June 26, 2026 |
Share on

ജനാധിപത്യത്തെ ഇല്ലാതാക്കി ദേശീയ സുരക്ഷാ നിയമം; ഹോങ്കോങ്ങിലെ അവസാന ജനാധിപത്യ പാർട്ടിയും പിരിച്ചുവിട്ടു

2024ൽ ആർട്ടിക്കിൾ 23 എന്ന പേരിൽ മറ്റൊരു കൂട്ടം നിയമങ്ങളും പാസാക്കിയിരുന്നു

ഹോങ്കോങ്ങിലെ അവസാനത്തെ പ്രധാന ജനാധിപത്യ അനുകൂല പാർട്ടിയായ ലീഗ് ഓഫ് സോഷ്യൽ ഡെമോക്രാറ്റ്സ് (എൽഎസ്ഡി) പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. വലിയ രാഷ്ട്രീയ സമ്മർദ്ദമാണ് ഈ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് പാർട്ടി അറിയിച്ചു. 20 വർഷത്തെ രാഷ്ട്രീയ പോരാട്ടങ്ങൾക്ക് ശേഷമാണ് പാർട്ടി പിരിച്ചു വിടാനുള്ള തീരുമാനത്തിലേക്ക് നേതൃത്വം എത്തുന്നത്.

ചൈനയുടെ കർശനമായ ദേശീയ സുരക്ഷാ നിയമം ഹോങ്കോങ്ങിൽ നടപ്പിലാക്കിയതിന് ശേഷം നിരവധി ജനാധിപത്യ അനുകൂല സംഘടനകളും മാധ്യമ സ്ഥാപനങ്ങളും അടച്ചുപൂട്ടുകയും പ്രവർത്തകർക്ക് തടവുശിക്ഷ ലഭിക്കുകയും ചെയ്തിരുന്നു. 2020-ൽ ദേശീയ സുരക്ഷാ നിയമം വന്നതിന് ശേഷം ഹോങ്കോങ്ങിലെ രാഷ്ട്രീയ സ്വാതന്ത്ര്യങ്ങൾ ഗണ്യമായി കുറഞ്ഞു. 2024ൽ ആർട്ടിക്കിൾ 23 എന്ന പേരിൽ മറ്റൊരു കൂട്ടം നിയമങ്ങളും പാസാക്കിയിരുന്നു. 2020ൽ വ്യവസ്ഥാപിതമായ നിയമങ്ങൾ ജനാധിപത്യത്തെ ഉന്മൂലനം ചെയ്യുന്ന തരത്തിലുള്ളതായിരുന്നു. എൽഎസ്ഡി പിരിച്ചു വിട്ടതോടെ ഭരണകൂടത്തിന്റെ ഇച്ഛകളാണ് നടപ്പിലായത്. മറ്റുള്ള പാർട്ടികളേക്കാൾ കൂടുതൽ കാലം തങ്ങളുടെ പ്രവർത്തനങ്ങൾ തുടർന്ന പാർട്ടിയാണ് ലീഗ് ഓഫ് സോഷ്യൽ ഡെമോക്രാറ്റ്സ്. 2006ലായിരുന്നു എൽഎസ്ഡിയുടെ ഉദയം. സ്ഥാപിതമായത് മുതൽ നഗരത്തിലെ രാഷ്ട്രീയ സ്വാതന്ത്ര്യത്തിനും സ്വയംഭരണത്തിനും വേണ്ടി മാത്രമല്ല, തൊഴിലാളികളുടെയും മറ്റ് അടിസ്ഥാന ആവശ്യങ്ങൾക്കുമായി അവർ വാദിച്ചിരുന്നു.

