UPDATES

രണ്ടു സ്വേച്ഛാധിപതികള്‍ക്കിടയില്‍ ജീവിച്ചിരുന്ന, അവരിലൊരാളാല്‍ കൊല്ലപ്പെട്ട കവി

കവിതകള്‍ ജ്വലിപ്പിച്ച് നിര്‍ത്തി നെരൂദ മറഞ്ഞിട്ട് അരനൂറ്റാണ്ട്

                       

ഇരുപതാം നൂറ്റാണ്ടിന്റെ വിപ്ലവത്തിന്റെയും പ്രണയത്തിന്റെയും താളങ്ങള്‍ കവിതയില്‍ ഒരുപോലെ സമന്വയിപ്പിച്ച ചിലിയന്‍ കവി പാബ്ലോ നെരൂദ 1936-ല്‍, തന്റെ 32 ആം വയസില്‍ ഇപ്രകാരം കുറിച്ചു:

‘എന്റെ വീട് മരണത്തിനു കീഴടങ്ങി കഴിഞ്ഞു, തകര്‍ന്നു തരിപ്പണമായ സ്‌പെയിനിലെ വീടുകളില്‍ നിന്നു പൂക്കള്‍ക്ക് പകരം കത്തുന്ന ലോഹമാണ് ഒഴുകുന്നത്’.

വെടിയൊച്ചകളും നിലവിളികളും തങ്ങിനില്‍ക്കുന്ന യുദ്ധാന്തരീക്ഷത്തെ ഇത്രയും ലളിതമായി, എന്നാല്‍ അതിന്റെ തീവ്രത ഒട്ടും ചോരാതെ എഴുതി ഫലിപ്പിച്ച കവികള്‍ ലോക സാഹിത്യത്തില്‍ ചുരുക്കമായിരിക്കും. അതുകൊണ്ട് തന്നെയാണ് ഈ വരികളും,’ഐ ആം എക്‌സ്‌പ്ലെയിനിങ് എ ഫ്യൂ തിങ്‌സ്’ എന്ന കവിതയും നെരൂദയുടെ ഏറ്റവും പ്രശസ്ത കൃതിയും സാഹിത്യത്തിലെ ക്ലാസ്സിക് ആയും മാറിയത്.

1936-1939 കാലഘട്ടങ്ങളില്‍ നടന്ന സ്പാനിഷ് ആഭ്യന്തരയുദ്ധത്തിന്റെ കെടുതികള്‍ നേരിട്ടു കണ്ട അദ്ദേഹം തന്റെ അമര്‍ഷവും, വേദനയും കൂടിയാണ് ‘ഐ ആം എക്‌സ്‌പ്ലെയിനിങ് എ ഫ്യൂ തിങ്‌സ്’ എന്ന കവിതയില്‍ അതേപടി പകര്‍ത്തിയത്. റിപ്പബ്ലിക്കന്‍സിനോടുള്ള അനുഭാവവും ഫാസിസത്തോടുള്ള കടുത്ത എതിര്‍പ്പും, അമര്‍ഷവും ഈ കാലങ്ങളില്‍ അദ്ദേഹം എഴുതിയ കൃതികളില്‍ മുഴച്ചു നിന്നു. മാഡ്രിഡിലെ ചിലിയന്‍ എംബസിയിലെ കോണ്‍സല്‍ ആയിരുന്നു ഈ കാലത്ത് നെരൂദ.

