UPDATES

ട്രെന്‍ഡിങ്ങ്

‘ആ രണ്ടു പേര്‍ക്കും വൃത്തിയില്ല’

രോഹിത് ശര്‍മ റൂം ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെ?

                       

രണ്ട് സഹതാരങ്ങള്‍ക്കൊപ്പം ഒരു മുറിയില്‍ താമസിക്കാന്‍ താന്‍ താത്പര്യപ്പെടുന്നില്ലെന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറയുന്നത്. നെറ്റ്ഫ്‌ളിക്‌സിന്റെ ദ ഗ്രേറ്റ് ഇന്ത്യന്‍ കപില്‍ ഷോയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു ടീം ഇന്ത്യ ക്യാപ്റ്റന്‍. ഇന്ത്യന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റനുമായ ശ്രേയസ് അയ്യരും രോഹിതിനൊപ്പം കപില്‍ ശര്‍മയുടെ അതിഥിയായുണ്ടായിരുന്നു. അയ്യരും ശര്‍മയും തമ്മിലുള്ള സൗഹൃദ സംഭാഷണം ശനിയാഴ്ച്ച നെറ്റ്ഫ്‌ളിക്‌സ് സംപ്രേക്ഷണം ചെയ്തിരുന്നു. ഈ സംഭാഷണത്തിനിടയിലാണ് തമാശരൂപേണ രോഹിത് മുറി പങ്കിടലിന്റെ കാര്യം പറയുന്നത്.

രോഹിത് മുറി പങ്കിടാന്‍ താത്പര്യം കാണിക്കാത്ത താരങ്ങള്‍ ശിഖര്‍ ധവാനും, ഋഷഭ് പന്തുമാണ്. പഞ്ചാബ് കിംഗ്‌സ് ഇലവന്‍ നായകനായ ധവാനെയും ഡല്‍ഹി ക്യാപിറ്റല്‍സ് ക്യാപ്റ്റനായ പന്തിനെയും എന്തുകൊണ്ട് മുറിക്ക് പുറത്തു നിര്‍ത്തുന്നു എന്നതിനു കാരണവും രോഹിത് പറയുന്നുണ്ട്. അവര്‍ രണ്ടു പേരും മുറി വൃത്തികേടാക്കുന്നവരാണ്.

‘ ഇപ്പോള്‍ എല്ലാവര്‍ക്കും പ്രത്യേകം മുറികള്‍ കിട്ടും. എങ്കിലും ആരോടെങ്കിലും ഒപ്പം ഒരു മുറിയില്‍ താമസിക്കേണ്ടി വന്നാല്‍, റിഷഭ് പന്തിനോ ശിഖര്‍ ധവാനോ ഒപ്പം ഒരേ മുറിയില്‍ താമസിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവര്‍ വൃത്തിയില്ലാത്തവരാണ്. പരിശീലിനം കഴിഞ്ഞു വന്നാല്‍ അവര്‍ വസ്ത്രങ്ങള്‍ ഊരി നേരേ കട്ടിലിലേക്ക് എറിയുകയാണ്’- രോഹിത് പറയുന്നു.

പന്തിനെയും ധവാനെയും കുറിച്ച് രോഹിത്് മറ്റൊരു പരാതി കൂടിയുണ്ട്. രണ്ടു പേരും ഉച്ചവരെ കിടന്നുറങ്ങും. അവരുടെ വാതിലില്‍ എപ്പോഴും ‘ശല്യപ്പെടുത്തരുത്'(Do Not Disturb-DND) എന്ന ബോര്‍ഡ് തൂങ്ങികിടക്കുമെന്നും രോഹിത് പറയുന്നു.

‘ അവരുടെ മുറിക്ക് മുമ്പില്‍ എപ്പോഴും ഡിഎന്‍ഡി ബോര്‍ഡ് കാണും. കാരണം അവര്‍ ഒരു മണി വരെ കിടന്നുറങ്ങുന്നവരാണ്. മുറി വൃത്തിയാക്കാന്‍ രാവിലെ ഹൗസ് കീപ്പിംഗ് സ്റ്റാഫ് വരുമെന്നതുകൊണ്ടാണ് അവര്‍ ഡിഎന്‍ഡി ബോര്‍ഡ് തൂക്കിയിടുന്നത്. അതില്ലെങ്കില്‍ ജീവനക്കാര്‍ അകത്തു കയറും, അവരുടെ ഉറക്കം മുറിയും. ഇക്കാരണങ്ങള്‍ കൊണ്ടെല്ലാം അവരുടെ മുറി മൂന്നു നാലും ദിവസം വൃത്തികേടായി കിടക്കും. ഒപ്പം താമസിക്കുന്നവരുണ്ടെങ്കില്‍, അവര്‍ക്കത് ബുദ്ധിമുട്ടായിരിക്കും. അതുകൊണ്ട് ഞാന്‍ അവര്‍ക്കൊപ്പം തങ്ങുന്ന കാര്യം ആലോചിക്കുന്നേയില്ല’ രോഹിത് പറയുന്നു.

Share on

മറ്റുവാര്‍ത്തകള്‍