2019ൽ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളിൽ ഉൾപ്പെട്ട 9,000ത്തിലധികം ആളുകളെയായിരുന്നു ഹോങ്കോങ്ങിൽ അറസ്റ്റ് ചെയ്തത്. എന്നാൽ ഒന്നും അവസാനിപ്പിക്കാൻ ജനം തയ്യാറായിരുന്നില്ല. അടിച്ചമർത്താൻ നിയമങ്ങൾ ശക്തമാക്കിയപ്പോൾ അവർ മറ്റു രീതീകളിലൂടെ പ്രതിഷേധമറിയിച്ചു. അതോടെയാണ് ന​ഗരത്തിൽ പുതിയ നിയമവ്യവസ്ഥ നടപ്പിലാക്കുന്നതായുള്ള പ്രഖ്യാപനമുണ്ടാവുന്നത്. ഈ തീരുമാനത്തിനെതിരെ ശബ്ദമുയർത്തിയതിന് നിരവധി രാഷ്ട്രീയ നേതാക്കളെയും മാധ്യമപ്രവർത്തകരെയും അറസ്റ്റ് ചെയ്തു. സ്വാതന്ത്രത്തിന് വേണ്ടിയുള്ള മുറവിളിയെ അവർ കുറ്റമാക്കിയും പ്രതിഷേധക്കാരെ അവർ കുറ്റവാളികളായും ചിത്രീകരിച്ചു. ഹോങ്കോങ്ങിലെ ധീരനമാരായ പൗരന്മാരെല്ലാം ഇപ്പോൾ തടവറയിലാണെന്ന് പറഞ്ഞു കൊണ്ടാണ് ഈ സംഭവത്തെ അറസ്റ്റ് ചെയ്യപ്പെട്ട് മാധ്യമപ്രവർത്തകനായ ജിമ്മി ലായുടെ മകൻ സെബാസ്റ്റ്യൻ ഇതിനെതിരെ പ്രതിഷേധമുയർത്തിയത്. തങ്ങൾക്കെതിരെ ഉയരുന്ന പ്രതിഷേധങ്ങളൊന്നും ഹോങ്കോങ്ങ് ഭരണകൂടം വിലവച്ചില്ല. അതിന് പുറമേ പുതുതായി സ്ഥാപിതമായ നിയമവ്യവസ്ഥയെ പൂർണ്ണമായി ന്യായീകരിക്കുകയും ചെയ്തു.

സ്ഥാപിതമായതിന് ശേഷം ഹോങ്കോങ്ങിലെ തെരുവുകളിൽ ചെറിയ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുകയും ജനാധിപത്യത്തിനുവേണ്ടി ശബ്ദമുയർത്തുകയും ചെയ്ത ഏക പാർട്ടിയായിരുന്നു എൽഎസ്ഡി. പാർട്ടി നേതാവ് ചാൻ പോ-യിംഗ്, തങ്ങൾ നേരിട്ട സമ്മർദ്ദത്തെക്കുറിച്ച് കൂടുതൽ വിശദീകരിച്ചില്ലെങ്കിലും, ഹോങ്കോങ്ങിന്റെ ജനാധിപത്യ പ്രസ്ഥാനത്തിന് തങ്ങളാൽ കഴിയുന്ന സംഭാവനകൾ നൽകിയതിൽ അഭിമാനമുണ്ടെന്ന് പറഞ്ഞു. കഴിഞ്ഞ ഏപ്രിലിൽ ഹോങ്കോങ്ങിലെ ഏറ്റവും വലിയ ജനാധിപത്യ അനുകൂല പാർട്ടിയായിരുന്ന ഡെമോക്രാറ്റിക് പാർട്ടിയും പിരിച്ചുവിടുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ വോട്ട് ചെയ്തിരുന്നു. ഈയൊരു സാഹചര്യത്തിൽ എൽഎസ്ഡിയുടെ പിരിച്ചുവിടൽ ഹോങ്കോങ്ങിലെ ജനാധിപത്യ അനുകൂല പ്രസ്ഥാനത്തിന് വലിയ തിരിച്ചടിയാണ്.

content summary: Hong Kong’s national security law has led to the dissolution of the last remaining pro-democracy party

Leave a Reply

Your email address will not be published. Required fields are marked *

×