പെട്ട ആഭ്യന്തര പരാതി പരിഹാര സമതി ഈ വിഷയം പരിഗണിച്ചതാണെന്നും ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അംഗീകാരത്തിനായി പ്രമേയം അവതരിപ്പിച്ചിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ബന്ദ ജില്ലയിലെ സിവില്‍ കോടതി ജഡ്ജിയുടെ പരാതി സുപ്രിം കോടതി നിരസിച്ചത്. ഇതേ തുടര്‍ന്നാണ് തന്റെ ജീവിതം അവസാനിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജഡ്ജി ചീഫ് ജസ്റ്റിസിന് തുറന്ന കത്തെഴുതിയത്.

‘ഇന്ത്യയില്‍ ജോലി ചെയ്യ്തു ജീവിക്കുന്ന സ്ത്രീകളോടാണ്, ഈ വ്യവസ്ഥിതിയോട് പോരാടാന്‍ നില്‍ക്കരുത്, അങ്ങനെ ഏതെങ്കിലും സ്ത്രീ വ്യവസ്ഥിതിയ്‌ക്കെതിരേ പോരാടാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍, ഞാനൊരു കാര്യം പറയട്ടെ, എനിക്ക് അതിന് കഴിഞ്ഞിട്ടില്ല. ഞാനൊരു ജഡ്ജിയാണ്. എന്റെ കാര്യത്തില്‍ ന്യായമായൊരു അന്വേഷണത്തിനുപോലും എനിക്കായില്ല. നിയമമൊക്കെ വെറുതെയാണ്, സ്ത്രീകള്‍ക്ക് എനിക്ക് നല്‍കാനുള്ള ഉപദേശം, നിങ്ങള്‍ ഒരു കളിപ്പാട്ടമോ ജീവനില്ലാത്ത ഒന്നായോ മാറാന്‍ പഠിക്കണമെന്നാണ്’-ജഡ്ജിയുടെ നിരാശയാണിത്.

Share on

മറ്റുവാര്‍ത്തകള്‍