UPDATES

ചരിത്രം

വാദി സയ്യിദ്‌ന മിഷന്‍; ഇന്ത്യന്‍ വ്യോമസേന ചരിത്രത്തിലെ ഏറ്റവും അപകടം നിറഞ്ഞൊരു രക്ഷാദൗത്യത്തിന്റെ കഥ

ഗരുഡ് കമാന്‍ഡോകളും ഇന്ത്യന്‍ വ്യോമസേന പൈലറ്റുമാരും വിജയിപ്പിച്ച അപകടം നിറഞ്ഞൊരു ദൗത്യമായിരുന്നു സുഡാനില്‍ നിന്നും ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയത്

                       

ആഫ്രിക്കന്‍ രാജ്യമായ സുഡാനിലെ ആഭ്യന്തര കലാപം അതിന്റെ മൂര്‍ദ്ധന്യതയിലെത്തിയ ഏപ്രില്‍ മാസം. ഇന്ത്യന്‍ വ്യോമസേന ധീരമായൊരു ഓപ്പറേഷന്‍ അവിടെ നടത്തി. നൈല്‍ നദിക്ക് സമീപം മരുഭൂമിയില്‍ രണ്ടാം ലോക മഹായുദ്ധ കാലത്ത് പണി കഴിപ്പിച്ച ഒരു മിലട്ടറി ബേസില്‍ നിന്നും 121 ഇന്ത്യക്കാരെ രക്ഷിച്ചുകൊണ്ടുപോന്ന സാഹസികത.

2023 ഏപ്രിലിലാണ് ‘ ഓപ്പറേഷന്‍ കാവേരി’ യുടെ ഭാഗമായി ഇന്ത്യന്‍ വ്യോമസേന, അതിന്റെ ചരിത്രത്തില്‍ ഏറ്റവും വലിയൊരു ‘ റിസ്‌ക്’ ഏറ്റെടുത്ത് വിജയിപ്പിച്ചത്. ആ ‘രഹസ്യ ഒഴിപ്പിക്കല്‍’ എങ്ങനെയാണ് നടന്നതെന്ന് ദ ഇന്ത്യന്‍ എക്‌സ്പ്രസ് വിശദമായി അവരുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.

സി130ജെ സൂപ്പര്‍ ഹെര്‍കുലീസ് എയര്‍ക്രാഫ്റ്റിലാണ് ഗരുഡ് കമാന്‍ഡോകള്‍ തകര്‍ന്നു കിടന്ന വാദി സയ്യിദ്‌ന എയര്‍സ്ട്രിപ്പില്‍ ഇറങ്ങുന്നത്. ആ ഇറക്കം അത്യന്തം അപകടകരമായിരുന്നു. കാരണം, ഒരു വിമാനം റണ്‍വേയില്‍ ഇറങ്ങുമ്പോള്‍ ഉണ്ടാകുന്ന യാതൊരുവിധ സുരക്ഷ കരുതലുതകളും അവിടെയില്ലായിരുന്നു. ചെറിയൊരു വെട്ടം പോലും ഇല്ലാതെ, കനത്ത ഇരുട്ടില്‍ തകര്‍ന്നു കിടക്കുന്ന ആ റണ്‍വേയില്‍ വിമാനം നിലം തൊടീക്കുമ്പോള്‍ പൈലറ്റിനു മുന്നില്‍ കനം തിങ്ങിയ അന്ധകാരം മാത്രമായിരുന്നു. യന്ത്ര തോക്കുകളില്‍ നിന്നോ, റോക്കറ്റ് ലോഞ്ചുകളില്‍ നിന്നോ കുതിച്ചു വരാവുന്ന അപകടം, അല്ലെങ്കില്‍ വിമാനം നേരിട്ടേക്കാവുന്ന സാങ്കേതിക തകരാറുകളോ, തകര്‍ന്ന റണ്‍വേയോ; എങ്ങനെ വേണമെങ്കിലും മരണം കടന്നെത്താവുന്ന സാഹചര്യം. എല്ലാ വെല്ലുവിളികളെയും മറികടന്നാണ് ചാര നിറത്തിലുള്ള ടര്‍ബോപ്രോപ്റ്റ് എയര്‍ക്രാഫ്റ്റ് കുണ്ടും കുഴിയും നിറഞ്ഞ ആ റണ്‍വേയില്‍ ലാന്‍ഡ് ചെയ്തത്.

