June 26, 2026 |
Share on

കാലുവേദനയ്ക്ക് ലീവെടുത്ത് യുവാവ്; അവധി ദിവസം 16,000 ചുവടുകൾ നടന്നുവെന്ന് ആരോപിച്ച് പിരിച്ചുവിട്ടു

ചെൻ എന്ന വ്യക്തിയെയാണ് 2019ൽ പിരിച്ചുവിട്ടത്

കാലുവേദനയെ തുടർന്ന് ലീവെടുത്തു, അവധിയിലായിരിക്കെ 16,000 ചുവടുകൾ നടന്നുവെന്ന് ആരോപിച്ച് സ്വകാര്യ സ്ഥാപനത്തിലെ തൊഴിലാളിയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലെ ഒരു കമ്പനിയിൽ ജോലി ചെയ്തിരുന്ന ചെൻ എന്ന വ്യക്തിയെയാണ് 2019ൽ പിരിച്ചുവിട്ടത്. ഈ സംഭവം ഒരു നീണ്ട നിയമ പോരാട്ടത്തിലേക്കാണ് നയിച്ചത്.

2019 ഫെബ്രുവരിയിൽ ജോലിസ്ഥലത്ത് വച്ചുണ്ടായ നടുവേദനയെ തുടർന്ന് ചെൻ രണ്ട് തവണ അവധിക്ക് അപേക്ഷിച്ചിരുന്നു. അവധി ലഭിക്കുന്നതിന് തെളിവായി അദ്ദേഹം ആശുപത്രി രേഖകൾ കമ്പനിയ്ക്ക് നൽകുകയും, അനുമതി വാങ്ങുകയും ചെയ്തിരുന്നു.

ഒരു മാസം വിശ്രമിച്ച ശേഷം ചെൻ ജോലിക്ക് തിരിച്ചെത്തി. എന്നാൽ അരദിവസത്തിന് ശേഷം വീണ്ടും അവധിക്കായി അപേക്ഷിച്ചു. ഇത്തവണ വലത് കാലിലെ വേദനയായിരുന്നു കാരണം. ഒരാഴ്ച വിശ്രമം ആവശ്യപ്പെട്ടുക്കൊണ്ടുള്ള ഡോക്ടറുടെ കുറിപ്പും അദ്ദേഹം നൽകിയിരുന്നു. തുടർന്ന്, ഹീൽ സ്പർ എന്ന രോഗം കണ്ടെത്തിയെന്ന് വ്യക്തമാക്കി കൊണ്ട് ചെൻ തൻ്റെ അവധി ദിവസങ്ങളോളം നീട്ടി.

തുടർച്ചയായി ജോലിക്ക് വരാതിരുന്നതിനെ തുടർന്ന്, ആശുപത്രി രേഖകൾ സമർപ്പിക്കാനായി കമ്പനി ചെനിനോട് ഓഫീസിൽ വരാൻ ആവശ്യപ്പെട്ടു. അദ്ദേഹം ഓഫീസിലെത്തിയപ്പോൾ സുരക്ഷാ ജീവനക്കാർ അകത്തേക്ക് പ്രവേശിപ്പിച്ചില്ല. ഏതാനും ദിവസങ്ങൾക്കുശേഷം, രോ​ഗത്തെക്കുറിച്ച് ചെൻ തെറ്റായ വിവരങ്ങളാണ് നൽകിയതെന്ന് ആരോപിച്ച്, ജോലിക്ക് ഹാജരാകാത്തതിൻ്റെ പേരിൽ കമ്പനി അദ്ദേഹത്തെ പിരിച്ചുവിട്ടു.

തുടർന്ന്, മെഡിക്കൽ രേഖകൾ സഹിതം തൻ്റെ അവധി സാധുതയുള്ളതാണെന്ന് വാദിച്ച് ചെൻ ലേബർ ആർബിട്രേഷൻ കേസ് ഫയൽ ചെയ്തു. അന്വേഷണത്തിന് ശേഷം അധികൃതർ അദ്ദേഹത്തിന് അനുകൂലമായി വിധിക്കുകയും കമ്പനിയോട് 118,779 യുവാൻ (ഏകദേശം 14.8 ലക്ഷം രൂപ) നഷ്ടപരിഹാരം നൽകാൻ ഉത്തരവിടുകയും ചെയ്തു.

ഇതോടെ കമ്പനി ചെന്നിനെതിരെ കോടതിയെ സമീപിച്ചു. കാൽ വേദനയുടെ പേരിൽ അവധിക്ക് അപേക്ഷിച്ച ദിവസം തന്നെ ചെൻ കമ്പനിക്ക് നേരെ ഓടുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും അന്നേ ദിവസം ചെൻ 16,000ത്തിലധികം ചുവടുകൾ നടന്നു എന്ന് കാണിക്കുന്ന ചാറ്റ് സോഫ്റ്റ്‌വെയർ രേഖയും അവർ കോടതിയിൽ ഹാജരാക്കിയതായി റിപ്പോർട്ട് ചൂണ്ടി കാണിച്ചു.

എന്നാൽ, കമ്പനിയുടെ തെളിവുകൾ സാധുവല്ലെന്നും, തൻ്റെ നടുവിൻ്റെയും കാൽപ്പാദത്തിൻ്റെയും മെഡിക്കൽ സ്കാനുകൾ ഉൾപ്പെടെയുള്ള സമഗ്രമായ ആശുപത്രി രേഖകൾ താൻ സമർപ്പിച്ചിരുന്നു എന്നും ചെൻ വാദിച്ചു. കമ്പനി ചെന്നിനെ നിയമവിരുദ്ധമായി പിരിച്ചുവിട്ടു എന്ന് കണ്ടെത്തിയ കോടതി, രണ്ട് കേസുകളിലുമുള്ള നഷ്ടപരിഹാരം ചെന്നിന് നൽകാൻ ഉത്തരവിട്ട് അന്തിമ വിധി പ്രഖ്യാപിച്ചു.

content summary: Young man in China fired after taking sick leave for leg pain and allegedly walking 16,000 steps on his day off

Leave a Reply

Your email address will not be published. Required fields are marked *

×