മണ്ണൂത്തി- ഇടപ്പള്ളി ദേശീയ പാതയിലെ അഴിയാക്കുരുക്ക് മുറുകുകയാണ്. ജനങ്ങളുടെ ദുരിതത്തെ തുടർന്ന് സുപ്രീം കോടതി ടോൾ പിരിവ് നിർത്തലാക്കാൻ നിർദേശം നൽകിയിരുന്നെങ്കിലും യാത്രക്കാരെ നട്ടംതിരിച്ചു കൊണ്ട് 12 മണിക്കൂറാണ് കഴിഞ്ഞ ദിവസം ഗതാഗതകുരുക്ക് നീണ്ടത്. രാജ്യത്തെ ജനങ്ങളുടെ ജീവിത നിലവാര സൂചിക കണക്കിലെടുത്ത് പല വർഷങ്ങളിലായി ടോൾ നിരക്ക് ഉയർത്തിയിട്ടുണ്ട്. ജീവിത നിലവാര സൂചികയിൽ ഉന്നതിയിൽ നിൽക്കുന്ന ഈ രാജ്യത്തെ ജനങ്ങൾ ടോൾ കൊടുത്തിട്ടും വലയുകയാണ്.
ഒരു രാജ്യത്തിന്റെ ജീവിത നിലവാരം അറിയണമെങ്കിൽ അവിടുത്തെ റോഡുകളിലേക്ക് നോക്കിയാൽ മതിയെന്നാണ് പറയുന്നത്.നല്ല റോഡും യാത്രാസൗകര്യവും നിഷേധിക്കുന്നതിന് ഒപ്പം തന്നെ അവരുടെ ജീവിത നിലവാര സൂചികയിൽ ഇതോടെ ഇടിവ് സംഭവിക്കുകയല്ലേ എന്ന ചോദ്യങ്ങളുയരുന്നുണ്ട്.
സ്വന്തമായി വാഹനങ്ങളുള്ള വ്യക്തികളിൽ നിന്ന് 15 വർഷത്തെ വരെ നികുതിയാണ് സർക്കാർ ഈടാക്കുന്നത്. റോഡുകൾ ഗതാഗതയോഗ്യമാക്കി കൊടുക്കാമെന്ന ഉറപ്പിന്മേലാണ് ഓരോ ആളുകളിൽ നിന്നും ഈ പതിനഞ്ചു വർഷത്തെ നികുതി ഈടാക്കുന്നത്. എന്നാൽ ഓരോ പൗരനും നൽകുന്ന നികുതിയുടെ ഫലമായുള്ള സേവനങ്ങൾ അവന് ലഭിക്കുന്നുണ്ടോയെന്ന കാര്യത്തിൽ സംശയമാണെന്ന് പൊതുപ്രവർത്തകനായ ഡിജോ കാപ്പൻ അഴിമുഖത്തോട് പറഞ്ഞു.
പെട്രോളിന്റെ ഡീസലിന്റെയും വിലയിൽ നിന്ന് കൂടുതലായി ഈടാക്കുന്ന ചെറിയ തുക റോഡ് സെസ് ഇനത്തിലാണ്. അത് നാഷണൽ ഹൈവേയുടെ റോഡ് പുനരുദ്ധാരണ ഫണ്ടിലേക്കാണ് പോകുന്നത്. യാത്രക്കാർ അസംഘടിതരായത് കൊണ്ടാണ് ടോൾ പിരിവിന്റെ പേരിൽ ജനങ്ങളെ കൊള്ളയടിക്കുന്നതെന്ന് തനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളതായി ഡിജോ കാപ്പൻ പറയുന്നു. റോഡുകൾ ഗതാഗതയോഗ്യമാക്കിയതിന് ശേഷം മാത്രമേ ടോളുകൾ പിരിക്കാവൂവെന്ന് കോടതി ഇക്കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. പാലിയേക്കര പ്രദേശത്തെ നാലു മേൽപ്പാലങ്ങളാണ് ഒരേ സമയത്ത് പണിയുന്നത്. അത് ഗതാഗതകുരുക്ക് വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. ഓരോ ഫ്ലൈഓവറുകളും കൃത്യമായ ദീർഘ വീഷണത്തോടെ നിർമ്മാണം ആരംഭിച്ചിരുന്നെങ്കിൽ പൊതുജനത്തെ അത് ഇത്രക്കണ്ട് വലയ്ക്കില്ലായിരുന്നുവെന്ന് ഡിജോ കൂട്ടിച്ചേർത്തു.
നാഷണൽ ഹൈവേയിലൂടെ പോകേണ്ടുന്ന വാഹനങ്ങൾ തൊട്ടടുത്ത സർവ്വീസ് റോഡിലൂടെ പോകാൻ തുടങ്ങിയതോടെ റോഡിന്റെ അവസ്ഥ ശോചനീയമായി. കേരളത്തിലെ സർവ്വീസ് റോഡുകളെ ബന്ധിപ്പിക്കുന്ന തരത്തിൽ പാലങ്ങളില്ലായെന്നതും ഡിജോയുടെ നിരീക്ഷണത്തിൽ പ്രശ്നമായി തോന്നിയിട്ടുണ്ട്.