ഏപ്രില്‍ 27 രാത്രിയായിരുന്നു സി130 ജെ എയര്‍ക്രാഫ്റ്റ് വാദി സയ്യിദ്‌നയില്‍ വന്നിറങ്ങിയത്. സുഡാനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷപ്പെടുത്തി കൊണ്ടുവരാനുള്ള ‘ഓപ്പറേഷന്‍ കാവേരി’ ഇന്ത്യന്‍ സര്‍ക്കാര്‍ ദിവസങ്ങള്‍ക്കു മുമ്പാണ് ആരംഭിച്ചത്. ആ ദിവസങ്ങളില്‍ ആഫ്രിക്കന്‍ രാജ്യത്ത് ഭരണം കൈയാളിയിരുന്ന സൈനിക ഭരണകൂടത്തിന്റെ പട്ടാളവും എതിരാളികളായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സും തമ്മിലുള്ള ഏറ്റുമുട്ടല്‍ അതിരൂക്ഷമായി മാറിയിരുന്നു.

തങ്ങളുടെ പൗരന്മാര്‍ അവിടെ ജീവഭയം നേരിടുകയാണെന്ന് തിരിച്ചറിഞ്ഞ് ഇന്ത്യ രക്ഷാപ്രവര്‍ത്തനം ത്വരിതമാക്കി. വ്യോമസേനയുടെ സി130ജെ സൂപ്പര്‍ ഹെര്‍കുലീസ്, സി17 ഗ്ലോബ്മാസ്റ്റര്‍ എന്നീ യാത്ര വിമാനങ്ങളെയും, ഐഎന്‍എസ് സുമേധ, ഐഎന്‍എസ് തര്‍കാഷ് എന്നീ നാവികസേന കപ്പലുകളെയും ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ചുമതലയേല്‍പ്പിച്ചു. 3,800-ന് മുകളില്‍ പൗരന്മാരെ ബൃഹത്തായ ഒഴിപ്പിക്കല്‍ ദൗത്യത്തിന്റെ ഭാഗമായി സ്വന്തം രാജ്യത്ത് എത്തിക്കാന്‍ ഇന്ത്യക്ക് സാധിച്ചു.

ദൗത്യത്തിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളി സുഡാന്‍ തലസ്ഥനമായ ഖര്‍ത്തൂമില്‍ നിന്നായിരുന്നു. കാരണം, അവിടുത്തെ വിമാനത്താവളം അടച്ചു പൂട്ടിയിരിക്കുകയായിരുന്നു. രൂക്ഷമായ ഏറ്റമുട്ടല്‍ നടക്കുന്ന ആ മേഖലയില്‍ നിന്നും ദൗത്യം നടത്താന്‍ സാധിക്കാത്ത അവസ്ഥ. അതിനാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവരെ സുഡാന്‍ പോര്‍ട്ടില്‍ എത്തിച്ച്, അവിടെ നിന്നും ഒഴിപ്പിച്ചുകൊണ്ടുപോരുകയായിരുന്നു ചെയ്തിരുന്നത്. എന്നാല്‍ ഖര്‍ത്തൂമില്‍ കുടുങ്ങിപ്പോയ എംബസി ജീവനക്കാര്‍ ഉള്‍പ്പെടെയുള്ള 200 ഓളം പേരെ രക്ഷിക്കുക എന്നത് വെല്ലുവിളിയായി.

ഖര്‍ത്തൂമില്‍ നിന്നുള്ളവരെ രക്ഷിക്കണമെങ്കില്‍ ആകെയുള്ള വഴി വാദി സയ്യിദ്‌ന മിലട്ടറി ബേസ് മാത്രമാണ്. അതാണെങ്കില്‍ തോക്കിന്‍ മുനയിലേക്ക് തലചേര്‍ത്തു വച്ചുകൊടുക്കുന്നത്ര അപകടവും.

നൈലിന്റെ പടിഞ്ഞാറന്‍ ഭാഗത്തായുള്ള മരുഭൂമിയിലാണ് രണ്ടാം ലോക മഹായുദ്ധ കാലത്തുള്ള മിലട്ടറി ബേസ്. ഖര്‍മൂത്തില്‍ നിന്നും 40 കിലോമീറ്റര്‍ വടക്കായി. സൈനിക-വിരുദ്ധ സേനകള്‍ തമ്മില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണെങ്കിലും, വാദി സയ്യിദ്‌നയില്‍ നിന്നും അപ്പോഴും വെടിയൊച്ചകള്‍ മുഴങ്ങിക്കൊണ്ടിരുന്നു.

