ആകാശച്ചുഴിയില്‍ പെട്ട സിംഗപ്പൂര്‍ എയര്‍ലൈന്‍സിനുള്ളില്‍ അനുഭവിച്ച ഭീകരത വെളിപ്പെടുത്തി യാത്രക്കാരന്‍. ബിസിനസ്സ് ആവശ്യത്തിനായി ന്യൂസിലന്‍ഡിലേക്ക് പോകുകയായിരുന്ന ആന്‍ഡ്രൂ ഡേവിസിന്റെ അനുഭവങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഡേവിസിന്റെ വാക്കുകള്‍;
ആ സമയത്ത് യാത്രക്കാരില്‍ ഭൂരിപക്ഷവും പ്രഭാത ഭക്ഷണം കഴിക്കാന്‍ തുടങ്ങുകയായിരുന്നു. ഞാന്‍ ഒരു സിനിമകാണാനുള്ള ഒരുക്കത്തിലായിരുന്നു. തികച്ചും സാധാരണ യാത്ര പോലെ തന്നെയായിരുന്നു അനുഭവപ്പെട്ടത്. പെട്ടെന്നാണ് സീറ്റ് ബെല്‍റ്റ് ഇടാനുള്ള നിര്‍ദേശം വരുന്നത്. സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ നിര്‍ദേശിക്കുന്ന ചുവന്ന ലൈറ്റിന്റെ പ്രകാശം കണ്ടപ്പോള്‍ തന്നെ അത് ചെയ്തു. ബെല്‍റ്റ് ഇട്ടതും ഒറ്റ നിമിഷത്തില്‍ കാണുന്നത് നരക തുല്യമായ വിമാനമാണ്. ആ സെക്കന്‍ഡില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ സാധിച്ചതില്‍ ദൈവത്തിനോട് നന്ദി പറയുന്നു. വിമാനം തകര്‍ന്ന് വീഴുകയാണെന്നാണ് ആദ്യം തോന്നിയത്. പിന്നെ ചുറ്റും ഉയര്‍ന്ന നിലവിള ശബ്ദങ്ങളും പറന്ന് നടക്കുന്ന സാധനങ്ങളുമാണ് കണ്ടത്. ഷൂസും ഐപാഡുകളും ഐഫോണുകളും തലയണകളും പുതപ്പുകളും കട്ട്‌ലറികളും പ്ലേറ്റുകളും കപ്പുകളും പറന്ന് സീലിംഗില്‍ പോയി തട്ടി താഴേക്ക് വീഴുകയായിരുന്നു. അടുത്തിരുന്ന ആള് കഴിച്ചിരുന്ന കാപ്പി കപ്പാണ് എന്റെ തലയ്ക്ക് മുകളിലൂടെ പറന്ന് വന്നത്. സീറ്റില്‍ ഇരുന്ന പലരുടെയും തല സീലിങ്ങില്‍ ചെന്നിടിച്ചു. ബാഗേജുകളും വന്ന് വീണുവെന്നും അദ്ദേഹം ഓര്‍ത്തെടുക്കുന്നു.
പിന്നീട് വിമാനത്തില്‍ നിന്നുള്ള ചിത്രങ്ങളും ഇതെല്ലാം ശരിവയ്ക്കുന്നതാണ്. തറയില്‍ ചിതറിക്കിടക്കുന്ന കടലാസുകളും കപ്പുകളും വാട്ടര്‍ പിച്ചറുകളും സീലിംഗ് പാനലുകളും പൈപ്പിങ്ങുമെല്ലാം ദൃശ്യങ്ങളിലുണ്ട്. ഭക്ഷണവസ്തുക്കളും മാസികകളും വെള്ളക്കുപ്പികളും മറ്റു വസ്തുക്കളും വിമാനത്തില്‍ ചിതറിക്കിടക്കുകയാണ്. വിമാനത്തിന്റെ ഉള്‍വശവും ഓക്സിജന്‍ മാസ്‌കുകളും മറ്റും പുറത്തേക്ക് തള്ളിയ നിലയിലാണ്. ചോരയൊലിപ്പിച്ചിരിക്കുന്ന എയര്‍ഹോസ്റ്റസ്, ജീവന്‍ തിരിച്ചുകിട്ടിയത് വിശ്വസിക്കാനാകാതെ പകച്ചിരിക്കുന്ന യാത്രക്കാര്‍ തുടങ്ങിയ ദൃശ്യങ്ങളുമുണ്ട്. ബോയിങ് 777 വിമാനം ലണ്ടനില്‍ നിന്ന് സിംഗപ്പൂരിലേക്ക് പറക്കുമ്പോഴാണ് ആകാശച്ചുഴിയില്‍ പെട്ടത്. ബാങ്കോക്കിലേക്ക് തിരിച്ചുവിട്ട വിമാനം ചൊവ്വാഴ്ച വൈകുന്നേരം സുവര്‍ണഭൂമി വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കി. സംഭവത്തില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്.
English summary: All hell broke loose: Passengers on Singapore Airlines flight describe nightmare at 37,000 feet