രണ്ടും മൂന്നും മണിക്കൂറും മാത്രം നീണ്ടിരുന്ന ഗതാഗതകുരുക്ക് ഇക്കഴിഞ്ഞ ദിവസം 12 മണിക്കൂറോളമെത്തിയിരുന്നു. രാവിലെ കോയമ്പത്തൂർ നിന്ന് വരുന്ന ലോറികൾക്കൊക്കെ എട്ടു പത്തും മണിക്കൂറാണ് ഗതാഗതകുരുക്കിൽ കിടക്കേണ്ടി വന്നത്. അവർക്ക് ദിനചര്യ പോലും ചെയ്യാൻ പറ്റിയിരുന്നില്ല. മനുഷ്യാവകാശ ലംഘനം കൂടിയാണ് ഇവിടെ സംഭവിക്കുന്നത് ഡിജോ പറയുന്നു.
നാഷണൽ ഹൈവേ അതോറിറ്റിയാണ് കേസിൽ ടോൾ കമ്പനിയ്ക്ക് വേണ്ടി അപ്പീൽ നൽകിയത്. സ്വാഭാവികമായും രാഷ്ട്രീയ സ്വാധീനമുണ്ടാവും, അത് ഉപയോഗിച്ചിട്ടുമുണ്ടാവാം. ഇന്ത്യയിലെ ജനങ്ങൾക്ക് നല്ല റോഡിലൂടെ സഞ്ചരിക്കാനുള്ള അവകാശമുണ്ട്. അതിനുള്ള പണം അവർ അടയ്ക്കുന്നുമുണ്ട്. പാലിയേക്കര പോലുള്ള വിഷയങ്ങൾ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ മാത്രം ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ എന്തെങ്കിലും തരികിട പണി കാണിക്കും. വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന സമയത്ത് അവയിൽ നിന്ന് വൻതോതിൽ കാർബൺഡൈ ഓക്സൈഡ് പുറന്തള്ളുന്നുണ്ട് അവ വലിയ രീതിയിലുള്ള പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാക്കുന്നതായും വിലയിരുത്തലുകളുണ്ട്.
ഇടപ്പള്ളി- അങ്കമാലി ദേശീയ പാതയിലുണ്ടാവുന്ന ഗതാഗതകുരുക്ക് അങ്കമാലി നഗരത്തെ വല്ലാതെ ശ്വാസം മുട്ടിക്കുന്നുണ്ടെന്നാണ് അങ്കമാലി മെർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ജോണി കുര്യാക്കോസ് അഴിമുഖത്തോട് പ്രതികരിച്ചത്. പൊതുവേ തിരക്ക് കുറവായ കൊരട്ടി ഭാഗത്ത് ഇപ്പോൾ ഗതാഗത കുരുക്ക് വർദ്ധിക്കുന്നത് എറണാകുളത്തേയും തൃശൂരിലെയും ജനങ്ങളെ ഒരുപോലെ ബാധിക്കുന്നുണ്ടെന്നാണ് ജോണിയുടെ വിലയിരുത്തൽ.
കാലാവസ്ഥ റോഡ് നിർമ്മാണത്തെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. കേരളത്തിന്റെ ഹൃദയഭാഗമായ ഇടപ്പള്ളി-തൃശൂർ ദേശീയപാതയിലുണ്ടാവുന്ന ബ്ലോക്ക് കേരളത്തെ മുഴുവനായി സ്തംഭിപ്പിക്കുന്നു. എയർപോർട്ടിലേക്കും ആശുപത്രികളിലേക്കും പോകുന്നവരുടെ യാത്രകൾക്ക് ഈ അഴിയാക്കുരുക്ക് തിരിച്ചടിയാണ്.
അങ്കമാലി പട്ടണത്തിലെ ഒരു വലിയ ഗതാഗതകുരുക്ക് രൂപപ്പെടുന്നതോടെ അത് നഗരത്തെ മുഴുവനായി സ്തംഭിപ്പിക്കുന്നു. ഇത് നഗരത്തിലെ കച്ചവടക്കാരെ കാര്യമായി ബാധിക്കുന്നുണ്ട്. ഏകദേശം 1000ലധികം കച്ചവടസ്ഥാപനങ്ങളാണ് അങ്കമായി ടൗണിൽ മാത്രമായുള്ളത്. ബ്ലോക്ക് ടൗണിനോട് കുറച്ചുമാറിയുള്ള ഗ്രാമങ്ങളിൽ നിന്നുള്ള ആളുകൾ കച്ചവട സ്ഥാപനങ്ങളിലേക്കെത്താൻ മടിക്കുന്നു. ഇത് വലിയ നഷ്ടമുണ്ടാക്കുന്നുണ്ട്. ഇത്തരം വിഷയങ്ങൾ വരുമ്പോൾ സർക്കാരുകൾ ഉണർന്ന് പ്രവർത്തിക്കുകയും അടിയന്തര നടപടികൾ സ്വീകരിക്കുകയുമാണ് വേണ്ടതെന്ന് ജോണി കുര്യാക്കോസ് പറഞ്ഞു. സഞ്ചാര സ്വാതന്ത്ര്യം ഭരണഘടന നൽകുന്നതാണ് അതിന് കോട്ടം തട്ടുന്ന രീതിയിൽ ആരു പ്രവർത്തിച്ചാലും ചോദ്യം ചെയ്യാമെന്ന തന്റെ നിലപാട് ജോണി വ്യക്തമാക്കി.
content summary: Human rights violations on national highways, along with traffic blockages, also pose serious environmental concerns
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.