ഏപ്രില്‍ 27 ഉച്ചയോടെയാണ് വാദി സയ്യിദ്‌ന മിഷന് അനുമതി കിട്ടുന്നത്. ഈ സമയം ഇന്ത്യന്‍ വ്യോമസേന സംഘം സൗദി അറേബ്യയിലെ ജിദ്ദയിലാണുള്ളത്. അവിടെ നിന്നാണവര്‍ രക്ഷപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. അനുമതി കിട്ടിയ ഉടനെ കമാന്‍ഡോകള്‍ അവര്‍ തങ്ങിയിരുന്ന ഹോട്ടലില്‍ നിന്നും ഒരു മണിക്കൂര്‍ ദൂരത്തുള്ള എയര്‍ ബേസിലേക്ക് എത്തി. ആ യാത്രയില്‍ ഗരുഡ് കമാന്‍ഡോള്‍ ഓപ്പറേഷന്‍ എങ്ങനെ വേണം, എന്തൊക്കെ അപകടങ്ങള്‍ നേരിടേണ്ടി വരും തുടങ്ങി എല്ലാക്കാര്യങ്ങളും മറ്റ് ഉത്തരവാദിത്തപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് അവസാന തീരുമാനത്തിലെത്തിയിരുന്നു. ലാന്‍ഡ് ചെയ്തു കഴിഞ്ഞാല്‍, ഓരോ കമാന്‍ഡോകള്‍ക്കും അവര്‍ ചെയ്യേണ്ട കാര്യങ്ങള്‍ വ്യക്തമായി നിര്‍ദേശിച്ചിരുന്നു. രണ്ടു മണിക്കൂര്‍ സമയാണ് ജിദ്ദയില്‍ നിന്നും വാദി സയ്യിദ്‌നയില്‍ എത്താന്‍ വേണ്ടത്.

‘താഴത്തെ സ്ഥിതി ആശങ്ക നിറഞ്ഞതാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു, സഹായിക്കുന്ന യാതൊരു ഘടകവും അവിടെയുണ്ടായിരുന്നുമില്ല. സുഡാനി സൈന്യത്തിനായിരുന്നു എയര്‍സ്ട്രിപ്പിന്റെ നിയന്ത്രണമെങ്കിലും പുറത്തു നിന്നുള്ള എതിരാളികളുടെ ആക്രമണം അവര്‍ക്കെതിരേ ശക്തമായിരുന്നു. ആ ഏറ്റുമുട്ടലിനിടയിലേക്കാണ് ഞങ്ങള്‍ക്ക് ചെല്ലേണ്ടിയിരുന്നത്. ഏറ്റവും മോശം അവസ്ഥയിലാണ് എയര്‍ സ്ട്രിപ്പ് എന്ന കാര്യവും ഞങ്ങള്‍ക്കറിയാമായിരുന്നു. നാവിഗേഷന്‍ സഹായങ്ങളോ, റേഡിയോ ബന്ധങ്ങളോ ഇല്ല, പൂര്‍ണമായി ഇരുട്ടില്‍ മുങ്ങി കിടക്കുന്നു. കാലാവസ്ഥയും പ്രതികൂലം’: എത്രമാത്രം അപകടം നിറഞ്ഞൊരിടത്തേക്കാണ് ആ ദൗത്യസംഘം ഇറങ്ങാന്‍ തീരുമാനിച്ചിരുന്നതെന്ന്, സി130ജെ പറപ്പിച്ച പൈലറ്റുമാരില്‍ ഒരാള്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പങ്കുവച്ച വാക്കുകളില്‍ പ്രകടമാണ്.

കാത്തിരിക്കുന്ന എത്ര വലിയ അപകടമാണെന്ന് തിരിച്ചറിഞ്ഞിട്ടും തങ്ങളുടെ ജനങ്ങളുടെ ജീവന്‍ രക്ഷിച്ചിരിക്കും എന്ന ഉറച്ച തീരുമാനത്തില്‍ തന്നെ ദൗത്യസംഘം നിന്നു. ജിദ്ദയില്‍ വച്ച് തീരുമാനിച്ചത് നടപ്പാക്കുക. ഇരു സംഘങ്ങളും പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ നാല് മണിക്കൂറോളം മാത്രം അവശേഷിക്കെ ദൗത്യം നടപ്പിലാക്കുക. അതാകട്ടെ,ഒരു ചെറിയ ജനാല്‍ വഴി പുറത്തു കടക്കുന്നത്ര ദുഷ്‌കരവും.