സ്പാനിഷ് പ്രസിഡന്റ് മാനുവല്‍ അസാനയുടെ നേതൃത്വത്തിലുള്ള രണ്ടാം സ്പാനിഷ് റിപ്പബ്ലിക്ക് സര്‍ക്കാരിനെതിരെ യാഥാസ്ഥിതിക കോണ്‍ഫെഡറേഷന്‍ എസ്പാനൊള ദെ ഡെറെക്കാസ് ഓട്ടോണമാസ് (C.E.D.A), കാര്‍ലിസ്റ്റ് ഗ്രൂപ്പുകള്‍, ഫാസിസ്റ്റിക്ക് ഫാലങെ എസ്പാനോള ദെ ലാസ് J.O.N.S. എന്നീ വിഭാഗങ്ങളുടെ പിന്തുണയോടെ ഒരു വിഭാഗം സ്പാനിഷ് കരസേനാ ജനറല്‍മാര്‍ സൈനിക കലാപത്തിനു ശ്രമിച്ചതാണ് സംഘട്ടനങ്ങളുടെ തുടക്കം. യുദ്ധഫലമായി കലാപകാരികള്‍ റിപ്പബ്ലിക്ക് സര്‍ക്കാരിനെ താഴെയിറക്കി ജനറല്‍ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യഭരണം സ്ഥാപിച്ചു. യുദ്ധാനന്തരം എല്ലാ വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെയും ഫ്രാങ്കോയുടെ സ്റ്റേറ്റ് പാര്‍ട്ടിയുമായി ലയിപ്പിക്കുകയും ചെയ്തു. ആയിരങ്ങള്‍ കൊല്ലപെട്ട, മനുഷ്യാവകാശങ്ങള്‍ അട്ടിമറിക്കപെട്ട, സ്‌പെയിനിനെ തന്നെ ചുട്ടു ചാമ്പലാക്കിയയ യുദ്ധത്തിന്റെ കെടുതികള്‍ അതിഭീകരമായിരുന്നു. ആഭ്യന്തര യുദ്ധത്തില്‍ നയതന്ത്രജ്ഞന്‍, കവി, പ്രചാരകന്‍, റിപ്പബ്ലിക്കന്‍ ലക്ഷ്യത്തിനുവേണ്ടിയുള്ള അന്താരാഷ്ട്ര വക്താവ് എന്നീ നിലകളില്‍ പാബ്ലോ നെരൂദ നല്‍കിയ ബഹുമുഖ സംഭാവനകള്‍ അദ്ദേഹത്തെ തികഞ്ഞ മനുഷ്യസ്നേഹി എന്ന നിലയില്‍ അടയാളപ്പെടുത്താന്‍ പോന്നതായിരുന്നു.

‘സ്‌പെയിന്‍ ഇന്‍ ഔര്‍ ഹേര്‍ട്‌സ്, എലഗി ഫോര്‍ സിംഗിംഗ്, സൊനാറ്റ ആന്‍ഡ് ഡാന്‍സ്, ദി സ്പില്‍ഡ് ബ്ലഡ്’ തുടങ്ങിയ കവിതകളില്‍ സംഘര്‍ഷത്തെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിലും, അഭയാര്‍ത്ഥികളെ പിന്തുണയ്ക്കുന്നതിലും തുടങ്ങി യുദ്ധവുമായി ബന്ധപ്പെട്ട മനുഷ്യാനുഭവങ്ങളും കഷ്ടപ്പാടുകളും വരെ അദ്ദേഹം വരച്ചിട്ടു.

യുദ്ധത്തിന്റെ കെടുതികള്‍ മാത്രമല്ല പാബ്ലോ നെരൂദ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. ആ കാലഘട്ടങ്ങളിലെ രണ്ടു കുപ്രസിദ്ധ ‘സ്വേച്ഛാധിപതി’കളുടെ ജനദ്രോഹ നയങ്ങളോടുള്ള കടുത്ത വിയോജിപ്പ് കൂടി അദ്ദേഹം കവിതകളില്‍ പ്രകടമാക്കിയിരുന്നു.

