UPDATES

ഈ കുട്ടികളും കേരളത്തിന്റെ ഭാഗമാണ്, ആലുവയില്‍ കൊല്ലപ്പെട്ട ആ അഞ്ചുവയസുകാരി ഉള്‍പ്പെടെ

എന്ത് സാമൂഹിക നീതിയാണ് കുട്ടികളുള്‍പ്പെടുന്ന ഇതര സംസ്ഥന തൊഴിലാളികളുടെ കുടുംബത്തിന് ലഭിക്കുന്നത് ?

                       

ഗള്‍ഫ് രാജ്യങ്ങളിലെ ഉയര്‍ന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ കേരളത്തിന്റെ പ്രവാസ കാഴ്ചകളുടെ ഭാഗമാണ്. ഉന്നത വിദ്യാഭ്യാസത്തിനായി യൂറോപ്പ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറി കൊണ്ടിരിക്കുന്ന കേരളീയ യുവത്വവും പ്രവാസത്തിന്റെ മറ്റൊരു മുഖമാണ്. വിദേശ രാജ്യങ്ങളിലെ വിദ്യഭ്യാസമേന്മ മാത്രമല്ല, കേരളത്തിലെ വലിയൊരു വിഭാഗം വിദ്യാര്‍ത്ഥികള്‍ മറ്റു രാജ്യങ്ങളിലേക്ക് കുടിയേറുന്നതിന് പിന്നില്‍. ആ രാജ്യങ്ങളിലെ പൗരന്മാര്‍ക്കു ലഭിക്കുന്ന അതേ പ്രിവിലേജ് ഓടെ, തരംതിരിവുകളില്ലാതെ വിദ്യാഭ്യാസം നേടാന്‍ സാധിക്കുന്നതുകൊണ്ട് കൂടിയാണ്. അതേസമയം, ഇതര ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തില്‍ വരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികളുടെ അവസ്ഥയെന്താണ്? നിങ്ങളുടെ മക്കള്‍ പഠിക്കുന്ന അതെ ക്ലാസ്സുകളില്‍ എത്ര ഇതര സംസ്ഥാന തൊഴിലാളികളുടെ കുട്ടികള്‍ വിദ്യാഭ്യാസം നേടുന്നുണ്ട്? കേരളത്തിലെ എത്ര സര്‍ക്കാര്‍ സ്‌കൂളുകള്‍ ഈ വിദ്യര്‍ത്ഥികളുടെ സ്‌കൂള്‍ പ്രവേശനമടക്കമുള്ള പ്രക്രിയകള്‍ സുതാര്യമാക്കുന്നുണ്ട്? അതില്‍ സുതാര്യതയുണ്ടെങ്കില്‍ തന്നെ നിങ്ങളില്‍ എത്ര പേര്‍ നിങ്ങളുടെ കുട്ടികള്‍ക്കൊപ്പം ഇതര സംസ്ഥാങ്ങളിലെ കുട്ടികള്‍ ഇടപഴകുന്നതിനെ സാധാരണ ഗതിയില്‍ സ്വീകരിക്കാന്‍ സന്നദ്ധരാവും?

അതിജീവിനത്തിനായി ഇന്ത്യയിലെ ഏറ്റവും ദരിദ്രവും പിന്നാക്കവുമായ മേഖലകളില്‍ നിന്നും, കേരളത്തിലേക്ക് പറിച്ചു മാറ്റപ്പെടുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് മലയാളി പ്രവാസികള്‍ക്ക് ലഭിക്കുന്ന സാമൂഹിക നീതിയുടെ ചെറിയ ശതമാനം പോലും ഉറപ്പു നല്‍കാന്‍ കേരളത്തിന് സാധിക്കുന്നില്ല. ഈ സാമൂഹിക അനീതി തൊഴിലാളികളുടെയും അവരുടെ കുട്ടികളെയും നയിക്കുന്നത് സുരക്ഷിത്വമില്ലാത്ത ഒരു സാമൂഹിക അവസ്ഥയിലേക്കാണ്. അവകാശങ്ങളെ പറ്റി, വിദ്യാഭ്യാസത്തെ പറ്റി ബോധവാന്മാരല്ലാത്ത ഒരു കൂട്ടം മനുഷ്യരെ സൃഷ്ടിച്ചെടുക്കുന്നതിലേക്കാണ് ഈ സാമൂഹിക അനീതി അവരെ കൊണ്ടെത്തിക്കുന്നത്. ഇത്തരം അനീതിയുടെ ഒരു വശം മാത്രമാണ് മുകളില്‍ സൂചിപ്പിച്ച വിദ്യാഭാസപരമായുള്ള വിവേചനം.