എയര്‍ ക്രാഫ്റ്റ് സുഡാന്‍ വ്യോമമേഖലയില്‍ പ്രവേശിച്ചപ്പോള്‍ തൊട്ട് തന്നെ പ്രതിബന്ധങ്ങള്‍ തുടങ്ങി. കാലാവസ്ഥയായിരുന്നു ആദ്യം മുന്നില്‍ വന്ന വില്ലന്‍. മോശമായ കാലാവസ്ഥയില്‍ എയര്‍ ക്രാഫ്റ്റിനു പലപ്പോഴും നിയന്ത്രണം തെറ്റാന്‍ തുടങ്ങി. നൈറ്റ് വിഷന്‍ ഉപകരണങ്ങളായ, ഇലക്‌ട്രോ ഒപ്റ്റിക്കല്‍ ഇന്‍ഫ്ര റെഡ് സെന്‍സര്‍, നൈറ്റ് വിഷന്‍ ഗൂഗിള്‍സ്, ഹെഡ്‌സ് അപ്പ് ഡിസ്‌പ്ലേ ക്യൂസ് എന്നിവയുടെ സഹായത്തോടെയായിരുന്നു ദൗത്യ സംഘം കനത്ത ഇരുട്ടില്‍ മറഞ്ഞു കിടന്ന റണ്‍വേ കണ്ടെത്തിയത്.

രാത്രി 10 മണിയോടെ സി130ജെ റണ്‍വേയില്‍ തൊട്ടു.

സാഹസികവും ധീരവുമായ ലാന്‍ഡിംഗിനു പിന്നാലെ, യാതൊരു ആയുധവും കൈയിലെടുക്കാതെയാണ് രാത്രി കാഴ്ച്ച ഉപകരണങ്ങളും ടാക്റ്റിക്കല്‍ ഫ്‌ളാഷ് ലൈറ്റുകളും മാത്രമായി ഇന്ത്യന്‍ കമാന്‍ഡോകള്‍ മുന്നോട്ടു നീങ്ങിയത്. ഇത്തരം സാഹചര്യങ്ങള്‍ നേരിടേണ്ടത് എങ്ങനെയെന്ന് പലതവണ ഞങ്ങള്‍ പരിശീലിച്ചിട്ടുള്ളതുകൊണ്ട്, ഇവിടെയും എന്തു ചെയ്യണമെന്നതിനെക്കുറിച്ച് പെട്ടെന്ന് തീരുമാനം എടുക്കാന്‍ സാധിച്ചിരുന്നുവെന്നാണ് ഗരുഡ് കമാന്‍ഡോകളില്‍ ഒരാള്‍ ദ ഇന്ത്യന്‍ എക്‌സ്പ്രസ്സിനോട് പറഞ്ഞത്.

ലാന്‍ഡ് ചെയ്തതിനു ശേഷം പൈലറ്റുമാര്‍ എയര്‍ ക്രാഫ്റ്റിനുള്ളില്‍ തന്നെ ഇരുന്നു. ഗരുഡ് കമാന്‍ഡോ ലീഡറും മുന്നു കമാന്‍ഡോകളും ഗ്രൗണ്ട് ഓപ്പറേഷന്‍ നിയന്ത്രണം ഏറ്റെടുത്തു. ആശയവിനിമയങ്ങള്‍ നിരീക്ഷിക്കുന്നതിനും, സാധ്യമായ ഭീഷണികള്‍ നേരിടുന്നതിനും രക്ഷപ്പെടുത്തിയവരെ വിമാനത്തില്‍ കയറാന്‍ സഹായിക്കുന്നതിനുമായി ശേഷിച്ച ഗരുഡ് കമാന്‍ഡോകളും ദൗത്യ സംഘത്തിലെ മറ്റുള്ളവരും വിമാനത്തിനുള്ളിലും പുറത്തുമായി തുടര്‍ന്നു.

എയര്‍ സ്ട്രിപ്പില്‍ നിന്നും ഏതാനും മീറ്റര്‍ മാറിയായിരുന്നു ‘ഒഴിപ്പിക്കല്‍ പോയിന്റ്’ ഉദ്ദേശിച്ചിരുന്നത്. സാധരണ പോലെ അത് രേഖപ്പെടുത്തിയിരുന്നൊന്നുമില്ല. അവിടെനിന്നു സുഡാന്‍ സൈന്യത്തിന്റെ രണ്ട് താത്കാലിക ചെക് പോയിന്റുകള്‍ കാമോന്‍ഡുകള്‍ക്ക് മറികടക്കേണ്ടി വന്നു ഇന്ത്യക്കാരെ കണ്ടെത്താന്‍. എയര്‍ ക്രാഫ്റ്റ് ലാന്‍ഡ് ചെയ്തിടത്തു നിന്നും വെറും 600 മീറ്റര്‍ ദൂരെയായിരുന്നു ആദ്യത്തെ ചെക് പോയിന്റ്. അവിടെ കൂടിയിരുന്ന ജനങ്ങളില്‍ ഇന്ത്യക്കാര്‍ ആരും തന്നെയുണ്ടായിരുന്നില്ല. അതിനാല്‍ ദൗത്യസംഘത്തിന് വീണ്ടും മുന്നോട്ടു നീങ്ങേണ്ടി വന്നു.