നെരൂദയുടെ കവിതകളെ തൊഴിലാളി വര്‍ഗത്തിന് വേണ്ടി നിലകൊണ്ട കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ വലിയ രീതിയില്‍ സ്വാധീനിച്ചിരുന്നു. 1940 കളില്‍ ചിലിയന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സെനറ്ററായി സേവനമനുഷ്ഠിക്കുന്ന കാലത്ത് സോവിയറ്റ് യൂണിയനുമായുള്ള അദ്ദേഹത്തിന്റെ രാഷ്ട്രീയമായ ബന്ധം വളര്‍ന്നിരുന്നു. നെരൂദയുടെ രാഷ്ട്രീയ ബന്ധം ആ കാലഘട്ടത്തിലെ അദ്ദേഹത്തിന്റെ ചില കവിതകളെയും രചനകളെയും സ്വാധീനിച്ചിരുന്നു. ജോസഫ് സ്റ്റാലിന്റെ നേതൃത്വത്തിലുള്ള സോവിയറ്റ് യൂണിയനെ പിന്തുണച്ചു കൊണ്ട് സ്റ്റാലിന്റെയും സോവിയറ്റ് വ്യവസ്ഥയെയും കുറിച്ച് അദ്ദേഹം കവിതകള്‍ എഴുതി.

പിന്നീട് സോവിയറ്റ് യൂണിയനിയില്‍ നിന്നും ലോകത്തിന്റെ പല കോണുകളില്‍ നിന്നും സ്റ്റാലിന്‍ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ അടിച്ചമര്‍ത്തലുകളും, മനുഷ്യാവകാശ ലംഘനങ്ങളും തുടര്‍ക്കഥയാവുന്നുവെന്ന വിമര്‍ശങ്ങള്‍ ഉയര്‍ന്നു വരാന്‍ തുടങ്ങിയിരുന്നു. ഈ കാലഘട്ടങ്ങളില്‍ വികസിച്ചുകൊണ്ടിരിന്ന രാഷ്ട്രീയ അവബോധം സ്റ്റാലിന്‍ അനുകൂല നിലപാടുകളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് നെരൂദയെ പ്രേരിപ്പിച്ചു. ഫാസിസത്തോടുള്ള കടുത്ത വിയോജിപ്പും, തൊഴിലാളി വര്‍ഗത്തോടുള്ള സഹാനുഭൂതിയും അദ്ദേഹത്തിന്റെ കവിതകളില്‍ പിറവിയെടുത്തുകൊണ്ടിരിന്നു.

‘വിശാലമായ ഇരുണ്ട ഗുഹകളിലെ കറുത്ത ഹാളുകളില്‍ നിന്ന് ഖനിത്തൊഴിലാളികള്‍ ചലിച്ചുകൊണ്ടിരുന്നു. സ്റ്റാലിന്‍ സിറ്റിയിലെ പരിശുദ്ധമായ രാത്രികളുടെ കാവല്‍ക്കാരെന്ന പോലെ തൊഴിലാളികള്‍ വേലയില്‍ ഏര്‍പ്പെട്ടുകൊണ്ടിരുന്നു. ചുവന്ന രക്തം, കറുത്ത നിറമാകും വരെ അവര്‍ കഠിനാധ്വാനത്തിലായിരുന്നു’- ‘കാന്റോ ജനറല്‍’ എന്ന പുസ്തകത്തിലെ സ്റ്റാലിന്‍ സിറ്റിയെന്ന തന്റെ ഈ കവിതയില്‍ സ്റ്റാലിന്റെ പേര് വ്യക്തമായി നെരൂദ പരാമര്‍ശിക്കുന്നില്ലെങ്കിലും, സോവിയറ്റ് യൂണിയനിലെ വ്യവസായവത്കരണത്തെയും, ഭരണകൂടത്തിന്റെ അടിച്ചമര്‍ത്തല്‍ നടപടികളെയും അദ്ദേഹം പ്രതിപാദിക്കുന്നുണ്ട്.

