രാജ്യത്തെ യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മയുടെ രൂക്ഷത വ്യക്തമാക്കിക്കൊണ്ട് ഗുജറാത്തില്‍ നിന്നുള്ള കണക്കുകള്‍. സംസ്ഥാനത്ത് 2.38 ലക്ഷം പേര്‍ അഭ്യസ്തവിദ്യരായ തൊഴില്‍രഹിതരായുണ്ട്. ഇവര്‍ എംപ്ലോയ്‌മെന്റ് ഓഫിസുകളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലേക്ക് ജോലിക്കപേഷിച്ച് കാത്തിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ ഇത്രലക്ഷം ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ജോലി കിട്ടിയത് വെറും 32 പേര്‍ക്ക് മാത്രം. സര്‍ക്കാര്‍ രേഖകള്‍ പ്രകാരം ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ആണ് ഈ വിവരം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഗുജറാത്ത് നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയായാണ്, സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന് നാട്ടിലെ തൊഴിലില്ലായ്മയുടെ രൂക്ഷത വ്യക്തമാക്കുന്ന കണക്കുകള്‍ പറയേണ്ടി വന്നത്. കഴിഞ്ഞ രണ്ടു വര്‍ഷത്തില്‍ 29 ജില്ലകളില്‍ നിന്നായി 2,38,978 വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികള്‍ ജോലിക്കായി അപേക്ഷിച്ചിട്ടുണ്ട്. ഇവരെക്കൂടാതെ ഭാഗികമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ 10,757 പേരും ഉദ്യോഗാര്‍ത്ഥികളായുണ്ട്. ഈ കണക്കെല്ലാം ഒരുമിച്ച് കൂട്ടിയാല്‍ പഠിച്ചിട്ടും ജോലി കിട്ടാതെ നിരാശരായിരിക്കുന്ന 2,49,735 പേര്‍ സംസ്ഥാനത്തുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ കൂട്ടത്തില്‍ നിന്നും കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ജോലി കിട്ടിയത് 32 പേര്‍ക്കാണെന്നത് സാഹചര്യത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. ജോലി കിട്ടിയ 32 പേരില്‍ 22 പേര്‍ അഹമ്മദാബാദില്‍ നിന്നും, ഒമ്പതു പേര്‍ ഭവ്‌നഗറില്‍ നിന്നുള്ളവരും, ഒരാള്‍ ഗാന്ധിനഗറില്‍ ഉള്ളതുമാണ്.
ആനന്ദ് ജില്ലയിലാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇവിടെ 21,633 വിദ്യാസമ്പന്നരായ ഉദ്യോഗാര്‍ത്ഥികളാണ് ഒരു സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നത്. തൊട്ടു പിന്നിലുള്ള വഡോദരയിലെ കണക്ക് 18,732 ആണ്. 16,400 പേരുള്ള അഹമ്മദാബാദാണ് മൂന്നാം സ്ഥാനത്ത്. ദ്വാരകയിലാണ് ഏറ്റവും കുറവ്- 2,362. വ്യവസായ വകുപ്പ് മന്ത്രി ബല്‍വന്ത് സിംഗ് രാജ്പുത് നിയസഭയില്‍ അവതരിപ്പിച്ച കണക്കാണിത്.
രാജ്‌കോട്ടില്‍ 13,439 പേര്‍ തൊഴില്‍ രഹിതരായിട്ടുണ്ട്. ജുനാഗഡില്‍ 11,701 പേരും പഞ്ച്മഹാലില്‍ 12,334 പേരും, സുരേന്ദ്രനഗറില്‍ 12,435 ഉം, ദഹോദില്‍ 11,095 പേരും സര്‍ക്കാര്‍ ജോലിക്കായി കാത്തിരിക്കുന്നു.
കടലാസില്‍ മാത്രം ഒതുങ്ങുന്നതാണ് ഗുജറാത്ത് സര്‍ക്കാരിന്റെ റിക്രൂട്ട്‌മെന്റ് കലണ്ടര്‍ എന്നായിരുന്നു കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് അമിത് ചവ്ഡ സഭയില്‍ ആരോപിച്ചത്. തൊഴില്‍ പദ്ധതികള്‍ക്കായി സംസ്ഥാനത്ത് 46 എംപ്ലോയ്‌മെന്റ് ഓഫീസുകള്‍ തുറന്നിട്ടുണ്ടെന്നും തൊഴില്‍ വിവരങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ അറിയിക്കാന്‍ ആപ്പ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്നുമായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണങ്ങള്‍ക്ക് വ്യവസായ മന്ത്രിയുടെ മറുപടി.