300 മീറ്റര്‍ മാറി അടുത്ത ചെക്ക് പോയിന്റ്. അവിടെ രണ്ടു ചതുരശ്ര കിലോമീറ്റര്‍ ഏരിയായിലായി, വിവിധ രാജ്യക്കാരായ 1,200 ഓളം ജനങ്ങള്‍ തമ്പടിച്ചിരുന്നു. വളരെ മോശമായിരുന്ന ആ സാഹചര്യത്തില്‍ നിന്നും ദൗത്യസംഘം ഇന്ത്യക്കാരെ കണ്ടെത്തി. ബുദ്ധിമുട്ടേറിയ ജോലികള്‍ പിന്നെയും ബാക്കി. രക്ഷപ്പെടുത്തേണ്ടവരൊക്കെ ഇന്ത്യക്കാര്‍ തന്നെയാണെന്ന് ഉറപ്പിക്കണം. അതിനായി ഓരോരുത്തരെയായി പരിശോധിച്ച് ആധികാരികത ഉറപ്പാക്കണം. അവിടെയവര്‍ക്ക് വലിയൊരു സഹായം കിട്ടി. സുഡാനിലെ ഇന്ത്യന്‍ ഡിഫന്‍സ് അറ്റാഷെ ലഫ്റ്റനന്റ് കേണല്‍ ഗുര്‍പ്രീത് സിംഗ് ആ കൂട്ടത്തിലുണ്ടായിരുന്നു. അദ്ദേഹം മുന്നോട്ടു വന്നതോടെ ഇന്ത്യക്കാരെ തിരിച്ചറിയാനുള്ള ജോലികള്‍ എളുപ്പമായി.

അവിടെ കാത്തു നിന്നവരില്‍ പൂര്‍ണ ഗര്‍ഭിണികളും കുട്ടികളും വൃദ്ധരുമുണ്ടായിരുന്നു. മരണത്തിന്റെ ഭയാനകതയില്‍ വിറങ്ങലിച്ചു നിന്ന അവരെയെല്ലാം ജീവിതത്തിന്റെ സുരക്ഷിതത്വത്തിലേക്ക് തിരികെയെത്തിക്കാന്‍ മാതൃരാജ്യത്തിന്റെ കരങ്ങള്‍ നീണ്ടു ചെന്നപ്പോള്‍, പലരും വികാരം കൊണ്ട് വിങ്ങിപ്പൊട്ടി.

സമയം കടന്നു പോയിക്കൊണ്ടിരിക്കുകയായിരുന്നു. വെടിനിര്‍ത്തല്‍ അവസാനിക്കാന്‍ സമയം ബാക്കിയുണ്ട്. ആശങ്ക മറ്റൊരു കാര്യത്തിലായിരുന്നു. ഓപ്പറേഷന്‍ പൂര്‍ത്തിയാകുന്നതുവരെ എയര്‍ക്രാഫ്റ്റ് ഓണ്‍ ആയി തന്നെ നിര്‍ത്തണം. എന്തെങ്കിലും അപ്രതീക്ഷിതമായി സംഭവിച്ചാല്‍, ആ സമയം തന്നെ പറന്നുയരേണ്ടതാണ്. എന്നാല്‍, ഒന്നര മണിക്കൂര്‍ നേരത്തെക്കുള്ള ഇന്ധനമെ ബാക്കിയുള്ളൂ. അതിനാല്‍ കാര്യങ്ങളെല്ലാം വേഗത്തില്‍ തീര്‍ക്കേണ്ടതുണ്ട്.

ഒടുവില്‍ എല്ലാ വെല്ലുവിളികളും അതിജീവിച്ച് രാത്രി 11.45 ന് രക്ഷപ്പെടുത്തിയ ഇന്ത്യക്കാരുമായി സി130ജെ എയര്‍ക്രാഫ്റ്റ് പറന്നുയര്‍ന്നു.

ഇന്ത്യന്‍ ദൗത്യ സംഘം അവരുടെ ലക്ഷ്യം പൂര്‍ത്തികരിച്ച് പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്ക് ശേഷം ഒരു ടര്‍ക്കിഷ് വിമാനം, അതേ ഉദ്ദേശവുമായി വാദി സയ്യിദ്‌നയില്‍ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ക്ക് വെടിയേറ്റു…

Share on

മറ്റുവാര്‍ത്തകള്‍