നെരൂദ പലപ്പോഴും കവിതകളില്‍ തന്റെ രാഷ്ട്രീയ വീക്ഷണങ്ങളെയും സന്ദേശങ്ങളെയും പ്രതീകാത്മകവും, ഉപമിക്കലിലൂടെയുമാണ് അവതരിപ്പിക്കാറുള്ളത്. അതുകൊണ്ട് തന്നെ നെരൂദയുടെ കൃതികള്‍ ആസ്വദിക്കുന്നതിനും, വ്യാഖ്യാനിക്കുന്നതിനും അദ്ദേഹം അഭിസംബോധന ചെയ്യുന്ന വിഷയങ്ങളും സന്ദര്‍ഭവു മനസ്സിലാക്കേണ്ടതായി വരും.

തന്റെ ജീവിതത്തിന്റെ പിന്നീടുള്ള വര്‍ഷങ്ങളില്‍, പ്രത്യേകിച്ച് ചിലിയിലെ സാല്‍വദോര്‍ അലന്‍ഡെയുടെ പ്രസിഡന്റായിരിക്കുമ്പോള്‍, നെരൂദ വലതുപക്ഷ എതിരാളികളുടെയും കടുത്ത വിമര്‍ശകനായിരുന്നു. രചനകള്‍ക്ക് പുറമെ അദ്ദേഹം പ്രസിദ്ധീകരിച്ച ചില തുറന്ന കത്തുകളിലിലൂടെയും, നയതന്ത്ര പ്രവര്‍ത്തനങ്ങളിലൂടെയും അഗസ്റ്റോ പിനോഷെ എന്ന ഏകാധിപതിയെ നിരന്തരം വിമര്‍ശിച്ചുകൊണ്ടിരുന്നു.

1971-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം സ്വീകരിച്ചു കൊണ്ടുള്ള പ്രസംഗത്തില്‍, പിനോഷെയുടെ ഭരണത്തിന്‍ കീഴില്‍ ചിലിയില്‍ അരങ്ങേറിയ അക്രമത്തെയും അടിച്ചമര്‍ത്തലിനെയും അദേഹം ശക്തമായി അപലപിച്ചു.

നൊബേല്‍ സമ്മാനം ചിലിയന്‍ ജനതയ്ക്കും നീതിക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിനും സമര്‍പ്പിച്ചുകൊണ്ട് ഫാസിസത്തോടുള്ള കടുത്ത വിയോജിപ്പും അദ്ദേഹം തുറന്നടിച്ചു. പിനോഷെയെയും അദ്ദേഹത്തിന്റെ ഭരണത്തെയും കുറിച്ചുള്ള തുറന്ന വിമര്‍ശനം നെരൂദയെ സ്വേച്ഛാധിപത്യത്തിനെതിരായ ചെറുത്തു നില്‍പ്പിന്റെ പ്രതീകമാക്കി. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളും രചനകളും പിനോഷെയുടെ ഭരണകാലത്ത് ചിലിയില്‍ നടന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്താരാഷ്ട്ര തലത്തില്‍ അവബോധം സൃഷ്ടിക്കുകയും, ചിലിയയില്‍ ജനാധിപത്യം പുനഃസ്ഥാപിക്കാന്‍ ശ്രമിക്കുന്നവരുടെ ശ്രമങ്ങള്‍ക്ക് സജീവ പിന്തുണ നല്‍കുകയും ചെയ്തിരുന്നു.