തല്ലി പുറത്താക്കാന്‍ നില്‍ക്കുന്നവരോട്; ‘അതിഥി തൊഴിലാളികള്‍’ കേരളത്തിന്റെ ഔദാര്യമല്ല

ബിഹാര്‍ സ്വദേശിയായ അഞ്ചു വയസ്സുകാരിയുടെ മരണവും പ്രതിക്ക് ലഭിച്ച വധ ശിക്ഷയിലും ഒതുങ്ങുന്നതല്ല കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികള്‍ നേരിടേണ്ടി വരുന്ന അരക്ഷിതാവസ്ഥയുടെ ആഴം. ഈ അഞ്ചുവയസുകാരിയെ പോലെ ക്രൂരമായ പീഡനത്തിരയായി കൊല്ലപെടുന്നവര്‍, രക്ഷിതാക്കളുടെ തൊഴിലിടങ്ങളില്‍ വച്ച് ഗുരുതരമായ അപകടങ്ങളും ശാരീരികമായ ചൂഷങ്ങളും നേരിടേണ്ടി വരുന്നവര്‍, രക്ഷിതാക്കള്‍ തൊഴിലിടങ്ങളിലേക്ക് തിരിക്കുമ്പോള്‍ സുരക്ഷിതത്വത്തിനായി പകലന്തിയോളം വീടിനുള്ളില്‍ കതകടച്ചിരിക്കേണ്ടി വരുന്നവര്‍, അടിസ്ഥാന വിദ്യാഭ്യാസം പോലും ലഭിക്കാത്ത കുഞ്ഞുങ്ങള്‍; ഈ പട്ടിക ഇനിയും നീളും. പ്രവാസത്തിന്റെ യാതനകളും ദുരിതങ്ങളും അത്രമേല്‍ കണ്ടു പരിചയിച്ച ഒരു സമൂഹം കേരളമായിരിക്കും. എന്നിരുന്നിട്ടു പോലും ഇതര സംസ്ഥാന തൊഴിലാളികളെയും അവരുടെ കുട്ടികളെയും രണ്ടാംതര പൗരന്മാരായി പരിഗണിക്കാന്‍ മാത്രമാണ് കേരളത്തിന് കഴിയുന്നത്. അടിസ്ഥാന സൗകര്യങ്ങളോ, വിദ്യാഭ്യാസമോ ഉറപ്പാക്കാനോ സാമൂഹികപരമായ വിവേചനകളില്‍ നിന്ന് മാറ്റി നിര്‍ത്താനോ ഒരു പരിധിക്കു മുകളില്‍ സാധിക്കുന്നില്ല.


സിഖ് വിഘടനവാദം; പ്രാദേശിക പ്രശ്നത്തില്‍ നിന്നും രാഷ്ട്രീയ അബദ്ധത്തിലൂടെ ആഗോള പ്രസ്ഥാനമായി വളര്‍ന്നതിന്റെ ചരിത്രം


ഇതര സംസ്ഥനത്തൊഴിലാളികളുടെ കുട്ടികളെ ചൂഷണം ചെയ്തതിന്റെ പേരില്‍ ഇവിടെ ചുമത്തപ്പെടുന്ന പോക്സോ കേസുകളത്രയും വിരല്‍ ചൂണ്ടുന്നത് ഇവരുടെ അങ്ങേയറ്റം പരിതാപകരമായ അരക്ഷിതാവസ്ഥയിലേക്കാണ്. വിദ്യഭ്യാസമുള്‍പ്പെടയുള്ളവയില്‍ ഇവര്‍ക്ക് സാമൂഹിക നീതി ഉറപ്പാക്കാന്‍ നമുക്ക് കഴിയണം. നമ്മുടെ കുട്ടികള്‍ക്ക് ലഭിക്കുന്ന സ്‌കൂള്‍ അടക്കമുള്ള പല സുരക്ഷിതത്വത്തിന്റെ തണലുകളും ഇവര്‍ക്കും ഒരുക്കി നല്‍കാന്‍ കഴിയേണ്ടതുണ്ട്. വീട്ടുടമ വാടക ചീട്ടു നല്‍കാത്തത് മൂലം വിലാസമില്ലാത്തതിന്റെ പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാത്തതിന്റെ പേരില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യസം നിഷേധിക്കപ്പെടുന്ന നിലവിലെ സാമൂഹിക സ്ഥിതിക്ക് മാറ്റം വരേണ്ടിയിരിക്കുന്നു. പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ മാത്രം ഈ സമൂഹത്തെ പരിഗണിക്കുന്ന മനോഭാവത്തിനാണ് ആദ്യം മാറ്റം വരുത്തേണ്ടത്. തുല്യ സാമൂഹ്യ നീതി ഉറപ്പാക്കുന്നതിനായി എല്ലാവരെയും ഉള്‍കൊള്ളുന്ന തലത്തിലേക്ക് മാറേണ്ടതുണ്ട്. അവരെ കൂടി സാമൂഹിക സംവിധനത്തിലേക്ക് കൂട്ടിച്ചേര്‍ക്കേണ്ടതുണ്ട്, കാരണം ഈ കുട്ടികളും കേരളത്തിന്റെ ഭാഗമാണ്. ആലുവയില്‍ കൊല്ലപ്പെട്ട ആ അഞ്ചുവയസുകാരി ഉള്‍പ്പെടെ !

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