1973 സെപ്തംബര്‍ 11 ന് ജനറല്‍ അഗസ്റ്റോ പിനോഷെയുടെ നേതൃത്വത്തില്‍ പട്ടാള അട്ടിമറി നടക്കുമ്പോള്‍ നെരൂദയുടെ ആരോഗ്യനില മോശമായിരുന്നു. ചിലെ പ്രസിഡന്റായിരുന്ന ആത്മമിത്രം സാല്‍വദോര്‍ അലന്‍ഡെയെ അമേരിക്കയുടെ പിന്തുണയോടെ പട്ടാളം അധികാരഭ്രഷ്ടനാക്കി. പ്രസിഡന്റിന്റെ കൊട്ടാരത്തിലേക്ക് ഇരച്ചെത്തിയ പട്ടാളത്തിന് മുമ്പില്‍ കീഴ്‌പ്പെടാതെ അലന്‍ഡെ ആത്മഹൂതി ചെയ്തു. സുഹൃത്തിന്റെ വിയോഗത്തോടെ നെരൂദ മെക്‌സിക്കോയിലേക്ക് നാടുകടക്കാന്‍ തീരുമാനിച്ചുറച്ചിരുന്നു. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലം സാന്റിയാഗോയിലെ ആശുപത്രുയില്‍ അദ്ദേഹത്തിന് പ്രവേശിക്കേണ്ടി വന്നു. ആശുപത്രി വാസത്തിനിടയില്‍, അതായത് പട്ടാള അട്ടിമറി നടന്നു 12 ദിവസങ്ങള്‍ക്ക് ശേഷം, 1973 സെപ്റ്റംബര്‍ 23 ന് ദുരൂഹ സാഹചര്യത്തില്‍ അദ്ദേഹം മരണപ്പെട്ടു.

നെരൂദയുടെ അപ്രതീക്ഷിത മരണം നിരവധി വിവാദങ്ങള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വഴിവച്ചു. പിനോഷെ ഭരണകൂടത്തിന്റെ ഏജന്റുമാരാല്‍ അദ്ദേഹം വധിക്കപ്പെട്ടതാകാമെന്ന ഊഹാപോഹങ്ങള്‍ സജീവമായിരുന്നു. അദ്ദേഹത്തിന്റെത് സ്വാഭാവിക മരണമാണെന്നും ചിലര്‍ വാദിച്ചിരുന്നു. എന്നാല്‍ ആ മരണത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം അതൊരു കൊലപാതകമാണെന്നു സ്ഥിരീകരിച്ചിരിക്കുന്നു.

അര്‍ബുദ ചികിത്സയ്ക്കിടയില്‍ മരിച്ച നെരൂദയുടെ ശരീരത്തില്‍ ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന വിഷബാക്ടീരിയയുടെ സാന്നിധ്യം ഉണ്ടായിരുന്നെന്ന ഫൊറന്‍സിക് പരിശോധനാഫലമാണ് അദ്ദേഹത്തിന്റെ മരണത്തിനു പിന്നിലെ നിഗൂഢതയുടെ ചുരുളഴിച്ചത്. 10 വര്‍ഷം മുമ്പാണ് നെരൂദയുടെ ഭൗതികാവശിഷ്ടം പുറത്തെടുത്തു പരിശോധിക്കണമെന്ന് കോടതി ഉത്തരവിടുന്നത്. ഭൗതീക ശരീരത്തില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ നാല് രാജ്യങ്ങളിലേക്കാണ് പരിശോധനയ്ക്ക് അയച്ചത്. ഏറ്റവുമൊടുവില്‍ അദ്ദേഹത്തിന്റെ പല്ലില്‍ ബോട്ടുലിനം എന്ന മാരകരോഗാവസ്ഥ ഉണ്ടാക്കുന്ന വിഷബാക്ടീരിയയുടെ അംശം ഉണ്ടായിരുന്നുവെന്ന കണ്ടെത്തല്‍ രാജ്യാന്തര ശാസ്ത്രസംഘം പുറത്തുവിട്ടു.

അടിച്ചമര്‍ത്തുന്ന അധികാര മനോഭാവത്തോട് സമരസപ്പെടാത്ത നിലപടുകളിലൂടെ ചൂഷണം ചെയ്യപ്പെടുന്നവരുടെ ശബ്ദമായി നെരൂദയെ ലോകം കാലങ്ങള്‍ക്കപ്പുറവും അടയാളപ്പെടുന്നത് അദ്ദേഹത്തിന്റെ കൊലപാതകത്തിലൂടെയാകും.

രശ്മി ജയദാസ്‌

രശ്മി ജയദാസ്‌

അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍

More Posts

Share on

മറ്റുവാര്‍ത്തകള്‍